Sharukh says he will try hard to buy Dhoni for his team
Posted by
26 April

ധോണിക്ക് വേണ്ടി സ്വന്തം പൈജാമ വരെ വില്‍ക്കുമെന്ന് ഷാരൂഖ് ഖാന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പുനെ സൂപ്പര്‍ജയന്റ്‌സ് താരവുമായ മഹേന്ദ്ര സിങ് ധോണിക്ക് വേണ്ടി താന്‍ പൈജാമ വരെ വില്‍ക്കാന്‍ തയ്യാറാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന് ലേലത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ തന്റെ ടീമിലേക്ക് എത്തിക്കാനായി പൈജാമ വരെ വില്‍ക്കുമെന്നാണ് ബോളിവുഡ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഐപിഎല്ലില്‍ ധോണിയും പൂനെ ടീമുടമകളും നല്ല ബന്ധമല്ലെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് താരത്തിനെ സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണെന്ന് ഷാരൂഖ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

ഐപിഎല്ലില്‍ ആദ്യ എട്ടു സീസണുകളിലും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനായി കളത്തിലിറങ്ങിയ ധോണി, തന്റെ ടീം ഐപിഎല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെയാണ് പൂനെയിലേക്ക് ചേക്കേറിയത്.

എട്ടാം സീസണോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ടൂര്‍ണ്ണമെന്റില്‍ നിന്ന് രണ്ടുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുന്നത്. തുടര്‍ന്ന് റൈസിങ് പൂനെജയന്റ്‌സിലെത്തിയ ധോണി കഴിഞ്ഞ സീസണില്‍ ടീമിനെ നയിക്കുകയും ചെയ്തു. എന്നാല്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ധോണിയെ നായകസ്ഥാനത്ത് നിന്ന് ടീം പുറത്താക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധോണിയെ അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പിടിച്ചെടുക്കുമോ എന്ന ചോദ്യം ഷാരൂഖിന് മുന്നില്‍ എത്തിയത്. ‘ധോണി ലേലത്തിനു തയ്യാറാവുമെങ്കില്‍ ധോണിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കും’എന്നായിരുന്നു ഷാരൂഖിന്റെ കുസൃതി നിറഞ്ഞ പ്രതികരണം.

IPL: Rohit Sharma fined 50% of his match fee
Posted by
25 April

ഐപിഎല്‍: അമ്പയറോട് തട്ടിക്കയറിയ രോഹിത് ശര്‍മയ്ക്ക് പിഴ

മുംബൈ: അമ്പയറോട് തട്ടിക്കയറിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് മാച്ച് ഫീസിന്റെ 50 ശതമാനം പിഴ. ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പൂനെ സൂപ്പര്‍ജയന്റ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെയാണ് സംഭവം.

മുംബൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തിലാണ് രോഹിതിന് കലിപ്പായത്. ജയദേവ് ഉനദ്കട് ആയിരുന്നു പൂനെയുടെ ബോളര്‍. മൂന്നാം പന്ത് വൈഡ് ലൈനിലൂടെ പോയെങ്കിലും അത് അമ്പയര്‍ എസ് രവി വിളിച്ചില്ലെന്നാരോപിച്ചാണ് രോഹിത് പ്രശ്‌നമുണ്ടാക്കിയത്. അമ്പയറുടെ അടുത്തേക്ക് പോയ രോഹിത് കോപത്തോടെ പ്രതിഷേധം അറിയിച്ചു. സ്‌ക്വയര്‍ ലെഗ് അമ്പയര്‍ എ നന്ദ് കിഷോര്‍ ഇടപെട്ടാണ് രോഹിതിന്റെ കോപം ശമിപ്പിച്ചത്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.1.5 ലെ ലെവല്‍ 1 കുറ്റമാണ് ശര്‍മ്മക്കെതിരെ ചുമത്തിയത്. ഈ സീസണില്‍ രോഹിതിന്റെ രണ്ടാമത്തെ ലെവല്‍ 1 ശിക്ഷയാണിതെന്നും ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് റണ്‍സിന് പരാജയപ്പെട്ടിരുന്നു.

Sanju Samson smashes first century of IPL 2017 as DD post huge total against RPS
Posted by
11 April

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ സെഞ്ച്വറി അഞ്ചു പടുകൂറ്റന്‍ സിക്‌സറുകളോടെ സഞ്ജു 100 തികച്ചത് 62 പന്തില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ സെഞ്ച്വറി. പൂനെയ്‌ക്കെതിരായ മത്സരത്തിലാണ് സെഞ്ച്വറി. തകര്‍പ്പന്‍ സെഞ്ചുറിയുമായി കളം നിറഞ്ഞ സഞ്ജുവിന്റെ മികവില്‍ പുണെയ്‌ക്കെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് മികച്ച സ്‌കോര്‍. ഐപിഎലിലെ തന്റെ കന്നി സെഞ്ചുറി കുറിച്ച സഞ്ജുവിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടിയത് സീസണിലെ ഉയര്‍ന്ന സ്‌കോറായ 205 റണ്‍സ്. 62 പന്തില്‍ എട്ടു ബൗണ്ടറിയും അഞ്ചു പടുകൂറ്റന്‍ സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഐപിഎലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്.

അവസാന ഓവറുകളില്‍ വമ്പനടികളുമായി കളം നിറഞ്ഞ ക്രിസ് മോറിസാണ് (ഒന്‍പത് പന്തില്‍ 38) ഡല്‍ഹി സ്‌കോര്‍ 200 കടത്തിയത്. ഋഷഭ് പന്ത് 22 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. പുണെയ്ക്കായി താഹിര്‍, സാംപ, ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഈ ഐപിഎല്‍ സീസണിലെ ഇതുവരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സഞ്ജുവിന്റെ 102. ഈ സീസണില്‍ ഒരു ടീം 200 കടക്കുന്നതും ആദ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടേത് മോശം തുടക്കമായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ പുണെ ബോളര്‍മാരെ നേരിടാന്‍ ഡല്‍ഹി ഓപ്പണര്‍മാരായ ആദിത്യ താരെയും സാം ബില്ലിങ്‌സും വിഷമിച്ചു. അശോക് ഡിന്‍ഡ എറിഞ്ഞ ആദ്യ ഓവറില്‍ അവര്‍ക്കു നേടാനായത് രണ്ടു റണ്‍സ് മാത്രം. രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ചാഹറിന് വിക്കറ്റ് സമ്മാനിച്ച് ആദിത്യ താരെ കൂടാരം കയറിയതോടെയാണ് സഞ്ജു കളത്തിലിറങ്ങിയത്. അഞ്ചു പന്തുകള്‍ നേരിട്ട താരെ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.

കളത്തിലെത്തിയതു മുതലേ തകര്‍ത്തടിച്ച സഞ്ജു, പുണെ ബോളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ടു. ഓവറില്‍ ശരാശരി രണ്ടു ബൗണ്ടറി എന്ന ലൈനില്‍ മുന്നേറിയ സഞ്ജു അല്‍പം മയപ്പെട്ടത് സ്പിന്നര്‍മാരുടെ വരവോടെ. എന്നാല്‍, അര്‍ധസെഞ്ചുറി കടന്നതോടെ വീണ്ടും ഗിയര്‍ മാറ്റിയ സഞ്ജു അതിവേഗം സെഞ്ചുറിയിലേക്കെത്തി. ആദം സാംപയെറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തില്‍ തകര്‍പ്പനൊരു സിക്‌സോടെ സെഞ്ചുറി കടന്ന സഞ്ജു, തൊട്ടടുത്ത പന്തില്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ സാം ബില്ലിങ്‌സിനൊപ്പം 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഞ്ജു, മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 53 റണ്‍സ് കൂട്ടുകെട്ടും തീര്‍ത്തു.

AB de Villiers come backs to IPL
Posted by
10 April

റോയല്‍ ചലഞ്ചേഴ്‌സിന് ആവേശമായി എബി ഡിവില്ലിയേഴ്‌സ് വരുന്നു

ഇന്‍ഡോര്‍: ഐപിഎല്‍ ആരാധകര്‍ക്ക് വെടിക്കെട്ട് വിരുന്നൊരുക്കാന്‍ എബി ഡിവില്ലിയേഴ്‌സ് വരുന്നു. കഅടുത്ത മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടാന്‍ ബംഗളൂരു പക്ഷത്ത് എബി ഡിവില്ലേഴ്സും ഉണ്ടാകും. മത്സരത്തിന് തയ്യാറെടുക്കാനായി ഇന്‍ഡോറിലെ ഹള്‍ക്കര്‍ സ്റ്റേഡിയത്തില്‍ താരം പരിശീലനവും ആരംഭിച്ചു. വിരാട് കോഹ്‌ലിയും കെഎല്‍ രാഹുലും പരിക്ക് മൂലം ടൂര്‍ണ്ണമെന്റില്‍ നിന്ന് ഇപ്പോള്‍ വിട്ടുനില്‍ക്കുന്ന വേളയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വലിയ ആശ്വാസമാവുകയാണ് ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ്. രാഹുല്‍ ടൂര്‍ണമെന്റില്‍ നിന്നും തന്നെ പുറത്തായപ്പോള്‍ കോഹ്‌ലി എന്ന് തിരിച്ചെത്തും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പരിക്കേറ്റതിനാല്‍ ഡിവില്ലിയേഴ്സിന് ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന അഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വെച്ചാണ് ഡിവില്ലിയേഴ്സിന് പരിക്കേറ്റത്. ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് എതിരായ മത്സര ശേഷം ഡിവില്ലേഴ്സ് മടങ്ങി വരവിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. താന്‍ ഉടന്‍ തന്നെ 100% ഫിറ്റ് ആരുമെന്നും അടുത്ത കളിയ്ക്ക് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ഡിവില്ലിയേഴ്സ് അന്ന് പറഞ്ഞത്.

ഐപിഎല്ലില്‍ 120 മത്സരം കളിച്ചിട്ടുളള ഡിവില്ലിയേഴ്സ് 39.24 ശരാശരിയില്‍ 3257 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 21 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ ഒരു വിജയവും ഒരു തോല്‍വിയുമാണ് രണ്ട് മത്സരം പിന്നിടുമ്പോള്‍ ബംഗളൂരുവിന്റെ സമ്പാദ്യം.

badminton player pv sindhu on 2nd position in world rank
Posted by
06 April

ബാഡ്മിന്റണ്‍ സൂപ്പര്‍താരം പിവി സിന്ധു ലോക റാങ്കിങ്ങില്‍ രണ്ടാമത്

ഹൈദരാബാദ്: ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍താരം പിവി സിന്ധു ലോക റാങ്കിങ്ങില്‍ രണ്ടാമതെത്തി. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് സിന്ധുവിന് കരിയറിലെ മികച്ച റാങ്കിങ് നേടിക്കൊടുത്തത്. മൂന്നു സ്ഥാനങ്ങള്‍ മറികടന്നാണ് സിന്ധു രണ്ടാമതെത്തിയത്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ പുതിയ റാങ്കിംഗ് പ്രകാരം ചൈനീസ് തായ്‌പേയുടെ തായ് സു യിങ് ആണ് ഒന്നാമത്.

2016ലെയും 2017ലെ മികച്ച പ്രകടനങ്ങളാണ് സിന്ധുവിനെ നേട്ടത്തിലെത്തിച്ചത്. ഞായറാഴ്ച നടന്ന പ്രഥമ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍സീരിസ് കലാശപ്പോരില്‍ സ്‌പെയിനിന്റെ കരോലിന മരിനെ തോല്‍പ്പിച്ച് സിന്ധു കിരീടം നേടിയിരുന്നു. റിയോ ഒളിമ്ബിക് ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയായിരുന്നു കരോലിന.

i wanted to stab Kohli with a stump: Austrlian player
Posted by
31 March

വിരാട് കോഹ്‌ലിയെ ക്രിക്കറ്റ് സ്റ്റംമ്പ് കൊണ്ട് കുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ താരം

ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‌ലിയെ ക്രിക്കറ്റ് സ്റ്റംമ്പ് കൊണ്ട് കുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മുന്‍ഓസ്ട്രേലിയന്‍ താരം എഡ് കോവന്‍. കളിക്കളത്തില്‍ വച്ചുള്ള കോഹ്‌ലിയുടെ പെരുമാറ്റത്തില്‍ പ്രകോപിതനായാണ് കുത്താന്‍ ആഗ്രഹിച്ചത്. വിവാദങ്ങള്‍ നിറഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്ക് പിന്നാലെയാണ് കോവന്റെ വെളിപ്പെടുത്തല്‍.

ഓസ്ട്രേലിയയുടെ ഇടംകൈയന്‍ ബാറ്റ്സ്മാനായിരുന്നു കോവന്‍. സംഭവത്തില്‍ കോഹ്‌ലി മാപ്പ് പറഞ്ഞുവെങ്കിലും കുത്താനുള്ള ദേഷ്യം തോന്നിയെന്ന് കോവന്‍ വെളിപ്പെടുത്തി. അതേസമയം കോഹ്‌ലിയിലെ ക്രിക്കറ്റ് കളിക്കാരനെ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് കോവന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്കിടെ ഉണ്ടായ വിവിധ വിവാദങ്ങളെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ താരങ്ങള്‍ കോഹ്ലിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കായിക ലോകത്തെ ഡൊണള്‍ഡ് ട്രംപാണ് കോഹ്‌ലിയെന്ന് ഓസീസ് മാധ്യമങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മത്സരശേഷം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഇന്ത്യന്‍ താരങ്ങളോട് തന്റെ മോശം പെരുമാറ്റത്തിന്റെ പേരില്‍ മാപ്പ് അപേക്ഷിച്ചിരുന്നു.

PCB against BCCI
Posted by
31 March

ബിസിസിഐയ്ക്ക് എതിരെ നിയമനടപടിയുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇസ്ലാമാബാദ്: പാകിസ്താനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാനില്ലെന്ന് തീരുമാനമെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമ നടപടിക്ക്. പിസിബി ചെയര്‍മാന്‍ ശഹരിയാര്‍ ഖാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) തര്‍ക്കപരിഹാര സമിതിയില്‍ ഇക്കാര്യം പരാതിപ്പെടുമെന്നും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെങ്കില്‍ ബിസിസിഐക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിസിബി ചെയര്‍മാന്‍ വ്യക്തമാക്കി. ക്രിക്കറ്റ് രംഗത്തുണ്ടാക്കിയ പരസ്പര ധാരണ കരാര്‍ ഇന്ത്യ ലംഘിച്ചത് കാരണം തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും ഖാന്‍ പരാതിപ്പെട്ടു.

‘ഇന്ത്യ-പാക് പരമ്പരക്ക് ഒരു സാധ്യതയുമില്ല. എന്നാല്‍ നമ്മള്‍ തമ്മില്‍ ഒരു ധാരണാപത്രം മുമ്പ് ഉണ്ടാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ആറു വര്‍ഷത്തില്‍ എട്ട് പരമ്പര കളിക്കുകയെന്നതായിരുന്നു കരാര്‍. എന്നാല്‍ ഇതിനകം സര്‍ക്കാര്‍ വിസമ്മതം അറിയിച്ചതിനാല്‍ ഇന്ത്യ രണ്ട് പരമ്പര കളിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു. മൂന്നാം പരമ്പര നടക്കുമെന്ന് ഞങ്ങള്‍ക്ക് യാതൊരു പ്രത്യാശയും കാണുന്നില്ല’- ഖാന്‍ വ്യക്തമാക്കി.

2015നും 2023 നും ഇടക്ക് ഇരുരാജ്യങ്ങളും തമ്മില്‍ ആറു പരമ്പര കളിക്കാന്‍ ഇന്ത്യ- പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നഷ്ടമായതോടെ ഈ പരമ്പരകള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ദുബായിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച ഈ വര്‍ഷത്തെ ഏകദിന പരമ്പരക്കും കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.

Smith invites Rehane and team India for drinks
Posted by
29 March

ടീം ഇന്ത്യയെ സൗഹൃദത്തിന് ക്ഷണിച്ച് സ്മിത്ത്; ബിയര്‍ കുടിക്കാന്‍ രഹാനെയ്ക്ക് ക്ഷണം; കോഹ്‌ലിയെ ഒഴിവാക്കി

ധര്‍മ്മശാല: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അജിങ്ക്യ രഹാനയെയും ടീം ഇന്ത്യയേയും ബിയര്‍ കുടിക്കാന്‍ ക്ഷണിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. മത്സരത്തിനിടെ ഇരുടീമുകളും പലവട്ടം ഉരസിയിരുന്നതിനാല്‍ തന്നെ മഞ്ഞുരുക്കുന്നതിനായാണ് ഓസീസ് നായകന്റെ ശ്രമം. നേരത്തെ മത്സരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കെല്ലാം മത്സരശേഷം സ്മിത്ത് ടീം ഇന്ത്യയോട് മാപ്പും ചോദിച്ചിരുന്നു.

രഹാനെയോട് അടുത്ത ആഴ്ച്ച കാണാമെന്നും പരമ്പരയ്ക്ക് ശേഷം ഒരുമിച്ച് ഡ്രിംഗ്സ് കുടുക്കുന്നതിനെ കുറിച്ച് താന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വരാമെന്ന് പറഞ്ഞതെന്നും സ്മിത്ത് പറയുന്നു. ഐപിഎല്ലില്‍ സ്മിത്തിന്റെ സഹതാരമാണ് രഹാനെ. രഹാനെയും താനും നല്ല സുഹൃത്തുകളാണ്, അടുത്ത കുറച്ച് ആഴ്ച്ച ഐപിഎല്ലില്‍ ഞാന്‍ അവരോടൊപ്പമായിരിക്കുമെന്നും
സ്മിത്ത് പറയുന്നു. ഓസ്ട്രേലിയന്‍ സംസ്‌കാരം അനുസരിച്ച് പരമ്പരയ്ക്ക് ശേഷം എതിരാളികളോടൊപ്പം ബിയര്‍ കുടിച്ചാണ് പിരിയാറ്. എന്നാല്‍ വിരാട് കോഹ്‌ലിയെ കുറിച്ച് ഒന്നും പറയാന്‍ സ്മിത്ത് തയ്യാറായില്ല.

പരമ്പരയ്ക്ക് ശേഷം സ്മിത്ത് അരുതായ്മക്കെല്ലാം മാപ്പ് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ ഓസീസ് ടീമിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. കളത്തിന് പുറത്ത് ഓസീസ് താരങ്ങള്‍ മികച്ച സുഹൃത്തുക്കളാണെന്ന് ടെസ്റ്റ് പരമ്പയുടെ തുടക്കത്തില്‍ പങ്കുവച്ച അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആ നിലപാട് മാറിയെന്നപം ഇനി ഒരിക്കലംു ഓസ്‌ട്രേലിയന്‍ താരങ്ങളുമായി സൗഹൃദത്തിനില്ലെന്നുമാണ് ക്യാപ്റ്റന്‍ കോഹ്‌ലി ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതേസമയം ഏപ്രില്‍ അഞ്ച് മുതലാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

Dharmsala test against Australia: India won by 8 wickets
Posted by
28 March

ധര്‍മ്മശാല ടെസ്റ്റും തുടര്‍ച്ചയായ ഏഴാം പരമ്പരയും ഇന്ത്യയ്ക്ക്; ഓസ്‌ട്രേലിയയുടെ കൈവശമുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യയ്ക്ക് സ്വന്തം

ധര്‍മശാല: തുടര്‍ച്ചയായ ഏഴാം പരമ്പരയും സ്വന്തമാക്കി ഇന്ത്യയുടെ വിജയക്കുതിപ്പ്. സ്വന്തം മണ്ണില്‍ മറ്റൊരു പരമ്പര നേടിയതിനൊപ്പം ഓസീസിന്റെ കൈവശമിരുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ കരസ്ഥമാക്കി. ഓസ്‌ട്രേലിയക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റ് എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കിയത്. സ്‌കോര്‍-ഓസ്‌ട്രേലിയ 300, 137; ഇന്ത്യ 332, രണ്ടിന് 106

അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുലും ക്യാപ്റ്റന്‍ രഹാനെയുമാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. പരമ്പരയിലെ ആറാമത്തേയും തുടര്‍ച്ചായ അഞ്ചാമത്തേയും അര്‍ദ്ധ സെഞ്ച്വറിയാണ് രാഹുല്‍ സ്വന്തമാക്കിയത്.ഓസീസ് ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. വിക്കറ്റ് നഷ്ടംകൂടാതെ 19 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ശേഷിച്ച 87 റണ്‍സ് ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ അടിച്ചുകൂട്ടി. ഇതിനിടയില്‍ ഓപ്പണര്‍ വജയ് (8), പൂജാര (0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ പരമ്പരയിലെ ആറാം അര്‍ദ്ധ സെഞ്ച്വറി കരസ്ഥമാക്കിയ രാഹുലും ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ക്യാപ്റ്റന്‍ രഹാനെയും വിജയം എളുപ്പമാക്കി. രാഹുല്‍ 78 പന്തില്‍ 51 റണ്‍സും രഹാനെ 30 പന്തില്‍ 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാഹുല്‍ ഒമ്പത് ഫോറുകള്‍ അടിച്ചപ്പോള്‍ നാലു ഫോറുകളും പാറ്റ് കമ്മിന്‍സിനെതിരെ തുടര്‍ച്ചയായി നേടിയ രണ്ട് സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്.

പരമ്പരയിലെ ആദ്യ മത്സരം തോറ്റശേഷമാണ് ഇന്ത്യ ശക്തമായി തിരിച്ചുവന്ന് വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

ധര്‍മ്മശാല ടെസ്റ്റില്‍ ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 137 റണ്‍സിലൊതുക്കിയ ഇന്ത്യ മത്സരം അനായാസം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.

Dharmsala test: Australia won the toss elects to bat
Posted by
25 March

ധര്‍മ്മശാലയില്‍ കോഹ്‌ലി ഇറങ്ങില്ല; രഹാനെ നായകന്‍; ഓസ്‌ട്രേലിയക്ക് ബാറ്റിങ്

ധര്‍മ്മശാല: ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പരിക്ക്. ധര്‍മ്മശാലയിലെ നിര്‍ണ്ണായക മത്സരത്തില്‍ പരുക്കിനാല്‍ വലയുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കളത്തിലിറങ്ങില്ല. കോഹ്‌ലിയുടെ അഭാവത്തില്‍ ടീം ഇന്ത്യയെ അജിങ്ക്യ രഹാനെയാണ് നയിക്കുന്നത്. കോഹ്‌ലിക്ക് പകരം കുല്‍ദീപ് യാദവ് കളത്തിലിറങ്ങും. യാദവിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്.

റാഞ്ചി ടെസ്റ്റിനിടെയാണ് കോഹ്‌ലിയുടെ തോളെല്ലിന് പരുക്കേറ്റത്. പരുക്ക് കുറഞ്ഞെങ്കിലും പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ നായകന് ഇനിയും കഴിഞ്ഞിട്ടില്ല.

ഇതിനിടെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. പേസ് ബോളര്‍മാരെ തുണയ്ക്കുന്ന ധര്‍മ്മശാലയിലെ പിച്ചില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും പ്രതീക്ഷ അര്‍പ്പിക്കുന്നു. അവസാന ടെസ്റ്റില്‍ മത്സരിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. പരമ്പരയില്‍ ഇരുടീമുകളും ഇപ്പോള്‍ ഓരോ മത്സരങ്ങളും ജയിച്ച് ഒപ്പത്തിനൊപ്പമാണ്. അവസാന ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.

പൂണെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസിനായിരുന്നു ജയം. ബാംഗ്ലൂരിലെ രണ്ടാം ടെസ്റ്റില്‍ തിരിച്ചുവന്ന ഇന്ത്യ ഓസീസിനൊപ്പമെത്തി. റാഞ്ചി ടെസ്റ്റിലെ അതേ ടീമിനെ തന്നെയാകും ഓസീസ് ധര്‍മ്മശാലയില്‍ ഇറക്കുക.