movie Bahubali 2: The Conclusion review by roopasree
Posted by
29 April

കണ്ണെടുക്കാന്‍ വിടാത്ത കാഴ്ച, മനസുനിറയ്ക്കുന്ന പെണ്‍നിര; ജനപ്രിയതയുടെ മര്‍മ്മമറിഞ്ഞ ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡം ബാഹുബലി 2

-രൂപശ്രീ

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? രണ്ടുവര്‍ഷത്തോളം പ്രേക്ഷകരുടെ തലപുകച്ച ചോദ്യത്തിന് ഒടുക്കം ഉത്തരം കിട്ടി. ബാഹുബലിയുടെ രണ്ടാം പകുതിക്കുവേണ്ടി രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് എന്തിനെന്ന ചോദ്യത്തിന്റെ മറുപടി ചിത്രം തന്നു കഴിഞ്ഞു. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസിലാകും ഈ കാത്തിരിപ്പ് അനിവാര്യമായിരുന്നെന്ന്. അതെ, ഒരൊറ്റ സ്‌ട്രെച്ചില്‍ പറഞ്ഞു തീര്‍ക്കാനോ കണ്ടുതീര്‍ക്കാനോ കഴിയുന്നതല്ല ബാഹുബലിയുടെ കഥ. രണ്ടാം പകുതിയിലൂടെ ചിത്രം പൂര്‍ത്തിയാകുമ്പോള്‍ മഹേന്ദ്ര ബാഹുബലിയിലൂടെ, പിതാവ് അമരേന്ദ്ര ബാഹുബലിയിലേക്കുള്ള ബ്രഹ്മാണ്ഡ യാത്രാനുഭവമാകും ബാഹുബലി.

പാഴാകാത്ത കാത്തിരിപ്പ്

ലോകസിനിമയില്‍ ഇതാദ്യമാകും ഒരു സിനിമയ്ക്കിടെ രണ്ടുവര്‍ഷത്തെ ഇടവേള. ക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മനസ് നിറഞ്ഞ് തുളുമ്പാനുള്ള വക കരുതിയിട്ടുണ്ട് സംവിധായകന്‍ എസ്എസ് രാജമൗലി. മഹിഷ്മതി രാജ്യത്തിന്റെ കരുത്തനായ പോരാളി ബാഹുബലിയെ (പ്രഭാസ്) വിശ്വസ്തനായ സേനാധിപന്‍ കട്ടപ്പ (സത്യരാജ്) കൊന്നു എന്ന സസ്‌പെന്‍സില്‍ ഫുള്‍സ്‌റ്റോപ്പിട്ട ഒന്നാം പകുതിയേക്കാള്‍ എന്തുകൊണ്ടും മികവു പുലര്‍ത്തിയിട്ടുണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം. 250 കോടി മുടക്കി നിര്‍മ്മിച്ച രണ്ടാം പകുതി ദൃശ്യഭംഗികൊണ്ടും അഭിനയത്തികവുകൊണ്ടും കഥപറച്ചില്‍ കൊണ്ടും സംവിധാനമികവുകൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുക തന്നെ ചെയ്യും.

baahu-story_647_022417113846

ഒടുവില്‍ ഉത്തരം കിട്ടി

തുടക്കം മുതല്‍ തന്നെ പ്രേക്ഷകര്‍ കാത്തിരുന്നത് ആ ഉത്തരത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ഇടവേളവരെയും അതിനുള്ള ഉത്തരം തരാതെ ബാഹുബലി നമ്മെ പിടിച്ചിരുത്തും. മഹിഷ്മതിക്ക് പ്രിയങ്കരനായ അമരേന്ദ്ര ബാഹുബലിയുടെ ജീവിതത്തിലേക്കുള്ള ദേവസേനയുടെ വരവും സഹോദരന്‍ പല്ലവതേവനുമായുളള തര്‍ക്കവും രാജ്യനഷ്ടവുമെല്ലാമാണ് ബാഹുബലി 2 പറയുന്ന കഥ. പട്ടാഭിഷേകത്തിനു മുന്‍പ് ദിഗ് വിജയത്തിനായി അമ്മ ശിവകാമി (രമ്യാകൃഷ്ണന്‍) ബാഹുബലിയെ കട്ടപ്പയ്‌ക്കൊപ്പം പറഞ്ഞുവിടുന്നു. ഇതിനിടയില്‍ ജീവിതസഖിയായ ദേവസേന (അനുഷ്‌ക)യെയും കൊണ്ട് രാജ്യത്തേക്ക് മടങ്ങിവന്ന ബാഹുബലിക്ക് സഹോദരന്‍ പല്ലവതേവന്റെയും (റാണ ദഗ്ഗുപതി) മന്ത്രിയായ പിന്‍ഗളതേവന്റെയും (നാസര്‍) കുതന്ത്രത്തില്‍ രാജകൊട്ടാരം വിട്ട് പുറത്തുപോകേണ്ടിവരുന്നു. പിന്നീട് സാധാരണക്കാര്‍ക്കൊപ്പം ജനകീനായി ജീവിക്കുന്ന ബാഹുബലി മഹിഷ്മതിയുടെ ജനസമ്മതനായ നേതാവായി മാറും.

കണ്ണെടുക്കാന്‍ വിടാത്ത കാഴ്ച

മൂന്നു മണിക്കൂര്‍ ഇമവെട്ടാന്‍ പോലും ഇടകിട്ടിയെന്നു വരില്ല. കെകെ സെന്തില്‍ കുമാറിന്റെ ഛായാഗ്രഹണ മികവും മനംകവരുന്ന ഗ്രാഫിക്‌സുകളും ബാഹുബലിയെ ഒരു മായക്കാഴ്ചയാക്കും. സ്‌ക്രീനില്‍ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ വിടാത്ത ബാഹുബലി 2 തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിക്കഴിഞ്ഞു. സാങ്കേതികത്തികവില്‍ നിറയുന്ന കാഴ്ചകള്‍ കാണാതെ പോയാല്‍ ഒരുപക്ഷേ ഒരു മനുഷ്യായുസിന്റെ വലിയ നഷ്ടമാകും അത്. മഹിഷ്മതിയിലെ കൊട്ടാരവും കോട്ടകൊത്തളങ്ങളും സങ്കല്പങ്ങളെ പോലും കവച്ചുവച്ചേക്കും. എന്നാല്‍ മുഴുനീളെ മായക്കാഴ്ചകള്‍ നല്‍കി യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വിട്ടുപോകുന്നുമില്ല ചിത്രം. ബാഹുബലി ആദ്യ ഭാഗം നല്‍കിയ ഫാന്റസി എലിമെന്റുകള്‍ ഒരു പൊടിക്ക് കുറച്ചത് സിനിമയെ കൈപ്പിടിയില്‍ നിര്‍ത്തി.

psoter

മനസുനിറയ്ക്കുന്ന പെണ്‍നിര

ഒന്നാം ഭാഗത്തില്‍ ബാഹുബലിയും കട്ടപ്പയുമാണ് മനസില്‍ തങ്ങി നിന്നതെങ്കില്‍ ഇത്തവണ ദേവസേനയും ശിവകാമിയും പ്രേക്ഷകഹൃദയത്തില്‍ വലിയൊരു ചാരുകസേരയിട്ട് ഇരുന്നു. ശിവകാമിയായി രമ്യാകൃഷ്ണന്‍ ഇത്തവണയും ഞെട്ടിച്ചു. ശിവകാമിക്ക് മികച്ച എതിരാളിയായി അഭിനയം കൊണ്ടും കഥാപാത്രത്തിന്റെ ആഴം കൊണ്ടും ദേവസേന നിവര്‍ന്നുനിന്നു. ബാഹുബലിക്കു സമമായി മഹിഷ്മതിയുടെ അങ്കത്തട്ടില്‍ നിവര്‍ന്നു നിന്ന് ആജ്ഞകളും അധികാരവും കൈയാളുന്ന സ്ത്രീകളാണ് ഇവര്‍ രണ്ടുപേരും. ബാഹുബലിയോട് തോള്‍ചേര്‍ന്നു നില്‍ക്കുന്ന പങ്കാളിയായി ദേവസേനയും മഹിഷ്മതിക്ക് അധികാരസ്വരമായ ശിവകാമിയും ചിത്രത്തിന്റെ നെടുംതൂണുകളാണ്. മഹേന്ദ്ര ബാഹുബലിയുടെ വളര്‍ത്തമ്മയായെത്തുന്ന രോഹിണിയെയും രണ്ടാം പകുതിയില്‍ പ്രാധാന്യത്തോടെ പരിഗണിച്ചിട്ടുണ്ട്. മഹേന്ദ്ര ബാഹുബലിയുടെ നായിക അവന്തിക (തമന്ന) ഒടുക്കം ചില ഷോട്ടുകളില്‍ മാത്രം നിലനിര്‍ത്തിയതും ഉചിതമായി.

കെഎം കീരവാണിയുടെ സംഗീതമികവ് ഇത്തവണയും വിസ്മരിക്കാനാവില്ല. വസ്ത്രാലങ്കാരവും മാസ്മരിക സെറ്റുകളും നീണ്ട താരനിരയും പിന്നണി പ്രവര്‍ത്തകരും ഒത്തുപിടിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമാ പോക്കറ്റില്‍ വീണ്ടുമൊരു ബ്രഹ്മാണ്ഡ ഹിറ്റ് ചരിത്രം തീര്‍ത്തു ബാഹുബലി.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

mammootty movie the great father going 100 cr club
Posted by
03 April

കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയം; ദി ഗ്രേറ്റ്ഫാദര്‍ 100 കോടി ക്ലബിലേക്ക് കുതിക്കുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് ദി ഗ്രേറ്റ്ഫാദറിന്റെ കളക്ഷന്‍ ഈ വാരാന്ത്യം കഴിയുമ്പോള്‍ 20 കോടി കടക്കുമെന്നാണ് പുതിയ ബോക്‌സോഫീസ് വിശകലനം. രണ്ട് ദിവസം കൊണ്ട് പത്തുകോടിക്കടുത്താണ് ചിത്രം കളക്ഷന്‍ നേടിയത്. സമീപകാല മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയും തരംഗം സൃഷ്ടിച്ച ഒരു ഓപ്പണിംഗ് ഇല്ല. ആദ്യദിവസം 4.31 കോടി രൂപ കളക്ഷന്‍ നേടിയ ഗ്രേറ്റ്ഫാദര്‍ രണ്ടാം ദിനം പണിമുടക്കായിട്ടും റെക്കോര്‍ഡ് കുതിപ്പ് നടത്തി. രണ്ടാം ദിനത്തിലെ കളക്ഷന്‍ 5.5 കോടി രൂപയാണ്. ഇതുപോലെയൊരു കുതിപ്പ് മലയാള സിനിമയില്‍ ഇതാദ്യമാണ്. പുലിമുരുകന്റെ മൂന്നാം ദിനത്തില്‍ ഒരു കുതിപ്പ് കണ്ടെങ്കിലും അത് 4.8 കോടിയില്‍ ഒതുങ്ങിയിരുന്നു. മലയാള സിനിമാലോകമാകെ ഈ വമ്പന്‍ വിജയത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് ഒരു മമ്മൂട്ടിച്ചിത്രവും ഇതിന് സമാനമായ പ്രകമ്പനം സൃഷ്ടിച്ചിട്ടില്ല. മലയാളത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞുകൊണ്ടുള്ള മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ലോകമെമ്പാടുമായി നാനൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ദി ഗ്രേറ്റ്ഫാദര്‍ 25 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ കടക്കാനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടി എന്ന ഒറ്റ ഫാക്ടറാണ് ഈ സിനിമയെ ചരിത്രവിജയമാക്കിത്തീര്‍ക്കുന്നതില്‍ പ്രധാനഘടകമായത്. ഹനീഫ് അദേനി എന്ന നവാഗത സംവിധായകന്‍ ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. വമ്പന്‍ സ്രാവുകള്‍ ഇനിയും റിലീസായിക്കൊള്ളട്ടെ, ബിഗ് ഡാഡിയെ അതൊന്നും ബാധിക്കില്ലെന്ന് തെളിയിച്ചുകൊണ്ടാണ് ഗ്രേറ്റ്ഫാദറിന്റെ കുതിപ്പ്.

angamali natives review on angamali diaries movie
Posted by
12 March

അങ്കമാലി ഡയറീസിന് ഒരു അങ്കമാലിക്കാരന്റെ റിവ്യൂ

മലയാളത്തിലെ ഏറ്റവു പുതിയ സൂപ്പര്‍ഹിറ്റായ അങ്കമാലി ഡയറീസ് എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിച്ച് മുന്നേറുകയാണ്. 80 ല്‍ അധികം പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അങ്കമാലിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്ന്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വരെ അഭിനന്ദിച്ച ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയിലും മികച്ച റിവ്യൂസ് ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ മുന്‍ എസ്ഫ്‌ഐ നേതാവും അങ്കമാലി സ്വദേശിയുമായ രതീഷ് കുമാര്‍ മാണിക്യമംഗലം എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത റിവ്യൂ ശ്രദ്ദയമായമാവുകയാണ് .

രതീഷ് കുമാര്‍ മാണിക്യമംഗലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അങ്കമാലി ഡയറീസ് കണ്ടു..

ഈ സിനിമയില്‍ അങ്കമാലിയുടെ മണവും നിറവുമുണ്ട്. മാര്‍ക്കറ്റും, പോര്‍ക്കും, പാരീസ് ഹോട്ടലും, പള്ളിയും, പെരുന്നാളും, ചേറ്റുങ്ങല്‍ ബാറും, പ്രദക്ഷിണവും എല്ലാം ചേര്‍ന്ന് അങ്കമാലിയെ അനുഭവിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ അങ്കമാലിയില്‍ കുപ്രസിദ്ധമായിരുന്ന ഗുണ്ടാസംഘങ്ങളും, നിമിഷ നേരം കൊണ്ട് പ്രകോപിതമാകുന്ന ശരാശരി അങ്കമാലിക്കാരന്റെ മനസും, അരക്ഷിതത്വത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന യൗവ്വനങ്ങളും ഈ സിനിമയ്ക്ക് പശ്ചാത്തലമാവുന്നുണ്ട്. ആകാരം കൊണ്ട് ചെറുതെങ്കിലും സ്‌ക്രീനില്‍ അപാരമായ സാന്നിദ്ധ്യം കൊണ്ട് നിറയുന്ന അപ്പാനി രവിയും, പൊട്ടിത്തെറിച്ച യൗവ്വനം കണ്ണില്‍ നിറച്ച വിന്‍സന്റ് പെപ്പെയും, ഓരോ ചെറുചലനങ്ങളിലും പ്രണയം തൂവുന്ന ലിച്ചിയുമടക്കം മലയാള സിനിമയില്‍ കണ്ടു പരിചയമില്ലാത്ത എത്ര കഥാപാത്രങ്ങള്‍!! പലരെയും പക്ഷെ അങ്കമാലിക്കാര്‍ക്ക് കണ്ടോ കേട്ടോ പരിചിതമായി അനുഭവപ്പെടുകയും ചെയ്യും.

സിനിമ ‘കഥ പറച്ചിലാണ്’ എന്ന് ഒരു കഥയുമില്ലാതെ ധരിച്ചു പോയ മലയാളത്തില്‍ ഇത്തരം സംരംഭങ്ങളാണ് അപൂര്‍വ്വമായെങ്കിലും സിനിമാറ്റിക് അനുഭവങ്ങള്‍ സമ്മാനിക്കുന്നത്. അങ്കമാലിയില്‍ കറങ്ങി നടന്ന കഥാപാത്രങ്ങള്‍ക്കു പുറകേ ഓടുകയായിരുന്നു എന്ന മട്ടില്‍ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനും, സിനിമയ്ക്ക് ബാധ്യതയാവാത്ത വണ്ണം സംഭാഷണങ്ങള്‍ പോലെ ഗാനങ്ങള്‍ കോര്‍ത്തു വെച്ച പ്രശാന്ത് പിള്ളയുമടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ തരുന്ന പ്രതീക്ഷകള്‍ വാനോളമാണ്. എന്നാല്‍ സാങ്കേതികതകള്‍ കൊണ്ട് സങ്കീര്‍ണ്ണമാക്കാതെ അനുഭവങ്ങളുടെ മൂര്‍ച്ചത്തിളക്കമുള്ള സിനിമ. അങ്കമാലിയിലെ എല്ലാ ചെറുപ്പക്കാരുടെയും ചേട്ടനായ സജി വര്‍ഗ്ഗീസേട്ടന്റെ സഹോദരനായ സിനോജ് വര്‍ഗീസേട്ടന്റെ (കുഞ്ഞൂട്ടി) സാന്നിദ്ധ്യവും സിനിമയെ വ്യക്തിപരമായി പ്രിയപ്പെട്ടതാക്കുന്നുണ്ട്. ആദ്യ സിനിമയെന്ന് തോന്നിക്കാത്തവണ്ണം അറിഞ്ഞഭിനയിച്ച 86 പുത്തന്‍ വാഗ്ദാനങ്ങള്‍ക്കും, അങ്കമാലിയുടെ ഒരു മുഖം നാടകീയതയില്ലാതെ എഴുതി ഫലിപ്പിച്ച ചെമ്പന്‍ വിനോദ് ജോസിനും, ആമേന്‍ എന്ന സിനിമയ്ക്കു ശേഷം സിനിമാവതരണത്തില്‍ പുതിയ വഴിയിലൂടെ ഏറെ മുന്നേറിയ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും അഭിനന്ദനങ്ങള്‍.. അവസാനമായി, വിന്‍സെന്റ് പെപ്പെ ആ അങ്കമാലി മലയാളം പറയുന്നത് കേള്‍ക്കുമ്പോ വല്ലാത്ത ഒരു സുഖമുണ്ട്..

ankamaly diaries review
Posted by
04 March

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അഡാറ് പീസായ ഒരു കട്ടലോക്കല്‍ പടം : തീയ്യേറ്റര്‍ ഇളക്കി മറിച്ച് അങ്കമാലി ഡയറീസ് മുന്നേറുന്നു

പോപ്പുലര്‍ സിനിമയുടെ നടപ്പു രീതികളെ പൊളിച്ചെഴുതുക എന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അത് വളരെ ധൈര്യത്തോടെ ചെയ്യുന്ന പതിവ് രീതി ലിജോ ജോസ് അങ്കമാലി ഡയറീസിലും ആവര്‍ത്തിച്ചിട്ടുണ്ട്. അവിടെ പുതുമുഖ നായകനോ നായികയോ ഇല്ല, ഒരു കൂട്ടം പുതുമുഖങ്ങള്‍ മാത്രം. ഒരു കട്ട ലോക്കല്‍ പടം എന്നാണ് അങ്കമാലി ഡയറീസിന്റെ സബ് ടൈറ്റില്‍. അതിവിടെ എങ്ങനെ വിലപ്പോവും എന്നത് അറിയില്ലെങ്കിലും, ‘ഞങ്ങള്‍ പരിചയപ്പെടുത്തുന്ന 86 പുതുമുഖങ്ങള്‍’ എന്ന ധൈര്യം തന്നെയാണ് സിനിമയുടെ ഒരു യുഎസ്പി.

ഒരു ദേശത്തെ തന്നെയാണ് സിനിമ ആദ്യം മുതല്‍ കൃത്യമായി അടയാളപ്പെടുത്തുന്നത്. ഒരു ജനപ്രിയ സമകാലിക മാസ്സ് കൊട്ടേഷന്‍ മലയാള സിനിമയുടെ ആരാധകര്‍ക്ക് ആസ്വദിക്കാന്‍ ഒന്നും തരാന്‍ ഇടയില്ല അങ്കമാലി ഡയറീസ്. താരാരാധകരെയും നിരാശപ്പെടുത്തും. ഹീറോയിസം ഒന്നും തന്നെ ഇല്ല. മൊബൈല്‍ വെളിച്ചത്തില്‍ മുഴുകിയ അലസ കാഴ്ചയിലും അങ്കമാലി ഡയറീസ് പ്രേക്ഷകര്‍ക്കായി ഒന്നും ഒരുക്കി വച്ചിട്ടില്ല. പക്ഷേ, പരീക്ഷണങ്ങള്‍ കൂടിയാണ് സിനിമ എന്ന് സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുന്നവരെ നിരാശപ്പെടുത്താത്ത ഒരു സിനിമയാണിത്.ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ഡബിള്‍ ബാരലിന് ശേഷം പുറത്തിറങ്ങുന്ന ലിജോ ജോസ് സിനിമയാണ് അങ്കമാലി ഡയറീസ്. ഒരു പരീക്ഷണ ചിത്രം എന്നു തന്നെ തോന്നും വിധത്തിലുള്ള ട്രെയിലറും പാട്ടുകളും പ്രേക്ഷകര്‍ തുടക്കം മുതല്‍തന്നെ ശ്രദ്ധിച്ചിരുന്നു.

ഒരു സിനിമയോടു കാണിക്കുന്ന അതിസൂഷ്മതയും ശ്രദ്ധയും അപൂര്‍വ്വമായ കാഴ്ചയാണിവിടെ, മേക്കപ്പ് അണിഞ്ഞ നായികയോ വില്ലനെ കുത്തി വീഴ്ത്തുന്ന നായകനെയോ പ്രത്യക്ഷപ്പെടുത്താതെ വളരെ ധൈര്യസമേതം കാണികള്‍ക്കിടയിലേക്ക് ചിത്രത്തെ സംവിധായകന്‍ എത്തിച്ചു. വളരെ സൂക്ഷ്മതയോടെ അലസം എന്ന് നാം കരുതുന്ന വിദൂരമായ കാഴ്ചകള്‍പോലും സംവിധായകന്‍ ഒരോ ഫ്രയിമിലും അടയാളപ്പെട്ടിട്ടുണ്ട്.
ഒരുപാട് പരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു സിനിമയാണിതെന്ന് അങ്കമാലി ഡയറീസ് തെളിയിച്ചു തരുന്നു.

movie review munthirivallikal thalirkkumabol
Posted by
20 January

പൂത്തു തളിര്‍ത്ത് മുന്തിരി വള്ളികള്‍; എല്ലാവര്‍ക്കും കണ്ടു രസിക്കാവുന്ന ഒരു കംപ്ലീറ്റ് കുടുംബ ചിത്രം എന്ന വിശേഷണവുമായി 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' ഹിറ്റിലേക്ക്

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ പ്രണയം നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്ന ചെറിയ തട്ടലും മുട്ടലും ഇണക്കങ്ങളും പിണക്കങ്ങളും മെല്ലാം കോര്‍ത്തിണക്കിയ ‘മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍’ എല്ലാവരും കണ്ടിരിക്കേണ്ട ഒരു മനോഹര ചിത്രമാണ്. വെളളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച ജിബു ജേക്കബിന്റെ സംവിധാനത്തിലിറങ്ങിയ രണ്ടാമത്തെ ചിത്രമായ ‘മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയും പ്രതീക്ഷകള്‍ തെറ്റിക്കുന്നില്ല.

പഞ്ചായത്ത് സെക്രട്ടറിയായ സാധാരണക്കാരനാണ് ഉലഹന്നാന്‍. അയാളുടെ ഭാര്യ ആനിയും രണ്ട് മക്കളും സുഹൃത്തുക്കളും പിന്നെ അയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുറേ കഥാപാത്രങ്ങളും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉലഹന്നാന് പണ്ടൊരു പൂവണിയാതെ പോയ പ്രണയം ഉണ്ടായിരുന്നു വിവാഹത്തിനിപ്പുറം നഷ്ടപ്രണയത്തെ തിരികെ കിട്ടണമെന്ന മോഹം മനസിലുദിക്കുന്നതും പിന്നിടുണ്ടാകുന്ന പുലിവാലുകളുമാണ് ‘മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍’ രസകരമായി ദൃശ്യവത്കരിക്കുന്നത്.

munth

പ്രായത്തെ തോല്‍പ്പിക്കുന്ന അമൃതാണ് പ്രണയമെന്നും അത് ഏതു പ്രായത്തിലും വാര്‍ദ്ധക്യത്തെ കൗമാരക്കാരനാക്കുമെന്നും പറയുന്നത് വളരെ ശരിയാണ്. പ്രണയ രംഗങ്ങളില്‍ തന്നെ തോല്‍പ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് മോഹന്‍ലാലിന്റെ ഉലഹന്നാനിലൂടെ വീണ്ടും തെളിയിക്കപ്പെടുകയാണ്.
രൂപത്തിലും ഭാവത്തിലും എന്തിന് ശബ്ദത്തില്‍ പോലും പ്രണയത്തിന്റെ ആര്‍ക്കും നിര്‍വചിക്കാനാകാത്ത ഭാവങ്ങള്‍ വിതറി മോഹന്‍ലാല്‍ തന്റെ വേഷം ഗംഭീരമാക്കി.

ഭാര്യയായി എത്തിയ മീന രണ്ടരമണിക്കൂര്‍ ആനിയമ്മയായി ജീവിക്കുകയായിരുന്നു. മക്കളായി എത്തിയ അയ്മ സെബാസ്റ്റിന്‍, സനൂപ് സന്തോഷ് എന്നവര്‍ തങ്ങളുടെ വേഷം മികച്ചതാക്കി. പിന്നീട് ചിത്രത്തില്‍ എടുത്തു പറയണ്ടത് ഉലഹന്നാന്റെ അയന്‍ക്കാരനായി എത്തിയ അനൂപ് മേനോന്റെ വേണുക്കുട്ടന്‍ എന്ന കഥാപാത്രമാണ്. ആള് പഞ്ചാര കുട്ടനാണെങ്കിലും ഉലഹന്നാന് ആത്മവിശ്വാസം നല്‍കുന്ന കുട്ടുകാരനായി സിനിമയില്‍ ലാലിനൊപ്പം മുഴുനീള വേഷത്തിലുണ്ട്.

15972513_1241840692538291_5749770683670097253_o

സുരാജ് വെഞ്ഞാറമൂട്,കലാഭവന്‍ ഷാജോണ്‍ , ബിന്ദുപണിക്കര്‍, സൃന്ദ ,വീണ നായര്‍ നെടുമുടി വേണു, രാഹുല്‍ മാധവ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എം സിന്ദുരാജിന്റെ തിരക്കഥയും സംഭാഷണവും പ്രേക്ഷക മനസില്‍ ഇടംനേടി. വിജെ ജെയിംസിന്റെ പ്രണയോപനിഷത്തിനെ ആസ്പദമാക്കിയാണ് തിരക്കഥ വികസിപ്പിച്ചത്. മുന്തിരിവളളികളിലെ ഡയലോഗുകള്‍ ഭര്‍ത്താക്കന്‍മാരെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിളളയുടെതാണ്. ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ബിജിപാല്‍ ചിത്രത്തിലെ രണ്ടു പാട്ടുകള്‍ക്ക സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. രണ്ടു പാട്ടുകള്‍ക്ക് എം ജയചന്ദ്രനും ഈണം നല്‍കി. ചുരുക്കത്തില്‍ എല്ലാവര്‍ക്കും കണ്ടു രസിക്കാവുന്ന ഒരു കംപ്ലീറ്റ് കുടുംബ ചിത്രമായി ‘മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തെ വിശേഷിപ്പിക്കാം.

‘Dangal’ box-office collection first weekend: Aamir Khan film crosses the 100-crore mark
Posted by
26 December

റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി ചരിത്രം കുറിച്ച് ആമിര്‍ ഖാന്റെ ദംഗല്‍

പുറത്തിറങ്ങി വെറും മൂന്ന് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ആമിര്‍ഖാന്റെ പുതിയ ചിത്രം ദംഗല്‍ ഏറ്റവും വേഗം 100 കോടി ക്ലബില്‍ ഇടപിടിച്ച ചിത്രം എന്ന റെക്കോര്‍ഡ് ഇനി ദംഗലിനാണ്. ഒരു ദിവസം കൊണ്ട് ഏറ്റവുമധികം തുക വാരിക്കൂട്ടിയ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ക്രിസ്മസ് ദിനത്തില്‍ മാത്രം ചിത്രം വാരിക്കൂട്ടിയത് 41.25 കോടിയാണ്. ഇതോടെ ചിത്രം വാരിയെടുത്തത് 104.25 കോടിയാണ്.

എല്ലാത്തരം എതിര്‍പ്പുകളേയും മറികടന്നുകൊണ്ട് പെണ്‍മക്കളെ ഗുസ്തി പരിശീലിപ്പിച്ച് സ്വര്‍ണമെഡലിന് അര്‍ഹനാക്കിയ മഹാവീര്‍ സിങ്ങിന്റെ കഥയാണ് ചിത്രം പറയുന്നത്. ബോക്‌സ്ഓഫീസില്‍ കുതിപ്പു തുടരുന്ന ദംഗലിലൂടെ . മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന് എന്തുകൊണ്ട് തന്നെ വിളിക്കുന്നു എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ആമീര്‍.

mohanlals manyam puli super hit at andhra; film may get 100 cr in andhra only
Posted by
07 December

ആന്ധ്രയിലാകെ മന്യം പുലി തരംഗം; തെലുങ്കിലും മെഗാസ്റ്റാറായി മോഹന്‍ലാല്‍; തെലങ്കാനയിലും സീമാന്ധ്രയിലും മാത്രമായി മന്യം പുലി 100 കോടി നേടിയേക്കും

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ‘മന്യം പുലി’ തെലുങ്ക് നാട് കീഴടക്കുകയാണ്. ഇതുപോലെ ഒരു വിജയം തെലുങ്ക് സിനിമകള്‍ക്ക് പോലും അപൂര്‍വ്വമാണ്. ആന്ധ്രയിലാകെ മന്യം പുലി തരംഗമാണ്. വീണ്ടും മോഹന്‍ലാല്‍ തെലുങ്ക് നാട് കീഴടക്കിയിരിക്കുന്നു.

ജനതാ ഗാരേജിന്റെ മഹാവിജയത്തോടെ തന്നെ സീമാന്ധ്രയിലും തെലങ്കാനയിലും മോഹന്‍ലാലിന് ഫാന്‍സ് അസോസിയേഷനുകള്‍ രൂപപ്പെട്ടിരുന്നു. ഇപ്പോള്‍ തെലുങ്ക് നാടിന്റെ മുക്കും മൂലയും മോഹന്‍ലാല്‍ ആരാധകരാല്‍ നിറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തെലുങ്കിലെ സൂപ്പര്‍താരമായ മഹേഷ്ബാബു മന്യം പുലി കണ്ടു. മോഹന്‍ലാലിന്റെ പ്രകടനത്തെ എങ്ങനെ പുകഴ്ത്തണമെന്നറിയാതെ, വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന മഹേഷ് ബാബുവിനെയാണ് എല്ലാവര്‍ക്കും കാണാനായത്. പുലിമുരുകനായി മോഹന്‍ലാലിന്റെ പ്രകടനം ഇതിഹാസതുല്യമെന്നാണ് മഹേഷ്ബാബുവിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ചിരഞ്ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ് ത്രയങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ മോഹന്‍ലാലിനെ പ്രതിഷ്ടിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഏറ്റവും കുറഞ്ഞത് രണ്ട് തെലുങ്ക് സിനിമകളെങ്കിലും മോഹന്‍ലാലില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഒരു ഡബ്ബിംഗ് പതിപ്പിന് ഇതുപോലെ ഒരു സ്വീകരണം തെലുന്മ്ക് നാട്ടില്‍ മുമ്പ് ഉണ്ടായിട്ടില്ല. പുലിമുരുകന് കേരളത്തില്‍ ലഭിച്ചതിനേക്കാള്‍ മികച്ച വരവേല്‍പ്പാണ് മന്യം പുലിക്ക് ആന്ധ്രയില്‍ ലഭിക്കുന്നത്.

തെലങ്കാനയിലും സീമാന്ധ്രയിലും മാത്രമായി മന്യം പുലി 100 കോടി കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാനൂറോളം തിയേറ്ററുകളിലാണ് ഇപ്പോള്‍ തെലുങ്ക് ദേശത്ത് മന്യം പുലി പ്രദര്‍ശിപ്പിയ്ക്കുന്നത്.

Mohanlal’s Pulimurugan joins 100 cr club; historic moment for Malayalam cinema
Posted by
07 November

ചരിത്രനേട്ടം കൊയ്ത് മലയാള സിനിയുടെ അഭിമാനം വാനോളം ഉയര്‍ത്തി മോഹന്‍ലാല്‍: പുലിമുരുകന്‍ 100 കോടി ക്ലബില്‍, കേരളത്തില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ചിത്രം വീണ്ടും കൂടുതല്‍ തിയേറ്ററുകളിലേക്ക്

താരരാജാവ് മോഹന്‍ലാല്‍ തകര്‍ത്താടിയ മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടി ക്ലബില്‍. ചിത്രം റിലീസായി ഒരുമാസം പിന്നിടൂമ്പോഴാണ് ഈ ചരിത്രനേട്ടം. ആദ്യമായാണ് ഒരു മലയാള സിനിമ 100 കോടി ക്ലബില്‍ ഇടം നേടുന്നത്. ഇപ്പോള്‍ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്ന പുലിമുരുകന്‍ കേരളത്തില്‍ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചേക്കും.

കേരളത്തില്‍ നിന്ന് 60 കോടിയിലേറെ ഇതിനോടകം കളക്ഷന്‍ നേടിക്കഴിഞ്ഞു. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 77 കോടി പിന്നിട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇതുവരെയുള്ള കലക്ഷന്‍ 13.83 കോടിയാണ്.

15000780_1804776186475056_2443138383129658160_o

സാറ്റലൈറ്റും ഓഡിയോയും മറ്റ് ബിസിനസുകളും കൂടി പുലിമുരുകന്‍ റിലീസിനുമുമ്പുതന്നെ 15 കോടി സ്വന്തമാക്കിയിരുന്നു. ഇതുവരെയുള്ള മൊത്തം കളക്ഷന്‍ പരിശോധിക്കുമ്പോള്‍ അത് 105 കോടി പിന്നിട്ടുകഴിഞ്ഞു. യൂറോപ്പിലെയും മറ്റും കളക്ഷന്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ മോഹന്‍ലാലിന്റെയും മലയാള സിനിമയുടെ ഏറ്റവും വലിയ ഹിറ്റാകുമ്പോള്‍ അത് മലയാളാ സിനിമയെ തന്നെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്.

special report on mohanlal and his new movie puli mrugan historical victory
Posted by
09 October

താരരാജപ്പട്ടം ചൂടി പിന്‍ഗാമികളാവാന്‍ യുവനിര ഇനിയും ഏറെക്കാലം വിയര്‍പ്പൊഴുക്കേണ്ടി വരും: ആര്‍ക്കും തൊടാന്‍ പറ്റാത്ത ഉയരത്തില്‍ മോഹന്‍ലാല്‍, അന്‍പത്തിയാറാം വയസ്സിലും മാസ്മരിക പ്രകടനം, നൂറികോടി ക്ലബ്ബ് കൈയ്യെത്തും ദൂരത്ത്

-എസ്പി കോമല്ലൂര്‍

മലയാളത്തിന്റെ ബാഹുബലിയെന്നും മലയാള സിനിമ ഇന്നുവരെക്കാണാത്ത അത്ഭുത ചിത്രമെന്നും ഒക്കെയുള്ള മുക്ത കണ്ഡ പ്രശംസ നേടി താരരാജാവിന്റെ പുലിമുരുകന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ കടപുഴക്കിയെറിഞ്ഞ് കുതിപ്പ് തുടരുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം വന്‍ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തത്.

ചെറുപ്പത്തിന്റെ ആവേശത്തോടെ അന്‍പത്തിയാറാം വയസ്സിലും പുലിമുരുകനില്‍ മോഹന്‍ലാല്‍ കാഴ്ചവച്ചിരിയ്ക്കുന്നത് അസാധ്യമായ പ്രകടനമാണ്.
മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മറ്റൊരു നടനും ഈ പ്രായത്തില്‍ ഇത്തരമൊരു അഭിനയം കാഴ്ചവയ്ക്കാന്‍ പറ്റില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പുലിവേട്ടക്കിറങ്ങുന്ന മോഹന്‍ലാലിന്റെ പ്രകടനത്തെ കേവലം അഭിനയമായി മാത്രം കാണാന്‍ സാധിക്കുന്നതല്ല. വില്ലുപോലെ വളയുന്ന കഥാപാത്രത്തിന്റെ രംഗങ്ങള്‍ പോലും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം അഭിനയിച്ച് തകര്‍ത്തത്. അതുപോലെ തന്നെ ക്ലൈമാക്‌സില്‍ ലോകനിലവാരത്തില്‍ പയറ്റി തെളിഞ്ഞ സ്റ്റണ്ട് ടീമുമായുള്ള ഏറ്റുമുട്ടലും അസാധ്യം തന്നെ.

 

exclusive-alal

 

സിനിമയുടെ ദൈര്‍ഘ്യം കൂടുതലാണെങ്കിലും ഒരു നിമിഷംപോലും ബോറടിക്കാതെ പ്രേക്ഷകരെ മുന്നോട്ട് കൊണ്ട് പോകുന്നത് ലാല്‍ എന്ന മഹാനടന്റെ അഭിനയമികവ് തന്നെയാണ്. അടുത്തയിടെ പുറത്തിറങ്ങിയ ലാലിന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ദൃശ്യത്തിന്റെയും ഒപ്പത്തിന്റെയും മാത്രമല്ല മലയാള സിനിമാ ചരിത്രത്തിലെ തന്നെ പുതിയ ഒരു കളക്ഷന്‍ റെക്കോര്‍ഡായിരിക്കും പുലിമുരുകന്‍ തീര്‍ക്കുക എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവരുമ്പോള്‍ ആദ്യദിനം ചിത്രം 3.96 കോടി കേരളത്തില്‍ നിന്നും വാരിക്കൂട്ടിയതായാണ് അറിയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സ്ഥിരം ഷോകളുടെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്‌പെഷ്യല്‍ ഷോകളുടെ കണക്കുകള്‍ പുറത്തുവരുമ്പോഴേക്കും കബാലിയുടെ ആദ്യദിന കളക്ഷന്‍ വഴിമാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ രജനീകാന്തിന്റെ അടുത്തിറങ്ങിയ കബാലിയുടെ പേരിലാണ്. 4.25 രൂപ. അതിന് പിന്നാലെയും രണ്ട് തമിഴ് ചിത്രങ്ങളാണ്. വിജയ്‌യുടെ തെരിയും മോഹന്‍ലാലും വിജയിയും ഒന്നിച്ച ജില്ലയും. മലയാളത്തില്‍ കസബ, കലി, ലോഹം, ചാര്‍ലി എന്നീ ചിത്രങ്ങളുടെ ആദ്യദിന കളക്ഷനാണ് പുലിമുരുകന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ഇന്ത്യയൊട്ടാകെ 331 തീയേറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച റിലീസായത്. കേരളത്തില്‍ അടുത്തകാലത്ത് ഒരു ചിത്രത്തിനും ലഭിക്കാത്ത ആദ്യദിന പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എല്ലാ സെന്ററുകളിലും ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍. പ്രമുഖ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ അഡീഷണല്‍ ഷോകള്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ ദൃശ്യത്തിന്റെ 68.15 കോടിയുടെ സര്‍വകാല റെക്കോര്‍ഡും തകര്‍ത്ത് പുലിമുരുകന്‍ 100 കോടിവരെ സ്വന്തമാക്കിയേക്കും.

 

pulimurugan-pos-main

 

 

മോഹന്‍ലാലിന്റെ അഭിനയ സാധ്യത ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. സിനിമയുടെ മേക്കിംങ്ങും ഗ്രാഫിക്‌സും സ്റ്റണ്ട് രംഗങ്ങളുമെല്ലാം ലോക നിലവാരത്തോട് കിടപിടിക്കുന്നതാണ്. പുലിയോട് നേരിട്ട് ഏറ്റുമുട്ടുന്ന രംഗങ്ങള്‍ മോഹന്‍ലാല്‍ അഭിനയിച്ച് ഫലിപ്പിച്ചത് പോലെ എന്തായാലും മലയാളത്തില്‍ മറ്റൊരു നടനും സാധിക്കുകയില്ല. ദേശീയ തലത്തില്‍പോലും ഈ വെല്ലുവിളി ഏറ്റെടുക്കുന്ന നടന്മാര്‍ ഒരുപക്ഷേ വിരലിലെണ്ണാവുന്നവരായിരിക്കും.

നിരവധി തവണ രാജ്യം ഭരത് അവാര്‍ഡ് നല്‍കി ആദരിച്ച ഈ മഹാ നടന്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊന്‍തൂവലായി പുലിമുരുകന്‍ മാറുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. പുലിയുമായുള്ള ഏറ്റുമുട്ടല്‍ രംഗം ചിത്രത്തില്‍ ഹോളിവുഡിനോട് കിടപിടിക്കുന്ന ഗ്രാഫിക്‌സ് മികവോടെയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യംതന്നെയാണ്. സ്ത്രീകളെയും കുട്ടികളെയുമടക്കം എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ചിത്രമായതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് ഒഴുകാനാണ് സാധ്യത. ഇപ്പോള്‍ തന്നെ ചിത്രം കാണാന്‍ വന്ന ആളുകളുടെ എത്രയോ ഇരട്ടിപ്പേരാണ് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നത്.

മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം ആരാണ് സൂപ്പര്‍സ്റ്റാര്‍ എന്ന ചോദ്യം ഇനി ആരും ഉയര്‍ത്തേണ്ടതില്ലെന്നും, എന്നും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ ആയിരിക്കുമെന്ന മറുപടി കൂടി പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പുറത്തെ ജനസഹസ്രം തെളിയിക്കുന്നുണ്ട്.

 

new88-640x360

 

ഏതായാലും അഭിനയകലയുടെ തമ്പുരാന് വേട്ടക്കാരന്റെ പട്ടവും ചാര്‍ത്തിക്കൊടുത്ത് ആര്‍പ്പ് വിളികളോടെ തിയേറ്റര്‍ വിടുന്നവരുടെ ദൃശ്യം കണ്ടാല്‍ ഒരു കാര്യം ഉറപ്പാണ്. മോഹന്‍ലാലിന്റെ പിന്‍ഗാമികളാവാന്‍ മത്സരിക്കുന്ന ദിലീപ്, പൃഥിരാജ്, നിവിന്‍ പോളി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും താര സിംഹാസനം കൈപ്പിടിയിലൊതുക്കാന്‍.

 

nivi

 

ഇളയദളപതി വിജയിയ്ക്ക് ഒപ്പം അഭിനയിച്ച ജില്ലയോട് കൂടി അന്യഭാഷകളിലെ യുവസൂപ്പര്‍താരങ്ങള്‍ മലയാളത്തിന്റെ ഈ അവതാര താരത്തെ ഒപ്പം അഭിനയിപ്പിയ്ക്കാന്‍ മല്‍സരിപ്പിയ്ക്കുന്ന കാഴ്ചയും ഈ നടന്റെ കരുത്ത് തന്നെയാണ് തെളിയിക്കുന്നത്. മനമന്തയും ജനതാഗാരേജും തെലുങ്കത്തും ഒപ്പം കേരളത്തിലും സര്‍വ്വകാല റെക്കോര്‍ഡ് തിരുത്തി പ്രദര്‍ശനം തുടരുമ്പോള്‍ തന്നെയാണ് പുലിമുരുകന്‍ നാടിളക്കി പൂരം തീര്‍ക്കുന്നത് കണ്ട് മറ്റ് എല്ലാ യുവ സൂപ്പര്‍താരങ്ങളും അന്തം വിട്ടു നില്‍ക്കുകയാണ് ഇപ്പോള്‍.

pulimurukan first review
Posted by
07 October

കാടിനൊപ്പം നാടും ഇളക്കിമറിച്ച് പുലിമുരുകന്‍: താര രാജാവ് വേട്ട ആരംഭിച്ചു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ ആദ്യ ഷോ പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രതികരണം. ഇന്ത്യയെമ്പാടും മുന്നൂറ് തിയറ്ററുകളിലാണ് പുലിമുരുകന്‍ വേട്ടയ്ക്ക് ഇറങ്ങിയത്. ഏറെ ബഹളങ്ങളുമായി ഇറങ്ങുന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വീഴുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് നില്‍ക്കുന്ന പ്രകടനമാണ് പുലിമുരുകന്റെത്.

നിലനില്‍പ്പിനായി മനുഷ്യനോടും മൃഗത്തോടും ഏറ്റുമുണ്ടേണ്ടി വരുന്ന മുരുകനായി മോഹന്‍ലാല്‍ നിറഞ്ഞാടുന്നു ചിത്രത്തില്‍. ആര്‍ക്കും പ്രവചിക്കാവുന്ന കഥയായിരിന്നിട്ടുകൂടി ആഖ്യാനത്തിലെ വ്യത്യസ്തത പുലിമുരുകനെ എടുത്തുയര്‍ത്തുന്നു. മികവാര്‍ന്ന ആക്ഷന്‍രംഗങ്ങളാണ് എടുത്തുപറയേണ്ടത്. ഗ്രാഫിക്‌സിന്റെ അതിപ്രസരമുണ്ടാകുമെന്ന് വിചാരിച്ചെങ്കിലും മികച്ചതായിരുന്നു കടുവയുമായുളള ഫൈറ്റ് രംഗങ്ങള്‍.

പുലിമുരുകന്റെ കുട്ടിക്കാലം പറഞ്ഞ് തുടങ്ങുന്ന കഥ പുരോഗമിക്കുന്നതും കഥാപത്ര സവിശേഷതയിലൂടെയുമാണ് ആദ്യപകുതി പുരോഗമിക്കുന്നത്. രണ്ടാം പകുതിയിലാണ് ചിത്രത്തിന്റെ കഥയ്ക്ക് വ്യക്തമായ രൂപം കൈവരുന്നത്. പുലിയൂര്‍ എന്ന ദേശത്തിന്റെ രക്ഷകനായി മുരുകന്‍ മാറുന്നതാണ് പ്ലോട്ട്.

25 കോടി രൂപ ചെലവിട്ട് ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉദയകൃഷ്ണ, കൂട്ടുകാരന്‍ സിബി കെ തോമസില്‍ നിന്ന് മാറി സ്വന്തമായി തിരക്കഥയൊരുക്കുന്ന ആദ്യസംരംഭമാണ് ഈ ബ്രഹ്മാണ്ഡ ചിത്രം.

നായികയായി കമാലിനി മുഖര്‍ജി അവതരിപ്പച്ച മൈനയും സുരാജിന്റെ പൂങ്കായ് ശശിയും ലാലിന്റെ ബലരാമനും ചിത്രത്തിന് മുതല്‍കൂട്ടായി. സുപ്രസിദ്ധ തെലുങ്കുതാരം ജഗപതി ബാബു അവതരിപ്പിച്ചിരിക്കുന്ന വില്ലന്‍ കഥാപാത്രവും ശ്രദ്ധേയം. കൂടാതെ മറ്റ് അഭിനേതാക്കളെല്ലാം മികവാര്‍ന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്.