chennai cricket test; malayali cricketer karun nair owned first century
Posted by
19 December

ചെന്നൈ ടെസ്റ്റ്: ചരിത്രമെഴുതി മലയാളി ക്രിക്കറ്റ് താരം കരുണ്‍ നായര്‍; ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി

ചെന്നൈ: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ചരിത്രം കുറിച്ച് മലയാളി താരം. ചെന്നൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ മലയാളി താരം കരുണ്‍ നായര്‍ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചു. കരുണിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. 183 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെട്ടതാണ് കരുണിന്റെ മനോഹര ഇന്നിംഗ്‌സ്. ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമാണ് 25 കാരനായ കരുണ്‍. ഇന്ന് വ്യക്തിഗത സ്‌കോര്‍ 99 ല്‍ നില്‍ക്കെ ബെന്‍സ്‌റ്റോക്‌സിന്റെ പന്ത് ബൗണ്ടറിയിലേക്ക് കടത്തിയാണ് കരുണ്‍ മൂന്നക്കം കടന്നത്. 117 റണ്‍സുമായി കരുണ്‍ ബാറ്റിംഗ് തുടരുകയണ്.

തന്റെ മൂന്നാം ടെസ്റ്റിലാണ് കരുണ്‍ നായര്‍ കന്നി സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്. കര്‍ണാടകത്തിന്റെ മലയാളിതാരമാണ് കരുണ്‍ നായര്‍. കരുണിന് അഭിനന്ദം അര്‍പ്പിച്ച് പ്രശസ്ത കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ രംഗത്തെത്തി.

നവംബര്‍ 26 ന് ആരംഭിച്ച മൊഹാലി ടെസ്റ്റിലാണ് കരുണ്‍ അരങ്ങേറ്റം കുറിച്ചത്. മത്‌സരത്തില്‍ വെറും നാല് റണ്‍സ് നേടാനെ കരുണിന് സാധിച്ചുള്ളൂ. മുംബൈ ടെസ്റ്റിലും താരത്തിന് തിളങ്ങാനായില്ല. 13 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. അതിനുള്ള പ്രായശ്ചിത്തമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 477 നെതിരെ മികച്ച രീതിയില്‍ മുന്നേറാന്‍ ഇന്ത്യയ്ക്ക് സഹായകമായത് കരുണും രാഹുലും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ഇരുവരും 161 റണ്‍സാണ് ചേര്‍ത്തത്. അഞ്ചാം വിക്കറ്റില്‍ മുരളി വിജയ്‌ക്കൊപ്പം 63 റണ്‍സും കരുണ്‍ ചേര്‍ത്തു. ഇന്ന് നാലുവിക്കറ്റിന് 396 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 451 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യ്ക്ക് 42 റണ്‍സ് കൂടി മതി.

chennai cricket test; england scored 477 runs
Posted by
17 December

ചെന്നൈ ടെസ്റ്റ്:ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് 477 റണ്‍സ് നേടി ശക്തമായ നിലയില്‍

ചെന്നൈ: ചെന്നൈ ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. 477 റണ്‍സ് എന്ന ശക്തമായ സ്‌കോര്‍ കുറിച്ചാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്‌സ് അവസാനിച്ചത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സുമായി രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ട്, ഡൊസണ്‍റാഷിദ് സംഖ്യം ഉയര്‍ത്തിയ 100 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പിലാണ് കരുത്താര്‍ജ്ജിച്ചത്. ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ ലിയാം ഡൊസണ്‍ പുറത്താകാതെ നേടിയ 66 റണ്‍സ് ഇംഗ്ലണ്ട് സ്‌കോറിങ്ങില്‍ നിര്‍ണായകമായി. രണ്ടാം ദിനം ആരംഭിച്ചതിന് പിന്നാലെ ബെന്‍ സ്റ്റോക്ക്‌സിനെ മടക്കി ആര്‍ അശ്വിന്‍ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. പിന്നാലെ ഇംഗ്ലണ്ട് സ്‌കോര്‍ 300 ല്‍ നില്‍ക്കെ ജോസ് ബട്ട്‌ലറെ വിക്കറ്റ് മുന്നില്‍ കുരുക്കി ഇഷാന്ത് ശര്‍മ്മ മുന്നേറി. തുടര്‍ന്ന് 104 ആം ഓവറില്‍ ഉമേഷ് യാദവിലൂടെ ഇന്ത്യ ഇംഗ്ലണ്ടിന്റെ ആണിക്കല്ല് ഇളക്കുകയായിരുന്നു. 146 റണ്‍സ് നേടി ഇംഗ്ലണ്ട് സ്‌കോറിങ്ങിനെ നയിച്ച മോയീന്‍ അലിയെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചാണ് ഉമേഷ് യാദവ് തിരിച്ചടിച്ചത്. തുടര്‍ന്ന് വാലറ്റ സംഖ്യം നടത്തിയ ചെറുത്ത് നില്‍പിന് ഭീഷണിയാകാന്‍ പാടുപെടുന്ന ഇന്ത്യന്‍ ബൗളിങ്ങ് നിരയെയാണ് കണ്ടത്. ഒടുവില്‍ സ്‌കോര്‍ബോര്‍ഡില്‍ 429 റണ്‍സ് കുറിച്ചതിന് ശേഷമാണ് ലിയാം ഡൊസണ്‍ആദില്‍ റഷീദ് സംഖ്യം ഉമേഷ് യാദവിന്റെ പന്തില്‍ പിരിഞ്ഞത്. പിന്നാലെ, 457 ല്‍ നില്‍ക്കെ സ്റ്റുവര്‍ട്ട് ബ്രോഡുമായുള്ള ആശയക്കുഴപ്പത്തിനിടെ ലിയാം ഡൊസണ്‍ റണൗട്ടായി. അവസാന വിക്കറ്റിനായി പിന്നെ ഇന്ത്യക്ക് ഏറെ കാത്ത് നില്‍ക്കേണ്ടതായി വന്നില്ല. അമിത് മിശ്രയുടെ പന്തില്‍ ജെക്ക് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ സ്‌കോറിങ്ങിന് പര്യവസാനം വന്നെത്തുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുലിനൊപ്പം പാര്‍ത്ഥിവ് പട്ടേലാണ് ഓപ്പണിങ്ങ് ജോഡിയായി ഗ്രൗണ്ടിലിറങ്ങിയിരിക്കുന്നത്

Alastair Cook Breaks Sachin Tendulkar’s Record
Posted by
17 December

രണ്ടാം തവണയും സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് അലസ്റ്റയര്‍ കുക്ക്

ചെന്നൈ: ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് മറക്കാനാഗ്രഹിക്കുന്ന ഒന്നാണെങ്കിലും വ്യക്തിപരമായ നേട്ടം കൈവരിച്ച് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇന്ത്യന്‍ പര്യടനം അനുസ്മരണീയമാക്കി. ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കുക്ക് ചെന്നൈയിലെ ആദ്യ ഇന്നിങ്‌സിലും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വെറും പത്ത് റണ്‍സ് മാത്രമേ കുക്കിന് നേടാനായുള്ളൂ.

എന്നാല്‍ ഈ ചെറിയ ഇന്നിങ്സിനിടയില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റന്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് കുക്ക് സ്വന്തമാക്കിയത്. മറികടന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറേയും. 31 വര്‍ഷവും 357 ദിവസവും പ്രായമെത്തിയപ്പോഴാണ് കുക്ക് സച്ചിന്റെ നേട്ടം മറികടന്നിരിക്കുന്നത്. 34 വയസും 95 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. 140 ടെസ്റ്റുകളില്‍ നിന്നാണ് കുക്ക് 11,000 റണ്‍സ് ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.

ഇന്നലെ വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ എത്തി നല്‍ക്കേയാണ് കുക്ക് 11,000 ടെസ്റ്റ് റണ്‍സ് തികച്ചത്. ഇന്നിങ്‌സില്‍ 10 റണ്‍സെടുത്താണ് താരം പുറത്താവുകയും ചെയ്തു. 11,000 ടെസ്റ്റ് റണ്‍സെന്ന ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലണ്ട് താരം കൂടിയാണ് കുക്ക്. നേരത്തെ ഈ വര്‍ഷം മെയ് മാസത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും കുക്ക് സച്ചിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

India-England last test match starts at Chennai
Posted by
16 December

ടെസ്റ്റ് പരമ്പര: വിജയത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യ ഇന്ന് ചെന്നൈയില്‍; നാണക്കേട് ഒഴിവാക്കാന്‍ ഇംഗ്ലണ്ട്

ചെന്നൈ: ടെസ്റ്റ് മത്സരങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങളില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കില്‍. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരമാണ് ഇന്ന് ചെന്നൈയില്‍ ആരംഭിച്ചിരിക്കുന്നത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 3-0 ന് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ടോസ് കിട്ടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. അവസാന വിവരം ലഭിക്കുമ്പോള്‍ അഞ്ച് ഓവറില്‍ 7 റണ്‍സെന്ന നിലയിലാണ് അതിഥികള്‍.

ഇംഗ്ലണ്ടിന് തുടര്‍ച്ചയായ തോല്‍വികളുടെ നാണക്കേട് മറക്കാനുള്ള അവസാന അവസരവുമാണ് ഈ മത്സരം എന്നിരിക്കെ തീ പാറുന്ന പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുഖം രക്ഷിക്കാന്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ അവരെ നാണം കെടുത്തുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ വരുന്നത്.

ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യ സുശക്തമാണെന്നിരിക്കെ മത്സരത്തില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍ തൂക്കം. ബാറ്റിങ്ങില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ക്യാപ്റ്റന്‍ കോഹ്‌ലി തന്നെയുണ്ട്. ഓപ്പണര്‍ മുരളി വിജയ്, ചേതേശ്വര്‍ പൂജാര, എന്നിവരും മികച്ച ഫോമിലാണ്. വാലറ്റത്ത് അശ്വിനും ജയന്ത് യാദവും കരുത്ത് പകരുന്നു. ഫോമില്‍ തുടരുന്ന കോഹ്‌ലിയെ സംബന്ധിച്ച് നിര്‍ണായകമാണ് മത്സരം. മികച്ച ഒരു ഇന്നിംഗ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ കോഹ്‌ലിക്ക് സാധിക്കും.

ഇതിനിടെ തകര്‍ന്നടിഞ്ഞ് നില്‍ക്കുകയാണ് ഇംഗ്ലണ്ട്. ബാറ്റിങ്ങിലും ബോളിങ്ങിലും തകര്‍ന്നു പോവുന്നു. ബാറ്റിങില്‍ പിടിച്ചു നില്‍ക്കാമെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ മികവ് പ്രകടിപ്പിക്കത്തക്ക ബോളര്‍മാരുടെ അഭാവമാണ് സന്ദര്‍ശകരെ കുഴക്കുന്നത്. മുംബൈ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സ് സ്‌കോര്‍ ചെയ്ത ശേഷമാണ് അവര്‍ ഇന്നിംഗ്സിനും 36 റണ്‍സിനും പരാജയപ്പെട്ടത്.

വര്‍ധ ചുഴലിക്കാറ്റ് നാശം വിതച്ച ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇവിടെ ഇന് തകരുന്നതും തകര്‍ക്കുന്നതും ആരാണെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.

mumbai cricket test; virat scored doubl century
Posted by
11 December

മുംബൈ ക്രിക്കറ്റ് ടെസ്റ്റ്: കോഹ്‌ലിയ്ക്ക് ഇരട്ട സെഞ്ച്വറി; തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ഡബ്ബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം

മുംബൈ: നാലാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് ഡബ്ബിള്‍ സെഞ്ച്വറി. വിരാടിന്റെ മൂന്നാമത്തെ ടെസ്റ്റ് ഡബ്ബിളാണ് വാങ്കഡയില്‍ പിറന്നത്. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ഡബ്ബിള്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാണ് വിരാട്. നാലാം കളി പുനരാംഭിച്ച കോഹ്‌ലി ആദ്യ ഓവറില്‍ തന്നെ ഫോറടിച്ച് 150 കടന്നിരുന്നു. നായകന്‍ ഡബ്ബിളുമായി മുന്നില്‍ നിന്ന് നയിക്കുന്ന ഇന്ത്യയുടെ ലീഡ് 158 റണ്‍സായി ഉയര്‍ന്നു. ജയന്ത് യാദവ് മികച്ച പിന്തുണയുമായി വിരാടിനൊപ്പം ക്രീസിലുണ്ട്. ജയന്ത് 88 റണ്‍സെടുത്തിട്ടുണ്ട്. അവസാനം വിവരം കിട്ടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സാണ്.

മൂന്നാം ദിനം സെഞ്ച്വറിയുമായി നായകന്‍ വിരാട് കോഹ്‌ലിയും, മുരളി വിജയിയും നിറഞ്ഞാടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സ് എന്ന നിലയിലായിരുന്നു ആതിഥേയര്‍. ഇതോടെ ഇന്ത്യക്ക് 51 റണ്‍സിന്റെ ലീഡായി.മൂന്നാം ദിനം തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 47 റണ്‍സെടുത്ത പൂജാര തുടക്കത്തില്‍ തന്നെ പുറത്തായി. പിന്നീട് ഒത്തു ചേര്‍ന്ന വിജയ്‌കോഹ്ലി സഖ്യം ഇന്ത്യന്‍ സ്‌കോറിനെ അതിവേഗത്തില്‍ ചലിപ്പിച്ചു. ഇതിനിടെ 136 റണ്‍സെടുത്ത വിജയിയെ ആദില്‍ റഷീദ് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയവര്‍ക്കൊന്നും കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കാനായില്ല. കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു പിന്നീട് കണ്ടത്. ജയന്ത് യാദവിനെ കൂട്ട് പിടിച്ച് നായകന്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി.

cricket player ishant sharma got married
Posted by
10 December

ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ വിവാഹിതനായി

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ വിവാഹിതനായി. ബാസ്‌ക്കറ്റ് ബോള്‍ താരം പ്രതിമാ സിംഗാണ് വധു. ഗുഡ്ഗാവിലെ നോട്ടിംഗ്ഹാം ഹില്‍സിലെ ഒരു ഫാം ഹൗസില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇഷാന്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ് എന്നിവര്‍ ഇന്നലെ വിവാഹസല്‍ക്കാരത്തിനെത്തിയിരുന്നു. വാരണസി സ്വദേശിയായ പ്രതിമാ സിംഗ് ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. പ്രതിമയുടെ നാലു സഹോദരിമാരും ഇന്ത്യന്‍ ബാസ്‌കറ്റ് താരങ്ങളായിരുന്നു. സിംഗ് സിസ്റ്റേഴ്‌സ് എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ 9നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

virat kohli’s performace resemblences sachin’s batting
Posted by
10 December

സച്ചിന്റെ പ്രകടനം ഓര്‍മിപ്പിച്ച് കോഹ്‌ലി; വാങ്കഡയില്‍ പിന്നിട്ടത് രണ്ട് റെക്കോര്‍ഡുകള്‍

മുംബൈ: ക്രിക്കറ്റിലെ നാഴികക്കല്ലുകള്‍ ഓരോന്നായി പിന്നിടുകയാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി. ഓരോ തവണ ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങുമ്പോഴും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്നതില്‍ സാക്ഷാല്‍ സച്ചിന് പഠിക്കുകയാണെന്ന് പലപ്പോഴും തോന്നിപ്പോകുന്ന തരത്തിലാണ് വിരാടിന്റെ ബാറ്റിംഗ്. ഇന്ന് ഇംഗ്ലണ്ടിനെതിരെ വാങ്കഡെയിലും വിരാട് രണ്ട് നിര്‍ണ്ണായക നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുകയാണ്. ആദ്യം വിരാട്, രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന കടമ്പയാണ് പിന്നിട്ടത്. ബെന്‍ സ്റ്റോക്ക്‌സിനെ മിഡ് വിക്കറ്റിലൂടെ പായിച്ചാണ് വിരാട് 1000 കടന്നത്. 2011 ല്‍ 1000 നേടിയ വന്‍മതിലാണ് വിരാടിന് മുമ്പ് ഈ നേട്ടം കൈവരിച്ച അവസാന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. ഈ വര്‍ഷം 11 ടെസ്റ്റ് കളിച്ചിട്ടുള്ള വിരാട് 70 ന് മുകളില്‍ ആവറേജിലാണ് 1000 റണ്‍സ് നേടിയത്. 211 ആണ് വിരാടിന്റെ ഉയര്‍ന്ന സ്‌കോര്‍. 2016 ല്‍ 1000 റണ്‍സെടുക്കുന്ന നാലാമത്തെ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്‌ലിയെന്ന ഇന്ത്യന്‍ ടെസ്റ്റ് നായകന്‍. വിരാടിനെ കൂടാതെ ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, അലസ്റ്റര്‍ കുക്ക്, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ഈ വര്‍ഷം 1000 നേടിയവര്‍.

വാങ്കഡയില്‍ ഉച്ച ഭക്ഷണത്തിന് പിരിയും മുമ്പ് വിരാട് ഒരു നാഴികക്കല്ലു കൂടി പിന്നിട്ടിരുന്നു. ടെസ്റ്റില്‍ 4000 റണ്‍സെന്ന നാഴികക്കല്ലാണ് വിരാട് പിന്നിട്ടത്. വേഗത്തില്‍ 4000 കടക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് വിരാട്. തൊട്ടുമുകളിലുള്ളവരെല്ലാം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളാണ്. യഥാക്രമം സെവാഗ്, സുനില്‍ ഗവാസ്‌കര്‍, ദ്രാവിഡ്, സച്ചിന്‍. അസ്ഹറുദ്ദീന്‍ എന്നിവരാണ് മുന്നിലുള്ളത്. സെവാഗാണ് അതിവേഗം 4000 കടന്നത്.

അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ടെണ്ണം വിജയിച്ച് മുന്നിലാണ് ഇന്ത്യയിപ്പോള്‍. നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി വിരാടും മുരളി വിജയുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് 100 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ സ്‌കോര്‍ 2472 ല്‍ എത്തി നില്‍ക്കുകയാണ്. പൂജാരയുടെ വിക്കറ്റാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്.

umpire got injured by hitting ball
Posted by
08 December

ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ ത്രോയില്‍ അമ്പയറുടെ തലയ്ക്ക് പരുക്ക്

മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ ത്രോയില്‍ അമ്പയറുടെ തലയ്ക്ക് പരുക്ക് പറ്റി. ഇന്ത്യ-ഇംഗ്ലണ്ട് മുബൈ ടെസ്റ്റിനിടയിലാണ് സംഭവം. ഫീല്‍ഡ് ചെയ്യുന്നതിനിടെ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞ് കൊടുത്ത പന്ത് അമ്പയര്‍ പോള്‍ റീഫലിന്റെ തലയ്ക്ക് കൊള്ളുകയായിരുന്നു. ഏറുകൊണ്ട റീഫല്‍ ഗ്രൗണ്ടില്‍ വീണു. മത്സരത്തിലെ നാല്‍പ്പത്തിയൊമ്പതാം ഓവറിലാണ് സംഭവം. അശ്വിന്റെ പന്ത് ഇംഗ്ലണ്ട് ഓപ്പണര്‍ ജെന്നിംഗ്‌സണ്‍ സ്‌ക്വയര്‍ ലെഗിലേക്ക് തിരിച്ചുവിട്ടു. ഫീല്‍ഡ് ചെയ്ത ഭുവി പന്തെടുത്ത് കീപ്പറെ ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ പന്ത് കൊണ്ടത് സ്‌ക്വയര്‍ ലെഗില്‍ നില്‍ക്കുകയായിരുന്ന റീഫലിന്റെ തലയില്‍. തിരിഞ്ഞ് നില്‍ക്കുകയായിരുന്നതിനാല്‍ ഇത് കാണാനോ ഒഴിഞ്ഞ് മാറാനോ റീഫലിന് കഴിഞ്ഞില്ല. തലയുടെ പിറകിലാണ് പന്തുകൊണ്ടത്.

ഗ്രൗണ്ടില്‍ വീണ റീഫലിന് ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. കാര്യമായ പരുക്ക് പറ്റിയില്ലെങ്കിലും തുടര്‍ന്ന് മത്സരം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു റീഫല്‍. ഇദ്ദേഹത്തെ പിന്നീട് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം അമ്പയറായ മരിയസ് ഇറാസ്മസാണ് പകരം മത്സരം നിയന്ത്രിക്കാനെത്തിയത്. മത്സരം പുരോഗമിക്കവെ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സന്ദര്‍ശകര്‍ നാലുവിക്കറ്റിന് 237 എന്ന നിലയിലാണ്. കുക്ക് (46), ജെന്നിംഗ്‌സണ്‍ (112), റൂട്ട് (21), മൊയീന്‍ അലി (50) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കുവേണ്ടി അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Mumbai test- England lost first wicket
Posted by
08 December

മുബൈ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം; പരിക്കിന്റെ പിടിയില്‍ അമര്‍ന്ന് ഇരു ടീമുകളും

വാംഖഡെ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എന്ന നിലയിലാണ്. 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റിയര്‍ കുക്കിന്റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്.

ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 65 റണ്‍സോടെ അരങ്ങേറ്റക്കാരന്‍ കീറ്റണ്‍ ജെന്നിംഗ്സും 5 റണ്‍സെടുത്ത ജോ റൂട്ടുമാണ് ക്രീസില്‍. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്. അതിനാല്‍ പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്. ചില മാറ്റങ്ങളുമായാണ് ഇരുടീമുകളും നാലാം ടെസ്റ്റിന് ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലണ്ട് നിരയില്‍ പരുക്കേറ്റ ഓപ്പണര്‍ ഹമീദ് ഹസീബ്, പേസ് ബൗളര്‍ ബ്രോഡ് എന്നിവര്‍ക്ക് പകരം കീറ്റണ്‍ ജെന്നിംഗ്സ്, ജെക്ക് ബാള്‍ എന്നിവരെ ഉള്‍പ്പെടുത്തി.

ഇന്ത്യന്‍ നിരയില്‍ പരുക്കേറ്റ അജിങ്ക്യ രഹാനെയ്ക്ക് പകരം കെഎല്‍ രാഹുല്‍, ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇടംനേടി. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന കരുണ്‍ നായരും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പരുക്കാണ് രഹാനെയേയും ഷമിയേയും തിരിച്ചടിച്ചത്.

red card will be shown in cricket like football
Posted by
08 December

ഫുട്‌ബോളില്‍ എന്ന പോലെ ചുവപ്പ് കാര്‍ഡ് ഇനി ക്രിക്കറ്റിലും

മുംബൈ: ഓസീസും കിവീസും തമ്മില്‍ നടന്ന ആദ്യ ട്വന്റിട്വന്റി മത്സരത്തില്‍ ന്യൂസിലന്റ് അമ്പയര്‍ ബില്ലി ബൗഡന്‍ ഉയര്‍ത്തിയ ചുവപ്പ് കാര്‍ഡിനെ ക്രിക്കറ്റ് ആരാധാകര്‍ അത്ര പെട്ടെന്ന് മറക്കില്ല. അണ്ടര്‍ ആം ബോളിങ്ങിനെ തുടര്‍ന്ന് അന്ന് ബില്ലി ബൗഡന്‍ പരിഹാസ രൂപേണ ഗ്ലെന്‍ മഗ്രാത്തിന് നേരെ ഉയര്‍ത്തിയ ചുവപ്പ് കാര്‍ഡ് ഇനി യാഥ്യാര്‍ത്ഥ്യമാകും. 2017 ഒക്ടോബര്‍ 1 മുതല്‍ ഫുട്‌ബോളില്‍ എന്ന പോലെ ചുവപ്പ് കാര്‍ഡിലൂടെ കളിക്കാരനെ കളത്തില്‍ നിന്നും പുറത്താക്കാന്‍ ക്രിക്കറ്റ് അമ്പയര്‍ക്കും അധികാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധമായ ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്. മത്സരത്തിനിടെ അമ്പയറെ ഭീഷണിപ്പെടുത്തുക, കളിക്കാര്‍ തമ്മില്‍ ശാരീരികമായി നേരിടുക, അമ്പയറെ ശാരീരികമായി നേരിടുക എന്നിവയുള്‍പ്പെടുന്ന ഏത് അക്രമ സാഹചര്യത്തിലും ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാന്‍ അമ്പയര്‍ക്ക് സാധിക്കും. കൂടാതെ, വിവിധ രൂപകല്പനയിലുള്ള ബാറ്റുകളുടെ ഉപയോഗം തടയുന്നതിനും നടപടികള്‍ സ്വീകരിച്ചേക്കും. നിലവില്‍ വ്യത്യസ്ത മാനദണ്ഡങ്ങളിലുള്ള ബാറ്റുകളാണ് ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തില്‍ ഉപയോഗിച്ച് വരുന്നത്. ഇതിലൂടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പലപ്പോഴും മത്സരത്തില്‍ ആധിപത്യം നേടുന്നുണ്ടെന്ന് വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി നിരീക്ഷിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചേര്‍ന്ന മെരിലെബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി ചേര്‍ന്ന യോഗത്തിലാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഈ ശുപാര്‍ശകള്‍ എംസിസി മെയിന്‍ കമ്മിറ്റി അംഗീകരിക്കുന്നതോട് കൂടി നിയമം പ്രാബല്യത്തില്‍ വരും. ലണ്ടനിലെ ലോര്‍ഡ്‌സ് ആസ്ഥാനമായുള്ള എംസിസിയാണ് ക്രിക്കറ്റ് നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതും അംഗീകരിക്കുന്നതും.