രോഹിത് തീര്‍ത്ത റണ്‍മതിലിന് മുന്നില്‍ അടിയറവ് പറഞ്ഞ് ലങ്ക: ഇന്ത്യക്ക് 141 റണ്‍സ് വിജയം
Posted by
13 December

രോഹിത് തീര്‍ത്ത റണ്‍മതിലിന് മുന്നില്‍ അടിയറവ് പറഞ്ഞ് ലങ്ക: ഇന്ത്യക്ക് 141 റണ്‍സ് വിജയം

മൊഹാലി: നോവിച്ച് വിട്ടത് മൂര്‍ഖന്‍ പാമ്പുകളെയാണെന്ന് ശ്രീലങ്ക തിരിച്ചറിഞ്ഞു. നായകന്‍ രോഹിത് ശര്‍മ്മ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിലേറി ഇന്ത്യക്ക് 141 റണ്‍സിന് വിജയം. 393 എന്ന വിജയലക്ഷ്യത്തിലെത്താന്‍ ലങ്കന്‍ നിര കിണഞ്ഞ് പരിശ്രമിച്ചെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി തളര്‍ന്ന് വീഴുകയായിരുന്നു.

എയ്‌ഞ്ചോലോ മാത്യൂസ് സെഞ്ചുറി നേടിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ വേണ്ട പിന്തുണ നല്‍കാന്‍ സഹകളിക്കാര്‍ക്കായില്ല. ഇന്ത്യയുടെ റണ്‍മല പിന്തുടര്‍ന്ന ലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാലാം ഓവറില്‍ ഓപ്പണര്‍ തരംഗ (7) വീണു. പത്ത് ഓവര്‍ തികയ്ക്കും മുമ്പ് ഗുണതിലകയും (16) പുറത്തായി. ഇതോടെ ക്രീസിലെത്തിയ മാത്യൂസ് ക്രീസില്‍ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് വിക്കറ്റ് വീഴ്ച തുടര്‍ന്നതോടെ ലങ്ക ജയം കൈവിട്ടു.

മാത്യൂസിനെ കൂടാതെ അസേല ഗുണരത്‌നയും (34) നിരോഷന്‍ ഡിക്‌വെല്ലയും (22) മൂന്നാമനായെത്തിയ തിരമന്നയും (21) മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. ചാണ്ഡിമല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംമ്ര രണ്ടു വിക്കറ്റ് സ്വന്തമാക്കി. പുതുമുഖ താരം വാഷിംഗ്ടണ്‍ സുന്ദര്‍ കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി അരങ്ങേറ്റം ഗംഭീരമാക്കി.

208 റണ്‍സോടെ പുറത്താകാതെ നിന്ന രോഹിതിന്റെ മികവില്‍ ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 392 റണ്‍സ് നേടിയത്. 153 പന്തില്‍ 13 ഫോറും 12 സിക്‌സും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ (88), ശിഖര്‍ ധവാന്‍ (68) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

 

റണ്‍സ് വഴങ്ങി നുവാന്‍ പ്രദീപിനും ‘സെഞ്ച്വറി’; നാണക്കേടില്‍ മുങ്ങി ശ്രീലങ്ക
Posted by
13 December

റണ്‍സ് വഴങ്ങി നുവാന്‍ പ്രദീപിനും 'സെഞ്ച്വറി'; നാണക്കേടില്‍ മുങ്ങി ശ്രീലങ്ക

മൊഹാലി: ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ശ്രീലങ്കന്‍ താരമെന്ന നാണക്കേടുമായിട്ടായിരിക്കും പേസര്‍ നുവാന്‍ പ്രദീപ് ഇനി സ്വന്തം മണ്ണിലേക്ക് തിരിക്കുക. ഒരു കളിക്കാരനും ആഗ്രഹിക്കാത്ത നാണക്കേടിനാണ് താരം ‘അര്‍ഹനായിരിക്കുന്നത്’.

ഇന്ത്യക്കായി രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ ബാറ്റു കൊണ്ട് തകര്‍ത്താടിയപ്പോള്‍ 10 ഓവറില്‍ 106 റണ്‍സാണ് നുവാന്‍ വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ എറിഞ്ഞിട്ട ബോളേഴ്‌സില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച് കളത്തിലിറങ്ങിയ ലങ്കയെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തല്ലിച്ചതക്കുകയായിരുന്നു. ബോളര്‍മാരെ പഞ്ഞിക്കിടുന്നതില്‍ നായകന്‍ രോഹിത് ശര്‍മ തന്നെയായിരുന്നു മുന്നില്‍. 153 പന്തില്‍ 208 റണ്‍സാണ് രോഹിത് അടിച്ചു കൂട്ടിയത്.

അതേസമയം 2006ല്‍ ഓസീസിനെതിരെ 99 റണ്‍സ് വഴങ്ങിയ ലങ്കന്‍ താരം മുത്തയ്യ മുരളീധരന്റെ ‘റെക്കോര്‍ഡാണ്’ നുവാന്‍ പ്രദീപ് മറികടന്നത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ എറിഞ്ഞിട്ട ലക്മലിനെതിരെതിരെ എട്ട് ഓവറില്‍ 71 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരയും ഗുണരത്‌നയും ഓവറില്‍ പത്ത് റണ്‍സ് ഇക്കോണമിയിലാണ് പന്തെറിഞ്ഞത്.

‘ഹിറ്റ് മാനായി നായകന്‍’; മൂന്നാം ഇരട്ട സെഞ്ച്വറി മികവില്‍ രോഹിത് ശര്‍മ; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
Posted by
13 December

'ഹിറ്റ് മാനായി നായകന്‍'; മൂന്നാം ഇരട്ട സെഞ്ച്വറി മികവില്‍ രോഹിത് ശര്‍മ; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

മൊഹാലി: പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണക്കേടിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയെ വേട്ടയാടി നേടിയത് കൂറ്റന്‍ സ്‌കോര്‍. 392ന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് ബാറ്റേന്താനായി ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇരട്ട സെഞ്ച്വറി അടിച്ച നായകന്‍ രോഹിത് ശര്‍മയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. ഇതോടെ ഏകദിന കരിയറില്‍ മൂന്നാം ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നാഴികക്കല്ലുകൂടി സ്വന്തം പേരിലാക്കി രോഹിത് ആരാധകരെ അമ്പരപ്പിച്ചു. 153 പന്തില്‍ (13 ബൗണ്ടറികളും 12 സിക്സും) 208 റണ്‍സാണ് ഈ ഇന്ത്യന്‍ ഓപ്പണര്‍ പുറത്താകാതെ സ്വന്തമാക്കിയത്.

രോഹിതിനു തകർപ്പൻ അർധസെഞ്ചുറികളുമായി പിന്തുണ നൽകിയ ഓപ്പണർ ശിഖർ ധവാൻ (68), ശ്രേയസ് അയ്യർ (88) എന്നിവരും മൽസരത്തിലെ താരങ്ങളായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ സ്കോർബോർഡിൽ ചേർത്തത് 392 റൺസ്. ഇതോടെ ഏകദിനത്തിൽ ഇന്ത്യൻ ടീം ട്രിപ്പിൾ സെഞ്ചുറിയിൽ ‘സെഞ്ചുറി’യും തികച്ചു. ഇത് നൂറാം തവണയാണ് ഇന്ത്യ ഏകദിനത്തിൽ 300 കടക്കുന്നത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 300 റൺസ് പിന്നിട്ട ടീമെന്ന റെക്കോർഡും ടീം ഇന്ത്യയ്ക്ക് സ്വന്തം.

സ്‌കോര്‍: ഇന്ത്യ-392/4

ഐഎസ്എല്‍: നെഹ്‌റു സ്റ്റേഡിയം ചവിട്ടി മെതിച്ച് സല്‍മാന്‍ ഖാന്റെ പരിപാടി; മൈതാനം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആരാധകര്‍; അറിഞ്ഞ ഭാവം നടിക്കാതെ അധികൃതര്‍
Posted by
13 December

ഐഎസ്എല്‍: നെഹ്‌റു സ്റ്റേഡിയം ചവിട്ടി മെതിച്ച് സല്‍മാന്‍ ഖാന്റെ പരിപാടി; മൈതാനം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആരാധകര്‍; അറിഞ്ഞ ഭാവം നടിക്കാതെ അധികൃതര്‍

ന്യൂഡല്‍ഹി: ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കേണ്ട സ്‌റ്റേഡിയം ചവിട്ടി മെതിച്ച് സല്‍മാന്‍ ഖാന്റെയും സംഘത്തിന്റെയും ബോളിവുഡ് ഷോ. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ മൈതാനമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പരിപാടിക്കു വേദിയാകാന്‍ വിട്ടുനല്‍കിയതു വഴി നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആരാധകര്‍ രംഗത്തെത്തിയതോടെ വിവാദം കത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയാണു പുല്‍മൈതാനത്തിനു കേടുപാട് സംഭവിച്ചത്. മൈതാനത്തിന്റെ വശങ്ങളില്‍ പലയിടത്തും പുല്ല് നശിപ്പിച്ചതായി കണ്ടെത്തി.

ശനിയാഴ്ച ഡല്‍ഹി ഡൈനാമോസും എഫ്‌സി ഗോവയും തമ്മില്‍ ഇവിടെ ഐഎസ്എല്‍ മത്സരം നടക്കേണ്ടതുണ്ട്. കേടുപാടു പറ്റിയ മൈതാനത്തു മല്‍സരം നടത്താനാവില്ലെന്നു വാദമുയര്‍ന്നെങ്കിലും അധികൃതര്‍ പ്രതികരിക്കാതെ മൊനം തുടരുകയാണ്. മുന്‍ നിശ്ചയപ്രകാരം മല്‍സരം നടക്കുമെന്നാണ് അധികൃതരുടെ പക്ഷം.

അണ്ടര്‍ 17 ലോകകപ്പിനായി ലോകോത്തര നിലവാരത്തില്‍ അണിയിച്ചൊരുക്കിയ മൈതാനം ഐഎസ്എല്‍ നടക്കുന്നതിനിടെ ആഘോഷ പരിപാടിക്കു വിട്ടുനല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാണ്. കായികത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം സിനിമയ്ക്ക് നല്‍കാനല്ല സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ആരാധകര്‍ അധികാരികളെ ഓര്‍മ്മിപ്പിക്കുകയാണ്.

കൊച്ചി ടസ്‌കേഴ്‌സിനു 850 കോടി രൂപ നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിസിസിഐ
Posted by
12 December

കൊച്ചി ടസ്‌കേഴ്‌സിനു 850 കോടി രൂപ നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കേരളത്തില്‍ നിന്നുള്ള ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സിന് 850 കോടി രൂപ നല്‍കില്ലെന്ന് ബിസിസിഐ. നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധി അംഗീകരിക്കില്ലെന്നു ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. ഇത്രയും വലിയ തുക കണ്ടെത്താനാവില്ലെന്നും ഫയല്‍ ഇടപാടുകളും ശമ്പള വര്‍ധനവും മാത്രമാണ് ബിസിസിഐ പാസാക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഇത്തരത്തിലൊരു നഷ്ടപരിഹാരം ബിസിസിഐ ജനറല്‍ ബോഡിയില്‍ പാസാക്കാന്‍ കഴിയില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍നിന്ന് പുറത്താക്കിയതിന് നഷ്ടപരിഹാരമായാണ് ബിസിസിഐ ഈ തുക നല്‍കേണ്ടത്. 460 കോടി രൂപ നല്‍കാമെന്ന് കൊച്ചി ടസ്‌ക്കേഴ്‌സിനോട് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു.

എന്നാല്‍, ആ വാഗ്ദാനം ടസ്‌ക്കേഴ്‌സ് നിരസിക്കുകയായിരുന്നു. 2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സിനെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് പുറത്താക്കിയത്. 1560 കോടി രൂപയ്ക്കാണ് കൊച്ചി ടീമിനെ വ്യവസായികളുടെ കൂട്ടായ്മയായ റെണ്‍ഡേവ്യൂ കണ്‍സോര്‍ഷ്യം 2010ല്‍ സ്വന്തമാക്കിയത്.

ഞാന്‍ ഫുട്‌ബോള്‍ ദൈവമല്ല, സാധാരണ കളിക്കാരന്‍: മറഡോണ
Posted by
12 December

ഞാന്‍ ഫുട്‌ബോള്‍ ദൈവമല്ല, സാധാരണ കളിക്കാരന്‍: മറഡോണ

കൊല്‍ക്കത്ത: ഇന്ത്യയിലെത്തിയ മറഡോണ വീണ്ടും വിനയാന്വിതനായി. ”ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല. വെറും പാവം സാധാരണക്കാരനായ ഒരു കളിക്കാരന്‍” കൊല്‍ക്കത്തയിലെത്തിയ മറഡോണയുടെ വാക്കുകള്‍ ഇങ്ങനെ. ആരാധകര്‍ മറഡോണയെ ഫുട്‌ബോളിലെ ഇതിഹാസമെന്നും മറഡോണ ഇംഗ്ലണ്ടിനെതിരെ ലോകകപ്പില്‍ നേടിയ വിവാദ കൈ കൊണ്ടുള്ള ഗോളിനെ ദൈവത്തിന്റെ കൈകള്‍ കൊണ്ടുള്ള ഗോളെന്നും പതിവായി ആരാധകര്‍ പുകഴ്ത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണു താന്‍ ദൈവമല്ലെന്ന മറഡോണയുടെ പരാമര്‍ശം.

കൊല്‍ക്കത്തയിലെത്തിയ മറഡോണ കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സാ സഹായം വിതരണം ചെയ്യുകയും, പുതിയ ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. 2008ല്‍ മറഡോണ എത്തിയപ്പോള്‍ നഗരം സാക്ഷ്യംവഹിച്ച തിരക്കൊന്നുമുണ്ടായില്ലെങ്കിലും പ്രിയ താരത്തെ ഒരു നോക്കുകാണാന്‍ ഇത്തവണയും ആരാധകര്‍ തിക്കിത്തിരക്കി.

മറഡോണയുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമയും കൊല്‍ക്കത്തയില്‍ താരം അനാവരണം ചെയ്തു. നഗരത്തിലെ പാര്‍ക്കില്‍ പിന്നീട് ഇതു സ്ഥാപിക്കും. 1986ലെ ലോകകപ്പ് കിരീടമുയര്‍ത്തി മറഡോണ നില്‍ക്കുന്ന വിധമാണ് പ്രതിമയുടെ രൂപകല്‍പന. കൊല്‍ക്കത്ത തന്റെ പ്രിയപ്പെട്ട നഗരമാണെന്നും ഇവിടെ തന്റെ പ്രതിമയുള്ളത് സ്‌നേഹസ്മാരകമാണെന്നും മറഡോണ പറഞ്ഞു.

തന്റെ പുതിയ ഗേള്‍ ഫ്രണ്ടുമൊത്താണു മറഡോണയുടെ ഇന്ത്യന്‍ സന്ദര്‍ശനം. സെപ്റ്റംബര്‍ 19നു ദുര്‍ഗാപൂജയുടെ സമയത്ത് ആദ്യമെത്തുമെന്നറിയിച്ച മറഡോണ പലതവണ സന്ദര്‍ശനം മാറ്റിവച്ചശേഷമാണ് ഒടുവിലെത്തിയത്.

ഇനി ഇവര്‍ വിരുഷ്‌ക: താരജോഡികള്‍ വിവാഹിതരായി
Posted by
11 December

ഇനി ഇവര്‍ വിരുഷ്‌ക: താരജോഡികള്‍ വിവാഹിതരായി

മിലാന്‍: രാജ്യം ഉറ്റുനോക്കിയിരുന്ന അനുഷ്‌ക വിരാട് പ്രണയജോഡികള്‍ വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ തിങ്കളാഴ്ച്ച രാവിലെയാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

ഇറ്റലിയിലെ ടസ്‌കനിയില്‍ ആഢംബര് ഹോട്ടല്‍ വിവാഹത്തിനായി പൂര്‍ണ്ണമായും ബുക്ക് ചെയ്തിരുന്നു. കനത്ത സുരക്ഷയാണ് വിവാഹവേദിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ക്രിക്കറ്റ് ലോകത്തില്‍ നിന്നും സച്ചിന്‍ തെണ്ടുല്‍ക്കറിനും, യുവരാജ് സിംഗിനും മാത്രമായിരുന്നു ക്ഷണമുള്ളത്. ബാക്കിയുള്ളവര്‍ക്ക് മുംബൈയില്‍ വിവാഹ സത്കാരം ഒരുക്കും. ബോളിവുഡില്‍ നിന്നും വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍
Posted by
11 December

2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍

മുംബൈ: 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നടക്കും. ബിസിസിഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയരാകുന്ന ആദ്യത്തെ ഏകദിന ലോകകപ്പ് എന്ന പ്രത്യകതയും ഇത്തവണയുണ്ട്.

2021ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയിലാണ് നടക്കുന്നത്. 1987,1996,2011 വര്‍ഷങ്ങളിലും ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്‍, ബംഗ്ലാദേശും, ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോടൊപ്പം വേദിയായിരുന്നു.

Kerala lost Renji match, Vidharbha in semi
Posted by
11 December

രഞ്ജി ട്രോഫി: കേരളത്തിന് കനത്ത തോല്‍വി; വിദര്‍ഭ സെമിയില്‍

സൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയോട് കനത്ത തോല്‍വി ഏറ്റുവാങ്ങി കേരളം പുറത്തായി. 413 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് വിദര്‍ഭ രഞ്ജിയില്‍ അവസാന നാല് സ്ഥാനക്കാരില്‍ അംഗമായത്.

578 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം രണ്ടാം ഇന്നിങ്‌സില്‍ 165 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധസെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിനൊഴികെ മറ്റാര്‍ക്കും കേരള നിരയില്‍ ശോഭിക്കാനായില്ല. 104 പന്തുകര്‍ നേരിട്ട സല്‍മാന്‍ നാലു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടെ 64 റണ്‍സെടുത്ത് പുറത്തായി. 16.2 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സര്‍വതെയാണ് കേരളത്തെ തകര്‍ത്തത്.

സീസണില്‍ കേരളത്തിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ച ഇതരസംസ്ഥാന താരം ജലജ് സക്‌സേന ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ ‘സംപൂജ്യ’നായി മടങ്ങിയപ്പോള്‍ തന്നെ കേരളത്തിന്റെ വിധി വ്യക്തമായിരുന്നു. സഞ്ജു സാംസണ്‍ 18 റണ്‍സെടുത്തും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 26 റണ്‍സെടുത്തും പുറത്തായി. രോഹന്‍ പ്രേം 13 റണ്‍സുമായി പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), അരുണ്‍ കാര്‍ത്തിക് (മൂന്ന്), ബേസില്‍ തമ്പി (0), അക്ഷയ് ചന്ദ്രന്‍ (0), നിധീഷ് എംഡി (ആറ്), സന്ദീപ് വാരിയര്‍ (നാല്) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം.

ഉറഞ്ഞ് തുള്ളിയ ലങ്കയ്ക്ക് മുന്‍പില്‍ ഇന്ത്യ ഭസ്മം: തോല്‍വി ഏഴു വിക്കറ്റിന്
Posted by
10 December

ഉറഞ്ഞ് തുള്ളിയ ലങ്കയ്ക്ക് മുന്‍പില്‍ ഇന്ത്യ ഭസ്മം: തോല്‍വി ഏഴു വിക്കറ്റിന്

ധര്‍മശാല: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം. 176 പന്ത് ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിന് ലങ്ക ഇന്ത്യയെ പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടുവെച്ച 113 റണ്‍സ് വിജയലക്ഷ്യം 20.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടക്കുകയായിരുന്നു.

19 റണ്‍സെടുക്കുന്നതിനിടെ ലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് തരംഗയും മാത്യൂസും ഡിക്ക്‌വെല്ലയും ചേര്‍ന്ന് ലങ്കയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഗുണതിലക, തിരിമന്ന, തരംഗ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. തരംഗ 46 പന്തില്‍ 49 റണ്‍സടിച്ചു. എയ്ഞ്ചലോ മാത്യൂസ് 25 റണ്‍സുമായും ഡിക്ക്‌വെല്ല 26 റണ്‍സുമായും പുറത്താകാതെ നിന്നു.

ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതിനെക്കാള്‍ വേഗത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തിരിച്ച് കൂടാരം കയറിയപ്പോള്‍ ഒരു ഭാഗത്ത് പിടിച്ചുനിന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയാണ് ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തിയത്.