special report about viral video of joseph annamkutty joe posted on social media
Posted by
25 February

നിന്റെ അമ്മയ്ക്ക് ഉള്ളതേ അവിടെയും ഉള്ളൂ; അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്ത്രീയുടെ നഗ്‌നത കാണാന്‍ ശ്രമിച്ച തന്നെ അമ്മ കൈയ്യോടെ പിടികൂടിയ സംഭവം വിശദീകരിച്ച് യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചര്‍ച്ചയാകുന്നു

കൊച്ചി: അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്രതീയുടെ നഗ്നത കാണാനായി എഫ്ടിവി കണ്ട് കൊണ്ടിരിക്കുമ്പോള്‍ അമ്മ കൈയ്യൊടെ പിടികൂടിയ സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയൊ വൈറലാകുന്നു. സ്ത്രീ പീഡകരായ കുറ്റവാളികളെ ജയിലിലടയ്ക്കണം, തൂക്കിക്കൊല്ലണം തുടങ്ങിയ ആവശ്യങ്ങളാണ് പലപ്പോളും പീഡനവാര്‍ത്തകളെ തുടര്‍ന്ന് ഉയരുന്നത്. എന്നാല്‍ അഭിപ്രായങ്ങളും ആവശ്യങ്ങളും ഉയരുന്നതില്‍ തെറ്റില്ല, പക്ഷേ അതിന് മുന്‍പ് സ്വയം ഒന്നു വിലയിരുത്തുകയും മാറ്റത്തിന് തുടക്കമിടേണ്ട ഇടം സ്വന്തം കുടുംബത്തിലാണെന്നും പറയുകയാണ് അങ്കമാലി കറുകുറ്റി സ്വദേശിയും കുഴിച്ചുമൂടപ്പെട്ട ചിന്തകള്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജോസഫ് അന്നംകുട്ടി ജോസ്. ‘ഐ ആം ദ ചേഞ്ച്’ എന്ന വീഡിയോയിലൂടെയാണ് ജോസഫ് തന്റെ അനുഭവങ്ങള്‍ തുറന്നു പറയുന്നത്. അഞ്ചാം ക്ലാസില്‍ സ്ത്രീയുടെ നഗ്‌നത കാണാന്‍ ശ്രമിച്ചതും അമ്മയുടെ ‘പിടിയില്‍’ അകപ്പെട്ട സംഭവവുമെല്ലാം യുവാവ് വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു തിരിച്ചറിവായിരുന്നുവെന്നും യുവാവ് പറയുന്നു.

ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോയിലെ സംഭാഷണം ഇങ്ങനെ:

‘അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതിനെത്തുടര്‍ന്നാണ് ആദ്യം എഫ്ടിവി എന്ന് കേള്‍ക്കുന്നത്. അതിന്റെ പ്രത്യേകതയെക്കുറിച്ച് അവനോട് ചോദിച്ചപ്പോള്‍ അതില്‍ പെണ്‍പിള്ളേരൊക്കെ തുണിയില്ലാതെ നില്‍ക്കുമെന്നായിരുന്നു അവന്റെ മറുപടി. അവന്‍ അത് എന്നോട് പറഞ്ഞപ്പോള്‍ അതിനെ കുറിച്ച് എനിക്ക് കൗതുകം തോന്നി. ആദ്യമായാണ് അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ നഗ്‌നത കാണാന്‍ ഭയങ്കര ആഗ്രഹം. അന്നാണെങ്കില്‍ നാട്ടിലൊന്നും കേബിള്‍ ടിവിയില്ല. അങ്ങനെ നോക്കിയിരുന്ന് വീട്ടില്‍ കേബിള്‍ ടിവി എത്തി. അപ്പോള്‍ എന്റെ ആദ്യത്തെ ക്യൂരിയോസിറ്റി എഫ്ടിവി കാണുക. അങ്ങനെ വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ഞാന്‍ എഫ്ടിവി കണ്ടെത്തി. പക്ഷേ കാണാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. ഒരു ദിവസം അപ്പച്ചന്‍ പുറത്ത് നടക്കാന്‍ പോവുകയും അമ്മ അടുക്കളയില്‍ പണിയെടുക്കുകയും ചെയ്യുന്ന സമയത്ത് എഫ്ടിവി കാണാന്‍ തന്നെ തീരുമാനിച്ചു. സൂര്യ ടിവിയും എഫ്ടിവിയും പരസ്പം കണക്ട് ചെയ്തായിരുന്നു കാഴ്ച. അന്ന് കടലുണ്ടി അപകടമായിരുന്നു സൂര്യ ടിവിയില്‍. അത് കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഇതിനിടെ അമ്മ പെട്ടന്ന് കടന്നു വന്നപ്പോഴേക്കും പെട്ടെന്ന് സൂര്യ ടിവി വെച്ചു.

അപ്പോള്‍ അമ്മ ചോദിച്ചു ‘ജോസഫേ നീ എന്താ കാണുന്നേ? ഞാന്‍ പറഞ്ഞു സൂര്യ ടിവിയില്‍ കടലുണ്ടി അപകടമാ കാണുന്നേ. വിശ്വാസം വരാതെ അമ്മ റിമോട്ട് തട്ടിപ്പറിച്ചു വാങ്ങി എഫ്ടിവി ഇട്ടു. അയ്യേന്നു പറഞ്ഞ് കണ്ണു പൊത്താനേ പറ്റിയുള്ളൂ. അമ്മ കൈയ് പിടിച്ചു മാറ്റി എന്നോട് പറഞ്ഞു നിന്റെ അമ്മയ്ക്ക് ഉള്ളതേ അവിടെയും ഉള്ളൂ. ശരിക്കും എന്റെ തൊലിയുരിഞ്ഞു. ഇതിനു ശേഷവും അമ്മ കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു. നീയെരു ആണ്‍കുട്ടിയാണ്. ഈ പ്രായത്തില്‍ ഇങ്ങനെ പലതും കാണണമെന്ന് തോന്നും. പക്ഷേ അത് കുലീനമായി നിയന്ത്രിക്കുമ്പോഴാണ് നീ ശരിക്കും ഒരാണ്‍കുട്ടി ആകുന്നത്. അത് എന്റെ കാഴ്ചപ്പാടുകളെ മാറ്റി.

ജോസഫും അമ്മയും

ജോസഫും അമ്മയും

ഒന്നാലോചിച്ചാല്‍ ആദ്യം മാറേണ്ടത് നമ്മളാണ്. അടുത്ത ജനറേഷന് ജന്മം നല്‍കേണ്ടത് നമ്മളാണ്. നമുക്ക് താഴേ അനിയന്മാരും അനിയത്തിമാരുമുണ്ട്. നമ്മള്‍ എന്താണെന്ന് കണ്ടാണ് അവര്‍ പഠിക്കുന്നത്. പെണ്‍കുട്ടികളോട് നമ്മള്‍ എങ്ങനെ പെരുമാറുന്നുവെന്ന് കണ്ടാണ് അവര്‍ വളരുന്നത്. നാളെ അവരും വാട്‌സ്ആപ്പിലൂടെ മോശമായ വീഡിയോകള്‍ ഷെയര്‍ ചെയ്യാം. ഇതൊക്കെ ഒഴിവാക്കാന്‍ ആദ്യം നാം നമ്മോട് തന്നെ പ്രതികരിക്കു.’

തന്റെ വീഡിയോയില്‍ എന്തെങ്കില്‍ സത്യമുണ്ടെന്നു തോന്നിയാല്‍ ഇത് സ്വീകരിക്കാമെന്നും അല്ലാത്ത പക്ഷം ഇത് തള്ളാമെന്നും ജോസഫ് പറയുന്നു. നിരവധിയാളുകളാണ് ജോസഫിനെ പിന്തുണച്ച് വീഡോയോയ്ക്ക് കമന്റുകളിടുന്നത്. ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

simple ways for avoid heartburn
Posted by
22 February

നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ചില മാര്‍ഗങ്ങള്‍

ഒരു തവണയെങ്കിലും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ ചുരുക്കമാണ്. ചിലര്‍ക്ക് പുട്ട് ഉപ്പുമാവ് തുടങ്ങിയവ കഴിക്കുമ്പോഴും അതി കഠിനമായ നെഞ്ചെരിച്ചില്‍ ഉണ്ടാവാറുണ്ട്. വയറിലെ ആസിഡ് ഉത്പാദനം അധികമാകുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ പൊടിക്കെകളായ ചില ഒറ്റമൂലികള്‍ ഉണ്ട്.

കഞ്ഞിവെള്ളം സ്ഥിരമായി കുടിയ്ക്കുന്നത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കാനുള്ള ഒറ്റമൂലിയാണ്. ദിവസവും കഞ്ഞിവെള്ളം കുടിച്ചാല്‍ നെഞ്ചേരിച്ചിലിന് ആശ്വാസം ഉണ്ടാകും.

കാരറ്റ് സെലറി ജ്യൂസ് കഴിയ്ക്കുന്നതും നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു. നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നു.

ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് പാഴ്സ്ലി . ഇത് ദഹനപ്രവര്‍ത്തനങ്ങളെ കൃത്യമായി നടത്തുന്നു. ഇഞ്ചിയും സബര്‍ജില്ലിയും ജ്യൂസ് ആക്കി കഴിക്കുന്നതും നെഞ്ചേരിച്ചില്‍ കുറയ്ക്കും.

exam tips for parents
Posted by
21 February

പരീക്ഷാകാലത്ത് രക്ഷിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

മോഡല്‍ പരീക്ഷയൊക്കെ കഴിഞ്ഞു. ഇനി പബ്ലിക്ക് പരിക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം. ഓരോദിവസം കഴിയും തോറും കുട്ടികളില്‍ പരീക്ഷാസമ്മര്‍ദ്ധം കൂടിവരികയാണ്. അധ്യാപകരും രക്ഷിതാക്കളും പഠിക്കണം പഠിക്കണം എന്ന് പറഞ്ഞ് പിന്നാലെയുണ്ട്. പോരാത്തതിന് സ്‌കൂളില്‍ നിന്ന് ലഭിച്ച മോട്ടിവേഷന്‍ ക്ലാസും. എല്ലാംകൂടി കേട്ട് വട്ടായിപ്പോയ അമ്മായിയെപ്പോലെയായിരിക്കുന്നു ഫര്‍ഹ. ഇടക്കിടെ കരയും. കുറെ പഠിക്കും പിന്നെ ബുക്കിലേക്ക് നോക്കിയിരിക്കും. പരീക്ഷ അടുക്കും തോറും ഫര്‍ഹ ക്ഷീണിച്ച് വരികയാണ്. കൈകള്‍ വിറക്കുന്നു.. തലവേദനയും ക്ഷീണവും..
അധ്യാപകര്‍ പറയും പോലെ എല്ലാംകൂടി പഠിക്കാന്‍ കഴിയാത്ത ഫര്‍ഹയെപ്പോലെ ഒത്തിരി കുട്ടികളുണ്ട്. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന നമ്മുടെ മക്കളെ നാം തിരിച്ചറിയുന്നുണ്ടോ ?
ഇല്ല എന്നതാണ് ശരിയായ ഉത്തരം.

ആവശ്യമായതിലധികം സമ്മര്‍ദ്ധം പരീക്ഷാകാലത്ത് കുട്ടികള്‍ക്ക് നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഏറ്റവും വലിയ സമ്മാനമാകുമത്. രക്ഷിതാക്കളാണ് ഇക്കാര്യത്തില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കേണ്ടത് .ഇതിന് രക്ഷിതാക്കള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ സമാധാനപരമായി ഇരിക്കുക എന്നതാണ്. ശാന്തരായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് പറ്റിയ വീഴ്ചയാണ് കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണം. ടെന്‍ഷന്‍ നല്ലതാ കുറച്ചൊക്കെ ആവാം. അപ്പോഴാണ് അതിനെ അതിജീവിക്കാനുള്ള കരുത്ത് സ്വയം ഉണ്ടാക്കിയെടുക്കാനാവൂ. പക്ഷെ കുട്ടികള്‍ക്ക് അമിത ടെന്‍ഷന്‍ നല്‍കരുത് . അവര്‍ക്കത് താങ്ങാനാവില്ല .അങ്ങനെ വന്നാല്‍ പലരും കുറുക്കുവഴിയിലൂടെ കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കും അത് ശരിയല്ലല്ലോ.

രക്ഷിതാക്കളുടെ ടെന്‍ഷന്‍ കുട്ടികള്‍ക്ക് വേഗത്തില്‍ മനസ്സിലാകും. കുറ്റപ്പെടുത്തിയും പേടിപ്പിച്ചും ചീത്ത പറഞ്ഞും പഠിപ്പിക്കാന്‍ ശ്രമിക്കരുത്. ഇപ്പോള്‍ അതിന്റെ സമയമല്ല. പബ്ലിക് പരീക്ഷക്ക് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. അവര്‍ക്ക് പരമാവധി പിന്തുണ നല്‍കുക. കുട്ടികളോടെപ്പം കുറച്ചു നേരം ടിവി കണ്ടും കളിയില്‍ ഏര്‍പ്പെട്ടും സമ്മര്‍ദ്ധങ്ങള്‍ കുറക്കാന്‍ രക്ഷിതാക്കള്‍ ശ്രവിക്കണം. ഇടക്കൊന്ന് പുറത്തേക്ക് പോവുക. ഒന്ന് ചുറ്റിക്കറങ്ങി വരുക. നിങ്ങളുടെ ശ്രദ്ധ എപ്പോഴും കുട്ടികള്‍ക്കുമേല്‍ ഉണ്ടാകണം. നിങ്ങള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട് എന്നറിഞാല്‍ തന്നെ അവരുടെ ടെന്‍ഷന്‍ കുറയും. എളുപ്പമുള്ള ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ എഴുതിച്ചും അവരെ പ്രോല്‍സാഹിപ്പിക്കുക. ഒരിക്കലും കുറ്റപ്പെടുത്താനോ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താനോ നില്‍ക്കരുത് അതവരെ തളര്‍ത്തും.

പരീക്ഷാ കാലമായാല്‍ ഉറക്കം നഷ്ടപ്പെടും. ഭക്ഷണവും തോന്നിയപ്പോലെയാകും. പഠിച്ചതെല്ലം ഓര്‍മയില്‍ നില്‍ക്കാന്‍ ഭക്ഷണവും ഉറക്കവും വേണം. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക. ദാഹിക്കുമ്പോള്‍ കുടിക്കുക. അതിന് നേരവും കാലമൊന്നും നോക്കേണ്ട. ശരീരം ആവശ്യപ്പെടുമ്പോള്‍ അതിന് ആവശ്യമായത് നല്‍കുക. ഇഷ്ടമുള്ളത് ഇഷ്ടമുള്ളയത്രയും കഴിക്കാതിരുന്നാല്‍ മതി. ഭക്ഷണവും ഉറക്കവും ശരിയായില്ലെങ്കില്‍ ഓര്‍മശക്തിയെ ദോഷകരമായി ബാധിക്കും. രാത്രി നേരത്തേ ഭക്ഷണം കഴിച്ച് 9 മണിക്ക് ഉറങ്ങി 3 മണിക്ക് എഴുന്നേല്‍ക്കുന്നതാണ് ഏറ്റവും മികച്ച ലൈഫ് സ്‌റ്റെല്‍.
ഒരു കാര്യം രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പഠിക്കുന്ന രീതിയില്‍ കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതി അവര്‍ തന്നെ ഫോളോ ചെയ്യുന്നുണ്ടാവും .അതില്‍ ഇടങ്കോലിട്ട് പുതിയ രീതികള്‍ നല്‍കാതിരിക്കുന്നതാണ് ഇപ്പോള്‍ നല്ലത്. കിടന്നോ ഇരുന്നോ പാട്ടു കേട്ടോ.. അവര്‍ പഠിക്കട്ടെ.. കുട്ടികള്‍ ഇപ്പോള്‍ പഴയ കുട്ടികളല്ല .പാട്ടുകേട്ടും അവര്‍ നന്നായി പഠിക്കും .

പരീക്ഷയോടെ എല്ലാം തീര്‍ന്നു എന്ന മാനസികാവസ്ഥ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാവരുത്. പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്ക് വിജയത്തിന്റെ അവസാനത്തെയും ആദ്യത്തെയും അടയാളമല്ലെന്ന് ഓര്‍ക്കുക. യാഥാര്‍ഥ്യബോധം രക്ഷിതാക്കള്‍ക്ക് വേണം. കുട്ടികള്‍ക്കുമേല്‍ അമിതപ്രതീക്ഷവെച്ചു പുലര്‍ത്തുന്നത് വലിയ അപകടമാണ് .യഥാര്‍ത്ഥത്തില്‍ കുട്ടികളെ അത് തളര്‍ത്തുകയാണ് ചെയ്യുക. പരീക്ഷ കഴിഞ്ഞാലും ഇല്ലെങ്കിലും അവര്‍ നമ്മുടെ കുട്ടികളാണ്. നമ്മള്‍ എന്നും എപ്പോഴും അവരോടൊപ്പം സന്തോഷത്തോടെ കൂടെയുണ്ടെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടണം. റിസള്‍ട്ട് എന്തുമാകട്ടെ.. അവനേ / അവളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാനാവണം നമുക്ക്.

നമ്മുടെ കുട്ടികള്‍ക്ക് മന:ശക്തിയാണ് വേണ്ടത്. ജീവിതത്തില്‍ അതാണവരെ മികച്ച വിജയത്തിലെത്തിക്കുക. കാരണം ജീവിതത്തില്‍ സാധ്യതകള്‍ അനവധിയാണ്. പരീക്ഷാകാലം മനോഹരമാക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്.

(അധ്യാപകനും ,മാധ്യമപ്രവര്‍ത്തകനും, സൈക്കോളജിസ്റ്റുമാണ് ലേഖകന്‍. 9946025819)

love with hearts- valentine’s day message
Posted by
14 February

ഇന്ന് പ്രണയദിനം: തീപിടിച്ച പ്രണയങ്ങള്‍ക്കു പകരം നമുക്ക് ആത്മാവിന്റെ പ്രണയങ്ങളിലലിയാം

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പ്രണയിക്കപ്പെടാന്‍ ഒരു ദിനമെന്നത് ആധുനികതയുടെ കപടതയായി കാണുന്നവരുണ്ട്. പ്രണയിക്കപ്പെടുന്നു എന്ന് ഉറക്കെ വിളിച്ചുപറയുമ്പോള്‍ മാലാഖമാര്‍ ചുറ്റും സംഗീതം പൊഴിക്കും. എങ്കില്‍ അതിനൊരു ദിനം തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്.

ഇന്ന് പ്രണയദിനമാണ്. ഇന്നലെ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികള്‍ എന്റെ അടുത്തുവന്നു. പ്രണയദിനത്തിനായി കരുതിവെച്ച ‘ രഹസ്യം ‘ അറിയാനായിരുന്നു അവരുടെ വരവ്.

‘ഒരു കാട്ടില്‍ നിറയെ കാടുകള്‍ ഉള്ളത് പോലെ ഒരു ഖല്‍ബില്‍ നിറയെ ഖല്‍ബുകള്‍.. ഓരോ ഖല്‍ബിലും നിറയെ പ്രണയങ്ങള്‍. പ്രണയങ്ങളാണ് ജൈവികതയെ നിലനിര്‍ത്തുന്നത്. പ്രണയം ശാരീരികമാവുമ്പോള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. ശരീരങ്ങളുടെ പ്രണയങ്ങളെ നോക്കി നിങ്ങള്‍ പ്രണയിക്കുന്നു എന്ന് വിളിച്ചുകൂവുമ്പോള്‍ കുറ്റബോധം തോന്നും. കാരണം അത് ആത്മാവില്ലാത്ത നിഴല്‍ സമാനമാണ്. കുട്ടികളെ പ്രണയത്തിന്റെ ആത്മീയത തൊട്ടറിയുക. പ്രണയം നിങ്ങളെ ശക്തരും വിപ്ലവകാരികളുമാക്കുന്നു.’ ഞാന്‍ അവരോട് പറഞ്ഞു. അവര്‍ സന്തോഷത്തോടെ തിരികെ ക്ലാസിലേക്ക് പോയി.

നോക്കൂ.. പ്രണയങ്ങള്‍ ഇക്കാലത്ത് തീപിടിച്ച ഭ്രാന്താണ്. എത്ര പെട്ടെന്നാണ് അതിന് ഹിംസയുടെ ആവരണം വരുന്നത്. ക്യാംപസുകളില്‍.. ക്ലാസ് മുറികളില്‍.. തെരുവുകളില്‍.. യാത്രയില്‍.. നീലവെളിച്ചത്തില്‍ എത്രയെത്ര പ്രണയങ്ങളാണ് ആത്മാവിനെ തേടി അലയുന്നത്. ശരീരത്തിന്റെ പ്രണയങ്ങളില്‍ ജീവിതം ഹോമിക്കാനുള്ളതെന്നാണ് പുതുതലമുറയിലെ പലരും ധരിച്ചുവച്ചിട്ടുള്ളത്. പരസ്പരം പ്രണയിക്കുന്ന രണ്ടുപേരില്‍ ആത്മാവിന്റെ ഒന്നിക്കലുകള്‍ക്കു പകരം ശാരീരികം മാത്രമാകുമ്പോഴാണത് അപകടങ്ങളായി മാറുന്നത്.

സൂഫിഗുരുവായ ജലാലുദ്ധീന്‍ റൂമി രണ്ട് കമിതാക്കളുടെ കഥ പറഞ്ഞിരുന്നു. കഥ ഇങ്ങനെയാണ്.
പ്രണയം നിലാവ് പരത്തിയ ഒരു പാതിരാത്രിയില്‍ കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി.
‘ആരാണ് ‘?
കാമുകി ചോദിച്ചു
‘ഞാനാണ് ‘
പതിഞ്ഞ ശബ്ദത്തില്‍ കാമുകന്‍ പറഞ്ഞു.
അവള്‍ വാതില്‍ തുറന്നില്ല.
അയാള്‍ വീണ്ടും വാതിലില്‍ മുട്ടി
‘ആരാണ് ‘?
കാമുകിയുടെ ശബ്ദം
‘ഞാന്‍ തന്നെ.. ‘
കാമുകന്‍ പറഞ്ഞു .
അവള്‍ ഇത്തവണയും വാതില്‍ തുറന്നില്ല.
വീണ്ടും മുട്ടി
‘ആരാണ് ‘? ചോദ്യം ആവര്‍ത്തിച്ചു
‘നീയാണ്..’
കാമുകന്‍ പറഞ്ഞു.
അവള്‍ വാതില്‍ തുറന്നു കാമുകനെ സ്വീകരിച്ചു.’

പ്രണയത്തില്‍ ‘ഞാന്‍ ‘ ഇല്ല ‘നീ ‘ എന്ന സ്‌നേഹി മാത്രമെയുള്ളൂ. ഞാനെന്ന ഭാവം പ്രണയത്തെ സ്വാര്‍ത്ഥമാക്കുന്നു. സ്വന്തമാകുന്നതോടെ മിക്ക പ്രണയങ്ങളും നശിക്കുന്നത് അതുകൊണ്ടാണ്. പ്രണയിനിയില്‍ സ്വയമലിഞ്ഞ് ഞാന്‍ ഇല്ലാതായി നീ മാത്രമാകുമ്പോള്‍ പ്രണയത്തിന്ന് ആത്മാവിന്റെ സംഗീതം കേള്‍ക്കാം. മാലാഖമാരുടെ നൃത്തങ്ങളാല്‍ പ്രണയം കൂടുതല്‍ മനോഹരമാകുന്നത് കാണാം.

‘പ്രണയം ശക്തമായാല്‍ എനിക്കെങ്ങെനെയത് ഒളിപ്പിക്കാനാവും? എന്റെ ഖല്‍ബ് പ്രണയത്താല്‍ വിറക്കുന്നു.. കുളിരുന്നു.. മരിക്കുന്നു.. വീണ്ടും ജനിക്കുന്നു.. മരിക്കുന്നു.. എനിക്ക് മൗനിയാകാന്‍ കഴിയില്ല. എന്റെ പ്രേമാഭിലാഷമേ ഉണരൂ..’
വിശുദ്ധമന്ദിരത്തിനടുത്ത് വെച്ച് സൂഫി വനിത പ്രണയഭാരത്താല്‍ ഇങ്ങനെ കവിത ചൊല്ലിയത് കേട്ടാണ് മറ്റൊരു സൂഫിയായ ബഗ്ദാദുകാരന്‍ ജുനൈദ് പ്രണയത്തിന്റെ ആത്മീയതയുടെ പൊരുള്‍ തിരിച്ചറിഞ്ഞത്.

ഹൃദയങ്ങളിലെ പ്രണയങ്ങള്‍ വറ്റിയതാണ് കുടുംബബന്ധങ്ങളും ജീവിതവും മരുഭൂമിയിലെ ഉഷ്ണക്കാറ്റുപോല്‍ ആയത്. പ്രണയങ്ങളെ അപരാധമായി കാണുന്ന തലമുറയിലെ രണ്ടാം നിരക്കാരില്‍ നിന്നും നമുക്ക് ആത്മാവിന്റെ പ്രണയ സൗന്ദര്യം തിരിയാനാവില്ല. പ്രണയങ്ങളാദ്യം കുടുംബങ്ങളില്‍ നിന്നു തുടങ്ങട്ടെ. ഹൃദയങ്ങളില്‍ മറ്റൊരുപാട് ഹൃദയങ്ങള്‍ തീര്‍ത്ത് മരണംവരെയും പ്രണയിക്കാനാവണം.

പ്രണയങ്ങള്‍ സ്വയം ഇല്ലാതാക്കാനെന്ന് കരുതുന്നവര്‍ ധാരാളമാണ്. പ്രണയിച്ചവളെ പ്രട്രോള്‍ ഒഴിച്ച് കത്തിച്ച വാര്‍ത്ത കേട്ടിട്ട് അധികനാളായിട്ടില്ല. പ്രണയം നഷ്ടപ്പെടുത്തിയ ഒത്തിരി ജീവിതങ്ങളുണ്ട്. പ്രണയത്തിന്റെ ആത്മിയതയില്‍ ലയിക്കാനാകാതെ പോയവര്‍ക്ക് കണ്ണീരല്ലാതെ മറ്റൊന്നും നല്‍കാനുണ്ടാവില്ല.

ദുഃഖം കലര്‍ന്ന ആനന്ദത്തിന്റെ മന്ദഹാസമാകാം ചിലപ്പോള്‍ പ്രണയം. പ്രണയം ആത്മബന്ധത്തിന്റെ സന്താനമാണ്. ഒരു നിമിഷത്തിന്റെ സൃഷ്ടി. ആത്മാവിന്റെ കരച്ചിലും ഹൃദയത്തിന്റെ മുറവിളിയും കേള്‍ക്കാന്‍ പ്രണയത്തിന് മാത്രമെ കഴിയൂ. മനസ്സിന്റെ സ്വാഭാവികമായ വികാരമാണ് പ്രണയം. അതിനെ തടഞ്ഞുവെക്കാതിരിക്കുക. പ്രണയത്തിലെ പ്രദാനപ്പെട്ട പദങ്ങള്‍ ‘ഞാന്‍’, ‘നീ’ എന്നാണ്. ആത്മീയതയുടെ അലങ്കാരമണിയുമ്പോളതില്‍ പരിശുദ്ധിയുടെ സ്പര്‍ശമുണ്ടാകും.

എങ്ങനെയാണ് പ്രണയത്തില്‍ ആത്മീയതയുടെ നാദം തിരിച്ചറിയാനാവുക. ആഗ്രഹങ്ങള്‍ വരുമ്പോള്‍ പ്രണയത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടുണ്ടാകും. സ്വയം നിറയുകയെന്നതല്ലാതെ പ്രണയത്തിന് മറ്റൊരാഗ്രഹവുമില്ല. ഞാനും നീയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് ആരുടെ സ്വപ്നമാണോ ആ ആള്‍ ഒരിക്കലും ഉണരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയാല്‍ പ്രണയത്തെ അനുഗമിക്കുക. കുടുംബബന്ധങ്ങള്‍.. സുഹൃദ് ബന്ധങ്ങള്‍.. എല്ലാം തളിരിതമാകട്ടെ..

( മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, സൈക്കോളജിസ്റ്റുമാണ് ലേഖകന്‍.
9946025819 )

cocunut oil for weight loss
Posted by
13 February

വണ്ണം കുറയ്ക്കണോ? വെളിച്ചെണ്ണ ഇങ്ങനെ ചെയ്യുക

എല്ലാവരും വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ വെളിച്ചെണ്ണയുടെ പ്രയോജനങ്ങളും ആരോഗ്യ ഗുണങ്ങളും അറിയുന്നവര്‍ കുറവാണ്.

1. കരളിനെയും കിഡ്‌നിയെയും സംരക്ഷിക്കുന്നു വെളിച്ചെണ്ണ കരളിനെയും കിഡ്‌നിയെയും സംരക്ഷിക്കുന്നു.

2. കൊഴുപ്പിനെ എരിച്ച് കളഞ്ഞ് ശരീരഭാരം കുറയ്ക്കുന്നു ശരീരത്തിലുള്ള അമിതമായ കൊഴുപ്പിനെ എരിച്ചു കളയുന്നതിനു വെളിച്ചെണ്ണ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും വെളിച്ചെണ്ണയ്ക്ക് സാധിക്കും.

3 തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ സുഗമമാക്കുന്നു 2004ല്‍ പ്രസിദ്ധീകരിച്ച ന്യൂറോ ബയോളജി ഓഫ് എയ്ജിംഗ് എന്ന ജേര്‍ണലില്‍ വെളിച്ചെണ്ണ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ സുഗമമാക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

4. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലൗറിക് ആസിഡ് ബാക്ടീരിയകളോട് പ്രതിരോധിക്കുന്നു.

5. ചര്‍മ്മത്തിന് ഉത്തമം സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു.

6. ദഹനത്തിന് സഹായിക്കുന്നു ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ദഹനത്തിനും വെളിച്ചെണ്ണ സഹായിക്കുന്നു.

impotent tips of rice cooking
Posted by
10 February

ചോറുവെക്കാന്‍ വെള്ളം തിളച്ചിട്ടാണോ നിങ്ങള്‍ അരിയിടുന്നത്; എങ്കില്‍ മരണം നിങ്ങളുടെ തൊട്ടരികില്‍

മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരമായ ചോറ് ഉണ്ടാക്കുന്ന രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടെന്നാണ് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

പൊതുവില്‍ മലയാളികള്‍ വെള്ളം വച്ചു തിളപ്പിച്ച ശേഷം അരിയിട്ടു വേവിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലേ രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നുമാണ് ഇവരുടെ പഠനം പറയുന്നത്. കീടനാശിനികള്‍, വളങ്ങള്‍ എന്നിവയിലൂടെ അരിയില്‍ എത്തുന്ന ആഴ്‌സനിക് ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ തന്നെ നിലനില്‍ക്കുകയും ഇത് മരണകാരണമായേക്കാവുന്ന ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്നു പഠനങ്ങള്‍ പറയുന്നു.

അരി നേരിട്ടു തിളച്ച വെള്ളത്തില്‍ ഇട്ടു വേവിച്ചു കഴിക്കുന്നതിനു പകരം തലേദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം വേവിക്കുകയാണു വേണ്ടത് എന്ന് പഠനം പറയുന്നു. കുതിര്‍ത്തു വയ്ക്കാതെ വേവിച്ചാല്‍ അരി വെന്തു ചോറായാലും ഇതില്‍ അടങ്ങിരിക്കുന്ന ആഴ്‌സനിക്കിന്റെ അളവില്‍ മാറ്റം ഉണ്ടാകില്ല. എന്നാല്‍ തലേദിവസം വെള്ളത്തില്‍ ഇട്ട ശേഷം വേവിച്ചാല്‍ അരിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം 80 ശതമാനം കുറയുമെന്നും ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ബയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പഠനം പറയുന്നു.

special story about beautiful life
Posted by
09 February

മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയുമ്പോഴാണ് ജീവിതം മനോഹരമാകുന്നത്

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയാതെ കര്‍മ്മങ്ങളെ മാത്രം പരിഗണിക്കുന്ന പ്രവണതയാണ് ജീവിതത്തിന്റെ സൗന്ദര്യം ചോര്‍ത്തിക്കളയുന്നത്. ശരീരത്തിന്റെ പിറകെ പായുന്നവര്‍ക്ക് ആത്മാവിന്റെ ഭാഷയും മനോഹാരിതയും തിരിച്ചറിയില്ല. അവര്‍ ലോകത്ത് വൈരുദ്ധ്യങ്ങളെ കണ്ട് അസ്വസ്ഥരാകുന്നു. വൈവിദ്ധ്യങ്ങളിലെ ഈശ്വരീയതയവര്‍ക്ക് തിരിച്ചറിയാതെ പോകുന്നു.

കര്‍മ്മങ്ങള്‍ക്കല്ല യഥാര്‍ത്ഥത്തില്‍ പ്രാധാന്യം മറിച്ച് ഖല്‍ബിലെ മുഹബ്ബത്തിനാണ്. അത് തിരിച്ചറിയലാണ് ജീവിതം. ജീവിതത്തിലായാലും മതവിശ്വാസത്തിലായാലും എല്ലാവരും കര്‍മ്മങ്ങളുടെ പിന്നാലെ പായുന്നു. ഖല്‍ബിലെ വിശ്വാസവും മുഹബ്ബത്തും അതാരും പരിഗണിക്കില്ല. സൂഫികള്‍ പറയുന്നത് കര്‍മ്മങ്ങളേക്കാള്‍ ഈശ്വരന്‍ പരിഗണിക്കുക ഖല്‍ബിലെ വിശ്വാസത്തേയാണന്നാണ്. മനസ്സിലെ സ്‌നേഹം അത് മതി ഒരാള്‍ക്ക് ആത്മാവില്ലാത്ത കര്‍മ്മങ്ങളേക്കാള്‍.

നമ്മുടെ പ്രവര്‍ത്തികള്‍ നന്നായാല്‍ ജനം നല്ലത് പറയും. മിക്കപ്പോഴുമൊക്കെ ഈ അഭിപ്രായം കേള്‍പ്പിക്കാന്‍ വേണ്ടി മാത്രം നല്ലവരായി നടിക്കുന്നവരുമുണ്ട്. യാന്ത്രികമായ കര്‍മ്മങ്ങളെ നന്മയുടെ വിളക്കുമാടമായി തെറ്റിദ്ധരിച്ചതാണ് കുഴപ്പമായത്. അടയാളങ്ങള്‍ക്ക് മാര്‍ക്കിടാനാണ് കാഴ്ചക്കാര്‍ക്ക് സൗകര്യം. ഖല്‍ബിലെ പ്രണയമോ സ്‌നേഹമോ വിശ്വാസമോ മുഹബ്ബത്തോ കാണാന്‍ കഴിയുന്നില്ല. ശ്രമിക്കുന്നില്ല എന്നതാണ് സത്യം. നിത്യജീവിതത്തില്‍ അപരന്റെ കര്‍മ്മങ്ങളെ നോക്കി നാം വിധികല്‍പ്പിക്കുന്നു. അയാള്‍ നല്ലവനെന്നോ ചീത്തവനെന്നോ എന്നൊക്കെ. മനസ്സ് തിരിച്ചറിയാന്‍ ശ്രമിക്കാത്ത ഇത്തരം വിധികല്‍പ്പിക്കലുകളാണ് ജീവിതത്തിന്റെ പരാജയം. നല്ല സൗഹൃദങ്ങളെ തിരിച്ചറിയാതെ പോകുന്നതും ഇക്കാരണം കൊണ്ടുതന്നെ.

ഖലീല്‍ ജിബ്രാന്‍ ഒരിക്കല്‍ സൗന്ദര്യത്തിന്റെയും വൈരൂപ്യത്തിന്റെയും കഥ പറഞ്ഞിരുന്നു. രണ്ടുപേരും ഉടയാടകള്‍ അഴിച്ചുവെച്ച് ലബനാന്‍ കടല്‍തീരത്ത് കുളിക്കാനിറങ്ങിയ കഥ. വൈരൂപ്യം വേഗം കുളി കഴിഞ്ഞ് സൗന്ദര്യത്തിന്റെ ഉടയാടകള്‍ അണിഞ് ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. പാവം സൗന്ദര്യം കുളി കഴിഞ്ഞപ്പോള്‍ കണ്ടത് തന്റെ സ്വന്തം ഉടയാടകള്‍ നഷ്ടപ്പെട്ടതാണ്. ഒടുവില്‍ വൈരൂപ്യത്തിന്റെ ഉടയാടകള്‍ എടുത്തണിഞ്ഞ് വൈരൂപ്യത്തെ തേടിയിറങ്ങി. പിന്നീടൊരിക്കലും ഇവര്‍ കണ്ടുമുട്ടിയില്ല ഇന്നും.

പുറമെ കാണുന്ന സൗന്ദര്യം കണ്ട് പലരും അതിന് പിന്നാലെ പായുന്നു. അതിന്റെയുള്ളിലെ വൈരൂപ്യം തിരിച്ചറിയുന്നില്ല. പാവം സൗന്ദര്യം പുറമെയുള്ള വൈരൂപ്യം കണ്ട് ആളുകള്‍ അകന്നുപോവുകയാണ്. മനസ്സിലെ സൗന്ദര്യം തിരിച്ചറിയുംവരെ. നമ്മുടെയൊക്കെ നിത്യജിവിതത്തിലും ഇതൊക്കെത്തന്നെയാണ് നടക്കുന്നത് .പുറമെ കാണുന്ന കര്‍മ്മങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത് .മനസ്സ് കാണാന്‍ ശ്രമിക്കുന്നില്ല .ഉള്ളിലെ സൗന്ദര്യത്തിലാണ് സത്യം ഒളിച്ചിരിക്കുന്നത് .അതുകാണാന്‍ ആര്‍ക്കുമാവുന്നില്ല. ജീവിതത്തില്‍ പലപ്പോഴും സങ്കപ്പെടുന്നത് ഈ തിരിച്ചറിയല്‍ ഇല്ലാതെ വരുമ്പോഴാണ്.എന്നെ ആരും മനസ്സിലാക്കിയില്ല എന്ന് പലരും പരിഭവിക്കുന്നത് കാണാം.

ഒരിക്കല്‍ മഹാസൂഫി ഗുരു മരിച്ചു .ദിവസങ്ങള്‍ക്കു ശേഷം ശിഷ്യര്‍ അദ്ധേഹത്തെ കിനാവ് കണ്ടു. സ്വര്‍ഗത്തിലെ ഉന്നത സ്ഥാനത്ത് എത്തിയ ഗുരുവിനോട് അതിന് കാരണമായ ആരാധനകള്‍ എന്തൊക്കെയാണെന്ന് ശിഷ്യര്‍ ചോദിച്ചറിഞ്ഞു. സൂഫിഗുരു പറഞ്ഞു ‘എന്റെ ആരാധനകളൊന്നും ദൈവം പരിഗണിച്ചതേയില്ല. പകരം ഒരിക്കല്‍ ഒരു ഗ്രന്ഥരചനാ വേളയില്‍ എന്റെ പേനത്തുമ്പില്‍ പറന്നിറങ്ങിയ ഒരു ഈച്ച കനത്ത ദാഹം കൊണ്ടാവണം മഷി കുടിക്കാന്‍ തുടങ്ങി. ഞാന്‍ പേന അനക്കിയതേയില്ല. ദാഹം തീരോളം കുടിക്കട്ടെ എന്ന് കരുതി. ആ ഈച്ചയോട് കാണിച്ച സന്മനസ്സാണ് എന്നെ സ്വര്‍ഗത്തിലെത്തിച്ചത് ‘

നോക്കൂ നല്ല മനസ്സുകള്‍ക്കെ ഇത് ചെയ്യാനൊക്കൂ. കരുണയും സ്‌നേഹവും മുഹബ്ബത്തും പ്രണയവും ഉള്ള മനസ്സുകള്‍ക്ക് .അവര്‍ക്ക് എല്ലാത്തിലും നന്മ കാണാന്‍ കഴിയുന്നു. നിത്യജീവിതത്തില്‍ ഹൃദയങ്ങളുടെ കൈമാറ്റം നടക്കുന്നില്ല. എല്ലാ ബന്ധങ്ങളും യാന്ത്രികമായി മാറി .കോടികള്‍ സമ്പാദിച്ചിട്ടും മനസ്സിന് സന്തോഷം ലഭിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് ഈ ജീവിതം ?

മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയാനും അത് ആസ്വദിക്കാനുമുള്ള ഖല്‍ബ് ഉണ്ടാവണം. അതിന് ആദ്യം വേണ്ടത് കര്‍മ്മങ്ങള്‍ മാത്രം നോക്കി അപരനെ വിധികല്‍പ്പിക്കുന്നത് ഒഴിവാക്കുക എന്നതാണ് .പ്രപഞ്ചത്തിലൊക്കെയും സ്‌നേഹം കാണാന്‍ കഴിയാത്തവന് അത് തിരിച്ചറിയില്ല. ഒരിക്കല്‍ സൂഫി ഗുരു പറഞ്ഞു .
‘സൂഫിസത്തിന്റെ കാതല്‍ സ്‌നേഹമാണ്. ആ സ്‌നേഹത്തില്‍ അനുസരണയുണ്ട് … കരുണയുണ്ട് എല്ലാമുണ്ട്.
പ്രപഞ്ചത്തിലൊക്കെയും സ്‌നേഹം കാണാന്‍ കഴിയാത്തവന് സൂഫിയെ മനസ്സിലാകില്ല ‘

ജീവിതത്തിലെ ഓരോ നിമിഷത്തിലും മനസ്സിന്റെ സൗന്ദര്യം കാണാന്‍ ശ്രമിക്കുക. ടെന്‍ഷനാ വിഷമങ്ങളോ ദുരിതത്തിലാക്കാത്ത മനോഹരമായൊരു ജീവിതം തിരികെ ലഭിക്കും .

(മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും ,സൈക്കോളജിസ്റ്റുമാണ് ലേഖകന്‍. 9946025819)

why-men-look-into-the-lips-women
Posted by
08 February

യുവതികളുടെ ശ്രദ്ധയ്ക്ക്; സംസാരിക്കുമ്പോള്‍ പുരുഷന്‍മാര്‍ നോക്കുന്നത് ചുണ്ടിലേയ്ക്കാണോ? എങ്കില്‍

പരസ്പരം സംസാരിക്കുമ്പോള്‍ പുരുഷനായാലും സ്ത്രീയായാലും കണ്ണില്‍ നോക്കുന്നതാണു മര്യാദ. എന്നാല്‍ ഇതു പലപ്പോഴും സംഭവിക്കണം എന്നില്ല. പുരുഷന്മാര്‍ സ്ത്രീകളോടു സംസാരിക്കുമ്പോഴാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഒന്നുനോട്ടം തെറ്റിയാല്‍ അതു തെറ്റായി വ്യാഖ്യാനിക്കപ്പെടാം. സ്ത്രീയോട് പുരുഷന്‍ സംസാരിക്കുമ്പോള്‍ നോക്കുന്നതു ചുണ്ടിലേയ്ക്കാണെങ്കില്‍ അതിനുള്ള കാരണം ഇവയാകാം.

മറുവശത്തുള്ളയാള്‍ പറയുന്നതു വളരെ ആവേശത്തോടെ കേട്ടരിക്കുന്നത് കൊണ്ടാകാം ചുണ്ടിലേയ്ക്കു നോക്കുന്നത്.

മറുവശത്തു നില്‍ക്കുന്നയാളോടു ലൈംഗിക താല്‍പ്പര്യം തോന്നിയാല്‍ ചുണ്ടിലേയ്ക്ക് നോക്കുമെന്നു പറയുന്നു.

മറുവശത്തു നില്‍ക്കുന്ന സ്ത്രീയേ ചുംബിക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കിലും പുരുഷന്‍ ചുണ്ടിലേയ്ക്ക് നോക്കുമത്രെ.

സ്ത്രീയുടെ സംസാരം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇവര്‍ എപ്പോഴാണ് ഇതു നിര്‍ത്തുക എന്ന ചിന്തയിലായിരിക്കാം ചുണ്ടിലേയ്ക്കു നോക്കുന്നത്.

മറ്റുള്ളവരെ പെട്ടന്ന് ആകര്‍ഷിക്കുന്ന തരത്തിലുള്ള ലിപ്സ്റ്റിക്ക് ഇടുന്നതും ഈ നോട്ടം വഴിതെറ്റുന്നതിനു കാരണമാകും.

Best Foods to Eat Before Exams special story
Posted by
06 February

പരീക്ഷയില്‍ മികച്ച വിജയം സമ്മാനിക്കുന്ന ഭക്ഷണങ്ങള്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പരീക്ഷയിലെ വിജയവും ഭക്ഷണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം.
നന്നായി പരീക്ഷ എഴുതാനും മികച്ച വിജയം നേടാനും ബുദ്ധിയെ ഉണര്‍ത്തുന്ന ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. പരീക്ഷാകാലത്തെ കുട്ടികളുടെ ചെറിയകാര്യങ്ങളില്‍ പോലും ബുദ്ധിപരമായ ശ്രദ്ധ നല്‍കിയാല്‍ പരീക്ഷ എളുപ്പമാകും. സത്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും ആവശ്യമാണെന്ന പോലെ നമ്മുടെ ഭക്ഷണം ബുദ്ധിയുടെ വളര്‍ച്ചക്കും അത്യാവശ്യമാണ്. ചിന്തിക്കുമ്പോഴും പഠിക്കുമ്പോഴും ഓര്‍ത്തെടുക്കുമ്പോഴും തലച്ചോറ് കാര്യമായി അധ്വാനിക്കുന്നുണ്ട് .കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. അതിനാല്‍ തലച്ചോറിന് ക്ഷീണം വരാതെ ഉണര്‍വ്വുണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ നമുക്ക് പരിചയപ്പെടാം. ഇനി മുതല്‍ ഇതാകട്ടെ നമ്മുടെ മെനു.

ഒന്നാമതായി മനസ്സിലാക്കേണ്ടത് വയറ് നിറച്ച് കഴിച്ചാലും പട്ടിണി കിടന്നാലും തലച്ചോറിലെ ബുദ്ധികേന്ദ്രങ്ങളെ ഉണര്‍ത്താനാവില്ല എന്നാണ്. പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഉപേക്ഷിക്കരുത് .ബ്രയിന്‍ ഫുഡ് എന്നാണ് ഇതിനെ വിളിക്കേണ്ടത്. പോഷകസമൃദ്ധമാകണം പ്രാതല്‍. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളും പഴങ്ങളും പച്ചക്കറികളും ഇതൊക്കെയാകട്ടെ പ്രാതല്‍. കൊഴുപ്പ് കൂടിയതും വറുത്തതും പൊരിച്ചതും ഇന്നു മുതല്‍ ഉപേക്ഷിക്കാന്‍ മറക്കണ്ട.

കോഫി കഴിക്കുന്നവരാണെങ്കില്‍ അത് നിര്‍ത്തിക്കോളൂ. ഓര്‍മകളുടെ അടുക്കും ചിട്ടയും നഷ്ടപ്പെടുത്താനേ കോഫിക്ക് കഴിയൂ. ചായ അത്ര വില്ലനല്ല. എങ്കിലും ഗ്രീന്‍ ടീ ആണെങ്കില്‍ സംഗതി ഏറ്റവും നന്നായി. ഓര്‍മക്കും ബുദ്ധിക്കും ഉണര്‍വ്വുണ്ടാക്കാന്‍ ഗ്രീന്‍ ടീ നല്ലതാണ്.

ദിവസവും രണ്ടുലിറ്റര്‍ വെള്ളം കുടിക്കണം. രാവിലെ എഴുന്നേറ്റയുടനെ കാര്യമായി കുടിക്കുക. തലച്ചോറും നാഡീവ്യവസ്ഥയും തമ്മിലുള്ള നല്ല ആശയവിനിമയത്തിന് വെള്ളം അത്യാവശ്യമാണ്. ഏകാഗ്രത കൂടാനും കണക്കില്‍ കഴിവ് വര്‍ദ്ധിക്കാനും വെള്ളം കൂടുതലായി കുടിച്ചാല്‍ മതി. പിന്നെ ക്ഷീണം കുറയും, ഉന്മേഷം കൂടും.

മത്സ്യവും മാംസവും ഇലക്കറികളും കഴിക്കുന്നത് ഗുണകരമാണ്. ഓര്‍മശക്തി കൂടാന്‍ പച്ച, മഞ്ഞ, ഓറഞ്ച് ,നിറത്തിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ബീന്‍സ്, അമര, ചെറുപയര്‍, കരള്‍, മാംസം തുടങ്ങിയവക്കും പോഷകങ്ങള്‍ കൂടുതലായി ലഭിക്കും . മല്‍സ്യങ്ങളില്‍ മത്തിയും അയലയുമാണ് നല്ലത് .

പരീക്ഷാകാലത്തെ ടെന്‍ഷന്‍ കുറക്കാനുമുണ്ട് ഭക്ഷണങ്ങള്‍. തവിടുകളയാത്ത ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ബദാം, കശുവണ്ടിപ്പരിപ്പ്, എന്നിവ കൂടുതലായി കഴിച്ചാല്‍ ടെന്‍ഷന്‍ കുറക്കാന്‍ സഹായിക്കുന്ന ബി വൈറ്റമിനുകളെ ഉല്‍പ്പാദിപ്പിക്കും .

പാല്‍, തൈര്, പാല്‍ ഉല്‍പ്പന്നങ്ങള്‍ പഠനത്തില്‍ നല്ല മൂഡ് ലഭിക്കാന്‍ സഹായിക്കും. ചുരുക്കത്തില്‍ നന്നായി പരീക്ഷ എഴുതാനും ഉയര്‍ന്ന വിജയം നേടാനും ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി .എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ് പരീക്ഷാകാലത്ത് നല്ലത്. തല്‍ക്കാലം ബിരിയാണി പ്രിയന്മാര്‍ പരീക്ഷ കഴിയും വരെ ക്ഷമിക്കുക.

മനസ്സ് മുഴുവന്‍ എ പ്ലസിനും ഉയര്‍ന്ന മാര്‍ക്കിനും ഒരുക്കുക. ഇനി ഭക്ഷണത്തിലും ശ്രദ്ധിക്കുക. പരീക്ഷയെ പേടിയോടെ സമീപിക്കരുത്. ഭയന്നാല്‍ പഠിച്ചതൊക്കെ മറക്കും. മോഡല്‍ പരീക്ഷകളുടെ ദിനങ്ങളാണല്ലോ ഇപ്പോള്‍. ധൈര്യമായി പരീക്ഷയെ നേരിടൂ. വിജയിച്ചു എന്ന് തന്നെ ഉറപ്പിക്കുക .നിങ്ങള്‍ നിരന്തരം ചിന്തിക്കുന്നതാണ് നിങ്ങളുടെ മനസ്സ് .നിങ്ങള്‍ എന്തു ചിന്തിക്കുന്നോ അതു നിങ്ങള്‍ക്ക് നേടിയെടുക്കാനാവും. കാരണം മനസ്സിന് അത്രമാത്രം ശക്തിയുണ്ട്.

ബുദ്ധിയെ ഉണര്‍ത്താനും മറവിഇല്ലാതാക്കാനും ഒരു ടെക്‌നിക്കുണ്ട് .ഇത് പാലിച്ചാല്‍ പരീക്ഷ ഈസിയാകും .പരീക്ഷക്കിടയില്‍ എന്തേലും മറന്നാലും ഈ മുദ്ര പ്രയോഗിച്ചാല്‍ മതി . ഇതാണ് ഹാകിനി മുദ്ര. കൈകള്‍ തുറന്നിരിക്കുകയും തള്ളവിരല്‍ തള്ളവിരലിനോടെന്നതുപോലെ ഓരോ കയ്യിലെയും വിരലുകള്‍ യഥാക്രമത്തില്‍ മറുകൈയ്യിലെ വിരല്‍ത്തുമ്പിനോടു ചേര്‍ത്തുവെച്ച് മിതമായ സമ്മര്‍ദ്ധത്തില്‍ അമര്‍ത്തുക .ഇതാണ് ഹാകിനിമുദ്ര .ഇത് എത്ര നേരം വേണേലും ചെയ്യാം .ഓര്‍മകള്‍ തെളിഞ്ഞുവരും.

(മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും ,മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍ 9946025819)

heart language special story
Posted by
30 January

ഹൃദയത്തിന്റെ ഭാഷ ഹൃദയങ്ങള്‍ തമ്മിലുള്ള കൈമാറ്റമാണ്

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ഹൃദയത്തിനുമുണ്ടോ ഒരു ഭാഷ? ഉണ്ട് ഖല്‍ബിനൊരു ഭാഷയുണ്ട്. അത് വായിക്കാനായാല്‍ കേള്‍ക്കാനായാല്‍ ജീവിതം സ്വര്‍ഗീയമാകും. എന്താണ് ഹൃദയത്തിന്റെ ഭാഷയെന്ന് നമുക്കൊന്ന് പരിശോധിക്കാം. ജീവിതകാലം മുഴുവന്‍ മനുഷ്യര്‍ പലതും നേടാനായി അദ്വാനിക്കുന്നുണ്ട്. ചിലര്‍ ലക്ഷ്യങ്ങള്‍ നേടുമ്പോള്‍ മറ്റു ചിലര്‍ പാതിവഴിയില്‍ കാലിടറി വീഴുന്നു. ലക്ഷ്യങ്ങള്‍ നേടിയാലും ഇല്ലെങ്കിലും സംതൃപ്തി, സന്തോഷം എന്നി രണ്ട് കാര്യങ്ങള്‍ നേടുന്നതില്‍ മിക്ക ആളുകളും പരാജയപ്പെടുകയും ചെയ്യുന്നു. കാരണം അവര്‍ക്ക് ആദ്യമെ നഷ്ടപ്പെട്ടത് ഹൃദയത്തിന്റെ ഭാഷയാണ്.

എന്താണ് ഹൃദയത്തിന്റെ ഭാഷ? സൂഫികള്‍ പറയുന്നത് ഹൃദയങ്ങള്‍ തമ്മിലുള്ള കൈമാറ്റമാണ് ഹൃദയത്തിന്റെ ഭാഷയെന്നാണ്. പരസ്പരം സ്‌നേഹിക്കാനും ഹൃദയങ്ങള്‍ കൈമാറാനും പുതുപുത്തന്‍ കാലത്ത് പലര്‍ക്കും കഴിയാതെ പോവുകയാണ്. ജീവിതം യാന്ത്രികമാകുന്നതോടെ ഖല്‍ബിന്റെ ഭാഷയും നഷ്ടപ്പെടുന്നു. ഓരോ കുടുംബങ്ങളിലും ഈ നഷ്ടപ്പെടല്‍ കാണാം. അപ്പോഴാണ് മനസുകള്‍ അകലുന്നത്. ദേഷ്യപ്പെടുമ്പോള്‍ വെറുക്കുമ്പോള്‍ ഖല്‍ബുകളുടെ കൈമാറ്റം നടക്കാതെ പോവുകയാണ്. കാരണം അപ്പോള്‍ അവര്‍ അടുത്താണ് നില്‍ക്കുന്നതെങ്കില്‍ പോലും ഖല്‍ബുകള്‍ക്ക് ആകാശത്തോളം അകലമുണ്ടായിരിക്കും. ദേഷ്യപ്പെടുമ്പോള്‍ അവര്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടിട്ടില്ലേ… ഖല്‍ബുകള്‍ അകന്നാല്‍ അധരങ്ങളുടെ ഭാഷ ഉയരും. തൊട്ടടുത്താണ് നില്‍ക്കുന്നതെങ്കില്‍ പോലും. ശരീരം എത്ര അകലെയാണെങ്കിലും ഖല്‍ബുകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയും. ഖല്‍ബിന്റെ ഭാഷക്ക് അക്ഷരങ്ങളുടെയോ വാക്കുകളുടെയോ ഉടയാടകള്‍ വേണ്ടല്ലോ..

ഖല്‍ബുകള്‍ അകലുന്നിടത്ത് അസ്വസ്ഥതകളും സംശയങ്ങളും വിരോധങ്ങളും വെറുപ്പുമാണ് ജനിക്കുന്നത്. പരസ്പരം ഹൃദയങ്ങള്‍ കൈമാറാന്‍ കഴിയാത്ത ഭാര്യയും ഭര്‍ത്താവും അവനവനില്‍ ആനന്ദം കണ്ടെത്തി ജീവിക്കുന്നു. എന്നാല്‍ അതും അവന് പൂര്‍ണ്ണമായി ലഭിക്കുന്നുമില്ല. അവര്‍ക്കിടയിലെ അസ്വാരസ്യങ്ങളിലെ മൂലകാരണം ഈ ഖല്‍ബുകളുടെ കൈമാറ്റം നടക്കാത്തതാണ്. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഇത് കാണാം.

മക്കള്‍ക്ക് മാതാപിതാക്കളോടും തിരിച്ചും ഈ ഖല്‍ബിന്റെ കൈമാറ്റം സംഭവിക്കുന്നില്ല. അവര്‍ക്കിടയിലെ വിടവിന്റെ ആഴം ആകാശത്തോളം നീളുന്നു. അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഈ കൈമാറ്റം നടക്കാതെ പോകുന്നു.. ആര്‍ക്കും ആരെയും വിശ്വാസത്തിലെടുക്കാന്‍ വയ്യ. ഖല്‍ബിന്റെ ഭാഷ എല്ലാവരും മറന്നു. അധരങ്ങളുടെ ഭാഷയാണ് എല്ലാര്‍ക്കും വേണ്ടത്. അത് ചെവിക്ക് അലങ്കാരമാകാം. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍, ജോലി സ്ഥലത്ത്, മാര്‍ക്കറ്റില്‍ എല്ലാം ഖല്‍ബിന്റെ ഭാഷ ഉപയോഗിച്ച് നോക്കൂ .. നമുക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്നത് കാണാം . അധരങ്ങള്‍ക്ക് വാക്കുകളെ തിരിച്ചെടുക്കാനാവില്ല . ഖല്‍ബിന് ശബ്ദങ്ങളെ മനോഹരമാക്കാന്‍ കഴിയും .

ഒരിക്കല്‍ ഒരു സൂഫി ഗുരു പറഞ്ഞു.’ മൗനം ദൈവത്തിന്റെ ഭാഷയാണ്. മറ്റു ഭാഷകളെല്ലാം അതിന്റെ പരിഭാഷകളാണ് ‘ മൗനം എന്തൊരു മനോഹരമായൊരു ഭാഷയാണ് . മൗനത്തിന്റെ ആഴങ്ങളെക്കുറിച്ച് കവികളും ചിന്തകരും സൂഫികളും വാതോരാതെ പറയുന്നുണ്ട് . ഹൃദയങ്ങളുടെ കൈമാറ്റത്തിന് മൗനത്തിന്റെ അലങ്കാരമൊന്നും നിര്‍ബന്ധമില്ല . നിങ്ങള്‍ പരസ്പരം ഉള്ള് തുറന്ന് സ്‌നേഹിക്കൂ .. സ്‌നേഹം സ്‌നേഹത്തെ കൊണ്ട് വരും .

പരസ്പരം അംഗീകരിക്കാനും മനസ്സറിഞ്ഞ് അഭിനന്ദിക്കാനും കഴിയുന്നുണ്ടോ നിങ്ങള്‍ക്ക് .എങ്കില്‍ ഖല്‍ബിന്റെ കൈമാറ്റം നടക്കുന്നുണ്ട് എന്നര്‍ത്ഥം .മറ്റുള്ളവരെ അഭിനന്ദിക്കലും അംഗീകരിക്കലും കാപട്യത്തോടെയാകുമ്പോഴാണ് സ്വയം സംശയാലുവാകുന്നത്. അവന്‍ എന്നെ അഭിനന്ദിച്ചത് ഒന്ന് ആക്കിയതാണോ എന്നവന്‍ സംശയിക്കും. ഖല്‍ബില്‍ നിന്നും വരുന്ന അഭിനന്ദനങ്ങളും അംഗീകാരങ്ങളും വലിയൊരു ഊര്‍ജ്ജം പകരുന്നുണ്ട്. അതിന് അപാരമായ ശക്തിയുണ്ട്. മറ്റുള്ളവരെ ചെറിയ കാര്യങ്ങളിലാണെങ്കില്‍ പോലും ഉള്ള് തുറന്ന് അഭിനന്ദിക്കാന്‍ തയ്യാറാകണം. ക്ലാസ് റൂമില്‍ അധ്യാപകന്‍ ഇങ്ങനെയാവണം. വീട്ടില്‍ രക്ഷിതാക്കള്‍ ഇങ്ങനെയാവണം. സമ്മാനങ്ങള്‍ നല്‍കുക .ഹൃദയത്തിന്റെ ഭാഷ അതില്‍ ആലേഖനം ചെയ്തിട്ടുണ്ടാകും പരസ്പരം സ്‌നേഹമില്ലെന്നാണ് എല്ലാവരുടെയും പരാതി. പങ്കാളികള്‍ ഇതുതന്നെയാണ് എടപ്പാഴും പരാതിപ്പെടുന്നത്. മക്കള്‍ക്ക് രക്ഷിതാക്കളെക്കുറിച്ചും തിരിച്ചും ഇതാണ് പരാതി. ഹൃദയത്തിന്റെ ഭാഷ മറന്നു പോയാല്‍ പിന്നെ നിങ്ങള്‍ ചെയ്യുന്നതൊക്കെയും കാപട്യത്തിന്റെ അഴുക്ക്പുരട്ടിയതാവും. മാറോട് ചേര്‍ത്തുപിടിച്ച് കൈകള്‍ പുറത്ത് തട്ടി നിങ്ങള്‍ പരസ്പരം സ്വയമൊന്നു അലിയൂ… മറ്റേയാളില്‍. ഖല്‍ബുകള്‍ കൈമാറട്ടെ.. അതോടെ ടെന്‍ഷന്‍ നിങ്ങളെ വിട്ടുപോകും .ടെന്‍ഷന്‍ മാത്രമല്ല മാനസികമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതെരു പരിഹാരമാണ്.

(മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും , ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും ,മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍ 9946025819 )