സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കേരളം മുന്നില്‍
Posted by
19 September

സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കേരളം മുന്നില്‍

തിരുവനന്തപുരം: 29-ാമത് സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ആറ് വിഭാഗങ്ങളിലായി 54 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 338 പോയിന്റ് നേടി കേരളം മുന്നിലാണ്. 22 സ്വര്‍ണ്ണവും 14 വെള്ളിയും 11 വെങ്കലവുമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ആദ്യദിനത്തില്‍ നേടിയത്. 337 പോയിന്റോടെ തമിഴ്നാട് തൊട്ടുപിന്നിലുണ്ട്. 290 പോയിന്റോടെ കര്‍ണാടക മൂന്നാം സ്ഥാനത്തും 113 പോയിന്റോടെ ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്തുമാണ്. പതിമൂന്നിനങ്ങളില്‍ പുതിയ റെക്കോഡുകള്‍ പിറന്നു. ഏഴ് ബറ്റര്‍ മീറ്റ് റെക്കോഡുകളും സൃഷ്ടിച്ചു.പതിനാറ് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100മീ. ഓട്ടത്തില്‍ തെലങ്കാനയുടെ ജെ ദീപ്തി 12.47 സെക്കന്‍ഡില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു.

പതിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍വാല്‍ട്ടില്‍ തമിഴ്നാടിന്റെ സത്യ 3.50 മീറ്ററില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400മീ ഓട്ടത്തില്‍ തമിഴ്നാടിന്റെ വിദ്യ ആര്‍ 56.01 മിനിട്ടില്‍ റെക്കോഡ് സ്ഥാപിച്ചു. പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ ആര്‍ഷാബാബു 3.35 മീറ്റര്‍ ഉയരത്തില്‍ പുതിയ റെക്കോഡ് എഴുതി ചേര്‍ത്തു. 4ഃ100 മീ റിലേയില്‍ തമിഴ്നാടിന്റെ താരങ്ങള്‍ 48.40 സെക്കന്‍ഡില്‍ പുതിയ റെക്കോഡിട്ടു. പതിനാറ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീ ഓട്ടത്തില്‍ കര്‍ണാടകയുടെ ശശികാന്ത് വിഎ 11.01 സെക്കന്‍ഡില്‍ റെക്കോഡ് കുറിച്ചു. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരങ്ങളില്‍ മൂന്ന് റെക്കോഡുകള്‍ പിറന്നു.

400 മീ ഓട്ടത്തില്‍ കര്‍ണാടകയുടെ നിഹാല്‍ ജോയില്‍ ഡബ്ലൂ 48.32 സെക്കന്‍ഡില്‍ പുതിയ വേഗത എഴുതി ചേര്‍ത്തു. ഇതേ ഇനത്തില്‍ തമിഴ് നാടിന്റെ ബി സതീഷ് കുമാര്‍(48.95സെ.), ടി ജീവന്‍കുമാര്‍(49.15 സെ.), തെലങ്കാനയുടെ ഡി ശ്രീകാന്ത് (49.19 സെ.)എന്നിവരും റെക്കോഡ് മറികടന്നു. 1500മീ ഓട്ടത്തില്‍ തമിഴ്നാടിന്റെ ബി ഗൗരവ്യദാവ് 4 മിനിട്ട് 3.41 സെക്കന്‍ഡില്‍ റെക്കോഡ് സ്ഥാപിച്ചു. ജാവ്ലിന്‍ ത്രോയില്‍ കര്‍ണാടകയുടെ മനു ഡിപി 65.51 മീറ്റര്‍ ദൂരത്തിന്റെ റെക്കോഡ് നേടി. 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാല് റെക്കോഡുകള്‍ പിറന്നു.

400മീ ഓട്ടത്തില്‍ കേരളത്തിന്റെ തോമസ് മാത്യു 48.13 സെക്കന്‍ഡില്‍ പുതിയ വേഗ സമയം തീര്‍ത്തപ്പോള്‍ കര്‍ണാടകയുടെ ഗൗരി ശങ്കര്‍ 48.58 സെക്കന്‍ഡില്‍ പഴയ വേഗം മറികടന്നു. 10,000 മീ ഓട്ടത്തില്‍ കേരളത്തിന്റെ ഷെറിന്‍ ജോസ് 32 മി10.38 സെക്കന്‍ഡില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു. കേരളത്തിന്റെ തന്നെ ജെസ്സന്‍ കെജി 4.80 മിനിട്ടില്‍ പഴയ റെക്കോഡ് മറികടന്നു. 4ഃ100 മീ. റിലേയില്‍ കേരളം 41.88 സെക്കന്‍ഡില്‍ പുതിയ സമയം കുറിച്ചപ്പോള്‍ തമിഴ്നാട് 42.46 സെക്കന്‍ഡില്‍ പഴയ വേഗത മറികടന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തോളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്സ്: ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍
Posted by on 18 September

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്സ്: ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്സില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍. സീസണിലെ ഏഴാമത്തെ കിരീടമാണ് ഹാമില്‍ട്ടണ്‍ നേടിയത്. അതേസമയം, ഫെറാറിയുടെ ജര്‍മന്‍ താരമായ സെബാസ്റ്റ്യന്‍ വെറ്റല്‍ ആദ്യ ലാപ്പില്‍ അപകടത്തെ തുടര്‍ന്ന് മത്സരത്തില്‍നിന്ന് പിന്‍മാറി.

റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കാര്‍ഡോയും മെഴ്സിഡസിന്റെ വാല്‍റ്റെറി ബോട്ടാസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ സിന്ധുവിന് കിരീടം
Posted by
17 September

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ സിന്ധുവിന് കിരീടം

സോള്‍: കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ സൂപ്പര്‍താരം പിവി സിന്ധുവിന് വിജയം. ജപ്പാന്റെ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയാണ് സിന്ധു ഫൈനനില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 22-20, 11-21, 21-18.

ആദ്യഗെയിം 22-20 സിന്ധു കരസ്ഥമാക്കി. രണ്ടാം ഗെയിമില്‍ നൊസോമി അതി ശക്തമായി തിരിച്ചു വരവാണ് നടത്തിയത്. വളരെ അനായാസമായിരുന്നു നൊസോമിയുടെ മുന്നേറ്റം. ഇത് സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ചാണ് ഇരുവരും പോരാടിയത്. സിന്ധു പത്തൊന്‍പതാം പോയിന്റ് നേടിയ റാലി 56 ഷോട്ടാണ് നീണ്ടു നിന്നത്.

പിവി സിന്ധു കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍
Posted by
15 September

പിവി സിന്ധു കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍

കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ മിനാത്സു മിതാനിയെയാണ് സിന്ധു വീഴ്ത്തിയത്. സ്‌കോര്‍:21-19 18-21 21-10

ഒളിമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവുമാണ് ജപ്പാന്‍ താരം മിതാനി.

ദക്ഷിണ കൊറിയയിലെ സിയോളിലാണ് മത്സരങ്ങള്‍.

ദേശീയ ക്വിക്ക് ബോക്‌സിംഗില്‍ കേരളത്തിന്റെ അഭിമാനമായി പൊന്നാനിക്കാരന്‍ മുഹമ്മദ് അജ്മല്‍
Posted by
15 September

ദേശീയ ക്വിക്ക് ബോക്‌സിംഗില്‍ കേരളത്തിന്റെ അഭിമാനമായി പൊന്നാനിക്കാരന്‍ മുഹമ്മദ് അജ്മല്‍

പൊന്നാനി: ബാംഗ്ലൂരില്‍ വെച്ച് നടന്ന ദേശീയ ക്വിക്ക് ബോക്‌സിംഗില്‍ കേരളത്തിന്റെ അഭിമാനമായി പൊന്നാനി സ്വദേശി മുഹമ്മദ് അജ്മല്‍. പ്ലസ്ടു വിദ്യാര്‍ത്ഥിയായ അജ്മല്‍ 75 കിലോ വിഭാഗത്തിലാണ് ദേശീയ മല്‍സരത്തില്‍ വെള്ളിനേടി സംസ്ഥാനത്തിന്റെ അഭിമാനമായിമാറിയത്.

ദേശീയ മത്സരത്തില്‍ അജ്മലിന്റെ ഇടിയോട് അടിയറവ് പറഞത് ഡല്‍ഹി ,തമിഴ്‌നാട് , കര്‍ണാടക എന്നിവരെയാണ്. എല്ലാവരെയും ഇടിച്ചു തോല്‍പ്പിച്ച അജ്മല്‍ ഫൈനല്‍ മത്സരത്തില്‍ മണിപ്പൂരിനോടാണ് ഏറ്റുമുട്ടിയത്. അവസാനം വരെ ഒപ്പത്തിനൊപ്പം നിന്നെങ്കിലും ചെറിയൊരു പോയന്റ് വിത്യാസത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെള്ളിമെഡല്‍ ലഭിച്ചെങ്കിലും തന്നെക്കാളും മുതിര്‍ന്നവരെ ഇടിച്ചുതോല്‍പ്പിച്ചതിന്റെ സന്തോഷത്തിലാണ് ഈ വിദ്യാര്‍ത്ഥി.

തായ്‌ലാന്റില്‍ നടക്കുന്ന അന്തര്‍ദേശീയ മത്സരത്തിലേക്ക് തിരഞെടുക്കപ്പെട്ട അജ്മല്‍ പഠനം കാരണം തല്‍ക്കാലം മല്‍സരത്തിന് പോകുന്നില്ലെന്ന തീരുമാനത്തിലാണ്.പൊന്നാനി സ്‌കോളര്‍ കോളേജില്‍ പ്ലസ്ടുവിന് പഠിക്കുന്ന അജ്മല്‍ കാഞ്ഞിരമുക്ക് ഹസ്സന്‍ ഫാത്വിമ ദമ്പതികളുടെ മകനാണ്.
എടപ്പാളിലെ ക്വിക് ബോക്‌സറായ സുവേഷ് ആണ് ഗുരു . ഇതാദ്യമായാണ് അജ്മല്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നത്. മറ്റു ബോക്‌സിംഗില്‍ നിന്ന് ഭിന്നമായി കൈകൊണ്ടും കാലുകൊണ്ടും ഇടിക്കാന്‍ അനുവാദമുള്ളതാണ് ക്വിക് ബോക്‌സിംഗിനെ കൂടുതല്‍ സാഹസമാക്കുന്നത്.

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

അത്ഭുതങ്ങള്‍ സംഭവിച്ചില്ല; യുഎസ് ഓപ്പണ്‍ റാഫേല്‍ നദാലിന്
Posted by
11 September

അത്ഭുതങ്ങള്‍ സംഭവിച്ചില്ല; യുഎസ് ഓപ്പണ്‍ റാഫേല്‍ നദാലിന്

ന്യൂയോര്‍ക്ക്: അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. യുഎസ് ഓപ്പണില്‍ പ്രതീക്ഷിച്ചതുപോലെ കിരീടം ഉയര്‍ത്തി സ്‌പെയിനിന്റെ റാഫേല്‍ നദാല്‍. അട്ടിമറി സംഭവിക്കുമോ എന്ന് ഉറ്റു നോക്കിയ ടെന്നീസ് ആരാധകര്‍ക്ക് മുന്നില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാതെ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണ്‍ റാഫയ്ക്കു മുന്നില്‍ മുട്ടുകുത്തിയതോടെ ചരിത്രം ആവര്‍ത്തിച്ചു. തന്റെ മൂന്നാം യുഎസ് കിരീടവുമായി റാഫേല്‍ നദാല്‍ സ്വന്തം മണ്ണിലേക്ക്.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പിച്ചു നദാല്‍ നേടിയത് തന്റെ കരിയറിലെ 16-ാം ഗ്രാന്‍ഡ്സ്ലാം കിരീടം. യുഎസ് ഓപ്പണില്‍ മൂന്നാം കിരീടവും. ഇത് ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്. സ്‌കോര്‍: 6-4, 6-3, 6-4.

2013നുശേഷം വീണ്ടും നദാലിസം തിരിച്ചുവരുന്ന കാഴ്ചയായിരുന്നു ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍. അനുഭവ സമ്പത്തിന്റെ കരുത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കന്നി കിരീടമോഹമുപേക്ഷിച്ച് കെവിന്‍ ആന്‍ഡേഴ്‌സണ്‍ കളംവിട്ടു. ഫെഡററെ കീഴടക്കി സെമിയിലെത്തിയ ഡെല്‍പോട്രോയെ തളച്ച റഫേലിനു കിരീട പോരാട്ടത്തിലുടനീളം തികഞ്ഞ ആധിപത്യമായിരുന്നു. ആദ്യ സെറ്റ് 6-4ന് അനായാസം നേടി.

നദാലിന്റെ മറുപടിയില്ലാത്ത ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക്ഹാന്‍ഡുകള്‍ക്കും മുന്നില്‍ രണ്ടാം സെറ്റും 6-3നു കെവിനെ കൈവിട്ടു. മൂന്നാംസെറ്റില്‍ ആന്‍ഡേഴ്‌സണ്‍ തിരിച്ചുവരവിനുള്ള ചെറിയ ശ്രമം നടത്തിയെങ്കിലും വിജയം ഉറപ്പിച്ചുള്ള നദാലിന്റെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.

ജോക്കോവിച്ചും മറേയും വാവ്‌റിങ്കയും കളിക്കാത്ത, ഫെഡററും ദിമിത്രോവും തോറ്റു പിന്‍മാറിയ യുഎസ് ഓപ്പണില്‍ മുപ്പത്തിയൊന്നുകാരന്‍ നദാലിന്റെ 23ാം ഗ്രാന്‍ഡ്സ്ലാം ഫൈനലും 16ാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടവുമാണിത്. യുഎസ് ഓപ്പണിലെ മൂന്നാം കിരീട നേട്ടവും. 52 വര്‍ഷത്തിനു ശേഷം യു.എസ് ഓപ്പണിന്റെ ഫൈനലില്‍ കളിച്ച ആദ്യതാരനാണ് കെവിന്‍ ആന്‍ഡേഴ്‌സണ്‍.

യുഎസ് ഓപ്പണ്‍ വനിതാ കിരീടത്തിന്റെ പുതിയ അവകാശിയായി സ്ലോവാനി സ്റ്റീഫന്‍സ്
Posted by
10 September

യുഎസ് ഓപ്പണ്‍ വനിതാ കിരീടത്തിന്റെ പുതിയ അവകാശിയായി സ്ലോവാനി സ്റ്റീഫന്‍സ്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ സ്ലോവാനി സ്റ്റീഫന്‍സിന്. അമേരിക്കയുടെ തന്നെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സ്റ്റീഫന്‍സിന്റെ വിജയം.അടുത്ത സുഹൃത്തുക്കളായ മാഡിസനും സ്റ്റീഫന്‍സും ഏറെനാള്‍ ഒരുമിച്ച് പരിശീലിച്ചവരാണ്. സ്‌കോര്‍:6-3,6-0.

സീഡ് ചെയ്യപ്പെടാതെ ചാമ്പ്യന്‍ഷിപ്പിനെത്തിയാണ് സ്റ്റീഫന്‍സ് കിരീടവുമായി മടങ്ങിയത്. നിലവില്‍ 83ാം സ്ഥാനത്തുള്ള സ്റ്റീഫന്‍സ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് മല്‍സരത്തിനെത്തിയത്. സെമിയില്‍ മുന്‍ ചാമ്പ്യന്‍ കൂടിയായ അമേരിക്കയുടെ വീനസ് വില്യംസിനെയാണ് സെമിയിലെ വാശിയേറിയ പോരാട്ടത്തില്‍ സ്റ്റീഫന്‍സ് അട്ടിമറിച്ചത്. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ മാഡിസണ്‍, കീസിന് ഒരുഅവസരവും നല്‍കാതെയാണ് കിരീടം കൈപ്പിടിയിലൊതുക്കിയത്. 15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുഎസ് ഓപ്പണ്‍ വനിത ടെന്നീസില്‍ അമേരിക്കന്‍ ഫൈനല്‍ അരങ്ങേറിയത്.

ലോകകപ്പ് ചെസില്‍ വിശ്വനാഥന്‍ ആനന്ദ് പുറത്ത്
Posted by
09 September

ലോകകപ്പ് ചെസില്‍ വിശ്വനാഥന്‍ ആനന്ദ് പുറത്ത്

ടിബിലിസി:ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍ ആക്കി വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചെസില്‍ നിന്നും പുറത്തായി. അടുത്ത വര്‍ഷത്തെ ലോക ചെസ് ചാംപ്യന്‍ഷിപ്പിനു നേരിട്ടു യോഗ്യത നേടാമെന്ന ആനന്ദിന്റെ സ്വപ്നങ്ങള്‍ക്കു ഇതോടെ തിരിച്ചടിയായി. ലോകകപ്പ് ചെസില്‍ കാനഡയുടെ 109-ാം റാങ്കുകാരന്‍ അന്റോണ്‍ കൊവാല്യോവിനോട് രണ്ടാം റൗണ്ടിലെ രണ്ടാം ഗെയിമില്‍ സമനില വഴങ്ങിയാണ് ആനന്ദ് പുറത്തായത്.

അഞ്ചുവട്ടം ലോകചാംപ്യനായ ആനന്ദ്, ആദ്യ ഗെയിമില്‍ കൊവാല്യോവിനോടു തോറ്റിരുന്നു. രണ്ടാം ഗെയിമില്‍ ജയിച്ച് ടൈബ്രേക്കറിലേക്കു കളി നീട്ടിയെടുക്കേണ്ടത് അത്യാവശ്യമായിരിക്കെയാണ് 31 നീക്കങ്ങള്‍ക്കു ശേഷം ആനന്ദ് തോല്‍വി സമ്മതിച്ച് കളി അവസാനിപ്പിച്ചത്.

ഇതോടെ, 2018 ലോകചാംപ്യന്‍ഷിപ്പിനു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയല്ലാതെ യോഗ്യത നേടാന്‍ ആനന്ദിനു മുന്നിലുണ്ടായിരുന്ന വഴിയടഞ്ഞു. ആനന്ദിനു പുറമെ നിലവിലെ ചാംപ്യന്‍ റഷ്യയുടെ സെര്‍ജി കര്‍ജകിന്‍, ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആഡംസ് എന്നിവരും തോറ്റു പുറത്തായി.

അപ്രതീക്ഷിത തോല്‍വി: വീനസ് പുറത്ത്, സ്റ്റീഫന്‍സ്-മാഡിസണ്‍ ഫൈനലില്‍
Posted by
08 September

അപ്രതീക്ഷിത തോല്‍വി: വീനസ് പുറത്ത്, സ്റ്റീഫന്‍സ്-മാഡിസണ്‍ ഫൈനലില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഒമ്പതാം സീഡ് വീനസ് വില്ല്യംസിനെ അട്ടിമറിച്ച് സ്റ്റീഫന്‍സിന്റെ അപ്രതീക്ഷിത വിജയം. ആതിഥേയ താരങ്ങള്‍ അണിനിരക്കുന്ന ഫൈനലില്‍ 15ാം സീഡ് മാഡിസണ്‍ കെയ്‌സ് സീഡില്ലാ താരം സ്ലോനി സ്റ്റീഫനെ നേരിടും.

മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സ്റ്റീഫന്‍സിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് സ്റ്റീഫന്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ വീനസ് തിരിച്ചടിച്ചു. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ 6-0ത്തിന് ഒപ്പമെത്തുകയായിരുന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ 7-5ന് സ്റ്റീഫന്‍സ് വിജയം കരസ്ഥമാക്കി.

20-ാം സീഡ് വാന്‍ഡെവെഗിനെ അനായാസം കീഴടക്കിയാണ് മാഡിസണ്‍ കെയ്‌സ് ഫൈനലിലെത്തിയത്. രണ്ടു സെറ്റിനുള്ളില്‍ മത്സരം അവസാനിച്ചു. സ്‌കോര്‍: 6-1,6-2. 2002ല്‍ വീനസ് വില്ല്യംസും സെറീന വില്ല്യംസും മാറ്റുരച്ചതിന് ശേഷം യുഎസ് ഓപ്പണില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ ഫൈനല്‍ വരുന്നത്.

പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ റാഫേല്‍ നഡാലും ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും തമ്മിലാണ് ഒരു പോരാട്ടം. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണും സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയും ഏറ്റുമുട്ടും.

യുഎസ് ഓപ്പണില്‍ ക്ലാസിക് പോരാട്ടമില്ല; ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്ത്; നദാലും ഡെല്‍പോട്രോയും സെമിയില്‍
Posted by
07 September

യുഎസ് ഓപ്പണില്‍ ക്ലാസിക് പോരാട്ടമില്ല; ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്ത്; നദാലും ഡെല്‍പോട്രോയും സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നദാല്‍-ഫെഡറര്‍ ക്ലാസിക് പോരാട്ടം സ്വപ്‌നം കണ്ട ആരാധകര്‍ക്ക് നിരാശ. റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്തായി. അഞ്ചു തവണ ചാംപ്യനായ സ്വിസ് താരത്തെ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് തോല്‍പ്പിച്ചത്. നാലു സെറ്റു നീണ്ട പോരാട്ടത്തിലാണ് ഫെഡററെ 24ാം സീഡ് ഡെല്‍പോട്രോ കീഴ്‌പ്പെടുത്തിയത് (സ്‌കോര്‍: 7-5, 3-6, 7-6(8), 6-4).

നേരത്തെ 2009ലെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഫെഡററെ വീഴ്ത്തിയ ഡെല്‍പോട്രോ, ഒരിക്കല്‍ക്കൂടി ഫെഡറര്‍ക്ക് വിലങ്ങുതടിയാവുകയായിരുന്നു. പരുക്കിനെത്തുടര്‍ന്ന് ഏറെനാളുകള്‍ക്കുശേഷമാണ് ഡെല്‍പോട്രോ കളത്തിലിറങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കി ലീഡെടുത്ത താരത്തെ രണ്ടാം സെറ്റ് സ്വന്തമാക്കി ഫെഡറര്‍ വരുതിയിലാക്കിയെങ്കിലും, മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കി ഡെല്‍പോട്രോ സെമിയിലേക്കു മാര്‍ച്ചു ചെയ്യുകയായിരുന്നു.

ഒന്നാം സീഡായ റാഫേല്‍ നദാലാണ് സെമിയില്‍ ഡെല്‍പോട്രോയുടെ എതിരാളി. റഷ്യയുടെ കൗമാരതാരം ആന്ദ്രേ റുബലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് നദാല്‍ സെമിയില്‍ കടന്നത്. സ്‌കോര്‍: 6-1, 6-2, 6-2. കളിയുടെ ഒരു ഘട്ടത്തില്‍ പോലും നദാലിന് വെല്ലുവിളിയാകാന്‍ റുബലേവിനായില്ല.