Ashwin becomes fastest to 250 wickets pick
Posted by
12 February

റെക്കോര്‍ഡ് പ്രകടനവുമായി രവിചന്ദ്ര അശ്വിന്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികയ്ക്കുന്ന താരം

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു റെക്കോര്‍ഡ് കൂടി ബോളര്‍ രവിചന്ദ്ര അശ്വിനിലൂടെ സ്വന്തം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികയ്ക്കുന്ന താരം എന്ന ലോകറെക്കോര്‍ഡ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏക ടെസ്റ്റിലാണ് അശ്വിന്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

45 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 250 വിക്കറ്റ് എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. ഈ റെക്കോര്‍ഡ് നേട്ടത്തില്‍ മറികടന്നതോ ഓസ്ട്രേലിയയുടെ ഇതിഹാസതാരം ഡെന്നിസ് ലില്ലിയേയും. ലില്ലിയക്ക് 250 വിക്കറ്റ് വീഴ്ത്താന്‍ 48 ടെസ്റ്റുകള്‍ വേണ്ടിവന്നു. 55 മത്സരങ്ങളില്‍ 250 വിക്കറ്റുകള്‍ നേടിയ നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലയുടെ പേരിലായിരുന്നു ഈ വിഭാഗത്തിലെ ഇന്ത്യന്‍ റെക്കോര്‍ഡ്.

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സില്‍ നായകന്‍ മുഫ്ഷിക്കര്‍ റഹിമിനെ പുറത്താക്കിയാണ് അശ്വിന്‍ 250 വിക്കറ്റുകള്‍ തികച്ചത്. 127 റണ്‍സെടുത്ത റഹിമിനെ അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാഹ പിടിച്ച് പുറത്താക്കുകയായിരുന്നു. നേരത്തെ 82 റണ്‍സെടുത്ത ഷക്കിബ് അല്‍ ഹസന്റെ വിക്കറ്റും അശ്വിന്‍ സ്വന്തമാക്കിയിരുന്നു.

നാല്‍പ്പത്തിയഞ്ച് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കരസ്ഥമാക്കിയിരുന്ന ബോളര്‍ ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിന്‍ ആയിരുന്നു. ഇത്രയും മത്സരങ്ങളില്‍ 232 വിക്കറ്റുകളായിരുന്നു സ്റ്റെയിന്റെ നേട്ടം.

special report; blind cricketer muhammed farhans sroty
Posted by
10 February

മുഹമ്മദ് ഫര്‍ഹാന്‍: കാഴ്ച പരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലെത്തിയ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

മലപ്പുറം: മുഹമ്മദ് ഫര്‍ഹാന്‍ ഇന്ന് വെറുമൊരു പേരല്ല. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് പകരുന്ന, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാക്കിയ റിയല്‍ ഹീറോയാണ്. കാഴ്ചപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലെത്തിയ മലപ്പുറം നിലമ്പൂരുകാരനായ മുഹമ്മദ് ഫര്‍ഹാന്‍ തടസ്സങ്ങളെ കരുത്താക്കി മുന്നോട്ടുപോയി ലക്ഷ്യങ്ങള്‍ നേടിയവനാണ്.

ജീവിതത്തില്‍ ഓരോ തടസ്സങ്ങളും ഓരോര്‍ത്തക്കുമുണ്ടാകും. പലരും അതിനുമുന്നില്‍ പൊരുതാതെ പിന്‍വാങ്ങുന്നു. ചിലരാകട്ടെ പൊരുതി പാതിവഴിയില്‍ പിന്മാറുന്നു. വിജയം കാണും വരെ തടസ്സങ്ങളെ ലക്ഷ്യത്തിലേക്കുള്ള വഴികളാക്കി മാറ്റിയതാണ് ഫര്‍ഹാന്റെ വിജയരഹസ്യം. വലതുകണ്ണിന് പൂര്‍ണമായ അന്ധത.. ഇടതുകണ്ണിന് നാല്‍പ്പതുശതമാനം അന്ധത. പിറന്നു വീണപ്പോള്‍ ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞതാണിത്. കാഴ്ചശക്തി കൂട്ടാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ തകര്‍ന്നു പോയത് ഉമ്മയുടെയും ഉപ്പയുടെയും സ്വപ്നങ്ങളാണ്. കുഞ്ഞു ഫര്‍ഹാന്‍ ഇരുട്ടില്‍ നിറങ്ങള്‍ നെയ്‌തെടുത്ത് പരിഭവങ്ങളില്ലാതെ ജീവിക്കാന്‍ പഠിച്ചിരുന്നു. കാഴ്ചയില്ലാത്ത ലോകത്തുനിന്നും പഠിച്ച് ഉയരങ്ങളിലെത്തിയ ഈജിപ്തിലെ പ്രസിദ്ധ സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ മന്ത്രിയുമായ ത്വാഹാ ഹുസൈന്റെ കഥകള്‍ കേട്ട് വളര്‍ന്ന ഫര്‍ഹാന് നിശ്ചയദാര്‍ഢ്യം കരുത്തിന്റെ കാഴ്ചകള്‍ നല്‍കി.

മങ്കട വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ പഠനകാലമാണ് ഫര്‍ഹാനിലെ സ്വപനങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കിയത്. ക്രിക്കറ്റിന്റെ ആരവങ്ങളില്‍ പുതിയ ലോകം തീര്‍ത്ത ഫര്‍ഹാനെ അധ്യാപകരും കൂട്ടുകാരും പിന്തുണയേകി. സ്‌കൂള്‍ ടീമിലൂടെ ജില്ലാ ടീമിലേക്ക്. മികച്ച പ്രകടനം സംസ്ഥാന ടീമിലെത്തിച്ചു. ആഗ്രഹങ്ങള്‍ക്ക് കാഴ്ചയൊരു തടസ്സമെല്ലെന്ന് ഫര്‍ഹാന്‍ തിരിച്ചറിഞ്ഞു. മനസ്സിന്റെ ലോകത്ത് കുറിച്ചിട്ട സ്വപ്നങ്ങളുടെ ചിറകുകള്‍ ഇന്ത്യന്‍ ടീമിന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യമായി. ഫര്‍ഹാന്റെ മിന്നുന്ന പ്രകടനങ്ങള്‍ പലതവണ ദേശിയമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2009 മുതലാണ് ഫര്‍ഹാന്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. 2014 ഏപ്രിലില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഈ മിടുക്കന്‍ ആസ്‌ത്രേലിയക്കെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 2016 ഡിസംബര്‍ 21 നാണ് ഫര്‍ഹാനിനെ കാഴ്ചാപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത് .

മുഹമ്മദ് ഫര്‍ഹാന്‍ എന്ന 23 കാരന്‍ മമ്പാട് എംഇഎസ് കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ ഡിഗ്രിയെടുത്ത് എടക്കരയില്‍ ഐസിഡിഎസ് പ്രോജക്ടില്‍ എല്‍ഡിസി ആയി ജോലി ചെയ്യുകയാണ്. കളിയിലെ മികവ് തന്നെയാണ് ഈയൊരു ജോലി ഫര്‍ഹാനെ തേടിയെത്തിയത് .
ഒത്തിരി പ്രയാസങ്ങളെ അതിജീവിച്ചാണ് ഫര്‍ഹാന്‍ ഈ ഉയരങ്ങളിലെത്തിയത്. പഠനകാലത്ത് കളിച്ചു നടക്കുമ്പോള്‍ വഴക്കുപറയുന്ന രക്ഷിതാക്കള്‍ക്ക് ഫര്‍ഹാന്റെ ജീവിതത്തില്‍ നിന്ന് പലതും പഠിക്കാനുണ്ട് .കുട്ടിക്കാലത്തെ കളിതന്നെ ഒരാളുടെ ജീവിതത്തിന്റെ മേല്‍വിലാസമാക്കിമാറ്റിയിരിക്കുന്നു . കുട്ടിക്കാലത്ത് കൂട്ടുകാര്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ആരവങ്ങള്‍ മാത്രം കേട്ട് കളിച്ചവന്‍. കളി ‘ കണ്ടത് ‘ മനസ്സില്‍..
ഒരു വാശിയായിരുന്നു ജീവിതത്തില്‍ .കളിച്ചു തന്നെ നേടുമെന്ന്. കളിക്കുന്ന മക്കളെ വഴക്ക് പറയരുത്,പ്രോത്സാഹിപ്പിക്കണം .

ആറു മക്കളാണ് ഫര്‍ഹാന്റെ കുടുംബത്തില്‍. മൂന്നു സഹോദരിമാരുടെ കല്യാണം കഴിഞ്ഞു. മകന്റെ ജീവിതവിജയം സ്വര്‍ഗത്തിലിരുന്ന് കാണുകയാണ് ഉമ്മ. ഇപ്പോള്‍ ഉപ്പയും രണ്ട് അനുജന്മാരും ഫര്‍ഹാനും മാത്രമാണ് വീട്ടില്‍. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ ഇത്തിരി കിട്ടുന്ന കാഴ്ചയിലാണ് ഫര്‍ഹാന്റെ വലിയ ലോകം . ആരോടും പരാതിയോ പരിഭവങ്ങളോ പറയാന്‍ ഫര്‍ഹാനില്ല .

പന്തിന്റെ വേഗതയും ദിശയും മനസ്സില്‍ കണ്ടാണ് ഫര്‍ഹാന്റെ കളി. അത് പിഴക്കാറില്ല. മൊത്തം ഇരുട്ടില്‍ ഒരു നുറുങ്ങായി വെളിച്ചം .അതില്‍ പന്തിന്റെ മൂളല്‍ ഫര്‍ഹാന് കേള്‍ക്കാം . ഓസീസിനെതിരെ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ കൊച്ചി സ്‌റ്റേഡിയത്തിലെ ആരവങ്ങളില്‍ മുഴങ്ങിക്കേട്ടത് കുട്ടിക്കാലത്ത് തൊടിയില്‍ കൂട്ടുകാര്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ കേട്ട അതേ ശബ്ദങ്ങള്‍ തന്നെ .

അയല്‍വാസിയും കൂട്ടുകാരിയുമായ പെണ്‍കുട്ടിയുമായുള്ള വിവാഹം ഉറപ്പിച്ച ഫര്‍ഹാനിപ്പാള്‍ പുതിയ ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങള്‍ മെനഞ്ഞുകൂട്ടുകയാണ്. ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തുന്നവര്‍ ഒത്തിരി തടസ്സങ്ങളെ ലക്ഷ്യങ്ങളിലേക്കുള്ള വഴികളാക്കിയവരാണെന്ന് ഫര്‍ഹാന്‍ നമ്മെ പഠിപ്പിക്കുന്നു .

(മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും , സൈക്കോളജിസ്റ്റുമാണ് ലേഖകന്‍ 9946025819 )

Hyderabad test: Day one Indian score- 356/3
Posted by
09 February

ഹൈദരാബാദ് ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍; വിജയ്‌യിക്കും കോഹ്‌ലിക്കും സെഞ്ച്വറി

ഹൈദരാബാദ്: മുരളി വിജയ്‌യുടേയും കോഹ്‌ലിയുടെയും സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ശക്തമായ നിലയില്‍. ഹൈദരാബാദ് ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 356 റണ്‍സ് എന്ന നിലയിലാണ്. മുരളി വിജയും അര്‍ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുമാണ് ടീമിന് മികച്ച സ്‌കോറിലേക്ക് നയിച്ചത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ലോകേശ് രാഹുലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും കൂടി ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. മുരളി വിജയ് 149 പന്തിലാണ് സെഞ്ച്വറി തികച്ചത്. 11 ഫോറും ഒരു സിക്സും സഹിതമാണ് വിജയുടെ ഇന്നിംഗ്സ്. സെഞ്ച്വറി നേടിയതിനു പിന്നാലെ താജുല്‍ ഇസ്ലാമിന്റെ പന്തില്‍ ബൗള്‍ഡ് ആയി മുരളി വിജയ് (108) പുറത്താവുകയായിരുന്നു.

അതേസമയം 130 പന്തില്‍ 10 ഫോറും നാല് സിക്സും സഹിതമാണ് വിരാട് കോഹ്‌ലി സെഞ്ച്വറി തികച്ചത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ കോഹ്ലി 111 റണ്‍സുമായി ക്രീസിലുണ്ട്. 45 റണ്‍സുമായി അജങ്ക്യ രഹാനെയാണ് നായകന് ക്രീസില്‍ കൂട്ട്.

പൂജാര 83 റണ്‍സെടുത്ത് പുറത്തായി. 177 പന്തില്‍ ഒന്‍പത് ഫോറിന്റെ സഹായത്തോടെയാണ് പൂജാര 83 റണ്‍സെടുത്തത്.
ബംഗ്ലാദേശിനെതിരെ ഒരൊറ്റ ടെസ്റ്റ് മാത്രമുളള പരമ്പരയാണിത്. നേരത്തെ ഇന്ത്യ എയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശ് സമനില വഴങ്ങിയിരുന്നു.

virat kohli reveals the truth
Posted by
02 February

ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ പഠിക്കുന്നത് ധോണിയില്‍ നിന്നും; തുറന്ന് പറഞ്ഞ് വിരാട് കോഹ്‌ലി

ബംഗളൂരു: ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ താന്‍ പഠിക്കുന്നത് മുന്‍നായകന്‍ മഹേന്ദ്ര സിങ് ധോണിയില്‍ നിന്നാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ധോണിയുടെ പരിചയസമ്പത്ത് താന്‍ പ്രയോജനപ്പെടുത്താറുണ്ടെന്നും കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി പരമ്പര വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി . ട്വന്റി ട്വന്റി, ഏകദിന മത്സരങ്ങള്‍ ടെസ്റ്റ് മത്സരങ്ങളെ അപേക്ഷിച്ച് വളരെ വേഗതയുള്ളതാണ്. അതിനാല്‍ ഈ രംഗത്ത് വളരെയധികം അനുഭവ സമ്പത്തുള്ള ഒരു വ്യക്തിയില്‍ നിന്ന് നിര്‍ണായക നിമിഷങ്ങളില്‍ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് ഒരിക്കലും തെറ്റായ കാര്യമല്ല.

ചാഹലിന്റെ നിര്‍ണായക ഓവറിന് ശേഷം ഹാര്‍ദിക് പാണ്ഡ്യെയ്ക്ക് ഒരു ഓവര്‍ നല്‍കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍ പത്തൊന്‍പതാം ഓവര്‍ വരെ കാത്തിരിക്കേണ്ടെന്നും പ്രധാനപ്പെട്ട ബൗളറെ പന്തേല്‍പ്പിക്കാനും ധോണിയും നെഹ്‌റയുമാണ് നിര്‍ദ്ദേശിച്ചത്. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ ഒരു തുടക്കക്കാരനായ നായകന്‍ എന്ന നിലയ്ക്ക് ഇത്തരം ഉപദേശങ്ങള്‍ ഏറെ സഹായം ചെയ്യുന്നുണ്ട്. കോഹ്‌ലി പറഞ്ഞു. നായക വേഷത്തില്‍ ഞാന്‍ തുടക്കക്കാരനല്ല. പക്ഷെ നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ നായകത്വം വഹിക്കുന്നതിന് വേണ്ട ഗുണങ്ങള്‍ മനസിലാക്കുന്നതിനുള്ള ഒരു സന്തുലനം ആവശ്യമാണ്. ഇത് ധോണിയില്‍ നിന്നാണ് ഞാന്‍ പഠിക്കുന്നത്. കോഹ്‌ലി പറഞ്ഞു. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തില്‍ പ്രാമുഖ്യം കല്‍പ്പിക്കുന്ന യുവതാരങ്ങളാണ് ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടു.

Sachin warns Kohli
Posted by
01 February

വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മറ്റൊന്നുമല്ല ക്രിക്കറ്റിലെ മുതിര്‍ന്ന താരമെന്ന നിലക്കുള്ള സാരോപദേശമാണ് മുന്നറിയിപ്പിലൂടെ സച്ചിന്‍ കോഹ്‌ലിക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നത്.

ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഇന്ത്യന്‍ നായകന് സച്ചിന്റെ മുന്നറിയിപ്പ്. ഓസ്ട്രേലിയയെപ്പോലെയുള്ള ഒരു ടീമിനെ നിസാരമായി കാണരുതെന്നാണ് സച്ചിന്‍ പറയുന്നത്. ഇന്ത്യയില്‍വെച്ച് നടക്കുന്ന പരമ്പരയില്‍ സന്ദര്‍ശകര്‍ക്കെതിരെ മുന്‍തൂക്കം ആതിഥേയര്‍ക്ക് തന്നെയായിരിക്കും. എന്നാല്‍ ഓസ്ട്രേലിയയെ അത്രപെട്ടെന്ന് എഴുതി തള്ളാനാകില്ലെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഓസ്ട്രേലിയയ്ക്ക് ബുദ്ധിമുട്ടേറിയതാകുമെന്നും സച്ചിന്‍ പറഞ്ഞു. മുംബൈയില്‍ സച്ചിന്‍ ബൈ സ്പാര്‍ട്ടാന്‍ എന്ന പേരിലുള്ള സ്പോര്‍ട്‌സ് ഉപകരണങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. നാലു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ മല്‍സരം ഫെബ്രുവരി 23ന് പൂനെയില്‍ തുടങ്ങും. അടുത്ത കാലത്തായി ടെസ്റ്റില്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് ഓസ്ട്രേലിയ നടത്തുന്നത്. ദക്ഷിണാഫ്രിക്കയോട് തോറ്റ ഓസീസ് എന്നാല്‍ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു.

india england twenty twenty  match
Posted by
01 February

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന് ബംഗളൂരുവില്‍

ബംഗളൂരു : ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന് ബംഗളൂരുവില്‍ നടക്കും. ഓരോ മത്സരം വീതം വിജയിച്ച ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. റണ്ണൊഴുകുന്ന ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും തുല്യ സാധ്യതയാണ് ഉള്ളത്. വൈകീട്ട് ഏഴുമണിയ്ക്കാണ് മല്‍സരം. ട്വന്റി20 പരമ്പര ഇന്ത്യ കൈവിട്ടു എന്ന് തോന്നിപ്പിച്ച വേളയിലാണ് നാഗ്പൂരില്‍ ജസ്പ്രീത് ബൂംറ രക്ഷകനായി അവതരിക്കുന്നത്. അവസാന ഓവറില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യ പരമ്പരയില്‍ സമനിലയില്‍ പിടിക്കുകയായിരുന്നു.

ബാറ്റ്‌സ്മാന്‍മാരെ അനുകൂലമായുള്ള പിച്ചാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തിലേത്. അതുകൊണ്ട് തന്നെ ആര്‍ക്കാണ് മുന്‍തൂക്കമെന്നത് പ്രവചിക്കാനാകില്ല. കാണ്‍പൂരിലും, നാഗ്പൂരിലും ഇന്ത്യന്‍ ബാറ്റിങ്ങ് നിര നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഓവറുകളില്‍ മികച്ച തുടക്കം ലഭിക്കാത്തതാണ് ഇന്ത്യയെ കുഴക്കിയത്. ബാറ്റിങ്ങ് നിര ഫോമിലേക്ക് ഉയര്‍ന്നാല്‍ മാത്രമെ കോഹ്‌ലിക്കും സംഘത്തിനും വിജയം നേടാനാകൂ. അതേസമയം ബൗളര്‍മാരുടെ മികവിലാണ് ഇംഗ്ലണ്ട് പ്രതീക്ഷ വക്കുന്നത്. ബെന്‍സ്‌റ്റോക്ക്‌സും ക്രിസ് ജോര്‍ദനും തങ്ങളുടെ മികവ് തുടര്‍ന്നാല്‍ ഇംഗ്ലണ്ട് വിജയക്കൊടി പാറിക്കും. ബാറ്റിംഗില്‍ ജേസന്‍ റോയിയും സാം ബില്ലിങ്ങ്‌സും ഫോമിലാണ് എന്നതും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നു.

bcci new chairman  vinod rai
Posted by
30 January

ബിസിസിഐയില്‍ സുപ്രീംകോടതിയുടെ അഴിച്ചുപണി; വിനോദ് റായി ഇടക്കാല ചെയര്‍മാന്‍

ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രസിദ്ധനായ മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ ഇടക്കാല അധ്യക്ഷനാക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ഭരണസമിതിയില്‍ സുപ്രീംകോടതിയുടെ അഴിച്ചുപണി. കേന്ദ്ര കായിക വകുപ്പു സെക്രട്ടറിയെ ഭരണസമിതിയില്‍ അംഗമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ കോടതി, ചരിത്രകാരനും ക്രിക്കറ്റ് ഗവേഷകനുമായ രാമചന്ദ്ര ഗുഹ, മുന്‍ വനിതാ ടെസ്റ്റ് ടീം അംഗം ഡയാന എഡുല്‍ജി, ഐഡിഎഫ്‌സി എംഡി വിക്രം ലിമായെ എന്നിവരെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു. വിക്രം ലിമായെ, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവര്‍ ഐസിസി പ്രതിനിധികളാകും.

മന്ത്രിമാരും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ബിസിസിഐ ഭാരവാദിത്വം വഹിക്കുന്നതിനെതിരെ മുന്‍പ് പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയാണ് കായിക വകുപ്പു സെക്രട്ടറിയെ ഭരണസമിതി അംഗമാക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയത്. ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ബിസിസിഐ നിര്‍ദ്ദേശിച്ച ഒന്‍പതു പേരുകളും സുപ്രീം കോടതി സമ്പൂര്‍ണമായി വെട്ടി. ബിസിസിഐയുമായോ ഏതെങ്കിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുമായോ ഒരു ബന്ധവുമില്ലാത്തവരാണ് ഇടക്കാല പ്രസിഡന്റും ഭരണസമിതി അംഗങ്ങളുമെന്നത് ശ്രദ്ധേയമാണ്.

രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ടുജി സ്‌പെക്ട്രം അഴിമതി ഉള്‍പ്പെടെയുള്ള അഴിമതി ഇടപാടുകളുടെ കള്ളക്കണക്കുകള്‍ വള്ളിപുള്ളി വിടാതെ ചികഞ്ഞെടുത്ത ഉദ്യോഗസ്ഥനാണ് ഇടക്കാല പ്രസിഡന്റായി നിയമിതനായിരിക്കുന്ന വിനോദ് റായ്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പദവിയിലിരുന്നു കേന്ദ്രമന്ത്രിയുടെ കസേര തെറിപ്പിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് റായ്. ലക്‌നൗ സ്വദേശിയായ ഇദ്ദേഹം 1972 ഐഎഎസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ ഓഡിറ്റര്‍മാരുടെ പാനലിന്റെ ചെയര്‍മാനായിരുന്നു. അമേരിക്കയിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് എംബിഎ ബിരുദം നേടിയിട്ടുള്ള വിനോദ് റായി കേന്ദ്ര ധനവകുപ്പില്‍ ജോയിന്റ് സെക്രട്ടറി, അഡിഷനല്‍ സെക്രട്ടറി, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ സബ് കലക്ടറായും കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരഫെഡ് എന്നിവയുടെ എംഡി സ്ഥാനവും വഹിച്ചു.

അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം, ബിസിസിഐ, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ എന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി തീരുമാനമെടുത്തത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

6 wickets in an over : Aled Carey’s magical performance
Posted by
28 January

ബോളിങിലെ യുവരാജ് ആയി അലെഡ് കാരി; ഒരു ഓവറിലെ ആറു പന്തിലും വിക്കറ്റ്

സിഡ്നി: ആറു പന്തില്‍ ആറും സിക്‌സ് പറത്തി റെക്കോര്‍ഡ് തീര്‍ത്ത ബാറ്റ്‌സ്മാന്മാരായ യുവരാജ് സിംഗ്, ഹര്‍ഷല്‍ ഗിബ്ബ്സ്, രവി ശാസ്ത്രി, അലെക്സ് ഹെയ്ല്‍സ് എന്നിവര്‍ക്ക് പിന്‍ഗാമിയായി ഒരു ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ എത്തിയിരിക്കുകയാണ്.എന്നാല്‍ ബാറ്റുകൊണ്ടല്ല പന്തുകൊണ്ട് മാജിക് തീര്‍ത്തിരിക്കുന്ന താരമാണ് ഓസ്‌ട്രേലിയന്‍ ബോളര്‍ അലെഡ് കാരി. ഒരിക്കലും സാധ്യമല്ലെന്ന് കരുതിയ ഒരോവറിലെ ആറു പന്തിലും വിക്കറ്റ് നേടി ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ് ഈ താരം.

ഗോള്‍ഡന്‍ പോയിന്റ് ക്രിക്കറ്റ് ക്ലബ്ബിലെ താരമാണ് അലെഡ് കാരി. അത്യപൂര്‍വ്വ പ്രകടനത്തിലൂടെ ചരിത്ര നേട്ടമാണ് താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. വിക്ടോറിയയില്‍ ഈസ്റ്റ് ബല്ലാറട്ടിനെതിരെ നടന്ന മത്സരത്തിലാണ് അലെഡ് ബാറ്റ്‌സ്മാന്മാര്‍ക്ക് പേടി സ്വപ്‌നമായത്. ആദ്യമെറിഞ്ഞ എട്ട് ഓവറുകളിലും വിക്കറ്റൊന്നും നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം ഒമ്പതാം ഓവറില്‍ ആറ് വിക്കറ്റെടുത്താണ് താരം തീര്‍ത്തത്. അലെഡിന്റെ ഓവര്‍ തീര്‍ന്നതോടെ 40 റണ്‍സിന് എതിരാളികള്‍ ഓള്‍ ഔട്ടാവുകയും ചെയ്തു.

ആദ്യത്തെ രണ്ട് വിക്കറ്റുകളും സ്ലിപ്പിലെ ക്യാച്ചുകളായിരുന്നുവെങ്കില്‍ മൂന്നാമത്തേത് എല്‍ബിഡബ്ല്യൂ ആയിരുന്നു. അവസാനത്തെ മൂന്ന് വിക്കറ്റുകള്‍ ആകട്ടെ സ്വപ്ന തുല്യമായ ക്ലീന്‍ബൗള്‍ഡുകളും. അലെഡിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെയാകമാനം അമ്പരപ്പിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ആറ് പന്തില്‍ ആറ് വിക്കറ്റ് വീഴുന്നത്.

pakisthan cricken team captain
Posted by
27 January

പാകിസ്താന്‍ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നും അസ്ഹര്‍ അലിയെ മാറ്റാന്‍ സാധ്യത

ഇസ്ലാമാബാദ് : പാകിസ്താന്‍ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നും അസ്ഹര്‍ അലിയെ മാറ്റിയേക്കും. ആസ്‌ത്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര 41 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നടപടിയ്‌ക്കൊരുങ്ങുന്നത്. നായകസ്ഥാനത്തുനിന്നും അസ്ഹര്‍ അലിയെ മാറ്റുന്നത് സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയമര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍, ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ്, നാഷണല്‍ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകന്‍ മുഷ്താഖ് അഹമ്മദ് എന്നിവര്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.

ട്വന്റി20 നായകനായ സര്‍ഫറാസ് അഹമ്മദിനെ ഏകദിന നായകനാക്കാനും ഇവര്‍ തീരുമാനമെടുത്തതായി സൂചനയുണ്ട്. ആസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനമല്‍സരത്തിനിടെയായിരുന്നു ഇവരുടെ കൂടിക്കാഴ്ച. എല്ലാ ഫോര്‍മാറ്റിലും ഒറ്റ ക്യാപ്റ്റന്‍ എന്ന കാര്യവും ഇവര്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ നിലവിലെ ടെസ്റ്റ് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് വിരമിച്ചശേഷം മാത്രം ടെസ്റ്റില്‍ പുതിയ നായകനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന് തീരുമാനിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസ്ഹര്‍ അലിയ്ക്ക് കീഴില്‍ പാകിസ്താന്‍ ഏകദിന റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. 10 പരമ്പര നയിച്ച അസ്ഹര്‍ അലിയ്ക്ക് അഞ്ചെണ്ണം മാത്രമേ വിജയിക്കാനായുള്ളൂ. ഇതില്‍ രണ്ടെണ്ണം സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു. അയര്‍ലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനും എതിരെ ഓരോ പരമ്പരയും അസ്ഹര്‍ അലി നേടി. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പര 41 ന് പരാജയപ്പെട്ടതോടെ നായക സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അസ്ഹറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനത്ത് തുടര്‍ന്ന അസ്ഹര്‍ അലി വെസ്റ്റിന്‍ഡീസിനെതിരെ പരമ്പര നേടി ക്യാപ്റ്റന്‍ പദവി നീട്ടിയെടുക്കുകയായിരുന്നു.

virender sehwag’s son aryaveer
Posted by
26 January

വീരുവിന്റെ മകന്‍ വരച്ച ധോണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

മുംബൈ: ട്വീറ്ററിലെ മിന്നും താരമാണ് കളിക്കളത്തില്‍ പന്തുകള്‍ കൊണ്ട് വെടിക്കെട്ട് തീര്‍ത്ത വീരേന്ദര്‍ സേവാഗ്. ട്വീറ്ററില്‍ എതിരാളികളെ നിശ്ശിതമായി വിമര്‍ശിക്കുകയും, ആരാധകരുടെ മനം കവരുകയും ചെയ്യുന്ന വീരു എന്ന വീരേന്ദര്‍ സേവാഗ് ഇക്കുറി ട്വീറ്ററില്‍ തിളങ്ങുന്നത് തന്റെ മകന്‍ ആര്യവീര്‍ വരച്ച ധോണിയുടെ ചിത്രം ആരാധകര്‍ക്ക് പങ്ക്‌വച്ച് കൊണ്ടാണ്.

വീരു ഷെയര്‍ ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയായിരുന്നു. ചിത്രത്തില്‍ പോലും ധോണി കൂറ്റനടികള്‍ക്ക് പിന്നാലെ പോകുന്നു എന്ന അടിക്കുറുപ്പോടു കൂടിയാണ് വീരു ചിത്രം പങ്കുവച്ചിരിക്കുന്നത്.