special story about bottle garden making on children in vocation time
Posted by
21 April

അവധിക്കാലത്ത് നമുക്കൊരുക്കാം കുപ്പിക്കുള്ളില്‍ ഉദ്യാനം

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

അവധിക്കാലം ഉത്സവക്കാലമാണ്. ഈ അവധിക്കാലത്ത് നമുക്ക് രസകരമായ ഒരു കാര്യം ചെയ്യാം. എന്താണെന്നല്ലേ… നല്ലൊരു ഉദ്യാനം ഉണ്ടാക്കാം. ഒരു കുട്ടി ഉദ്യാനം. ഉദ്യാനം ഉണ്ടാക്കണമെന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്ഥലമില്ല. ഞങ്ങള്‍ ഫ്‌ളാറ്റിലാണ്.. എന്നൊക്കെയാവും നിങ്ങളുടെ മറുപടി. എന്നാല്‍ ശ്രദ്ധിച്ചോളൂ .. നമുക്ക് കുപ്പിക്കുള്ളിലൊരു ഉദ്യാനം തീര്‍ക്കാം .

ഫ്‌ളാറ്റിലും മറ്റും താമസിക്കുന്നവര്‍ ഉദ്യാനമുണ്ടാക്കാന്‍ മുറ്റമില്ലന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. ഫ്‌ളാറ്റിനുള്ളില്‍ തന്നെ നല്ലൊരു ഉദ്യാനം എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ് ഇത്തവണ പറയുന്നത്. കുപ്പിക്കുള്ളിലും ഗ്ലാസ് അക്വേറിയത്തിനുള്ളിലുമൊക്കെ പൂന്തോട്ടമുണ്ടാക്കുന്ന രീതിയാണ് ‘ ടെറേറിയം’. ഇതുണ്ടാക്കാന്‍ കുപ്പിയോ ,ഗ്ലാസ് ബൗളോ ,അക്വേറിയമോ വേണം.

പാത്രത്തിന്റെ അടിത്തട്ടില്‍ ഒരിഞ്ച് ഉയരത്തില്‍ ചരല്‍ക്കല്ലുകളും അതിനു മീതെ കരിക്കഷ്ണങ്ങളും നിരത്തുക. ഫിഷ് അക്വേറിയത്തില്‍ ഉപയോഗിക്കുന്ന ചരല്‍ക്കല്ലുകള്‍ തന്നെ മതിയാകും .ഇവയ്ക്കുമീതെ മണ്ണ് ,മണല്‍ ,കുറച്ചു ജൈവവളം എന്നിവയുടെ മിശ്രിതം നിറക്കണം. കുപ്പിയുടെയോ ബൗളിന്റെയോ ഒക്കെ 1/5 ഭാഗം വരും വിധം മാത്രം മിശ്രിതം നിറച്ചാല്‍ മതി. വാവട്ടം വലുതായ കുപ്പികളാണ് ഏറ്റവും നല്ലത്. വാവട്ടം കുറഞ്ഞവയാണെങ്കില്‍ പേപ്പറോ കാര്‍ഡ് ബോര്‍ഡോ ഫണല്‍ പോലെ ചുരുട്ടി അതിലൂടെ നിറക്കണം. മിശ്രിതം ഗ്ലാസിന്റെ ഉള്‍ഭാഗത്ത് പറ്റിപ്പിടിക്കാതിരിക്കാനാണിത്.
വലുപ്പം കുറഞ്ഞ ഇലച്ചെടികളാണ് കുപ്പികളിലെ പൂന്തോട്ടങ്ങള്‍ക്ക് നല്ലത്. അതിനു പറ്റിയ ചില ചെടികളെ നമുക്ക് പരിചയപ്പെടാം.
സിങ്കോണിയം
കലേഡിയം
മരാന്ത
പെപ്പറോമിയ
ബെഗോണിയ
കലാത്തിയ
പന്നലുകള്‍
ആഫ്രിക്കന്‍ വയലറ്റ്

ഇനി നിങ്ങള്‍ ചെയ്യേണ്ടത് ഈ ചെടികളുടെ തൈകള്‍ കുപ്പിക്കുള്ളിലെ മിശ്രിതത്തില്‍ നടലാണ്. ഇതിന് രണ്ട് കഷണം നീണ്ട കമ്പോ ചെന്‍സിലോ മതിയാകും. ഇവ ഉപയോഗിച്ച് നടീല്‍ മിശ്രിതത്തില്‍ കുഴിയുണ്ടാക്കി, തൈയുടെ വേര് അതില്‍ വച്ച് ചുറ്റും മണ്ണ് കൂട്ടിവെക്കണം. ഇനി കൂട്ടുകാരുടെ ഭാവനക്കനുസരിച്ച് ചെറിയ പ്രതിമകളോ ചിപ്പികളോ ഒക്കെ വെച്ച് ഈ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടാം.

വെള്ളം വളരെ കുറച്ചുമാത്രം ചുവട്ടിലൊഴിക്കണം. തുടര്‍ന്ന് അടപ്പ് ഉപയോഗിച്ച് അടച്ച് കുപ്പി ഉദ്യാനത്തെ മുറിക്കുള്ളിലെ നേരിട്ടല്ലാതെ സൂര്യപ്രകാശം കിട്ടുന്ന ഏതെങ്കിലും ഭാഗത്ത് വെയ്ക്കുക. കുപ്പിക്കുള്ളിലെ വെള്ളം ചെടികള്‍ വലിച്ചെടുക്കുന്നു. ഇതിനു സമാന്തരമായി മണ്ണിലെ ഈര്‍പ്പവും ചെടികള്‍ പുറത്തുവിടുന്ന ഈര്‍പ്പവും ആവിയായി ഗ്ലാസ് ഭിത്തിയില്‍ തട്ടി വെള്ളത്തുള്ളികളായി ഒലിച്ച് താഴത്തെ നടീല്‍ മിശ്രിതത്തില്‍ വീഴും. അങ്ങനെ വെള്ളത്തിന്റെ പ്രകൃത്യായുള്ള ചംക്രമണം കുപ്പിക്കുള്ളില്‍ നടക്കുന്നു. ഈര്‍പ്പം തീരെ കുറയുന്ന സമയത്തുമാത്രം വീണ്ടും വെള്ളം നല്‍കിയാല്‍ മതി. അതായത് ഏത് വേനലിലും ഈ കുപ്പിക്കുള്ളിലെ പൂന്തോട്ടം ഒരുക്കാമെന്നര്‍ത്ഥം .

കുപ്പിക്കുള്ളിലെ ചെടികളുടെ കരിഞ്ഞ ഇലകളും അധിക വളര്‍ച്ചയുമൊക്കെ അറ്റത്തു ബ്ലേഡ് ഘടിപ്പിച്ച ഒരു കമ്പിന്‍ കഷണമോ കത്രികയോ മറ്റോ ഉപയോഗിച്ചു മുറിച്ചു മാറ്റാം. രണ്ടുവര്‍ഷത്തോളം കഴിഞ്ഞ് ചെടികള്‍ മാറ്റി പുതിയത് നടുകയും ചെയ്യാം. എന്തായിരിക്കും കുപ്പിക്കുള്ളില്‍ വെള്ളവും അന്തരീക്ഷവായുവുമില്ലാതെ ചെടികള്‍ വളരുന്നതിന്റെ രഹസ്യം . പരമ രഹസ്യമാണ് കേട്ടോളൂ. ചെടികള്‍ ഒഴികെയുള്ള കുപ്പിക്കുള്ളിലെ ഭാഗം തന്നെ അവയ്ക്ക് വളരാന്‍ ആവശ്യമായ അന്തരീക്ഷമൊരുക്കുന്നുണ്ട് .പിന്നെ പ്രകാശം മാത്രമെ ചെടികള്‍ക്ക് വളരാന്‍ പുറമെനിന്ന് ലഭിക്കേണ്ടതായുള്ളൂ. പ്രകാശ സംശ്ലേഷണത്തിലൂടെ ചെടികള്‍ ആഹാരം നിര്‍മിക്കുകയും അതിന്റെ ഭാഗമായി പുറത്തുവിടുന്ന ഓക്‌സിജന്‍ കുപ്പിക്കുള്ളിലെ ഉദ്യാനത്തിലെ മണ്ണിലുള്ള ബാക്ടീരിയകള്‍ വലിച്ചെടുക്കുകയും ചെയ്യും .ഈ ബാക്ടീരിയകള്‍ പുറത്തു വിടുന്നത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആണ്. അതാണ് ചെടികള്‍ പിന്നിട് ആഹാരനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ ചെടികള്‍ക്ക് കുപ്പിക്കുള്ളില്‍ നിഷ്പ്രയാസം വളരാന്‍ സാധിക്കും.

വെള്ളമില്ലാതെ നാല്‍പ്പതിലധികം വര്‍ഷം ജീവിപ്പിച്ച ഒരു ചെടിയുടെ ചരിത്രം നിങ്ങള്‍ കേട്ടിട്ടുണ്ടോ ? 1960 ല്‍ കാനഡയിലെ ഡേവിഡ് ലാറ്റിമര്‍ തന്റെ കുപ്പിക്കുള്ളിലെ പൂന്തോട്ടത്തില്‍ ഒരു ചെടി നട്ടു . സ്‌പൈഡര്‍വര്‍ട്ട് എന്നയിനം ചെടിയാണ് ലാറ്റിമര്‍ നട്ടത്. 1972 വരെ അദ്ധേഹം അതിന് വെള്ളമൊഴിച്ചു. അടച്ചു വെച്ച ആ കുപ്പിയില്‍ പിന്നീടദ്ധേഹം വെള്ളമൊഴിച്ചതേയില്ല .എന്നാല്‍ ലാറ്റിമറെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ചെടി കൂടുതല്‍ കരുത്തോടെ വളര്‍ന്നു. അങ്ങനെ അന്തരീക്ഷ വായുവും വെള്ളവും ഇല്ലാതെതന്നെ നാല്‍പ്പത് വര്‍ഷത്തോളം ആ കുപ്പിക്കുള്ളില്‍ സ്‌പൈഡര്‍വര്‍ട്ട് ചെടി ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു .53 വര്‍ഷം പ്രായമുള്ള ഈ കുപ്പിയിലെ ഉദ്യാനവും ലാറ്റിമറും അതോടെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി. ഇപ്പോള്‍ ലിറ്റിമറുടെ കുപ്പിക്കുള്ളിലെ പൂന്തോട്ടമാണ് ( ബോട്ടില്‍ ഗാര്‍ഡന്‍ ) കാനഡയിലെ പ്രധാന കാഴ്ച

കുപ്പിക്കുള്ളില്‍ പൂന്തോട്ടം ഒരുക്കും പോലെ ലളിതമാണ് ഡിഷ് ഗാര്‍ഡന്‍. പരന്ന മണ്‍ചട്ടികളിലും പോര്‍സലൈന്‍ ചട്ടികളിലുമൊക്കെ ഡിഷ് ഗാര്‍ഡന്‍ ഉണ്ടാക്കാം.പക്ഷെ കുപ്പി ഉദ്യാനത്തേക്കാള്‍ സൂര്യപ്രകാശം വേണമെന്നതിനാല്‍ ജനാലയ്ക്കടുത്തോ സിറ്റൗട്ടിലോ വെക്കുന്നതാണ് ഉചിതം. നേരിട്ട് വെയില്‍ കൊള്ളും വിധവും വെക്കാം.ഡിഷുകള്‍ക്ക് അടിത്തട്ടിലായി ചരല്‍, കരി, നടില്‍ മിശ്രിതം എന്നിവ നിരക്കുക. ഡിഷിന്റെ 3/4 ഭാഗം ഇങ്ങനെ നിറക്കാം. ഉയരം കുറഞ്ഞ ഇനം കള്ളിച്ചെടികള്‍ ( കാക്റ്റ്‌സ്) ,സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട ചെടികള്‍, ക്രിസ്റ്റാന്തസ്, ഹവോര്‍ത്തിയ തുടങ്ങിയവ ഡിഷ് ഗാര്‍ഡന് യോജിച്ചവയാണ്.

ഡിഷ് ഗാര്‍ഡനുണ്ടാക്കുന്ന ചട്ടികളില്‍ വെള്ളം വാര്‍ന്നു പോകാനുള്ള ഡ്രയിനേജ് സുഷിരങ്ങള്‍ കാണാറില്ല. അതിനാല്‍ വെള്ളക്കെട്ട് ഉണ്ടാക്കാത്ത വിധം ശ്രദ്ധയോടെ വേണം നനക്കാന്‍. ഇത്തരം ചെടികള്‍ക്ക് അധികം വെള്ളം ആവശ്യവുമില്ല. ചെടികളുടെ ചുവടുഭാഗം ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യാം. ഈ അവധിക്കാലത്ത് കുപ്പിക്കുള്ളിലെ പൂന്തോട്ടവും ഡിഷ് ഗാര്‍ഡനും ഒരുക്കി വിട് കൂടുതല്‍ മനോഹരമാക്കാം.
ഈ അവധിക്കാലം കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കുമപ്പുറം ആത്മാവുള്ള വിനോദങ്ങളാകണം. ഇന്നു തന്നെ കുപ്പിക്കുള്ളിലെ പൂന്തോട്ടമൊരുക്കാന്‍ തയ്യാറായിക്കൊളൂ …

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും ,സൈക്കോളജിസ്റ്റുമാണ് ലേഖകന്‍.9946025819 )

sex abuse against child; special story
Posted by
13 March

കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രം: രക്ഷിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍, പീഡോഫീലിയ ഒരു മാനസിക രോഗമാണ്

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

വാര്‍ത്തകള്‍ വായിക്കാനും കാണാനും ഭയമാണിന്ന് . മറ്റൊന്നുമല്ല കൊച്ചുകുട്ടികള്‍ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വര്‍ധിക്കുമ്പോള്‍ നമുക്ക് പത്രങ്ങള്‍ വായിക്കാനോ ചാനലുകള്‍ തുറക്കാനോ വയ്യാതായി. കേരളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നിരവധി പീഡനവാര്‍ത്തകളാണ് പുറത്തുവന്നത്. വാളയാറിലെ ചെറിയ പെണ്‍കുട്ടികളുടെ ആത്മഹത്യയിലേക്കു ശ്രദ്ധ ചെന്നു കയറുന്നതിനു കുറച്ചു ദിവസം മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ മഞ്ച് കൊടുത്ത് അഞ്ചാംക്ലാസുകാരിയുടെ കാമം നേടാന്‍ ശ്രമിക്കുന്ന യുവാവിനെയും (മുഹമ്മദ് ഫര്‍ഹാന്‍, ഇയാള്‍ക്കെതിരെ ഒടുവില്‍ പോലീസ് കേസെടുത്തു ) അയാളെ അനുകൂലിയ്ക്കുന്ന ചില ബുദ്ധിജീവികളെയും (ഭൂരിഭാഗവും യുവതികള്‍) കണ്ടത്. എന്തെങ്കിലും ലഭിക്കുമ്പോള്‍ പകരം എന്തെങ്കിലും നല്‍കണമല്ലോ. കഴിഞ്ഞ ദിവസം എന്റെയൊരു അഭിഭാഷക സുഹൃത്ത് മറ്റൊരു കേസ് പറഞ്ഞു. ഒരുത്തന്‍ ചെറിയൊരു പെണ്‍കുട്ടിക്ക് ഉമ്മ കൊടുത്ത് ആരോടും പറയാതിരിക്കാന്‍ 5 രൂപയും സമ്മാനിച്ചത്രേ. ഐസ്‌ക്രീമും ചോക്ലേറ്റും നല്‍കി ഒരു പെണ്‍കുട്ടിയുടെ പിഞ്ചു ശരീരത്തിന് വിലപേശുന്നത് കാണുമ്പോള്‍ നാമോര്‍ക്കുക അതാണ് പീഡോഫീലിയ എന്ന മാനസിക രോഗം.

എന്താണ് പിഡോഫീലിയ ?

പിഡോഫിലിയ എന്നത് മുതിര്‍ന്നവര്‍ക്ക് ‘കുട്ടികളോട് മാത്രം’ തോന്നുന്ന ലൈഗീകാസക്തിയാണ്. ഇതില്‍ പെണ്‍കുട്ടിയെന്നോ ആണ്‍കുട്ടിയെന്നോ വിത്യാസമില്ല .ഇരകളില്‍ കൂടുതലും പെണ്‍കുട്ടികളാണ് .കാണാന്‍ ഭംഗിയുള്ള ആണ്‍കുട്ടികള്‍ക്കുനേരെയും ഇത്തരം ലൈംഗിക താല്‍പര്യക്കാര്‍ വരാറുണ്ട് .
ലോകാരോഗ്യ സംഘടന അടക്കം, ഇതൊരു മാനസീക രോഗമായിത്തന്നെയാണ് അംഗീകരിച്ചിരിക്കുന്നതും.
‘സൈക്കാട്രിക് ഡിസോര്‍ഡര്‍’ അല്ലെങ്കില്‍ ലൈംഗീകതയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അപക്വ ചിന്താരീതിയാണ് ഒരാളെ പീഡോഫീലിയ ‘രോഗി’യാക്കുന്നത്.ഇതിനെ നോര്‍മല്‍ മാനസികാവസ്ഥയായി കാണാനാവില്ല .

പൊതുവെ പുരുഷന്മാരിലാണ് ഇത്തരം മനോരോഗികള്‍ ഉള്ളത്. ജനസംഖ്യയുടെ ഒരു ശതമാനത്തിലും വളരെ കുറവ് ആളുകള്‍ മാത്രമേ സമൂഹം വെറുക്കുന്ന ഈ മാനസീക വൈകൃതം പ്രകടിപ്പിക്കാറുള്ളൂ. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഇവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടോ എന്നാണ് ആശങ്ക. ഒരു ലൈംഗീക കുറ്റകൃത്യത്തിലോ, ശ്രമത്തിലോ മാത്രമേ ഇവരെ കണ്ടെത്താനാകുകയുള്ളൂ. ഇവര്‍ ഒരിക്കലും അവരുടെ ‘രോഗ’ത്തെ പുറത്തറിയിക്കാറില്ല. എങ്ങാനും പുറത്തറിഞ്ഞാല്‍ അതോടെ അവരുടെ ‘ലക്ഷ്യം’ തകരും എന്നതും, സമൂഹത്തില്‍ വെറുക്കപ്പെടും എന്നതുമാണ് കാരണം. പിഡോ രോഗികള്‍ മരണം വരെയും ഈ രോഗമായി തുടരും എന്നതും ശ്രദ്ധേയമാണ്. കുട്ടികള്‍ ഒഴിച്ച് മുതിര്‍ന്നവരായി ഇവര്‍ ഇത്തരം ബന്ധങ്ങള്‍ ആഗ്രഹിക്കാറില്ല. എങ്ങനെയാണിതിന് ഒരു ചികിത്സ ?

ലൈംഗീക താല്‍പ്പര്യം കുറയ്ക്കാനുള്ള മരുന്നുകളും തുടര്‍ച്ചയായ കൗണ്‍സിലിംഗ് മുഖേനയുള്ള ഇരയോടുള്ള അക്രമണാസക്തി കുറയ്ക്കാനുമുള്ള, മാനസീക ചികിത്സയാണ്, ഇതിനായി ഇതുവരെ കൊടുത്തുപോരുന്നത്. കൗണ്‍സിലിംഗിലൂടെയും വിവിധ തെറാപ്പികളിലൂടെയും ഇത് മാറ്റിയെടുക്കാം .
കൊച്ചുകുട്ടികളെ അമിതമായി ലാളിക്കുന്നവരാണ് ഇവരില്‍ ചിലര്‍ .മധുരം നല്‍കിയും ഇഷ്ടമുള്ളത് നല്‍കിയും ഇവര്‍ സ്‌നേഹിച്ച് താലോലിക്കാന്‍ തുടങ്ങും. തലോടലുകള്‍ക്ക് വാത്സല്യത്തിന്റെ മുഖമാണ് ഇവര്‍ പുറമേക്ക് നല്‍കുക . എളുപ്പത്തില്‍ ഇവരെ തിരിച്ചറിയില്ല . കുട്ടികളെ ഉമ്മവെച്ചും മറ്റുമാണ് ഇതു തുടങ്ങുക.

ആശങ്കയിലാവുന്ന രക്ഷിതാക്കള്‍

പീഡോഫീലിയ എന്ന മനോവ്യാപാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍! ചങ്കിടിയ്ക്കുന്നത് പെണ്‍കുട്ടികള്‍ വീട്ടിലുള്ള മാതാപിതാക്കള്‍ക്കു തന്നെയാണ്. എന്തുകൊണ്ട് കുഞ്ഞുങ്ങളെ മുതിര്‍ന്നവര്‍ തങ്ങളുടെ ലൈംഗിക ഉപകരണമാക്കുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? സൗകര്യവും സുരക്ഷിതത്വവുമാണ് ഏറ്റവും വലിയ ഘടകം. കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയോ അവര്‍ക്കിഷ്ടമുള്ള എന്തെങ്കിലും വസ്തുക്കള്‍ നല്‍കിയോ തങ്ങളുടെ ലൈംഗികാകര്‍ഷണത്തിലേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടു വരാനാകും എന്ന വിശ്വാസം. ചെയ്യുന്ന തെറ്റിന്റെ ആഴമറിയാതെ കുട്ടികള്‍ ലൈംഗികതയിലേക്ക് ആകര്‍ഷിക്കപ്പെടാനും സാധ്യതയുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ മിക്ക കേസുകളിലും ഭയപ്പെടുത്തുന്ന സത്യം പലകാരണങ്ങളാലും ഇവര്‍ ആകര്‍ഷിക്കപ്പെടുന്നു എന്നതാണ്.

അതുകൊണ്ടു തന്നെയാണ് പീഡോഫീലിയ ബാധിതര്‍ തങ്ങളുടെ തെറ്റിനെ മനഃപൂര്‍വ്വമാണെങ്കിലും ന്യായീകരിയ്ക്കാന്‍ ശ്രമിക്കുന്നതും. കുട്ടികള്‍ ഇത് ആസ്വദിക്കുന്നതിനാല്‍ ഇതൊരു തെറ്റല്ല എന്ന വാദിക്കുന്നവര്‍ സമൂഹത്തിലുണ്ട് മനോരോഗികളാണ് ഇവര്‍. ആര് ന്യായീകരിച്ചാലും ഇതിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. എല്ലായ്‌പ്പോഴും കുട്ടികള്‍ ആകര്‍ഷിക്കുകയുമല്ല, മറിച്ച് ഭീഷണിപ്പെടുത്തലിലൂടെയും അവരെ ഏറെക്കുറെ നിശ്ശബ്ദരാക്കാനും ഇവര്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കുറച്ച് കഴിഞ്ഞിട്ട് മാത്രമാണ് രക്ഷിതാക്കളെ അറിയാറ്. കുട്ടികളെ അമ്മമാര്‍ ശരിയായ രീതിയില്‍ ഒപ്പം നിര്‍ത്തിയാല്‍ മാത്രമെ ഇതില്‍ നിന്ന് രക്ഷിച്ചെടുക്കാനാവൂ .

കുട്ടികള്‍ക്കു ലൈംഗികത ആസ്വദിയ്ക്കാന്‍ കഴിയുമോ?

ഈ ചോദ്യം ഏറെ പ്രസക്തമാണ്.

കഴിയും എന്നു തന്നെയാണ് ശാസ്ത്രത്തിന്റെ ഉത്തരം. പക്ഷെ ലൈംഗികതയെ അതിന്റേതായ ആഘോഷങ്ങളിലല്ല മറിച്ച് അതിന്റെ ഇക്കിളിപ്പെടുത്തലുകളില്‍ ശരീരം ആസ്വദിക്കപ്പെടുന്നു എന്നതാണ് സത്യം. മൂന്ന് വയസ്സ് കഴിഞ്ഞ് നാല് വയസ്സിലെത്തുമ്പോള്‍ തന്നെ ഇത് തുടങ്ങും.
പക്ഷെ ഇത്തരം അനുഭവങ്ങള്‍ കുട്ടികളെ കടുത്ത മാനസിക പ്രശ്‌നങ്ങളിലേയ്ക്കു എത്തിക്കുകയാണ് പിന്നീടുണ്ടാവുക . കുട്ടിത്തത്തില്‍ നിന്നും വളര്‍ന്നു മുതിര്‍ന്ന ചിന്തകളിലേക്ക് എത്തുകയും ശരീരം എന്നാല്‍ അവനവന്റേതു മാത്രമാണെന്ന തിരിച്ചറിയലുകള്‍ ലഭിക്കുമ്പോഴുമാണ് അറിയാത്ത പ്രായത്തില്‍ അപരിചിതനായ ഒരാളാല്‍ ശരീരം ഉപയോഗപ്പെട്ടു എന്ന് അവള്‍ തിരിച്ചറിയുക. അതോടെ അവള്‍ വീണു പോകുന്ന ഒരു വലിയ ഗര്‍ത്തമുണ്ട്. നിരാശയുടെയും മാനസിക സംഘര്‍ഷങ്ങളുടെയും ആഴമേറിയ കടലില്‍ വീണതു പോലെ അവള്‍ തകര്‍ന്നു പോകാനും ആ ചിന്തകള്‍ മതി. ഈ നിരാശ അവളെത്തന്നെ ഇല്ലാതാക്കും.

ഏറ്റവും ബഹുമാനിക്കപ്പെടുന്നവരില്‍ നിന്നാണ് ഇത്തരം അനുഭവങ്ങളെങ്കില്‍ അതുണ്ടാക്കുന്ന മുറിവ് വലുതായിരിക്കും.
വീണ്ടുമൊരു ജീവിതത്തിലേയ്ക്ക് എത്തിപ്പെടുമ്പോഴും സ്വന്തം ശരീരത്തിനോടുള്ള വെറുപ്പ് പലപ്പോഴും പലതരത്തിലും അവള്‍ പ്രകടിപ്പിക്കുന്നതോടെ ദാമ്പത്യത്തില്‍പ്പോലും അസ്വാരസ്യങ്ങള്‍ വര്‍ധിച്ചു തുടങ്ങും. ഒപ്പം പുരുഷനെക്കുറിച്ചുള്ള ചിന്തകള്‍ പോലും അവള്‍ക്കു വെറുപ്പായിത്തുടങ്ങാം. കുട്ടികളോട് എല്ലാം സംസാരിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം .അവരുടെ ഷെല്‍ട്ടര്‍ നിങ്ങളാവണം. നല്ലൊരു കേള്‍വിക്കാരാകണം രക്ഷിതാക്കള്‍. ബാല്യത്തില്‍ അതിക്രൂരമോ അല്ലാത്തതോ ആയ ശാരീരിക ഉപദ്രവങ്ങള്‍ നേരിട്ട സ്ത്രീകളുടെ പിന്നീടുള്ള മാനസിക നിലകള്‍ ഏറെ അപകടകരമാണ്. സംതൃപ്തിയുള്ള ജീവിതം അവര്‍ക്ക് അനുഭവിക്കാനോ പകര്‍ന്നുനല്‍കാനോ കഴിഞ്ഞെന്നു വരില്ല .

(മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും ,സൈക്കോളജിസ്റ്റുമാണ് ലേഖകന്‍ 9946025819)

what do for learning disability special story
Posted by
29 November

പഠന വൈകല്യം പരിഹരിക്കാന്‍ എന്തുചെയ്യണം

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

മിഥുന്‍ ക്ലാസിലെ ഏറ്റവും മിടുക്കനാണെന്നാണ് ടീച്ചര്‍ പറയുന്നത്. പഠിക്കുന്നത് ആറാം ക്ലാസില്‍. ക്ലാസ്സിലെ ഏത് ചോദ്യങ്ങള്‍ക്കും ആദ്യം ഉത്തരവുമായി ചാടി വീഴുന്നത് മിഥുന്‍ തന്നെ. പലപ്പോഴും ടീച്ചര്‍ക്ക് സഹികെടുന്നുമുണ്ട്. പക്ഷെ പ്രശനം അതല്ല. മിഥുന്‍ എഴുത്തില്‍ വളരെ പിന്നിലാണ്. ഒരു മൂന്നാം ക്ലാസുകാരന്റെ എഴുത്താണെന്നാണ് ടീച്ചര്‍ പറയുന്നത്. എഴുത്തെല്ലാം തെറ്റ്. ഉത്തരങ്ങള്‍ എല്ലാം അറിയുന്ന മിഥുന് അത് പേപ്പറില്‍ എഴുതിഫലിപ്പിക്കാനാകുന്നില്ല. ഇതില്‍പരം സങ്കടം ആ രക്ഷിതാക്കള്‍ക്ക് വേറെയുണ്ടോ.

മിഥുനെപ്പോലെ നിരവധി കുട്ടികള്‍ കാണാം. മറ്റു കുട്ടികളെ പോലെ ബുദ്ധിപരമായി ഉയര്‍ന്ന് നില്‍ക്കുന്നവരായിട്ടുകൂടി ചില വൈകല്യങ്ങള്‍. ഇത് എഴുതാനാകാം. മറ്റു ചിലര്‍ക്ക് വായനയിലാകം. ചിലര്‍ക്ക് കണക്കിലാകാം. ഇതിനെയാണ് പൊതുവെ പഠന വൈകല്യം എന്ന് പറയുന്നത്. പഠനവൈകല്യമുള്ള കുട്ടികള്‍ മന്ദബുദ്ധികളല്ലന്ന് ആദ്യം തിരിച്ചറിയുക. ജനിതകവും, സാമൂഹികവും, കുടുംബാന്തരീക്ഷവുമായ കാരണങ്ങള്‍കൊണ്ടാണ് കുട്ടികളില്‍ ഇത്തരം വൈകല്യങ്ങള്‍ ഉണ്ടാകുന്നത്. ചെറുപ്രായത്തില്‍ തന്നെ ഇത് കണ്ടെത്തി ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ ക്ഷമയോടെ നല്‍കി വന്നാല്‍ പഠന വൈകല്യങ്ങള്‍ മാറ്റിയെടുക്കാനാവും.നിര്‍ഭാഗ്യവശാല്‍ ക്ലാസ് റൂമിലെ പഠന വൈകല്യക്കാരെ മന്ദബുദ്ധികളാക്കുന്ന ചില അധ്യാപകരും ഇവരെ മണ്ടന്മാരായി അധിക്ഷേപിക്കുന്ന ചില രക്ഷിതാക്കളും ഇവരുടെ നല്ല ഭാവിയും ഉള്ളിലെ കഴിവും നഷ്ടപ്പെടുത്തുകയാണ്.

കാഴ്ചയുടെ കുറവ് കൊണ്ട് ക്ലാസില്‍ മറ്റു കുട്ടികള്‍ക്കൊപ്പം വായിക്കാന്‍ കഴിയാത്തവരെ പഠനെവെകല്യക്കാരായി കാണരുത്. അതുപോലെ കേള്‍വി പ്രശ്‌നം കൊണ്ട് പഠനത്തിലും വായനയിലും പിന്നിലായിപ്പോകുന്നവരുമുണ്ടാകാം. ഇവരും പഠനവൈകല്യക്കാരല്ല. പക്ഷെ അവരുടെ കുറവുകള്‍ കണ്ടെത്തി യഥാ സമയം പരിഹരിച്ചില്ലെങ്കില്‍ അത് പഠനവൈകല്യത്തിലെത്തുകയും ചെയ്യും.

പഠന വൈകല്യം പ്രധാനമായും വായിക്കാനുള്ള കഴിവ് കുറവ്, എഴുതാനുള്ള ശേഷി ഇല്ലായ്മ ,കണക്കില്‍ പിന്നിലാവുക എന്നതിലാണ്. കുട്ടികള്‍ പുസ്തകം തല തിരിച്ച് പിടിച്ച് വായിക്കുക. മിറര്‍ ഇമേജ് രീതിയില്‍ (പിറകിലേക്ക് വായിക്കുക) അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ കഴിയാതാവുക, സാവധാനം വായിച്ചെടുക്കുക ,ചിഹ്നങ്ങള്‍ തിരിച്ചറിയാതാവുക, തപ്പിത്തടത്ത് വായിക്കുക ,ഊഹിച്ച് വായിക്കുക
ഇതെല്ലാം അതിന്റെ ചില ലക്ഷണങ്ങള്‍ മാത്രം.

എഴുതാന്‍ കഴിയാതാവുക എന്നാല്‍ ലക്ഷണങ്ങള്‍ പലതാണ്. ദീര്‍ഘസമയമെടുത്ത് എഴുതേണ്ടിവരിക, വാക്യങ്ങളെ തിരിച്ചെഴുതുക, എഴുതാനുള്ള കഴിവില്ലായ്മ, കൈയ്യക്ഷരം മോശമാവുക, സ്വയം എഴുതിയത് തന്നെ മനസ്സിലാകാതാവുക എന്നിവ ചില ലക്ഷണങ്ങള്‍ മാത്രം. എഴുത്തിലും വായനയിലും കഴിവുകള്‍ എല്ലാം ഉണ്ടെങ്കിലും കണക്കില്‍ വളരെ പിന്നിലാകുന്ന കുട്ടികള്‍. ചെറിയ സംഖ്യകള്‍ പോലും കൂട്ടാനാ കുറക്കാനാ കഴിയാതെവരിക ഇതൊക്കെയാണ് പ്രാഥമിക ലക്ഷണങ്ങള്‍.

ആഴത്തിലുള്ള പഠനവൈകല്യങ്ങള്‍ മൂന്ന് വയസ്സില്‍ തന്നെ കണ്ട് തുടങ്ങും. വാക്കുകള്‍ കൂട്ടിപ്പറയാന്‍ കഴിയാത്ത ആ നാളില്‍ തന്നെ ഇത് ചികിത്സിച്ച് തുടങ്ങിയാല്‍ നന്ന്. ചില വൈകല്യങ്ങള്‍ മൂന്നാം ക്ലാസിലെത്തുന്നതോടെയാണ് കണ്ട് തുടങ്ങുക. പഠന വൈകല്യമുള്ള കുട്ടികളെ ഒരിക്കലും അതിന്റെ പേരില്‍ ശിക്ഷിക്കരുത്. ക്ഷമയോടെ അവന്റെ കുറവുകളെ നേരിടുക. മോട്ടിവേഷന്‍ നല്‍കുക .കുറ്റപ്പെടുത്താതിരിക്കുക. ചെറിയതാണെങ്കിലും മികവുകളെ പ്രോത്സാഹിപ്പിക്കുക, മാനസിക ധൈര്യം കൊടുക്കുക ഇതൊക്കെയാണ് രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍. കുട്ടികളാടൊപ്പം നില്‍ക്കണം എല്ലാ കാര്യത്തിലും. അവര്‍ക്ക് മാനസികമായ പിന്തുണ എപ്പോഴും നല്‍കണം. നിരന്തരം മോട്ടിവേറ്റഡ് ചെയ്ത് പഠന താല്‍പര്യം ഇത്തരം കുട്ടികളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ പഠന വൈകല്യം വലിയൊരളവില്‍ ഇല്ലാതാക്കാം.

(അധ്യാപകനും, മാധ്യമപ്രവര്‍ത്തകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. 9946025819 )

Rohit edappal native student recive award from president
Posted by
15 November

അപകടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന നൂതന സാങ്കേതിക വിദ്യയുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എടപ്പാള്‍ സ്വദേശി രോഹിത്; രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി

പൊന്നാനി: അപകടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന നൂതന സാങ്കേതിക വിദ്യയുമായി ഒരു വിദ്യാര്‍ത്ഥി ശാസ്ത്രലോകത്ത് കൗതുകമാവുകയാണ്. പൊന്നാനി താലൂക്കില്‍പ്പെട്ട അംശക്കച്ചേരി സ്വദേശി ശിവദം കളരിക്കല്‍ രോഹിത്താണ് നൂതന കണ്ട് പിടുത്തവുമായി രാഷ്ട്രപതിയില്‍ നിന്നും ശാസ്ത്ര പ്രതിഭാ അവാര്‍ഡ് വാങ്ങിച്ചത്.

ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകമാണ് രോഹിത്തിന്റെ ലോകം. കളിയുപകരണങ്ങള്‍ പോലെ ശാസ്ത്രകൗതുകം നിറഞ്ഞ രോഹിത്തിന്റെ ലോകത്ത് അടിയന്തിര ഘട്ടങ്ങളില്‍ അപായ സൂചന നല്‍കുന്ന സ്വൂവല്‍ അലര്‍ട്ട് കോളര്‍ എന്ന അത്യാധുനിക സംവിധാനമാണ് രോഹിത്ത് വികസിപ്പിച്ചെടുത്തത്. ഇത് കൊണ്ട് ഏതപകടങ്ങളിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുമെന്ന് രോഹിത്ത് എന്ന കുട്ടി ശാസ്ത്രജ്ഞന്‍ തെളിയിക്കുന്നു.

വീട്ടില്‍ കള്ളന്‍ കയറിയാലും തീപിടുത്തമുണ്ടായാലും ഗ്യാസ് ചോര്‍ന്നാലും മഴവെള്ളം ചേര്‍ന്നാലും ഗൃഹനാഥന്റെ മൊബൈലിലേക്ക് അപായ സന്ദേശം എത്തും. നേരത്തേ പലരും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഒരേ സമയം വിവിധ ഉപയോഗങ്ങള്‍ സാധ്യമാക്കാം എന്നതാണ് രോഹിത്തിന്റെ കണ്ടെത്തലിനെ ശ്രദ്ധേയമാക്കുന്നത്. നേരത്തേയും വ്യത്യസ്ഥ കണ്ടുപിടുത്തങ്ങള്‍ രോഹിത്ത് നടത്തിയിട്ടുണ്ട്.

unnamed

കഴിഞ്ഞ സംസ്ഥാന ശാസ്ത്ര മേളയില്‍ ഈ ഉപകരണം പ്രദര്‍ശിപ്പിച്ചതോടെയാണ് രോഹിത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. സംസ്ഥാന ശാസ്ത്ര മേളയിലെ വിജയത്തെ തുടര്‍ന്ന് സൗത്ത് സോണിലും രോഹിത്ത് മത്സരിച്ച് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇതാടെയാണ് യുവ ശാസ്ത്ര പ്രതിഭാ അവാര്‍ഡ് രോഹിത്തിനെ തേടിയെത്തിയത്. ഇതിന് പുറമെ മിനിസ്ട്രറി ഓഫ് വിമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ അവാര്‍ഡും ടിവി പത്മകുമാര്‍ അവാര്‍ഡും ഈ കണ്ടുപിടുത്തതിന് രോഹിത്തിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 40 പേര്‍ക്കാണ് ശാസ്ത്ര വിഭാഗത്തില്‍ അവാര്‍ഡ് ലഭിക്കുന്നത്. അതില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ടുപേരില്‍ ഒരാളാണ് രോഹിത്.

ശിവദം കളരിക്കല്‍ മോഹന്‍ദാസിന്റെയും ഇന്ദുവിന്റെയും മകനായ രോഹിത്ത് പൊന്നാനി എവി ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഡല്‍ഹിയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ യുവ ശാസ്ത്ര പ്രതിഭക്കുള്ള അവാര്‍ഡ് ഇന്ത്യന്‍ പ്രസിഡണ്ടില്‍ നിന്ന് രോഹിത്ത് ഏറ്റു വാങ്ങി.

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

kids stealing not a simple matter
Posted by
14 November

കുട്ടികളിലെ മോഷണം അത്ര നിസാരമായി തള്ളിക്കളയരുത്

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ചെറിയ പ്രായം മുതല്‍ കൗമാരക്കാലം കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് മോഷണം. ചിലതൊക്കെ തമാശയായും അവഗണിക്കാവുന്നതാകാമെങ്കിലും മോഷണം അത്ര നിസാരമല്ല. രക്ഷിതാക്കളും അധ്യാപകരും ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെങ്കില്‍ കുട്ടികള്‍ കൈവിട്ട് പോകും. ചെറിയകുട്ടികള്‍ക്കിടയില്‍ പോലും മോഷണം പതിവാകുന്നൊരു അനുഭവങ്ങള്‍ നിരവധിയാണ് .

ചെറിയ ക്ലാസിലെ ഫാത്തിമയുടെ പരാതി അവള്‍ കൊണ്ട് വന്ന പത്ത് രൂപ കാണാനില്ലെന്നാണ്. കരച്ചിലോടു കരച്ചില്‍ ഞാന്‍ പറഞ്ഞു. കാശ് കണ്ടെത്താം കൂള്‍. ക്ലാസിലെ കുട്ടികളുടെ കണ്ണുകളിലേക്കൊരു നോട്ടം പായിച്ചു എല്ലാവരും നിഷ്‌കളങ്കര്‍.എല്ലാരും ഒരു കാര്യത്തില്‍ ഒരേ അഭിപ്രായത്തില്‍..
ആരും ഫാത്തിമയുടെ കാശ് എടുത്തിട്ടില്ല .

ഒടുവില്‍ ഒരു തന്ത്രം പ്രയോഗിച്ചു. ചൂലിന്റെ ഈര്‍ക്കിലി കൊണ്ട് വന്നു. ഒരേ അളവില്‍ ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഈര്‍ക്കിലി മുറിച്ചു. മേശപ്പുറത്ത് വെച്ചു. ഓരോര്‍ത്തര്‍ക്കും ഓരോ ഈര്‍ക്കിലി നല്‍കി. ബുക്കിനിടയില്‍ വെക്കാന്‍ പറഞ്ഞു. എന്നിട്ട് ചെറിയൊരു ഗ്രൂപ്പ് കൗണ്‍സിലിങ്ങ് നല്‍കി. ഒപ്പം ഈര്‍ക്കിലി മന്ത്രവും.

കാശ് എടുത്തവന്റെ കൈയ്യിലെ ഈര്‍ക്കിലി നീളം കൂടുമെന്ന് അവരെ വിശ്വസിപ്പിച്ചു. കുട്ടികള്‍ മുഖത്തോട് മുഖം നോക്കിയിരുന്നു. പിന്നെ ഈര്‍ക്കിലിയിലേക്കും. ഒരോര്‍ത്തരുടെ കൈയ്യിലെയും ഈര്‍ക്കിലി തിരികെ വാങ്ങി. ഒരുത്തന്റെ ഈര്‍ക്കിലി മാത്രം നീളം കുറവ്. ഞാനത് മനസ്സിലാക്കിയത് പുറത്ത് കാണിച്ചില്ല.

പാവം.. നീളം കൂടാന്‍ പോകുന്ന ഈര്‍ക്കിലി അവന്‍ അല്‍പ്പം മുറിച്ച് ” ബാലന്‍സ് ‘ ചെയ്തതാണ്.. സുന്ദരന്‍…അവനെ ഞാന്‍ സ്‌നേഹത്തോടെ അരികില്‍ വിളിപ്പിച്ചു.. അവന്‍ തലയും താഴ്ത്തി അരികിലെത്തി.. ബുക്കിനിടയില്‍ ഒളിപ്പിച്ചു വെച്ച പത്ത് രൂപ എന്റെ കൈയ്യില്‍ വെച്ച് തന്നു. ഞാനവന് 5 രൂപ സമ്മാനമായി നല്‍കി …

ഫാത്തിമ മാത്രമല്ല അവനും സന്തോഷത്തോടെയാണ് അന്ന് വീട്ടിലേക്ക് തിരിച്ച് പോയത്. കുട്ടികളുടെ ഇത്തരം ദുശ്ശീലങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അധ്യാപകരും രക്ഷിതാക്കളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഇവരെ അകറ്റി നിര്‍ത്തുന്ന രീതിയില്‍ ഒരിക്കലും പെരുമാറരുത് . അവഗണന ഇവരെ കൂടുതല്‍ ദുശ്ശീലങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ശിക്ഷകള്‍ക്ക് ശിക്ഷണങ്ങളാകാം .. ശിക്ഷകള്‍ ലഘുവായി മാത്രമെ ഉണ്ടാകാവു. അവരൊടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച് കൂടുതല്‍ സംസാരിക്കാന്‍ സമയം കണ്ടെത്തുക . അവരുടെ പ്രശ്‌നങ്ങള്‍ക്ക് സ്‌നേഹത്തോടെ പരിഹാരം കാണുക . ഒരു കുറ്റവാളിയെപ്പോലെ ഒരിക്കലും പെരുമാറരുത്.

ചെറുപ്രായത്തില്‍ രക്ഷിതാക്കളുടെ സ്‌നേഹവും വാല്‍സല്യവും വേണ്ടത്ര കിട്ടാതെ വരുന്നത് കൊണ്ടാണ് കുട്ടികള്‍ മോഷ്ടാക്കളാകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും രക്ഷിതാക്കളുടെ ദാമ്പത്യ പ്രശ്‌നങ്ങളും ഇതിന് കാരണമാകും. ഇത്തരം കുട്ടികളൊട് വഴക്കിടുകയോ കഠിനമായ ശിക്ഷാരീതികള്‍ നല്‍കുകയോ ചെയ്യരുത്. എന്നാല്‍ അവഗണിച്ച് വിടാനും പാടില്ല . സ്‌നേഹത്തോടെയും വാല്‍സല്യത്തോടെയും കൈകാര്യം ചെയ്യണം. അല്‍പ്പം ക്ഷമ തന്നെ വേണമിതിന്.

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും, മൈന്റ് കണസള്‍ട്ടന്റുമാണ് ലേഖകന്‍- 9946025819)

tips for enhance students memory power
Posted by
10 November

പഠിച്ചതെല്ലാം മറക്കുന്നുണ്ടോ? ഇതാ ഒരു ലളിത പരിഹാരം

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പരീക്ഷക്ക് എല്ലാം പഠിച്ചാണ് ഹിബമോള്‍ പോയത്. ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയപ്പോള്‍ ഒന്നും ഓര്‍മ വരുന്നില്ല. കൈ കാലുകള്‍ തളരും പോലെ.. കണ്ണുകളില്‍ സങ്കടം കടലോളം.. മറ്റുള്ളവരൊക്കെ എഴുതിത്തുടങ്ങി.. എല്ലാം പഠിച്ച ചോദ്യങ്ങള്‍ തന്നെ.. എന്നിട്ടും മറന്നു പോയി ..

ഹിബമോളുടെ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല. പഠിച്ചതെല്ലാം മറന്നു പോകുന്നു എന്ന് പരാതിപ്പെടാത്ത മക്കളുണ്ടാവില്ല. എന്താണ് ഇതിനൊരു പോംവഴി.
ചിലര്‍ ചീത്ത പറഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കും..വിജയിക്കില്ല, ചിലര്‍ മരുന്ന് വാങ്ങി നല്‍കും, കാര്യമില്ല. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഏറ്റവും വലിയ ആശങ്ക കുട്ടികളുടെ ഈ മറവിയെക്കുറിച്ചാണ്. ഒന്ന് ശ്രമിച്ചാല്‍ ഇത്തരം മറവികള്‍ മാറ്റിയെടുക്കാം.

പഠിച്ചത് മറന്നു പോകുന്നത് പല കാരണങ്ങളിലാണ്. ഭയം ഒരു കാരണമാണ്. പരീക്ഷാപേടിമൂലം പഠിച്ചതൊന്നും പരീക്ഷാ ഹാളില്‍ ഓര്‍മയില്‍ വരില്ല. ക്ലാസ് റൂമില്‍ അധ്യാപകന്‍ ചോദ്യം ചോദിച്ചാല്‍ ഭയം മൂലം അറിയുന്ന ഉത്തരങ്ങള്‍ പോലും മറന്ന് പോകും. പരീക്ഷ പേടിക്കേണ്ട ഒന്നല്ല എന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ഇവിടെ ഭയം മനസ്സില്‍ നിന്ന് മാറ്റിയാല്‍ ഓര്‍മക്കുറവും മാറിക്കിട്ടും.

അമിത സമ്മര്‍ദ്ധവും മറവിക്ക് കാരണമാകാറുണ്ട്. നന്നായി പഠിക്കുന്ന കുട്ടികളിലാണ് ഇത്തരം മറവികള്‍ കണ്ട് വരുന്നത്. അധ്യാപകരും രക്ഷിതാക്കളും അടിച്ചേല്‍പ്പിക്കുന്ന അമിത സമ്മര്‍ദ്ധം മൂലം പലപ്പോഴും നിര്‍ണ്ണായക ഘട്ടത്തില്‍ ഇവര്‍ പലതും മറന്ന് പോകുന്നു. കൂള്‍ മനസ്സിലേക്ക് ഇവരെ കൊണ്ട് വന്നാല്‍ പ്രശ്‌നം തീരും.

പഠിച്ചത് മറക്കാതിരിക്കാന്‍ ലളിതമായൊരു മാര്‍ഗമുണ്ട്. അതായത് നമ്മുടെ മനസ്സിന്റെ 10 ശതമാനം മാത്രമാണ് ബോധമനസ്. ബാക്കി 90 ശതമാനം ഉപബോധ മനസ്സാണ്. പഠിക്കുന്നത് ഉപബോധ മനസ്സില്‍ എത്താതിരിക്കുമ്പോഴാണ് മറവി സംഭവിക്കുക. മനസ്സിലാക്കുക എന്നാല്‍ മനസ്സിലേക്ക് ആക്കുക എന്നാണ് അര്‍ത്ഥം .എന്ന് വെച്ചാല്‍ ഉപബോധ മനസ്സിലേക്ക് ആക്കുക എന്ന്. മനസ്സിലായി എന്നാല്‍ മനസ്സിലേക്ക് ആയി എന്നാണ് അര്‍ത്ഥം. അതായത് ഉപബോധ മനസ്സിലേക്ക് ആയി എന്ന്.

ഇമേജുകളും ഇമോഷനലുകളും (വികാരങ്ങള്‍) വേഗത്തില്‍ ഉപബോധമനസ്സില്‍ സ്ഥാനം പിടിക്കും. പഠനങ്ങള്‍ ആ രീതിയില്‍ കൊണ്ട് പോവുക .ഒരേസമയം ബോധ മനസ്സ് കൊണ്ട് ഒരു കാര്യം മാത്രമാണ് ചെയ്യാനൊക്കുക. ചെയ്യുന്ന കാര്യത്തില്‍ / പഠിക്കുന്ന കാര്യത്തില്‍ ശ്രദ്ധ അതിലേക്ക് മാത്രമാവുക .അപ്പോഴത് ഉപബോധ മനസ്സ് പിടിച്ചെടുക്കും . ഫലമോ മറക്കില്ല .ഇനി അഥവാ പൊടുന്നനെ മറന്നാല്‍ തന്നെ ഒന്ന് ഓര്‍ക്കുമ്പോഴേക്കും അത് ഓര്‍മയില്‍ തെളിഞ്ഞ് വരും.

പലരും പഠിക്കും. പക്ഷെ പഠന രീതി ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ മറവി വരും. പഠിച്ചത് വിഷ്വല്‍ ചെയ്തും എഴുതി ശീലിച്ചും മനസ്സില്‍ ഉറപ്പിച്ച് നിര്‍ത്തണം. ജോലിയിലാണെങ്കിലും പഠനത്തിലാണെങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ അതിലേക്ക് മാത്രം ശ്രദ്ധയോടെ ചെയ്യാന്‍ ശീലിക്കണം. എങ്കില്‍ വലിയ വിജയങ്ങള്‍ തീര്‍ച്ച. മറവിയും പമ്പ കടക്കും.

ഓര്‍മ്മ വര്‍ധിക്കാന്‍ ഒരു സൂത്രമുണ്ട് .രാത്രിയില്‍ ഉറങ്ങാന്‍ കിടക്കും നേരം അല്‍പ്പനേരം അന്നത്തെ പകലിലെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുക. രാവിലെ ഉണര്‍ന്നതു മുതല്‍ കിടക്കാന്‍ വന്നതുവരെയുള്ള നിമിഷങ്ങള്‍ മനസ്സില്‍ ഓര്‍ത്തെടുക്കുക. ഇത് 21 ദിവസം തുടര്‍ച്ചയായി ചെയ്യണം. ആദ്യ ദിവസങ്ങളില്‍ ഒരു പകനുഭവങ്ങള്‍ മൂന്ന് മിനിറ്റില്‍ അവസാനിക്കും. ആത്മാര്‍ത്ഥതയോടെ ചെയ്താല്‍ വരും ദിവസങ്ങളില്‍ ഓര്‍മയുടെ സമയ ദൈര്‍ഘ്യം വര്‍ധിക്കുന്നതായി കാണും. വളരെ ചെറിയ നിമിഷങ്ങളെ പോലും ഇങ്ങനെ ഓര്‍ത്തെടുത്ത് പരിശീലിക്കുക. മറവി തോറ്റ് പോകും.

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്‌നോട്ടിക്ക് കൗണ്‍സിലറും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. 9946025819)

Food feast for everybody in owner’s house in front of helpless and starving servant girl; photo spreading in social media
Posted by
07 October

യജമാനന്റെ വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൃഷ്ടാനഭോജനം; നിസഹായതയോടെ നോക്കിയിരിയ്ക്കുന്ന ജോലിക്കാരി പെണ്‍കുട്ടി: സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന കരളലയിക്കുന്ന ചിത്രത്തിന് പിന്നില്‍

കൊച്ചി: വീട്ട് ജോലിക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയ്ക്ക് ഒരു തുള്ളി വെള്ളം പോലും നല്‍കാതെ പട്ടിണിക്കിരുത്തി ധനിക കുടുംബത്തിന്റെ മൃഷ്ടാനഭോജന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

ധനിക കുടുംബം പുറത്ത് ഭക്ഷണം കഴിക്കുവാന്‍ പോയപ്പോള്‍ കൂടെ കൂട്ടിയതാണ് വീട്ട് ജോലിക്കാരിയായ ബാലികയെ. വീട്ടിലെ ചെറിയകുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഭക്ഷണം വയറ് നിറച്ച് കഴിക്കുമ്പോള്‍ കുറച്ച് മാറി മറ്റൊരു ടേബിളില്‍ യജമാനന്റെ കുടുംബത്തെ നിസഹായതയോടെ നോക്കുകയാണ് ജോലിക്കാരി പെണ്‍കുട്ടി.

മൈക്കിള്‍ ഫെനി എന്ന യുവാവ് തന്റെ മൊബൈല്‍ ക്യാമറില്‍ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങളാണ് ഷെയര്‍ ചെയ്യുന്നത്. ഇന്തോനേഷ്യയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

Green leafs for to keep sharp memory
Posted by
21 September

ഓര്‍മശക്തി കൂട്ടാന്‍ ഇവ കഴിയ്ക്കാം

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അനുഭവിക്കുന്നതാണ് ഓര്‍മ്മക്കുറവ്. പ്രായമാവുമ്പോഴുള്ള ഓര്‍മ്മക്കുറവിനേക്കാള്‍ ബുദ്ധിമുട്ടാണ് വിദ്യാര്‍ത്ഥികളിലെ ഓര്‍മ്മക്കുറവ്.
എന്നാല്‍ പല പോഷകങ്ങള്‍ക്കും ഈ അവസ്ഥകള്‍ കുറയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കും. ബി വൈറ്റമിനുകളായ കോളിന്‍, തയമിന്‍, ഫോളിക് ആസിഡ് തുടങ്ങിയവയും വൈറ്റമിന്‍ ഡിയും ഒമേഗ 3യുമെല്ലാം ഓര്‍മ്മശക്തി കൂട്ടാനും ബ്രയിന്‍സെല്‍സിന്റെ വളര്‍ച്ചയ്ക്കും സഹായിക്കും.

ബ്രോക്കോളി, ബ്രസല്‍ സ്പ്രൗട്ട്‌സ് തുടങ്ങിയ കടും നിറങ്ങളിലെ ഇലവര്‍ഗങ്ങള്‍ക്കും തലച്ചോറിന്റെ പ്രവര്‍ത്തനവേഗം മെച്ചപ്പെടുത്താനും ഓര്‍മ വര്‍ധിപ്പിക്കാനും ശേഷിയുണ്ടെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ കടുംപച്ച നിറമുള്ള ഇലക്കറികള്‍ വേണ്ടത്ര ഉള്‍പ്പെടുത്തണം.

ഫൈറ്റോ കെമിക്കല്‍സ് ധാരാളമടങ്ങിയ സ്‌ട്രോബറി, ബട്ടര്‍ഫ്രൂട്ട്, ഓറഞ്ച്, നെല്ലിക്ക, ഗ്രീന്‍ ടീ, പേരയ്ക്ക ത!ുടങ്ങിയവയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കോശങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും സഹായിക്കും.

ഒമേഗ 3 വാര്‍ക്യത്തിലുണ്ടാകുന്ന മറവി രോഗം (ഡിമന്‍ഷ്യ), നാഡി സംബന്ധമായരോഗങ്ങള്‍ എന്നിവ കുറയ്ക്കുന്നു.

വൈറ്റമിന്‍ ഡിക്ക് ഓര്‍മയും ഗ്രഹണശക്തിയും കൂട്ടാന്‍ കഴിവുണ്ട്. സൂര്യപ്രകാശമേല്‍ക്കുന്നതും മുട്ട, പാല്‍ തുങ്ങിയവയും വൈറ്റമിന്‍ ഡിയുടെ സ്രോതസ്സാണ്.

കടല്‍മത്സ്യങ്ങളായ മത്തി, അയല, ചൂര തുടങ്ങിയവയിലും സോയാബീന്‍, മത്തന്‍കുരു, സൂര്യകാന്തി, ഫ്‌ലാക്‌സീഡ്, ബദാം, വാല്‍നട്ട് എന്നിവയിലും ഒമേഗാ 3യുെട ഘകങ്ങളായ DHA, EPA അടങ്ങിയിരിക്കുന്നു. വിഷാദരോഗത്തിനും ആത്മഹത്യാപ്രവണത കുറയ്ക്കാനും ഇവ നല്ലതാണ്.

ഉള്ളി, സവാള തുടങ്ങിയവയില്‍ അടങ്ങിയ ക്വര്‍സറ്റിന്‍ ബുദ്ധിക്ഷമത കൂട്ടാന്‍ സഹായിക്കും.

കോളിന്‍ ധാരാളമടങ്ങിയ മുട്ടമഞ്ഞ, സോയബീന്‍, നട്‌സ്, സീഡ്‌സ് തുടങ്ങിയവ അല്‍സ്‌ഹൈമര്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്.

ഓര്‍മക്കുറവ് പരിഹരിക്കുന്നതിനും തലച്ചോറിന്റെ വികാസത്തിനും ഞരമ്പുകളുെട പുനരുജ്ജീവനത്തിനുമെല്ലാം ബ്രഹ്മി മികച്ച ഔഷധമെന്ന് ആയുര്‍വേദ പഠനങ്ങള്‍ പറയുന്നു. ബ്രഹ്മി ഇലനീരും ബ്രഹ്മി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. എന്നാല്‍ ഭക്ഷണമായി നേരിട്ട് ഉപയോഗിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ട്. കുട്ടികളില്‍ ഉയന്ന അളവില്‍ ബ്രഹമി ഉള്ളിലെത്തുന്നത് നന്നല്ല.

New divise to treat brething problemes in premature babies
Posted by
10 August

പൂര്‍ണ്ണ വളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസ തടസം വേണ്ടത്രരീതിയില്‍ ക്രമീകരിക്കാന്‍ പുതിയ കണ്ടുപിടുത്തം

പൂര്‍ണ്ണ വളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസതടസം വേണ്ടത്രരീതിയില്‍ ക്രമീകരിക്കാന്‍ ശാസ്ത്രലോകത്ത് ഒരു പുതിയ കണ്ടുപിടുത്തം എത്തുന്നു. വളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ആന്തരികാവയവങ്ങള്‍ വേണ്ടത്ര മെച്ചപ്പെട്ടിട്ടുണ്ടാകില്ല. ശ്വാസകോശത്തിനു ഓക്‌സിജന്‍ സംഞ്ചരിക്കാനുള്ള കഴിവും വേണ്ടത്രയുണ്ടാകില്ല. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസം അനുഭവപ്പെടുന്നത് സ്ഥിരമാണ്.
അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഈ ഉപകരണം ഒരുപാട് ഫലപ്രദമാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ശാസ്ത്രഞ്ജരുടെ പുതിയ കണ്ടുപിടുത്തം ശാസ്ത്രലോകത്ത് പുത്തന്‍ മുതല്‍കൂട്ടാകുമെന്നതിനു സംശയമില്ല.

പേജര്‍ മെഷീന്റെ വലിപ്പത്തോടുകൂടി ശരീരത്തിലേക്ക് കണക്ട് ചെയ്യാനുള്ള വയറുകളാല്‍ നിര്‍മിതമാണ് ഈ ഉപകരണം. വര്‍ഷം തോറും 150,000 കുഞ്ഞുങ്ങളാണ് പൂര്‍ണവളര്‍ച്ചയെത്താതെ ജനിക്കുന്നത്. അവര്‍ക്കൊക്കെയും ശ്വാസതടസത്തിന്റെ പ്രശ്‌നം ഉണ്ടാകുകയും ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.

first aid for choking
Posted by
27 April

തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയാല്‍ എന്തു ചെയ്യണം

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കൊച്ചു കുട്ടികള്‍ മരിക്കാറുണ്ട്. എന്നാല്‍ അത്തരം അവസ്ഥകള്‍ മുതിര്‍ന്നവര്‍ക്കും വരുമെന്നതിന്റെ ഉദാഹരണമായിരുന്നു തൃശ്ശൂരില്‍ വനിതാ ഡോക്ടര്‍ മരിച്ച വാര്‍ത്ത. വലിയൊരു മാളില്‍ തിങ്ങിനിറഞ്ഞ് ജനങ്ങള്‍ ഉണ്ടായിട്ടും മതിയായ പ്രാഥമിക ശുശ്രൂഷയുടെ അഭാവവും കാഴ്ചക്കാരെപോലെ മര്രഉള്ളവര്‍ നോക്കിനിന്നതും ഒരു ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. ഇനിയെങ്കിലും ഈ നിസ്സംഗത വെടിഞ്ഞ് നാം സമൂഹത്തില്‍ പെരുമാറണം. കാഴ്ചക്കാരാവാതെ അപകടത്തില്‍പ്പെടുന്നവര്‍ക്കായി സഹായ ഹസ്തങ്ങള്‍ നീട്ടണം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള ഇത്തരം സംഭവങ്ങള്‍ കണ്മുന്നില്‍ കാണുമ്പോള്‍ നമുക്കു ചെയ്യാനാകുന്ന ചിലതെങ്കിലും ഉണ്ട്. അടിയന്തിരഘട്ടങ്ങളില്‍ ഒരു ജീവന്‍ രക്ഷിക്കേണ്ടതെങ്ങനെയെന്നതിന് നാം ഓരോരുത്തരും പരിശീലനം നേടണം.

തൊണ്ടയില്‍ ആഹാരമോ മറ്റെന്തെങ്കിലും കുടുങ്ങിയാല്‍ പൊതുവേ സംസാരിക്കാനോ ശ്വസിക്കാനോ ചുമക്കാനോ കഴിയാത്ത അവസ്ഥയിലേക്കെത്തും. അതോടെ ശ്വാസോച്ഛ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഹൃദയസ്ഥംഭനം മൂലം മരണം സംഭവിക്കുകയും ചെയ്യും.

ഹൃദയസ്തംഭനമുണ്ടെങ്കില്‍ നെഞ്ചിനു താഴെ സെക്കന്റില്‍ രണ്ടെന്ന വേഗത്തില്‍ ശക്തമായി മര്‍ദം നല്‍കുക.

രോഗിയുടെ വായിലേക്ക് വിരലിട്ട് ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു പരിധിവരെ തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തെടുക്കാന്‍ നല്ലതാണ്

രോഗിയെ കുനിച്ച് നിര്‍ത്തി പിന്നിലൂടെ രോഗിയുടെ വയറിന്റെ മുകള്‍ ഭാഗത്തായി ചേര്‍ത്തുവച്ച് തുടര്‍ച്ചയായി വയറിനു മുകള്‍ ഭാഗത്തായി അമര്‍ത്തുക.

പരന്ന പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി വായതുറന്ന് ശ്വാസതടസ്സമുണ്ടാക്കിയ വസ്തു എടുത്തുകളയാന്‍ ശ്രമിക്കുന്നത് ചിലരില്‍ വിജയം കാണാറുണ്ട്.

ബോധരഹിതനായാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.