‘Y’ category security cover for Nita Ambani
Posted by
04 May

നിത അംബാനിക്ക് 20 കമാന്റോകളടങ്ങുന്ന വൈ കാറ്റഗറി സുരക്ഷ

മുംബൈ: ഏഷ്യയിലെ ഏറ്റവും ശക്തയായ വനിതാ ബിസിനസുകാരിയും റിലയന്‍സ് ഇന്റസ്ട്രീസ് എംഡി മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനം. പെയ്ഡ് വ്യവസ്ഥയിലാണ് കേന്ദ്രസേന നിത അംബാനിയുടെ സുരക്ഷ ഏറ്റെടുക്കുക. മുകേഷ് അംബാനിയുടെ ഇസഡ് കാറ്റഗറി സുരക്ഷക്കു പുറമെയാണ് ഭാര്യക്കും സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം.

റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ സ്ത്രീസാന്നിധ്യമായ നിത അംബാനിയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വൈ കാറ്റഗറി സുരക്ഷക്ക് അനുമതി. അതേസമയം ഇതിനുള്ള മുഴുവന് ചെലവും നിത തന്നെ വഹിക്കണം. വൈ കാറ്റഗറിയനുസരിച്ച് 20 കമാന്റോകളാണ് നിത അംബാനിക്ക് സുരക്ഷ ഒരുക്കുക. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുകേഷ് അംബാനിക്ക്
നാല്‍പത് സിആര്‍പിഎഫ് കമാന്‍ഡോകളാണ് കാവലിനുള്ളത്. വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഇന്ത്യയില്‍ എവിടെ സഞ്ചരിക്കുമ്പോഴും കേന്ദ്ര സൈനികര്‍ നിതയുടെ കാവലുണ്ടാകും.

നാലായിരം കോടി രൂപ ചെലവിട്ട 27 നിലകളുള്ള ആന്റിലിയയിലെ വീട്ടുകാരി എന്ന ലേബലിങ്ങിനു മുകളില്‍ നിന്ന് നിരവധി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തതോടെയാണ് നിത അംബാനിക്ക് ഭീഷണി ഉയര്‍ന്നത്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപക ചെയര്‍പേഴ്‌സണും, ഐഎംജി റിലയന്‍സ് അധ്യക്ഷയും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഉടമയും, ഫുട്‌ബോളിന്റെ പുതിയ മുഖമായ സൂപ്പര്‍ലീഗിന്റെ അമരക്കാരിയുമാണ് നിത അംബാനി.

പ്രശസ്തമായ ഫോബ്‌സ് മാസിക കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ലിസ്റ്റില്‍ ഏഷ്യയിലെ ഏറ്റവും കരുത്തുള്ള ബിസിനസ് വനിതയായി തിരഞ്ഞെടുത്തതു നിത അംബാനിയെയാണ്. വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ എന്ന പേരില്‍ തേടിയെത്തിയ സ്ഥാനമല്ലിത്. കോടീശ്വരന്മാരായ വ്യവസായികളുടെ ഭാര്യമാര്‍ വീട്ടില്‍ ഒതുങ്ങിക്കൂടുകയോ ബുട്ടീക്കുകള്‍ തുടങ്ങുകയോ ചെയ്യുമ്പോള്‍ ആരോഗ്യ, വിദ്യാഭ്യാസ കായിക രംഗങ്ങളിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിലും നിതയ്ക്കു തന്റേതായ കയ്യൊപ്പു പതിപ്പിക്കാനായെന്ന് ഫോബ്്‌സ കണ്ടെത്തിയിരുന്നു.

Interiors with waste products
Posted by
02 May

ഉപയോശൂന്യമെന്നു കരുതുന്ന ഈ വസ്തുക്കളെ കൂടുതല്‍ ഉപയോഗപ്രദമാക്കി വീട് അലങ്കരിക്കാം

യൂസ് ആന്‍ഡ് ത്രോ എന്ന ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലാണിപ്പോള്‍ നാം ജീവിക്കുന്നത്. അത് വസ്തുക്കളായാലും മനുഷ്യരായാലും ഇതേ ആപ്തവാക്യം മുറുകെ പിടിച്ചാണു നാം ജീവിക്കുന്നത്. വീട്ടിലെ ഉപയോഗ ശൂന്യമായ കുപ്പി, ടയര്‍, ഉപയോഗശൂന്യമായ തുണികള്‍, തുടങ്ങി നമ്മള്‍ ആവശ്യമില്ലെന്നു കരുതി വലിച്ചെറിയുന്ന ഇത്തരത്തിലുള്ള വസ്തുക്കളെ ഒന്നു മനസ്സുവച്ചാല്‍ വീടലങ്കരിക്കാന്‍ ഉപയോഗിക്കാം.

അത്തരത്തിലുള്ള ചില വസ്തുക്കളെ പരിചയപ്പെടാം-
വാഹനങ്ങളുടെ ടയറുകളെ നമുക്ക് പലരീതിയില്‍ ഉപയോഗ പ്രദമാക്കാം. പക്ഷേ കൂടുതലും നമ്മള്‍ കണ്ടിട്ടുള്ളത് പഴയ ടയറുകള്‍ മുറിച്ചെടുത്ത് കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ കുട്ടകള്‍ നിര്‍മ്മിക്കുന്നതാണ്. എന്നാല്‍ അതിനുമപ്പുറം ടയറിനെ പലരീതിയില്‍ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയും.
1,

tyre- 1

ടയറുകളില്‍ പെയിന്റിങ്ങ് നടത്തി അരികുകള്‍ വെട്ടിയ ശേഷം ഭംഗിയുള്ള തലയിണകള്‍ ഉള്ളില്‍ വച്ചെടുത്താല്‍ റൂമിനെ കൂടുതല്‍ മനോഹരമാക്കാം.

3,

wasbase- 3

വിലകൂടിയ സ്റ്റീലും, ടൈലും എല്ലാ വച്ച് വാഷ്‌ബേസുകള്‍ ഉണ്ടാക്കുന്നതിനു പകരം ടയറുകളെ വാഷ്‌ബേസുകളുടെ ബേസ് ആയി ഉപയോഗിക്കാം

4,

tyre-as-zezo- head 4

ടയറിനെ പകുതി മുറിച്ചെടുത്ത് ബലമുള്ള മരക്കഷ്ണം ഉള്ളിലും മുകളിലും വച്ചാ പെയിന്‍ര് ചെയ്ത് എടുത്താല്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള സാസോ ആയി ഉപയോഗിക്കാം

5,

tyre-used-as-table- 5

വീടലങ്കരിക്കാനായി ടയറുകള്‍ പെയിന്റെടിച്ച് ഉയരത്തില്‍ അടുക്കി മനോഹരമായ ഒരു ഗ്ലാസ് മുകളില്‍ വച്ചാല്‍ ഷോകേസിന് പകരം ഉപയോഗിക്കാം

bottle-as-toys head no- 6

കുപ്പികളുടെ അടിവശം വെട്ടിയെടുത്ത് ബട്ടണ്‍യും കമ്പിളിനൂലുകളും ചേര്‍ത്തൊട്ടിച്ച് കളിപ്പാട്ടമായി ഉപയോഗിക്കാം

6,

bottle-as-shower- 7

കുപ്പിയില്‍ നിറയെ ദ്വാരങ്ങളുണ്ടാക്കി പൈപ്പില്‍ പിറ്റ് ചെയ്ത് പൂന്തോച്ചം നനക്കാന്‍ ഉപയോഗിക്കാം

7,

bottle-can-used-as-toys head no- 8

കുപ്പിയുടെ അടിവശം വെട്ടിയെടുത്ത് കളറിംങ് ചെയ്ത് മനോഹരമായ തുണികള്‍കൊണ്ട് അലങ്കരിച്ച് പെന്‍ഗ്വിനുകളെ നിര്‍മ്മിക്കാം

8,

bottles-as-flowerwase-9

മദ്യക്കുപ്പികളെ പെയിന്റടിച്ചെടുത്ത് പുഷ്പങ്ങള്‍ വച്ച് അലങ്കരിക്കാം

9,

unused-liquer-bottles- 11

ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ ഗ്ലാസ് പെയിന്റിങ് ചെയ്ത് അലങ്കാരത്തിനായി ഉപയോഗിക്കാം

10,

sticks-as-penbox- 11

ക്രാഫ്റ്റിങില്‍ ഉപയോഗിക്കുന്ന സ്റ്റിക്കുകള്‍ ചേര്‍ത്തൊട്ടിച്ച് കളറിംങ് ചെയ്താല്‍ പെന്‍ബോക്‌സ് ആയി ഉപയോഗിക്കാം

Nepal’s first female Muslim law graduate Mohna Ansari
Posted by
20 April

നേപ്പാളിലെ ആദ്യ മുസ്ലീം വനിതാ അഡ്വക്കേറ്റായി മൊഹ്ന അന്‍സാരി; ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തോട് പൊരുതി നേടിയ വിജയം

കാഠ്മണ്ഡു: ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയോട് പൊരുതി നേപ്പാളിലെ ആദ്യ മുസ്ലീം നിയമബിരുദദാരിയായി 33 കാരി മൊഹ്ന അന്‍സാരി. നേപ്പാളിലെ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ ശക്തമായ അടിച്ചമര്‍ത്തലുകളാണ് നേരിടുന്നത്. കടുത്ത വിവേചനവും സാമൂഹ്യ സാമ്പത്തിക അവകാശങ്ങളുടെ നിഷേധത്തിനും വിദ്യാഭ്യാസ നിഷേധത്തിനും ഇരകളാണ് ഇവിടുത്തെ മുസ്ലിം ന്യൂനപക്ഷം. ഈ അവസ്ഥകളോട് പൊരുതി മൊഹ്ന നേടിയ വിജയമാണ് ശ്രദ്ധേയമാകുന്നത്.

നേപ്പാള്‍ ഖുഞ്ച് സ്വദേശിയായ മൊഹ്ന ഇപ്പോള്‍ നേപ്പാള്‍ മനുഷ്യാവകാശ കമ്മീഷന്റെ വക്താവായി പ്രവര്‍ത്തിക്കുകയാണ്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ഇടവേളയ്ക്കുശേഷമാണ് നിയമബിരുദം തെരഞ്ഞെടുത്തത്. കുറഞ്ഞ വരുമാനമുള്ള തന്റെ അയല്‍വാസികളായിരുന്നു അവരുടെ ക്ലൈന്റില്‍ ഏറെയും. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ സമയം കണ്ടെത്തി. നേപ്പാള്‍ ജനസംഖ്യയില്‍ 5%ത്തിലും കുറവാണ് മുസ്ലീങ്ങള്‍.

ദേശീയ തലത്തില്‍ ഇവരുടെ സാക്ഷരതാ നിരക്ക് താരതമ്യേന വളരെക്കുറവാണ്. മുസ്ലിം സമുദായത്തിനിടയിലുള്ള സാക്ഷരതാ നിരക്ക് തന്നെ വളരെ കുറവാണ്. ഇതിനിടയില്‍ ലിംഗവിവേചനം കൂടി വരുമ്പോള്‍ മുസ്ലിം യുവതിക്ക് മുമ്പില്‍ തടസങ്ങളേറെയാണ്. ഇത്തരമൊരു അവസ്ഥയില്‍ നിന്നും മുന്നേറി വന്നപ്പോഴും സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പോരാടുന്നതിനാണ് മൊഹ്ന പ്രാധാന്യം നല്‍കുന്നത്.
mohana
മനുഷ്യാവകാശം, സാമൂഹ്യനീതി, അസസമത്വം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ട്വീറ്റുകള്‍ നിറഞ്ഞതാണ് അവരുടെ ട്വിറ്റര്‍ അക്കൗണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്നതല്ല മൊഹ്നയുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍. അനീതിക്കെതിരായ ചില പോരാട്ടങ്ങളെ മുന്‍നിരയില്‍ നിന്നു നയിച്ചിട്ടുമുണ്ട് ഇവര്‍. ജനീവയില്‍ നടന്ന യുഎന്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സില്‍ നേപ്പാളിലെ മനുഷ്യാവാകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം നല്‍കിയത് മൊഹ്നയായിരുന്നു. ഇത് പ്രധാനമന്ത്രി ശര്‍മ്മ ഒലിയെ ചൊടിപ്പിക്കുകയും മൊഹ്ന വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ജനീവയില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന അവര്‍ ഓണ്‍ലൈന്‍ കാമ്പെയ്‌നിലൂടെ നേപ്പാളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ലോകജനതയ്ക്കു മുമ്പില്‍ തുറന്നുകാട്ടുകയും ചെയ്തു.

new studies proves most creative people are always  late
Posted by
07 April

എവിടേയും വൈകി എത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; നിങ്ങളാണ് സര്‍ഗ്ഗശേഷി കൂടിയവര്‍

എത്ര ശ്രമിച്ചാലും എല്ലായിടത്തും താമസിച്ചേ എത്തുകയുള്ളു എന്ന കാര്യത്തെ ചൊല്ലി എല്ലായ്‌പ്പോഴും പഴി കേള്‍ക്കുന്ന ആളാണോ നിങ്ങള്‍ എങ്കില്‍ ശ്രദ്ധിക്കൂ.., എവിടേയും വൈകി എത്തുന്നതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്ന വ്യക്തിയാണു നിങ്ങള്‍ എങ്കില്‍ ഇനി മുതല്‍ വിഷമിക്കേണ്ടതില്ല.

ഇനി മുതല്‍ ഓഫീസിലാണെങ്കിലും ആഘോഷങ്ങളിലാണെങ്കിലും മീറ്റിംഗിലാണെങ്കിലും എല്ലാം ധൈര്യമായി താമസിച്ചു ചെന്നോളൂ.എന്നിട്ട് പരിഹസിക്കുന്നവരോട് ധൈര്യമായി പറയൂ കൂടുതല്‍ ക്രിയേറ്റീവ് ആയതു കൊണ്ടാണ് ‘ലേറ്റ്’ ആവുന്നതെന്ന്. അതെ ശാസ്ത്രം പറയുന്നത് അങ്ങനെയാണ്.

സാന്‍ഡിയാഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിക്കുന്നത് പോസിറ്റീവ് ചിന്തകളും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തികളാണ്് വൈകി എത്തുന്നവരെന്നാണ്. ഒരേ സമയത്ത് നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രാപ്തിയുള്ളവരുമായിരിക്കും വൈകിയെത്തുന്ന ശീലമുള്ളവര്‍. വൈകുന്ന ശീലം തുടക്കത്തില്‍ ഒരു പ്രതിസന്ധിയാണെങ്കിലും, ശുഭാപ്തി വിശ്വസവും പ്രതീക്ഷകളും ഇത്തരക്കാരുടെ ജീവിത വിജയത്തിന് സഹായിക്കുമെന്നും പറയുന്നു.

യൂണിവേഴ്‌സിറ്റിയുടെ തന്നെ മറ്റൊരു പഠനം ചൂണ്ടി കാണിക്കുന്നത് വൈകുന്ന സ്വഭാവക്കാര്‍ ബി ടൈപ് പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെന്നാണ്. ഇവര്‍ കാര്യങ്ങളെ വളരെ സുഗമമായി കാണുന്നവരും, കടുത്ത മനോഭാവമില്ലാത്തവരും, ചുറ്റുപാടുകളുമായി വളരെ വേഗം പൊരുത്തപ്പെടുന്നവരുമായിരിക്കും.

ചെറിയ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതെ വലിയ കാര്യങ്ങളിലേക്ക് അടിവെച്ച് മുന്നേറുന്നവരാണിത്തരക്കാര്‍, അപ്പോള്‍ ഇനി കളിയാക്കുന്നവരോടൊക്കെ സിനിമാ സ്റ്റൈലില്‍ തിരിച്ചു പറയാം ലേറ്റായിട്ടാണെങ്കിലും ലേറ്റസ്റ്റായിട്ടാണു വരുന്നതെന്ന്.

homely tips to lip care
Posted by
22 March

ചുണ്ടിനെ സുന്ദരിയാക്കാം ഒട്ടും ചിലവില്ലാതെ

ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂക്കുന്നതിഷ്ടമില്ലാത്ത ആരും ഉണ്ടായിരിക്കുകയില്ല. എന്നാല്‍ വേനലില്‍ പുഞ്ചിരി വരണ്ടുണങ്ങിപ്പോകുന്നതോ സഹിക്കാനും കഴിയില്ല. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് സൗന്ദര്യം ഇത്തിരി പിണങ്ങി നില്‍ക്കുന്ന സമയത്ത് ചുണ്ടിനെയും നമുക്ക് കുറച്ചേറെ സംരക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍ ചെഞ്ചുണ്ടിന്റെ കാന്തി നഷ്ടപ്പെട്ടാലോ..
നല്ല ചുവന്ന അധരങ്ങള്‍ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്. അതിനി ആണുങ്ങള്‍ക്കായാലും പെണ്ണുങ്ങള്‍ക്കായാലും തിളക്കമുള്ള ചുവന്ന അധരങ്ങള്‍ സ്വന്തമാക്കാനും ഒരു ആകര്‍ഷകമായി നിലനിര്‍ത്താനും ലിപ്സ്റ്റിക്കുകളെ ആശ്രയിക്കാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന എളുപ്പ വഴികള്‍ ഇതാ പഠിച്ചുവെക്കാം നമുക്ക്.

നാരങ്ങ
കറുത്ത പാടുകളും മറുകുകളും നീക്കാന്‍ ഉത്തമ മരുന്നാണ് നാരങ്ങ. നാരങ്ങയിലെ ഘടകങ്ങള്‍ കറുത്ത ചുണ്ടുകളെ മാറ്റി തിളക്കമുള്ളതാക്കും. ദിവസവും കിടക്കാന്‍ പോകുന്നതിനു മുമ്പ് കുറച്ച് നാരങ്ങാനീരു ചുണ്ടില്‍ പുരട്ടി നോക്കൂ. മാസങ്ങള്‍ക്കുള്ളില്‍ മികച്ച ഫലം ലഭിക്കും. അതുമല്ലെങ്കില്‍ ഒരു കഷ്ണം നാരങ്ങയെടുത്ത് അതിനു മുകളില്‍ കുറച്ച് പഞ്ചസാര തൂവി ചുണ്ടില്‍ സ്‌ക്രബ് ചെയ്യാം. ഇതു പെട്ടെന്നു തന്നെ ഫലം ചെയ്യും. മാത്രമല്ല സ്‌ക്രബ് ചെയ്യുന്നത് വഴി തൊലിയ്ക്കകത്തെ മൃതകോശങ്ങള്‍ ഇല്ലാതാവുകയും ചുണ്ടുകള്‍ മിനുസമുള്ളതാവുകയും ചെയ്യും.

ബീറ്റ്‌റൂട്ട്

ചുവന്നു തുടുത്ത അധരങ്ങള്‍ക്കായി മറ്റൊരു ഉത്തമ മാര്‍ഗമാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിലെ പ്രകൃദിദത്തമായ ബ്ലീച്ചിങ് ഘടകങ്ങള്‍ ചുണ്ടിലെ കറുത്ത നിറം ഇല്ലാതാക്കും. എന്നും കിടക്കുന്നതിനു തൊട്ടു മുമ്പായി ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ പുരട്ടാം. അടുത്ത ദിവസം കഴുകിക്കളയുക. ബീറ്റ്‌റൂട്ടിലെ ചുവപ്പു നിറമുള്ള നീര് ചുണ്ടുകള്‍ക്കു നിറം പകരും. ക്യാരറ്റ് ജ്യൂസും ബീറ്റ്‌റൂട്ട് ജ്യൂസും മിക്‌സ് ചെയ്ത് ചുണ്ടില്‍ പുരട്ടി പത്തു മിനുട്ടോളം മസാജ് ചെയ്ത് ഇളംചൂടുവെള്ളത്തില്‍ കഴുകി കളഞ്ഞാല്‍ ചുണ്ടിന്റെ നിറം വര്‍ദ്ധിക്കുന്നത് നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടും

നാച്ചുറല്‍ ലിപ് സ്‌ക്രബര്‍

ആഴ്ചയിലൊരിക്കല്‍ നാച്ചുറല്‍ ലിപ് സ്‌ക്രബര്‍ ഉപയോഗിക്കുന്നത് ചുണ്ടുകള്‍ക്കു നല്ലതാണ്. ഇതു ഏതാനും തുള്ളി ഒലിവ് എണ്ണയിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് മസാജ് ചെയ്യാം. കഴുകി കളഞ്ഞതിനു ശേഷം വെണ്ണയോ ലിപ് മോയ്‌സ്ചറൈസറോ ഇടാം.

തേന്‍

എന്നും കിടക്കുന്നതിനു മുന്‍പായി കുറച്ച് തേന്‍ ചുണ്ടുകളില്‍ പുരട്ടുന്നത് അധരങ്ങളെ ചുവപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പുകവലി കാരണം കറുത്തു പോയ ചുണ്ടുകളുടെ നിറം തിരിച്ചു നേടാനും ഈ ചികിത്സാ രീതിയെ ആശ്രയിക്കാവുന്നതാണ്.
വേനല്‍ക്കാലത്തെ ആരോഗ്യ പരിചരണങ്ങള്‍ക്കിടയില്‍ അധരങ്ങളെയും ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ ഇനി ഈ മാര്‍ഗങ്ങളും പരീക്ഷിച്ചു നോക്കൂ.

Air India Express pilot Captain Bindhu Sebastian
Posted by
17 March

ആകാശത്തേക്ക് സ്വപ്‌നം പറത്തിവിട്ട പെണ്‍കുട്ടി

അരുവിത്തറക്കാര്‍ക്ക് ബിന്ദു, സെബാസ്റ്റ്യന്റെ മകള്‍ മാത്രമല്ല. ഒരു നാടിന്റെ മുഴുവന്‍ അഭിമാനമാണ്. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ ആദ്യമായി സോളോ വിഭാഗത്തില്‍ ഒറ്റക്ക് പറന്ന പെണ്‍കുട്ടി. കുഞ്ഞുനാളില്‍ പള്ളിമുറ്റത്ത് വച്ച് അച്ഛനു നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഇന്ന് ബിന്ദു. ആകാശം തന്റെ കൈപ്പിടിയിലൊതുക്കുമെന്നവാക്ക്..

ഇത്തവണത്തെ രാജ്യാന്തര വനിതാദിനത്തില്‍ കൊച്ചി വിമാനത്താവളത്തിലെ താരവും ബിന്ദുതന്നെ. ദുബായിലേക്ക് വനിതകള്‍ മാത്രം ജോലിക്കാരായുള്ള വിമാനം പറത്തി ചരിത്രമെഴുതിയിരിക്കുകയാണ് ക്യാപ്റ്റന്‍ ബിന്ദു. നീണ്ട 15 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായാണ് വിമാനം പറത്തല്‍ ഇത്ര ഹരമായി ക്യാപ്റ്റന്‍ ബിന്ദുവിന് തോന്നിയത്.
1
പാലാ അല്‍ഫോന്‍സ കോളേജില്‍ പഠിച്ച ഈ സാധാരണക്കാരി ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റ് ഓഫിസര്‍ ബാച്ചിലെ ഏഴുപേരില്‍ ഒരാളായിരുന്നു. 2009ല്‍ വിങ് കമാന്‍ഡറായി വിരമിച്ച ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്കുള്ള പറക്കല്‍ ബിന്ദുവിനെ സംബന്ധിച്ച് നിസാരകാര്യം മാത്രം. ഇപ്പോള്‍ 180 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോയിംങ് വിമാനം പറത്തി ആകാശത്തും മലയാളി സാനിധ്യം അറിയിച്ചിരിക്കുകയാണ് ബിന്ദു. നാലായിരം മണിക്കൂറിലേറെ ആകാശത്ത് പറന്ന പരിചയസമ്പത്ത് ക്യാപ്റ്റനെ വ്യത്യസ്തയാക്കുന്നു.

വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ എസ് മുരളിയാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. ഒന്‍പതാം കഌസുകാരന്‍ സിദ്ധാര്‍ത്ഥിനും മൂന്നാം കഌസുകാരന്‍ ആദര്‍ശിനും അമ്മ ആകാശം വെട്ടിപ്പിടിച്ച ഹീറോ മാത്രം.

Duty Comes First For Archana Jha, Raipur DSP Who Patrols At Night With Her Daughter
Posted by
14 March

നൈറ്റ് പട്രോളിങ്ങിലും പിഞ്ചുകുഞ്ഞുമായി എസ്പി അര്‍ച്ചന; ഒരേസമയം അമ്മയായും ഉദ്യോഗസ്ഥയായും

ഛത്തീസ്ഗഢ്: സ്ത്രീ അമ്മയാണ്, ഉദ്യോഗസ്ഥയാണ് എല്ലാമെല്ലാമാണ്. വീട്ടുജോലിചെയ്യണം ഓഫീസ് വര്‍ക്ക് തീര്‍ക്കണം, മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കണം. എല്ലായിടത്തും അവളുടെ കണ്ണും കൈയ്യുമെത്തണം. എന്തെങ്കിലും ഒരു പാളിച്ച പറ്റിയാല്‍ തീര്‍ന്നു. എന്നാല്‍ ജോലിയാണ് പ്രധാനമെന്ന് പറയുമ്പോഴും തന്റെ പിഞ്ചുകുഞ്ഞിനെയും ജോലിക്കിടയില്‍ പരിപാലിക്കുന്ന അമ്മയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഛത്തീസ്ഗഢിലെ റായ്പൂര്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടായ അര്‍ച്ചന ഝാ നൈറ്റ് പട്രോളിങ്ങിനിറങ്ങുന്നത് തന്റെ കുഞ്ഞുവാവയുമായാണ്. കുഞ്ഞിനെ നോക്കുന്നതിന് ജോലി തടസമാണെന്ന് പറയുന്നവര്‍ അര്‍ച്ചനയെ കാണണം. അര്‍ച്ചനയുടെ ഉത്തരവാദിത്തവും കഷ്ടപ്പാടുകളും ആരും കാണാതെ പോകരുത്. പല സ്ത്രീകളെയും പോലെ അവളുടെ കഷ്ടപ്പാടും ഒരുപക്ഷേ ആരും അറിയാതെ പോയേനെ, ഒരു പക്ഷേ, അവളുടെയും കുഞ്ഞിന്റെയും ചിത്രം ടിറ്ററില്‍ പ്രത്യക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍. ഛത്തീസ്ഘട്ടിലെ റായ്പൂര്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടായ അര്‍ച്ചന കൈക്കുഞ്ഞുമായി നൈറ്റ് പെട്രോളിങ്ങിനിറങ്ങിയ ചിത്രം പ്രത്യക്ഷപ്പെട്ടത് മാര്‍ച്ച് 12നാണ്. കെപി ഗണേഷ് എന്ന വ്യക്തിയാണ് സേവാ പ്രമോധര്‍മ (സേവനമാണ് പരമമായ ധര്‍മ്മം) എന്നപേരില്‍ ഈ ചിത്രം ട്വീറ്റ് ചെയ്തത്.

താമസസ്ഥലത്തു നിന്ന് അകലെയാണ് ഭര്‍ത്താവിനു ജോലിയെന്നും കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ ആരും ഇല്ലാത്തതുകൊണ്ടാണ് നൈറ്റ് പെട്രോളിങ്ങിനിറങ്ങുമ്പോള്‍ കുഞ്ഞിനെയും ഒപ്പം കൂട്ടുന്നതെന്നാണ് അര്‍ച്ചന പറയുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്തും താന്‍ നൈറ്റ് പെട്രോളിങ്ങിന് പോയിരുന്നുവെന്നും. ഇപ്പോള്‍ മാസത്തില്‍ രണ്ട് ദിവസമാണ് നൈറ്റ് പെട്രോളിങ്ങ് ഡ്യൂട്ടിയുള്ളതെന്നും അവര്‍ പറയുന്നു. അമ്മയായും ഉദ്യോഗസ്ഥയായും അവള്‍ അവളുടെ കടമ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നു.

Sun light Causes Skin to Age
Posted by
09 March

വെയില്‍കൊള്ളാതിരുന്നാല്‍ ഇരുപത് വയസ്സ് കുറയ്ക്കാം

വേനല്‍ക്കാലം വന്നെത്തിയാല്‍ എല്ലാവര്‍ക്കും ആധിയാണ്. ചൂടുകൂടി… സൗന്ദര്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിട്ടുവരും. ശരീരം പെട്ടെന്ന് ക്ഷീണിക്കും ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ കൂടെവരും.
വേനലില്‍ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍ സൂര്യതാപം ഒഴിവാക്കണമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്

ശരീരത്തെ വെയിലേല്‍ക്കാതെ സൂക്ഷിച്ചാല്‍ കാണാന്‍ 20 വര്‍ഷം വരെ ചെറുപ്പമായി തോന്നുമെന്നാണ് കണ്ടെത്തല്‍. സൂര്യതാപം ഏല്‍ക്കാതിരിക്കുകയും, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് ശരിക്കുമുള്ളതിന്റെ 20 വയസുവരെ കാഴ്ചയില്‍ പ്രായം കുറവ് തോന്നുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ മസാചൂസിറ്റ്‌സിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മ്മറ്റോളജിയിലാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

231 സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. കൃത്യമായ വ്യായാമവും, രാത്രിയില്‍ നന്നായി വെള്ളം കുടിക്കുന്നതും മികച്ച ഉറക്കവുമെല്ലാം ചര്‍മ്മത്തിന്റെ പ്രായക്കുറവിന് കാരണമായി പലരും പറയുന്നുണ്ട്. എന്നാല്‍ ധാരാളം വെള്ളം കുടിക്കുന്നതിന് സൗന്ദര്യവുമായി വലിയ ബന്ധമില്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്‌സ കിംബോള്‍ പറയുന്നത്. എത്രമാത്രം വെള്ളം ആവശ്യമാണെന്നത് തിരിച്ചറിയാന്‍ ശരീരത്തിന് കഴിയുമെന്നും, അധികം വെള്ളം കുടിക്കുന്നതിന് വലിയ മാറ്റമുണ്ടാകാനാകില്ലെന്നും അവര്‍ പറയുന്നു.

സ്ത്രീകളുടെ തൊലിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍, സൂര്യതാപം കൊണ്ടുണ്ടാകുന്നത് ഗുരുതരമായ തകരാറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖത്തുനിന്നെടുത്ത തൊലിയില്‍ കാണപ്പെടുന്ന സിഡികെഎന്‍2എ എന്ന ജീന്‍, മറ്റ് ശരീരഭാഗങ്ങളേക്കാള്‍ കൂടുതല്‍ സജീവമായി കാണപ്പെടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പ്രായമായി കാണപ്പെടുന്ന, സൂര്യതാപമേല്‍ക്കുന്ന സ്ത്രീകളിലും ഈ ജീന്‍ കൂടുതല്‍ സജീവമാണെന്നും കണ്ടെത്തലുണ്ട്.

സജീവമായ സിഡികെഎന്‍2എ ജീനിന്റെ പ്രകടനം, സെല്ലുകള്‍ പ്രായമായി വിശ്രമം ആവശ്യപ്പെടുന്നതിന്റെ സൂചനയാണെന്നും ഡോ കീംബോള്‍ പറയുന്നു. ചര്‍മ്മത്തിന് പ്രായമാകുന്നതിനെക്കുറിച്ചുള്ള ആധികാരിക പഠനമാണ് നടന്നതെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. ഫ്രോക് ന്യൂസറും അഭിപ്രായപ്പെട്ടു. ദിവസവും സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.

Veena’s Curry World; Pravasi Women’s kitchen recipes
Posted by
08 March

പാചകം ഇഷ്ടപ്പെടുന്നവര്‍ക്കും നല്ല ഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്കും പ്രവാസലോകത്തുനിന്നും വ്യത്യസ്ത റെസിപ്പികളുമായി ഒരു വീട്ടമ്മ

പാചകം ഇഷ്ടപ്പെടുന്നവര്‍ക്കും നല്ല ഭക്ഷണം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തനി നാടന്‍ രുചിയിലുള്ള വ്യത്യസ്ത റസിപ്പികളുമായി പ്രവാസി വീട്ടമ്മയുടെ വീണാസ് കറിവേള്‍ഡ്. തൃശൂര്‍ സ്വദേശിനി വീണയുടെ റസിപ്പികളുമായുള്ള വെബ്‌സൈറ്റ് ശ്രദ്ധേയമാവുകയാണ്.

വീട്ടമ്മയായ വീണ അമ്മയില്‍ നിന്നും പഠിച്ച പാചകപാഠങ്ങളും സുഹൃത്തുക്കളില്‍ നിന്നും പഠിച്ചവയും ഉള്‍പ്പെടുത്തിയാണ് തന്റെ വൈഡ് വെറൈറ്റി കറികള്‍ തയ്യാറാക്കുന്നത്. റെസിപ്പികളെല്ലാം വീണ വീഡിയോ സഹിതം ഉണ്ടാക്കി കാണിക്കുന്നുണ്ട്. താനെല്ലാം ഉണ്ടാക്കി പരീക്ഷിച്ചിട്ടാണ് പോസ്റ്റ് ചെയ്യുന്നതെന്നും വീണ പറയുന്നു. വെജ്, നോണ്‍വെജുമായി വീണയുടെ റെസിപ്പിയില്‍ എല്ലാ വിഭവങ്ങളുമുണ്ട്.
പെരിഞ്ഞനം സ്വദേശിനിയായ വീണ ദുബായില്‍ സ്ഥിരതാമസമാണ്. ഭര്‍ത്താവ് ജാന്‍ ജോഷി, രണ്ട് മക്കളുണ്ട്.

ചൈനീസ് ഡിഷസ്, വിവിധതരം ഡിസേര്‍ട്ടുകള്‍, സദ്യവിഭവങ്ങള്‍, നോര്‍ത്ത് ഇന്ത്യന്‍ ഫുഡ്‌സ്, വിവിധ തരം അച്ചാറുകള്‍ തുടങ്ങി വളരെ വ്യത്യസ്തമായ റെസിപ്പികള്‍ വീണയുടെ കൈവശമുണ്ട്. പാചകത്തിലെ സംശയങ്ങളും അഭിപ്രായങ്ങളും വീണയുമായി പങ്കുവയ്ക്കുകയും ചെയ്യാം.

Leela Santhosh Tribal Director to Malayalam movie
Posted by
08 March

ആദിവാസി ഉൗരില്‍ നിന്നൊരു സംവിധായിക; കാടും മലയും കടന്ന് മലയാള സിനിമയിലേക്ക് ലീല സന്തോഷ്

സ്ത്രീയുടെ സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്നും സാഹചര്യങ്ങള്‍ക്ക് അവളുടെ സ്വപ്‌നങ്ങള്‍ കടിഞ്ഞാണിടാന്‍ ആവുകയില്ലെന്നും ലീല സന്തോഷിന്റെ ജീവിതം പറയുകയാണ്. ആദിവാസി സമൂഹത്തില്‍ നിന്നു മലയാള സിനിമാലോകത്തേക്കെത്തുന്ന ആദ്യത്തെ സംവിധായികയാണ് ലീല സന്തോഷ്. വയനാട്ടിലെ വനാന്തരങ്ങളില്‍ നിന്നും മലയാളസിനിമയ്‌ക്കൊരു സംവിധായിക പിറവിയെടുക്കുകയാണ്. വെള്ളവും വെളിച്ചവും ഇന്നും ചെന്നത്തൊത്ത കുടിലില്‍ നിന്നും ലീല സന്തോഷ് കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്.
യുവതാരങ്ങളായ ഫഹദ് ഫാസിലും മാളവികയും ഇഷ തല്‍വാറുമൊക്കെ ഒന്നിക്കുന്ന നാളെ എന്ന സിനിമയുടെ സഹസംവിധായികയുടെ കുപ്പായത്തിലാണ് ലീലയിപ്പോള്‍.

2തനിക്കുചുറ്റുമുള്ള അവിവാഹിതരായ അമ്മമാരുടേയും, സഹായത്തിന്റെ കൈ തൊടാന്‍ ആരുമില്ലാത്ത ആദിവാസി സ്ത്രീകളുടെയും നിലവിളികള്‍ നല്‍കിയ ധൈര്യത്തില്‍ നിന്നാണ് ലീല സന്തോഷ് എന്ന സംവിധായിക പിറവിയെടുത്തത്. ഔപചാരിക വിദ്യാഭ്യാസത്തിനായി ഇവര്‍ ഒരു സ്‌കൂളിലും പോയി പഠിച്ചിട്ടില്ല. എന്നാല്‍ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളിലൂടെ ഇവര്‍ ജീവിതത്തില്‍ വളരെയേറെ മുന്നേറിക്കഴിഞ്ഞു. പണിയ എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട ലീല വയനാട് നടവയല്‍ സ്വദേശികളായ ശ്രീധരന്റെയും റാണിയുടെയും മകളാണ്. കാടിന്റെ പച്ചപ്പും സ്വച്ഛതയുമൊക്കെ തൊട്ടറിഞ്ഞ അമ്മയാണ് ലീല. മൂന്നു കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ ലീല സ്വന്തം നാടിന്റെയും നാട്ടുകാരുടെയും ജീവിതവും ആചാരങ്ങളും അനുഷ്ഠാനങ്ങളും പറഞ്ഞു കൊണ്ടാണ് ക്യാമറയ്ക്ക് പിന്നിലേക്ക് വരുന്നത്.

റേഡിയൊയും ടെലിവിഷനും സിനിമാപോസ്റ്ററുകളും.. വയനാട്ടിലെ കൊട്ടകയില്‍ വല്ലപ്പോഴുമെത്തുന്ന സിനിമയും ഇതായിരുന്നു കുട്ടിക്കാലത്തെ സിനിമാബന്ധങ്ങള്‍. പക്ഷേ സ്വപ്‌നങ്ങളില്‍ എപ്പോഴും സിനിമതന്നെയായിരുന്നു. കുട്ടിക്കാലത്തെ പഠനകാലമാണ് സിനിമയിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. സാധാരണ സ്‌കൂളിലായിരുന്നില്ല പഠനം. ഗുരുകുല വിദ്യാഭ്യാസരീതിയിലുള്ള കനവ് എന്ന സ്ഥാപനത്തിലായിരുന്നു പഠിച്ചത്. കെജെ ബേബി എന്ന സാമൂഹ്യപ്രവര്‍ത്തകന്റെ ബദല്‍ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു കനവ്. ക്ലാസ് മുറിയും ബ്ലാക്‌ബോര്‍ഡും വടിയുമായി നില്‍ക്കുന്ന അധ്യപകരും ഇവിടെയില്ലായിരുന്നു. ഇഷ്ടമുള്ളതൊക്കെ പഠിക്കാം, കളിക്കാം, വായിക്കാം, യാത്ര പോകാം. എഴുത്തും വായനയും യാത്രയും സിനിമയുമൊക്കെ അറിയുന്നതും ഇഷ്ടപ്പെടുന്നതും കനവിലൂടെയാണ്.

കനവിലെ വര്‍ക്ക്‌വര്‍ക്ക്‌ഷോപ്പുകളാണ് സംവിധാനത്തെ കുറിച്ച് ലഭിച്ച ആകെയുള്ള ഔദ്യോഗിക പരിശീലനം. പഠന കാലയളവില്‍ വികെ ജോസഫ് സംവിധാനം ചെയ്ത ‘ഗുഡ’ എന്ന സിനിമയില്‍ സഹസംവിധായികയായി സിനിമാലോകത്തേക്കെത്തി. 2010ല്‍ ഗുഡയുടെ ചിത്രീകരണം തുടങ്ങി. പൂര്‍ണ്ണമായി ആദിവാസി ഭാഷയില്‍ ചിത്രീകരിച്ച ആദ്യ സിനിമയായിരുന്നു ഗുഡ. പിന്നീട് സ്വന്തമായി ചിത്രം എന്ന സ്വപ്‌നവും ‘നിഴലുകള്‍ നഷ്ടപ്പെടുന്ന ഗോത്രഭൂമി’ എന്നഡോക്യൂമെന്ററിയിലൂടെ സാക്ഷാത്കരിച്ചു.
1
ആദിവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അവിവാഹിത അമ്മരുടെ എണ്ണമാണ് ഈ വിഷയത്തേക്കുറിച്ച് ഫീച്ചര്‍ ഫിലിം ചെയ്യാന്‍ ലീല സന്തോഷിനെ പ്രേരിപ്പിച്ചത്. ഇത് ആദിവാസികളുടെ മാത്രം പ്രശ്‌നമല്ല ലോകത്തിലെ എല്ലാ സ്ത്രീകളും നേരിടുന്ന വെല്ലുവിളിയാണ് എന്ന തിരിച്ചറിവും ഫീച്ചര്‍ ഫിലിം എന്ന ആശയത്തിന് കൂടുതല്‍ ശക്തി നല്‍കി.

ഫഹദ് ഫാസിലിനെ നായകനാക്കി ഷിബു എസ് ബാബ സംവിധാനം ചെയ്യുന്ന ‘നാളെ’ എന്ന ചിത്രത്തിന്റെ സഹ സംവിധായികയായി പ്രവര്‍ത്തിച്ചുവരികയാണ് ലീല ഇപ്പോള്‍. മാളവിക മോഹന്‍, ഇഷ തല്‍വാര്‍ എന്നിവരാണ് നായികമാര്‍. കൂടാതെ ഈ ചിത്രത്തില്‍ ലീലയുടെ മൂന്ന് മക്കളും അഭിനയിക്കുന്നുണ്ട്. കാടും ആദിവാസി ജീവിതവും ആസ്പദമാക്കിയ ചിത്രം അവസാന ഘട്ടത്തിലാണ്.

കനവില്‍ തന്റെ സഹപാഠിയും ക്ലേ മോഡലിങ് ആര്‍ട്ടിസ്ട്ടുമായ സന്തോഷിനെയാണ് ലീല വിവാഹം ചെയ്തിരിക്കുന്നത്. സന്തോഷിനും മക്കളായ സത്‌ലജിനും സാത്വികയ്ക്കും സിദ്ധാര്‍ഥിനുമൊപ്പം വയനാട്ടിലാണ് താമസം.കൂടുബത്തിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതു കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്ന് ലീല സന്തോഷ് പറയുന്നു. ഡോക്യൂമെന്റെറിയുടെയും ഫീച്ചര്‍ ഫിലിമിന്റെയും പ്രദര്‍ശനം ഒരുമിച്ച് നടത്താനുള്ള തയാറെടുപ്പിലാണ് ഇവര്‍. അഭിനയവും സംവിധാനവുമൊക്കെ പഠിച്ചിറങ്ങുന്നവര്‍ക്കിടയില്‍ ജീവിതം തന്ന കരുത്തില്‍ മാത്രം ഉന്നതികള്‍ കീഴടക്കുന്ന ലീല സന്തോഷ് എന്ന ആദിവാസി വനിത വ്യത്യസ്തയാകുകയാണ്. ചൂഷണങ്ങളും ദുരിതങ്ങളും നേരിടുന്ന തന്റെ സമൂഹത്തിനു സഹായകമാകുന്ന എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍.
3
പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍ വയനാട്ടില്‍ തന്നെയായതും സഹായകമായെന്നു ലീല പറയുന്നു. ജീവിതത്തിരക്കുകള്‍ക്കിടയിലും സ്വന്തം സ്വ്പനങ്ങള്‍ക്ക് പിന്നാലെ ഇവള്‍ സഞ്ചരിക്കുകയാണ്. തന്റെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്ന ലക്ഷ്യം കൂടിയുണ്ട് ഇവര്‍ക്ക്. ഇതിനെല്ലാം കൂട്ടായി ഭര്‍ത്താവ് സന്തോഷും കൂടെയുണ്ട്.