ഭര്‍ത്താവിന്റെ ജന്മ ദിനത്തില്‍ സര്‍പ്രൈസ് കൊടുക്കാന്‍ ഇറങ്ങിത്തിരിച്ച ഭാര്യയുടെ ശ്രമം അവസാനിച്ചത് വിവാഹ മോചനത്തില്‍, ലോകമെങ്ങും വൈറലാകുന്ന റിയാദിലെ ഒരു വിവാഹ മോചനക്കഥ ഇങ്ങനെ
Posted by
13 December

ഭര്‍ത്താവിന്റെ ജന്മ ദിനത്തില്‍ സര്‍പ്രൈസ് കൊടുക്കാന്‍ ഇറങ്ങിത്തിരിച്ച ഭാര്യയുടെ ശ്രമം അവസാനിച്ചത് വിവാഹ മോചനത്തില്‍, ലോകമെങ്ങും വൈറലാകുന്ന റിയാദിലെ ഒരു വിവാഹ മോചനക്കഥ ഇങ്ങനെ

റിയാദ്: ഭര്‍ത്താവിന്റെ ജന്മ ദിനത്തില്‍ സര്‍പ്രൈസ് കൊടുക്കാന്‍ ഇറങ്ങിത്തിരിച്ച ഭാര്യയുടെ ശ്രമം അവസാനിച്ചത് വിവാഹ മോചനത്തില്‍, ലോകമെങ്ങും വൈറലാകുന്ന ഒരു വിവാഹ മോചനക്കഥ നടന്നത് സൗദിയിലെ റിയാദിലാണ്. വിവാഹം സ്വര്‍ഗത്തില്‍ നടക്കുമെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ഭര്‍ത്താവിന്റെ ജന്മദിനം മോശമാക്കാന്‍ പാടില്ലല്ലോ. അങ്ങ് റിയാദിലെ ഒരു പാവം ഭാര്യ സ്വന്തം ഭര്‍ത്താവിന് അപ്രതീക്ഷിത സമ്മാനം നല്കാന്‍ ശ്രമിച്ച് കണ്ണീരോടെ ഇരിക്കുന്ന കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പറന്നു നടക്കുന്നത്. സംഭവത്തിലെ കഥാപാത്രങ്ങളായ ഭാര്യയും ഭര്‍ത്താവും ആരാണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല.

അന്ന് ആ ഹതഭാഗ്യയാ യുവതിയുടെ ഭര്‍ത്താവിന്റെ ജന്മദിനമായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം ഒരുക്കാനായി റിയാദില്‍ നിന്നു ഒരു ടാക്‌സിയില്‍ 60 കിലോമീറ്റര്‍ അകലെയുള്ള ഖര്‍ജിലെ ഒരു പ്രമുഖ റസ്‌റ്റോറന്റിലേയ്ക്കു പോയതാണ് യുവതി. വിരുന്നൊരുക്കാനുള്ള ഷോപ്പിങ്ങും നടത്തി തിരികെ വരും വഴി മരുഭൂമിക്ക് സമീപം കാര്‍ കേടായി.

വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ കാണാതെ ദേഷ്യത്തിലായി. ഫോണില്‍ വിളിച്ചപ്പോള്‍ യുവതി സംഭവിച്ച കാര്യങ്ങള്‍ മുഴുവന്‍ ഭര്‍ത്താവിനോടു തുറന്നു പറഞ്ഞെങ്കിലും തന്റെ അനുവാദമില്ലാതെ ഇത്രയും ചെയ്‌തെന്ന കുറ്റം ചുമത്തി യുവതിയെ അവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു. പിന്നീട് തലാഖ് ചൊല്ലിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും സംഭവം വൈറലായിരിക്കുകയാണ്.

വീണ്ടും സ്വദേശിവത്കരണം ശക്തമാക്കി കുവൈറ്റ്; സര്‍ക്കാര്‍ സര്‍വീസില്‍ വിദേശികളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു
Posted by
13 December

വീണ്ടും സ്വദേശിവത്കരണം ശക്തമാക്കി കുവൈറ്റ്; സര്‍ക്കാര്‍ സര്‍വീസില്‍ വിദേശികളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു

കുവൈത്ത്‌സിറ്റി: സ്വദേശിവത്കരണം വീണ്ടും ശക്തമാക്കി കുവൈറ്റ് സര്‍ക്കാര്‍. ഘട്ടം ഘട്ടമായുള്ള സ്വദേശിവത്കരണം കൂടുതല്‍ വ്യാപകമാക്കുകയെന്നതാണ് സിവില്‍ സര്‍വിസ് ലക്ഷ്യം വെയ്ക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലുള്ള വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിന് സിവില്‍സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദേശികളെ സര്‍ക്കാര്‍പൊതുമേഖല സ്ഥാപനങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിനും അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിനുമാണ് സിവില്‍ സര്‍വീസ് കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശികളെ സര്‍വീസില്‍നിന്ന് ഒഴിവാക്കുന്ന നടപടി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതായിട്ടാണ് സിവില്‍ സര്‍വീസ് കമ്മിഷന്‍ കണ്ടെത്തിയിട്ടുള്ളത്. നിരന്തരമായി സിവില്‍ സര്‍വീസ് കമ്മിഷന്‍ സര്‍ക്കാരില്‍ നടത്തിവരുന്ന സമ്മര്‍ദത്തിന്റെ ഫലമായി അടുത്തിടെ വീണ്ടും വിദേശികളെ ഒഴിവാക്കുന്ന നടപടി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നു.

ചില പ്രത്യേകമേഖലകളില്‍ ഡേറ്റാ പ്രോസസേഴ്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, എജ്യുക്കേഷണല്‍ സര്‍വീസ്, സെക്രട്ടറിമാര്‍, ടൈപ്പിസ്റ്റ്, കഌര്‍ക്ക്, ഓപ്പറേറ്റേഴ്‌സ്, സെക്യൂരിറ്റി, മീഡിയ, പബ്ലിക് റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ തസ്തികകള്‍ കുവൈത്ത് സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെക്കണമെന്നും സിവില്‍ സര്‍വീസ് കമ്മിഷന്‍ ആവശ്യപ്പെട്ടു. കൂടാതെ ഇത്തരത്തില്‍ പ്രത്യേക തസ്തികയില്‍ തൊഴില്‍ചെയ്യുന്ന വിദേശികളെ ഒഴിവാക്കുന്നതിനും പകരം സ്വദേശികള്‍ക്ക് അവസരമൊരുക്കുന്നതിനും എല്ലാ സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളും തയ്യാറാവണമെന്നും സിവില്‍ സര്‍വീസ് കമ്മിഷന്‍ ആവശ്യപ്പെട്ടു.

ഡാവിഞ്ചിയുടെ ‘ലോകരക്ഷകന്‍’ റെക്കോര്‍ഡ് വിലയ്ക്ക് സ്വന്തമാക്കിയത് സൗദി രാജകുമാരന്‍
Posted by
09 December

ഡാവിഞ്ചിയുടെ 'ലോകരക്ഷകന്‍' റെക്കോര്‍ഡ് വിലയ്ക്ക് സ്വന്തമാക്കിയത് സൗദി രാജകുമാരന്‍

അബുദാബി: വിശ്വവിഖ്യാത ചിത്രകാരന്‍ ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ ‘ലോകരക്ഷകന്‍’ (സാല്‍വദോവര്‍ മുന്‍ഡി)എന്ന ചിത്രം റെക്കോര്‍ഡ് വിലയ്ക്ക് സ്വന്തമാക്കിയത്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. 45 കോടി ( ഏകദേശം 2906 കോടി രൂപ) ഡോളറിനാണ് ചിത്രം ലേലം ചെയ്യപ്പെട്ടത്.

അബുദാബിയിലെ ലൂര്‍ മ്യൂസിയത്തിലേക്കാണ് ചിത്രം എത്തുകയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം ആരാണ് ഇത്ര തുക നല്‍കി വാങ്ങിയതെന്ന കാര്യം ലൂര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ലോകരക്ഷകന്‍ വാങ്ങിയത് മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുഹമ്മദ് രാജകുമാരന് വേണ്ടി ബദേര്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനാണ് ചിത്രം ലേലത്തില്‍ പിടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 1505ല്‍ ഡാവിഞ്ചി വരച്ച ഈ ചിത്രം കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് വിറ്റുപോയത്. നാനൂറ്റി അമ്പത് മില്യണ്‍ അമേരിക്കന്‍ ഡോളറിന് ഈ അമൂല്യചിത്രം ലേലത്തില്‍ വിറ്റത്.

1519ല്‍ അന്തരിച്ച ഡാവിഞ്ചിയുടെ ഇരുപതില്‍ താഴെ പെയിന്റിങ്ങുകളേ ഇപ്പോഴുള്ളൂ. ഇതില്‍ ലോകരക്ഷകന്‍ മാത്രമാണ് സ്വകാര്യവ്യക്തിയുടെ കൈയ്യിലുണ്ടായിരുന്നത്. വൈകാതെ തന്നെ ഈ ചിത്രം ലൂര്‍ അബുദബി മ്യൂസിയത്തില്‍എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അഞ്ചൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഡാവിഞ്ചിയുടെ ലോകരക്ഷകന്റെ ചിത്രം നേരിട്ട് കണ്ടാസ്വദിക്കുന്നതിനുള്ള അവസരം ഒരുങ്ങുകയാണ് യുഎഇ നിവാസികള്‍ക്ക്.

യുഎഇയില്‍ നവംബര്‍ എട്ടിന് തുറന്ന ലൂര്‍ അബുദബി ഇതിനകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. നൂറു കോടി ഡോളര്‍ ചിലവഴിച്ച് 10 വര്‍ഷംകൊണ്ടാണ് മ്യൂസിയത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ആയിരം കലാസൃഷ്ടികളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. ഡാവിഞ്ചിയുടെ സാല്‍വദോര്‍ മുണ്ടി കൂടി എത്തുന്നതോടെ മ്യൂസിയത്തിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി മുങ്ങിയ പ്രവാസിയെ ദുബായ് പോലീസ് നാട്ടിലെത്തി അറസ്റ്റ് ചെയ്തു
Posted by
07 December

സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി മുങ്ങിയ പ്രവാസിയെ ദുബായ് പോലീസ് നാട്ടിലെത്തി അറസ്റ്റ് ചെയ്തു

ദുബായ്: ദുബായിയിലെ ഒരു ഫാമില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിയുടെ മരണത്തില്‍ നിലനിന്നിരുന്ന ദുരൂഹതങ്ങള്‍ നീങ്ങുകയും പ്രതിയായ മറ്റൊരു തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ദുബായ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ സ്വന്തം നാട്ടില്‍വെച്ച് പിടിച്ചത്.

കൊലപാതകത്തിനുശേഷം യാതൊരു തെളിവും അവശേഷിപ്പിക്കാതെ പ്രതി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രത്യേക സംഘത്തെ പ്രതിയെന്ന് സംശയിച്ച വ്യക്തിയുടെ നാട്ടിലേക്ക് അയച്ചാണ് അന്വേഷണം നടത്തിയതെന്ന് ദുബായ് പോലീസ് ഉദ്യോഗസ്ഥന്‍ കേണല്‍ അഹമ്മദ് ഹുമൈദ് അല്‍ മാരി പ്രതികരിച്ചു. ഇരുവരും ഏഷ്യാക്കാര്‍ എന്നല്ലാതെ ഇവരുടെ മറ്റു വിവരങ്ങള്‍ ദുബായ് പോലീസ് പുറത്ത് വിട്ടിട്ടില്ല

ഫാമില്‍ ജോലി ചെയ്തിരുന്ന ഏഷ്യക്കാരനെ കാണാനില്ലെന്ന വിവരമാണ് പൊലീസിന് ആദ്യം ലഭിക്കുന്നത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ കാണാതായ ഏഷ്യക്കാരന്റെ ഫോണും മറ്റുസാധനങ്ങളും അദ്ദേഹത്തിന്റെ റൂമില്‍ കണ്ടെത്തി.

ഫാം ഉടമസ്ഥനെ ചോദ്യം ചെയ്തപ്പോള്‍, രണ്ട് ഏഷ്യക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് വ്യക്തമായി. ഒരു ജോലിക്കാരനെ കാണാതായ അന്നു തന്നെ മറ്റേയാള്‍ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞു നാട്ടിലേക്ക് പോയിരുന്നു. പെട്ടെന്നുള്ള ഈ പോക്കില്‍ സംശയം തോന്നിയ പൊലീസ് ഒരു സംഘത്തെ ഇയാളുടെ നാട്ടിലേക്ക് അയച്ചു.

പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെയായിരുന്നു നീക്കം. ഫാമിന്റെ പരിസരം മുഴുവന്‍ പോലീസ് നായയെ കൊണ്ട് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, സ്വന്തം നാട്ടില്‍ ഒളിച്ചു കഴിയുകയായിരുന്ന ഏഷ്യക്കാരനെ കണ്ടെത്തിയപ്പോള്‍ ഇയാളാണ് കൃത്യം നടത്തിയതെന്ന് സമ്മതിച്ചു.

വാക്കു തര്‍ക്കത്തിന്റെ പേരിലുണ്ടായ കലഹത്തിലാണ് സഹപ്രവര്‍ത്തകന്‍ മരിച്ചതെന്നും ഇയാളുടെ മൃതദേഹം ദൂരെ ഒരു സ്ഥലത്ത് സംസ്‌കരിച്ചുവെന്നും പ്രതി സമ്മതിച്ചു. വളരെ ആഴത്തിലുള്ള കുഴിയെടുത്താണ് കുഴിച്ചു മൂടിയത്. അതിനു മുകളില്‍ മറ്റുനിരവധി സാധനങ്ങള്‍ ഇട്ട് മൂടുകയും ചെയ്തുവെന്ന് പ്രതി സമ്മതിച്ചു. ഇയാള്‍ ഇപ്പോള്‍ നാട്ടിലുള്ള ജയിലിലാണ്.

ദുബായ് കാണണം; തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സില്‍ മാധവി മുത്തശ്ശി വിമാനം കയറി
Posted by
07 December

ദുബായ് കാണണം; തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സില്‍ മാധവി മുത്തശ്ശി വിമാനം കയറി

ദുബായ്: സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രായം ഒരിക്കലും തടസ്സമാവില്ല. 91ാമത്തെ വയസ്സിലും പാസ്‌പോര്‍ട്ടും വിസയുമെല്ലാം കിട്ടി ഒരു മലയാളി മുത്തശ്ശി സ്വപ്‌നനഗരമായ ദുബായ് കാണാന്‍ പോയതിന്റെ വീഡിയോ വൈറലാകുന്നു.

പ്രായത്തെ തോല്‍പ്പിച്ച് മാധവി മുത്തശ്ശിയാണ് തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സില്‍
ദുബായ് കാണാന്‍ വിമാനം കയറിയത്. ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ ചുറ്റിക്കറങ്ങി, ദുബായിയുടെ വിസ്മയ സൗന്ദര്യം മതിയാവോളം ആസ്വദിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു.

റേഡിയോ മാംഗോ ദുബായിലെ ആര്‍ജെ ആദര്‍ശും ആര്‍ജെ സ്‌നിജയുമാണ് മാധു
മുത്തശ്ശിയെ ദുബായ് കാണിക്കാന്‍ കൊണ്ടുപോയത്.

അയ്യായിരം മലയാളികള്‍ക്ക് തൊഴില്‍ അവസരവുമായി എംഎ യൂസഫലി
Posted by
07 December

അയ്യായിരം മലയാളികള്‍ക്ക് തൊഴില്‍ അവസരവുമായി എംഎ യൂസഫലി

ദുബായ്: അയ്യായിരം മലയാളികള്‍ക്ക് തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി. ലുലു ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയാണ് അയ്യായിരം പേര്‍ക്ക് പുതിയ തൊഴിലവസരം എംഎ യൂസഫലി ഒരുക്കുന്നത്.

മലയാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ വലിയ പങ്കാണ് ലുലു ഗ്രൂപ്പ് വഹിക്കുന്നത്. 2018 അവസാനത്തോടെ 5000 മലയാളികള്‍ക്ക് ജോലി ലഭിക്കുമെന്നാണ് ലുലു ചെയര്‍മാന്‍ അറിയിക്കുന്നത്.എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ സാമ്പത്തിക മേഖലയില്‍ ഉണര്‍വ്വ് ഉണ്ടായെന്നും വന്‍ മുതല്‍ മുടക്കുള്ള വലിയ പദ്ധതികള്‍ നടപ്പിലാകുന്നുണ്ടെന്നും യൂസഫലി പറയുന്നു.

ഐടി ടൂറിസം മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ ലഭ്യമാകുമെന്നും യുസഫലി വ്യക്തമാക്കി

രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി തേച്ചിട്ടു പോയി; താന്‍ നല്‍കിയ പ്രണയസമ്മാനങ്ങള്‍ തിരികെ വേണമെന്ന് വാശിപിടിച്ച് കാമുകന്‍ ഒടുവില്‍ ജയിലിലുമായി
Posted by
07 December

രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി തേച്ചിട്ടു പോയി; താന്‍ നല്‍കിയ പ്രണയസമ്മാനങ്ങള്‍ തിരികെ വേണമെന്ന് വാശിപിടിച്ച് കാമുകന്‍ ഒടുവില്‍ ജയിലിലുമായി

ദുബായ്: രണ്ടുവര്‍ഷത്തെ കൊണ്ടു പിടിച്ച പ്രണയത്തിനൊടുവില്‍ കാമുകി പറ്റിച്ച കടന്നു കളഞ്ഞാല്‍ സാധാരണ കാമുകന്‍മാര്‍ എന്തു ചെയ്യും? കരഞ്ഞ് കാത്തിരിക്കും അല്ലെങ്കില്‍ എല്ലാം മറന്ന് മറ്റു വഴികള്‍തേടിപ്പോകും. എന്നാല്‍ കാമുകിയെ മറന്ന് ചുമ്മാ അങ്ങ് പോകാനൊന്നും തന്നെ കിട്ടില്ലെന്നാണ് ദുബായിയിലെ ഈ കാമുകന്‍ പറയുന്നത്. താന്‍ പ്രണയകാലത്ത് വാങ്ങി നല്‍കിയ സമ്മാനങ്ങള്‍ എല്ലാം തിരികെ തന്നിട്ടേ കാമുകിയെ വിടുകയുള്ളുവെന്ന് ദൃഢപ്രതിജ്ഞ എടുത്തു പോയി ഇയാള്‍. പക്ഷെ തന്റെ പിടിവാശി കാമുകനെ കൊണ്ടെത്തിച്ചത് ജയിലിലാണെന്ന് മാത്രം.

സംഭവം ദുബായിയിലാണ്. ഒരു കാമുകന്‍ മുന്‍കാമുകിയ്ക്ക് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വേണമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ അമ്മയെ സ്ഥിരമായി വിളിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സമ്മാനങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ മകളെ കൊല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ചൈനക്കാരനായ യുവാവിന് ദുബായ് കോടതി മൂന്നുമാസം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

23 വയസുള്ള ഇയാള്‍ രണ്ടുവര്‍ഷമായി 27 വയസുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രണയം തകര്‍ന്നതോടെയാണ് ഭീഷണി തുടങ്ങിയത്. നിരന്തരം ആവശ്യപ്പെട്ടിട്ടും യുവതി ഇതൊന്നും നല്‍കിയില്ല. തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഭീഷണി സന്ദേശം അയച്ചത്. സമ്മാനങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ മകളെ വകവരുത്തുമെന്നായിരുന്നു സന്ദേശമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പെണ്‍കുട്ടിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുകയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും പതിവായിരുന്നു.

സെപ്റ്റംബറില്‍ കേസ് പരിഗണിച്ച ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ചൈനീസ് യുവാവിന് മൂന്നു മാസം തടവ് വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഉന്നത കോടതിയില്‍ പോയെങ്കിലും അവിടെയും പരാജയപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മകളെ കൊലപ്പെടുത്തുമെന്നായിരുന്നു പ്രതിയുടെ സന്ദേശം. നാളെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അവളെയും നിങ്ങളെയും കൊല്ലുമെന്നായിരുന്നു മാതാവിന് ലഭിച്ച സന്ദേശം. ഇതാണ് യുവാവിനെ കുടുക്കിയത്. കാമുകിയും പോയി മൂന്നുമാസം ജയിലിലുമായ കാമുകനെ ഓര്‍ത്ത് വിലപിക്കുകയാണ് സോഷ്യല്‍മീഡിയ.

വീണ്ടും ജനങ്ങളുടെ ഹൃദയം കവര്‍ന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍; രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ രാജകുമാരന്‍ വ്യത്യസ്തനായത് ഇങ്ങനെ
Posted by
06 December

വീണ്ടും ജനങ്ങളുടെ ഹൃദയം കവര്‍ന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍; രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ രാജകുമാരന്‍ വ്യത്യസ്തനായത് ഇങ്ങനെ

ദുബായ്: വീണ്ടും രാജകുമാരന്‍ എന്ന പരിവേഷമില്ലാതെ സാധാരണ ജനങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നിരിക്കുകയാണ്. ജനസേവനത്തില്‍ എന്നും മുന്‍നിരയിലുള്ള ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത്തവണ ഏറെ വ്യത്യസ്തമായ തന്റെ പ്രവര്‍ത്തികൊണ്ടാണ് കൈയ്യടി നേടിയിരിക്കുന്നത്. ലോകത്തിന് തന്നെ കടുത്തഭീഷണിയായ മാലിന്യങ്ങള്‍ നിര്‍മാജനം ചെയ്യുന്ന പ്രവര്‍ത്തിക്ക് ഏറെ ശ്രദ്ധേയമായ മാതൃകയാണ് രാജകുമാരന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. കടലിലെ മാലിന്യങ്ങളെ കുറിച്ച ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ദുബായിയിലെ കടലിനടിയില്‍ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടാണ് ഷെയ്ഖ് ഹംദാന്‍ മാതൃകയായത്.

ഇദ്ദേഹം മാലിന്യം ശേഖരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. കുറച്ച് ദിവസങ്ങള്‍ മുന്‍പാണ് പൊതു ജനങ്ങളുടെ ആരോഗ്യക്ഷേമത്തിനായി ദുബായ് ഫിറ്റ്‌നെസ് ചാലഞ്ച് പരിപാടിയ്ക്ക് ഷെയ്ഖ് ഹംദാന്‍ നേതൃത്വം നല്‍കിയിരുന്നു.

ഇതിന് ശേഷം അടുത്തതായി ഏത് പ്രവര്‍ത്തനത്തിലാണ് നേതൃത്വം നല്‍കേണ്ടത് എന്ന് സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചപ്പോള്‍ കടലിലെ മാലിന്യം നീക്കം ചെയ്യാനായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതിന്റെ ഭാഗമായാണ് ആഴക്കടലിലെ സാഹസിക കൃത്യത്തിന് ഷെയ്ഖ് മുതിര്‍ന്നത്.

യുഎഇയില്‍ വീണ്ടും മലയാളിയെ തേടി കോടികളുടെ സൗഭാഗ്യം
Posted by
05 December

യുഎഇയില്‍ വീണ്ടും മലയാളിയെ തേടി കോടികളുടെ സൗഭാഗ്യം

യുഎഇയില്‍ മലയാളിയെ തേടി വീണ്ടും കോടികളുടെ ഭാഗ്യം. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിക്ക് സൗഭാഗ്യം കൈവന്നത്.

ദേവാനന്ദന്‍ പുതുമനം പറമ്പത്താണ് ചൊവ്വാഴ്ച്ച നടന്ന നറുക്കെടുപ്പില്‍ 5 മില്ല്യണ്‍ ദിര്‍ഹം (ഏകദേശം 8.76 കോടി) തുക സമ്മാനമായി നേടിയത്. മാസത്തില്‍ ഒരിക്കലാണ് ബിഗ് ടിക്കറ്റ് മില്ല്യണര്‍ നറുക്കെടുപ്പ് നടക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സമ്മാനര്‍ഹരാകുന്നതും ഇന്ത്യക്കാരാണ്.

വിശ്രമ ജീവിതത്തിനായി കാല്‍ നൂറ്റാണ്ട് നീണ്ട ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് കുടുംബത്തിലേക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസിക്ക് സംഭവിച്ചത്
Posted by
05 December

വിശ്രമ ജീവിതത്തിനായി കാല്‍ നൂറ്റാണ്ട് നീണ്ട ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് കുടുംബത്തിലേക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസിക്ക് സംഭവിച്ചത്

റിയാദ്: വിശ്രമ ജീവിതം കുടുംബവുമായി സ്വപ്നം കണ്ട പ്രവാസി ഹൃദയാഘാതത്തില്‍ മരിച്ചു. സൗദി അറേബ്യയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് വെള്ളയില്‍ സ്വദേശി വേണുഗോപാല്‍ കോട്ടയില്‍(63) ആണ് മരിച്ചത്.

കഴിഞ്ഞ 27 വര്‍ഷമായി ദമ്മാമില്‍ അലി റഷീദ് അല്‍ ദോസ്സരി ആന്‍ഡ് പാര്‍ട്ണര്‍സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് കമ്പനിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനുള്ള നടപടിക്രമങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

പുഷ്പലതയാണ് ഭാര്യ. മൂന്ന് പെണ്‍മക്കളുണ്ട്.മൃതദേഹം ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ കമ്പനി അധികൃതരുടെയും, നവയുഗം പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നു വരികയാണ്.

നവയുഗം സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന വേണുഗോപാലിന്റെ നിര്യാണത്തില്‍ നവയുഗം ദമ്മാം മേഖല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.