സൂപ്പര്‍മാനായി വൃദ്ധിമാന്‍; സാഹയുടെ സാഹസിക ക്യാച്ച് കണ്ട് ഞെട്ടി ആരാധകരും ക്രിക്കറ്റ് ലോകവും
Posted by
05 December

സൂപ്പര്‍മാനായി വൃദ്ധിമാന്‍; സാഹയുടെ സാഹസിക ക്യാച്ച് കണ്ട് ഞെട്ടി ആരാധകരും ക്രിക്കറ്റ് ലോകവും

ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ക്യാച്ച് സ്വന്തം മണ്ണില്‍ സംഭവിച്ചതിന്റെ അമ്പരപ്പിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍. വിക്കറ്റിന് പിന്നില്‍ സൂപ്പര്‍മാനെ പോലെ പറന്ന് നടന്ന് സാഹസികത കാണിച്ചിട്ടുള്ളവരാണ് ഇന്ത്യയുടെ മുന്‍നിര കീപ്പര്‍മാരെല്ലാം. കുറഞ്ഞസമയത്തിനുള്ളില്‍ വിക്കറ്റ് തെറിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ വൃദ്ധിമാന്‍ സാഹയാണ് സാഹസികത കൊണ്ട് സകലരേയും ഞെട്ടിച്ചത്.

അമാനുഷിക ക്യാച്ചുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് സാഹ. ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ സന്‍ഡീര സമരവിക്രമയെ പുറത്താക്കാന്‍ സാഹയെടുത്ത മുഴുനീള ഡൈവ് ക്യാച്ചാണ് ഇതില്‍ ഒടുവിലത്തേത്. 117ാം ഓവറില്‍ ഇശാന്ത് ശര്‍മ്മയുടെ പന്തിലായിരുന്നു സാഹയുടെ പറക്കല്‍. പന്ത് ബാറ്റില്‍ തൊട്ട് 0.592 സെക്കന്റുകള്‍ക്കുള്ളിലാണ് സാഹ സാഹസികമായി കൈപ്പിടിയിലാക്കിയത് എന്നതാണ് ഈ ക്യാച്ചിനെ വ്യത്യസ്തമാക്കുന്നത്.

ഇതോടെ സാഹയാണ് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പറെന്ന് ചൂണ്ടിക്കാണിച്ച് ക്രിക്കറ്റ് വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ നിലപാടിനെ പിന്തുണച്ച് ഇതിഹാസ താരം സൗരവ് ഗാംഗുലിയും നേരത്തെ രംഗത്തെത്തിയിരുന്നു.

മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍
Posted by
04 December

മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം ബേസില്‍ തമ്പി ഇടംപിടിച്ചു. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് ഉപനായകന്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

തമിഴ്‌നാട് താരം വാഷിംഗ്ടണ്‍ സുന്ദറും ബേസില്‍ തമ്പിക്കൊപ്പം ടീമില്‍ ഇടംപിടിച്ചു. രഞ്ജി ക്രിക്കറ്റിലെയും ഐപിഎലിലെയും മികച്ച പ്രകടനമാണ് ഫാസ്റ്റ് ബൗളറായ ബേസില്‍ തമ്പിയെ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിച്ചത്.

മലിനീകരണം: ഡല്‍ഹിയില്‍ ശ്വാസം മുട്ടി കളിക്കാനാകില്ലെന്ന് ശ്രീലങ്ക; മാസ്‌ക് ധരിച്ച് താരങ്ങള്‍ കളത്തില്‍; രാജ്യാന്തര വേദികളില്‍ ഡല്‍ഹിക്ക് തിരിച്ചടി
Posted by
04 December

മലിനീകരണം: ഡല്‍ഹിയില്‍ ശ്വാസം മുട്ടി കളിക്കാനാകില്ലെന്ന് ശ്രീലങ്ക; മാസ്‌ക് ധരിച്ച് താരങ്ങള്‍ കളത്തില്‍; രാജ്യാന്തര വേദികളില്‍ ഡല്‍ഹിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായി ക്രിക്കറ്റ് താരങ്ങള്‍ മുഖംമൂടി അണിഞ്ഞ് കളത്തിലിറങ്ങിയതോടെ നാണം കെട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് കൂടിയായിരുന്നു. പുകമഞ്ഞ് കാരണം 140 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് മാസ്‌ക് അണിഞ്ഞ് താരങ്ങള്‍ ഫിറോസ്ഷാ കോട്‌ലയില്‍ കളിക്കാനിറങ്ങിയത്. തുടര്‍ന്ന് പുകമഞ്ഞിനെതിരെ ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതോടെ ഇന്നലെ 26 മിനിറ്റാണ് കളി മുടങ്ങിയത്. രണ്ടു ലങ്കന്‍ താരങ്ങള്‍ കളിക്കിടെ മൈതാനം വിട്ടുപോവുകയും ചെയ്തു. ഒടുവില്‍ പകരം കളിക്കാര്‍ ഇറങ്ങാനില്ലാതെ കുഴഞ്ഞ ശ്രീലങ്കയ്ക്ക് ആശ്വസമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

123-ാം ഓവറില്‍ മൂന്നു പന്തെറിഞ്ഞതിനുശേഷം ലങ്കയുടെ പേസര്‍ ലഹിരു ഗമാജെ ബോളിങ് നിര്‍ത്തി. തുടര്‍ന്ന് ലങ്കന്‍ ക്യാപ്റ്റന്‍ അംപയറെ സമീപിച്ചതോടെ കളി നിര്‍ത്തിവച്ചു. 125-ാം ഓവറില്‍ വീണ്ടും പന്തെറിയാനെത്തിയ ഗമാജെ അശ്വിന്റെ വിക്കറ്റുനേടിയശേഷം ഓവര്‍ പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടുപോയി. പിന്നാലെ പേസര്‍ സുരംഗ ലക്മലും മടങ്ങി. പകരക്കാരെ ഇറക്കാത്തതിനു കാരണം തിരക്കിയ അംപയര്‍ക്കു മുന്‍പില്‍ ലങ്കന്‍ താരങ്ങള്‍ ഫീല്‍ഡ് ചെയ്യാനാകുന്നില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണു കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഡിക്ലയര്‍ തീരുമാനത്തോടു കയ്യടിച്ചാണു ലങ്കന്‍ താരങ്ങള്‍ പ്രതികരിച്ചത്. എന്നാല്‍ ഗാലറി അവരെ കൂവിവിളിച്ചു.

അതിനിടെ ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുടെ നിരക്ക് ഇന്നലെ കൂടുതലായിരുന്നെന്നാണു റിപ്പോര്‍ട്ട്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്ററുകളുടെ അളവില്‍ വര്‍ധനയുണ്ടായി. അതേസമയം, ഇതേക്കുറിച്ച് ഇന്ത്യന്‍ ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍ പ്രതികരിച്ചത് ഇങ്ങനെ:

രണ്ടുദിവസത്തോളം ബാറ്റ് ചെയ്ത വിരാട് കോഹ്‌ലി ഒരു മുഖംമൂടിയും ഉപയോഗിച്ചില്ല. കാലാവസ്ഥ ഇരുടീമിനും ഒരുപോലെയായിരുന്നു. പക്ഷേ കളിയോടുള്ള മനോഭാവം വ്യത്യസ്തമായിരുന്നു.

അതേസമയം ആപത്കരമായ അളവില്‍ വായുമലിനീകരണം ഡല്‍ഹിയെ മൂടുമ്പോള്‍ രാജ്യാന്തര മല്‍സരങ്ങളിലെ പ്രധാന്യമേറിയ വേദിയെന്ന നിലയില്‍നിന്നു ഡല്‍ഹി പിന്തള്ളപ്പെടുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. നവംബര്‍ 19ന് നടക്കേണ്ടിയിരുന്ന ഡല്‍ഹി ഹാഫ് മാരത്തണും വായുമലിനീകരണം കാരണം റദ്ദാക്കിയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് പിഎം 2.5, പിഎം 10 എന്നീ മലിനീകാരികളാണ് നഗരത്തിന്റെ അന്തരീക്ഷത്തെ ഏറ്റവും കൂടുതല്‍ മോശമാക്കുന്നത്. കൂടാതെ, വിഷവാതകങ്ങളായ നൈട്രജന്‍ ഡയോക്‌സൈഡ് (എന്‍ഒ 2), ഗ്രൗണ്ട് ലെവല്‍ ഓസോണ്‍ (ഒ 3) എന്നിവയും കാണപ്പെടുന്നു. എന്‍ഒ 2ന്റെ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. ചില സ്ഥലങ്ങളിലാണ് ഒ 3 കാണപ്പെടുന്നത്.

ഇരട്ട സെഞ്ച്വറികളുടെ നായകനായി കോഹ്‌ലി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
Posted by
03 December

വീണ്ടും ഇരട്ട സെഞ്ച്വറികളുടെ നായകനായി കോഹ്‌ലി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ഫിറോസ് ഷാ കോട്‌ല: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി. പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ ആറാമത്തെയും ഇരട്ട ശതകമാണ് കോഹ്‌ലി സ്വന്തമാക്കിയത്. കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ മത്സരത്തിലെ രണ്ടാം ദിനം ഇന്ത്യ ബാറ്റിങ്ങ് പറുദീസയായ ഫിറോസ് ഷാ കോട്‌ലയില്‍ കൂറ്റന്‍ റണ്‍സിലേക്ക് കുതിക്കുകയാണ്. 243 പന്തിലാണ് വീര നായകന്റെ ഇരട്ട ശതകം. 21 ബൗണ്ടറികളടിച്ച കോഹ്‌ലി(225*)ക്ക് മികച്ച പിന്തുണ നല്‍കിയിരുന്ന രോഹിത് ശര്‍മ (55) ഉച്ചഭക്ഷണസമയത്ത് പിരിയുന്നതിനു തൊട്ടുമുന്‍പ് വിക്കറ്റ് നല്‍കി മടങ്ങി. ഇന്ത്യ സ്‌കോര്‍: 500/5.

ശിഖര്‍ ധവാന് (23), ചേതേശ്വര്‍ പൂജാര (23), അജിന്‍ക്യ രഹാനെ (1) എന്നിവരാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

തകര്‍പ്പന്‍ ഫോമില്‍ തിളങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഇരട്ട സെഞ്ചുറിയാണ് ഞായറാഴ്ചത്തേത്. നാഗ്പുരില്‍ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഈ വര്‍ഷം ബംഗ്ലദേശിനെതിരെ 204, 2016ല്‍ ഇംഗ്ലണ്ടിനെതിരെ 235, ന്യൂസീലന്‍ഡിനെതിരെ 211, വെസ്റ്റിന്‍ഡീസിനെതിരെ 200 എന്നിവയാണ് ഇന്ത്യന്‍ നായകന്റെ മറ്റ് ഇരട്ട സെഞ്ചുറി പ്രകടനങ്ങള്‍.

ആന്റിഗ്വയില്‍ നേടിയ ആദ്യ പ്രകടനമൊഴികെ മറ്റെല്ലാ ഇരട്ട സെഞ്ചുറികളും കോഹ്‌ലി നേടിയത് ഇന്ത്യന്‍ മണ്ണിലാണെന്നതും ശ്രദ്ധേയം. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം ഇരട്ട സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി ഇതോടെ സ്വന്തമാക്കി. നേരത്തെ അഞ്ച് ഇരട്ട സെഞ്ചുറികളോടെ ബ്രയാന്‍ ലാറയ്‌ക്കൊപ്പമായിരുന്നു കോഹ്‌ലി. ഇന്നത്തെ പ്രകടനത്തോടെ ലാറയെയും മറികടന്നു. നിരവധി റെക്കോര്‍ഡുകള്‍ പിറന്ന ഈ ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലി നേരത്തെ കുറഞ്ഞ ഇന്നിങ്‌സില്‍ 20 സെഞ്ച്വറി നേടുന്ന താരവും, കുറഞ്ഞ ഇന്നിങ്‌സില്‍ 5000 റണ്‍സ് തികയ്ക്കുന്ന താരവുമൊക്കെയായി മാറിയിരുന്നു.

കോഹ്‌ലിയ്ക്കും വിജയ്ക്കും സെഞ്ചുറി
Posted by
02 December

കോഹ്‌ലിയ്ക്കും വിജയ്ക്കും സെഞ്ചുറി

ഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരെ അവസാന ടെസ്റ്റില്‍ വിരാട് കോഹ്‌ലിയ്ക്കും മുരളി വിജയ്ക്കും സെഞ്ചുറി.
ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് എന്നനിലയിലാണ് ഇന്ത്യ.

ഇരുപതാം തവണയാണ് കോഹ്‌ലി ടെസ്റ്റില്‍ സെഞ്ചുറി തികയ്ക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലി അയ്യായിരം റണ്‍സും തികച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 63 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 273 എന്ന നിലയിലാണ്. ഓപ്പണര്‍ മുരളി വിജയിയും നേരത്തേ സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റിലെ 11ാം സെഞ്ചുറിയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. പതിനൊന്നാം ടെസ്റ്റ് സെഞ്ചുറി നേടിയ വിജയ് 155 റണ്‍സെടുത്ത് പുറത്തായി

നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റിലും മുരളി വിജയ് സെഞ്ചുറി നേടിയിരുന്നു. 23 റണ്‍സ് വീതം നേടിയ ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പുജാരയുടെയും വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്.

കുട്ടിക്രിക്കറ്റില്‍ കപ്പടിക്കാന്‍ ഇനി പെണ്‍പടയും; വരുന്നു വനിതാ ഐപിഎല്‍
Posted by
02 December

കുട്ടിക്രിക്കറ്റില്‍ കപ്പടിക്കാന്‍ ഇനി പെണ്‍പടയും; വരുന്നു വനിതാ ഐപിഎല്‍

മുംബൈ: ഇന്ത്യയ്ക്ക് ക്രിക്കറ്റ് വികാരമാണ് വെറും ഒരു കളിയല്ല, അതിനാല്‍ തന്നെ ആരാധകരും പിന്തുണയും അത്രയേറെയുമാണ്. അതുകൊണ്ടു തന്നെയാണ് കുട്ടിക്രിക്കറ്റിന്റെ വാണിജ്യ പതിപ്പ് ഐപിഎല്‍ ഇത്രയേറെ വിജയമായതും. ഒരു ടീമില്‍ അണിനിരക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ വ്യത്യസ്ത ടീമുകളിലായി ഏറ്റുമുട്ടുന്നത് കണ്ട് ആരാധകര്‍ ആവേശം കൊള്ളാറുമുണ്ട്.
എന്നാല്‍ പുരുഷതാരങ്ങള്‍ക്ക് മാത്രമാണ് ഈ പിന്തുണയും ഐപിഎല്‍ മാമാങ്കം പോലെ വലിയൊരു അവസരമെന്നതും ശ്രദ്ധേയമാണ്.

ക്രിക്കറ്റില്‍ പുരുഷ താരങ്ങളുടെ പകുതി പരിഗണന പോലും വനിതാ ക്രിക്കറ്റിന് ലഭിക്കുന്നില്ല, എങ്കിലും 2017 ലെ വനിതാ ഐസിസി വേള്‍ഡ് കപ്പിനു പിന്നാലെ ഇന്ത്യന്‍ വനിതാ താരങ്ങളുടെ ജനപ്രീതി ഉയര്‍ന്നിരുന്നു. ഫൈനലിലെ പരാജയമൊന്നും ആരാധകരുടെ സ്‌നോഹത്തിന്റെ അളവ് കുറച്ചില്ല.

മിതാലി രാജും സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീത് കൗറും ഇന്ത്യന്‍ ടീമിന്റെ ഐക്കോണിക് താരങ്ങളായ് മാറി. ഇതിനു പിന്നാലെ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായി കമ്മീഷന്‍ വനിതാ ഐപിഎല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2018 മുതലാകും ടൂര്‍ണ്ണമെന്റ് ആരംഭിക്കുക.

പുരുഷ ടീമിനു കൂടുതല്‍ മത്സരം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് കൂടുതല്‍ സമ്പാദിക്കുന്നതെന്നും പറയുന്ന വിനോദ് റായി വനിതാ ക്രിക്കറ്റ് ടീമിനും സമാനമായ അവസരങ്ങള്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു. സമീപഭാവിയില്‍ തന്നെ ഇരു ടീമുകളും തുല്ല്യ പ്രാധാനത്തില്‍ എത്തുമെന്നും വിനോദ് റായി പറഞ്ഞു.

191 പന്തില്‍ അടിച്ചെടുത്തത് 300; ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ താരം
Posted by
01 December

191 പന്തില്‍ അടിച്ചെടുത്തത് 300; ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ താരം

കേപ്ടൗണ്‍: വീണ്ടും ക്രിക്കറ്റ് ലോകത്തുനിന്നും ആവേശം ഉണര്‍ത്തുന്ന വാര്‍ത്ത. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഇത്തവണയും പുത്തന്‍ താരോദയത്തിന്റെ വാര്‍ത്ത വന്നിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചാണ് മാര്‍ക്കോ മാറെയ്‌സ് എന്ന യുവാവ് ക്രിക്കറ്റ് വിസ്മയമായിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനില്‍ നടന്ന രണ്ടാം ടയര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് അതിവേഗ ട്രിപ്പിളുമായി 24 കാരന്‍ ലോകത്തെ ഞെട്ടിച്ചത്. 191 പന്തില്‍ നിന്ന് പുറത്താകാതെ മാറെയ്‌സ് 300 അടിച്ചുകൂട്ടിയത്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍ എന്ന ഖ്യാതി സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്‌സിന് പിന്‍ഗാമി എത്തിയെന്നാണ് ഇദ്ദേഹത്തിന്റെ പ്രകടനം കണ്ട ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 200 പന്തില്‍ താഴെ ബാറ്റുവീശി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ കുറിക്കപ്പെടുന്നത്. 96 വര്‍ഷം മുമ്പ് 1921ല്‍ നോട്ടിങ്ഹാംഷെയറിനെതിരേ ഓസ്‌ട്രേലിയന്‍ താരം ചാള്‍സ് മക്കാര്‍ട്ട്ണി നേടിയ 221 ബോളില്‍ 300 റണ്‍സ് എന്ന റെക്കോഡാണ് മാറെയ്‌സ് പഴങ്കഥയാക്കിയത്.

മത്സരത്തില്‍ 68 പന്തില്‍ മൂന്നക്കം കടന്ന മാറെയ്‌സ് 130 പന്തില്‍ ഡബില്‍ സെഞ്ച്വറി കടന്നു. 35 ഫോറും 13 സിക്‌സും ആ ഇന്നിംഗ്‌സിന് ചാരുത നല്‍കി. ക്രിക്കറ്റ് താരമായി മാറുന്നതിനു മുമ്പ്, നേരത്തെ കൃഷിപ്പണിക്കാരനായിരുന്നു മാറെയ്‌സ്.

ഏകദിനത്തില്‍ ശ്രീലങ്കയെ ഇനി തിസാരെ പെരേര നയിക്കും
Posted by
29 November

ഏകദിനത്തില്‍ ശ്രീലങ്കയെ ഇനി തിസാരെ പെരേര നയിക്കും

കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രീലങ്കയുടെ നായകനായി തിസാര പെരേരയെ നിയോഗിച്ചു. ഉപുല്‍ തരംഗയെ മാറ്റിയാണ് പെരേരയെ നായകസ്ഥാനം ഏല്‍പ്പിച്ചത്. ഏകദിന പരമ്പരയ്ക്ക് ശേഷം നടക്കുന്ന ട്വന്റി 20 പരമ്പരയിലും പെരേര നായക സ്ഥാനം തുടരുമെന്നുമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന സൂചന.

തരംഗയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് ഉപുല്‍ തരംഗയെ നായക സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിര്‍ബന്ധിതരായത്.

ധോണി ‘ക്യാപ്റ്റന്‍ കൂള്‍’ അല്ലെന്ന് റെയ്‌ന; ഗ്രൗണ്ടില്‍ താന്‍ തമാശ കളിക്കാറില്ലെന്ന് ധോണി
Posted by
29 November

ധോണി 'ക്യാപ്റ്റന്‍ കൂള്‍' അല്ലെന്ന് റെയ്‌ന; ഗ്രൗണ്ടില്‍ താന്‍ തമാശ കളിക്കാറില്ലെന്ന് ധോണി

മുംബൈ: പൊതുവെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മൗനം പാലിക്കുന്ന ധോണി പക്ഷെ ഇത്തവണ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഉറ്റ സുഹൃത്ത് സുരേഷ് റെയ്‌നയുടെ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ്. ആരാധകര്‍ക്കിടയില്‍ ‘ക്യാപ്റ്റന്‍ കൂള്‍’ എന്നാണ് അറിയപ്പെടുന്നതെങ്കിലും ധോണി ചൂടനാണെന്നത് ആര്‍ക്കും അറിയാത്ത ഒരു കാര്യമാണെന്നാണ് റെയ്‌ന ഈയിടെ വെളിപ്പെടുത്തിയത്.

ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്ന പോലെ ധോണി അത്ര കൂളല്ലെന്നായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍. ”അദ്ദേഹത്തിന്റെ കണ്ണില്‍ നിന്നും മനസ്സിലുള്ള വികാരം വായിച്ചെടുക്കാനാവില്ല. എന്നാല്‍ പരസ്യ ഇടവേളകള്‍ക്കിടെ ധോണി ചൂടാകാറുണ്ട്. ക്യാമറകള്‍ അത് കാണാറില്ല.”- റെയ്‌ന പറയുന്നു. ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പ്രോഗ്രാമിനിടെയായിരുന്നു റെ.യ്‌ന മനസ് തുറന്നത്.

ഇതിനു മറുപടിയുമായി രംഗത്തെത്തിയ ധോണി ”ഞാന്‍ ഡ്രസിങ് റൂം നന്നായി ആസ്വദിക്കാറുണ്ട്. എന്നോട് സഹകരിക്കുന്നത് ശാന്തമായാണെങ്കില്‍ ഞാന്‍ കൂള്‍ ആണ്. രോഷാകുലനാണെങ്കില്‍ അതല്ല. ഞാന്‍ ഗ്രൗണ്ടിലായിരിക്കുമ്പോള്‍ തമാശയിലായിരിക്കില്ല. എന്നാല്‍ ഡ്രസിങ് റൂമിനുള്ളില്‍ ഞാന്‍ തമാശ ഏറെ ആസ്വദിക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകും” ധോണി പറഞ്ഞു.

അതേസമയം ”ധോണിഒരു നല്ല നായകനാണ്. അടുത്തത് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ധോണിക്കറിയാം. എല്ലാ സാഹചര്യങ്ങള്‍ക്കുമായി പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെ പ്ലാനുകള്‍ ധോണി തയ്യാറാക്കാറുണ്ട്. മത്സരത്തിന് തലേന്ന് രാത്രി തന്നെ ധോണി തന്ത്രം മെനയുകയും കളിക്കളത്തില്‍ നടപ്പിലാക്കുകയും ചെയ്യാറുണ്ട്” എന്നും അഭിമുഖത്തിനിടെ സുഹൃത്തിനെ വാഴ്ത്തി റെയ്‌ന പറഞ്ഞിരുന്നു.

വിരാട് കോഹ്‌ലി, ബോളിവുഡിന്റെ നഷ്ടം: സഹീര്‍ ഖാന്റെ വിവാഹ സത്കാരത്തില്‍ അനുഷ്‌ക ശര്‍മ്മയോടൊപ്പം തകര്‍പ്പന്‍ സ്റ്റെപ്പുകളുമായി ഇന്ത്യന്‍ നായകന്‍
Posted by
28 November

വിരാട് കോഹ്‌ലി, ബോളിവുഡിന്റെ നഷ്ടം: സഹീര്‍ ഖാന്റെ വിവാഹ സത്കാരത്തില്‍ അനുഷ്‌ക ശര്‍മ്മയോടൊപ്പം തകര്‍പ്പന്‍ സ്റ്റെപ്പുകളുമായി ഇന്ത്യന്‍ നായകന്‍

മുംബൈ: ക്രിക്കറ്റില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തീര്‍ച്ചയായും ഒരു ബോളിവുഡ് താരമാകുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ കോഹ്‌ലിയുടെ ഡാന്‍സ് കണ്ടവരുടെ അഭിപ്രായമാണിത്. ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെയും, സിനിമതാരം സാഗരികയുടെയും വെഡ്ഡിങ് റിസപ്ഷനാണ് കാമുകി അനുഷ്‌ക ശര്‍മ്മയോടൊപ്പം കോഹ്‌ലി ചുവട് വെച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, വിരേന്ദര്‍ സേവാഗ്, സുഷ്മിത സെന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രണയജോഡികള്‍ ചേര്‍ന്ന് ആഘോഷരാവിന്റെ മാറ്റ് കൂട്ടിയത്. ഊര്‍ജ്ജസ്വലനായി നൃത്തം ചെയ്യുന്ന കോഹ്‌ലിയുടെ നൃത്തം കണ്ട് നിന്ന അനുഷ്‌ക പിന്നീട് ഒപ്പം കൂടുകയായിരുന്നു. സഹീര്‍ ഖാനും, സാഗരികയും ഇവരോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്.