കോഹ്‌ലിയുടെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കെല്‍പ്പുള്ളവര്‍ ആരാണ് ടീമിലുള്ളത്? പരിശീലകന്‍ പറയുന്നത് കോഹ്‌ലി കേള്‍ക്കാറില്ലെന്നും സെവാഗ്
Posted by
24 January

കോഹ്‌ലിയുടെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കെല്‍പ്പുള്ളവര്‍ ആരാണ് ടീമിലുള്ളത്? പരിശീലകന്‍ പറയുന്നത് കോഹ്‌ലി കേള്‍ക്കാറില്ലെന്നും സെവാഗ്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം വിരേന്ദര്‍ സെവാഗ്. കോഹ്ലി ചെയ്യുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ മാത്രം ധൈര്യമുള്ളവരും യോഗ്യതയുള്ളവരും ഇന്ത്യന്‍ ഡ്രെസിങ് റൂമിലില്ലെന്നായിരുന്നു സെവാഗിന്റെ പ്രതികരണം.

കളത്തില്‍ കോഹ്ലി വരുത്തുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ആരെങ്കിലും ടീമില്‍ ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് ഇന്ത്യ ടിവിയിലെ പരപാടിയ്ക്കിടെ സെവാഗ് അഭിപ്രായപ്പെട്ടു. ‘എല്ലാ ടീമിലും കാണും നായകന്‍ ഫീല്‍ഡില്‍ വരുത്തുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന നാലോ അഞ്ചോ താരങ്ങള്‍. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ അത് ഞാന്‍ കാണുന്നില്ല. വിരാടിന്റെ ടീം സെലക്ഷനെ ചോദ്യം ചെയ്യാന്‍ കെല്‍പ്പുള്ള ആരുമിന്ന് ടീമിലില്ല. അദ്ദേഹത്തിന്റെ സ്റ്റാന്‍ഡേര്‍ഡിനൊത്ത ആരുമില്ലെന്നതും ശരിയാണ്.’ സെവാഗ് പറയുന്നു.

അതേസമയം, കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്നത് താരങ്ങളിലുള്ള അദ്ദേഹത്തിന്റെ അമിത പ്രതീക്ഷയാണെന്നും, ഏത് പ്രതികൂല സാഹചര്യത്തിലും കളിക്കാന്‍ കഴിയുന്ന താരമാണ് വിരാട്. അദ്ദേഹമത് മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നെന്നും സെവാഗ് നിരീക്ഷിക്കുന്നു.

അതേസമയം പരിശീലകന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കോഹ്ലി ഫീല്‍ഡില്‍ നടപ്പാക്കുന്നില്ലെന്നും ഒരാള്‍ക്ക് ഒറ്റയ്ക്ക് ടീമിനെ ജയിപ്പിക്കാന്‍ സാധിക്കില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. നേരത്തെ വിരാടിന്റെ ടീം സെലക്ഷനെതിരേയും സെവാഗ് രംഗത്തെത്തിയിരുന്നു.

ഐപിഎല്‍ സീസണ്‍ 11; സമയത്തിലും മത്സരത്തിലും നിരവധി മാറ്റങ്ങളുമായി പുത്തന്‍ സീസണ്‍; തുടക്കവും അവസാനവും മുംബൈയില്‍
Posted by
23 January

ഐപിഎല്‍ സീസണ്‍ 11; സമയത്തിലും മത്സരത്തിലും നിരവധി മാറ്റങ്ങളുമായി പുത്തന്‍ സീസണ്‍; തുടക്കവും അവസാനവും മുംബൈയില്‍

മുംബൈ: പുതിയ സീസണ്‍ ഐപിഎല്ലിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടു. കുട്ടിക്രിക്കറ്റിന്റെ പതിനൊന്നാം സീസണില്‍ ടീമുകളിലേക്കുള്ള ലേലം അടുത്തിരിക്കെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ഐപിഎല്‍ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ മെയ് 27 വരെയാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണുകളിലേതിനു വ്യത്യസ്തമായാണ് ഇത്തവണത്തെ മത്സരങ്ങളുടെ സമയം. വൈകിട്ട് നാലിന് നടന്നിരുന്ന മത്സരം 5.30നും എട്ട് മണിക്ക് നടന്നിരുന്ന മത്സരം ഏഴ് മണിയ്ക്കുമാണ് പുതിയ സീസണില്‍ നടക്കുക. ഐപിഎല്‍ കമ്മീഷണര്‍ രാജീവ് ശുക്ലയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

ഏപ്രില്‍ ഏഴിന് മുബൈയിലാണ് ആദ്യ മത്സരം. മെയ് 27ന് മുംബൈയില്‍ തന്നെയാണ് ഫൈനലും നടക്കുന്നത്. ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിന് മുംബൈയില്‍ വെച്ചുതന്നെ നടക്കും. മുടക്കമില്ലാതെ എത്തിയ പത്തു സീസണുകള്‍ക്ക് പിന്നാലെ വരുന്ന പതിനൊന്നാം സീസണ്‍, മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ ആരാധകര്‍ക്ക് മുന്നിലെത്തുക. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംപ്രേക്ഷണാവകാശം ഇത്തവണ സോണി നെറ്റ്‌വര്‍ക്കില്‍ നിന്നും സ്റ്റാര്‍ നെറ്റ്വര്‍ക്ക് ഏറ്റെടുത്തു കഴിഞ്ഞു. വിവിധ പരിപാടികളാണ് ഐപിഎല്ലിനോടനുബന്ധിച്ച് സ്റ്റാര്‍ സംപ്രേക്ഷണം ചെയ്യുക.

ഈ മാസം 27, 28 നുമാണ് സീസണിലേക്കുള്ള താര ലേലം നടക്കുന്നത്. മിക്ക ടീമുകളും സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും നിരവധി താരങ്ങളാണ് ലേല വിപണിയിലുള്ളത്.

‘കാഴ്ച്ചയില്ലാത്തവരുടെ’ ലോകകപ്പില്‍ ഗംഭീര പ്രകടനം ‘കാഴ്ച്ചവെച്ച്’ ഇന്ത്യ കിരീടം സ്വന്തമാക്കി
Posted by
20 January

'കാഴ്ച്ചയില്ലാത്തവരുടെ' ലോകകപ്പില്‍ ഗംഭീര പ്രകടനം 'കാഴ്ച്ചവെച്ച്' ഇന്ത്യ കിരീടം സ്വന്തമാക്കി

ഷാര്‍ജ: കാഴ്ച ശക്തിയില്ലാത്തവരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം. രണ്ടു വിക്കറ്റിന് വിജയം കൈയ്യിലൊതുക്കി ഇന്ത്യ ഏറ്റുമുട്ടിയത് പാകിസ്താനോടായിരുന്നു.

309 റണ്‍സ് നേടി പാകിസ്താന്‍ ഉയര്‍ത്തിയ വിജയ ലക്ഷ്യം ഇന്ത്യ അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഗംഭീര തുടക്കം കാഴ്ച്ചവെച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടിയെടുത്തു. തുടര്‍ന്നുള്ള ഓവറില്‍ അടുപ്പിച്ച് രണ്ട് വിക്കറ്റ് വീണതോടെ പാകിസ്താന് പ്രതീക്ഷ നല്‍കുന്ന തരത്തിലേക്ക് ഗെയിം നീങ്ങി. എന്നാല്‍ ക്യാപ്റ്റന്‍ അജയ് തിവാരിയും, സുനില്‍ രമേശും ചേര്‍ന്ന് മികച്ച പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പരിശീലനത്തിന് അവസരം നല്‍കിയില്ല; വ്യാപക പ്രതിഷേധം ഉയരുന്നു
Posted by
20 January

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പരിശീലനത്തിന് അവസരം നല്‍കിയില്ല; വ്യാപക പ്രതിഷേധം ഉയരുന്നു

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരയ്ക്കെത്തിയ ഇന്ത്യന്‍ സംഘത്തിന് മോശം അനുഭവം. രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര നഷ്ടമായി നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള പരിശീലനം നടത്താന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പരിശീലനത്തിനുളള അവസരം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സന്ദര്‍ശക ടീമിന് ബാറ്റിംഗ് പരിശീലനത്തിനായി ബൗളര്‍മാരെ വിട്ടുനല്‍കേണ്ടത് ആതിഥേയരുടെ കടമയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് നെറ്റ്സില്‍ പരിശീലനം നടത്താന്‍ ദക്ഷിണാഫ്രിക്ക ബൗളര്‍മാരെ വിട്ടുനല്‍കിയിരുന്നില്ല.

ജനുവരി 24ന് ജൊഹാന്നാസ്ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരിശീലനം നടത്താന്‍ രണ്ടു പേസ് ബൗളര്‍മാരെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവാരമില്ലാത്ത, ക്ലബ് തലത്തിലുള്ള ബൗളര്‍മാരെ വിട്ടുനല്‍കാമെന്ന് ദക്ഷിണാഫ്രിക്ക നിലപാടെടുത്തത്.

ഇന്ത്യ ഇതു നിരസിക്കുകയും നെറ്റ്സില്‍ പന്തെറിയുന്നതിനായി പേസ് ബൗളര്‍മാരായ നവ്ദീപ് സെയ്നി, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

പഴികേട്ട് ക്ഷീണിച്ച വിരാടിനും കൂട്ടര്‍ക്കും പിന്തുണയായി ധോണി
Posted by
19 January

പഴികേട്ട് ക്ഷീണിച്ച വിരാടിനും കൂട്ടര്‍ക്കും പിന്തുണയായി ധോണി

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാനാകാതെ മടങ്ങിയ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ആശ്വാസവുമായി മുന്‍ നായകന്‍ എം.എസ്.ധോണി. പരമ്പരയില്‍ പരാജയപ്പെട്ടാലും കരകയറാന്‍ ഇന്ത്യന്‍ ടീമിന് കഴിവുണ്ടെന്നും 20 വിക്കറ്റ് വീഴ്ത്തുന്ന പേസ് ബൗളര്‍മാര്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണെന്നും ധോണി പറഞ്ഞു.

ടെസ്റ്റ് മത്സരം വിജയിക്കാന്‍ എതിരാളികളുടെ 20 വിക്കറ്റ് വീഴ്ത്തണം. നമ്മള്‍ 20 വിക്കറ്റ് വീഴ്ത്തിയിരുന്നു. 20 വിക്കറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത സാധ്യത മത്സരം സമനിലയില്‍ എത്തിക്കുകയെന്നതാണ്. റണ്‍സ് വിട്ടുകൊടുക്കാതിരുന്നാല്‍ മത്സരം സമനിലയിലെത്തിക്കാം. മൂന്നാമത്തെ സാധ്യത എന്നത് ഒരു സാധ്യതയല്ല, അത് വിജയം മാത്രമാണ് ധോണി പറഞ്ഞു. സ്വദേശത്തോ, വിദേശത്തോ, എവിടെയായാലും എതിര്‍ ടീമിന്റെ 20 വിക്കറ്റ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിജയിക്കാന്‍ കഴിയില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

20 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞാല്‍ ടീം വിജയത്തിന് പ്രാപ്തരായി. ഇതിനൊപ്പം ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കൂടി കൂടി സ്‌കോര്‍ ചെയ്തു തുടങ്ങിയാല്‍ ടീമിന് വിജയത്തിലേക്ക് എത്താന്‍ കഴിയുമെന്നും ധോണി പറഞ്ഞു.

 

ബംഗ്ലാദേശിനെ തകര്‍ത്ത് ഇംഗ്ലണ്ട് അണ്ടര്‍-19 ലോകകപ്പ് ക്വാര്‍ട്ടറില്‍
Posted by
18 January

ബംഗ്ലാദേശിനെ തകര്‍ത്ത് ഇംഗ്ലണ്ട് അണ്ടര്‍-19 ലോകകപ്പ് ക്വാര്‍ട്ടറില്‍

ക്വീന്‍സ്ടൗണ്‍: രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.2 ഓവറില്‍ 175 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ട് 29.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

പുറത്താകാതെ നിന്ന നായകന്‍ ഹാരി ബ്രൂക്കാണ്(102) ഇംഗ്ലീഷ് വിജയം അനായാസമാക്കിയത്. 48 റണ്‍സോടെ യുവാന്‍ വുഡ്‌സ് നായകന് കൂട്ടായി നിന്നു. 49/3 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് വിജയതീരത്ത് എത്തിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ നാല് ബാറ്റ്‌സ്മാന്‍മാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അഞ്ചാമനായി ക്രീസിലെത്തിയ ആഫിഫ് ഹൊസൈന്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് (63) അവരെ കരകയറ്റിയത്.

ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കോഹ്‌ലിക്ക്; ടെസ്റ്റ് തോല്‍വി വിവാദങ്ങള്‍ക്കിടയിലും തല ഉയര്‍ത്തി നായകന്‍
Posted by
18 January

ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കോഹ്‌ലിക്ക്; ടെസ്റ്റ് തോല്‍വി വിവാദങ്ങള്‍ക്കിടയിലും തല ഉയര്‍ത്തി നായകന്‍

ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര കൈവിട്ടതോടെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്ന നായകന്‍ വിരാട് കോഹ്‌ലിക്ക് ആശ്വാസം പകര്‍ന്ന് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഐസിസിയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച താരത്തിനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് അവാര്‍ഡാണ് ഇന്ത്യന്‍ നായകനെ തേടി എത്തിയിരിക്കുന്നത്. ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലി സ്വന്തമാക്കി.

ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനും കോഹ്‌ലി തന്നെയാണ്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കരസ്ഥമാക്കി.

ടെസ്റ്റില്‍ മാത്രം 2203 റണ്‍സും (എട്ട് സെഞ്ച്വറികള്‍ ഉള്‍പ്പടെ)ഏകദിനത്തില്‍ 1818 റണ്‍സും (ഏഴ് സെഞ്ച്വറി),ട്വന്റി-ട്വന്റിയില്‍ 153 സ്‌ട്രൈക്ക് റേറ്റില്‍ 299 റണ്‍സുമാണ് കോഹ്‌ലി അടിച്ചു കൂട്ടിയതെന്ന് ഐസിസി പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള ട്വീറ്റില്‍ വിശദീകരിക്കുന്നു.

2017 കോഹ്‌ലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. 76.84 ശരാശരിയില്‍ ആറ് സെഞ്ച്വറികളാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. കോഹ്‌ലിയുടെ കരിയര്‍ ശരാശരി ആകട്ടെ മറോറൊരു റെക്കോര്‍ഡായ 55.74ല്‍ എത്തി നില്‍ക്കുകയാണ്.

കോഹ്ലിയുടെ നേട്ടത്തെ വാനോളം പുകഴ്ത്തിയ ഐസിസി സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡ് വൈകാതെ മറികടക്കുമെന്നും പ്രവചിക്കുന്നു. 29 വയസില്‍ മാത്രം എത്തിനില്‍ക്കുന്ന വിരാട് ഇതുവരെ മാത്രം സ്വന്തം പേരില്‍ കുറിച്ചത് 32 സെഞ്ച്വറികളാണ്. അതുകൊണ്ടു തന്നെ സച്ചിന്റെ എക്കാലത്തേയും റെക്കോര്‍ഡായ 49 സെഞ്ച്വറി കോഹ്‌ലിയുടെ കൈയ്യെത്തു ദൂരത്താണെന്നും ഐസിസി നിരീക്ഷിക്കുന്നു.

പുരസ്‌കാരലബ്ധിക്ക് പിന്നാലെ തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് കോഹ്‌ലി വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2012ലും ഏകദിന കളിക്കാരനുള്ള ഐസിസി പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കിലും ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം തേടിയെത്തിയത് ആദ്യമായാണെന്നും ഇതൊരു ബഹുമതിയായി കാണുന്നെന്നും കോഹ്‌ലി പറയുന്നു. കഴിഞ്ഞ തവണ ഇന്ത്യന്‍ താരമായ രവിചന്ദ്ര അശ്വിനായിരുന്നു ഈ പുരസ്‌കാരം.

‘എന്നാല്‍ നിങ്ങള്‍ തന്നെ ടീമിനെ തിരഞ്ഞെടുക്കൂ; ഞാന്‍ ആ ടീമിനെ വെച്ച് കളിച്ചോളാം;’ പരമ്പര നഷ്ടത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കോഹ്‌ലി
Posted by
18 January

'എന്നാല്‍ നിങ്ങള്‍ തന്നെ ടീമിനെ തിരഞ്ഞെടുക്കൂ; ഞാന്‍ ആ ടീമിനെ വെച്ച് കളിച്ചോളാം;' പരമ്പര നഷ്ടത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കോഹ്‌ലി

സെഞ്ചൂറിയന്‍: രണ്ടാ ടെസ്റ്റിലും തോല്‍വി ഏറ്റവാങ്ങുകയും പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ അടിയറവു വെയ്ക്കുകയും ചെയ്ത ടീം ഇന്ത്യയെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകവും മാധ്യമങ്ങളും. തുടര്‍ച്ചയായി ഒമ്പത് പരമ്പര വിജയങ്ങള്‍ക്കു ശേഷമാണ് കോഹ്ലിയും സംഘവും ഡൂപ്ലെസിയുടെ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ മുട്ടു കുത്തിയത്. പരമ്പരയിലെ ആദ്യടെസ്റ്റ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെ കുറിച്ചും ഉയര്‍ന്ന

ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് പിന്നാലെ മുതല്‍ ടീം സെലക്ഷനെ ചൊല്ലി ആരംഭിച്ച വിവാദം പരമ്പര നഷ്ടത്തിനു പിന്നാലെ സകല സീമകളും ലംഘിച്ച് വിമര്‍ശനം കടുക്കുകയാണ്.

ഇതിനു പിന്നാലെയാണ് ടീം സെലക്ഷനെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് കോഹ്‌ലി പൊട്ടിത്തെറിച്ചത്. മത്സരത്തിനായി ഇറക്കിയത് മികച്ച ടീമിനെയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം നായകനെ ചൊടിപ്പിക്കുകയായിരുന്നു. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച ടീമിനെ തീരുമാനിക്കുന്നതെന്ന് ചോദിച്ച കോഹ്‌ലി ഇപ്പോള്‍ ഇന്ത്യന്‍ ടീം ജയിച്ചിരുന്നെങ്കില്‍ നിലവിലെ പതിനൊന്ന് പേര്‍ മികച്ച ടീമാണെന്ന് പറയുമായിരുന്നോയെന്നും ആരാഞ്ഞു. ‘മികച്ച ടീമിനെ മത്സരത്തിനിറക്കണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. എങ്കില്‍ നിങ്ങള്‍ തന്നെ മികച്ച ടീമിനെ തിരഞ്ഞെടുക്കണം. ഞാന്‍ ആ ടീമിനെ വച്ച് കളിക്കാം’ അദ്ദേഹം പൊട്ടിത്തെറിച്ചു.

അതേസമയം, ബാറ്റിങ്ങിലെ പിഴവുകളാണ് തോല്‍വിക്ക് കാരണമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ‘നല്ല കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും ലീഡ് നേടാനും കഴിയാതെ പോയി. ഞങ്ങള്‍ തന്നെയാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ബോളര്‍മാര്‍ കുറച്ചെങ്കിലും മാന്യമായി കളിച്ചു. പക്ഷേ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി’ അദ്ദേഹം വിശദീകരിച്ചു.

സെഞ്ചൂറിയനില്‍ ദുരന്തം; ഇന്ത്യ തകര്‍ന്നടിഞ്ഞത് 135 റണ്‍സിന്
Posted by
17 January

സെഞ്ചൂറിയനില്‍ ദുരന്തം; ഇന്ത്യ തകര്‍ന്നടിഞ്ഞത് 135 റണ്‍സിന്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ. 135 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി. 287 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ 151 റണ്‍സിന് പുറത്തായി.

ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ പേസര്‍ ലുംഗി എന്‍ഡിഗിയാണ് ഇന്ത്യയെ തകര്‍ത്തത്. തുടര്‍ച്ചയായ ഒന്‍പത് പരമ്പര വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയില്‍ കാലുകുത്തിയ വിരാട് കോഹ്‌ലിക്കും കൂട്ടര്‍ക്കും തുടര്‍ തോല്‍വികള്‍ കനത്ത തിരിച്ചടിയായി.

47 റണ്‍സ് നേടിയ രോഹിത് ശര്‍മ മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതി നോക്കിയത്. അഞ്ചാം ദിനം ആദ്യം പുറത്തായത് ചേതേശ്വര്‍ പൂജാരയാണ്. ആദ്യ ഇന്നിംഗ്‌സിലെ തനിയാവര്‍ത്തനം പോലെ രണ്ടാം ഇന്നിംഗ്‌സിലും പൂജാര ഇല്ലാത്ത റണ്ണിന് ഓടി റണ്‍ഔട്ടായി.

പിന്നാലെ പാര്‍ഥിവ് പട്ടേലിനെ സുന്ദരമായ ക്യാച്ചിലൂടെ മോണി മോര്‍ക്കല്‍ മടക്കി. താന്‍ ടെസ്റ്റിന് പാകമാകാത്ത ആളാണെന്ന് തെളിയിക്കുന്ന രീതിയായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടേത്. റണ്‍സ് കണ്ടെത്താന്‍ ബാറ്റ്‌സ്മാന്‍ വിഷമിച്ച പിച്ചില്‍ വിചിത്രമായ ഷോട്ട് കളിച്ച് പാണ്ഡ്യ വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു.

ഷമിയും രോഹിതും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാന്‍ പര്യാപ്തമാകുമായിരുന്നില്ല. നാല് റണ്‍സുമായി ഇഷാന്ത് ശര്‍മ പുറത്താകാതെ നിന്നു. എന്‍ഡിഗിയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് 335, രണ്ടാം ഇന്നിംഗ്‌സ് 258. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 307, രണ്ടാം ഇന്നിംഗ്‌സ് 151.

ചതുര്‍രാഷ്ട്ര ഹോക്കിയില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യ; എതിരില്ലാത്ത ആറുഗോളിനാണ് ഇന്ത്യയുടെ ജയം
Posted by
17 January

ചതുര്‍രാഷ്ട്ര ഹോക്കിയില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യ; എതിരില്ലാത്ത ആറുഗോളിനാണ് ഇന്ത്യയുടെ ജയം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കിയില്‍ ജപ്പാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. തൗരംഗയിലുള്ള ബ്ലെയ്ക് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിനാണ് (6-0) നീലപ്പട എതിരാളികളെ കെട്ടുകെട്ടിച്ചത്.

ഇന്ത്യയ്ക്കായി വിവേക് സാഗര്‍ പ്രസാദ്, ദില്‍പ്രീത് സിംഗ്, എന്നിവര്‍ രണ്ട് വീതവും രുപീന്ദര്‍ പാല്‍ സിംഗ് ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ഓരോ ഗോളും നേടി. ബെല്‍ജിയമാണ് അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

error: This Content is already Published.!!