nail protection important in skin protection
Posted by
28 March

നഖസംരക്ഷണത്തിലൂടെ സൗന്ദര്യം സംരക്ഷിക്കാം

ചര്‍മസൗന്ദര്യത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നഖസൗന്ദര്യവും അതുകൊണ്ട് തന്നെ നഖത്തെ പോറല്‍പോലും ഏല്‍ക്കാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. സൗന്ദര്യ സംരക്ഷണത്തിലെ പ്രധാനപ്പെട്ട ഘട്ടമായ നഖ സൗന്ദര്യ സംരക്ഷണം എങ്ങനെ എന്ന് നോക്കാം. ചര്‍മം പോലെ തന്നെ നഖങ്ങളേയും മോയ്ചറൈസ് ചെയ്യുന്നത് വളരെ നല്ലതാണ്. എങ്കില്‍ മാത്രമേ നഖങ്ങള്‍ക്ക് ആരോഗ്യവും തിളക്കവും ഉണ്ടാകൂ. നഖങ്ങള്‍ക്ക് ഭംഗിയുണ്ടെങ്കില്‍ മാത്രമേ കൈകളും കാലുകളും ആകര്‍ഷകമാകൂ.

ദിവസത്തില്‍ കുളിച്ചതിന് ശേഷവും കിടക്കുന്നതിന് മുന്‍പുമായി രണ്ട് തവണ നഖങ്ങളെ മോയ്‌സ്ചറൈസ് ചെയ്താല്‍ നഖങ്ങള്‍ പൊട്ടിപ്പോവുന്നത് തടയാന്‍ കഴിയും. നഖത്തിനിരുവശത്തുമുള്ള ചര്‍മം അഥവാ ക്യൂട്ടിക്കിള്‍ നഖത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്ന ഒന്നാണ് അതുകൊണ്ട് തന്നെ ക്യൂട്ടിക്കിള്‍ നീക്കം ചെയ്യുന്നത് നഖത്തിനെ ദോഷമായി ബാധിക്കും.

നെയില്‍ റിമൂവര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക അസറ്റോണ്‍ അടങ്ങിയ നെയില്‍ റിമൂവറുകള്‍ നഖങ്ങള്‍ പൊട്ടാനിടയാക്കും. കാലിലെ നഖങ്ങളുടെ സംരക്ഷണത്തിന് ശരിയായ അളവിലുള്ള ഷൂ ധരിക്കുന്നത് പ്രധാനമാണ്. ദിവസവും ഉപയോഗിക്കുന്ന പാദരക്ഷകള്‍ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക. ഷൂവിന്റെ കൂടെ സോക്‌സും ഉപയോഗിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം.

remedy for diabetis
Posted by
26 March

ശരീര ഭാരം കുറക്കുന്നതിലൂടെ പ്രമേഹത്തെ അകറ്റാം

ലണ്ടനിലെ സെന്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ട ഗവേഷകര്‍ കണ്ടെത്തിയതെന്താണെന്ന് അറിയേണ്ടേ.. നിങ്ങളുടെ ശരീര ഭാരം കുറക്കുന്നതിലൂടെ പ്രമേഹത്തേയും അകറ്റാം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ പറയുന്നത്.വെറുതെ തടി കുറക്കുകയല്ല മറിച്ച് മധ്യവയസിനു മുന്പ് അമിതഭാരം കുറയ്ക്കണം എന്നാല്‍ മാത്രമേ ഭാവിയില്‍ പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകൂ എന്നും കൂടി ഓര്‍ക്കണം. പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ക്രിസ്റ്റഫര്‍ ഓവന്‍ പറയുന്നു.

അമിതഭാരം മൂലം ഭാവിയില്‍ ഉണ്ടായേക്കാവുന്ന മൂന്ന് പ്രധാന പ്രശ്‌നങ്ങളായ ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, പ്രമേഹം എന്നിവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് 40നും 59 വയസ്സിനുമിടയിലുള്ളവര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകള്‍.. 7735 ആളുകളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് പരിശോധിച്ചായിരുന്നു പഠനം. ഇവര്‍ക്ക് 21 വയസ്സുള്ളപ്പോള്‍ ഉണ്ടായിരുന്ന ശരീരഭാരവും മറ്റു വിവരങ്ങളും ശേഖരിച്ച് നിലവിലുള്ള ശാരീരികാവസ്ഥയുമായി താരതമ്യം ചെയ്തായിരുന്നു പഠനം. 21 വയസ്സില്‍ അമിതഭാരം ഉണ്ടായിരുന്നവര്‍ക്ക് പില്‍ക്കാലത്ത് പ്രമേഹമുണ്ടായതായി പഠനങ്ങളില്‍ നിന്ന് ബോദ്ധ്യപ്പെട്ടു. അതേസമയം അമിതഭാരം മൂലം ഹൃദയാഘാതമോ, പക്ഷാഘാതമോ ഉണ്ടായതായി ഗവേഷണത്തില്‍ പറയുന്നില്ല.

യൗവ്വനത്തില്‍ കൊഴുപ്പു കൂടുന്നത് മധ്യവയസില്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകരമാണെന്ന് പറയുന്നു. ബിഎംജെ ഓപ്പണ്‍ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

remove dark spots with simple homely tricks
Posted by
25 March

ഡാര്‍ക്ക് സ്‌പോട്ടിനെ ഇനി ഭയക്കേണ്ട; പ്രതിവിധി വീട്ടില്‍ തന്നെ

മുഖത്തെ ഡാര്‍ക്ക് സ്‌പോടുകള്‍ എന്നും സൗന്ദര്യത്തിന് ഭീഷണിയാണ്. പ്രത്യേകിച്ച് വേനല്‍ കടുത്തിരിക്കുന്ന ഈ കാലത്ത് ഡാര്‍ക്ക് സ്‌പോടുകള്‍ ധാരാളം ശരീരത്തില്‍ പ്രത്യക്ഷപ്പെടാം. അലര്‍ജി, സൂര്യകിരണങ്ങള്‍, അപകടം, വാര്‍ധക്യം, ജനിതക ഘടകങ്ങള്‍, ശരീരത്തില്‍ മെലാനിന്‍ അളവ് കൂടുതല്‍ തുടങ്ങിയ പല കാരണങ്ങളും കൊണ്ട് ഡാര്‍ക്ക് സ്‌പോട്‌സ് ഉണ്ടാകാം. തേന്‍, പാല്, തൈര് തുടങ്ങിയ വീട്ടില്‍ തന്നെ സുലഭമായ വസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ വീട്ടില്‍ ഇരുന്നു തന്നെ നമുക്ക് ഇവ ഫലപ്രദമായി തടയാം. ഇത്തരത്തില്‍ വീട്ടില്‍ ഇരുന്ന് തെളിമയുള്ള സൗന്ദര്യം നേടാന്‍ ചില പൊടിക്കൈകള്‍ ഇതാ…

ചെറുനാരങ്ങ: ഓറഞ്ച്, നാരങ്ങ എന്നിവയിലെ വിറ്റാമിന്‍ സി നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ്. ചെറുനാരങ്ങ പ്രകൃതിദത്തമായ വിറ്റാമിനുകളുടെ കലവറ ആയതിനാല്‍ നാരങ്ങ പതിവായി ഉപയോഗിച്ചാല്‍ ഡാര്‍ക്ക് സ്‌പോട്‌സ് തടയാം.

വിറ്റാമിന്‍ ഇ ഓയില്‍: വിറ്റാമിന്‍ ഇ ഓയില്‍ നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ്. മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന വിറ്റാമിന്‍ ഇ ഓയില്‍ ചര്‍മത്തിനു സ്വാഭാവിക നിറം നല്‍കാന്‍ സഹായിക്കുന്നു.

ചന്ദനം: ചന്ദനം റോസ് വാട്ടറുമായി കുഴച്ചു പുരട്ടി, അല്പ സമയത്തിനു ശേഷം കഴുകി കളയുക, ചര്‍മം സുന്ദരമാകും. അല്ലെങ്കില്‍ രക്തചന്ദനം ഉറങ്ങാല്‍ പോകുന്നതിനു മുമ്പ് മുഖത്ത് പുരട്ടി രാവിലെ കഴുകി കളഞ്ഞാല്‍ മുഖത്തെ പാടുകള്‍ മാഞ്ഞ് നിറം വര്‍ദ്ധിക്കും.

തേന്‍: തേനിനു ചര്‍മം പുതുക്കാനുള്ള കഴിവ് ഉണ്ട്. തേന്‍ പാലോ, തൈരോ ചേര്‍ത്ത് പുരട്ടുക. നല്ല വ്യത്യാസം അനുഭവമാകും

പാല്‍: പാലില്‍ ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മത്തിന് കേടു പാടുകള്‍ ഉണ്ടാക്കില്ല .കൂടാതെ മെലാനിന്റെ ഉത്പാദനം കുറച്ചു ചര്‍മത്തിനു സ്വാഭാവികത നല്‍കാനും സഹായിക്കുന്നു.

കറ്റാര്‍ വാഴ: കറ്റാര്‍ വാഴയ്ക്ക് ഇരുണ്ട പാടുകള്‍ കുറയ്ക്കാന്‍ കഴിയും . ഇത് ഒരു കൂളിംഗ് ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇരുണ്ട പാടുകളും ചര്‍മ രോഗങ്ങളും,അകറ്റി ത്വക്കിന് നല്ല തിളക്കം നല്‍കുന്നു.

മുള്‍ട്ടാണി മിട്ടി: മുഖത്ത് മുള്‍ട്ടാണി മിട്ടി കുറച്ച് വെള്ളത്തിലോ പനിനീരിലോ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടിയാല്‍ വ്യത്യാസം നിങ്ങള്‍ക്ക് തന്നെ അനുഭവിച്ചറിയാന്‍ സാധിക്കും. നിറം വര്‍ദ്ധിക്കുക മാത്രമല്ല ആത്മ വിശ്വാസം വര്‍ദ്ധിക്കാനും ഈ നാട്ടു ചികിത്സാരീതികള്‍ നിങ്ങളെ സഹായിക്കും

homely tips to lip care
Posted by
22 March

ചുണ്ടിനെ സുന്ദരിയാക്കാം ഒട്ടും ചിലവില്ലാതെ

ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂക്കുന്നതിഷ്ടമില്ലാത്ത ആരും ഉണ്ടായിരിക്കുകയില്ല. എന്നാല്‍ വേനലില്‍ പുഞ്ചിരി വരണ്ടുണങ്ങിപ്പോകുന്നതോ സഹിക്കാനും കഴിയില്ല. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് സൗന്ദര്യം ഇത്തിരി പിണങ്ങി നില്‍ക്കുന്ന സമയത്ത് ചുണ്ടിനെയും നമുക്ക് കുറച്ചേറെ സംരക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍ ചെഞ്ചുണ്ടിന്റെ കാന്തി നഷ്ടപ്പെട്ടാലോ..
നല്ല ചുവന്ന അധരങ്ങള്‍ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്. അതിനി ആണുങ്ങള്‍ക്കായാലും പെണ്ണുങ്ങള്‍ക്കായാലും തിളക്കമുള്ള ചുവന്ന അധരങ്ങള്‍ സ്വന്തമാക്കാനും ഒരു ആകര്‍ഷകമായി നിലനിര്‍ത്താനും ലിപ്സ്റ്റിക്കുകളെ ആശ്രയിക്കാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന എളുപ്പ വഴികള്‍ ഇതാ പഠിച്ചുവെക്കാം നമുക്ക്.

നാരങ്ങ
കറുത്ത പാടുകളും മറുകുകളും നീക്കാന്‍ ഉത്തമ മരുന്നാണ് നാരങ്ങ. നാരങ്ങയിലെ ഘടകങ്ങള്‍ കറുത്ത ചുണ്ടുകളെ മാറ്റി തിളക്കമുള്ളതാക്കും. ദിവസവും കിടക്കാന്‍ പോകുന്നതിനു മുമ്പ് കുറച്ച് നാരങ്ങാനീരു ചുണ്ടില്‍ പുരട്ടി നോക്കൂ. മാസങ്ങള്‍ക്കുള്ളില്‍ മികച്ച ഫലം ലഭിക്കും. അതുമല്ലെങ്കില്‍ ഒരു കഷ്ണം നാരങ്ങയെടുത്ത് അതിനു മുകളില്‍ കുറച്ച് പഞ്ചസാര തൂവി ചുണ്ടില്‍ സ്‌ക്രബ് ചെയ്യാം. ഇതു പെട്ടെന്നു തന്നെ ഫലം ചെയ്യും. മാത്രമല്ല സ്‌ക്രബ് ചെയ്യുന്നത് വഴി തൊലിയ്ക്കകത്തെ മൃതകോശങ്ങള്‍ ഇല്ലാതാവുകയും ചുണ്ടുകള്‍ മിനുസമുള്ളതാവുകയും ചെയ്യും.

ബീറ്റ്‌റൂട്ട്

ചുവന്നു തുടുത്ത അധരങ്ങള്‍ക്കായി മറ്റൊരു ഉത്തമ മാര്‍ഗമാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിലെ പ്രകൃദിദത്തമായ ബ്ലീച്ചിങ് ഘടകങ്ങള്‍ ചുണ്ടിലെ കറുത്ത നിറം ഇല്ലാതാക്കും. എന്നും കിടക്കുന്നതിനു തൊട്ടു മുമ്പായി ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ പുരട്ടാം. അടുത്ത ദിവസം കഴുകിക്കളയുക. ബീറ്റ്‌റൂട്ടിലെ ചുവപ്പു നിറമുള്ള നീര് ചുണ്ടുകള്‍ക്കു നിറം പകരും. ക്യാരറ്റ് ജ്യൂസും ബീറ്റ്‌റൂട്ട് ജ്യൂസും മിക്‌സ് ചെയ്ത് ചുണ്ടില്‍ പുരട്ടി പത്തു മിനുട്ടോളം മസാജ് ചെയ്ത് ഇളംചൂടുവെള്ളത്തില്‍ കഴുകി കളഞ്ഞാല്‍ ചുണ്ടിന്റെ നിറം വര്‍ദ്ധിക്കുന്നത് നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടും

നാച്ചുറല്‍ ലിപ് സ്‌ക്രബര്‍

ആഴ്ചയിലൊരിക്കല്‍ നാച്ചുറല്‍ ലിപ് സ്‌ക്രബര്‍ ഉപയോഗിക്കുന്നത് ചുണ്ടുകള്‍ക്കു നല്ലതാണ്. ഇതു ഏതാനും തുള്ളി ഒലിവ് എണ്ണയിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് മസാജ് ചെയ്യാം. കഴുകി കളഞ്ഞതിനു ശേഷം വെണ്ണയോ ലിപ് മോയ്‌സ്ചറൈസറോ ഇടാം.

തേന്‍

എന്നും കിടക്കുന്നതിനു മുന്‍പായി കുറച്ച് തേന്‍ ചുണ്ടുകളില്‍ പുരട്ടുന്നത് അധരങ്ങളെ ചുവപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പുകവലി കാരണം കറുത്തു പോയ ചുണ്ടുകളുടെ നിറം തിരിച്ചു നേടാനും ഈ ചികിത്സാ രീതിയെ ആശ്രയിക്കാവുന്നതാണ്.
വേനല്‍ക്കാലത്തെ ആരോഗ്യ പരിചരണങ്ങള്‍ക്കിടയില്‍ അധരങ്ങളെയും ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ ഇനി ഈ മാര്‍ഗങ്ങളും പരീക്ഷിച്ചു നോക്കൂ.

Hair Dye usage may leads to cancer
Posted by
20 March

സ്ഥിരമായി ഡൈ ചെയ്യുന്നവര്‍ സൂക്ഷിക്കുക; കാന്‍സര്‍ വരെ ഉണ്ടാകാം

അകാലനര പ്രായഭേദന്യേ എല്ലാവരെയും ബാധിച്ചിരിക്കുകയാണ്. വിപണയില്‍ ലഭ്യമായ പല തരത്തിലുള്ള കളര്‍ ഡൈകള്‍ നരയെ സിംപിളായി തോല്‍പ്പിക്കുകയും ചെയ്യും. എന്നാല്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഡൈ ചെയ്യുന്നത് ശരീരത്തിനു ദോഷകരമാണെന്നു ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ തലയോട്ടിയുടെ തൊലിയിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്നു ഭാവിയില്‍ പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുകയും ചെയ്യും. കൂടാതെ മുടി കൊഴിയുന്നതിനും പിളരുന്നതിനും കാരണമാകും. മാത്രമല്ല, ചെവി, കണ്ണ്. മുഖം എന്നിവിടങ്ങളില്‍ അലര്‍ജിയ്ക്കും ഇടയാക്കും. ഡൈയില്‍ അടങ്ങിയിരിക്കുന്ന ചല രാസപദാര്‍ഥങ്ങള്‍ കാന്‍സര്‍ രോഗത്തിനു വരെ കാരണമാക്കുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. വിട്ടു മാറാത്ത ചുമ, ആസ്മ, ശ്വാസംമുട്ടല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.

Air India Express pilot Captain Bindhu Sebastian
Posted by
17 March

ആകാശത്തേക്ക് സ്വപ്‌നം പറത്തിവിട്ട പെണ്‍കുട്ടി

അരുവിത്തറക്കാര്‍ക്ക് ബിന്ദു, സെബാസ്റ്റ്യന്റെ മകള്‍ മാത്രമല്ല. ഒരു നാടിന്റെ മുഴുവന്‍ അഭിമാനമാണ്. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ ആദ്യമായി സോളോ വിഭാഗത്തില്‍ ഒറ്റക്ക് പറന്ന പെണ്‍കുട്ടി. കുഞ്ഞുനാളില്‍ പള്ളിമുറ്റത്ത് വച്ച് അച്ഛനു നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഇന്ന് ബിന്ദു. ആകാശം തന്റെ കൈപ്പിടിയിലൊതുക്കുമെന്നവാക്ക്..

ഇത്തവണത്തെ രാജ്യാന്തര വനിതാദിനത്തില്‍ കൊച്ചി വിമാനത്താവളത്തിലെ താരവും ബിന്ദുതന്നെ. ദുബായിലേക്ക് വനിതകള്‍ മാത്രം ജോലിക്കാരായുള്ള വിമാനം പറത്തി ചരിത്രമെഴുതിയിരിക്കുകയാണ് ക്യാപ്റ്റന്‍ ബിന്ദു. നീണ്ട 15 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായാണ് വിമാനം പറത്തല്‍ ഇത്ര ഹരമായി ക്യാപ്റ്റന്‍ ബിന്ദുവിന് തോന്നിയത്.
1
പാലാ അല്‍ഫോന്‍സ കോളേജില്‍ പഠിച്ച ഈ സാധാരണക്കാരി ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റ് ഓഫിസര്‍ ബാച്ചിലെ ഏഴുപേരില്‍ ഒരാളായിരുന്നു. 2009ല്‍ വിങ് കമാന്‍ഡറായി വിരമിച്ച ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്കുള്ള പറക്കല്‍ ബിന്ദുവിനെ സംബന്ധിച്ച് നിസാരകാര്യം മാത്രം. ഇപ്പോള്‍ 180 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോയിംങ് വിമാനം പറത്തി ആകാശത്തും മലയാളി സാനിധ്യം അറിയിച്ചിരിക്കുകയാണ് ബിന്ദു. നാലായിരം മണിക്കൂറിലേറെ ആകാശത്ത് പറന്ന പരിചയസമ്പത്ത് ക്യാപ്റ്റനെ വ്യത്യസ്തയാക്കുന്നു.

വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ എസ് മുരളിയാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. ഒന്‍പതാം കഌസുകാരന്‍ സിദ്ധാര്‍ത്ഥിനും മൂന്നാം കഌസുകാരന്‍ ആദര്‍ശിനും അമ്മ ആകാശം വെട്ടിപ്പിടിച്ച ഹീറോ മാത്രം.

remedy for kidney stone
Posted by
15 March

കിഡ്‌നി സ്റ്റോണിനെ ഭയക്കേണ്ട: പരിഹാരം വീട്ടില്‍ തന്നെയുണ്ട്

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്തരികാവയവം എന്ന് എന്തുകൊണ്ടും വിശേഷിപ്പിക്കാവുന്ന അവയവമാണ് വൃക്ക. രക്തത്തെ ശുദ്ധീകരിച്ച് ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം ശരീരത്തിലെ അനാവശ്യ വസ്തുക്കള്‍ പുറംതള്ളി വിഷമുക്തമാക്കുകയും ചെയ്യുന്ന വൃക്കയെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് കിഡ്‌നി സ്റ്റോണ്‍. പൊതുവെ ജീവന് ഭീഷണി ആവാറില്ലെങ്കിലും കിഡ്‌നി സ്റ്റോണ്‍ മൂലം ഉണ്ടാകുന്ന വേദന അസഹനീയവും ശരീരത്തിന്റെ ദൈനംദിന പ്രക്രിയകളെ താളം തെറ്റിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ശരീരത്തെ സംരക്ഷിക്കുന്ന വൃക്കയെ കിഡ്‌നി സ്റ്റോണില്‍ നിന്നും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതിലൂടെ തന്നെ കിഡ്‌നി സ്റ്റോണ്‍ പ്രതിരോധിക്കാം. അഥവാ കിഡ്‌നി സ്റ്റോണ്‍ ഇനി ഇപ്പോള്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ തന്നെ വളരെ ലളിതവും ചെലവ് ഏറെ കുറഞ്ഞതുമായ വീട്ടു ചികിത്സയിലൂടെ തന്നെ നിന്നും മുക്തി നേടാം. ശ്രദ്ധിച്ചില്ലെങ്കില്‍ പതിയെ ജീവഹാനിയിലേക്ക് വരെ എത്തിചേരുന്ന ഈ രോഗത്തെ വെറും പച്ചവെള്ളവും ഒരുപിടി മല്ലി ചെപ്പും ഭേദമാക്കും. അതെ ആശുപത്രിയേയും ഓപ്പറേഷനും ഭയപ്പെടേണ്ട വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന മല്ലിചെപ്പ് ഇനി നിങ്ങളുടെ വേദന മാറ്റും. ഈ ചെറിയ ഒറ്റമൂലി തയ്യാറാക്കാന്‍ ഒരുപിടി മല്ലിചെപ്പ് നന്നായി കഴുകി വൃത്തിയാക്കി എടുത്ത് ചെറുതായി അരിഞ്ഞതിന് ശേഷം വെളളമൊഴിച്ച് പത്ത് മിനിറ്റ് വേവിക്കുക. തുടര്‍ന്ന് തണുപ്പിച്ചതിനു ശേഷം അരിച്ചെടുത്ത് വൃത്തിയുള്ള കുപ്പിയിലാക്കി റഫ്രിജറേറ്റില്‍ സൂക്ഷിക്കുക.

HEALTH-KIDNEY-STONE

ഇങ്ങനെ നിര്‍മ്മിക്കുന്ന ഒറ്റമൂലി ഒരു ഗ്ലാസ് വീതം തുടര്‍ച്ചയായി ഒരാഴ്ച കുടിക്കുകയാണെങ്കില്‍ ശരീരം ശുദ്ധിയാകുന്നത് നിങ്ങള്‍ക്ക് തന്നെ അനുഭവിച്ചറിയാന്‍ കഴിയും. മൂത്രത്തിലൂടെ അനാവശ്യമായ ഉപ്പും വിഷവസ്തുക്കളും പുറംതള്ളുന്നതിനെ വേഗത്തിലാക്കാന്‍ ഈ ഒറ്റമൂലി സഹായിക്കുന്നു. ഇത്തരത്തില്‍ തന്നെ കിഡ്‌നി സ്റ്റോണ്‍ പതിയെ അലിഞ്ഞ് ഇല്ലാതാവുകയും ചെയ്യുന്നു. മല്ലിചെപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയിലടിച്ച് ജ്യൂസാക്കിയും ഉപയോഗിക്കാം വേവിക്കാതെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെങ്കിലും കൂടുതല്‍ ആളുകളും വേവിച്ചുപയോഗിക്കുന്ന മാര്‍ഗമാണ് പൊതുവെ പരിഗണിക്കാറുള്ളത്.

dog heart worm disease
Posted by
14 March

സൂക്ഷിക്കാം മാരകമായ ഡോഗ് ഹാര്‍ട്ട്‌വേം രോഗത്തെ

കൊച്ചി: കേരളത്തിലെ നഗരങ്ങളിലും ഡോഗ് ഹാര്‍ട്ട്‌വേം രോഗം പടരുന്നു. കൊച്ചിയില്‍ പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊതുകിലൂടെ പടരുന്ന ഈ രോഗത്തെ കൊച്ചി നഗരവാസികളാണ് ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടി വരിക. നായ്ക്കളിലാണ് രോഗകാരണമായ ലാര്‍വെയെ പൊതുവെ കാണാറുള്ളത് എന്നതിനാലാണ് ഈ രോഗത്തിന് ‘ഡോഗ് ഹാര്‍ട്ട്‌വേം’ എന്നു പേരു വന്നത്. സാധാരണയായി വളര്‍ത്തു മൃഗങ്ങളില്‍ മാത്രമാണീ രോഗം കാണപ്പെടുന്നത്. നായ്ക്കളിലെ ലാര്‍വ രൂപത്തില്‍ പിറവിയെടുക്കുന്ന രോഗാണു കൊതുകിലേക്ക് എത്തുകയും തുടര്‍ന്ന് കൊതുകിലൂടെ മനുഷ്യശരീരത്തിലെത്തി വിരയായി രൂപം പ്രാപിക്കുന്ന ഡൈറോഫൈലേറിയയാണു ഇപ്പോള്‍ പുതിയ ആരോഗ്യഭീഷണി ഉയര്‍ത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കൊതുകുവഴി പകരുന്ന അസാധാരണമായ ഈ രോഗത്തെ തുടര്‍ന്ന് അവശതയിലായ പന്ത്രണ്ടു വയസുകാരി യെ ശസ്ത്രക്രിയക്ക് വിധേയയാക്കി. നെഞ്ചിലെ അസ്ഥിക്കു മുകളിലെ ചെറിയ മുഴയില്‍നിന്നും ജീവനുള്ള വിരയെയാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഏഴു മുതല്‍ 24%വരെ നായ്ക്കളുടെ രക്തത്തില്‍ ഡൈറോഫൈലേറിയ ലാര്‍വകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

മനുഷ്യരുടെ ശ്വാസകോശം, കണ്ണ്, ചര്‍മം എന്നിവയ്ക്കുള്ളിലാണു പൊതുവെ ഇത്തരം വിരകള്‍ കാണപ്പെടുന്നതെന്നു വിദഗ്ദര്‍ പറയുന്നു. ശിശുക്കളില്‍ അപൂര്‍വമായാണിത് കാണപ്പെടുക. പ്രത്യേകിച്ചു കണ്ണുകളില്‍ സാധ്യത കുറവാണ്. കണ്ണിലെ വിര എളുപ്പം നീക്കംചെയ്യാനാുമാവും. പക്ഷേ, വളര്‍ത്തുനായ്ക്കളുമായി അടുത്തിടപഴകുന്ന കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത് രോഗത്തെ മനുഷ്യരിലേക്ക് പടരുന്നത് തടയാന്‍ സഹായിക്കും. എന്നാല്‍ വിരകള്‍ ശ്വാസകോശത്തിലെത്തിയാല്‍ കണ്ടെത്താന്‍ എളുപ്പമല്ല. നെഞ്ചുഭാഗത്തെ മുഴകളുടെ എക്‌സ്‌റേ പലപ്പോഴും അര്‍ബുദമാണെന്ന പ്രതീതിയാണു നല്‍കുക. ചര്‍മത്തിലെ അസ്വാഭാവികമായ മുഴകളും ചുമയുമാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. സ്വയം രോഗനിര്‍ണയം അപകടമാണ്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് ഡൈറോഫൈലേറിയ പകരാറില്ല. രോഗമുള്ളയാളെ കുത്തുന്ന കൊതുകിന് രോഗം വഹിക്കാനും സാധിക്കില്ല. ഈ രോഗത്തിനെ മരുന്ന്‌കൊണ്ട് ചികില്‍സിച്ച് ഭേദമാക്കുന്നതും അസാധ്യമാണ്. ശസ്ത്രക്രിയയിലൂടെ വിര നീക്കംചെയ്യല്‍ മാത്രമാണ് ഏക പ്രതിവിധി. രോഗം പടരുന്നതു തടയാന്‍ കൊതുകുനശീകരണം ഫലപ്രദമാണ്.

Duty Comes First For Archana Jha, Raipur DSP Who Patrols At Night With Her Daughter
Posted by
14 March

നൈറ്റ് പട്രോളിങ്ങിലും പിഞ്ചുകുഞ്ഞുമായി എസ്പി അര്‍ച്ചന; ഒരേസമയം അമ്മയായും ഉദ്യോഗസ്ഥയായും

ഛത്തീസ്ഗഢ്: സ്ത്രീ അമ്മയാണ്, ഉദ്യോഗസ്ഥയാണ് എല്ലാമെല്ലാമാണ്. വീട്ടുജോലിചെയ്യണം ഓഫീസ് വര്‍ക്ക് തീര്‍ക്കണം, മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കണം. എല്ലായിടത്തും അവളുടെ കണ്ണും കൈയ്യുമെത്തണം. എന്തെങ്കിലും ഒരു പാളിച്ച പറ്റിയാല്‍ തീര്‍ന്നു. എന്നാല്‍ ജോലിയാണ് പ്രധാനമെന്ന് പറയുമ്പോഴും തന്റെ പിഞ്ചുകുഞ്ഞിനെയും ജോലിക്കിടയില്‍ പരിപാലിക്കുന്ന അമ്മയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഛത്തീസ്ഗഢിലെ റായ്പൂര്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടായ അര്‍ച്ചന ഝാ നൈറ്റ് പട്രോളിങ്ങിനിറങ്ങുന്നത് തന്റെ കുഞ്ഞുവാവയുമായാണ്. കുഞ്ഞിനെ നോക്കുന്നതിന് ജോലി തടസമാണെന്ന് പറയുന്നവര്‍ അര്‍ച്ചനയെ കാണണം. അര്‍ച്ചനയുടെ ഉത്തരവാദിത്തവും കഷ്ടപ്പാടുകളും ആരും കാണാതെ പോകരുത്. പല സ്ത്രീകളെയും പോലെ അവളുടെ കഷ്ടപ്പാടും ഒരുപക്ഷേ ആരും അറിയാതെ പോയേനെ, ഒരു പക്ഷേ, അവളുടെയും കുഞ്ഞിന്റെയും ചിത്രം ടിറ്ററില്‍ പ്രത്യക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍. ഛത്തീസ്ഘട്ടിലെ റായ്പൂര്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടായ അര്‍ച്ചന കൈക്കുഞ്ഞുമായി നൈറ്റ് പെട്രോളിങ്ങിനിറങ്ങിയ ചിത്രം പ്രത്യക്ഷപ്പെട്ടത് മാര്‍ച്ച് 12നാണ്. കെപി ഗണേഷ് എന്ന വ്യക്തിയാണ് സേവാ പ്രമോധര്‍മ (സേവനമാണ് പരമമായ ധര്‍മ്മം) എന്നപേരില്‍ ഈ ചിത്രം ട്വീറ്റ് ചെയ്തത്.

താമസസ്ഥലത്തു നിന്ന് അകലെയാണ് ഭര്‍ത്താവിനു ജോലിയെന്നും കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ ആരും ഇല്ലാത്തതുകൊണ്ടാണ് നൈറ്റ് പെട്രോളിങ്ങിനിറങ്ങുമ്പോള്‍ കുഞ്ഞിനെയും ഒപ്പം കൂട്ടുന്നതെന്നാണ് അര്‍ച്ചന പറയുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്തും താന്‍ നൈറ്റ് പെട്രോളിങ്ങിന് പോയിരുന്നുവെന്നും. ഇപ്പോള്‍ മാസത്തില്‍ രണ്ട് ദിവസമാണ് നൈറ്റ് പെട്രോളിങ്ങ് ഡ്യൂട്ടിയുള്ളതെന്നും അവര്‍ പറയുന്നു. അമ്മയായും ഉദ്യോഗസ്ഥയായും അവള്‍ അവളുടെ കടമ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നു.

new demands of indian girls
Posted by
14 March

യുവാക്കളുടെ ശ്രദ്ധയ്ക്ക്: സുന്ദരികളെ പ്രണയിക്കാനും വിവാഹം കഴിക്കാനും പണവും ഗ്ലാമറും മാത്രം പോര: പെണ്‍കുട്ടികളുടെ ഡിമാന്‍ഡ് ഇപ്പോള്‍ ഇതൊക്കെയാണ്

ഇന്നത്തെക്കാലത്ത് പ്രണയിക്കാനോ വിവാഹം കഴിക്കാനോ പണവും ഗ്ലാമറും മാത്രം പോരാതെ വന്നിരിയ്ക്കുകയാണ്. ഇവ കൂടാതെ സ്വന്തമായി ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സ് ആപ്പുമൊക്കെ ഉണ്ടെങ്കിലേ ഇനി പ്രണയ അഭ്യര്‍ഥനയുമായി വരാവൂ എന്നാണ് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ നിലപാട്. വിവാഹ ആലോചനക്കായി വരുന്ന യുവാക്കളോടും പെണ്‍കുട്ടികള്‍ക്കു ചോദിക്കാനുള്ളത് ചോദ്യവും ഇതുതന്നെയാണ്. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ഈ പുതിയ നിലപാട് വ്യക്തമാക്കി തന്നത് മാട്രിമോണിയല്‍ വെബ്‌സൈറ്റായ ശാദി ഡോട് കോം നടത്തിയ പഠനത്തിലാണ്.

ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയകളിലും സജ്ജീവമായിട്ടുള്ള പുരുഷന്‍മാരിലാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കു താല്‍പര്യം എന്നു കാണിക്കുന്നത്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ ടെക്‌നോളജിയും പുതിയ ജീവിതരീതിയും പെണ്‍കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നറിയാന്‍ നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമാക്കുന്നത്. പഠനത്തില്‍ പറയുന്നതു 48 ശതമാനം പെണ്‍കുട്ടികളും തങ്ങള്‍ ആഗ്രിഹിക്കുന്ന ജീവിതപങ്കാളിക്ക് ട്വിറ്റര്‍ അക്കൗണ്ട് വേണം എന്നു പറയുന്നവരാണ്. 26 ശതമാനം പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം ഫേസ്ബുക്കുള്ള പുരുഷന്മാരെ ജീവിത പങ്കാളിയായി ലഭിക്കണമെന്നാണ്.

ട്വിറ്ററിലും ഫേസ്ബുക്കിലുമുള്ള സാന്നിധ്യം പുരുഷന്മാരുടെ സ്വഭാവത്തെയും സാമൂഹികകാര്യങ്ങളില്‍ അവരുടെ വ്യക്തമായ നിലപാടിനെയും തുറന്നു കാട്ടുന്നു എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഫോണും, ഷൂസും, വാച്ചും മറ്റും ശ്രദ്ധക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നും കാണാനില്ല. ജീവിതപങ്കാളിയെക്കുറിച്ചുള്ള ഇന്ത്യയിലെ പെണ്‍കുട്ടികളുടെ മാറിയ മനോഭാവമാണ് ഇതു കാണിക്കുന്നതെന്നും ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ മുമ്പത്തേതില്‍നിന്നു മാറി സമൂഹത്തില്‍ ഒരു സ്ഥാനമുറപ്പിച്ചിട്ടുള്ള പുരുഷന്‍മാരെയാണു ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നതെന്നും ശാദി ഡോട് കോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗൗരവ് രക്ഷിത് പറയുന്നു. ഇന്ത്യയില്‍ മൊത്തം മൂന്നു കോടി പേര്‍ക്കാണ് ട്വിറ്റര്‍ അക്കൗണ്ട് ഉള്ളത്.

2014ലെ കണക്കനുസരിച്ച ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അഞ്ചു ശതമാനമാണ് വളര്‍ച്ച കാണിക്കുന്നത്. മൊത്തം ഇന്ത്യയില്‍ എട്ടു കോടി ജനങ്ങളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഇതില്‍ 72 ശതമാനം പുരുഷന്‍മാരാണ്. അതില്‍ 48 ശതമാനം 18 വയസ്സിനും 24 വയസ്സിനു ഇടയില്‍ പ്രായമുള്ളവരും. ലോകത്തില്‍ത്തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കു രണ്ടാം സ്ഥാനമാണുള്ളത്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഗ്ലാമറും സ്വഭാവവുമല്ല കാര്യം ഫേസ്ബുക്കും ട്വിറ്ററുമാണ് എന്നതാണ് വസ്തുത.