കഷണ്ടിക്ക് ശാശ്വത പരിഹാരം വരുന്നു! എലിയുടെ രോമവളര്‍ച്ച മനുഷ്യനിലേക്ക് പറിച്ച് നട്ട് ശാസ്ത്രജ്ഞന്മാര്‍
Posted by
04 January

കഷണ്ടിക്ക് ശാശ്വത പരിഹാരം വരുന്നു! എലിയുടെ രോമവളര്‍ച്ച മനുഷ്യനിലേക്ക് പറിച്ച് നട്ട് ശാസ്ത്രജ്ഞന്മാര്‍

ഇന്ത്യയാന: എലിയുടെ ശരീരത്തില്‍ രോമം വളരാന്‍ സഹായിക്കുന്ന മൂല കോശങ്ങളുടെ സഹായത്തോടെ കഷണ്ടിക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഇന്ത്യയാന സര്‍വകലാശലയുടെ ശാസത്രജ്ഞര്‍. എലിയുടെ ശരീരത്തിലെ ചര്‍മ്മത്തില്‍ നിന്നും എപിഡേര്‍മിസ് (ചര്‍മ്മത്തിന്റെ മുകള്‍ ഭാഗം), ഡെര്‍മിസ് (ചര്‍മ്മത്തിന്റെ കീഴെയുള്ള ഭാഗം) എന്നിവ വികസിപ്പിച്ചെടുത്ത് മുടിയില്ലാത്ത ഭാഗത്ത് പരീക്ഷിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

മുടിയില്ലാത്ത ഭാഗങ്ങളില്‍ പരീക്ഷിച്ച കോശങ്ങള്‍ വൃത്താക്രിതിയില്‍ രൂപപ്പെട്ട ശേഷം രോമ വളര്‍ച്ച പ്രാപിക്കുന്നതായി കണ്ടെത്തി. പരീക്ഷണ ഘട്ടത്തില്‍ ജമന്തി പൂവ് പോലെ എല്ലാ ഭാഗത്തേക്കും മുടികള്‍ വരുന്നതായി മനസിലാക്കാന്‍ സാധിച്ചുവെന്ന് ഇന്ത്യയാന സര്‍വകലാശാല പ്രൊഫസര്‍ കാള്‍ കൊയ്‌ലര്‍ പറഞ്ഞു.

ആദ്യ ഡോസ് കൊണ്ട് അന്ധത മാറ്റാം; അപൂര്‍വ്വ മരുന്നിന്റെ വില അഞ്ചു കോടി
Posted by
04 January

ആദ്യ ഡോസ് കൊണ്ട് അന്ധത മാറ്റാം; അപൂര്‍വ്വ മരുന്നിന്റെ വില അഞ്ചു കോടി

അന്ധതയ്ക്കുള്ള അപൂര്‍വ്വ മരുന്ന് കണ്ടുപിടിച്ചു. ഫിലാഡല്‍ഫിയയിലെ സ്പാര്‍ക്ക് തെറാപ്യൂട്ടിക്‌സിന്റെ ലക്ഷ്വര്‍നയാണ് അപൂര്‍വമായ മരുന്ന് കണ്ടുപിടിച്ചത്. ഒറ്റഡോസ് ഉപയോഗിച്ചാല്‍ ഫലം ജീവിതകാലം മുഴുവന്‍ ലഭിക്കുന്നതാണ്. പക്ഷേ വില കേള്‍ക്കുമ്പോള്‍ കണ്ണു തള്ളുമെന്ന് മാത്രം. ഏറെ ഫലപ്രദമായി മാറുന്ന ഒറ്റ ഡോസിന് വില അഞ്ചു കോടി രൂപ.

ആദ്യ ഡോസ് കൊണ്ടു തന്നെ രോഗിക്ക് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറയുന്നത്. പൂര്‍ണ്ണമായും അന്ധത വരുത്തി വെയ്ക്കുന്ന റെറ്റീന നശിക്കുന്ന കണ്ണു രോഗത്തിനെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ജീന്‍ തെറാപ്പി വഴിയാണ് നിര്‍മിച്ചത്. പാരമ്പര്യമായി റെറ്റിന നശിക്കുന്നത് അപൂര്‍വ രോഗം 18 വയസിനു മുമ്പായി തന്നെ കാഴ്ച നശിപ്പിക്കും. നിലവില്‍ 1000ഓളം രോഗികളാണ് ഉള്ളത്.

രോഗം അപൂര്‍വമായതിനാല്‍ തന്നെ 50 പേരില്‍ മാത്രമേ മരുന്ന് പരീക്ഷിച്ചിട്ടുള്ളൂ. നശിച്ച ജീനുകളെ പുനര്‍നിര്‍മിക്കുന്ന ലക്ഷ്വര്‍ന ജീന്‍ തെറാപ്പി വഴി നിര്‍മിച്ച ആദ്യ അമേരിക്കന്‍ മരുന്നാണ്. മരുന്നിന് വന്‍ തുക ഈടാക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചതോടെ രോഗം മാറിയില്ലെങ്കില്‍ പണം തിരികെ കൊടുക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. വര്‍ഷം തോറും പത്തു കേസുകള്‍ വീതം ഉണ്ടാകുന്നുണ്ട്.

ചോക്കലേറ്റിന്റെ കാലം കഴിയുന്നു
Posted by
04 January

ചോക്കലേറ്റിന്റെ കാലം കഴിയുന്നു

ചോക്കലേറ്റ് പ്രേമികള്‍ക്ക് ഒരു ദു:ഖ വാര്‍ത്ത. കൊതിയോടെ നുണഞ്ഞു കഴിക്കാന്‍
ചോക്കലേറ്റുകള്‍ ഇനി അധികകാലം ഉണ്ടാവില്ലത്രേ…

കൊക്കോ മരത്തിന്റെ നാശമാണ് ചോക്കലേറ്റിന്റെ അന്ത്യത്തിന് കാരണമായി പറയുന്നത്. ആഗോള താപനവും വരണ്ട കാലാവസ്ഥയുമാണ് കൊക്കോ മരത്തിന് ഭീഷണിയായിരിക്കുന്നത്. ഏകദേശം 30 വര്‍ഷം മാത്രമായിരിക്കും ചോക്കലേറ്റിന് ആയുസ്സെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. 2050 ആകുമ്പോഴേക്ക് ചോക്കലേറ്റ് അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം.

കൊക്കോ ബീന്‍സ് ഉത്പാദിപ്പിക്കുന്ന കൊക്കോ മരങ്ങള്‍ ഭൂമധ്യരേഖയില്‍ നിന്ന് 20 ഡിഗ്രി വടക്ക്, തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലാണ് വളരുന്നത്. ഈ പ്രദേശത്തെ താപനില, മഴ, ഈര്‍പ്പം എന്നിവ വര്‍ഷത്തിലുടനീളം ഒരേ നിലയില്‍ തുടരുന്നതാണ് വളര്‍ച്ചയുടെ രഹസ്യം. വര്‍ധിച്ചുവരുന്ന ചൂട് മണ്ണിലെ ഈര്‍പ്പം കുറയ്ക്കുമ്പോള്‍ 2050-ഓടെ ലോകത്തെ പല പ്രദേശങ്ങളിലെയും മണ്ണ് ഊഷരമായി, കൊക്കോ ഉത്പാദിപ്പിക്കാന്‍ ശേഷിയില്ലാത്തവയാവും. പുറമേ രോഗങ്ങളും കൊക്കോ മരത്തിന്റെ ആയുസ്സിന് ഭീഷണിയാവുന്നു.

ജീന്‍ എഡിറ്റിങ് സങ്കേതികവിദ്യയായ സിആര്‍ഐഎസ്പിആര്‍ (ക്രിസ്പര്‍) ഉപയോഗിച്ച് പാരിസ്ഥിതിക വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുന്ന കൊക്കോചെടികളെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞര്‍ പരീക്ഷിക്കുന്നുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും മിഠായിക്കമ്പനി മാഴ്‌സും ചേര്‍ന്ന് സഹകരിച്ചാണ് ഇതില്‍ പരീക്ഷണം നടത്തുന്നത്.

കണ്ണിലൊഴിക്കുന്ന കുപ്പി മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് നഖം ഒട്ടിക്കുന്ന പശ: പിന്നീട് രോഗിക്ക് സംഭവിച്ചത്
Posted by
03 January

കണ്ണിലൊഴിക്കുന്ന കുപ്പി മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് നഖം ഒട്ടിക്കുന്ന പശ: പിന്നീട് രോഗിക്ക് സംഭവിച്ചത്

ലണ്ടന്‍:ഡോക്ടര്‍ കുറിച്ച് നല്‍കിയ കണ്ണിലൊഴിക്കുന്ന മരുന്നിന് പകരം ഫാര്‍മസിക്കാര്‍ രോഗിക്ക് നല്‍കിയത് നഖം ഒട്ടിക്കുന്ന പശ. ബ്രിട്ടനിലാണ് സംഭവം നടന്നത്. കണ്ണിലസുഖത്തെ തുടര്‍ന്ന് മരുന്ന് മേടിക്കാന്‍ എത്തിയ അറുപത്തിനാലുകാരനായ വ്യക്തിക്ക് കണ്ണിലൊഴിക്കുന്ന മരുന്നിന് പകരം നഖം ഒട്ടിക്കുന്ന പശ നല്‍കുകയായികരുന്നു.

സംഭവം അറിയാതെ മരുന്ന് കണ്ണിലൊഴിച്ചതും ഇയാള്‍ക്ക് വേദന അനുഭവപ്പെട്ടതോടെ ഉടന്‍ വെള്ളമൊഴിച്ച് കഴുകുകയായിരുന്നു. ശേഷം ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചു. തക്കസമയത്ത് കണ്ണ് കഴുകിയതിനാല്‍ അപകടം സംഭവിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗ്ലൂവിനെക്കാള്‍ ശക്തി കൂടിയ നെയില്‍ പശയാണ് ഫാര്‍മസിയില്‍ നിന്ന് രോഗിക്ക് നല്‍കിയത്.

ഇയാളുടെ കണ്ണിനു ചുവപ്പും, കോര്‍ണിയയ്ക്ക് പോറലും ഏറ്റതിനാല്‍ രണ്ടാഴ്ച്ചത്തെ ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 2015ലും സമാന സംഭവം അമേരിക്കയില്‍ അരങ്ങേറിയിരുന്നു.

ചര്‍മ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ
Posted by
02 January

ചര്‍മ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ

കേവലം പാചകത്തിനു വേണ്ടി മാത്രമല്ല വെളിച്ചെണ്ണ ഉപയോഗിക്കുന്നതെന്ന് എത്രപേര്‍ക്കറിയാം? ചര്‍മ്മത്തിന് നല്ല മോയിസ്ചറൈസറും ടോണറുമായ വെളിച്ചെണ്ണയെ മേക്ക് അപ് റിമൂവറായും ഉപയോഗിക്കാം. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ വെളിച്ചെണ്ണയ്ക്കുള്ളതു പോലെയുളള കഴിവ് മറ്റൊരു കൃത്രിമ മോയിസ്ചറൈസറിനുമില്ലെന്നറിയുക. പുറത്തേക്കിറങ്ങുന്നതിനു മുമ്പ് ഏതാനും തുള്ളി വെളിച്ചെണ്ണ പുരട്ടിയാല്‍ നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടു പോകുന്നതില്‍ നിന്നു സംരക്ഷിക്കാം.

ഒരു പ്രകൃതിദത്ത ടോണര്‍ കൂടിയാണ് വെളിച്ചെണ്ണ. ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പുകള്‍ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. അതുപോലെ ചര്‍മ്മസുഷിരങ്ങളെ അഴുക്കടിഞ്ഞു കൂടുന്നതില്‍ നിന്നും സംരക്ഷിക്കാനും ഇത് സഹായിക്കും. മേക്ക് അപ് നീക്കാനും വെളിച്ചെണ്ണ ഉപയോഗിക്കാം. ഇതിനായി അല്‍പം വെളിച്ചെണ്ണ കൈയ്യിലെടുത്ത് മുഖത്ത് പുരട്ടിയതിനു ശേഷം പഞ്ഞി ഉപയോഗിച്ച് വൃത്തിയാക്കുക. മുഖത്തു നിന്നും മേക്കപ്പു മുഴുവന്‍ മാറ്റുന്നതിനൊപ്പം ചര്‍മ്മത്തിന്റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാനും വെളിച്ചെണ്ണ സഹായിക്കും.

കട്ട മോരുകൊണ്ട് ‘സംഭാരം’; മലയാളികളുടെ പ്രിയ ദാഹശമനിയുടെ ഗുണങ്ങള്‍ ഇവയാണ്
Posted by
02 January

കട്ട മോരുകൊണ്ട് 'സംഭാരം'; മലയാളികളുടെ പ്രിയ ദാഹശമനിയുടെ ഗുണങ്ങള്‍ ഇവയാണ്

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് മോര്. ഉച്ചയൂണിന് ഒടുവില്‍ അല്‍പ്പം മോര് അല്ലെങ്കില്‍ രസം ഇതില്ലാതെ ഭക്ഷണം പൂര്‍ണമല്ലെന്ന് കരുതുന്നവരാണ് നല്ലൊരു വിഭാഗവും. ദാഹവും ക്ഷീണവും ഒന്നിച്ചുവരുമ്പോള്‍ ആദ്യം അന്വേഷിക്കുന്ന പാനീയങ്ങളില്‍ ഒന്ന് മോര് തന്നെയാണ്.

എന്താണ് മോരിനെ ഇത്ര പ്രിയപ്പെട്ടതാക്കിയത്.ഭക്ഷണത്തിന് ശേഷമുള്ള മോര് ദഹനത്തെ വേഗത്തിലാക്കും. അതുകൊണ്ട് തന്നെ വിഭവസമൃദ്ധമായ സദ്യവട്ടത്തില്‍ മോരിന് ഒഴിവാക്കാനാവാത്ത സ്ഥാനമുള്ളത്.

പാലില്‍ നിന്നുണ്ടാക്കുന്ന ഈ വിശിഷ്ട പാനീയത്തില്‍ പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ദഹനത്തെ സുഗമമാക്കാന്‍ ഇത് സഹായിക്കുന്നു. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയുടെ കലവറ കൂടിയാണ് മോര്.

കൊഴുപ്പിന്റെ അംശം കുറവാണെന്നതും പ്രത്യേകതയാണ്. മോര് എല്ലിന്റെ ബലം കൂട്ടും. മോരില്‍ നിന്നും എളുപ്പത്തില്‍ കാല്‌സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാലാണിത്. എല്ലാദിവസവും മോര് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ഇതിന് പങ്കുണ്ട്.

മോരില്‍ പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് തുടങ്ങിയ ചേര്‍ത്തുള്ള സംഭാരം ഇന്ന് പ്രധാന ദാഹനശമനിയും ആരോഗ്യദായകവുമാണ്. വിപണിയില്‍ ലഭിക്കുന്ന സംഭാരം കുടിക്കുന്നതിന് മുമ്പ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

കാന്‍സര്‍ ചികിത്സ ഫലപ്രദമാക്കാന്‍ ബ്ലൂബെറി
Posted by
01 January

കാന്‍സര്‍ ചികിത്സ ഫലപ്രദമാക്കാന്‍ ബ്ലൂബെറി

അര്‍ബുദചികിത്സാ വേളയില്‍ ബ്ലൂബെറി കഴിക്കുന്നത് വളരെ ഫലപ്രദമാണെന്ന് പഠനം. അര്‍ബുദചികിത്സയുടെ ഭാഗമായ റേഡിയേഷന്‍ തെറാപ്പിയില്‍ അതിശക്തമായ എക്‌സ്- ഗാമാ റേകളാണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ കാന്‍സര്‍ കോശങ്ങളോടൊപ്പം ആരോഗ്യമുള്ള കോശങ്ങളും ഇതോടൊപ്പം നശിക്കും.

എന്നാല്‍ റേഡിയോ തെറാപ്പിയെ പ്രതിരോധിക്കാന്‍ ബ്ലൂബെറിക്കാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. റേഡിയോ ആക്ടീവതയെ പ്രതിരോധിക്കുന്ന റെസ്‌വെട്രോള്‍ എന്ന രാസസംയുക്തം ബ്ലൂബെറിയില്‍ ധാരാളമായടങ്ങിയിരിക്കുന്നതിനാലാണിത്. മിസ്സൗറി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

അര്‍ബുദരോഗബാധിതരെ റേഡിയേഷന്‍ തെറാപ്പി മാത്രം നല്‍കുന്നവര്‍, ബ്ലൂബെറി സത്ത് മാത്രം നല്‍കുന്നവര്‍, റേഡിയേഷനും ബ്ലൂബെറി സത്തും ഒരേ സമയം നല്‍കുന്നവര്‍ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പരീക്ഷണം.

റേഡിയേഷന്‍ ചികിത്സ മാത്രം സ്വീകരിച്ചവരില്‍ 20 ശതമാനം അര്‍ബുദകോശങ്ങള്‍ നശിച്ചപ്പോള്‍ ബ്ലൂബെറി സത്തുമാത്രം കഴിച്ചവരില്‍ ഇത് 25 ശതമാനമായിരുന്നു. എന്നാല്‍ രണ്ടും ഒരു പോലെ സ്വീകരിച്ചവരില്‍ 70 ശതമാനം അര്‍ബുദകോശങ്ങളാണ് നശിച്ചത്! അര്‍ബുദ ചികിത്സാ രംഗത്ത് ഈ കണ്ടെത്തല്‍ മാറ്റങ്ങള്‍ക്കു വഴി തുറന്നിരിക്കുകയാണ്.

12000 സ്‌ക്വയര്‍ഫീറ്റിന്റെ കൂറ്റന്‍ വീട് പണിതത് വെറും പാഴ്‌വസ്തുക്കള്‍ കൊണ്ട്: വയോധികര്‍ താമസിക്കുന്ന ഈ ഊര് നിര്‍മ്മിക്കാന്‍ ഒരു മരം പോലും വെട്ടിയില്ല
Posted by
31 December

12000 സ്‌ക്വയര്‍ഫീറ്റിന്റെ കൂറ്റന്‍ വീട് പണിതത് വെറും പാഴ്‌വസ്തുക്കള്‍ കൊണ്ട്: വയോധികര്‍ താമസിക്കുന്ന ഈ ഊര് നിര്‍മ്മിക്കാന്‍ ഒരു മരം പോലും വെട്ടിയില്ല

പഴയ ഓര്‍മ്മകള്‍ അയവിറക്കി നോസ്റ്റാള്‍ജിയയില്‍ ദുഖഭാരം ചുമന്ന് ജീവിക്കുന്ന ഒട്ടേറെയാളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട, മല്ലപ്പള്ളി സ്വദേശി ബിജു എബ്രാഹം ഒരു പടി കൂടി കടന്ന് ചിന്തിച്ചു. ഗ്രാമത്തിന്റെ നൈര്‍മല്യതയും, വിശുദ്ധിയും, പച്ചപ്പും സ്ഫുരിക്കുന്ന ആ പഴയ ഓര്‍മ്മയുടെ മണിച്ചെപ്പുകള്‍ അദ്ദേഹം ഒരോന്നായി തന്റെ ചുറ്റുവട്ടത്തിലേക്ക് പറിച്ച് നട്ടു. ചുറ്റുവട്ടത്തെ ഒരു നുള്ളു പോലും വേദനിപ്പിക്കാതെ 12000 സക്വയര്‍ ഫീറ്റ് വരുന്ന നാലുക്കെട്ട് പടുത്തുയര്‍ത്താന്‍ ബിജുവിന് ആത്മവിശ്വാസം നല്‍കിയതും ആ പഴയ നനവുള്ള ഓര്‍മ്മകളായിരുന്നു.

ഉയരത്തില്‍ കുടനിവര്‍ത്തി നില്‍ക്കുന്ന പച്ചപ്പിന് നടുവില്‍ സിമിന്റുപയോഗിക്കാതെ ചെങ്കല്ലുകൊണ്ടും, ഇഷ്ടികകൊണ്ടും മാത്രം പണിതീര്‍ത്ത ഒരു സ്വപ്‌ന വീട്. വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍ വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്ന് മാത്രമായിരുന്നു ബിജുവിന്റെ മനസില്‍. എന്നാല്‍ ജരാനരകള്‍ ബാധിച്ച അനേകം വയോധികര്‍ക്ക് സ്വന്തം നാട്ടില്‍ വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ ബിജു അവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ‘ഊര്’ എന്ന് പേരുള്ള ഈ പരിസ്ഥിതി സൗഹൃദ ഇടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്.

1886 മുതലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സിമിന്റ് ഉപയോഗിച്ച് തുടങ്ങിയത്. അത് വരെ വീടുകള്‍ പണിതീര്‍ത്തിരുന്നത്‌ മണ്ണും, മറ്റ് പ്രകൃതി പ്രദാനം ചെയ്യുന്ന വിഭവങ്ങളും ചേര്‍ത്തായിരുന്നു. താന്‍ പണിയുന്ന വീടും അത്തരത്തില്‍ ഒന്നാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ബിജു പറയുന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ച ഈ പ്രകൃതി സ്‌നേഹി ഗ്രാമങ്ങളില്‍ തനത് ശൈലിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷമം വീക്ഷിച്ചു.

ഉപയോഗശൂന്യമായി തീര്‍ന്ന 24 വീടുകള്‍ ലേലത്തില്‍ പിടിക്കുകയും, അവ പൊളിച്ച്, അതില്‍ നിന്നും ലഭിച്ച തടിയും, ഇഷ്ടികയും, ടൈലുകളും ശേഖരിച്ച് ഊര് എന്ന തന്റെ സ്വപ്ന വീടിന് ബിജു തറക്കല്ലിട്ടു. ഈ ഭൂമിക്ക് ഒരു ശ്രദ്ധാഞ്ജലി നല്‍കുക എന്നതായിരുന്നു ലക്ഷ്യം, ഈ വീട്ടിലെ തൂണുകള്‍ മുതല്‍ കോണിപ്പടികള്‍ക്ക്‌ വരെ ഒരു കഥപറയാനുണ്ടെന്നും ബിജു അഭിമാനത്തോടെ പറയുന്നു. വീട് പണിക്കായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലെ പരമ്പരാഗത രീതികള്‍ അവലംബിച്ചും ഊരിന് സംഭാവകള്‍ നല്‍കി.

ഇന്നിവിടെ മുതിര്‍ന്നവര്‍ക്ക് താമസിക്കാനായി 15 മുറികള്‍ ഒരുക്കിയിട്ടുണ്ട്. അവരുടെ ഏത് ആവശ്യങ്ങള്‍ നിറവേറ്റാനും ഒരു വിളിപ്പാടകലെ ബിജുവും ഉണ്ട്.

കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ

എന്റെ പെങ്ങളാണ്, നീ അവളുടെ മുഖത്ത് പോലും നോക്കരുതെന്ന് യുവിയുടെ താക്കീത്: റിതികയെ പരിചയപ്പെട്ട സംഭവം വെളിപ്പെടുത്തി രോഹിത്ത് ശര്‍മ്മ
Posted by
30 December

എന്റെ പെങ്ങളാണ്, നീ അവളുടെ മുഖത്ത് പോലും നോക്കരുതെന്ന് യുവിയുടെ താക്കീത്: റിതികയെ പരിചയപ്പെട്ട സംഭവം വെളിപ്പെടുത്തി രോഹിത്ത് ശര്‍മ്മ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത്ത് ശര്‍മ്മ നേടിയ പ്രണയോജ്ജ്വലമായ ഇരട്ട സെഞ്ചുറി കണ്ടു നിന്നവരെയെല്ലാം ആവേശത്തിലാഴ്ത്തിയിരുന്നു. ഗ്യാലറയില്‍ നിറകണ്ണുകളോടെ കൂപ്പ് കൈയുമായി നിന്നിരുന്ന ഭാര്യ റിതികയ്ക്ക് മോതിരത്തില്‍ മുത്തിയാണ് താരം തന്റെ വിവാഹവാര്‍ഷിക സമ്മാനം നല്‍കിയത്. തുടര്‍ന്ന് റിതികയുടെ പിറന്നാള്‍ ദിനത്തിലും രോഹിത് നേടിയ സെഞ്ചുറി, ഒരു നിമിത്തമാണെന്ന് വിശ്വസിക്കാനും ആരാധകര്‍ തയാറല്ല. അത്രമേല്‍ അവര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഈ താര ദമ്പതികളെ.

എന്നാല്‍ റിതികയെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ മര്യാദക്ക് അവരുടെ മുഖത്ത് പോലും നോക്കാന്‍ തനിക്ക് അനുവാദമില്ലായിരുന്നു എന്ന് രോഹിത്ത് ഓര്‍ത്തെടുക്കുന്നു. ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലാണ് താരം തന്റെ പ്രിയതമയെ ആദ്യം പരിചയപ്പെട്ട സംഭവം വിവരിച്ചത്. പരസ്യ ചിത്രീകരണത്തിനായി സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു രോഹിത്ത്. യുവരാജ് സിംഗും, ഇര്‍ഫാന്‍ പഠാനും രോഹിത്തിനോടൊപ്പം ഷൂട്ടിനുണ്ടായിരുന്നു. അന്ന് അവിടെ സ്‌പോര്‍ട്‌സ് മാനേജറായിരുന്ന റിതികയെ ചൂണ്ടി യൂവി രോഹിത്തിനോട് പറഞ്ഞു, ഇത് എന്റെ പെങ്ങളാണ്, നീ ഇവളുടെ മുഖത്ത് പോലും നോക്കി പോവരുത്.

ഇത് കേട്ടതും തനിക്ക് റിതികയോട് ദേഷ്യമാണ് തോന്നിയത്. എന്ത് അഹങ്കാരമാണ് ഈ പെണ്ണിന്, ഇവള്‍ ആരാണ്? എന്നെല്ലാം താന്‍ മനസില്‍ വിചാരിച്ചെന്ന് രോഹിത്ത് അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ റിതിക തന്നോട് വന്ന് സംസാരിച്ചു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ ഇരുവരും നല്ല സൗഹൃദത്തിലാവുകയും, റിതിക തന്റെ മാനേജറാവുകയും ചെയ്തു. പിന്നീട് പ്രണയത്തിലായതോടെ 2015ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് രോഹിത്ത് പറഞ്ഞു.

കഴിക്കുന്നവരുടെ മനസ്സ് നിറക്കുന്ന തൃശൂര്‍ പെരുമ ‘അക്ഷയ’
Posted by
29 December

കഴിക്കുന്നവരുടെ മനസ്സ് നിറക്കുന്ന തൃശൂര്‍ പെരുമ 'അക്ഷയ'

തൃശൂര്‍ : ‘വയറുനിറയ്ക്കാന്‍ ആരെകൊണ്ടും പറ്റും, കഴിക്കുന്നവരുടെ മനസ്സുനിറയണം അതാണ് ശരിയായ കൈപുണ്യം’ ഇത് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ നമ്മുടെ എല്ലാം ഹൃദയത്തില്‍ നിന്ന് കയ്യടി വാങ്ങിയ തിലകന്‍ പറഞ്ഞ ഡയലോഗാണ്. തൃശൂരുകാര്‍ക്കുമുണ്ട് ‘ഉസ്താദ് ഹോട്ടല്‍’ പോലെ ഒരു ‘അക്ഷയ ഹോട്ടലും’ തിലകന്‍ അഭിനയിച്ചു ഫലിപ്പിച്ചത് ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വികാസേട്ടനും.

ഒരു മന്ത്രിയും സിനിമാക്കാരനും ഇല്ലാതെ കഴിഞ്ഞ ദിവസം കാലത്ത് ഏഴു മണിക്ക് തൃശൂര്‍ കോഴിക്കോട് റോഡില്‍ പൂങ്കുന്നത്ത് അക്ഷയയുടെ നാലാമത്തെ ഹോട്ടല്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടു. മണിക്കൂറോളം ട്രാഫിക് ബ്ലോക്ക് സമ്മാനിച്ച ഈ ചടങ്ങിന്റെ ജനബാഹുല്യം വിഭവങ്ങളുടെ വേറിട്ട രുചിക്കൂട്ടുകള്‍ക്ക് മേല്‍ ജനഹൃദയങ്ങള്‍ ചാര്‍ത്തി നല്‍കിയ കൈയ്യൊപ്പായിരുന്നു. തൃശൂര്‍ നിവാസികളുടെ ഇഷ്ടഭോജനത്തിന്റെ കൈവഴികള്‍ ചെന്നുചേരുന്നത് അക്ഷയയുടെ അടുക്കള മുറ്റത്തായതില്‍ അതിശയിക്കാനില്ല. അത്രയേറെ വൈഭവസമ്പന്നമാണ് വിഭവങ്ങള്‍.

ഇവിടെ പൂരം പോലെ ആസ്വാദ്യമാണ് ഭക്ഷണവും. പരമ്പരാഗത രുചികള്‍ കലര്‍ന്നൊഴുകുന്ന നാട്ടില്‍ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ അക്ഷയ ഹോട്ടല്‍ എല്ലാവര്‍ക്കും ഏഴു പതിറ്റാണ്ടിലേറെയായി വിരുന്നൂട്ടുകയാണ്.

ഹൈ റോഡിലുള്ള അക്ഷയയില്‍ നിന്ന് പൂങ്കുന്നത്തെ അക്ഷയയില്‍ എത്തുമ്പോള്‍ എ സി, നോണ്‍ എ സി റസ്‌റ്റോറന്റ് ഉള്‍പ്പെടെ അഞ്ചു നിലയുള്ള വിശാലമായ സ്വാദിന്റെ ലോകമാണ് തുറന്നു വെച്ചിട്ടുള്ളത്. പരമ്പരാഗത രീതിയില്‍ കത്തിച്ചു വെച്ചിട്ടുള്ള കല്‍വിളക്കിന്റെ ശോഭയേറ്റു വാങ്ങി ഹോട്ടലിലേക്ക് കാലെടുത്തു വെക്കുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചിറങ്ങുമ്പോഴും ആ പ്രകാശം അണയാതെ നില്‍പ്പുണ്ടാവും.

ഹരിതമയവിശാലമായ അകത്തളം വിട്ടൊഴിഞ്ഞു പോരേണ്ടി വരുന്ന വിഷമം ആണ് പലരുടെയും മുഖത്ത് കാണാന്‍ കഴിഞ്ഞത്. ക്ഷണിക്കപ്പെട്ട വിവാഹത്തിനോ മറ്റേതെങ്കിലും ചടങ്ങിനോ എത്തിപ്പെട്ട പ്രതീതി. സ്വീകരിക്കാന്‍ നിറപുഞ്ചിരിയോടെ പലപ്പോഴും മുന്നിലുണ്ടാവുക അക്ഷയയുടെ സാരഥി വികാസേട്ടന്‍ തന്നെയാകും.

ഹോട്ടല്‍ ഉടമ വികാസേട്ടനും സഹോദരങ്ങളായ കൃഷ്ണനും വിനോദും പ്രദീപും ഉള്‍പ്പെടുന്ന അക്ഷയ, നാട്ടുകാര്‍ക്ക് രുചിക്കൊപ്പം കലര്‍പ്പില്ലാത്ത സൗഹൃദങ്ങളുടെയും സ്‌നേഹത്തിന്റെയും പങ്കു വെക്കലിലൂടെ നല്‍കുന്നത് വിരുന്നൂട്ടലിന്റെ അനുഭവം കൂടിയാണ്.

വൈകുന്നേരം ഹോട്ടലിലെ മേശയ്ക്കു ചുറ്റും നിറയുന്ന പൊട്ടിച്ചിരികളും തമാശകളും തൃശൂര്‍ നഗരത്തിന് തന്നെ ഭംഗി പകരുന്നു. അച്ഛനുമമ്മയും കുഞ്ഞുങ്ങളുമായി കുടുംബങ്ങള്‍. നിയന്ത്രണമില്ലാതെ ചിരിയും കളിയുമായി പൊറോട്ടയും ബീഫും തട്ടിവിടുന്ന കൂട്ടുകാര്‍. അത്ര ബഹളമില്ലാതെയെങ്കിലും ബിരിയാണിയും സൗഹൃദവും ഒന്നിച്ചാസ്വദിക്കുന്ന മുതിര്‍ന്നവരുടെ സംഘം.

ചൂടുള്ള പുട്ടും കടലയും, കപ്പയും മീനും, നോര്‍ത്തിന്ത്യന്‍ ഡിഷസ്, അടി പൊളി ചൈനീസ് ഐറ്റംസ്, തലശ്ശേരി രുചിയില്‍ പല തരം ബിരിയാണികള്‍, പൊറോട്ടയും ബീഫും, നെയ്‌റോസ്റ്റ്, ഊണ്, നെയ്‌ച്ചോറും ചിക്കനും, ജിഞ്ചര്‍ ചിക്കണ്‍, കോഴി പൊരിച്ചത്, എല്ലാ വിഭവങ്ങളും ലഭ്യമാണെങ്കിലും ഭക്ഷണ പ്രേമികളെ വീണ്ടും വീണ്ടും അക്ഷയയിലേക്ക് അടുപ്പിക്കുന്ന ചിലതാണിതെല്ലാം.

രുചിയും സ്വാദും തേടി എത്ര അലഞ്ഞ് നടക്കാനും മടിയില്ലാതെ, സ്വാദില്‍ ഗവേഷണം ചെയ്ത് അത് സ്വന്തം ഹോട്ടലിലെത്തിച്ചു കൊടുക്കുന്നതില്‍ ഇപ്പോഴും അക്ഷയയും വികാസേട്ടനും ശ്രദ്ധിക്കുന്നു. തൃശൂരിന്റെ പുറത്തുള്ളവരും അറിഞ്ഞോ അറിയാതെയോ ഒരിക്കല്‍ എത്തിപ്പെട്ടാല്‍ പിന്നെ മറക്കാതെ വീണ്ടും എത്തുന്നു.

നഗരത്തില്‍ എത്രയോ വലിയ ഹോട്ടലുകള്‍ ഉണ്ടായിട്ടും സിനിമ സാംസ്‌കാരിക രാഷ്ട്രീയ വ്യക്തികള്‍ തൃശൂരില്‍ എത്തിയാല്‍ തിരഞ്ഞെടുക്കുക അക്ഷയ ആണ്. മന്ത്രിമാരും നേതാക്കളുമെല്ലാം ഭക്ഷണം കഴിക്കാന്‍ എത്തുന്നത് ഇവിടെത്തെ സ്ഥിരം കാഴ്ചയാണ്.

ഇപ്പൊ അക്ഷയ ഹോട്ടലിന്റെ ഉടമസ്ഥനായ വികാസേട്ടന്റെയും കൃഷ്ണന്റെയും അച്ഛന്‍ ബാലന്‍ ചേട്ടനില്‍ നിന്നാണ് 70 വര്‍ഷം പഴക്കമുള്ള അക്ഷയയുടെ കൈപ്പുണ്യത്തിന്റെ ചരിത്രം തുടങ്ങുന്നത്.

ഇവിടെ നാട്ടിന്‍പുറങ്ങളിലെ മണ്‍മറഞ്ഞുപോയ ഓരോ വിഭവങ്ങളും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ മട്ടന്‍, ഫിഷ്, ബീഫ് ചിക്കന്‍, താറാവ്, കാട, ഞണ്ട്, കടുക്ക ഐറ്റംസും മട്ടണ്‍ ചിക്കന്‍ഫിഷ് ബിരിയാണികളും നെയ്‌ച്ചോറും കോഴിപൊരിച്ചതുമെല്ലാം പഴയ അതേ സ്വാദില്‍തന്നെയാണ് തയ്യാറാക്കുന്നതെന്ന് ഹോട്ടലിന്റെ ഇപ്പോഴത്തെ സാരഥി വികാസേട്ടന്‍ പറയുന്നു.

വേറെയും പല പ്രത്യേകതകള്‍ കൊണ്ട് സമ്പന്നമാണ് തൃശൂരിന്റെ ഈ സ്വന്തം രുചി പെരുമ. സാധാരണ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം കയറുന്ന വെജിറ്റേറിയന്‍സും അക്ഷയയിലെ സ്ഥിരം സാന്നിധ്യമാണ്. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ രണ്ടായി തന്നെ അത്യാധുനിക കിച്ചന്‍ ഉപകരണങ്ങളുടെ സഹായത്തോടെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ ആര്‍ക്കും ഇതുവരെ പരിഭവപ്പെടേണ്ടി വന്നിട്ടില്ല.

ഒരിക്കല്‍ പോലും ഉണ്ടാക്കിയ ഭക്ഷണം ഫ്രിഡ്ജിലും ഫ്രീസറിലും വെച്ച് അടുത്ത ദിവസം കൊടുത്തിട്ടില്ല. എല്ലാ ദിവസവും പച്ചക്കറികളും മത്സ്യവും ഇറച്ചികളും വാങ്ങുന്നത് പതിറ്റാണ്ടുകളായി ഹോട്ടല്‍ ഉടമസ്ഥനായ വികാസേട്ടന്‍ നേരിട്ട് പോയാണ്. ആ പതിവ് ഇന്നും തെറ്റിക്കുന്നില്ല. അതു കൊണ്ട് തന്നെ തൃശൂരുകാര്‍ വീടുപോലെ വയറും മനസ്സും നിറയാന്‍ ഓടിയെത്തുന്ന പതിവും തുടരുകയാണ്. തൃശൂരുകാരുടെ രുചി ഉത്സവത്തിന്റെ, പെരുമ എന്നും നില നിര്‍ത്തട്ടെ അക്ഷയയും വികാസേട്ടനും..

കൂടുതല്‍ അറിയാന്‍:
Hotel Akshaya
Veg. and Non Veg Restaurant
Guruvayur Road, Poonkunnam, Thrissur
Phone : 0487-2381865, Mob : 8943475555
വികാസേട്ടൻ : 98-47-970183

error: This Content is already Published.!!