Chile beat Portugal on penalties to reach final
Posted by
29 June

പോര്‍ച്ചുഗലിന്റെ ഫൈനല്‍ സ്വപ്‌നങ്ങളെ തകര്‍ത്ത് ചിലിയുടെ ചിറകടി

കസാന്‍: ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ പോര്‍ച്ചുഗലിനെ തകര്‍ത്തെറിഞ്ഞ് ചിലിക്ക് ആവോശ്വോജ്ജല വിജയം. അവസാന നിമിഷം വരെ ആവേശം അലതല്ലിയ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ചിലി പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ മുട്ടുകുത്തിച്ചു. കരുത്തരുടെ ഏറ്റുമുട്ടലില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോള്‍ നേടാതെ വന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിര്‍ണയിച്ചത്. ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് ചിലിയുടെ വിജയം.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പോര്‍ച്ചുഗലിന് നിര്‍ണ്ണായക നിമിഷത്തില്‍ തങ്ങളുടെ മികവ് ആവര്‍ത്തിക്കാനായില്ല. ചിലി ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോയുടെ അത്യൂഗ്രന്‍ പ്രകടനം കൂടിയായപ്പോള്‍ പോര്‍ച്ചുഗലിന് പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു.

പോര്‍ച്ചുഗലിനായി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്കെടുത്തവര്‍ക്കൊന്നും ബ്രാവോയെ മറികടക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ ആദ്യ മൂന്ന് കിക്കുകള്‍ ചിലി ഗോളാക്കി മാറ്റുകയും ചെയ്തതോടെ സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി ടീം മാറി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബ്രാവോ റിക്കാര്‍ഡോ ക്വറെസ്‌മോ, സാന്റോസ് മൗടിഞ്ഞോ, നാനി എന്നിവരുടെ കിക്കുകളാണ് തടഞ്ഞിട്ടത്.

ചിലിക്കായി അര്‍ടുറോ വിദാല്‍, അരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഇന്നു നടക്കുന്ന ജര്‍മനി-മെക്‌സിക്കോ മത്സരത്തിലെ വിജയിയാണ് ഫൈനലില്‍ ചിലിയുടെ എതിരാളി.

Josu Preito returns ti ISL
Posted by
24 June

ആരു പറഞ്ഞു താന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് ഇല്ലെന്ന്; ഈ സീസണിലും ഐഎസ്എല്ലില്‍ കളിക്കുമെന്ന് മലയാളികളുടെ സ്വന്തം ജോസൂട്ടന്‍

കൊച്ചി: ഐഎസ്എല്ലിന്റെ വരുന്ന സീസണിലും കേരളാബ്ലാസ്റ്റേഴ്സിനായി കളിക്കുമെന്ന പ്രതീക്ഷ നല്‍കി ഹോസു പ്രീറ്റോ. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി പ്രതിരോധത്തിന്റെ ഉരുക്കുകോട്ട തീര്‍ത്ത ഹോസു ഇനി കേരളത്തിലേക്ക് ഇല്ലെന്ന വാര്‍ത്ത ഏറെ വിഷമത്തോടെയായിരുന്നു ആരാധകര്‍ ശ്രവിച്ചത്. എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഹോസു.

ഹോസുവിനെ ഇത്തവണ കാണാന്‍ ഇടയില്ലെന്നും അദ്ദേഹത്തെ മിസ് ചെയ്യുമെന്നും കുറിച്ച ഒരു കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് ഹോസു ഇത്തവണയും ടീമിലുണ്ടാകുമെന്ന് സൂചന നല്‍കിയത്. ഞാന്‍ മടങ്ങിവരില്ലെന്ന് ആര് പറഞ്ഞു എന്നാണ് അദ്ദേഹം മറുപടിയിട്ടത്. അപ്പോള്‍ അക്ഷയ് എന്ന ആരാധകന്‍ മാധ്യമങ്ങള്‍ ഇങ്ങനെ പറയുന്നു എന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ അവര്‍ക്കൊന്നുമറിയില്ല എന്ന് ഹോസു തിരിച്ച് പറഞ്ഞു.

താന്‍ സ്പാനിഷ് ടീമിലില്ല എന്നും കേരളത്തിനായി കളിക്കാനാവുന്ന രീതിയിലാണ് കരാറെന്നും ഹോസു പിന്നെയും ട്വീറ്റ് ചെയ്തു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ ഫൈനല്‍ നഷ്ടമായ ജോസൂട്ടനും കേരളാ ബ്ലാസ്റ്റേഴ്സിനും കപ്പടിക്കുക എന്നത് ഈ സീസണില്‍ ഒരഭിമാന പ്രശ്നം തന്നെയാണ്.

Belfort left Kerala Blasters
Posted by
16 June

ആളും ആരവവും ഒഴിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്‌സ്; ഹ്യൂസിനും ഹോസിനും പിന്നാലെ ബെല്‍ഫോര്‍ട്ടും ടീം വിട്ടു

കൊച്ചി: മലയാളികളുടെ അഭിമാന ടീം, ഐഎസ്എല്‍ നിലവിലെ റണ്ണേഴ്സ് അപ്പായ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ കൂടാരം ഒഴിയുന്നു. ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിനിറങ്ങുക കഴിഞ്ഞ സീസണിലെ പ്രധാന വിദേശ താരങ്ങളില്ലാതെ ആയിരിക്കുമെന്ന് ഉറപ്പായി. ആരാധകരുടെ വല്ല്യേട്ടന്‍ ആരോണ്‍ ഹ്യൂസിനും ഹോസുവിനും നാസോണിനും പിന്നാലെ മുന്നേറ്റ നിരയിലെ ആവേശം കെല്‍വണ്‍ ബെല്‍ഫോര്‍ട്ടും ടീം വിട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നു.

പുതിയ ക്ലബ്ബുമായി കരാറൊപ്പിട്ട ബെല്‍ഫോര്‍ട്ട്, ഈ സീസണില്‍ കേരളത്തിലേക്ക് തിരിച്ചുവരില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ്‌സിയുമായാണ് ബെല്‍ഫോര്‍ട്ട് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ക്ലബ്ബുമായി കരാറൊപ്പിട്ട കാര്യം ട്വിറ്ററിലൂടെ ബെല്‍ഫോര്‍ട്ട് ലോകത്തെ അറിയിച്ചിട്ടുമുണ്ട്. 25കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി കഴിഞ്ഞ സീസണില്‍ നിര്‍ണായകമായ മൂന്നു ഗോള്‍ നേടിയിരുന്നു.

ഗോളടിച്ച ശേഷമുള്ള ആഹ്ലാദ പ്രകടനത്തിന്റെ പേരിലാണ് ബെല്‍ഫോര്‍ട്ട് ശ്രദ്ധേയനായത്. ഗോളടിച്ച ശേഷം താരം കാണിക്കുന്ന കില്ലിങ് ആക്ഷന്‍ പിന്നീട് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അനുകരിച്ചിരുന്നു.

അതേസമയം രണ്ടു ടീമുകളെ കൂടി ഉള്‍പ്പെടുത്തി പത്ത് ടീമുകളുമായാണ് ഇത്തവണ ഐഎസ്എല്‍ എത്തുന്നത്. ബംഗളൂരു എഫ് സിയും ടാറ്റയുടെ കീഴിലുള്ള ടീമും ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കും. ബംഗളൂരു എഫ്‌സിയുമായി കരാറുള്ള വിനീതും ജിങ്കാനും റിനോ ആന്റോയും അവര്‍ക്ക് വേണ്ടിയാണ് ഇറങ്ങുന്നതെങ്കില്‍ കോപ്പലും മാനേജ്മെന്റും ഇത്തവണ ഏറെ ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്.

friendly match, India won against Nepal
Posted by
07 June

സൗഹൃദ മത്സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

മുംബൈ : അയല്‍ രാജ്യത്തിനെതിരായ സൗഹൃദമല്‍സരത്തില്‍ ഇന്ത്യക്ക് വിജയം. നേപ്പാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. ഈ മാസം 13 ന് ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് നേപ്പാളിനെതിരായ വിജയം.

സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ സുനില്‍ ഛേത്രിയും സികെ വിനീതും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി സന്ദേശ് ജിങ്കനും, ജെജെ ലാല്‍പെഖുലയുമാണ് ഗോള്‍ നേടിയത്. ചേത്രിയ്ക്കും വിനീതിനും പകരം റോബിന്‍ സിംഗും ജെജെയും ഇന്ത്യയുടെ ആക്രമണ നിര കാത്തു. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ നേപ്പാള്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ടുവെങ്കിലും പിന്നീട് മല്‍സരത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കുന്നതാണ് കാണാനായത്. ആദ്യപകുതിയില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം കാണാനായില്ല. റോബിന്‍ സിങ്ങും ജെജെയും മികച്ച അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം പകുതിയില്‍ഡ ഇന്ത്യ ട്രാക്കിലായി. 60 ആം മിനുട്ടില്‍ സന്ദേശ് ജിങ്കാന്‍ ലക്ഷ്യം കണ്ടു. ബോക്‌സിന്റെ ഇടതുഭാഗത്തു നിന്നുള്ള ജിങ്കാന്റെ ഹാഫ് വോളി നേപ്പാള്‍ വലയില്‍ കയറി. എട്ടു മിനുട്ട് ശേഷിക്കെ ആയിരുന്നു നേപ്പാളിന് അടുത്ത തിരിച്ചടി. ഇന്ത്യയുടെ മധ്യനിര താരം ബികാഷ് ജയ്‌റുവിനെ വീഴ്ത്തിയതിന് നേപ്പാള്‍ ക്യാപ്റ്റന്‍ ബിറാജ് മഹാരാജന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

പത്തുപേരായി ചുരുങ്ങിയ നേപ്പാളിന്റെ വലയില്‍, 78-ാം മിനിറ്റില്‍ ജെജെ പന്തെത്തിച്ച് വിജയം ഉറപ്പാക്കി. ഇന്ത്യന്‍ നിരയില്‍ മലയാളി താരം അനസ് എടത്തൊടികയും ആദ്യ ഇലവനില്‍ സ്ഥാനം നേടി.

Diplomatic crisis; FIFA about Qatar world cup
Posted by
06 June

ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി: 2022 ലോകകപ്പില്‍ ആശങ്ക അറിയിച്ച് ഫിഫ

ദോഹ: സൗദി അറേബ്യയും ബഹ്‌റൈനും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ആശങ്കയിലായി ഫിഫയും. 2022 ഖത്തര്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നടത്തിപ്പിലും തങ്ങളുടെ ആശങ്ക അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടന ഖത്തറിനെ അറിയിച്ചു.

ഖത്തര്‍ ലോകകപ്പ് സംഘാടനസമിതിയുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന് ഫിഫ അറിയിച്ചു. എങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന നയതന്ത്രപ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കാന്‍ ഫിഫ തയ്യാറായില്ല.

അതേസമയം ഖത്തര്‍ ലോകകപ്പ് സംഘാടകസമിതിയും എഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സൗദി അറേബ്യ, ഈജിപ്റ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ തിങ്കളാഴ്ച്ചയാണ് ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നാരോപിച്ച് രാജ്യവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

Manchester United replace Real Madrid as world’s richest football club
Posted by
03 June

റയല്‍ മാഡ്രിഡിനെ പിന്നിലാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലോകത്തെ സമ്പന്ന ക്ലബ് പദവിയില്‍

ലണ്ടന്‍: ലോകത്തെ സമ്പന്ന ക്ലബ് എന്ന പദവി ഇംഗ്ലീഷ് കബ്ല് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ഒന്നാം സ്ഥാനത്തായിരുന്ന റയല്‍ മാഡ്രിഡിനെ പിന്നിലാക്കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാമതെത്തിയത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഈ പട്ടം റയലിന് സ്വന്തമായിരുന്നു. ധനകാര്യ സ്ഥാപനമായ കെപിഎംജിയാണ് ലോകത്തിലെ ധനിക ക്ലബുകളുടെ പട്ടിക പുറത്ത് വിട്ടത്.

മൂന്ന് ബില്ല്യണ്‍ യൂറോയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വരുമാനം. ആദ്യമായി മൂന്ന് ബില്ല്യണ്‍ വരുമാനമുണ്ടാക്കിയ ക്ലബ് എന്ന നേട്ടവും ഈ ഇംഗ്ലീഷ് ക്ലബിന്റെ പേരിലാണ്. ഏഴ് ശതമാനതോളം സാമ്പത്തിക വളര്‍ച്ചയാണ് യുണൈറ്റഡ് നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ നേട്ടം ഫുട്ബോള്‍ വ്യവസായം വളര്‍ന്നതിന്റെ തെളിവാണെന്ന് കെപിഎംജിയുടെ കായിക വിഭാഗം മേധാവി ആന്ദ്രേ സാര്‍ട്ടോരി പറഞ്ഞു.

അതേസമയം വരുമാനത്തില്‍ രണ്ട് ശതമാനം വര്‍ധനവുണ്ടായെങ്കിലും പതിനൊന്ന് വര്‍ഷമായുണ്ടായിരുന്ന ഒന്നാം സ്ഥാനം റയല്‍ മാഡ്രിഡിന് നഷ്ടമായി. റയല്‍ രണ്ടാമതായപ്പോള്‍ മൂന്നാം സ്ഥാനം ബാഴ്സലോണയ്ക്കാണ്.

മാധ്യമങ്ങളിലെ മൂല്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തന്നെയാണ് മുന്നില്‍. ഈ സീസണില്‍ കമ്യൂണിറ്റി ഷീല്‍ഡ് കപ്പ്, ഇംഗ്ലീഷ് ലീഗ് കിരീടം, യൂറോപ്പ ലീഗ് കിരീടം എന്നിങ്ങനെ മൂന്ന് പ്രധാന കിരീടങ്ങളാണ് യുണൈറ്റഡ് നേടിയത്. ക്ലബിന്റെ വരുമാനം, സംപ്രേക്ഷണാവകാശം, പ്രശസ്തി എന്നിവ അടിസ്ഥാനമാക്കിയാണ് കെപിഎംജി പഠനം നടത്തിയത്.

Golden boot awarded to Messi
Posted by
30 May

യൂറോപ്പിന്റെ താരം മെസ്സി തന്നെ;ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം മെസ്സിക്ക്

സൂറിച്ച്: യൂറോപ്പിലെ ടോപ്സ്‌കോര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. സ്പാനിഷ് കിങ്സ് കപ്പിലെ കിരീടം നേടിയതിന് പിന്നാലെയാണ് ബാഴ്സലോണ ആരാധകര്‍ക്ക് ആശ്വാസമായി മറ്റൊരു വാര്‍ത്തകൂടി പുറത്ത് വന്നത്.

ഇത് നാലാം തവണയാണ് ലയണല്‍ മെസ്സിക്ക് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം ലഭിക്കുന്നത്. സീസണില്‍ 37 ഗോളുകള്‍ മെസ്സി നേടിയിരുന്നു. സീസണില്‍ തന്നെ 74 പോയിന്റെ നേടിയാണ് മെസ്സി പുരസ്‌ക്കാരത്തിന് അര്‍ഹനായിരിക്കുന്നത്. റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റെണോള്‍ഡോയും നാലു തവണ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയിട്ടുണ്ട്.

പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ 34 ഗോളുകള്‍ നേടി 68 പോയിന്റുകളോടെ സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ താരം ബസ് ദോസ്താണ് ഗോള്‍ഡന്‍ബൂട്ട് പട്ടികയില്‍ രണ്ടാമത് ഇടംപിടിച്ചിരിക്കുന്നത്. ജര്‍മ്മന്‍ ലീഗയിലെ മൂന്നാമതെത്തിയ പിയറി ഔബമേയങ്ങ് പട്ടികയില്‍ മൂന്നാമത്.

ഇതിന് മുന്‍പ് 2009-10, 2011-12,2012-13, 2013-2017 സീസണുകളിലാണ് മെസ്സി ബാഴ്സലോണ ജേഴ്സിയില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയത്.

Real Madrid bag La-Liga crown
Posted by
22 May

സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് കിരീടം റയല്‍ മഡ്രിഡിന്

സ്‌പെയ്ന്‍: സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് കിരീടം റയല്‍ മഡ്രിഡിന് സ്വന്തം . സീസണിലെ അവസാന മല്‍സരത്തില്‍ മലാഗെയ കീഴടക്കിയ റയല്‍, ബാര്‍സിലോനയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. റയലിന്റെ മുപ്പത്തി മൂന്നാം ലാ ലിഗ കിരീടമാണിത്.

സ്പാനിഷ് ലീഗിലെ ബാര്‍സയുടെ കുതിപ്പ്ിന് റയലിന്റെ കടിഞ്ഞാണ്‍. മൂന്നു സീസണുകളുടെ ഇടവേളയ്ക്കുശേഷം റയല്‍ മഡ്രിഡ് വീണ്ടും ലാ ലിഗ കപ്പുയര്‍ത്തി. മലാഗയ്‌ക്കെതിരായ എവെ മാച്ചില്‍ തോല്‍ക്കാതിരുന്നാല്‍ ചാംപ്യന്‍മാരാകാമെന്നിരിക്കെ രണ്ടു ഗോളിന് വിജയിച്ചാണ് റയല്‍ കപ്പുയര്‍ത്തിയത്. റൊണാള്‍ഡോയും ബെന്‍സേമയും ഗോള്‍ നേടി.

ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ലീഗ് മല്‍സരത്തിലും ഗോള്‍ നേടിയെന്ന പ്രത്യേകതയും കിരീടനേട്ടത്തിന്റെ മാറ്റുകൂട്ടി. 38 കളികളില്‍ നിന്ന് റയല്‍ മഡ്രിഡ് 93 പോയിന്റ് നേടിയപ്പോള്‍ ബാര്‍സിലോന 90 പോയിന്റ് സ്വന്തമാക്കി..യുവേഫ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ കടക്കാനാകാതെ പോയ ബാര്‍സിലോനയ്ക്ക് ലാ ലിഗ കിരീടനഷ്ടം വലിയ ക്ഷീണമായി. അവസാന മല്‍സരത്തില്‍ ഐയ്ബറിനെ 42ന് ബാര്‍സ തോല്‍പിച്ചു. ഒരു പെനല്‍റ്റി നഷ്ടമാക്കിയ മെസി ഇരട്ടഗോള്‍ നേടി.

truth behind U17 India-Italy football match
Posted by
21 May

സന്നാഹ മത്സരത്തില്‍ ഇറ്റലിയെ ഇന്ത്യ മലര്‍ത്തിയടിച്ചെന്ന വാര്‍ത്ത വ്യാജം; നാണക്കേടായി ഫുട്ബോള്‍ ഫെഡറേഷന്റെ അവകാശവാദം

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ കരുത്തരായ ഇറ്റലിയെ 2-0 എന്ന സ്‌കോറിന് മലര്‍ത്തിയടിച്ചെന്ന വാര്‍ത്ത വ്യാജം. പ്രമുഖ ദേശീയ മാധ്യമങ്ങളും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമെല്ലാമാണ് ഈ വാര്‍ത്ത വന്‍ തോതില്‍ ആഘോഷമാക്കിയത്. വാര്‍ത്ത സത്യമാണെന്ന് കരുതി ഫുട്‌ബോള്‍ ആരാധകര്‍ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ കൊണ്ടാടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെല്ലാം വിഡ്ഡിയാക്കുകയായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളും വ്യാജവാര്‍ത്ത പുറത്തുവിട്ട അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

വെള്ളിയാഴ്ച്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ കൗമാരക്കാര്‍ ഇറ്റലി അണ്ടര്‍ 17 ടീമിനെ 2-0ത്തിന് തോല്‍പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഈ വിജയത്തെ ചരിത്രപരമെന്നാണ് വെബ്‌സൈറ്റില്‍ വിശേഷിപ്പിച്ചത്. വാര്‍ത്ത സത്യമായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഒരാള്‍ക്ക് പോലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകാനും ഇടയില്ല.

എന്നാല്‍ ഇറ്റലിയുടെ ക്ലബ് ചാമ്പ്യന്‍ഷിപ്പായ ലാ ലീഗയിലെ മൂന്നാമത്തെയും നാലാമത്തെയും തട്ടായ ലീഗ പ്രോയിലേയും ലീഗ പ്രോ രണ്ടിലെയും ടീമുകളിലെ കളിക്കാരാണ് ഇന്ത്യന്‍ ദേശീയ ടീമിനെ നേരിട്ടതെന്നതാണ് സത്യം. നേരത്തെ ഒന്നാം ഡിവിഷനില്‍ നിന്നും തരത്താഴ്ത്തപ്പെട്ട് ഇപ്പോള്‍ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന പാര്‍മയുടെയും അല്‍ബിനോലെഫെയുടെയും ലിഗ പ്രോയുടെയും വെബ്‌സൈറ്റുകളില്‍ ഇക്കാര്യം വ്യക്തമാണ്.

എന്നാല്‍ ഇറ്റലിയുടെ ദേശീയ ടീമിനെ ഇന്ത്യ തോല്‍പ്പിച്ചു എന്ന വ്യാജ പ്രചാരണം നടത്തുന്നത് തുടരുകയാണ് എഐഎഫ്എഫിനും ഇന്ത്യന്‍ മാധ്യമങ്ങളും. എന്നാല്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ജനതയെ വിഡ്ഢിയാക്കാനുള്ള അധികാരികളുടെ ശ്രമം പാളിയിരിക്കുകയാണ്. ഇറ്റാലിയന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത്തരത്തിലുള്ള ഒരു മത്സരത്തെ കുറിച്ച് പറയുന്നതേയില്ല എന്നതാണ് കൗതുകം. മാത്രമല്ല ഒരൊറ്റ ഇറ്റാലിയന്‍ മാധ്യമം പോലും ഈ മത്സരത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ഫുട്ബോള്‍ അധികാരികളുടെ വ്യജ പ്രചരണത്തില്‍ ഇറ്റാലിയന്‍ പരിശീലകര്‍ ഉള്‍പ്പെടെ അത്ഭുതപ്പെട്ടിരിക്കുകയാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഇതുവരെ തയ്യാറായിട്ടില്ല

Minister AC Moideen offers job to CK Vineeth
Posted by
20 May

കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ സികെ വിനീതിന് കേരളം ജോലി നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍

തിരുവനന്തപുരം: ഏജീസ് പിരിച്ചുവിട്ട ഫുട്‌ബോള്‍ താരം സികെ വിനീതിന് പിന്തുണയുമായി കേരള സര്‍ക്കാര്‍. വിനീതിനെ കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ കേരള സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക മന്ത്രി എസി മൊയ്തീന്‍.

‘സംസ്ഥാന സര്‍ക്കാറും സ്പോര്‍ട്സ് കൗണ്‍സിലും കേന്ദ്ര കായിക വകുപ്പുമായും ഏജീസുമായി ബന്ധപ്പെടും, പ്രയോജനമൊന്നുമില്ലെങ്കില്‍ വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും’ മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. വിനിതിനെ സംരക്ഷിക്കുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസനും മാധ്യമങ്ങളോട് പറഞ്ഞു.

അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്ന വിനീത് മത്സരങ്ങള്‍ക്ക് വേണ്ടി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന വിനീത് ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും ബംഗളൂരു എഫ്‌സിയ്ക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.

മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യന്‍ താരവും ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ വിനീതിനെ പുറത്താക്കിയത്. ഇതിനെതിരെ വിനീത് തന്നെ രംഗത്ത് വന്നിരുന്നു. സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി ലഭിച്ച തന്നോട് കളിക്കരുതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും വിനീത് ചോദിച്ചു. എന്നാല്‍ ആരോടും പരാതി പറയാനില്ലെന്നതാണ് തന്റെ നിലപാടെന്ന് വിനീത് ഇന്നലെ വ്യക്തമാക്കിയിരുന്നു.

മതിയായ ഹാജരില്ലാത്തതിനാല്‍ ഏജീസ് ജോലിയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യന്‍ താരം സികെ വിനീതിന് പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കായിക താരങ്ങളെ അവഗണിക്കുന്ന ഇത്തരം നടപടികളോട് യോജിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.