എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്ന് യുഎന്‍
Posted by
23 July

എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്ന് യുഎന്‍

പാരീസ്: ലോകത്ത് എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നുതുടങ്ങിയതായി യുഎന്‍. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്സ് ശാസ്ത്ര കോണ്‍ഫറന്‍സിനു മുന്നോടിയായി ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എയ്ഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം പകുതിയോളം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ 10 ലക്ഷം പേരാണ് ലോകത്ത് എയ്ഡ്സ് രോഗം മൂലം മരിച്ചത്. 2005ല്‍ മരണം 19 ലക്ഷമായിരുന്നു. അതായത് പത്തുവര്‍ഷം കൊണ്ട് ഏതാണ്ട് പകുതിയോളം എയ്ഡ്സ് മരണം കുറഞ്ഞിരിക്കുന്നുവെന്ന് കണക്ക്.

എയ്ഡ്സിനെതിരെയുള്ള മരുന്ന് കണ്ടെത്തുന്നതിനായി ലോകത്താകമാനം നിരവധി പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എയ്ഡ്സ് ചികിത്സയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഇതാണ് മരണനിരക്കില്‍ കുറവ് വരുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3.67 കോടി എയ്ഡ്സ് രോഗികളുണ്ടായിരുന്നതില്‍ 1.95 കോടി പേര്‍ക്കും മികച്ച ചികില്‍സ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് ഏറ്റവും അധികം എയ്ഡ്സ് രോഗികളുള്ളത് ആഫ്രിക്കയിലാണ്. ഇവിടെ 2010ല്‍ 30 ശതമാനത്തോളം ആളുകളിലും എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും, വടക്കന്‍ ആഫ്രിക്കയിലും, കിഴക്കന്‍ യുറോപ്പിലും മധ്യ ഏഷ്യന്‍ രാജ്യങ്ങളിലും 48 ശതമാനം മുതല്‍ 38 ശതമാനം എയ്ഡ്സ് രോഗികളാണ് മരണമടഞ്ഞത്.

വിളര്‍ച്ചയോട് വിട പറയാം
Posted by
23 July

വിളര്‍ച്ചയോട് വിട പറയാം

എല്ലാവരേയും ഒരുപോലെ ബാധിക്കാവുന്ന ഒന്നാണ് വിളര്‍ച്ച. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ അളവു കുറയുമ്പോള്‍ ഹീമോഗ്ലോബിന്റെയും ഹീമോഗ്ലോബിന് ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷിയും കുറയും. കുട്ടികളെയും ഗര്‍ഭിണികളയുമാണ് ഇതു വളരെ പെട്ടെന്നു ബാധിക്കുന്നത്.
ഇന്ത്യയിലെ സ്ത്രീകളില്‍ രണ്ടിലൊരാള്‍ക്ക് വിളര്‍ച്ചയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ 2015-16 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്കുകള്‍ പറയുന്നു. ലോകത്ത് 162 കോടി ജനങ്ങള്‍ വിളര്‍ച്ച ബാധിതരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.

ലക്ഷണം ഒന്നും, കാരണം പലതും

വിളര്‍ച്ച പലവിധമുണ്ട്. അയണിന്റെ കുറവ്, വിറ്റാമിന്‍ കുറവ്, അപ്ലാസ്റ്റിക് എന്നിവയെല്ലാം വിളര്‍ച്ചയ്ക്കു കാരണമാകുന്നു. ഇതില്‍ അയണ്‍ കുറവു കൊണ്ടുണ്ടാകുന്ന വിളര്‍ച്ചയാണ് കൂടുതലായി കണ്ടുവരുന്നത്. അകത്താക്കുന്ന അയണിന്റെ അളവിലെ പോരായ്മയോടൊപ്പം ഇന്ത്യയില്‍ അയണ്‍ കുറവു മൂലമുള്ള വിളര്‍ച്ചയ്ക്കു വേറെയും പല കാരണങ്ങളുണ്ട്. തെറ്റായ അയണ്‍ സ്വീകരണം, തുടര്‍ച്ചയായ ഗര്‍ഭവും മുലയൂട്ടലും, ജനന സമയത്തെ അയണിന്റെ അളവിലെ കുറവ്, കുട്ടികളിലെ അണുബാധയുടെ ആവൃത്തി തുടങ്ങിയ കാരണങ്ങളുമുണ്ട്.

ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ശരീരത്തിന് ഇല്ലാതാകുമ്പോഴാണ് വിളര്‍ച്ചയുണ്ടാകുന്നത്. ശരീരത്തിന് ആവശ്യമായ ഓക്‌സിജനേറ്റഡ് രക്തം ഉല്‍പാദിപ്പിക്കാന്‍ ചുന്ന രക്തത്തിന് കഴിയാതെ വരികയും ചെയ്യുന്നു.
എങ്ങനെ പരിഹരിക്കാം;

ഭക്ഷണക്രമം: അയണ്‍ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഓട്ട്മീല്‍സ്, ബീന്‍സ്, ഉണക്ക മുന്തിരി, ഇരുണ്ട പച്ചിലക്കറികള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. സോയാബീനില്‍ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്. പയറു വര്‍ഗങ്ങളും നല്ലതാണ്. ഇറച്ചിയും കടല്‍ വിഭവങ്ങളും അയണ്‍ ധാരാളമായി കഴിക്കുക.

സ്വാഭാവിക അയണ്‍ അനുബന്ധങ്ങള്‍: കൃത്രിമമായി ലഭിക്കുന്നതാണ് ഇവയില്‍ പലതും. അതുകൊണ്ടുതന്നെ ഉപയോഗത്തിന് സുരക്ഷിതവുമല്ല. മലബന്ധം, വയറിന് സുഖമില്ലാതാകുക, ചിലപ്പോള്‍ ചര്‍ദ്ദിവരെയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്വാഭാവികമായി അയണ്‍ ലഭിക്കുന്ന മാര്‍ഗങ്ങളും ലഭ്യമാണ്. ബീന്‍സിനെ പോഷിപ്പിക്കാനായി ഹൈഡ്രോപോണിക്‌സിലൂടെ ചെറുപയറിനെ സംസ്‌കരിക്കുമ്പോള്‍ അയണ്‍ കൂടുന്നു.

ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍: ഗോതമ്പ് പൊടി, പാല്‍, അരി, ഭക്ഷ്യ എണ്ണ, ഉപ്പ് തുടങ്ങിയവയെ ആവശ്യത്തിന് മൈക്ക്രോ ന്യൂട്രിയന്റ്‌സ് ചേര്‍ത്ത് ഗുണമേന്‍മ മെച്ചപ്പെടുത്തുന്നു. അയോഡൈസ് ചെയ്ത ഉപ്പും ഗോതമ്പും അരിയും മികച്ച ഫലം തരും.

കൃത്രിമ മധുരങ്ങള്‍ക്ക് ബൈ ബൈ!!
Posted by
22 July

കൃത്രിമ മധുരങ്ങള്‍ക്ക് ബൈ ബൈ!!

കൃത്രിമ മധുരങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സമയമായി. ശരീരഭാരം കൂടുന്നതിനും പൊണ്ണത്തടിക്കും കൃത്രിമ മധുരോപയോഗം കാരണമാകുമെന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ പഠനം മുന്നറിയിപ്പ് നല്‍കുന്നു.കൃത്രിമ മധുരങ്ങള്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നവയാണ്. ഇത് പഞ്ചാസാരയുടേതു പോലെ മധുരം നല്‍കും. ഇവയില്‍ ഊര്‍ജ്ജത്തിന്റെ അളവും കുറവാണ്. ഉപാപചയ പ്രവര്‍ത്തനം, വിശപ്പ്, വയറിലെ ബാക്ടീരിയകള്‍ ഇവയ്ക്ക് കൃത്രിമ മധുരങ്ങളും പോഷകങ്ങളില്ലാത്ത മധുരങ്ങളും ദോഷം ചെയ്യും.

അസ്പാര്‍ടേം, സൂക്രലോസ്, സ്റ്റെവിയ തുടങ്ങിയ കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം ഇവ വരാന്‍ സാധ്യത കൂടുതലാണെന്ന് കാനഡയിലെ മാനിറ്റോബ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.നാലുലക്ഷം പേരെ പങ്കെടുപ്പിച്ച് ശരാശരി 10 കൊല്ലം 37 പഠനങ്ങള്‍ നടത്തി. തുടര്‍ന്ന് ഇവയില്‍ നിന്ന് 7 പഠനങ്ങള്‍ തിരഞ്ഞെടുത്തു. .1003 പേര്‍ ഉള്‍പ്പെട്ട ഈ പഠനങ്ങള്‍ ആറു മാസം നീണ്ടു നിന്നു. പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളും ബാധിച്ചവരുടെ എണ്ണം കൂടുന്നതിന് കൃത്രിമ മധുരങ്ങളുടെ ഉപയോഗവുമായി ബന്ധമുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി.ശരീരഭാരം കുറയുന്നതിന് മധുരോപയോഗവുമായി ബന്ധമില്ല എന്നാല്‍ ശരീരഭാരം കൂടുക, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ശരീരഭാരം നിയന്ത്രിക്കുന്നതില്‍ കൃത്രിമ മധുരങ്ങള്‍ സഹായിക്കുന്നതേയില്ല എന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ തെളിഞ്ഞു.

ഏറ്റവും വലിപ്പമേറിയ വൃക്കകള്‍ നീക്കം ചെയ്തു; ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ദുബായ് ഹോസ്പിറ്റല്‍
Posted by
21 July

ഏറ്റവും വലിപ്പമേറിയ വൃക്കകള്‍ നീക്കം ചെയ്തു; ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ദുബായ് ഹോസ്പിറ്റല്‍

ദുബായ്: ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ദുബായ് ഹോസ്പിറ്റല്‍.

വൃക്കകള്‍ വികസിക്കുന്ന ഗുരുതരമായ അസുഖം ബാധിച്ച 56 കാരന്‍ അഹമ്മദ് സയീദിന്റെ വൃക്കകള്‍ വിജയത്തോടെ നീക്കംചെയ്തപ്പോള്‍ ദുബായ് ഹോസ്പിറ്റലിലെ ഡോ ഫാരിബോര്‍സ് ബഘേരിയും സംഘവും ഒരിക്കലും വിചാരിച്ചില്ല ഇതൊരു റെക്കോര്‍ഡ് നേട്ടമാകുമെന്ന്.

സാധാരണ ഒരു വൃക്കയുടെ ഭാരം 150 ഗ്രാമാണ്. എന്നാല്‍ അഹമ്മദ് സയീദില്‍ നിന്ന് നീക്കം ചെയ്ത വൃക്കകള്‍ക്ക് ഒരോന്നിനും ആറ് കിലോയില്‍ അധികമായിരുന്നു ഭാരം. അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വൃക്കകള്‍ നീക്കം ചെയ്തത്.

കഴിഞ്ഞവര്‍ഷം നടന്ന ശസ്ത്രക്രിയക്ക് ശേഷം തികച്ചും സാധാരണനിലയില്‍ ജീവിതം മുന്നോട്ടുകൊണ്ട് പോകാന്‍ തനിക്കു കഴിയുന്നതായി അഹമ്മദ് സയീദ് പറഞ്ഞു.

ജീവിക്കാന്‍ വഴിയില്ലാതെ സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് താറാവിനെ വളര്‍ത്തി തുടക്കം, ഇപ്പോള്‍ സമ്പാദ്യം അമ്പതിനായിരം കോടി രൂപയ്ക്ക് മുകളില്‍; ഒന്നുമില്ലായ്മയില്‍ നിന്ന് കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് ഈ ഭൂമിയിലെ ഏറ്റവും സമ്പന്നയായി വളര്‍ന്ന അത്ഭുത യുവതി
Posted by
21 July

ജീവിക്കാന്‍ വഴിയില്ലാതെ സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് താറാവിനെ വളര്‍ത്തി തുടക്കം, ഇപ്പോള്‍ സമ്പാദ്യം അമ്പതിനായിരം കോടി രൂപയ്ക്ക് മുകളില്‍; ഒന്നുമില്ലായ്മയില്‍ നിന്ന് കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് ഈ ഭൂമിയിലെ ഏറ്റവും സമ്പന്നയായി വളര്‍ന്ന അത്ഭുത യുവതി

കൊച്ചി: ഇവള്‍ സൗ കുന്‍ഫെയ്.. ഒന്നുമില്ലായ്മയില്‍ നിന്ന് കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് നേട്ടത്തിന്റെ കൊടുമുടിയില്‍ എത്തിയ അത്ഭുത യുവതി. ജീവിക്കാന്‍ വഴിയില്ലാതെ സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് താറാവിനെ വളര്‍ത്തി തുടക്കം, ഇപ്പോള്‍ സമ്പാദ്യം അമ്പതിനായിരം കോടി രൂപയ്ക്ക് മുകളില്‍. ചൈനീസ് സ്വദേശിനിയാണ് നായിക. അലാവുദീനും അല്‍ഭുതവിളക്കും പോലുള്ള കഥകളില്‍ നിധികള്‍ കണ്ടെത്തി അതിസമ്പന്നരായ നായകന്‍മാരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഭാഗ്യവും കഠിനാധ്വാനവും അസാമാന്യ ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ മാത്രമേ ഒന്നുമില്ലായ്മയില്‍ നിന്ന് സത്യത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിച്ച് അതിസമ്പന്നരാകാന്‍ സാധിക്കൂ. അത്തരത്തിലൊരു കഥയാണിത്. ആരെയും പ്രചോദിപ്പിക്കും, ത്രില്ലടിപ്പിക്കും നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ പ്രേരിപ്പിക്കും ഈ കഥ.

ചൈനയിലെ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്നു സൗ കുന്‍ഫെയ് പണ്ട്. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ ഇവരുടെ ആസ്തി കേട്ടാല്‍ ആരും ഞെട്ടും, തീര്‍ച്ച. അമ്പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ വരും സമ്പാദ്യം. കൃത്യമായി പറഞ്ഞആല്‍ 51,460 കോടി രൂപ. ഈ ഭൂമിയിലെ ഏറ്റവും സമ്പന്നയായ സ്വയം വളര്‍ന്നുവന്ന സ്ത്രീയാണ് സൗ കുന്‍ഫെയ് എന്നാണ് ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ സൂചിക പറയുന്നത്. ഫോബ്‌സും അത് ആവര്‍ത്തിക്കുന്നു. ആപ്പിള്‍, സാംസംഗ് തുടങ്ങിയ വമ്പന്‍ ഫോണുകള്‍ക്കുള്ള ഗ്ലാസ് കവറുകള്‍ ഉണ്ടാക്കുന്ന കമ്പനി നടത്തുകയാണ് കുന്‍ഫെയ്, പേര് ലെന്‍സ് ടെക്‌നോളജി. 47കാരിയായ ഈ സ്ത്രീ തന്നെയാണ് ഫോബ്‌സിന്റെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം വളര്‍ന്നു വന്ന വനിതാ കോടീശ്വരിയും.

ഒന്നുമില്ലാതെ ആയിരുന്നു കുന്‍ഫെയ്‌യുടെ തുടക്കം, അതു തന്നെയാണ് അവരുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതും. മധ്യ ചൈനയിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു അവള്‍ വളര്‍ന്നത്. അഞ്ചു വയസായപ്പോഴേക്കും അവള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. അച്ഛന് ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടു. വ്യവസായ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്ന അച്ഛന് ഒരപകടത്തില്‍പ്പെട്ടു കൈവിരലും നഷ്ടമായി. ഇങ്ങനെ ആകെ തിരിച്ചടികളുടെയും പ്രതിസന്ധിയുടെയും അന്തരീക്ഷത്തിലായിരുന്നു സൗ കുന്‍ഫെയ് വളര്‍ന്നു വന്നത്.

ജീവിക്കാന്‍ തന്നെ നന്നേ പാടുപെട്ട കാലമായിരുന്നു അതെന്ന് അവര്‍ ഓര്‍ക്കുന്നു. കുട്ടിയായി ഇരിക്കുമ്പോള്‍ തന്നെ ഭക്ഷണത്തിനു വേണ്ടി താറാവുകളെയും പന്നിയെയും വളര്‍ത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടു സൗ കുന്‍ഫെയ്. അങ്ങനെ സ്വരുക്കൂട്ടി വച്ച പണം കൊണ്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.

16ാം വയസ്സില്‍ സ്‌കൂളിനോടു വിട പറയേണ്ടി വന്നു അവള്‍ക്ക്. പഠിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറിച്ച് കുടുംബത്തെ പോറ്റേണ്ടതുണ്ടായിരുന്നു. തുടര്‍ന്ന് കാശുണ്ടാക്കാനായി ഒരു ഫാക്റ്ററിയില്‍ ജോലിക്കു കയറി. വാച്ചുകളുടെ ലെന്‍സുകള്‍ ഉണ്ടാക്കുന്ന ആ ഫാക്റ്ററിയില്‍ ദിവസം ഒരു ഡോളര്‍ ആയിരുന്നു ശമ്പളം, ഇന്നത്തെ കണക്കുവെച്ച് നോക്കിയാല്‍ പോലും 64 രൂപ. അതിരൂക്ഷമായ ജോലി സാഹചര്യമായിരുന്നു ഫാക്റ്ററിയില്‍ ഉണ്ടായിരുന്നതെന്ന് സൗ കുന്‍ഫെയ് ഓര്‍ക്കുന്നു. രാവിലെ എട്ടു മണിക്ക് ജോലിക്കു കയറിയാല്‍ ഇറങ്ങുമ്പോള്‍ രണ്ടു മണി കഴിയും.

ചരിത്ര പരമായ തീരുമാനവുമായി മാതൃഭൂമി; ആര്‍ത്തവത്തിന്റെ ആദ്യ ദിനം ഇനി മുതല്‍ വനിത ജീവനക്കാര്‍ക്ക് അവധി
Posted by
19 July

ചരിത്ര പരമായ തീരുമാനവുമായി മാതൃഭൂമി; ആര്‍ത്തവത്തിന്റെ ആദ്യ ദിനം ഇനി മുതല്‍ വനിത ജീവനക്കാര്‍ക്ക് അവധി

കൊച്ചി: ചരിത്ര പരമായ തീരുമാനവുമായി മാതൃഭൂമി ന്യൂസ്. വനിതാ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ആര്‍ത്തവ ദിനത്തിന്റെ ആദ്യം ദിനം അവധി നല്‍കുവാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഏറെ മാതൃകാ പരമായ തീരുമാനം എന്നാണ് ഇക്കാര്യത്തില്‍ മാതൃഭൂമിയിലെ വനിതാ ജീവനക്കാര്‍ അടക്കമുള്ള സ്ത്രീകളുടെ അഭിപ്രായം.

സ്ത്രീകള്‍ക്ക് വേണ്ടത് സഹതാപമോ കൈത്താങ്ങോ അല്ല അവരെ മനസിലാക്കുക എന്നതാണ് പ്രധാനം എന്ന് മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശ്രേയമസ് കുമാര്‍ പറഞ്ഞിരുന്നു. ചരിത്രപരമായ ഈ തീരുമാനത്തിലൂടെ അദ്ദേഹം തന്റെ വാക്കുക്കള്‍ പ്രവര്‍ത്തിയിലേക്ക് കൊണ്ടുവരികയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

ഇന്ത്യയില്‍ ആദ്യമായി മുംബൈയിലെ കള്‍ച്ചര്‍ മെഷീന്‍ എന്ന കമ്പനി കഴിഞ്ഞയാഴ്ചയാണ് തങ്ങളുടെ സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് വേണ്ടത് സഹതാപമോ കൈത്താങ്ങോ അല്ലാ… അവരെ മനസിലാക്കുക എന്നതാണ് പ്രധാനം…

മാതൃഭൂമിയില്‍ എഴുപത്തിഅഞ്ചോളം വനിതാ ജീവനക്കാരുണ്ട്. റിപ്പോര്‍ട്ടര്‍മാര്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീജീവനക്കാര്‍ക്കും ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീരുമാനമെടുത്തതിനു ശേഷമാണ് ജീവനക്കാരെ അറിയിച്ചത്. അദ്ദേഹം പറഞ്ഞു. വാര്‍ത്തയെ ഇരുകൈയ്യും നീട്ടിയാണ് ചാനലിലെ സ്ത്രീ ജീവനക്കാരും പൊതു സമൂഹവും സ്വീകരിച്ചത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം മാതൃഭൂമി ന്യൂസിലാണ് ഇത് നടപ്പിലാക്കുക, തുടര്‍ന്ന് സഹോദര സ്ഥാപനങ്ങളിലേക്കും ഈ രീതി വ്യാപിപ്പിക്കും. ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നല്ല, ഇതിന്റെ ആവശ്യകത മനസിലാക്കിക്കൊണ്ടു തന്നെയാണ് തീരുമാനമെടുത്തതെന്നും, ശ്രേയാംസ് കുമാര്‍ പറഞ്ഞു.

മാതൃഭൂമി ന്യൂസിലെ ജിഷാ കല്ലിങ്കല്‍ ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിട്ടുണ്ട്.

ജിഷാ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

സ്ത്രീകൾക്ക് വേണ്ടത് സഹതാപമോ കൈത്താങ്ങോ അല്ലാ… അവരെ മനസിലാക്കുക എന്നതാണ് പ്രധാനം… വാക്കുകൾ മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ M V Sreyams Kumarന്റേത്…..
ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ അദ്ദേഹം തന്റെ വാക്കുക്കൾ പ്രവർത്തിയിലേക്ക് കൊണ്ടുവരികയും ചെയ്തു…
മാതൃഭൂമി ന്യൂസിലെ സ്ത്രീകൾക്ക് മാസമുറയുടെ ആദ്യദിനം അവധി അനുവദിച്ചു തീരുമാനമായി…
ഞങ്ങൾക്കിതു… ചരിത്രനേട്ടം…..

karkidaka treatment more importance in medicinal food
Posted by
15 July

കര്‍ക്കിടക ചികിത്സില്‍ ഔഷധക്കഞ്ഞിക്ക് ഗുണമേറെ

തിരുവനന്തപുരം: രാമായണ പാരായണത്തിന്റേയും കര്‍ക്കിടക ചികിത്സയുടേയും നാളുകള്‍. ഡിമാന്റ് ഉയരുന്ന കര്‍ക്കിടകകഞ്ഞി തന്നെയാണ് കര്‍ക്കിടക ചികിത്സില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത്.

ജൂലായ് തുടങ്ങിയപ്പോള്‍ തന്നെ കര്‍ക്കിടക്കഞ്ഞിക്കുള്ള ഔഷധക്കിറ്റുകളുടെ ബുക്കിംഗ് പല ആയൂര്‍വേദകേന്ദ്രങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. വില്‍പ്പനയുടെ ആദ്യ നാളുകളില്‍ വന്‍ വില്‍പ്പന. കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടിയിലേറെ ഔഷധക്കഞ്ഞിക്കിറ്റുകള്‍ വിറ്റുപോകുന്നുവെന്ന് ആയൂര്‍വേദ സെന്റര്‍ ഉടമകള്‍ പറഞ്ഞു.

150 രൂപ മുടക്കിയാല്‍ ഏഴുദിവസം സേവിക്കാം
ഔഷധക്കഞ്ഞി സേവ സാധാരണ ഒരു കോഴ്‌സ് ഏഴുദിവസമാണ്. ഒരാള്‍ക്ക് ഏഴ് ദിവസത്തേക്ക് കഴിക്കുന്നതിന് വേണ്ടി തയ്യാറാക്കി വിപണിയില്‍ എത്തിച്ചിരിക്കുന്ന ഔഷധ കഞ്ഞിക്കിറ്റിന്റെ വില 150 രൂപ. ചുക്ക്, അയമോദകം, ജീരകം, ജാതിപത്രി, ഗ്രാമ്ബു, വിഴാലരി, മല്ലി, വയമ്ബ്, പെരുംജീരകം, ഏലയ്ക്കാ, ഇലവങ്കം, മഞ്ഞള്‍, ശതകുപ്പ, തക്കോലം എന്നിവ പ്രധാന ചേരുവകളായും, ദശമൂലം, കുറുന്തോട്ടി, രാമച്ചം, നിലപ്പന, കരിങ്കുറിഞ്ഞി, കൊടിത്തൂവ, പാല്‍മുതുക്, ആവണക്ക്, പുത്തരിചുണ്ട, അടയ്ക്കാ മണിയന്‍, തഴുതാമ വേര്‍, അടപതിയന്‍, അമക്കുരം, നറുനീണ്ടി, തുടങ്ങി 23 ഇനം ആയുര്‍വേദ കൂട്ടുകള്‍ ഉപയോഗിച്ചാണ് കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുന്നത്. ഏഴ് ദിവസം ഈ കഞ്ഞി മുടങ്ങാതെ കഴിക്കണമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാരാര്‍ പറയുന്നത്.

രോഗ പ്രതിരോധത്തിന് ബെസ്റ്റ്
ഔഷധ കഞ്ഞിക്കൂട്ടിന്റെ ചേരുവകള്‍ ഏറെ പോഷക ഗുണമുള്ളതും രേഗ പ്രതിരോധ ശേഷി നല്‍കുന്നതുമാണ്. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന കാലമായാണ് പഴമക്കാര്‍ കര്‍ക്കിടക മാസത്തെ കണക്കാക്കിയിരുന്നു. പൊതുവേ പഞ്ഞ മാസമായ ഈ അവസരത്തില്‍ ഔഷധ ഗുണമുള്ള കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കഴിയുമെന്നാണ് പറയപ്പെടുന്നത്.
മഴക്കാലത്ത് ദിവസം രണ്ട് നേരമോ കര്‍ക്കിടക മാസം മുഴുവനോ കഞ്ഞി കഴിക്കുന്നത് നല്ലതാണ്.

വീട്ടില്‍ തയ്യാറാക്കാം
മണ്‍കലത്തില്‍ വെള്ളമൊഴിച്ച് കഷായമരുന്നും ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. തിളപ്പിച്ച വെള്ളത്തിന്റെ തെളി ഊറ്റിയെടുത്ത് (അരിച്ചെടുത്ത്) അതില്‍ 100 ഗ്രാം (10 ടേബിള്‍ സ്പൂണ്‍) നവരയരിയും ഒപ്പം ഉലുവയും ആശാളിയും ചേര്‍ത്ത് അടച്ചുവച്ച് നന്നായി വേവിക്കുക. ശേഷം പൊടി മരുന്നും തേങ്ങാപ്പാലും ചേര്‍ത്ത് കഞ്ഞി നന്നായി വേവിച്ച് പാകമാവുമ്‌ബോള്‍ ഇറക്കിവച്ച് 10 മിനിറ്റ് തണുപ്പിക്കുക. നാലു പേര്‍ക്ക് കഴിക്കാനുള്ള ഔഷധ കഞ്ഞി റെഡിയായി.(ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലുള്ളവര്‍ നറുനെയ്യ് ഒഴിവാക്കി വെളിച്ചെണ്ണ ഉപയോഗിക്കുക.)

doctor balvanth pande continue  patient consultation during his 102 years age
Posted by
04 July

നമിക്കണം ഈ മനുഷ്യനെ; ദിവസത്തില്‍ 10 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും രോഗികളെ പരിശോധിക്കുന്ന 102 വയസുള്ള ഡോക്ടര്‍

പൂനെ: കഴിഞ്ഞ മാര്‍ച്ചില്‍ 102 വയസ്സ് തികഞ്ഞ ബല്‍വന്ത് ഗട്ട്പാണ്ടെ എന്ന ഡോക്ടര്‍ ഇപ്പോഴും രോഗികളെ പരിശോധിക്കുന്ന തിരക്കിലാണ്. ഒരിക്കലും ജോലിയില്‍ നിന്നും വിരമിക്കില്ലെന്ന് പറയുന്ന പാണ്ടെ, രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും പറയുന്നു. ഡോക്ടര്‍ പദവി മഹത്തായ തൊഴിലാണെന്നും മാനുഷികമായ സേവനം നടത്തി എന്ന സംതൃപ്തിയും സാമ്പത്തിക സുരക്ഷിതത്വവും ഈ ജോലി നല്‍കുന്നുവെന്നും ഡോക്ടര്‍ പറയുന്നു.

1995 ല്‍ എല്ലുപൊട്ടിയതൊഴിച്ചാല്‍ ഇതുവരെ മറ്റൊരു ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിട്ടില്ല. ഡോക്ടര്‍ പാണ്ടെയുടെ മകനും കൊച്ചുമകനും ഡോക്ടറാണ്. 1941 ല്‍ പ്രാക്ടീസ് ആരംഭിച്ച ഡോക്ടര്‍ പാണ്ടെ പറയുന്നത് ഇന്നുള്ള രോഗങ്ങള്‍ ഭൂരിഭാഗവും തെറ്റായ ഭക്ഷണക്രമം മൂലമാണെന്നാണ്. ഡോക്ടറുടെ ഫീസ് ഇപ്പോഴും 30 രൂപയാണ്. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കുകയും ചെയ്യുന്നു ഈ ഡോക്ടര്‍.

two important points on mind controlling special story
Posted by
29 June

മനസ്സിനെ നിയന്ത്രിക്കാന്‍ രണ്ട് കാര്യങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ മതി

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പരസ്പരം വഴക്കിടുന്ന പ്രായമായ ദമ്പതികള്‍ ഒരിക്കല്‍ കൗണ്‍സിലിംഗിന് വന്നു. പരസ്പരം കടിച്ചുകീറുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് പ്രധാന ഹോബി. കൂടെ ഉന്നത വിദ്യാഭ്യാസം നേടിയ മുതിര്‍ന്ന മകളുമുണ്ട്. അവര്‍ തലയില്‍ കൈവെച്ച് വിധിയെ പഴിച്ചു കൊണ്ടിരുന്നു. എല്ലാം കേട്ട് ഒടുവില്‍ ഓരോര്‍ത്തരോടായി ഒറ്റക്ക് വിശദമായി സംസാരിച്ചു. അങ്ങനെ അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി. തെറ്റുകള്‍ ഏറ്റു പറഞ്ഞു. ശേഷം രണ്ടുപേരെയും വീണ്ടും ഒന്നിച്ചിരുത്തി.

മിനിറ്റുകള്‍ കഴിഞ്ഞില്ല. വഴക്ക് വീണ്ടും തുടങ്ങി. വീണ്ടും വീണ്ടുമവര്‍ പരസ്പരം ചെളിവാരിയെറിയല്‍ ആരംഭിച്ചിരുന്നു. ഒടുവില്‍ രണ്ടുപേരും ഒരേപോലെ ഒന്നിച്ച് അഭിപ്രായപ്പെട്ട ഒരു കാര്യമെ പറഞ്ഞുള്ളൂ. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന്. അതിന് വല്ല എളുപ്പവഴിയുണ്ടോ എന്ന്. മനസ്സ് നിയന്ത്രിക്കാന്‍ വല്ല സൂത്രവുമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പലരും. വിഷമകരമായ ചിന്തകളും സാഹചര്യങ്ങളും
മനസിനെ അലോസരപ്പെടുത്തുമ്പോഴാണ് ഒരാള്‍ മനസ്സിനെ കടിഞ്ഞാണിടാനുള്ള വഴികള്‍ ആലോചിക്കുന്നത്. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും. അതിന് പല എളുപ്പവഴികളുമുണ്ട്. ആദ്യം വേണ്ടത് മനസ്സിനെക്കുറിച്ച് ശരിക്കുള്ള അറിവാണ്. ഒരു കാര്യത്തെ ശരിയായ രീതിയില്‍ അറിഞാലല്ലേ നമുക്കതിനെ കൈപ്പിടിയിലൊതുക്കാനൊക്കൂ. അതുകൊണ്ട് ആദ്യം നാം തിരിച്ചറിയേണ്ടത് മനസ്സിനെയാണ്. നാം മനസ്സിന്റെ പിന്നാലെ പായാതെ നാം പറയുന്നിടത്തേക്ക് മനസ്സ് വരണം. അതിന് രണ്ട് കാര്യങ്ങളെ ശക്തിപ്പെടുത്തണം.

ജീവിതത്തില്‍ രണ്ട് കാര്യങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ നമുക്ക് സന്തോഷവും സംതൃപ്തിയും വിജയവും ലഭിക്കും. ഒന്ന് മനസ്സിന് നല്ല ഭാവനകള്‍ നല്‍കുക. യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ ഭക്ഷണമാണ് ശുദ്ധമായ ഭാവനകള്‍. രണ്ട് ബുദ്ധിയെ ജ്ഞാനം കൊണ്ട് ശക്തിപ്പെടുത്തുക. ജ്ഞാനമില്ലാത്ത ബുദ്ധി മനസ്സിനെ നിയന്ത്രിക്കുമ്പോഴാണ് അപകടങ്ങളും അബദ്ധങ്ങളും പരാജയങ്ങളും സംഭവിക്കുന്നത്. അതോടെ ജീവിതം സംതൃപ്തിയില്ലാതാകും. മനസ്സിനെ സ്വയമങ്ങ് സഞ്ചരിക്കാന്‍ വിടരുത്. ബുദ്ധിയാണ് മനസ്സിനെ നിയന്ത്രിക്കേണ്ടത്. കാഴ്ച ,കേള്‍വി പോലെ ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത് മനസ്സാണല്ലോ. എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് മനസാണ്. കാണണ്ട എന്ന് തീരുമാനിക്കുന്നത് മനസാണ്. ഈ മനസ്സിനെ ജ്ഞാനമുള്ള മനസ്സ് നിയന്ത്രിക്കുമ്പോഴാണ് നല്ലത് കാണാനും കേള്‍ക്കാനും മനസ്സിന് കഴിയൂ. ആത്മാവ് തന്റെ ഇന്ദ്രിയങ്ങളുടെ നിയന്ത്രണം മനസ്സിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത് .എന്നാല്‍ ഒരു നിയന്ത്രണവുമില്ലാതെ മനസ്സിനെ കയറൂരി വിട്ടാല്‍ കാര്യങ്ങള്‍ നല്ലതിലെത്തില്ല.

അതുകൊണ്ട് അറിവ് കൊണ്ട് ബുദ്ധിയെ ശക്തിപ്പെടുത്തുകയും ബുദ്ധികൊണ്ട് മനസ്സിനെ നിയന്ത്രിക്കുകയും ചെയ്യുക. അലോസരപ്പെടുത്തുന്ന ചിന്തകള്‍ ഉപേക്ഷിച്ചാല്‍ നന്നായി എന്നാണ് ചിലര്‍ കരുതുന്നത്. അങ്ങനെ ചിന്തകള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കാനൊന്നും പറ്റില്ല. നിയന്ത്രിക്കാനെ നമുക്ക് കഴിയൂ. ഒന്നും ചിന്തിക്കാനില്ലാത്തിടത്ത് നാം മരിച്ചു എന്ന് സാരം. മനസ്സിനെ നിയന്ത്രിക്കാനുള്ള എളുപ്പ സൂത്രം ചിന്തകളെ നല്ല വഴിയിലേക്ക് കൊണ്ടുപോവുക എന്നതാണ്. ചിന്തിക്കാനുള്ള ശേഷിയാണല്ലോ നാം മനസ്സ് എന്ന് വിളിക്കുന്നത് തന്നെ .അപ്പോള്‍ പിന്നെ നമുക്കെങ്ങനെ ചിന്തകളെ പൂര്‍ണ്ണമായി ഇല്ലാതാക്കാനാവും. നാം എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ് .നമ്മളാവണം . വിഷമകരമായ അലോസരപ്പെടുത്തുന്ന ചിന്തകളെ വഴി തിരിച്ച് വിടുക .നല്ലതിലേക്ക്.. സംതൃപ്തിയിലേക്ക് .. അപ്പോള്‍ പതിയെ മനസ്സും നിയന്ത്രണ വിധേയമാകും .മനസ്സില്‍ നല്ല ഭാവനകള്‍ കൊണ്ട് വരാന്‍ ധ്യാനങ്ങള്‍ പതിവാക്കണം. ആദ്യം നല്ല ജ്ഞാനം കൊണ്ട് ബുദ്ധിയെ ശക്തിപ്പെടുത്തുക .എന്നിട്ട് അതുപയോഗിച്ച് നല്ല കാര്യങ്ങള്‍ നിരന്തരം മനസ്സില്‍ ഭാവിക്കുക. അത് സംഭവിക്കുന്നതായി തന്നെ കാണുക .അതോടെ നമ്മുടെ സംസ്‌കാരവും മാറും .നാം ആഗ്രഹിക്കുന്നിടത്തേക്ക് നമ്മുടെ മനസ്സ് നമ്മെ കൊണ്ടുപോകും.

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, സൈക്കോളജിസ്റ്റുമാണ് ലേഖകന്‍.9946025819 )

coffe habbit  breakfast
Posted by
29 June

പ്രാതലിനൊപ്പം കോഫിയാണോ കുടിക്കുന്നത് ? സൂക്ഷിക്കുക

കോഫി കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. നിത്യേന രണ്ടും മൂന്നും കോഫി കുടിക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ഒരുപാടുണ്ടാകുകയും ചെയ്യും. എന്നാല്‍ കോഫി പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം പതിവായി കോഫി കുടിക്കുന്ന സ്വഭാവമുള്ള വ്യക്തിയാണെങ്കില്‍ അത് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതല്‍, അത് പഞ്ചസാര കുറഞ്ഞതാണെങ്കില്‍ പോലും ഒപ്പം കോഫി കുടിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. പ്രാതലിനൊപ്പം കോഫി കുടിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 250 ശതമാനമാണ് ഉയര്‍ന്നതെന്ന് ഗവേഷകര്‍ പറയുന്നു. പത്ത് സര്‍വകലാശാല വിദ്യാര്‍ത്ഥികളിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്.

കോഫിയിലടങ്ങിയിരിക്കുന്ന കഫീന്‍ ഇന്‍സുലിനെ പ്രതിരോധിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്. ഇതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണം. പ്രമേഹത്തിലെ ടൈപ്പ് രണ്ട് ബാധിച്ചിട്ടുള്ളവര്‍ക്ക് ഈ അവസ്ഥ വളരെ അപകടം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ശരിയായ ജീവിതശൈലിയും ഉചിതമായ ഭക്ഷണ രീതിയും പാലിക്കുന്നവര്‍ക്ക് ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം കോഫി കുടിക്കുന്നത് പ്രശ്‌നമാകില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.