സംഘപരിവാറിന് കുടപിടിക്കുന്ന നേതാവിനെ ചൊല്ലി മുസ്ലിം ലീഗില്‍ കലാപം; പ്രതിഷേധവുമായി എംഎസ്എഫും
Posted by
22 November

സംഘപരിവാറിന് കുടപിടിക്കുന്ന നേതാവിനെ ചൊല്ലി മുസ്ലിം ലീഗില്‍ കലാപം; പ്രതിഷേധവുമായി എംഎസ്എഫും

മലപ്പുറം: മുസ്ലിംലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂള്‍ ആര്‍എസ്എസ് പഠന ശിബിരത്തിന് വിട്ടുനല്‍കിയത് ലീഗിനകത്തും പുകച്ചിലുണ്ടാക്കുന്നു. ഇടതുസംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതിനു പിന്നാലെ മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയും പ്രതിഷേധത്തിനിറങ്ങി. തിരൂര്‍ അയ്യായ എഎംയുപി സ്‌കൂളാണ് സംഘപരിവാര്‍ പരിപാടിയ്ക്ക് വിട്ടുനല്‍കിയത്. മതം മാറിയതിന്റെ പേരില്‍ സംഘപരിവാര്‍ കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്ന സംഭവത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരിപാടിക്ക് സ്‌കൂള്‍ വിട്ടു നല്‍കിയത് എന്നതും വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

ഒഴൂര്‍ പഞ്ചായത്തിലെ മുന്‍പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ സിപി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എഎംയുപി സ്‌കൂളാണ് ആര്‍എസ്എസ്സിന് പഠന ശിബിരം നടത്താന്‍ വിട്ടുനല്‍കിയത്. പൊതു വിദ്യാലയങ്ങള്‍ വര്‍ഗീയ സംഘടനകളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന ഉത്തരവ് ലംഘിച്ചാണ് ലീഗ് നേതാവിന്റെ സംഘ്പരിവാര്‍ സ്‌നേഹം.

സ്‌കൂളിലെ സംഘപരിവാര്‍ അനുകൂലികളായ അധ്യാപകരുടെ ഇടപെടലിനെത്തുടര്‍ന്നാണ് സ്‌കൂള്‍ വിട്ടുനല്‍കിയത്. ഇതിനെതിരേ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. നടപടി വിവാദമായതോടെ മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫും പ്രതിഷേധവുമായി സ്‌കൂളിലെത്തി.

ഇതോടെ താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു. യൂത്ത് ലീഗ് നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആര്‍എസ്എസ് വര്‍ഗീയസംഘടനയല്ലെന്നും വിവാദം അനാവശ്യമാണെന്നുമാണ് സംഘപരിവാര്‍ നിലപാട്.

ഫോണ്‍കെണി വിവാദം; കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും
Posted by
22 November

ഫോണ്‍കെണി വിവാദം; കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ഫോണ്‍കെണി വിവാദം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെ ടെലിവിഷന്‍ ചാനല്‍ ഫോണ്‍കെണിയില്‍ കുടുക്കിയതാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എകെ ശശീന്ദ്രനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുന്നതാണ് ഉള്ളടക്കമെങ്കില്‍, അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം എന്‍സിപി മുഖ്യമന്ത്രിക്ക് മുന്നില്‍വെക്കും. ഇക്കാര്യത്തില്‍മുന്നണിയും മുഖ്യമന്ത്രിയുമാണ് തീരുമാനമെടുക്കേണ്ടത്.

സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാനും മേധാവിയെ പ്രോസിക്യൂട്ട് ചെയ്യാനും നടപടി വേണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള മാധ്യമങ്ങളുടെ കടന്ന് കയറ്റം ഒഴിവാക്കാന്‍ നിയമനിര്‍മാണം വേണമെന്നും ജഡ്ജി പിഎസ് ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്.

നശിപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്കൊരിക്കലും താജ്മഹല്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല; യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
Posted by
21 November

നശിപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്കൊരിക്കലും താജ്മഹല്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല; യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയിലെ ചരിത്രസ്മാരകം താജ്മഹലിനെ തള്ളിപ്പറഞ്ഞ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. താജ്മഹലിന് ഇന്ത്യയുടെ സംസ്‌കാരവുമായോ പൈതൃകവുമായോ യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ വാദം. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹലിന് സമീപം മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗിന്റെ നിര്‍മാണജോലികള്‍ തുടരുന്നതിനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹര്‍ജി നിരസിച്ച്‌കൊണ്ടാണ് കോടതി താജ്മഹല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്.

നശിപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്കൊരിക്കലും താജ്മഹല്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി പറഞ്ഞു. താജ്മഹലില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവില്‍ വാഹനമോടിക്കുന്നതിനുള്ള നിരോധനം തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആഗ്രയില്‍ മലിനീകരണതോത് കൂടുതലാണ്. താജ്മഹല്‍ സംരക്ഷണത്തിന് പ്രത്യേകമായ പദ്ധതികള്‍ സര്‍ക്കാരിന് ഇല്ലാത്തതാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്ന് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു. പാര്‍ക്കിങ്ങ് സ്ഥലം ഒന്നര കിലോമീറ്റര്‍ അകലെ ആയാലെന്താ, വിദേശസഞ്ചാരികളുടെ സൗകര്യമാണ് നോക്കുന്നതെങ്കില്‍ അവര്‍ക്ക് നടക്കാനിഷ്ടമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

വിദേശി-സ്വദേശി വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണങ്ങളിലൊന്നായ താജ്മഹലിനെ തള്ളുന്ന നിലപാടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

ദേശാഭിമാനി ഏജന്റിനെതിരെ വധശ്രമം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍
Posted by
21 November

ദേശാഭിമാനി ഏജന്റിനെതിരെ വധശ്രമം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

കാട്ടാക്കട: കാട്ടാക്കടയില്‍ ദേശാഭിമാനി ഏജന്റായ സിപിഎം പ്രവര്‍ത്തകനെതിരെ വധശ്രമം. എസ്ഡിപിഐ പ്രവര്‍ത്തകരായ അല്‍ അമീന്‍, അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് സിപിഎം നേതാവും, ദേശാഭിമാനി ഏജന്റുമായ കെആര്‍ ശശികുമാറിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് ഇവരെ പിടികൂടി.

ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. പത്രവിതരണം നടത്തുന്നതിനിടയില്‍ പിറകില്‍ നിന്ന് വന്ന സംഘം ശശികുമാറിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം നടത്തുകയായിരുന്നു. തലയിലും കൈകാലുകള്‍ക്കും പരിക്കേറ്റ ശശികുമാറിനെ നെയ്യാറ്റിന്‍ക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയില്‍; ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും സുരേഷ് ഗോപി എംപി
Posted by
21 November

തന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയില്‍; ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും സുരേഷ് ഗോപി എംപി

കൊച്ചി: തന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലാണെന്ന് തുറന്ന് സമ്മതിച്ച് നടനും എംപിയുമായ സുരേഷ്‌ഗോപി. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ അറിയിക്കുമെന്നും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേയ്ക്ക് മാറ്റിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കേരളത്തില്‍ നികുതി വെട്ടിക്കുന്നതിന് വേണ്ടി പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസമുപയോഗിച്ചു വിലകൂടിയ ആഡംബര വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തിയതായി കണ്ടെത്തിയത് വന്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ പ്രസ്താവന.

അമല പോളിനും, ഫഹദ് ഫാസിലിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. ഫഹദ് രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റാനും നികുതി അടക്കാനും തയ്യാറാവുകയും ചെയ്തിരുന്നു. എന്നാല്‍ നടി അമലപോള്‍ നിഷേധാത്മകമായ നിലപാടാണ് ഇക്കാര്യത്തില്‍ കാണിച്ചത്. ഇതിനു പിന്നാലെയാണ് സുരേഷ്‌ഗോപി തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

ഫോണ്‍കെണി വിവാദം; റിപ്പോര്‍ട്ട് അനുകൂലമെങ്കില്‍ എകെ ശശീന്ദ്രന് മന്ത്രിയാകാമെന്ന് എന്‍സിപി
Posted by
21 November

ഫോണ്‍കെണി വിവാദം; റിപ്പോര്‍ട്ട് അനുകൂലമെങ്കില്‍ എകെ ശശീന്ദ്രന് മന്ത്രിയാകാമെന്ന് എന്‍സിപി

ന്യൂഡല്‍ഹി: ഫോണ്‍കെണി വിവാദത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ എകെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പിതാംബരന്‍ മാസ്റ്റര്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമാവുകയാണെങ്കില്‍ അദ്ദേഹത്തിന് മന്ത്രിയായി തിരിച്ചെത്താന്‍ യാതൊരു വിധ തടസ്സങ്ങളുമില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ വീണ്ടും മന്ത്രിയാകുമെന്ന് തോമസ് ചാണ്ടിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദം അന്വേഷിച്ച പിഎസ് ആന്റണി റിപ്പോര്‍ട്ട് ഇന്ന് രാവിലെയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. രണ്ട് ഭാഗങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

രാവിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മംഗളം ചാനലിലെ ഒരു ജീവനക്കാരി മന്ത്രിയായിരുന്ന ശശീന്ദ്രനുമായി ബന്ധം സ്ഥാപിക്കുകയും ഫോണ്‍ വിളിക്കുകയും ശബ്ദം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും അത് നിരാലംബയായ വീട്ടമ്മയോട് മന്ത്രി പെരുമാറിയത് എന്ന മട്ടില്‍ ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് സംഭവം. ഇതേത്തുടര്‍ന്ന് മന്ത്രി രാജിവയ്ക്കുകയും ചെയ്തിരുന്നു. വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എകെ ശശീന്ദ്രന് പകരം മന്ത്രിയായതാണ് തോമസ് ചാണ്ടി. എന്നാല്‍ കായല്‍ കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് തോമസ് ചാണ്ടി രാജിവെച്ചപ്പോള്‍ മന്ത്രിസ്ഥാനം ഒഴിച്ചിടുകയും ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു.

ഗുജറാത്തില്‍ ചോദിച്ച് വാങ്ങി പട്ടേല്‍ സമുദായം; ഹാര്‍ദിക് അനുകൂലികള്‍ക്കായി കോണ്‍ഗ്രസ് നാലിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി
Posted by
21 November

ഗുജറാത്തില്‍ ചോദിച്ച് വാങ്ങി പട്ടേല്‍ സമുദായം; ഹാര്‍ദിക് അനുകൂലികള്‍ക്കായി കോണ്‍ഗ്രസ് നാലിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി

അഹമ്മദാബാദ്: വേണ്ടത്ര പ്രാതിനിധ്യം നല്‍കിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പ്രതിഷേധിച്ച പട്ടേല്‍ സമുദായത്തിന് ഒടുവില്‍ വിജയം. തങ്ങളുടെ നോമിനികളെ ഉള്‍പെടുത്തിയില്ലെന്നാരോപിച്ച് പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നടത്തിയ പ്രതിഷേധം ഇന്നലെ അക്രമാസക്തമാവുകയും കോണ്‍ഗ്രസിന്റെ ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ഗുജറാത്തില്‍ പാട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുടെ പ്രതിഷേധം തണുപ്പിക്കാനായി കോണ്‍ഗ്രസ് നാല് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റി. ഹാര്‍ദിക് അനുയായികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ് 13 പേരടങ്ങിയ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടു.

ജുനഗഡ്, ബറൂച്ച്, കാമ്രേജ്, വരാച്ച റോഡ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മാറ്റിയത്. വജ്രവ്യാപാരകേന്ദ്രമായ സൂറത്തിലെ വരാച്ചാ റോഡില്‍ വിഎച്ച്പി തലവന്‍ പ്രവീണ്‍ തൊഗാഡിയയുടെ അനന്തരവന്‍ പ്രഫുല്‍ തൊഗാഡിയയ്ക്ക് പകരം ഹാര്‍ദികുമായി അടുപ്പമുള്ള വജ്രവ്യാപാരി ധിരു ഗജേരയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി.
കോണ്‍ഗ്രസിന്റെ തീരുമാനത്തോടെ പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി പ്രതിഷേധം അവസാനിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ശേഷം അഹമ്മദാബാദില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന വിവരം ഹാര്‍ദിക് പട്ടേല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. അതേസമയം, ഹാര്‍ദിക് പട്ടേല്‍ ഈ തെരഞ്ഞെടുപ്പില്‍ ഒരു ഘടകമേ അല്ല എന്നാണ് ബിജെപിയുടെ നിലപാട്.

കൊടിഞ്ഞി ഫൈസല്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികദിനത്തില്‍ ആര്‍എസ്എസിന് പഠന ശിബിരം നടത്താന്‍ എയ്ഡഡ് സ്‌കൂള്‍ വിട്ട് നല്‍കി മുസ്ലിം ലീഗ് നേതാവ്; വ്യാപക പ്രതിഷേധം
Posted by
21 November

കൊടിഞ്ഞി ഫൈസല്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികദിനത്തില്‍ ആര്‍എസ്എസിന് പഠന ശിബിരം നടത്താന്‍ എയ്ഡഡ് സ്‌കൂള്‍ വിട്ട് നല്‍കി മുസ്ലിം ലീഗ് നേതാവ്; വ്യാപക പ്രതിഷേധം

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തില്‍ തന്നെ ആര്‍എസ്എസ് പഠനശിബിരത്തിന് എയ്ഡഡ് സ്‌കൂള്‍ വിട്ടുനല്‍കിയതില്‍ മുസ്ലിംലീഗ് നേതാവിനെതിരെ വ്യാപക പ്രതിഷേധം. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് നേതാവ് സിപി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എഎംയുപി സ്‌കൂളിലാണ് ആര്‍എസ്എസിന്റെ പഠനശിബിരം നടത്തിയത്.

പൊതുവിദ്യാലയങ്ങള്‍ വര്‍ഗീയ സംഘടനകളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന ഉത്തരവ് ലംഘിച്ചാണ് ലീഗ് നേതാവ് ആര്‍എസ്എസിന് വേണ്ടി സ്‌കൂള്‍ അനുവദിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അധ്യാപകരായുള്ള സ്‌കൂള്‍കൂടിയാണ് അയ്യായ എഎംയുപി സ്‌കൂളെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശാഭിമാനിയാണ് വാര്‍ത്ത റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്.

മതംമാറിയതിന് ആര്‍എസ്എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ ഓര്‍മ്മയ്ക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനംതന്നെ പഠനശിബിരത്തിന് സ്‌കൂള്‍ അനുവദിച്ച മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി നടന്നതെന്നും ഇതിനു മുസ്ലീം ലീഗ് തന്നെ സമ്മതം നല്‍കിയതും പ്രധിഷേധാര്‍ഹമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പ്രധാന അധ്യാപകനായ സ്‌കൂളില്‍ മുമ്പും ആര്‍എസ്എസ് പരിപാടികള്‍ക്ക് വേദിയായിട്ടുണ്ട്.

പിരിവിന്റെ പേരില്‍ പടവെട്ടി കോണ്‍ഗ്രസ്; പടയൊരുക്കം യാത്രയിലെ പിരിവിനെ ചൊല്ലി നേതാക്കള്‍ തമ്മില്‍ അടിപിടി
Posted by
21 November

പിരിവിന്റെ പേരില്‍ പടവെട്ടി കോണ്‍ഗ്രസ്; പടയൊരുക്കം യാത്രയിലെ പിരിവിനെ ചൊല്ലി നേതാക്കള്‍ തമ്മില്‍ അടിപിടി

തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയിലെ പിരിവിനെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തമ്മിലടിയെന്ന് ആരോപണം. പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ കുറഞ്ഞ തുക താനറിയാതെ കടയില്‍ നിന്നും പിരിച്ചെടുത്തു എന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനെ മണ്ഡലം ഭാരവാഹി മര്‍ദ്ദിച്ചു.

ഇടുക്കി വെങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു വ്യാപാരസ്ഥാപനത്തില്‍ എത്തിയ മണ്ഡലം ഭാരവാഹിയായ നേതാവ് കടയുടമയോട് പടയൊരുക്കം ജാഥയ്ക്ക് പിരിവ് ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

5000 രൂപ നല്‍കാമെന്ന് സമ്മതിപ്പിച്ച് മടങ്ങിയ നേതാവിന് പിന്നാലെയെത്തിയ ബൂത്ത് പ്രസിഡണ്ട് ഇതൊന്നുമറിയാതെ 2500 രൂപ പിരിച്ച് മടങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പരസ്യമായി മണ്ഡലം ഭാരവാഹി ബൂത്ത് പ്രസിഡന്റിനെ മര്‍ദ്ദിക്കുകയായിരുന്നു.
തൊടുപുഴയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പരാതി പറയാനെത്തിയ ബൂത്ത് പ്രസിഡന്റിനോട് അതെല്ലാം മറക്കാന്‍ പറയുകയും കീറിയ ഷര്‍ട്ടിനുപകരമായി മറ്റൊരു ഷര്‍ട്ട് നല്‍കുകയുമായിരുന്നു.

ചെന്നിത്തലയുടെ യാത്ര തൊടുപുഴയില്‍ എത്തുന്നതിനു മുമ്പേയായിരുന്നു നേതാക്കളുടെ കയ്യാങ്കളി.