ഏഷ്യ കപ്പ് ഹോക്കി: പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് ഹാട്രിക്ക് വിജയം
Posted by
15 October

ഏഷ്യ കപ്പ് ഹോക്കി: പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് ഹാട്രിക്ക് വിജയം

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ചിംഗ്ലന്‍സന സിംഗ്, രമണ്‍ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. അലി ഷാന്റെ വകയായിരുന്നു പാക്കിസ്ഥാന്റെ ആശ്വാസഗോള്‍.

17ാം മിനിറ്റില്‍ ചിംഗ്ലന്‍സന സിംഗിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ട ആരംഭിച്ചത്. 43ാം മിനിറ്റില്‍ രമണ്‍ദീപ് സിംഗ് ഇന്ത്യന്‍ ലീഡ് ഉയര്‍ത്തി. തൊട്ടടുത്ത മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യന്‍ ഗോള്‍നേട്ടം മൂന്നാക്കി വര്‍ധിപ്പിച്ചു. നാലു മിനിറ്റിനുശേഷം അലി ഷാ പാക്കിസ്ഥാനായി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഇന്ത്യന്‍ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ പാക് താരങ്ങള്‍ക്കു കഴിഞ്ഞില്ല.

പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ചിരുന്നു.

 

ബോള്‍ ബാഡ്മിന്റന്‍: വിവേകും ശ്രീലക്ഷ്മിയും കേരളത്തെ നയിക്കും
Posted by on 04 October

ബോള്‍ ബാഡ്മിന്റന്‍: വിവേകും ശ്രീലക്ഷ്മിയും കേരളത്തെ നയിക്കും

ചങ്ങനാശേരി: കര്‍ണാടകയിലെ ശിക്കാരിപുരയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ നാഷനല്‍ ബോള്‍ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആണ്‍കുട്ടികളുടെ ടീമിനെ വിവേകും (കൊല്ലം) പെണ്‍കുട്ടികളുടെ ടീമിനെ ശ്രീലക്ഷ്മിയും (തിരുവനന്തപുരം) നയിക്കും. ടീം ആണ്‍കുട്ടികള്‍: വിആര്‍ വിവേക്, അനന്തഗോപന്‍, മുഹമ്മദ് ഫെബിന്‍ (കൊല്ലം), നിഥിന്‍ ലോറന്‍സ്, ആകാശ് ഘോഷ് (പത്തനംതിട്ട), പിഎസ് അഭിരാം (ഇടുക്കി), ടി മിഥുന്‍, മുഹമ്മദ് ആഷിക് (മലപ്പുറം), എ ഹാരിഫ്, സിഎസ് സില്‍ജോയ് (പാലക്കാട്). സോളമന്‍ ജോണ്‍ (കോച്ച്), സന്തോഷ് ഇമ്മട്ടി (മാനേജര്‍).

പെണ്‍കുട്ടികള്‍: എംഎസ് ശ്രീലക്ഷ്മി, ബിഎച്ച് ആര്യദാസ്, സിഎസ് ആര്യ (തിരുവനന്തപുരം), പിയു അപര്‍ണ, ടി അഞ്ജു കിഷോര്‍, കെഎസ് ആര്യ, എയു അഞ്ജന (എറണാകുളം), വിഎസ് ശ്രീധു (പാലക്കാട്), റോസ്ന പ്രിന്‍സ് (കോട്ടയം), സിഡി ഡെല്‍മ (തൃശൂര്‍), എല്‍ മിനിമോള്‍ (മാനേജര്‍), റഷീദ് (കോച്ച്).

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: കിരീടം നിലനിര്‍ത്തി റെയില്‍വേസ് ചാമ്പ്യന്‍മാര്‍
Posted by on 29 September

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: കിരീടം നിലനിര്‍ത്തി റെയില്‍വേസ് ചാമ്പ്യന്‍മാര്‍

ചെന്നൈ: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ആര്‍ക്കും വിട്ടുനല്‍കാതെ ഇത്തവണയും റെയില്‍വേസ് തന്നെ ചാമ്പ്യന്മാര്‍. 182 പോയിന്റ് നേടിയ സര്‍വീസസാണ് റണ്ണറപ്പ്. 77 പോയിന്റുമായി ഒഎന്‍ജിസി മൂന്നാം സ്ഥാനത്തെത്തി. 2 സ്വര്‍ണവും 1വെള്ളിയുമടക്കം 40 പോയിന്റുള്ള കേരളം ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ നാല് ദിവസമായി ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ 17 സ്വര്‍ണവും 13 വെള്ളിയും 12 വെങ്കലവും നേടി 296 പോയിന്റോടെയാണ് ഇത്തവണ റെയില്‍വേസ് ചാമ്പ്യന്‍മാരായത്.

മീറ്റിന്റെ താരങ്ങളായി പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കാഡോടെ സ്വര്‍ണം നേടിയ തമിഴ്‌നാടിന്റെ സന്തോഷ് കുമാറും(1122 പോയിന്റ്) 3000 മീറ്രര്‍ സ്റ്റീപ്പിള്‍ ചേസില്‍ സ്വര്‍ണം നേടിയ റെയില്‍വേസിന്റെ ചിന്താ യാദവും(1121 പോയിന്റ്) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിസവമായി മെഡല്‍ ഒന്നുമില്ലാതിരുന്ന കേരളത്തിന് അവസാന ദിനം ട്രിപ്പിള്‍ജമ്പില്‍ കീറിയ സ്‌പൈക്‌സുമായി മത്സരിച്ച കെ ശ്രീജിത്ത് മോന്റെ (16.15 മീറ്റര്‍ ) സ്വര്‍ണ നേട്ടം ആശ്വാസമായി. സര്‍വീസസിനായി മത്സരിച്ച മലയാളി താരം ഇ രാകേഷ് ബാബുവാണ് ഈ ഇനത്തില്‍ (16.06 മീറ്റര്‍) വെങ്കലമണിഞ്ഞത്. പുരുഷന്മാരുടെ 800 മീറ്ററില്‍ വെള്ളി നേടിയ സര്‍വീസസിന്റെ പി മുഹമ്മദ് അഫ്‌സലും വനിതകളുടെ പോള്‍വോള്‍ട്ടില്‍ വെങ്കലം നേടിയ റെയില്‍വേസിന്റെ കെസി ദിജയുമാണ് ഇന്നലെ മെഡല്‍നേടിയ മറ്റ് മലയാളി താരങ്ങള്‍.

പിവി സിന്ധുവിനെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തു
Posted by
25 September

പിവി സിന്ധുവിനെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. പത്മഭൂഷണ്‍ കായിക മന്ത്രാലയം ഇത്തവണ സിന്ധുവിന്റെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ബിസിസിഐ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എംഎസ് ധോനിയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍, കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍സീരീസില്‍ കിരീടം എന്നീ നേട്ടങ്ങള്‍ പരിഗണിച്ചാണ് സിന്ധുവിന്റെ പേര് ശുപാര്‍ശ ചെയ്തത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലവും ഒരു വെള്ളിയും നേടിയിട്ടുള്ള സിന്ധു റിയോ ഒളിമ്പിക്‌സിലും വെള്ളി നേടിയിട്ടുണ്ട്.

2016ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം, 2015ല്‍ പത്മശ്രീ പുരസ്‌കാരം, 2013ല്‍ അര്‍ജുന അവാര്‍ഡ് എന്നിവ സിന്ധുവിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കായിക താരങ്ങള്‍ക്കാര്‍ക്കും പത്മഭൂഷണ്‍ നല്‍കിയിരുന്നില്ല. 2016ല്‍ സാനിയ മിര്‍സയും സൈന നേവാളുമാണ് പത്മഭൂഷണ്‍ നേടിയ കായികതാരങ്ങള്‍.

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ കിക്‌ബോക്‌സര്‍ ഇടിയേറ്റ് മരിച്ചു
Posted by
24 September

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ കിക്‌ബോക്‌സര്‍ ഇടിയേറ്റ് മരിച്ചു

സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനായ യുവ ബോഡിബില്‍ഡര്‍ കിക് ബോക്‌സിംഗ് മത്സരത്തിനിടെ ഇടിയേറ്റ് മരിച്ചു. വേള്‍ഡ് ബോഡിബിംല്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഡബ്ല്യുബിപിഎഫ്) സിംഗപ്പൂര്‍ പ്രസിഡന്റ് പ്രദീപ് സുബ്രഹ്മണ്യന്‍ (32) ആണ് മരിച്ചത്. പ്രദീപിന്റെ ആദ്യ കിക്‌ബോക്‌സിംഗ് മത്സരമാണ് ദുരന്തത്തില്‍ കലാശിച്ചത്.

സിംഗപ്പൂരില്‍നടന്ന എഷ്യ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനുവുമായി ബന്ധപ്പെട്ട് നടത്തിയ സെലിബ്രിറ്റി മത്സരത്തിനു ശേഷമായിരുന്നു ദാരുണമായ സംഭവം. ശനിയാഴ്ച വൈകുന്നേരം മരീന ബേ സാന്‍ഡ്‌സിലായിരുന്നു കിക്‌ബോക്‌സിംഗ് മത്സരം. യൂ ട്യൂബ് താരം സ്റ്റീവന്‍ ലിമ്മിനെതിരെയാണ് പ്രദീപ് റിംഗില്‍ എത്തിയത്. മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രദീപ് പിന്‍മാറിയതോടെ ലിം വിജയിയായി.

 

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ക്വാര്‍ട്ടറില്‍ ശ്രീകാന്തും പ്രണോയ്‌യും പുറത്ത്
Posted by
22 September

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ക്വാര്‍ട്ടറില്‍ ശ്രീകാന്തും പ്രണോയ്‌യും പുറത്ത്

ടോക്കിയോ: ഇന്ത്യയ്ക്ക് വീണ്ടും ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ തിരിച്ചടി. മെഡല്‍ പ്രതീക്ഷയായിരുന്ന പി സിന്ധുവിന് പിന്നാലെ കെ ശ്രീകാന്തും എച്ച് എസ് പ്രണോയും ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസില്‍ നിന്ന് പുറത്ത്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ ലോക ചാമ്പ്യന്‍ വിക്ടര്‍ അക്‌സെല്‍സനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-17, 21-17.

പ്രണോയ് ചൈനയുടെ ഷി യുഗുവിനോട് പരാജയപ്പെട്ടാണ് ഗെയിമില്‍ നിന്നും പുറത്തായത്. സ്‌കോര്‍: 15-21 14-21. മുക്കാല്‍ മണിക്കൂര്‍ മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ചൈനീസ് വീര്യത്തോട് അധികം പൊരുതാതെ കീഴടങ്ങുകയായിരുന്നു ഇന്ത്യയുടെ പ്രണോയ്.

ക്വാട്ടറിലെ വിജയത്തോടെ അക്‌സെല്‍സന് സെമി ഫൈനല്‍ മത്സരത്തിലേക്ക് പ്രവേശനം ലഭിച്ചു. ഹോങ്കോങ്ങിന്റെ ഹു യുനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്.

സിന്ധുവിന് തിരിച്ചടി: ജപ്പാന്‍ ഓപ്പണ്‍ സീരീസില്‍ പുറത്ത്
Posted by
21 September

സിന്ധുവിന് തിരിച്ചടി: ജപ്പാന്‍ ഓപ്പണ്‍ സീരീസില്‍ പുറത്ത്

ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ സുപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്തായി. കൊറിയന്‍ ഓപണിലെ വിജയം ആവര്‍ത്തിക്കാന്‍ സിന്ധുവിനായില്ല. ജപ്പാന്റെ നൊസാമി ഒകുഹാരെയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍- 18-21, 8-21. തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധുവും ഒകുഹാരയും നേര്‍ക്കുനേര്‍ വരുന്നത്.

കഴിഞ്ഞ ആഴ്ച സമാപിച്ച കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. ഇതിനു തൊട്ടുമുമ്പ് നടന്ന ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ പിന്തള്ളി ഒകുഹാര ജേതാവായിരുന്നു.

ജപ്പാന്റെ മിനാറ്റ്സു മിതാനിയെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജപ്പാന്‍ സീരിസില്‍ സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 12-21, 15-21, 21-17. ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ ഒരു സെറ്റിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു സിന്ധുവിന്റെ വിജയം. അതേസമയം ഇന്ത്യയുടെ തന്നെ സൈന നെഹ്വാളും കിഡംബി ശ്രീനാഥും ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.

സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കേരളം മുന്നില്‍
Posted by
19 September

സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കേരളം മുന്നില്‍

തിരുവനന്തപുരം: 29-ാമത് സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ആറ് വിഭാഗങ്ങളിലായി 54 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 338 പോയിന്റ് നേടി കേരളം മുന്നിലാണ്. 22 സ്വര്‍ണ്ണവും 14 വെള്ളിയും 11 വെങ്കലവുമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ആദ്യദിനത്തില്‍ നേടിയത്. 337 പോയിന്റോടെ തമിഴ്നാട് തൊട്ടുപിന്നിലുണ്ട്. 290 പോയിന്റോടെ കര്‍ണാടക മൂന്നാം സ്ഥാനത്തും 113 പോയിന്റോടെ ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്തുമാണ്. പതിമൂന്നിനങ്ങളില്‍ പുതിയ റെക്കോഡുകള്‍ പിറന്നു. ഏഴ് ബറ്റര്‍ മീറ്റ് റെക്കോഡുകളും സൃഷ്ടിച്ചു.പതിനാറ് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100മീ. ഓട്ടത്തില്‍ തെലങ്കാനയുടെ ജെ ദീപ്തി 12.47 സെക്കന്‍ഡില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു.

പതിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍വാല്‍ട്ടില്‍ തമിഴ്നാടിന്റെ സത്യ 3.50 മീറ്ററില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400മീ ഓട്ടത്തില്‍ തമിഴ്നാടിന്റെ വിദ്യ ആര്‍ 56.01 മിനിട്ടില്‍ റെക്കോഡ് സ്ഥാപിച്ചു. പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ ആര്‍ഷാബാബു 3.35 മീറ്റര്‍ ഉയരത്തില്‍ പുതിയ റെക്കോഡ് എഴുതി ചേര്‍ത്തു. 4ഃ100 മീ റിലേയില്‍ തമിഴ്നാടിന്റെ താരങ്ങള്‍ 48.40 സെക്കന്‍ഡില്‍ പുതിയ റെക്കോഡിട്ടു. പതിനാറ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീ ഓട്ടത്തില്‍ കര്‍ണാടകയുടെ ശശികാന്ത് വിഎ 11.01 സെക്കന്‍ഡില്‍ റെക്കോഡ് കുറിച്ചു. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരങ്ങളില്‍ മൂന്ന് റെക്കോഡുകള്‍ പിറന്നു.

400 മീ ഓട്ടത്തില്‍ കര്‍ണാടകയുടെ നിഹാല്‍ ജോയില്‍ ഡബ്ലൂ 48.32 സെക്കന്‍ഡില്‍ പുതിയ വേഗത എഴുതി ചേര്‍ത്തു. ഇതേ ഇനത്തില്‍ തമിഴ് നാടിന്റെ ബി സതീഷ് കുമാര്‍(48.95സെ.), ടി ജീവന്‍കുമാര്‍(49.15 സെ.), തെലങ്കാനയുടെ ഡി ശ്രീകാന്ത് (49.19 സെ.)എന്നിവരും റെക്കോഡ് മറികടന്നു. 1500മീ ഓട്ടത്തില്‍ തമിഴ്നാടിന്റെ ബി ഗൗരവ്യദാവ് 4 മിനിട്ട് 3.41 സെക്കന്‍ഡില്‍ റെക്കോഡ് സ്ഥാപിച്ചു. ജാവ്ലിന്‍ ത്രോയില്‍ കര്‍ണാടകയുടെ മനു ഡിപി 65.51 മീറ്റര്‍ ദൂരത്തിന്റെ റെക്കോഡ് നേടി. 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാല് റെക്കോഡുകള്‍ പിറന്നു.

400മീ ഓട്ടത്തില്‍ കേരളത്തിന്റെ തോമസ് മാത്യു 48.13 സെക്കന്‍ഡില്‍ പുതിയ വേഗ സമയം തീര്‍ത്തപ്പോള്‍ കര്‍ണാടകയുടെ ഗൗരി ശങ്കര്‍ 48.58 സെക്കന്‍ഡില്‍ പഴയ വേഗം മറികടന്നു. 10,000 മീ ഓട്ടത്തില്‍ കേരളത്തിന്റെ ഷെറിന്‍ ജോസ് 32 മി10.38 സെക്കന്‍ഡില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു. കേരളത്തിന്റെ തന്നെ ജെസ്സന്‍ കെജി 4.80 മിനിട്ടില്‍ പഴയ റെക്കോഡ് മറികടന്നു. 4ഃ100 മീ. റിലേയില്‍ കേരളം 41.88 സെക്കന്‍ഡില്‍ പുതിയ സമയം കുറിച്ചപ്പോള്‍ തമിഴ്നാട് 42.46 സെക്കന്‍ഡില്‍ പഴയ വേഗത മറികടന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തോളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്സ്: ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍
Posted by on 18 September

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്സ്: ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്സില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍. സീസണിലെ ഏഴാമത്തെ കിരീടമാണ് ഹാമില്‍ട്ടണ്‍ നേടിയത്. അതേസമയം, ഫെറാറിയുടെ ജര്‍മന്‍ താരമായ സെബാസ്റ്റ്യന്‍ വെറ്റല്‍ ആദ്യ ലാപ്പില്‍ അപകടത്തെ തുടര്‍ന്ന് മത്സരത്തില്‍നിന്ന് പിന്‍മാറി.

റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കാര്‍ഡോയും മെഴ്സിഡസിന്റെ വാല്‍റ്റെറി ബോട്ടാസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.