6 wickets in an over : Aled Carey’s magical performance
Posted by
28 January

ബോളിങിലെ യുവരാജ് ആയി അലെഡ് കാരി; ഒരു ഓവറിലെ ആറു പന്തിലും വിക്കറ്റ്

സിഡ്നി: ആറു പന്തില്‍ ആറും സിക്‌സ് പറത്തി റെക്കോര്‍ഡ് തീര്‍ത്ത ബാറ്റ്‌സ്മാന്മാരായ യുവരാജ് സിംഗ്, ഹര്‍ഷല്‍ ഗിബ്ബ്സ്, രവി ശാസ്ത്രി, അലെക്സ് ഹെയ്ല്‍സ് എന്നിവര്‍ക്ക് പിന്‍ഗാമിയായി ഒരു ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ എത്തിയിരിക്കുകയാണ്.എന്നാല്‍ ബാറ്റുകൊണ്ടല്ല പന്തുകൊണ്ട് മാജിക് തീര്‍ത്തിരിക്കുന്ന താരമാണ് ഓസ്‌ട്രേലിയന്‍ ബോളര്‍ അലെഡ് കാരി. ഒരിക്കലും സാധ്യമല്ലെന്ന് കരുതിയ ഒരോവറിലെ ആറു പന്തിലും വിക്കറ്റ് നേടി ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ് ഈ താരം.

ഗോള്‍ഡന്‍ പോയിന്റ് ക്രിക്കറ്റ് ക്ലബ്ബിലെ താരമാണ് അലെഡ് കാരി. അത്യപൂര്‍വ്വ പ്രകടനത്തിലൂടെ ചരിത്ര നേട്ടമാണ് താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. വിക്ടോറിയയില്‍ ഈസ്റ്റ് ബല്ലാറട്ടിനെതിരെ നടന്ന മത്സരത്തിലാണ് അലെഡ് ബാറ്റ്‌സ്മാന്മാര്‍ക്ക് പേടി സ്വപ്‌നമായത്. ആദ്യമെറിഞ്ഞ എട്ട് ഓവറുകളിലും വിക്കറ്റൊന്നും നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം ഒമ്പതാം ഓവറില്‍ ആറ് വിക്കറ്റെടുത്താണ് താരം തീര്‍ത്തത്. അലെഡിന്റെ ഓവര്‍ തീര്‍ന്നതോടെ 40 റണ്‍സിന് എതിരാളികള്‍ ഓള്‍ ഔട്ടാവുകയും ചെയ്തു.

ആദ്യത്തെ രണ്ട് വിക്കറ്റുകളും സ്ലിപ്പിലെ ക്യാച്ചുകളായിരുന്നുവെങ്കില്‍ മൂന്നാമത്തേത് എല്‍ബിഡബ്ല്യൂ ആയിരുന്നു. അവസാനത്തെ മൂന്ന് വിക്കറ്റുകള്‍ ആകട്ടെ സ്വപ്ന തുല്യമായ ക്ലീന്‍ബൗള്‍ഡുകളും. അലെഡിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെയാകമാനം അമ്പരപ്പിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ആറ് പന്തില്‍ ആറ് വിക്കറ്റ് വീഴുന്നത്.

pakisthan cricken team captain
Posted by
27 January

പാകിസ്താന്‍ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നും അസ്ഹര്‍ അലിയെ മാറ്റാന്‍ സാധ്യത

ഇസ്ലാമാബാദ് : പാകിസ്താന്‍ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നും അസ്ഹര്‍ അലിയെ മാറ്റിയേക്കും. ആസ്‌ത്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര 41 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നടപടിയ്‌ക്കൊരുങ്ങുന്നത്. നായകസ്ഥാനത്തുനിന്നും അസ്ഹര്‍ അലിയെ മാറ്റുന്നത് സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയമര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍, ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ്, നാഷണല്‍ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകന്‍ മുഷ്താഖ് അഹമ്മദ് എന്നിവര്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.

ട്വന്റി20 നായകനായ സര്‍ഫറാസ് അഹമ്മദിനെ ഏകദിന നായകനാക്കാനും ഇവര്‍ തീരുമാനമെടുത്തതായി സൂചനയുണ്ട്. ആസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനമല്‍സരത്തിനിടെയായിരുന്നു ഇവരുടെ കൂടിക്കാഴ്ച. എല്ലാ ഫോര്‍മാറ്റിലും ഒറ്റ ക്യാപ്റ്റന്‍ എന്ന കാര്യവും ഇവര്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ നിലവിലെ ടെസ്റ്റ് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് വിരമിച്ചശേഷം മാത്രം ടെസ്റ്റില്‍ പുതിയ നായകനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന് തീരുമാനിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസ്ഹര്‍ അലിയ്ക്ക് കീഴില്‍ പാകിസ്താന്‍ ഏകദിന റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. 10 പരമ്പര നയിച്ച അസ്ഹര്‍ അലിയ്ക്ക് അഞ്ചെണ്ണം മാത്രമേ വിജയിക്കാനായുള്ളൂ. ഇതില്‍ രണ്ടെണ്ണം സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു. അയര്‍ലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനും എതിരെ ഓരോ പരമ്പരയും അസ്ഹര്‍ അലി നേടി. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പര 41 ന് പരാജയപ്പെട്ടതോടെ നായക സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അസ്ഹറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനത്ത് തുടര്‍ന്ന അസ്ഹര്‍ അലി വെസ്റ്റിന്‍ഡീസിനെതിരെ പരമ്പര നേടി ക്യാപ്റ്റന്‍ പദവി നീട്ടിയെടുക്കുകയായിരുന്നു.

virender sehwag’s son aryaveer
Posted by
26 January

വീരുവിന്റെ മകന്‍ വരച്ച ധോണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

മുംബൈ: ട്വീറ്ററിലെ മിന്നും താരമാണ് കളിക്കളത്തില്‍ പന്തുകള്‍ കൊണ്ട് വെടിക്കെട്ട് തീര്‍ത്ത വീരേന്ദര്‍ സേവാഗ്. ട്വീറ്ററില്‍ എതിരാളികളെ നിശ്ശിതമായി വിമര്‍ശിക്കുകയും, ആരാധകരുടെ മനം കവരുകയും ചെയ്യുന്ന വീരു എന്ന വീരേന്ദര്‍ സേവാഗ് ഇക്കുറി ട്വീറ്ററില്‍ തിളങ്ങുന്നത് തന്റെ മകന്‍ ആര്യവീര്‍ വരച്ച ധോണിയുടെ ചിത്രം ആരാധകര്‍ക്ക് പങ്ക്‌വച്ച് കൊണ്ടാണ്.

വീരു ഷെയര്‍ ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയായിരുന്നു. ചിത്രത്തില്‍ പോലും ധോണി കൂറ്റനടികള്‍ക്ക് പിന്നാലെ പോകുന്നു എന്ന അടിക്കുറുപ്പോടു കൂടിയാണ് വീരു ചിത്രം പങ്കുവച്ചിരിക്കുന്നത്.

Rahul Dravid rejects honorary doctorate of Bangalore university
Posted by
26 January

ഓണററി ഡോക്ടറേറ്റ് തനിക്ക് വേണ്ട, പഠനം നടത്തി ബിരുദം നേടിക്കൊള്ളാമെന്ന് രാഹുല്‍ ദ്രാവിഡ്

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ബംഗളൂരു സര്‍വകലാശാലയുടെ ഓണററി ബിരുദം നിരസിച്ചു. നിലവില്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനായ ദ്രാവിഡ് തന്റെ സ്വപ്നം ഗവേഷണം നടത്തി ഡോക്ടറേറ്റ് സ്വന്തമാക്കുകയാണെന്നു അറിയിച്ചു. കായികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് ബിരുദം നിരസിക്കുന്നതുമെന്നാണ് ദ്രാവിഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

രാഹുലിന്റെ ആവശ്യം അംഗീകരിക്കുന്നതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് ബിരുദദാന ചടങ്ങ് നടക്കുന്നത്. ദ്രാവിഡ് ഉള്‍പ്പെടെ മൂന്ന് പേരുകളാണ് ഗവര്‍ണറുടെ അംഗീകാരത്തിനായി സര്‍വകലാശാല അയച്ചത്.

അതേസമയം ദ്രാവിഡ് ഒഴികെയുള്ള മറ്റു രണ്ടുപേരുടെ പേരുകള്‍ സര്‍വകലാശാല അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Indian wicket keeper Saha gives answer with bat
Posted by
25 January

കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത പോരാട്ടം; കായിക ക്ഷമത തെളിയിക്കാന്‍ പറഞ്ഞു; ഇരട്ടസെഞ്ച്വറി അടിച്ച് സാഹയുടെ പ്രകടനം

മുംബൈ: ആരായിരിക്കണം ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഒന്നാം കീപ്പര്‍ എന്ന സ്ഥാനം കൈകാര്യം ചെയ്യേണ്ടതെന്ന ചോദ്യത്തിന് ബാറ്റുകൊണ്ട് മറുപടി നല്‍കി വൃദ്ധിമാന്‍ സാഹ. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ കീപ്പര്‍ സ്ഥാനത്തേക്ക് മറ്റാരെയും പരിഗണിക്കേണ്ടതില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് സാഹ ഇറാനി ട്രോഫിയില്‍ കാഴ്ചവെച്ചത്. ഇരട്ട സെഞ്ച്വറി നേടിയ തകര്‍പ്പന്‍ പ്രകടനമാണ് സാഹയുടെ ഭാഗത്തുനിന്നുണ്ടായത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ് ടീമിനു പുറത്തായ സാഹയ്ക്ക് പകരം ടീമിലെത്തിയ പാര്‍ത്ഥിവ് പട്ടേല്‍ മികച്ച പ്രകടനമായിരുന്നു മത്സരങ്ങളില്‍ കാഴ്ചവെച്ചത്. ഇതോടെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് പട്ടേലോ പാര്‍ത്ഥീവോ എന്ന ചോദ്യം ഉയര്‍ന്നു വന്നത്. എന്നാല്‍ പരിക്കില്‍ നിന്നു മോചിതനായ സാഹ ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയുമായി തന്റെ വിക്കറ്റ് കീപ്പിംഗ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നു പറയാതെ പറയുകയായിരുന്നു. മത്സരശേഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തന്നെ സാഹയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.

സാഹയ്ക്ക് പരിക്കേറ്റപ്പോള്‍ ആഭ്യന്തര മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന പട്ടേലിനെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നിരുന്നില്ല. വിശ്വസം കാത്ത പട്ടേല്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് അര്‍ധ സെഞ്ച്വറികളായിരുന്നു നേടിയത്. പിന്നീട് രഞ്ജി ട്രോഫിയില്‍ ടീമിനെ വിജയത്തിലെത്തിക്കാനും പട്ടേലിനു കഴിഞ്ഞു.

പരിക്കില്‍ നിന്നു മോചിതനായ സാഹയാകട്ടെ കായികക്ഷമത തെളിയിക്കുന്നതിനായി ഇറാനി ട്രോഫിയില്‍ ഇറങ്ങി ഇരട്ട സെഞ്ച്വറിയാണ് നേടിയത്. പട്ടേലിനേക്കാള്‍ ഒരുപടി മുന്നിലാണ് തന്റെ സ്ഥാനം എന്നു വ്യക്തമാക്കുന്ന പ്രകടനമായിരുന്നു സാഹ മത്സരത്തില്‍ കാഴ്ചവെച്ചത്.

മത്സരത്തിനു പിന്നാലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍ സാഹയാണെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദും വ്യക്തമാക്കി. ‘സാഹയാണ് നമ്പര്‍ വണ്‍ കീപ്പര്‍, പാര്‍ഥിവ് നമ്പര്‍ ടുവും’ എന്നായിരുന്നു പ്രസാദ് പറഞ്ഞത്. കായിക ക്ഷമത പരിശോധിക്കാനാണ് സാഹയെ ഇറാനി ട്രോഫിയില്‍ കളിപ്പിച്ചത്. പരുക്കില്‍ നിന്നു മോചിതരായി വരുന്നവര്‍ ആഭ്യന്തര മത്സരം കളിക്കണമെന്നു ഞങ്ങള്‍ നിര്‍ബന്ധം പറഞ്ഞിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കി.

ശൂന്യതയില്‍ നിന്നു ഗുജറാത്തിനെ രഞ്ജി ചാമ്പ്യന്മാരാക്കിയ പാര്‍ത്ഥീവ് മികച്ച താരമാണെന്നും രണ്ടും താരങ്ങളും ഞങ്ങളുടെ പരിഗണനയിലുണ്ടെങ്കിലും ടെസ്റ്റില്‍ കൂടുതല്‍ മികവോടെ കീപ്പ് ചെയ്യുന്ന സാഹയ്ക്ക് അനുകൂലമായാണ് കാര്യങ്ങള്‍ എന്നും പ്രസാദ് പറഞ്ഞു.

indian tewnty twetny  team has changes
Posted by
23 January

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ട്വന്റി ട്വന്റി ടീമില്‍ പ്രധാന മാറ്റങ്ങള്‍

കാണ്‍പൂര്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി പരമ്പരയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍. സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. പകരം കശ്മീരി താരം പര്‍വേസ് റസൂല്‍ ലെഗ്‌സ്പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്ക് അവസരം നല്‍കി. വിശ്രമം നല്‍കുന്നതിന്റെ ഭാഗമായാണ് ജഡേജയേയും അശ്വിനേയും ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. ഈ മാസം 26 ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. കോഹ്‌ലി നയിക്കുന്ന ടീമില്‍ മുന്‍ നായകന്‍ എംഎസ് ധോണി, യുവരാജ് സിങ്, ട്വന്റി ട്വന്റി സ്‌പെഷ്യലിസ്റ്റ് സുരേഷ് റെയ്‌ന, പഴയ പടക്കുതിര ആശിഷ് നെഹ്‌റ എന്നിവര്‍ ഇടം നേടിയിട്ടുണ്ട്.

ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് മുന്നിലുള്ള അവസാന അവസരമാണ് ട്വന്റി20 പരമ്പര. നേരത്തെ നടന്ന ടെസ്റ്റ് പരമ്പര 40 നും കഴിഞ്ഞ ദിവസം അവസാനിച്ച ഏകദിന പരമ്പര 21 നും ഇന്ത്യ സ്വന്തമാക്കി.

ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെഎല്‍ രാഹുല്‍, മന്‍ദീപ് സിംഗ്, വിരാട് കോഹ്‌ലി, എംഎസ് ധോണി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, പര്‍വേസ് റസൂല്‍, അമിത് മിശ്ര, യുവേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബൂമ്‌റ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ

rohan-s-kunnummal-india-u19-team
Posted by
20 January

മലയാളികള്‍ക്ക് അഭിമാനമായി ഒരു താരം കൂടി ഇന്ത്യന്‍ ടീമില്‍; ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഇടം നേടി കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മല്‍

മുംബൈ: മലയാളി താരം രോഹന്‍ എസ് കുന്നുമ്മല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഇടം നേടി. ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പര. കഴിഞ്ഞ വര്‍ഷം കൂച്ച് ബെഹാര്‍ ട്രോഫി അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ 253 റണ്‍സെടുത്ത രോഹന്റ പ്രകടനം 2016ലെ ഏറ്റവും മികച്ച യുവപ്രതിഭക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. അണ്ടര്‍ 19 ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഗ്രീനിനായി കളത്തിലിറങ്ങിയിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടിയില സുശീല്‍ കൃഷ്ണ ദമ്പതികളുടെ മകനാണ് രോഹന്‍. കഴിഞ്ഞ ഡിസംബറില്‍ ഏഷ്യാ കപ്പ് നേടിയ അണ്ടര്‍19 ടീമില്‍ അംഗങ്ങളായിരുന്ന പൃഥ്വി ഷാ, അഭിഷേക് ശര്‍മ, ഹിമാന്‍ഷു റാണ, ആയുഷ് ജാംവാള്‍, ഹേരംഭ് പാരബ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

cricket india-england-one-day-series india won
Posted by
19 January

രണ്ടാം ഏകദിനത്തില്‍ 15 റണ്‍സിന്റെ വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

കട്ടക്ക്: രണ്ടാം ഏകദിനത്തില്‍ യുവരാജ് സിംഗിന്റെയും എംഎസ് ധോണിയുടെയും സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര. 15 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 382 എന്ന കൂറ്റന്‍ സ്‌കോര്‍ വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സാണ് എടുക്കാനായത്.

തിരിച്ചുവരവ് ഗംഭീരമാക്കിയായിരുന്നു യുവരാജിന്റെ പ്രകടനം. 127 പന്തില്‍ 150 റണ്‍സുമായി യുവരാജ് കളിയെ മറ്റൊരു തലത്തിലേക്കു തിരിച്ചുവിട്ടു. 2011നു ശേഷം ആദ്യത്തെ സെഞ്ച്വറിയാണ് യുവിയുടേത്.

3400

കോഹ്‌ലിയടക്കമുള്ള മുന്‍നിര തകര്‍ന്നു വീണ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വെറും 25 റണ്‍സ് മാത്രം നേടിയ സമയത്തായിരുന്നു യുവിയുടെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോനിയുടെയും അരങ്ങേറ്റം. പിന്നെ എല്ലാം മാറമറിഞ്ഞു. ഒടുവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 എന്ന കൂറ്റന്‍ റണ്‍സെടുത്തു ഇന്ത്യന്‍ ടീം. 122 പന്തില്‍ 134 റണ്‍സാണ് ധോനി അടിച്ചുകൂട്ടിയത്.

21 ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും പിന്തുണയോടെയായിരുന്നു യുവിയുടെ റണ്‍വേട്ട. ധോനിയാകട്ടെ 10 ബൗണ്ടറികളും ആറു സിക്‌സറുകളും പായിച്ചു. യുവിയുടെ 14ാം ഏകദിന സെഞ്ച്വറിയും ധോനിയുടെ 10ാം സെഞ്ച്വറിയുമാണ് കട്ടക്കില്‍ കുറിച്ചത്.

South African player AB de Villiers skips all test matches
Posted by
19 January

ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റ് കളിക്കാനില്ലെന്ന് എബി ഡിവില്ലിയേഴ്‌സ്

ജോഹന്നാസ്ബര്‍ഗ്: ഈ വര്‍ഷം ദക്ഷിണാഫ്രിക്കയുടെ ജഴ്‌സി അണിയാനില്ലെന്ന് ടീമിലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്. ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. നേരത്തെ മാര്‍ച്ചില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും താനുണ്ടാകില്ലെന്ന് ഡിവില്ലിയേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് 2016 ജൂണിന് ശേഷം ഡിവില്ലിയേഴ്‌സ് ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഇതിനിടെ ശനിയാഴ്ച്ച ശ്രീലങ്കക്കെതിരെ നടക്കുന്ന ട്വന്റി-ട്വന്റി മത്സരത്തിലൂടെ കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് താരം.

മൂന്ന് ഫോര്‍മാറ്റിലും കളിക്കുക എന്നത് തനിക്ക് അസാധ്യമാണെന്നും ടെസ്റ്റിലേക്ക് തിരിച്ചുവരാന്‍ എനിക്ക് കുറച്ച് സമയം ആവശ്യമുണ്ടെന്നും അതുകൊണ്ടാണ് താനിപ്പോള്‍ ടെസ്റ്റ് കളിക്കാന്‍ താല്‍പര്യപ്പെടാത്തതെന്നും ഡിവില്ലിയേഴ്‌സ്
വെളിപ്പെടുത്തുന്നു.

അതേസമയം ഏകദിനത്തില്‍ നായകനായി തന്നെ താനുണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 2019ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചാണ് തന്റെ മുന്നൊരുക്കമെന്നും താരം പറയുന്നു. ജൂലൈയിലാണ് ഇംഗ്ലണ്ടിനെതിരെയുളള ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് പരമ്പര നടക്കുന്നത്. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുളളത്. ഇതുകൂടാതെ മൂന്ന് ട്വന്റി-ട്വന്റിയും ഏകദിനവും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് പരമ്പരയുണ്ട്.

ഇതിനിടെ ടെസ്റ്റ് കളിക്കില്ലെന്ന ഡിവില്ലിയേഴ്സിന്റെ നിലപാടിനെതിരെ രൂക്ഷ പ്രതികരണമാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തലവന്‍ ഹാറൂണ്‍ ലോര്‍ഗറ്റ് നടത്തിയത്. ഡിവില്ലിയേഴ്‌സിനെ ടീമിലെടുക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കളിക്കളത്തിലേക്ക് തിരിച്ചുവന്നാല്‍ ഒരു കളിക്കാരന്‍ എല്ലാം കളിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കടുപ്പിച്ച് പറഞ്ഞിരുന്നു. കൂടാതെ ഏകദിന ടീമിന്റെ ക്യാപ്റ്റനാണ് ഡിവില്ലിയേഴ്സെന്നും അതുകൊണ്ട് ഏകദിനത്തില്‍ വിശ്രമം കൊടുക്കാന്‍ എന്തായാലും പറ്റില്ലെന്നും എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഡിവില്ലിയേഴ്‌സ് ക്യാപ്റ്റന്‍ അല്ലാത്തതിനാല്‍ തന്നെ ഇക്കാര്യം ടീം മാനേജ്‌മെന്റ് തീരുമാനിക്കുമെന്നും ഹാറൂണ്‍ പ്രഖ്യാപിച്ചിരുന്നു.

one day match india vs england
Posted by
19 January

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഇന്ന് ഇറങ്ങും

കട്ടക്ക് :ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മല്‍സരം ആരംഭിക്കുക. ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യയ്ക്ക് ഇന്നത്തെ മല്‍സരത്തില്‍ വിജയിച്ചാല്‍ ഏകദിന പരമ്പരയും സ്വന്തമാക്കാനാകും. പൂണെയില്‍ സ്വപ്ന തുല്യ തിരിച്ച് വരവ് നടത്തി ഇംഗ്ലീഷ് നിരയെ കശക്കിയെറിഞ്ഞ ഇന്ത്യ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. മറുഭാഗത്ത് ഇംഗ്ലണ്ടിന് പരമ്പരയില്‍ തിരിച്ച് വരവിന് വിജയം അനിവാര്യമാണ്.

രാത്രി പിച്ചില്‍ ഈര്‍പ്പമുണ്ടാകും എന്നതിനാല്‍ ടോസ് നിര്‍ണായകമാകും. 350 മുകളിലുള്ള സ്‌കോര്‍ മൂന്നുവട്ടം പിന്തുടര്‍ന്നു ജയിച്ച ഏക ടീമാണിപ്പോള്‍ ഇന്ത്യ. ഇതില്‍ മൂന്നിലും നട്ടെല്ലായി നിന്നതു കോഹ്‌ലിയുടെ ഇന്നിങ്‌സാണ്. ഏകദിന ക്യാപ്റ്റനായി ചുമതലയേറ്റ് ആദ്യപരമ്പര തന്നെ സ്വന്തമാക്കാനാണ് കോഹ്‌ലി ലക്ഷ്യമിടുന്നത്. ഇന്നത്തെ മല്‍സരത്തില്‍ ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍കുമാറിന് അവസരം ലഭിച്ചേക്കും. നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്താനാകുന്നില്ല എന്നതാണ് ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുന്നത്. കട്ടക്കില്‍ അവസാനമായി ഏകദിനം നടന്നത് 2014 നവംബറിലാണ്. കട്ടക്കില്‍ കളിച്ച 15 മത്സരങ്ങളില്‍ 11 മത്സരത്തിലും വിജയം ഇന്ത്യന്‍ പടയ്ക്ക് ഒപ്പമായിരുന്നു.