special story about life success
Posted by
12 January

നിമിഷത്തിന്റെ പുത്രനാകാന്‍ കഴിഞ്ഞാല്‍ ഇനി നമ്മള്‍ തോല്‍ക്കില്ല

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ഭൂമിയിലെ ജീവിതം നരകിച്ചും വിഷമിച്ചും പരാതികളും പരിഭവങ്ങളും പറഞ്ഞും നരകതുല്യമാക്കുന്നവരാണ് നല്ലൊരു പങ്കും. എല്ലാ സുഖങ്ങളും സൗകര്യങ്ങളും വേണ്ടെന്ന് വെച്ച് ചിലര്‍ മരണശേഷമുള്ള ‘ സ്വര്‍ഗീയ ജീവിതത്തെയും ‘ കാത്തിരിപ്പാണ്. ഇത്തിരിപ്പോന്ന ഈ ജീവിതത്തെ സ്വര്‍ഗീയമാക്കാന്‍ കഴിയാത്തവന് മറ്റൊരു സ്വര്‍ഗത്തെ തേടുന്നതില്‍ എന്തര്‍ത്ഥം.

ഇനി നമ്മള്‍ തോല്‍ക്കരുത്. ഇവിടെ സ്വര്‍ഗം തീര്‍ത്ത് ജീവിക്കണം. ഇതൊക്കെ കേവലം ആഗ്രഹങ്ങള്‍ മാത്രമൊന്നുമല്ലട്ടോ. ഏതൊരാള്‍ക്കും കഴിയുമിതൊക്കെ, നിമിഷത്തിന്റെ പുത്രനാകാന്‍ കഴിയണമെന്നുമാത്രം. ഇന്നലെകളിലെ വേദനിക്കുന്ന ഓര്‍മ്മകളും പിറക്കാനിരിക്കുന്ന നാളെ കളെക്കുറിച്ചുള്ള ആശങ്കകളുമാണല്ലോ ജീവിതത്തില്‍ രസംകൊല്ലിയാക്കുന്നത്. അതിനൊരു പരിഹാരമാണ് നിമിഷത്തിന്റെ പുത്രനായി ജീവിക്കാന്‍ കഴിയുക എന്നത്. സൂഫികളുടെ ജീവിത രഹസ്യം അവര്‍ നിമിഷത്തിന്റെ പുത്രന്മാരായി കഴിയുന്നു എന്നതാണ്.

എങ്ങനെയാണ് നിമിഷത്തിന്റെ പുത്രനായി ജീവിക്കാനാവുക ?

മനോഭാവങ്ങള്‍ മാറണം ആദ്യം. എന്തിലും ഏതിലും കുറ്റങ്ങള്‍ കണ്ടെത്തുന്ന ,എല്ലാത്തിലും നെഗറ്റീവ് വശങ്ങള്‍ മാത്രം കാണുന്നൊരു മനോഭാവമാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെതന്നെ തടവറയിലാണ്. ജീവിതത്തില്‍ വിജയിക്കാന്‍ കഴിയില്ല. എല്ലാത്തിലും
നന്മയും എല്ലാവരിലും സ്‌നേഹവും കാണാന്‍ കഴിയണം. ഏറ്റവും പ്രിയത്തോടെ കാമുകിക്ക് നല്‍കുന്ന മനോഹരമായൊരു റോസാപ്പൂവില്‍ കാമുകനെ ഒരു കൊലയാളിയായാണ് ചെടി കാണുന്നത് .പക്ഷെ കാമുകനത് ഹൃദയം കൈമാറലും. മനോഭാവമാണ് നിങ്ങളുടെ നല്ല നിമിഷത്തെയും മോശം നിമിഷങ്ങളെയും സൃഷ്ടിക്കുന്നത്. ഇന്നില്‍ ജീവിക്കാന്‍ പഠിക്കണം . മനോഹരമായ ഇന്നുകള്‍ സൃഷ്ടിച്ചാല്‍ ഓര്‍മിക്കാവുന്ന ഇന്നലെകളെയത് സമ്മാനിക്കും .പ്രതീക്ഷയുള്ള നാളെകളെയും തരും. ഓരോ നിമിഷവും മനോഹരമാക്കാന്‍ ശ്രമിച്ചാല്‍ വളപ്പൊട്ട് പോലുള്ള ഈ കൊച്ചു ജീവിതം സ്വര്‍ഗമാണ്. സൂഫികള്‍ പറയാറുണ്ട് ദുനിയാവും സ്വര്‍ഗമാണെന്ന്. കാരണം ഏതു സാഹചര്യത്തെയും അവര്‍ സംതൃപ്തിയോടെ സ്വീകരിക്കുന്നു. ലഭിച്ചതൊക്കെയും തന്റെ നന്മക്കാണെന്ന് വിശ്വസിക്കുന്നു. പരാതികളില്ല പരിഭവങ്ങളില്ല നന്മനിറഞ്ഞ നന്ദി മാത്രം .

നിത്യജീവിതത്തില്‍ ഹിതകരമായതും അല്ലാത്തതുമായ അനുഭവങ്ങള്‍ ഉണ്ടാകും. ഏതു സാഹചര്യത്തിലും നല്ല മനോഭാവത്തോടെ അതിനെ നേരിടാന്‍ കഴിയുമ്പോഴാണ് നിമിഷത്തിന്റെ പുത്രനായി ജീവിക്കാനാവുക. ഒരിക്കല്‍ തന്നെ വല്ലാതെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഒരാള്‍ക്ക് സൂഫിയായ ഹസന്‍ ബസരി കൈയ്യിലുള്ള മധുരമുള്ള ഈന്തപ്പഴം സമ്മാനിച്ചൊരു കഥയുണ്ട്. എന്നിട്ടു പറഞ്ഞു എന്റെ കൈയില്‍ നല്‍കാന്‍ ഇതുമാത്രമെയുള്ളൂ. അതോടെ അയാള്‍ പിന്നീടത് ആവര്‍ത്തിച്ചില്ല .നല്ല മനോഭാവമാണ് നിങ്ങള്‍ക്കെങ്കില്‍ ജീവിതവിജയം നേടാം.

മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള ഒളിച്ചുനോട്ടമാണ് നല്ല മനോഭാവങ്ങളെ ഇല്ലാതാക്കുന്നത്. കണ്ണുകള്‍ കാണാന്‍ മാത്രമല്ല; ഇഷ്ടമില്ലാത്തത് കാണാതിരിക്കാനും കൂടിയാണ്. നിങ്ങളുടെ മനോഭാവങ്ങള്‍ ശുഭകരമാണോ അനാകര്‍ഷകമാണോ എന്നത് മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. പരാജയങ്ങളെയും പ്രശ്‌നങ്ങളെയും വെല്ലുവിളിയായി സ്വീകരിച്ച് മുന്നേറാന്‍ കഴിയണം. റിസ്‌ക്ക് എടുക്കുന്നവര്‍ക്കല്ലേ വിജയം ലഭിക്കു. ഒന്നുനേടുമ്പോള്‍ മറ്റൊന്ന് നഷ്ടമാകും. നിങ്ങള്‍ നിമിഷത്തിന്റെ പുത്രനായി ജീവിക്കു… നിങ്ങളെ തോല്‍പ്പിക്കാന്‍ ഒരു ശക്തിക്കുമാവില്ല .

നല്ല മനോഭാവം വളര്‍ത്താനും നിലനിര്‍ത്തുവാനുമുള്ള മാര്‍ഗങ്ങള്‍

1. പോസറ്റീവായ ചിന്ത വളര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുക .
2. ശുഭാപ്തിവിശ്വാസിയാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുക. അതിനായി പ്രവര്‍ത്തിക്കുക
3. അച്ചടക്കവും അര്‍പ്പണബോധവും വളര്‍ത്തുക .
4. നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
5. നിഷേധാത്മക ചിന്തയും വിമര്‍ശന സ്വഭാവവും ഒഴിവാക്കുക
6. കാര്യങ്ങള്‍ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കി ഉടനെ പ്രവര്‍ത്തിക്കുക
7. നിമിഷത്തിന്റെ പുത്രനാവുക .അതായത് വര്‍ത്തമാനകാലത്തില്‍ ജീവിക്കുക .
8. അനുഗ്രഹങ്ങളില്‍ നന്ദി ഉള്ളവനാകുക

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും ,മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍ 9946025819 )

solutions on over angry
Posted by
06 January

അമിത ദേഷ്യം ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

മിക്ക ആളുകളുടെയും പരാതിയാണ് അമിതമായ കോപം ജീവിതം താറുമാറാക്കുന്നുവെന്ന്. കോപം, കലി, ദേഷ്യം, ക്രോധം പേരുകള്‍ പലതാണെങ്കിലും ഇവന്റെ തീഷ്ണഭാവം പലപ്പോഴും ജീവിതത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തും. ഭീഷണിയുടെ, പേടിപ്പിക്കലിന്റെ, ബലപ്രയോഗത്താലുള്ള കാര്യസാധ്യത്തിന്റെ, ആധിപത്യത്തിന്റെ എല്ലാം ഉപകരണമാണ് ദേഷ്യം.

കോപം നിയന്ത്രിക്കാന്‍ വഴികള്‍ പലതുണ്ട്. അതിന് മുമ്പ് നാം മനസ്സിലാക്കേണ്ടത് കോപം അത്ര നീചമായൊരു വികാരമല്ല എന്നതാണ്. ആവശ്യമുള്ളിടത്തുപോലും ദേഷ്യം പ്രകടിപ്പിക്കാന്‍ കഴിയാത്തവന്‍ ഒന്നിനും കൊള്ളാത്തവനാണ്. സന്തോഷം, വെറുപ്പ്, ഭയം, കോപം ഇതെല്ലാം ഈശ്വരന്‍ മനുഷ്യനില്‍ ഒളിപ്പിച്ചു വെച്ച കഴിവുകളാണ്. ഇത് ആവശ്യ സമയത്ത് പ്രകടിപ്പിക്കാനും നിയന്ത്രിക്കാനാവശ്യവുമായ പക്വതയാണ് ജീവിതത്തില്‍ നാം നേടിയെടുക്കേണ്ടത്. വൈകാരിക പക്വത ഇല്ലാതെ വരുമ്പോഴാണ് അമിത ദേഷ്യക്കാരായി മാറുന്നത്. അമിത ദേഷ്യം കുടുംബത്തിലും, ഓഫീസിലും, ജോലിയിലും, സുഹൃത്തുക്കള്‍ക്കിടയിലും ഒരാളെ അസ്വസ്ഥനാക്കും. നമ്മെ നിയന്ത്രിക്കുന്നത് ദേഷ്യം എന്ന വികാരമാണങ്കില്‍ നമുക്കതിനെ വരുതിയില്‍ കൊണ്ടുവരാന്‍ കഴിയില്ല. അതേസമയം നമ്മുടെ നിയന്തണത്തിലാണങ്കിലോ കാര്യങ്ങള്‍ കൈപ്പിടിയിലൊതുക്കാം.

ദേഷ്യം വരുമ്പോള്‍ തലച്ചോറില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും. സമൂഹജീവിയായ മനുഷ്യന് അതുവരെ സാധിക്കാത്ത പലതും ദേഷ്യം വരുമ്പോള്‍ ചെലവുകുറഞ്ഞ രീതിയില്‍ ചെയ്യാനാകും. അതിജീവനത്തിനുള്ള കരുത്ത് പലപ്പോഴും ദേഷ്യം മൂലം ഉണ്ടാകുന്നതലച്ചോറിലെ മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ അതിയായി പോരാടാന്‍ തലച്ചോറിനെ സജ്ജമാക്കുകയാണ് ദേഷ്യത്തിന്റെ പ്രരകശക്തികളിലൊന്ന്. ദേഷ്യം വരാന്‍ കാരണങ്ങള്‍ പലതാണ്. അധിക്ഷേപം, പരിഹാസം, വിശ്വാസത്തെ ചോദ്യം ചെയ്യല്‍, ഭീഷണി, വിശപ്പ് ഇങ്ങനെ ദേഷ്യം ഉല്‍പ്പാദിപ്പിക്കാന്‍ കാരണങ്ങള്‍ പലതാണ്.

തലച്ചോറിലെ ന്യൂറോണ്‍ സംഘത്തിലെ ക്ഷതങ്ങളാണ് നിയന്ത്രിക്കാനാവാത്ത ദേഷ്യത്തിന് കാരണം. ഇവര്‍ക്ക് സന്തോഷം കുറവായിരിക്കും. എന്തുകാര്യങ്ങളും പെട്ടെന്ന് ‘ചൂടായി’ട്ടാണ് പ്രതികരിക്കുക. തലച്ചോറിന്റെ ഇടതും വലതും ഭാഗത്തായി സ്ഥിതിചെയ്യുന്ന അമിഗ്ദല എന്ന ന്യൂറോണ്‍ സംഘമാണ് സന്തോഷവും സങ്കടവും പേടിയും തോന്നിപ്പിക്കുന്നത്. പേടിയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ കേന്ദ്രമാണ് അമിഗ്ദല. പേടിപ്പിക്കുന്ന മുഖങ്ങള്‍ ഇവിടെയാണ് ഓര്‍ത്തുവെക്കാറ്. ഇതേമുഖം പിന്നെ കാണുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ തലച്ചോറ് തയ്യാറെടുക്കും. ദേഷ്യത്തിന്റെ തുടക്കം ഇതാണ്.

ദേഷ്യം നിയന്ത്രിക്കുന്നത് വലതുഭാഗത്തെ അമിഗ്ദലയും, ദേഷ്യം ഉല്‍പ്പാദിപ്പിക്കുന്നത് ഇടതുഭാഗത്തെ അമിഗ്ദലയുമാണ്. തലച്ചോറിലെ സന്ദേശ കൈമാറ്റങ്ങള്‍ താറുമാറായാല്‍ ദേഷ്യം നിയന്ത്രിക്കാനാവില്ല. അമിത ദേഷ്യക്കാരെ കണ്ണടച്ച് കുറ്റപ്പെടുത്തും മുമ്പ് ഇതെല്ലാം ഒര്‍ക്കുന്നത് നന്ന്. ഒന്നും മനപ്പൂര്‍വ്വമല്ലെന്നര്‍ത്ഥം. നിരന്തരം മെഡിറ്റേഷന്‍ ചെയ്തും, മുദ്ര ചികില്‍സകളിലൂടെയും അമിത ദേഷ്യങ്ങള്‍ നിയന്ത്രിക്കാം. കാര്യങ്ങളെ ശാന്തമായി സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുക. സന്തോഷം എന്ന വികാരം സിറടോണ്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ അളവ് കുറഞ്ഞവരില്‍ ദേഷ്യം കൂടും. ദേഷ്യം ‘അഡ്രീനലീന്‍ ‘ എന്ന ഹോര്‍മോണാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതോടെ കണ്ണ് ചുവക്കും… ശക്തി വര്‍ധിക്കും.. ഞരമ്പുകള്‍ വലിഞ്ഞുമുറുകും… എന്തും ചെയ്യാന്‍ തലച്ചോറ് പാകപ്പെടുത്തും. അതുകൊണ്ട് അമിത ദേഷ്യക്കാര്‍ സിറടോണിന്റെ അളവ് വര്‍ധിപ്പിക്കണം .പാരമ്പര്യമായി കോപത്തിന്റെ വര്‍ധിത അളവ് കൈമാറ്റം ചെയ്യപ്പെടും.

ഒരു കഥയുണ്ട്. നമ്മുടെ വികാരങ്ങള്‍ ഓരോന്നും നൈസര്‍ഗികമാണെന്നും അത് അടക്കിവെച്ച് നശിപ്പിക്കാനുള്ളതല്ലെന്നും ഈ കഥ നമ്മെ പഠിപ്പിക്കുന്നു .
കുന്നിന്‍ചെരുവിലൊരിടത്ത് കുറ്റിക്കാട്ടില്‍ ഉഗ്ര വിഷമുള്ള ഒരു സര്‍പ്പം ജീവിച്ചിരുന്നു. ഗ്രാമീണരില്‍ പലരെയും ആ പാമ്പ് കൊന്നിട്ടുണ്ട്. ഇതോടെ കുറ്റിക്കാട്ടിലെ മരച്ചുവട്ടിലേക്ക് ആരും പോകാതായി. ഒരിക്കല്‍ അതുവഴി ഒരു സൂഫിഗുരു വന്നു. ഗ്രാമീണര്‍ സര്‍പ്പത്തിനെക്കുറിച്ച് പറഞ്ഞിട്ടും ഒട്ടും ഭയക്കാതെ സൂഫി കുറ്റിക്കാട്ടിലെത്തി.

സൂഫിയെ കണ്ടതോടെ ഒരു ഇരയെ കണ്ട സന്തോഷത്തില്‍ ഭീകരനായ സര്‍പ്പം വിഷം ചീറ്റാന്‍ പാഞ്ഞെത്തി.
ഒട്ടും കൂസലില്ലാത്ത സൂഫി എന്താകാര്യം എന്ന് പാമ്പിനോട് ചോദിച്ചു .

സര്‍പ്പം ഞെട്ടി ..!
”ഞാന്‍ നിങ്ങളെ കൊല്ലാന്‍ പോകുന്നു’ .
‘ എന്നെ കൊന്നിട്ട് നിനക്കെന്ത് ഗുണം ?
അതോടെ സര്‍പ്പം കൂളായി …
സൂഫി പറഞ്ഞു
”ഇനി മുതല്‍ ആരെയും കൊല്ലരുത് ‘

അന്ന് മുതല്‍ പാമ്പ് അഹിംസ മാര്‍ഗം സ്വീകരിച്ചു. ഒരെലിയെപ്പോലും തിന്നാതായ പാമ്പ് മരത്തില്‍ നിന്ന് വീണ ഇലകള്‍ മാത്രം തിന്ന് ജീവിക്കാന്‍ തുടങ്ങി .

നാളുകള്‍ക്ക് ശേഷം ഗ്രാമീണര്‍ കുറ്റിക്കാട്ടിലെത്തിയപ്പോള്‍ മയങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടു. പഴയ ശൗര്യമൊക്കെ പോയി പച്ചിലപ്പാമ്പ് പോലെ ആയിരുന്നു.കുട്ടികള്‍ കല്ലെറിഞ്ഞും അടിച്ചും പാമ്പിനെ ദ്രോഹിക്കാന്‍ തുടങ്ങി. അഹിംസയല്ലേ …. അഹിംസ.
പാമ്പ് എല്ലാം സഹിച്ചു. പോരാത്തതിന് സൂഫിയുടെ ശിഷ്യത്വവും.

അങ്ങനെ അതുവഴി വന്ന സൂഫി, പാമ്പിനെ കണ്ടതോടെ ആകെ വിഷമിച്ചു.
സൂഫി ചോദിച്ചു.

‘നിങ്ങള്‍ക്ക് എന്ത് പറ്റി ?
പാമ്പ് വിഷമത്തോടെ പറഞ്ഞു
‘അങ്ങ് പറഞ്ഞ പോലെ ഞാന്‍ ആരെയും കൊല്ലുന്നില്ല. നന്നായി, ഇപ്പോള്‍ അഹിംസാ മാര്‍ഗത്തിലാണ് ‘
സൂഫി ചെറിയൊരു മൗനത്തിന് ശേഷം പറഞ്ഞു.
‘ ഞാന്‍ കൊല്ലരുത് എന്ന് മാത്രമെ പറഞ്ഞുള്ളൂ .. ചീറ്റരുത് എന്ന് പറഞ്ഞിട്ടില്ല. നൈസര്‍ഗികമായ കഴിവുകള്‍ പ്രകടിപ്പിക്കാതിരുന്നാല്‍ സ്വയം നശിക്കുകയെയുള്ളൂ … ‘

ഈ കഥയില്‍ വലിയൊരു പാഠമുണ്ട്. ജീവിതത്തില്‍ നാം എപ്പോഴും ഒരേ ഇമോഷനില്‍ മാത്രം ഒതുങ്ങിയാല്‍ പോര. എല്ലാം വേണം. അതായത് സന്തോഷം, ദുഃഖം, കോപം, ഭയം എല്ലാം വേണം. പക്ഷെ ഒന്നിന്റെയും അടിമയാകരുത്.

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. 9946025819)

five things of life happiness
Posted by
04 January

ജീവിതത്തില്‍ ഈ അഞ്ചുകാര്യങ്ങള്‍ നേടാനായാല്‍ നിങ്ങള്‍ സന്തോഷവാന്മാരാകും

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ജീവിതത്തില്‍ വിജയവും സന്തോഷവും എല്ലാവരും ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ നമുക്ക് ചുറ്റുമുള്ളവരുടെ ഇടപെടല്‍ അത് നഷ്ടപ്പെടുത്തിക്കളയും. പരാജയങ്ങളെ ഇല്ലാതാക്കി ജീവിതം സന്തോഷകരമാക്കാന്‍ ഇനി പറയുന്ന 5 കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ അതിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഈ അഞ്ചുകാര്യങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒന്നിച്ച് ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ സ്വര്‍ഗംപോല്‍ മനോഹരമാകും ജീവിതം .

1 നല്ലൊരു ജോലി

ജോലി എന്നുമാത്രം പറഞ്ഞാല്‍ പോരാ. നല്ല ജോലിതന്നെ വേണം. ഉള്ള ജോലി ആസ്വദിച്ചു ചെയ്തു നോക്കൂ. മടുപ്പ് വരുത്തില്ല .മികച്ച ജോലിയുണ്ടാകുന്നത് നമുക്ക് ആത്മവിശ്വാസം വളര്‍ത്തും. ജീവിതനിലവാരം മെച്ചപ്പെടും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാനകാരണങ്ങളിലൊന്ന് മികച്ച ജോലി ലഭിച്ചില്ല എന്നതുതന്നെയാണ്. ആഗ്രഹിക്കുന്ന ജോലികിട്ടിയില്ല എന്നുവെച്ച് ടെന്‍ഷന്‍ അടിക്കരുത്. ചുരുക്കത്തില്‍ നല്ലൊരു ജോലിക്കായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും അന്വേഷിക്കുകയും ചെയ്യുക .അതോടൊപ്പം ചെയ്യുന്ന ജോലി സന്തോഷത്തോടെ ആത്മാര്‍ത്ഥമായി ചെയ്യുക.

2 മികച്ച ശമ്പളം

നല്ലൊരു ജോലി ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. മികച്ച ശമ്പളവും ലഭിക്കണം നല്‍കുന്ന അധ്വാനവും സമയവും മികച്ച ശമ്പളമായി തിരികെ ലഭിച്ചാല്‍ മാത്രമെ ജീവിതം സന്തോഷകരവും വിജയകരവുമാകൂ. എന്നാല്‍ ഇത് രണ്ടും കിട്ടിയതുകൊണ്ട് ജീവിതത്തില്‍ വിജയിച്ചുവെന്ന് വരില്ല. നമുക്ക് ബാക്കി മൂന്നുകാര്യങ്ങള്‍ കൂടി നോക്കാം.

3 അനുസരണയുള്ള ഭാര്യ / ഭര്‍ത്താവ്

സൗന്ദര്യമോ പണമോ ഇതൊന്നുമല്ല ദാമ്പത്യത്തില്‍ അത്യാവശ്യം. പരസ്പരം അനുസരിക്കാന്‍ കഴിയുന്നൊരു പങ്കാളിയെ ലഭിക്കണം. ഈ ഘടകം പാളിയാല്‍ ജീവിതത്തില്‍ മറ്റെന്ത് ലഭിച്ചാലും അത് സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയില്ല .നല്ല ജോലിയും മികച്ച ശമ്പളവും ലഭിക്കുന്നവര്‍ക്ക് അനുസരണയും സ്‌നേഹവുമുള്ള പങ്കാളിയില്ലെങ്കില്‍ ഒന്നും ഉപകാരപ്പെട്ടില്ല. ഭര്‍ത്താവ് കല്‍പ്പിക്കാനും ഭാര്യ അനുസരിക്കേണ്ടവളുമാണെന്ന സങ്കല്‍പ്പമാണ് വില്ലനാകുന്നത് . പരസ്പരമുള്ള അംഗീകാരമാണ് വേണ്ടത്.

4 നല്ലൊരു വിട്

സ്വന്തമായൊരു വീട് ഒരു സ്വപ്നം മാത്രമാകാതെ യാഥാര്‍ത്ഥ്യമാകുമ്പോഴാണ് ജീവിതത്തിന് ഒരു താളം ലഭിക്കുക. വലുപ്പത്തിലും ചെറുപ്പത്തിലുമല്ല അതിന്റെ ഉള്ളടക്കത്തിലാണ് കാര്യം. മനോഹരമായൊരു വീട് .അതു നമ്മുടെ ജീവിതത്തില്‍ സന്തോഷവും വിജയവും നല്‍കും. കഴിവിനുമപ്പുറത്തേക്ക് ലോണ്‍ എടുത്ത് വലിയ വീടും പണിത് അതില്‍ ടെന്‍ഷനടിച്ച് ഉറങ്ങാന്‍ കഴിയാത്തവര്‍ ജീവിതം നശിപ്പിച്ചവരല്ലാതെ മറ്റാരാണ് ?വീട് മനോഹരമാണെങ്കില്‍ പങ്കാളി നന്നാകണം.

5 നല്ലൊരു വാഹനം

നിത്യജീവിതത്തില്‍ ഓരോരുത്തരുടെയും കഴിവിനും നിലവാരത്തിനുമനുസരിച്ച് നല്ലൊരു വാഹനം സ്വന്തമായി ഉണ്ടാവണം. അതില്‍ ഒരു പാട് നന്മയും സന്തോഷവുമുണ്ട്.

നിങ്ങള്‍ക്ക് ഈ അഞ്ചുകാര്യങ്ങളും ഏറ്റവും മികച്ച രീതിയില്‍ ഇനിയും ലഭിച്ചിട്ടില്ലങ്കില്‍ അതിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഒരിക്കലും തനിക്ക് ഇതു മുഴുവനായി ലഭിക്കില്ലെന്ന് വിശ്വസിക്കുന്നവരുണ്ടാകും. അവര്‍ നിരാശരാകേണ്ട .ലഭിച്ചതില്‍ സംതൃപ്തി തോന്നിത്തുടങ്ങിയാല്‍ ജീവിതം സന്തോഷമാകും. ഒരു ശരാശരി മനുഷ്യന് സന്തോഷത്തോടെ ജീവിക്കാനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട 5 കാര്യങ്ങളാണിത്. ഇതില്‍ പങ്കാളി ഹൃദ്യമല്ലെങ്കില്‍ മറ്റു ഘടകങ്ങള്‍ പൂര്‍ത്തിയാകുന്നതില്‍ പ്രയോജനമില്ല. ഓരോന്നും മറ്റൊന്നിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. നല്ല ജോലിയും മികച്ച ശമ്പളവും വിലകൂടിയ വാഹനവും മനോഹരമായൊരു വീടും ഉള്ളൊരാള്‍ പങ്കാളിയില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ നിത്യ ദു:ഖത്തിലും മനോ സംഘര്‍ഷത്തിലുമായിരിക്കും. ജീവിതം സംതൃപ്തിയായാല്‍ സന്തോഷവും അസംതൃപ്തിയില്‍ ദുഃഖവുമാണ് ഉണ്ടാവുക.

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍.9946025819)

obeyable love will determines the successful life
Posted by
28 December

സ്‌നേഹം നല്‍കുന്ന അനുസരണയാണ് ജീവിത വിജയം

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

അനുസരണയില്ലാത്ത മക്കളെക്കുറിച്ച് പരാതിപറയാനെ രക്ഷിതാക്കള്‍ക്ക് നേരമുള്ളൂ.. ഭാര്യ ഒന്നും അനുസരിക്കില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി. തിരിച്ചുമുണ്ടാകും ഇതേ പരാതി. ആര്‍ക്കും ആരോടും സ്‌നേഹമില്ലെന്നൊരു തോന്നല്‍. അനുസരിപ്പിക്കാന്‍ ഭീഷണിയുടെയും പ്രലോഭനങ്ങളുടെയും മാര്‍ഗം സ്വീകരിക്കുന്നവര്‍. ഇതൊക്കെയാണ് നമ്മുടെ ചുറ്റുമുള്ള നിത്യ കാഴ്ച. അനുസരണയുടെ പുതിയൊരു വിജയമന്ത്രം ഈ പുതുവര്‍ഷത്തില്‍ നമുക്ക് ഒന്നിച്ച് പ്രാവര്‍ത്തികമാക്കാം.

അനുസരണയാണ് ജീവിതത്തിന്റെ വിജയമന്ത്രം. പരസ്പരം അനുസരിക്കുക എന്നത് ശ്രമകരമായൊരു കാര്യമൊന്നുമല്ല. എന്നാല്‍ ചിലര്‍ക്ക് ചിലരെ അനുസരിക്കുന്നത് ഒട്ടും കഴിയാത്തതാണ്. ഭാര്യയും, ഭര്‍ത്താവും,മക്കളും, കുടുംബവും, ജോലിസ്ഥലത്തും അനുസരണയില്ലെങ്കില്‍ സന്തോഷത്തോടെയുള്ള ജീവിതവിജയം അസാധ്യമാകും.

അനുസരണ ഭയപ്പെടുത്തി ഉണ്ടാക്കേണ്ടതല്ല. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നതാണ് സ്‌നേഹമില്ലായ്മക്ക് കാരണമാകുന്നത്. കുടുംബത്തിലാണെങ്കിലും ജോലിസ്ഥലത്താണെങ്കിലും, മതങ്ങളിലാണെങ്കിലും ഭയപ്പെടുത്തി അനുസരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഫലമോ ആത്മാര്‍ത്ഥമായ സ്‌നേഹം ഇവിടെ ഉണ്ടാകില്ല. എന്നാല്‍ ചിലതെല്ലാം ‘മോഹിച്ച്’അനുസരിക്കുന്നവരുണ്ട്. അതില്‍ ആത്മാര്‍ത്ഥതയില്ല എന്നതാണ് സത്യം.

സ്വര്‍ഗത്തെ മോഹിപ്പിച്ച് ദൈവത്തെ അനുസരിപ്പിക്കുന്ന മതരീതികളില്‍ സൂഫികള്‍ വിശ്വസിക്കാത്തതും ഇക്കാരണത്താലാണ്. ഭയപ്പെടുത്തിയും അനുസരിപ്പിക്കും. നരകത്തെ പേടിച്ച് അനുസരിപ്പിക്കുന്ന മതരീതികളില്‍ നിന്ന് സൂഫികള്‍ അകലം പ്രാപിക്കുന്നതും അനുസരണയുടെ ആത്മാവ് സ്‌നേഹമാണെന്ന തിരിച്ചറിവിനാലാണ്. നിത്യജീവിതത്തിലും നമ്മള്‍ പലപ്പോഴും പലരെയും അനുസരിക്കുന്നതും ഭയം കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നേട്ടം മോഹിച്ചോ ആയിരിക്കും. നേട്ടങ്ങള്‍ ഇല്ലെന്ന് ബോധ്യമാകുന്നതോടെ അനുസരണയും ഇല്ലാതാകുന്നു. അപ്പോള്‍ നാമതിനെ സ്‌നേഹമില്ലെന്ന് പരിഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ സ്‌നേഹമെന്നാല്‍ അനുസരണയാണ്. അനുസരണ ജനിക്കേണ്ടത് ഭയത്തില്‍ നിന്നോ മോഹങ്ങളില്‍ നിന്നോ അല്ല കലര്‍പ്പില്ലാത്ത സ്‌നേഹത്തില്‍ നിന്നായിരിക്കണം.

അങ്ങനെയാകുമ്പോള്‍ ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ അനുസരിക്കുന്നു, മക്കള്‍ രക്ഷിതാക്കളെ അനുസരിക്കുന്നു. ജീവിതത്തില്‍ മറ്റുള്ളവരെ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് സ്‌നേഹിക്കാന്‍ തയാറാകണം. സ്‌നേഹം അനുസരണയെ സൃഷ്ടിക്കും.

ബഗ്ദാദിലെ ഒരു സൂഫി വനിതയായിരുന്ന റാബിയ ഒരിക്കല്‍ പറഞ്ഞു, ‘മോഹിപ്പിക്കുന്ന സ്വര്‍ഗത്തെ കണ്ടല്ല, പേടിപ്പിക്കുന്ന നരകത്തെ ഭയന്നിട്ടുമല്ല ദൈവമേ നിന്നെ ഞാന്‍ അനുസരിക്കുന്നത്. സ്‌നേഹം മാത്രമാകുന്നു എന്റെ അനുസരണയുടെ കാവല്‍ക്കാരന്‍. സ്വര്‍ഗവും നരകവും എന്നെ മോഹിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. എനിക്ക് നിന്നെ മതി. നിന്നെ മാത്രം’

ജീവിതത്തില്‍ കലര്‍പ്പില്ലാതെ സ്‌നേഹിക്കാന്‍ തയ്യാറാകണം. എങ്കില്‍ അനുസരണയും സത്യസന്ധമാകും. ഏറ്റവും പ്രിയപ്പെട്ടാരാളെ അനുസരിക്കാന്‍.. സ്‌നേഹി തയ്യാറാകുന്നത് ഒന്നും മോഹിച്ചോ ഭയന്നോ അല്ലല്ലോ.. സ്‌നേഹം കൊണ്ട് മാത്രമല്ലേ..

മറ്റുള്ളവരെ അനുസരിപ്പിക്കുന്നത് ഭയപ്പെടുത്തിയോ പ്രലോഭനങ്ങള്‍ നല്‍കിയോ ആകരുത്. നിത്യജീവിതത്തില്‍ ഈ തത്വം പുലര്‍ത്താന്‍ ശ്രമിക്കുക. ഈ കാലഘട്ടത്തിന്റെ സന്ദേശം സ്‌നേഹം മാത്രമാകുന്നു എന്ന സൂഫിവാക്ക് എപ്പോഴും ഓര്‍ക്കുക. ജീവിതത്തില്‍ പകര്‍ത്തുക. ഈ പുതുവര്‍ഷം നമ്മെ പുതിയൊരു മനുഷ്യനാക്കട്ടെ..

ഒരു ജീവിതത്തില്‍ പല ജീവിതങ്ങള്‍ സാധ്യമാണ്. അതുകൊണ്ട് തന്നെ ഓരോ പുതുവര്‍ഷത്തിലും മൊത്തത്തില്‍ ഒന്ന് മാറുന്നത് നല്ലതാണ്..

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്‌നോട്ടിക്കല്‍ കൗണ്‍സിലും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍-9946025819)

Usefull tips for lovers and couples for strengthen relationship
Posted by
27 December

പങ്കാളികളുടെ ശ്രദ്ധയ്ക്ക്... തമ്മില്‍ തല്ലാതെ ബന്ധം മുന്നോട്ട് കൊണ്ടുപോകണോ... ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

ജീവിത്തില്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതില്‍ ചിലരെങ്കിലും അനശ്വര പ്രണയത്തിന്റെ രക്തസാക്ഷികളും സ്മാരകങ്ങളും ആകും. ചിലര്‍ എപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കും. ഇപ്പറയുന്ന പ്രേമമാണെങ്കിലും സ്‌നേഹമാണെങ്കിലും ബന്ധങ്ങള്‍ വിജയിക്കണമെങ്കില്‍ ഇരുവരും തമ്മിലുള്ള കൂട്ടായ പരിശ്രമം വേണമെന്ന കാര്യത്തില്‍ സംശയമില്ല. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ യോജിച്ച് പോകുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മനസ്സിലാക്കാനും മനസ്സിലാക്കപ്പെടുവാനും ഇരു കൂട്ടര്‍ക്കും പ്രത്യേകം കഴിവും വേണമെന്നതില്‍ സംശയമില്ല. പ്രണയിക്കുന്നവര്‍ തമ്മില്‍ പരസ്പരം സ്‌നേഹവും ബഹുമാനവും നല്‍കുമ്പോഴാണ് നല്ലരീതിയില്‍ പ്രണയ ബന്ധം മുന്നോട്ട് പോകുകയുള്ളൂ….

തനിക്കെന്ന പോലെ മറ്റെയാള്‍ക്കും സ്വപ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കി പെരുമാറുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍,എന്റെ എന്നീ സ്വാര്‍ത്ഥ വിചാരങ്ങളാണ് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നത്. അതിനാല്‍ ‘എന്റെ’ എന്നതിന് പകരം നമ്മുടേത് എന്നും അതുപോലെ ‘നിന്റെ’ എന്ന വാക്കിനും ജീവിതത്തില്‍ പ്രാധാന്യം കൊടുക്കുക. പരസ്പരം രണ്ടാളും കരുതല്‍ നല്‍കുന്നുണ്ടെന്നത് ഏറെ പ്രധാനമാണ്. ഇന്ത് ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കും.

സ്വന്തം വീട്ടുകാര്‍ എന്നത് പോലെ കൂടെയുള്ള ആള്‍ക്കും കുടുംബക്കാര്‍ ഉണ്ടെന്നോര്‍ക്കുക. ഒരുമിച്ച് ജീവിക്കുകയാണെങ്കില്‍ രണ്ട് പേരുടേയും കുടുംബത്തെയും അംഗീകരിച്ചു മുന്നോട്ട് പോകാന്‍ കഴിയണമെന്നതിന് ഏറെ പ്രസക്തിയുണ്ട്. ഇഷ്ടമായില്ലെങ്കില്‍ കൂടി പങ്കാളിയുടെ കുടുംബത്തോട് മോശമായി പെരുമാറാതിരിക്കാനുള്ള മാന്യതയുണ്ടാവണം. മിക്ക പ്രേമബന്ധങ്ങളും കുടുംബ ബന്ധങ്ങളും തകരുന്നതിന്റെ ഒരു കാരണം ഈ മാന്യത കൈവിട്ടു പോകുന്നതാണ് എന്നത് മറക്കരുത്. അവന്റെ അല്ലെങ്കില്‍ അവളുടെ കുടുംബത്തെയോ ബന്ധുക്കളെയോ ഒരു കാര്യമില്ലാതെ കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യരുത് എന്നത് ഏറെ ശ്രദ്ധിക്കുക.

സുഹൃത്തുക്കളുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്വരചേര്‍ച്ചകള്‍ ഇണ്ടാകുക സാധാരണമാണ്. കാമുകന്റെ സുഹൃത്തിനെ കാമുകിയ്ക്ക് ഇഷ്ടമില്ലെങ്കില്‍ അതിന്റെ പേരില്‍ പ്രണയബന്ധത്തിനും കുടുംബ ബന്ധത്തിനും വിള്ളല്‍ വീഴുക സാധാരണമാണ്. അതുകൊണ്ട് തന്നെ പങ്കാളിയുടെ സുഹൃത്തുമായി ഒത്തു പോകാന്‍ കഴിയില്ലെങ്കില്‍ ഇഷ്ടമില്ലാത്ത സുഹൃത്ത് ബന്ധങ്ങളില്‍ വലിച്ചിടാന്‍ ശ്രമിക്കാതിരിക്കുക. നിങ്ങളുടെ സുഹൃത്തിനെ എപ്പോഴും സുഹൃത്തായി കാണാനോ സംസാരിക്കാനോ പങ്കാളിക്ക് കഴിയുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ച് പ്രശ്‌നമുണ്ടാക്കാതിരിക്കുക. അതേപോലെ തന്നെ എല്ലാവര്‍ക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടെന്ന ഓര്‍മ്മ വേണം.ഒരിക്കലും നിര്‍ബന്ധിച്ച് ഒരു കാര്യത്തിന് പുറപ്പെടരുത്. എത്രത്തോളം സമയം ഒരു ബന്ധത്തിന് നല്‍കണമെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അത് എന്റെ എന്നതു പോലെ മറ്റൊരാളുടേതും എന്ന ചിന്തയുണ്ടാവണം.

എല്ലാ ചിലവുകളും ഒരാള്‍ വഹിക്കുകയെന്നത് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടുണ്ടാക്കും, അത് കുടുംബ ബന്ധത്തിലാണെങ്കിലും പ്രണയിക്കുന്ന സമയത്താണെങ്കിലും . പക്ഷേ പ്രണയിക്കുന്ന സമയത്ത് ഒരാള്‍ തന്നെ ബില്ലടയ്ക്കുന്ന സ്ഥിതിയാണ് നാം കാണുക. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം പ്രണയിച്ച് നടക്കുന്ന കാലമാണെങ്കില്‍ എപ്പോഴും ഒരാള്‍ തന്നെ ബില്ലടയ്ക്കുന്നത് അത്ര നല്ല രീതിയില്‍ മുന്നോട്ട് പോവില്ല. കൊടുക്കല്‍ വാങ്ങലുകള്‍ രണ്ട് കൂട്ടരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതാണ് ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ ആവശ്യം.

വഴക്കിനിടയില്‍ താഴ്ത്തി കെട്ടി സംസാരിക്കുന്നതും കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ചെറിയ പിണക്കങ്ങള്‍ എല്ലാ ബന്ധങ്ങളിലും സാധാരണമാണ്. എന്നാല്‍ വഴക്ക് മൂര്‍ഛിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതേപോലെ മുന്‍ കാമുകന്റെയോ കാമുകിയുടെയോ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം വാക്ക്‌പോര് നടത്താതിരിക്കാന്‍ ശ്രമിക്കണം എക്‌സ് കാമുകി, എക്‌സ് കാമുകന്‍ എന്നത് മലയാള പദമെന്ന പോലെ ആയി കഴിഞ്ഞു. മുന്‍ കാമുകിയും കാമുകനും ബന്ധങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത് ദോഷം മാത്രമേ ഉണ്ടാക്കൂ.

ഇരുവരുടേയും ജീവിതത്തിലെ സ്ഥാനം അഥവ ‘ഇടം’ എന്നിവയെ കുറിച്ചുള്ള തുറന്ന സംസാരം ആവശ്യമാണ്. ജീവിതത്തില്‍ ഓരോ കാര്യങ്ങള്‍ക്കും പ്രത്യേക ഇടവും സ്ഥാനവും എല്ലാവര്‍ക്കും ഉണ്ട്. ഇത് പരസ്പരം അറിയുകയും സംസാരിച്ച് വ്യക്തത വരുത്തുകയും ചെയ്യേണ്ടത് അത്യാവശമാണ്. പേഴ്‌സണല്‍ മാറ്ററുകളില്‍ ഇടപെടരുതെന്നും വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തരുതെന്നും ചുരുക്കം. അതേസമയം നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുന്‍ഗണനയുള്ള കാര്യങ്ങള്‍ പങ്കാളിയുമായി ഉറപ്പായും പങ്കുവെയ്ക്കുക. ചിലര്‍ക്ക് ജോലി മുന്‍ഗണന ആയിരിക്കും ചിലര്‍ക്ക് കുടുംബം രക്ഷിതാക്കള്‍ എന്നിവരായിരിക്കും മുന്‍ഗണന. ഇതറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പങ്കാളിക്ക് കഴിയുമ്പോള്‍ ബന്ധങ്ങള്‍ ഊഷ്മളമായി തുടരും.

special story about self identifying
Posted by
22 December

നിങ്ങള്‍ക്ക് നിങ്ങളെ ഇങ്ങനെ തിരിച്ചറിയാം..

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

സ്വയം തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ അറിവ് എന്നൊണല്ലോ സത്യം. സ്വയം തിരിച്ചറിയാനൊരു മാര്‍ഗമിതാ..
ലഭിച്ചതില്‍ സംതൃപ്തി നേടാനായാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിച്ചുവെന്ന് പറയാനാകും. അതിന് നാം നമ്മെ തിരിച്ചറിയണം. നാം ഏതുതരം മനുഷ്യനാണെന്ന്.

മനുഷ്യന് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ? ഉണ്ട് മനുഷ്യനോളം ആമുഖം പറയേണ്ട മറ്റേത് ജീവിയുണ്ട്. മനുഷ്യനെ പല കാറ്റഗറിയാക്കിയും തിരിക്കാറുണ്ട്. ഓരോര്‍ത്തരും തങ്ങള്‍ക്ക് പറയേണ്ട കാര്യങ്ങള്‍ക്കായി മനുഷ്യനെ തരംതിരിക്കും. സൂഫികള്‍ മനുഷ്യനെ മൂന്നായി തിരിച്ചിട്ടുണ്ട് .ഏറ്റവും ലളിതവും സുന്ദരവുമായാണ് എനിക്കിത് അനുഭവപ്പെട്ടത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിങ്ങളിതില്‍ ഏതുവിഭാഗത്തില്‍ പെടുന്നു എന്ന് കണ്ണടച്ചിരുന്ന് ചിന്തിക്കുക.

ചില മനുഷ്യര്‍ അസുഖം പോലെയാണ്. അതായത് ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്ന അസുഖത്തെ ആരും ഇഷ്ടപ്പെടുന്നില്ല.
ഇത്തരക്കാരുടെ സാന്നിധ്യം ആളുകള്‍ ഇഷ്ടപ്പെടുകയില്ല. അരികിലെത്തിയാല്‍ ഒഴിവാക്കാനാണ് ശ്രമിക്കുക. അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കും പോലെ എന്ത് ചെയ്തിട്ടാണേലും അവരെ ഒഴിവാക്കാന്‍ ശ്രമിക്കും. മോശം പെരുമാറ്റവും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്തവരും ഇത്തരം ‘ അസുഖ’ക്കാരില്‍ ചിലത് മാത്രം. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു അസുഖക്കാരനാകരുത്. നിങ്ങളുടെ സാമീപ്യം ഏതര്‍ത്ഥത്തിലും ചുറ്റുള്ളവരില്‍ നന്മയും സന്തോഷവും നല്‍കുന്നവയായിരിക്കണം.

മറ്റൊരു വിഭാഗം ആളുകള്‍ മരുന്ന് പോലെയാണ്. ഏത് സാഹചര്യത്തിലും എല്ലായ്‌പ്പോഴും സന്തോഷത്തോടെ ആരും മരുന്ന് കഴിക്കാറില്ല. അസുഖം വന്നാലാണല്ലോ അതൊഴിവാക്കാന്‍ മരുന്ന് കഴിക്കാറ്. അതുപോലെയാണ് ചിലയാളുകള്‍. അവരെ എപ്പോഴും നമുക്ക് ആവശ്യം വരില്ല. ചില ഘട്ടങ്ങളില്‍ അവരെ അത്യാവശ്യമാണ്. അവരില്ലെങ്കില്‍ നമ്മുടെ ആരോഗ്യം വീണ്ടെടുക്കാനാവില്ല. പക്ഷെ ആരോഗ്യകരമായ സന്തോഷകരമായ സാഹചര്യത്തില്‍ ഇത്തരക്കാരുടെ സാന്നിധ്യം ആരും ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മരുന്ന് പോലെയാണോയെന്ന് കണ്ടെത്തൂ. നിങ്ങളിലെ ഉപകാരമേ അവര്‍ക്ക് വേണ്ടൂ.. എങ്കില്‍ നിങ്ങള്‍ മരുന്നുപോലെയാണ്. നിത്യജീവിതത്തില്‍ ഇത്തരക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ചിലരുടെ സാന്നിധ്യം നിത്യജീവിതത്തില്‍ മരുന്ന് പോല മാത്രമെ ആശ്വാസം നല്‍കു..

മക്കള്‍, ഭാര്യ, മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെല്ലാം ഒരര്‍ത്ഥത്തില്‍ ജീവിതത്തില്‍ എല്ലാ നിമിഷത്തിലും അരികിലുണ്ടാകുന്നവരല്ല. ഏറെ പ്രിയപ്പെട്ടവരാണെങ്കില്‍ പോലും അവരുടെതായ ഇടങ്ങളില്‍ മാത്രമാണ് അവര്‍ ആനന്ദം പകരുന്നത്. മിക്ക ആളുകളും ഈ രണ്ടാം കാറ്റഗറിയിലാകും. അതു കൊണ്ട് തന്നെ എല്ലാം നേടിയാലും ഒരു അസംതൃപ്തി ഇവരുടെ ഉള്ളിലുണ്ടാകും. അമൂര്‍ത്തമായ ചിത്രം പോലെ ..

മൂന്നാമതൊരു വിഭാഗം മനുഷ്യരുണ്ട് .ഓക്‌സിജന്‍ പോലെ.. എപ്പോഴും ഏത് നിമിഷവും അവര്‍ നമ്മോടൊപ്പമുണ്ടാകും. ഒരാള്‍ ശ്വസനം നടത്തുന്നത് പോലും സ്വയം അറിയാതെ സംഭവിക്കുന്ന പ്രക്രിയയാണല്ലോ.. ഇവരില്ലങ്കില്‍ നമ്മളില്ല. ഒരു സൂഫിക്ക് തന്റെ ആത്മീയ ഗുരു ഓക്‌സിജന്‍ പോലെയാണ് . അതാണവരുടെ അന്നവായു. ഏറ്റവും പ്രിയപ്പെട്ടവരാകാന്‍ പ്രിയമുള്ളതിനൊപ്പം കഴിയണമെന്നില്ല .അവന്റെ ശ്വസനത്തില്‍ പോലും നമ്മമാകുന്നൊരു സാഹചര്യം വരും. അതാണ് മൂന്നാമത്തെ വിഭാഗം. ഇത്തരം പ്രിയപ്പെട്ടവരാരോ നമ്മോടൊപ്പമുണ്ടെങ്കില്‍, തിരക്കുള്ള റോഡില്‍ പിതാവിന്റെ കൈപിടിച്ച് ഒന്നുമറിയാത്ത കുഞ്ഞ് സുരക്ഷിതനായി റോഡ് മുറിച്ചുകടക്കും പോലെയാണ്. നമ്മുടെ സങ്കടങ്ങളും സ്‌നേഹങ്ങളും കിനാവുകളും പങ്കുവെക്കാനൊരിടം .

നിത്യജീവിതത്തില്‍ നമുക്ക് ഏതുവിഭാഗം മനുഷ്യനാകാന്‍ കഴിഞ്ഞു എന്ന് സ്വയം പരിശോധിക്കുക. സ്‌നേഹം സ്‌നേഹത്തെ കൊണ്ടുവരും. നിങ്ങള്‍ സ്‌നേഹത്തില്‍ വിശ്വസിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും അതില്‍ ഉറങ്ങുകയും ഉന്നരുകയും ചെയ്യുന്നുവെങ്കില്‍ ജീവിതം ഒഴുകുന്ന പുഴപോലെ മനോഹരമായിരിക്കും. നെഗറ്റീവ് ചിന്തകള്‍ / ദുഷ് ചിന്തകള്‍ മനസ്സിലേക്ക് പ്രവേശിപ്പിക്കാതെ നിങ്ങള്‍ സൂക്ഷിക്കണം. മനസ്സിന്റെ സൂക്ഷിപ്പുകാരന്‍ നിങ്ങള്‍ തന്നെയാണ്. ആ നിയന്ത്രണം മറ്റൊന്നിനും നല്‍കരുത്. നിങ്ങള്‍ക്ക് ശക്തിപകരാന്‍ ഓക്‌സിജന്‍ പോലെ ഒരാള്‍ ഒപ്പമുണ്ടെങ്കില്‍. നിങ്ങള്‍ക്ക് അതായ് മാറാനായാല്‍ ഒരു ദുരന്തവും നിങ്ങളുടെ മനസ്സിനെ തകര്‍ക്കില്ല. സന്തോഷങ്ങള്‍ എല്ലാം മായ്ക്കുകയുമില്ല.

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. 9946025819 )

important solutions of life doubt syndrome
Posted by
21 December

ജീവിതം തകർക്കുന്ന സംശയരോഗങ്ങളിൽനിന്ന് രക്ഷപ്പെടാനൊരു മാർഗം

-ഫഖ്‌റുദ്ധീൻ പന്താവൂർ

കായികബലം കൊണ്ടും നയപരമായ ഇടപെടൽ കൊണ്ടും എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുന്ന ആ യുവാവ് കല്യാണം കഴിഞ്ഞതോടെ മാനസികമായി ആകെ തളർന്നു. വീട് ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ വാടകക്ക് ഭാര്യയെയും കൂട്ടി താമസിച്ചുനോക്കി. എന്നിട്ടും അയാൾക്ക് സന്തോഷകരമായൊരു ജീവിതം ലഭിച്ചില്ല. ഒടുവിൽ ഇപ്പോൾ വിവാഹമോചനത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇവിടെ വില്ലനായത് ഭാര്യയുടെ സംശയരോഗമാണ് .കായികബലവും, നയപരമായ വാക്ചാരുതിയൊന്നും സ്വന്തം ജീവിതത്തിൽ ഉപകാരപ്പെട്ടില്ലന്നർത്ഥം.

സംശയരോഗം കൊണ്ട് ജീവിതം തകർന്ന ഒത്തിരികുടുംബങ്ങളുണ്ട്. ഇതുമൂലം നരകസമാനമായ ജീവിതം നയിക്കുന്നവരുമുണ്ട്. സംശയം എല്ലാവർക്കുമുണ്ട്. ചിലതൊക്കെ വാസ്തവവുമായിരിക്കും .സ്വയം സങ്കൽപ്പിച്ചുണ്ടാക്കുന്ന യഥാർത്ഥമല്ലാത്ത കാരണങ്ങളാൽ സൃഷ്ടിച്ചുണ്ടാക്കുന്ന സംശയങ്ങളാണ് മാനസികപ്രശ്‌നങ്ങളുടെ പരിധിയിൽ വരുന്നത്. ഇത് പരിധിയിലും കൂടിയാൽ രോഗമാണെന്ന് പറയാം. എങ്കിലും മരുന്ന് കഴിച്ച് പൂർണ്ണമായി സംശയരോഗം മാറ്റാനാവില്ല.

സംശയരോഗങ്ങൾ പലരൂപത്തിലും ഭാവത്തിലുമുണ്ട് .തീവ്രമായത് , ലഘുവായത് എന്നിങ്ങനെ ഒറ്റവാക്കിൽ രണ്ടായി തിരിക്കാം .ഭാര്യമാരുടെ സംശയരോഗങ്ങളാണ് കേരളസാഹചര്യത്തിൽ കൂടുതലെന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. ചെറിയ സംശയങ്ങൾ പോലും ജീവിതത്തിന്റെ സൗന്ദര്യം തകർക്കും. ഭാര്യമാരുടെ സംശയരോഗങ്ങൾ മൂർച്ചിക്കുന്നത് ഭർത്താവിനെ അവിഹിത ബന്ധങ്ങളിലേക്കാണ് ഒടുവിൽ എത്തിക്കുക. ഭാര്യമാരുടെ സംശയരോഗങ്ങൾ ഇണയെ കായികമായി ആക്രമിക്കുന്നതിലേക്ക് സാധാരണ എത്തിക്കാറില്ല. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടുമാണ് ഇവരുടെ ദ്രോഹങ്ങൾ മിക്കതും. ഭർത്താക്കന്മാരുടെ സംശയരോഗങ്ങൾ മൂർച്ചിച്ചാൽ കായികമായി തന്നെ ഭാര്യമാരെ ദ്രോഹിക്കും. ഒരു പക്ഷെ കൊലപാതകങ്ങളിൽ വരെ എത്തുകയും ചെയ്യും. സംശയരോഗത്തിന്റെ തീവ്രതയിൽ മക്കളെപ്പോലും കൊന്നുകളഞ്ഞ നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്.

ജനിതകമായും, വളർന്നുവന്ന സാമൂഹ്യകാരണങ്ങളാലും സംശയരോഗം വരും. മികച്ച പാരന്റിങ്ങ് കിട്ടാത്തവരിലും, അമിതമായ വാത്സല്യത്തിൽ വളർന്നവരിലും സംശയരോഗം വരാൻ സാധ്യത കൂടുതലാണ്. അപകർഷത കൂടുതലുള്ളവരിലും സംശയരോഗം കൂടുതലായി കണ്ടുവരാറുണ്ട് .മിക്ക സംശയരോഗങ്ങളും ലൈംഗികതയുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. പ്രായമായവരിലും യുവാക്കളിലും ഇത് കാണാം. പങ്കാളിക്ക് തന്നെക്കാൾ സൗന്ദര്യം കൂടുക, ശമ്പളം കൂടുക, കൂടുതൽ സുഹൃത്തുക്കൾ ഉണ്ടാകുക, ലൈംഗിക ശേഷിക്കുറവ് ഇതെല്ലാം സംശയരോഗത്തിന് കാരണങ്ങളാകാറുണ്ട്.
സംശയരോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി കൗൺസിലിങ്ങിലൂടെയും മറ്റും മാറ്റിയെടുക്കാവുന്നതാണ് .പക്ഷെ പലരും തനിക്ക് സംശയരോഗമാണുള്ളതെന്ന് അംഗീകരിച്ച് തരാറില്ല . സംശയിക്കുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ നടക്കുന്നതായി തന്നെ ഇവർക്ക് കാര്യകാരണ സഹിതം മനസ്സ് ബോധ്യമാക്കിക്കൊടുക്കും. അതുകൊണ്ട് കേവലം ‘ സംശയമല്ല ‘ പങ്കാളിക്ക് യഥാർത്ഥത്തിൽ അവിഹിതം ഉണ്ടെന്ന് തന്നെ ഇവർ സ്ഥാപിച്ചെടുക്കും.

ദാമ്പത്യത്തിന്റെ തുടക്കത്തിൽ ഇണകളുടെ അമിതമായ സ്‌നേഹപ്രകടനങ്ങൾ ,കരുതലുകൾ എല്ലാം സംശയരോഗത്തിന്റെ ലക്ഷണങ്ങളാകാം. ഭാര്യയെ തനിച്ച് വിടാതിരിക്കുക, ഭാര്യ ഫോണിൽ സംസാരിച്ചാൽ കാമുകനുമായാണെന്ന് സങ്കൽപ്പിച്ച് സ്വയം വേദനിക്കുക, പുറത്ത് പോകുമ്പോൾ ഇണകളെ സൂക്ഷമായി നിരീക്ഷിക്കുക, ഇങ്ങനെ തുടക്ക ലക്ഷണങ്ങൾ ഒത്തിരിയുണ്ട്.. ന്യൂറോ ലിംഗ്വസ്റ്റിക്ക് പ്രോഗ്രാം ( എൻഎൽപി ) വഴി വലിയൊരളവിൽ സംശയരോഗം മാറ്റിയെടുക്കാം.

എല്ലാ സംശയങ്ങളെയും രോഗമായും മാനസിക പ്രശ്‌നമായും തള്ളിക്കളയരുത്. സ്‌നേഹത്തോടെയും സുതാര്യതയുമുള്ള ദാമ്പത്യങ്ങളിൽ സംശയങ്ങൾക്ക് രോഗമാകാൻ കഴിയില്ല. അളവറ്റ സത്യസന്ധമായ സ്‌നേഹം ദമ്പതികൾക്കിടയിൽ ഉണ്ടായാൽ. എല്ലാം തുറന്ന് സംസാരിക്കാൻ കഴിഞ്ഞാൽ വലിയൊരളവുവരെ സംശയങ്ങൾ ഇല്ലാതാക്കാം. അപകർഷതാബോധത്തിന്റെ കാരണങ്ങൾ ഇല്ലാതാക്കാൻ ദമ്പതികൾ പരസ്പരം ആദരിക്കുകയും അംഗീകരിക്കുകയും വേണം. അതോടെ യഥാർത്ഥ സ്‌നേഹം ജനിക്കും. തെറ്റുകളും കുറവുകളും ബലഹീനതകളും ഭൗർബല്യവും ആരോഗ്യപരമായി തുറന്നുപറയുക. പരിഹാരം കാണുക സംശങ്ങൾ ഇല്ലാതാകും. എല്ലാ സംശയങ്ങളെയും ഒരു രോഗമായി കാണണ്ട . എല്ലാ ബുദ്ധിയുള്ള മനുഷ്യർക്കും സംശയങ്ങൾ ഉണ്ടാകും .അത് സ്വഭാവികമാണ്. ബുദ്ധിയിൽ നിന്നുണ്ടായ സ്‌നേഹങ്ങൾ വേഗത്തിൽ സംശയങ്ങൾക്ക് കീഴ്‌പ്പെടാം. ഖൽബ്‌കൊണ്ട് സ്‌നേഹിക്കുക. യുക്തിയോ ബുദ്ധിയോ ആവശ്യമില്ലാത്ത കലർപ്പില്ലാത്ത സ്‌നേഹം ഖൽബിനെ നൽകാനാകൂ.

(അധാപകനും, മാധ്യമപ്രവർത്തകനും, ഹിപ്പ്‌നോട്ടിക്കൽ കൗൺസിലറും, മൈന്റ് കൺസൾട്ടന്റുമാണ് ലേഖകൻ. 9946025819)

exclusive story about satisfaction
Posted by
16 December

ക്ഷമയേക്കാള്‍ മനോഹരമാണ് സംതൃപ്തി

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ക്ഷമയെക്കുറിച്ച് എല്ലാവരും വാചാലമാകും. ‘നിനക്കൊന്ന് ക്ഷമിച്ചാലെന്താ’.. വീട്ടില്‍ വഴക്കിട്ടാല്‍ മൂത്തവരോട് അമ്മ പറയുന്ന സ്ഥിരം ഡയലോഗാണിത് . മതങ്ങളും വിവിധ ചിന്താധാരകളും ക്ഷമയുടെ മഹത്വം വിവരിച്ചിട്ടുമുണ്ട്. പക്ഷെ സന്തോഷകരമായൊരു ജീവിതത്തിന് ക്ഷമയേക്കാള്‍ മഹത്വമുണ്ട് സംതൃപ്തിക്ക്.

ക്ഷമ എന്ന വികാരം മോശമാണെന്നല്ല പറയുന്നത്. അസ്വസ്ഥമായ മനസ്സിനെ നിയന്ത്രിക്കുന്നതാണ് ക്ഷമ. ദേഷ്യം പിടിച്ചാല്‍ ക്ഷമിക്കും, പലതിനും ക്ഷമിക്കും .ജീവിതത്തില്‍ പലപ്പോഴും നാമൊക്കെ ക്ഷമിക്കുന്നവരാണ്. മക്കളുടെ കുസൃതിയില്‍ രക്ഷിതാക്കള്‍ ഇടക്കൊന്ന് ക്ഷമിക്കും. അങ്ങനെയങ്ങനെ നിത്യജീവിതത്തില്‍ ക്ഷമ ഉപയോഗിക്കാന്‍ നിരവധി സാഹചര്യങ്ങളുണ്ട്. അസ്വസ്ഥമാകുന്ന സാഹചര്യങ്ങളില്‍ മനസ്സ് അതിനൊടൊപ്പം പോകാന്‍ അനുവദിക്കാതെ പിടിച്ചുവെക്കുന്ന ഭാവം അതാണ് ക്ഷമ. അതുകൊണ്ട് തന്നെ ‘നിസ്സഹായതയെ’ ആരും ക്ഷമയായി പരിഗണിക്കാറില്ല .

നമ്മളെക്കാള്‍ ശക്തനായ ഒരാള്‍ നമ്മെ ഉപദ്രവിക്കുമ്പോള്‍ നാം നിസ്സഹായനായി വിധേയനാകുന്നുണ്ടെങ്കില്‍ അത് ക്ഷമയല്ല ,സഹനമാണ്. നമുക്കയാളെ രണ്ടങ്ങ് പൊട്ടിക്കാന്‍ പറ്റും. എന്നിട്ടും വേണ്ടെന്ന് വെച്ചു. അതാണ് ക്ഷമ ജീവിതത്തില്‍ ക്ഷമയെക്കാള്‍ മഹത്വരം സംതൃപ്തിക്കാണെന്നാണ് സൂഫികള്‍ പറയുന്നത്.

മനസ്സിനെ അസ്വസ്ഥമാകാന്‍ അനുവദിക്കാതെ ലഭിച്ചതിലെന്തിലും തൃപ്തി തോന്നുന്ന ഭാവം .അതിലേക്ക് വളരണം. ജീവിതത്തില്‍ ഈശ്വരന്‍ നല്‍കിയതിലെന്തിലും സംതൃപ്തി തോന്നുകയും അതിന് നന്ദി പറയുന്നൊരു മനസ്സും നിങ്ങള്‍ക്കുണ്ടെങ്കില്‍ ജീവിതം എപ്പോഴും സന്തോഷകരമായിരിക്കും . ക്ഷമയെക്കാള്‍ മനോഹരവും മഹത്വരവും സംതൃപ്തിക്കാണെന്ന് പറയുന്നത് ഈ അര്‍ത്ഥത്തിലാണ് .

ക്ഷമിക്കുമ്പോഴും ഒരാളുടെ മനസ്സില്‍ അസ്വസ്ഥമായ ചിന്തകള്‍ ഒളിച്ചിരിപ്പുണ്ടാവും .വിവേകം കൊണ്ട് അതിനെ കീഴ്‌പ്പെടുത്തിയെന്ന് മാത്രം. മനസ്സിലെ തെറ്റായ ഈ ചിന്തകള്‍ അവസരം കിട്ടിയാല്‍ പുറത്ത് ചാടും. അതുവരെ പ്രകടിപ്പിച്ച ക്ഷമയൊക്കെ ഒറ്റനിമിഷംകൊണ്ട് എവിടെയോ പോയിമറയും.
‘ക്ഷമിച്ചു ഭൂമിയോളം ക്ഷമിച്ചു ഇനി വയ്യ .. ‘ ജീവിതത്തില്‍ മാത്രമല്ല സിനിമയിലും കാണാം ഈ ഡയലോഗ്. പ്രതിസന്ധികളില്‍ ക്ഷമിച്ചാലും മനസ്സ് ആരോഗ്യപരമായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങള്‍ ക്ഷമക്ക് പകരം സംതൃപ്തിയിലാണ് ജീവിക്കുന്നതെങ്കിലോ ജീവിതം മനോഹരമാകും. ഭൂമിതന്നെയാണ് അവന്റെ സ്വര്‍ഗം .

സത്യത്തില്‍ സംതൃപ്തിയില്ലാത്ത മനസ്സുകളാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെ കാരണക്കാര്‍. ദമ്പതികളില്‍ സംതൃപ്തിയില്ല .പലരും ക്ഷമയിലാണ് . ഈ ക്ഷമ സഹികെടുമ്പോഴാണ് കലഹവും വിവാഹമോചനവും അരുതായ്മകളും സംഭവിക്കുന്നത്. ഓരോരുത്തരുടെയും ജീവിത വിഹിതങ്ങള്‍ പലതായിരിക്കും .സന്തോഷത്തോടെ ലഭിച്ചതില്‍ സംതൃപ്തി പ്രകടിപ്പിക്കുക .കൂടുതല്‍ മികച്ചതിനായി പ്രവര്‍ത്തിക്കുകയും കാത്തിരിക്കുകയും ചെയ്യുക. അസ്വസ്ഥമായ മനസ്സോടെയാവരുത് ഇത്. സന്തോഷത്തോടെ കാത്തിരിക്കുക ,പ്രവര്‍ത്തിക്കുക ,പ്രാര്‍ത്ഥിക്കുക. സംതൃപ്തി നിങ്ങളെ ചതിക്കില്ല. പക്ഷെ ക്ഷമ നിങ്ങളെ കൈവിടും. സ്‌നേഹവും കരുണയുമുള്ള മനസ്സിലെ സംതൃപ്തി ജനിക്കൂ .ക്ഷമ അത്ര നല്ലകുട്ടിയല്ല.സംതൃപ്തിയുള്ളവര്‍ക്ക് ക്ഷമയുടെ ആവശ്യമേയില്ല .

ഓഫീസില്‍, വീട്ടില്‍, ജോലിസ്ഥലത്ത്, കൂട്ടുകാരോടൊത്ത് രാക്കഥ പറയുമ്പോള്‍ എല്ലാം നിങ്ങളില്‍ നിറയുന്നത് സംതൃപ്തിയാണെങ്കില്‍ ജീവിതം സുന്ദരമാകും.ഭക്ഷണം കഴിക്കുമ്പോള്‍ പോലും ചിലര്‍ ലഭിച്ചതില്‍ തൃപ്തി തോന്നാതെ പിന്നെയും ആവശ്യപ്പെടുന്നത് കാണാം. ത്യാഗത്തിന്റെ പാഠങ്ങള്‍ മുതിര്‍ന്നവരുടെ ജീവിതത്തില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുക . അതുകൊണ്ട് സ്വപ്നങ്ങളില്‍ ജീവിക്കാതെ മണ്ണിലിറങ്ങുക. സംതൃപ്തിയോടെ പരസ്പരം ജീവിക്കുക .

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍ 9946025819 )

two use full way for happiness in life long
Posted by
15 December

ജീവിതത്തില്‍ സന്തോഷം സമ്മാനിക്കുന്ന രണ്ട് കാര്യങ്ങള്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ജീവിതത്തില്‍ സന്തോഷം ലഭിക്കാതെ മറ്റെന്ത് ലഭിച്ചിട്ടും കാര്യമില്ല . എല്ലാവരും പലതും വെട്ടിപ്പിടിക്കാനാണ് ജീവിക്കുന്നത്. പക്ഷെ അതിനിടയില്‍ സന്തോഷം നഷ്ടപ്പെട്ടുപോകുന്നു. ജീവിതം എപ്പോഴും സന്തോഷകരമാകാന്‍ രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ആരോഗ്യവും നല്ല സുഹൃദ്ബന്ധവുമാണത്. ആരോഗ്യം എന്നാല്‍ മാനസികമായും ശാരീരികമായും സാമൂഹികമായും ആരോഗ്യമുള്ള അവസ്ഥയാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ പുതിയ പഠനപ്രകാരം ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിലെ പ്രധാന ഘടകം ആരോഗ്യവും സുഹൃത്തുക്കളുമാണെന്നാണ് പറയുന്നത്.

നിങ്ങള്‍ ആരോഗ്യവാനാണോ ?

ശരീരത്തിന് മാത്രമല്ല മനസ്സിനും വേണം ആരോഗ്യം. ഇതുരണ്ടും ലഭിച്ചാലും പൂര്‍ണ്ണമായില്ല. നമ്മുടെ ചുറ്റുപാടുകളും ആരോഗ്യകരമായ സാഹചര്യത്തിലായിരിക്കണം. ആരോഗ്യം ഇല്ലാതാകുന്നതോടെ മാനസികമായും ശാരീരികമായും തകരും. വിഷാദം, മുന്‍കോപം, തളര്‍ച്ച, ഉള്‍വലിയല്‍, ഭയം, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും പിന്നിട്. ഒടുവില്‍ ശാരീരികമായും അസുഖബാധിതനാകും. പുതിയ പഠനങ്ങള്‍ പ്രകാരം നല്ലൊരു പങ്കും ആളുകള്‍ ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നവരല്ല എന്നതാണ് . വില്ലന്‍ ആരോഗ്യം തന്നെ.
ആരോഗ്യം വീണ്ടെടുക്കുകയാണ് പരിഹാരമാര്‍ഗം. ശരീരത്തിന് മാത്രമല്ല മനസ്സിനും .

അനാവശ്യ ചിന്തകളില്‍ നിന്നും ,നെഗറ്റീവ് ചിന്തകളില്‍ നിന്നും മാറി മനസ്സ് എപ്പോഴും ശുഭചിന്തകളില്‍ ലയിപ്പിച്ചാല്‍ മനസ്സിന് ആരോഗ്യം ലഭിക്കും. സന്തോഷം സന്തോഷത്തെയാണ് കൊണ്ടുവരിക ,ദു:ഖം ദുഃഖത്തെയും. കുട്ടികളുടെ ശാരീരിക ആരോഗ്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന രക്ഷിതാക്കളില്‍ നല്ലൊരു പങ്കും അവരുടെ മാനസിക ആരോഗ്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഫലമോ കൗമാരക്കാരായ കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്ന് മാനസികമായി ഏറെ അകന്നിരിക്കും. സ്‌കൂള്‍ കോളേജ് പഠനകാലയളവിലെ മക്കളുടെ മാനസികാരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്. തെറ്റായ പ്രണയങ്ങളിലേക്കും ലഹരിക്കും അടിമപ്പെടുന്നത് മാനസികാരോഗ്യം കുറഞ്ഞവരാണ്. കുട്ടികളുടെ ഇമോഷണല്‍ ഹെല്‍ത്ത് അടിച്ചമര്‍ത്തുന്ന രക്ഷിതാക്കളും അധ്യാപകരും ചെയ്യുന്നത് ഗുരുതരമായ പിഴവാണ് .

സൃഹുത്തുക്കള്‍ മാലാഖമാരെപ്പോലെയാണ്. ഏതുപ്രായക്കാരായാലും നല്ല സുഹൃത്തുക്കള്‍ ഇല്ലെങ്കില്‍ ജീവിതത്തില്‍ സന്തോഷം കണ്ടെത്താനാവില്ല. കുട്ടികളുടെ സൃഹുത്തുക്കള്‍ ആരൊക്കെയാണെന്നത് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. മുതിര്‍ന്നവര്‍ക്കാണെങ്കിലും സൃഹുത്തുക്കള്‍ വേണം. മാനസികമായ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ നല്ല സുഹൃദ്ബന്ധം ഒരു മാര്‍ഗമാണ്. നെഗറ്റീവ് ചിന്തകള്‍ മാത്രം നല്‍കുന്ന സുഹൃത്തുക്കളാണ് നിങ്ങള്‍ക്കെങ്കില്‍ ജീവിതത്തില്‍ സന്തോഷകരമായി മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിത്യജീവിതത്തിലെ കാര്യങ്ങള്‍ നല്ല സുഹൃത്തുക്കളുമായി പങ്കുവെക്കാന്‍ കഴിയണം. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് മാനസികമായ കരുത്ത് നല്‍കും. ഇടക്കിടെ സുഹൃത്തുക്കളുടെ ലിസ്റ്റ് പരിശോധിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ സുഹൃത്തുക്കളെ പുതുതായി ലഭിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ മനസ്സ് കെട്ടി നില്‍ക്കുന്ന വെള്ളം പോലെയെന്ന് തിരിച്ചറിയുക. സൗന്ദര്യം നഷ്ടപ്പെട്ട വെള്ളം.

ഇന്ന്മുതല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കരുത്. ആരോഗ്യം, നല്ല സുഹൃത്തുക്കള്‍. ഇതു രണ്ടുമാണ് ജീവിതത്തില്‍ സന്തോഷം സമ്മാനിക്കുന്നത് .

(അധ്യാപകനും, മാധ്യമപ്രവര്‍ത്തകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍ 9946025819 )

solutions of disappointment special story
Posted by
08 December

നിരാശയെ തോല്‍പ്പിച്ച് മന:ശ്ശക്തി വര്‍ധിപ്പിക്കാന്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ജീവിതത്തില്‍ പലപ്പോഴും നിരാശ ഒരു വില്ലനാകാറുണ്ട്. ഒത്തിരി ആശിക്കുന്നവര്‍ നിരാശരാകുമെന്നൊക്കെ മുതിര്‍ന്നവര്‍ ഗുണദോഷിക്കുന്നത് കാണാം .നിരാശയെ ഭീതിപ്പെടുത്തുന്ന ഒരു വികാരമാക്കി കുഞ്ഞുനാള്‍ മുതല്‍ ഉപബോധ മനസ്സില്‍ കയറ്റിയവരാകും മിക്കരും. ഫലമോ ചെറിയ നിരാശകളില്‍ പോലും ജീവിതം കൈവിട്ട് പോകുന്നത് കാണാം. മനഃശ്ശക്തിയുടെ കുറവ് പലപ്പോഴും നിരാശ കനത്ത വിഷാദത്തിലേക്കും അത് വഴി മനോരോഗങ്ങളിലേക്കും പോയെന്ന് വരാം.

മോഡിയുടെ സാമ്പത്തിക സര്‍ജിക്കല്‍ സ്‌െ്രെടക്കില്‍ പണം പിന്‍വലിക്കാന്‍ കഴിയാതെ നിരാശ ബാധിക്കുകയും ഒടുവില്‍ മനോനില തകര്‍ന്ന ഒരു യുവാവിനെ ഞാന്‍ കഴിഞ്ഞദിവസം കണ്ടു .ജീവിതത്തിലെ പ്രതീക്ഷകളൊക്കെയും പൊടുന്നനെ നിരാശക്ക് വഴിമാറിയപ്പോള്‍ ആ യുവാവിന്റെ മൃദുലമായ മനസ്സിലെ നിരാശ അണപൊട്ടി .സ്വയം നിയന്ത്രിക്കാനാകാതെ എന്തോ പുലമ്പി ആരോടൊക്കെയോ പ്രതിഷേധിച്ച്. മനസ്സ് നഷ്ടപ്പെട്ട സുന്ദരനായൊരു യുവാവ്. നിരാശകള്‍ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് .ഇത് തിരിച്ചറിഞ്ഞാല്‍ പരാജയങ്ങളിലേ നിരാശകളിലോ മനസ്സ് തകരില്ല . തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി ജയലളിത മരിച്ചപ്പോള്‍ കനത്ത നിരാശയിലും അതുണ്ടാക്കിയ മനോവിഷമത്തിലും 70 പേര്‍ മരിച്ചതായാണ് ഒടുവില്‍ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് .ചെറിയൊരു നിരാശ പോലും താങ്ങാന്‍ കഴിയാത്തയത്ര ദുര്‍ബലമാണോ നമ്മുടെ മനസ്സ് ? യഥാര്‍ത്ഥത്തില്‍ അല്ല .മനസ്സിന്റെ ശക്തി അപാരമാണ് .നാം സ്വപ്നം കാണുന്നതിനും ചിന്തിക്കുന്നതിനുമപ്പുറം കഴിവുകളും ശക്തിയുമുള്ള ഒന്നാണ് മനസ്സ് .

നിരാശ ഒഴിവാക്കാന്‍ മാര്‍ഗം? അങ്ങനെയൊരു മാര്‍ഗമില്ല. ചിലര്‍ പറയും ആശിക്കാതിരുന്നാല്‍ നിരാശരാവേണ്ടിവരില്ല എന്നൊക്കെ. സത്യത്തില്‍ ഈ ജീവിതം ആശിക്കാനും സ്വപ്നം കാണാനുമുള്ളതാണ്. അങ്ങനെയെങ്കില്‍ നിരാശയും വരും വരട്ടെ. അതിനേ നേരിടാന്‍ നാം തയ്യാറാകണം. എത്ര ശക്തമായ നിരാശയിലും മനസ്സിന്റെ ശക്തി ദുര്‍ബലമാകരുതെന്ന് മാത്രം.

നിരാശകളെ അതിജീവിച്ച് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതം കൂടതല്‍ മനോഹരമായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയണം. എല്ലാവര്‍ക്കുമിത് കഴിയും. നെഗറ്റീവ് ചിന്തകള്‍ മനസ്സിനെ ഹൈജാക്ക് ചെയ്തവരിലാണ് നിരാശമൂലം അപകടങ്ങള്‍ സംഭവിക്കുന്നത്. നിരാശകളെ തോല്‍പ്പിക്കാനുള്ള ഒരു മാര്‍ഗം ജീവിതം എപ്പോഴും ശുഭ ചിന്തകളാല്‍ നിറക്കുക എന്നതാണ്. എല്ലാത്തിലും നന്മ കാണുകയും എപ്പോഴും നന്മയിലുമാണെങ്കില്‍ മനസ്സ് പോസറ്റീവ് എനര്‍ജിയിലായിരിക്കും .അപ്രതീക്ഷിതമായ എന്ത് സാഹചര്യങ്ങളിലും നിരാശയെ അതിജീവിക്കാന്‍ അത് മനസ്സിനെ പാകപ്പെടുത്തും.

ഒരിക്കല്‍ ഒരു സൂഫിഗുരു ശിഷ്യരുമൊത്ത് ബഗ്ദാദിലെ ഒരു പര്‍ണശാലയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ ഒരു ദു:ഖവാര്‍ത്തയുമായി വന്നു. സൂഫിഗുരു ഇത് കേട്ട് അസ്വസ്ഥനായില്ല. ദൈവത്തെ സ്തുതിക്കുക മാത്രമാണ് ചെയ്തത് .ശിഷ്യര്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതേ ആള്‍ ഓടിവന്നത് മറ്റൊരു വാര്‍ത്തയുമായാണ് ,ഇത്തവണ സന്തോഷകരമായൊരു കാര്യമായിരുന്നു. ഇത് കേട്ട സൂഫിഗുരു സന്തോഷത്താല്‍ മതി മറന്നുമില്ല.അപ്പോഴും ദൈവത്തെ സ്തുതിക്കുക മാത്രമാണ് ചെയ്തത്. കൗതുകം തോന്നിയ ശിഷ്യര്‍ ഇതിന്റെ രഹസ്യമന്വേഷിച്ചു.
ഗുരു പറഞ്ഞു ‘അമിതമായ സന്തോഷം വന്നാലും ദു:ഖം വന്നാലും മനസ്സ് ദൈവം എന്ന ബിന്ദുവില്‍ മാത്രം ലയിപ്പിക്കാന്‍ കഴിഞ്ഞതിനാണ് ഞാന്‍ ദൈവത്തെ സ്തുതിച്ചത്. ദു:ഖത്തില്‍ അസ്വസ്ഥനായോ സന്തോഷത്താല്‍ മതിമറന്നോ ദൈവമെന്നൊരു ചിന്തയില്‍ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാന്‍ കഴിയാത്തതിനാണ് ഞാന്‍ സ്തുതിച്ചത് ‘

നോക്കൂ. മനസ്സ് ഒരു ശക്തിയാണ്. അമിതമായി സന്തോഷിക്കുന്നവര്‍ നിരാശയും അമിതമായി പ്രകടിപ്പിക്കും. മനസ്സിനെ നിയന്ത്രിക്കുക. ഏത് സാഹചര്യത്തിലും മനസ്സില്‍ ശുഭ ചിന്തയും നന്മയും ഈശ്വരവിശ്വാസവും ഉണ്ടെങ്കില്‍ നിരാശയൊന്നും നമ്മുടെ മനസ്സിനെ ഒന്നും ചെയ്യില്ല.
നിരാശകളെ പരാജയങ്ങളായല്ല കാണേണ്ടത്. ഒരു വെല്ലുവിളിയായി കാണുക. അതിനെ നേരിടാന്‍ പഠിക്കുക .എല്ലാത്തില്‍ നിന്നും ഒളിച്ചോടി സുഖകരമായി ജീവിക്കാന്‍ കൊതിക്കുന്നവരാണ് യഥാര്‍ത്ഥ പരാജിതര്‍.

(മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും , ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും ,മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍
9946025819)