beetroot for health
Posted by
23 November

ബീറ്റ്‌റൂട്ട് വെറുതേ വാരി കഴിക്കല്ലേ

ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്‌റൂട്ട്, ബീറ്റ് ഇലകള്‍, ജ്യൂസ് എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും വ്യായാമം ചെയ്യുമ്പോള്‍ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുള്‍പ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും ഉളളവയാണ്. ബീറ്റ്‌റൂട്ടില്‍ ഉളള ന്യൂട്രേറ്റിന്റെ സ്വാധീനമാണ് ഇതിനു കാരണം. പാചകം ചെയ്തും അച്ചാര്‍ ആയും ഉപയോഗിക്കുന്നു ബീറ്റ്‌റൂട്ട്. പച്ചയ്ക്കു കഴിക്കാവുന്നവയാണ് ബീറ്റ് ഇലകള്‍. ചീരയില പോലെ തന്നെ ഉപയോഗിക്കാവുന്ന പോഷക സംപുഷ്ടമായ ഒന്നാണ് ഇവയും.

ബീറ്റ്‌റൂട്ടില്‍ അയണ്‍ ഉളളതുകൊണ്ട് രക്തത്തിലെ ഓക്‌സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിനും അയണിന്റെ കുറവുകാരണം ഉണ്ടാകുന്ന തളര്‍ച്ച മാറ്റാനും ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. വൈറ്റമിന്‍ സി ഉളളതിനാല്‍ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും തരുന്നു.

ബീറ്റ്‌റൂട്ടില്‍ ധാരാളമായി നൈട്രേറ്റുകളുണ്ട്. ഇത് നൈട്രിക് ഓക്‌സൈഡ് ആയി മാറുകയും ഇത് രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഓക്‌സിജന്റെ ഉപയോഗം കൂട്ടി വ്യായാമത്തിലെ പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ആവിയില്‍ പാചകം ചെയ്യുന്നതല്ലാതെയുള്ള പാചകരീതികള്‍ ബീറ്റ്‌റൂട്ടിലെ നൈട്രറ്റിന്റെ അളവ് കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ബെറ്റാനിന്‍ (Betanin) ആണ് ബീറ്റ്‌റൂട്ടിനു തനതു നിറം കൊടുക്കുന്നത്. ഇവ കരളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ബീറ്റ്‌റൂട്ട് കൂടുതലായി ഉപയോഗിക്കുന്നത് മലമൂത്രങ്ങള്‍ക്ക് ബീറ്റ്‌റൂട്ടിന്റെ നിറം വരാന്‍ കാരണമാകുന്നു.

mental-disorders-in-kerala-youth report
Posted by
20 November

കേരളത്തിലെ യുവാക്കളില്‍ എട്ടിലൊരാള്‍ക്ക് മാനസിക പ്രശ്‌നമെന്നു റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ പ്രായപൂര്‍ത്തിയായ എട്ടുപേരില്‍ ഒരാള്‍ക്കു മാനസിക പ്രശ്‌നമുണ്ടെന്നു പഠന റിപ്പോര്‍ട്ട്. 18 നുമേല്‍ പ്രായമുള്ള 12.43% പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നു സംസ്ഥാന മാനസികാരോഗ്യ അഥോറിറ്റിയും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്നു നടത്തിയ പഠനം. കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ ആരോഗ്യനയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഗുരുതരമാനസിക വൈകല്യം(സൈക്കോസിസ്) മൂലം ദുരിതമനുഭവിക്കുന്ന 0.71% പേരുണ്ട്. ഒമ്പതു ശതമാനം പേര്‍ വിഷാദരോഗത്തിന് അടിമപ്പെട്ടവരാണ്. മദ്യപാനവുമായി ബന്ധപ്പെട്ട് മാനസിക ദുരിതമനുഭവിക്കുന്ന 1.46 ശതമാനമുണ്ട്. മാനസികരോഗികളില്‍ 25% പേര്‍ മാത്രമാണ് ചികിത്സ ലഭിക്കാത്തവര്‍. 42.88% രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളിലെത്തുന്നവര്‍ 29.24%. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതി തയാറാക്കി മാനസികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.

പഠനത്തിനായി അനുവദിച്ച 1.5 കോടിയില്‍ 34 ലക്ഷം രൂപമാത്രമാണ് അഞ്ചു ജില്ലകളിലെ സര്‍വേയ്ക്കായി ചെലവായത്. ബാക്കി തുക ഉപയോഗിച്ച് മറ്റു ജില്ലകളില്‍ക്കൂടി സര്‍വേ നടത്തും. പരിശീലനം ലഭിച്ച ആശാ വര്‍ക്കര്‍മാരാണ് സര്‍വേ നടത്തിയത്. സര്‍വേയ്ക്കു നേതൃത്വം നല്‍കിയ ഡോ.ഡി രാജു, ആലപ്പുഴ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. വി സതീഷ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്കു റിപ്പോര്‍ട്ട് കൈമാറി.

ayurveda treatment
Posted by
20 November

മുഖസൗന്ദര്യത്തിന് ആയുര്‍വേദം

മുഖ സൗന്ദര്യത്തിന് എന്നും പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്നയാണ് ആയുര്‍വേദം . മുഖകാന്തിയ്ക്കായി ആയുര്‍വേദത്തില്‍ നിന്നും പൊടിക്കൈകള്‍.

1. ഉലുവ കുതിര്‍ത്ത് അരച്ച് അല്‍പം ഒലിവെണ്ണ ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് 2. കഴുകി കളയാം. ചുളിവുകള്‍ വീഴുന്നത് തടയാം.
3. കുങ്കുമാദി തൈലം മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. മുഖത്തെ കറുപ്പു നിറം മാറും.
4. ഏലാദി വെളിച്ചെണ്ണ ദിവസവും മുഖത്തു പുരട്ടാം മുഖത്തിന് നിറവും മാര്‍ദ്ദവവും കൂടും.
5. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു മാറി മുഖകാന്തി വര്‍ധിക്കും.
6. രാമച്ചം, കസ്തൂരി മഞ്ഞള്‍ എന്നിവ ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തില്‍ ചാലിച്ച് മുഖത്തുപുരട്ടുക.

meditation feelings
Posted by
18 November

ദേഷ്യത്തെ നിയന്ത്രിക്കണോ, ധ്യാനം ശീലമാക്കാം

നമ്മളില്‍ ചിലരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് പെട്ടെന്നു വരുന്ന ദേഷ്യവും വിഷമവും ഒക്കെ. ദേഷ്യവും വിഷമവും ഒക്കെ ഉടന്‍ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം.

ഇതു നമ്മുടെ നിത്യജീവിതത്തിന്റെ താളംതെറ്റിക്കുക മാത്രമല്ല വ്യക്തിബന്ധങ്ങളെയും ബാധിക്കും. ഇവര്‍ക്ക് ആശ്വാസമാണ് അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനസര്‍വകലാശാലയുടെ പുതിയ പഠനം.

പഠനത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം വരുത്താന്‍ ധ്യാനത്തിനു കഴിഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കകേന്ദ്രങ്ങളില്‍ ശ്രദ്ധേയകരമായ മാറ്റങ്ങള്‍ ആണ് രേഖപ്പെടുത്തിയത്.

മൂന്നു മാറ്റങ്ങളാണ് പ്രധാനമായും ഗവേഷകര്‍ കണ്ടെത്തിയത്. ഒന്ന് നിഷേധാത്മക വികാരങ്ങള്‍ വരുന്നതിന്റെ അളവ് കുറഞ്ഞു. രണ്ട് ദേഷ്യം, വിഷമം ഇവയൊക്കെ വന്നാലും വളരെ പെട്ടെന്ന് തന്നെ സാധാരണ മാനസികാവസ്ഥയില്‍ തിരിച്ചെത്താനുള്ള കഴിവു വര്‍ധിച്ചു. ഒപ്പം സ്വന്തം വികാരങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാനുള്ള കഴിവും കൂടി. ഇവയെല്ലാമാണ് മെച്ചപ്പെട്ട വികാരനിയന്ത്രണത്തിനു സഹായിക്കുന്നത്.

ധ്യാനത്തിനു ശേഷം വൈകാരികപ്രതികരണങ്ങളില്‍ പക്വത കൂടിയതായി പഠനത്തില്‍ പങ്കെടുത്തവരും അഭിപ്രായപെട്ടു. മാറ്റങ്ങള്‍ക്കു ദിവസേന ഇരുപതുമിനിട്ട് ധ്യാനം ശീലമാക്കിയാല്‍ മതിയെന്ന് മുഖ്യഗവേഷകന്‍ ജൈസണ്‍ മോസര്‍ പറയുന്നു.

eyes beauty
Posted by
16 November

കവിത വിരിയും കണ്ണുകള്‍ക്ക്

ഒരു സ്ത്രീയുടെ സൗന്ദര്യത്തില്‍ കണ്ണുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. നല്ല ഭംഗിയുള്ള കണ്ണുകളാണെങ്കില്‍ മുഖത്തേക്കു നോക്കുമ്പോള്‍ ആദ്യം നോട്ടം പതിയുക കണ്ണുകളിലേക്കു തന്നെയായിരിക്കും.
എന്നൊക്കെയുള്ള പ്രയോഗം അര്‍ത്ഥവത്താകണമെങ്കില്‍ കണ്ണുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വലിയ ബുദ്ധിമുട്ടൊന്നുമില്ല, ചെലവുമില്ല. നമുക്കു തന്നെ ചെയ്യാം, ചില നിസാര കാര്യങ്ങള്‍. കണ്‍തടത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. പരിഹാരവുമുണ്ട്. കുക്കുമ്പര്‍ നീരില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. കണ്ണിനും കുളിര്‍മ ലഭിക്കും. കണ്‍തടത്തിലെ കറുപ്പ് കുറയുകയും ചെയ്യും. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യണം. കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വച്ചാലും മതി.

ബദാം ഓയില്‍, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടത്തിലെ കറുപ്പും ചുളിവും അകലും. വൈറ്റമിന്‍ എ ഓയില്‍ തേയ്ക്കുന്നതും നല്ലതാണ്. തണുത്ത വെള്ളത്തില്‍ മുഖം അല്‍പനേരം താഴ്ത്തിപ്പിടിക്കുക. കണ്ണുകള്‍ക്ക് ഇത് നല്ലതാണ്. കണ്‍തടത്തില്‍ പനിനീര്‍ പുരട്ടുന്നതും നല്ലതാണ്. ഇത് കിടക്കുന്നതിനു മുന്‍പു ചെയ്യാം. തക്കാളി, ചെറുനാരങ്ങാനീര് കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുന്നതും ഗുണം ചെയ്യും. പുറത്തു പോയി വന്നാല്‍ തണുത്ത വെള്ളത്തില്‍ മുഖവും കണ്ണുകളും കഴുകുന്നതു ശീലമാക്കുക. ഇളനീര്‍ കുഴമ്പു പോലുള്ളവ കണ്ണിലെഴുതുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പൊടിയിലും ചൂടിലും പോകേണ്ടി വരുമ്പോള്‍ കൂളിംഗ് ഗ്ലാസ് ധരിക്കുന്നതും കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.

music as a treatment for depression
Posted by
14 November

വിഷാദരോഗത്തിന് സംഗീത ചികിത്സ

കൊച്ചി: സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കാന്‍ സംഗീതത്തിന് കഴിയുന്ന പോലെ മറ്റൊന്നിനും സാധിക്കില്ല. ഇത്തരത്തില്‍ സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. വിഷാദരോഗത്തിന് അടിമയായ കുട്ടികളുടെയും യുവാക്കളുടെയും മാനസികപ്രശ്‌നങ്ങള്‍ കുറയ്ക്കാനും സംഗീതം സഹായിക്കുമെന്നു പുതിയ പഠനം തെളിയിക്കുന്നു.

വിഷാദ രോഗികളായ കുട്ടികളും യുവാക്കളുമടങ്ങുന്ന 251 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ശേഷം ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. പിന്നീട് ഒരു ഗ്രൂപ്പിന് സാധാരണ ചികിത്സയും ഒരു ഗ്രൂപ്പിന് സംഗീത ചികിത്സയും നല്‍കി. ഇതില്‍ മ്യൂസിക് തെറാപ്പി ചെയ്ത കുട്ടികളില്‍ വന്‍ മാറ്റമാണ് സംഭവിച്ചത്. സംഗീത ചികിത്സ ലഭിച്ച 8നും 16നും വയസ്സിനിടയിലുള്ള കുട്ടികളുടെ വിഷാദ രോഗം കുറഞ്ഞതായി കണ്ടെത്തി.

സാധാരണ ചികിത്സകൊണ്ടുണ്ടാകുന്നതിനേക്കാള്‍ മികച്ച ഫലമാണ് മ്യൂസിക് തെറാപ്പി നല്‍കുന്നതെന്നു യുകെയിലെ ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. രോഗികളുടെ വിഷാദവും ആശങ്കയും കുറയ്ക്കാന്‍ സംഗീത ചികിത്സകൊണ്ടു സാധിക്കുമെന്നു കണ്ടെത്തിയതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ സാം പോര്‍ട്ടര്‍ പറഞ്ഞു.

pedicure making
Posted by
14 November

പാദങ്ങള്‍ സുന്ദരമാക്കാന്‍ ഇനി പെഡിക്യൂര്‍ വീട്ടില്‍ ചെയ്യാം

പാദങ്ങള്‍ മൃദുലവും തിളക്കമുള്ളതും മനോഹരവും ആക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ. അധികം ചെലവില്ലാതെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ പെഡിക്യൂര്‍ ഇനി വീട്ടില്‍ തന്നെ ചെയ്യാം.പെഡിക്യൂറിന് ആയി ഇനി ബ്യൂട്ടി സലൂണ് സന്ദര്‍ശിക്കേണ്ടതില്ല.

നഖങ്ങളില്‍ പഴയ നെയില്‍ പോളിഷുണ്ടെങ്കില്‍ ആദ്യം അത് നീക്കം ചെയ്യുക. നല്ലൊരു നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് പഴയ നെയില്‍ പോളിഷിന്റെ അവശിഷ്ടങ്ങള്‍ കാല്‍ നഖങ്ങളില്‍ നിന്നും നീക്കം ചെയ്യുക. പോളിഷ് നീക്കം ചെയ്തു കഴിയുമ്പോള്‍ നഖങ്ങളില്‍ മഞ്ഞ നിറം കാണുന്നുണ്ടെങ്കില്‍ ഒരു കഷ്ണം പഞ്ഞി ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ മുക്കി വൃത്തിയാക്കുക.

കാല്‍ നഖങ്ങള്‍ വെട്ടി നേരെയാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത് . കാല്‍ വിരലുകളുടെ അറ്റത്തേക്കാള്‍ നീളത്തില്‍ നഖങ്ങള്‍ വളരുന്നത് ചിലപ്പോള്‍ നഖങ്ങള്‍ അകത്തേയ്ക്ക് കയറി വേദന ഉണ്ടാകാന്‍ കാരണമാകും. ഒരേ ക്രമത്തില്‍ വേണം നഖങ്ങള്‍ വെട്ടി നേരെയാക്കാന്‍ അല്ലെങ്കില്‍ പൊട്ടി പോകാനുള്ള സാധ്യത ഉണ്ട്. വെട്ടിയതിന് ശേഷം നഖങ്ങള്‍ രാകി ഇഷ്ടമുള്ള ആകൃതിയില്‍ ആക്കാം.

കാല്‍ പാദങ്ങള്‍ ചൂട് വെള്ളത്തില്‍ മുക്കി വയ്ക്കുക. വരണ്ടതും തഴമ്പിച്ചതുമായ ചര്‍മ്മം മൃദുലമാകാന്‍ ഇത് സഹായിക്കും.ഒരു പാത്രത്തില്‍ കണങ്കാല്‍ മുങ്ങുന്നത് വരെ ചൂട് വെള്ളം എടുത്ത് അതില്‍ അര കപ്പ് ഇന്തുപ്പ്, ഒരു കപ്പ് ചൂട് പാല്‍ , ഏതാനം തുള്ളി സുഗന്ധ തൈലം എന്നിവ ചേര്‍ത്ത് കാലുകള്‍ മുക്കി വയ്ക്കുക. കൂടുതല്‍ മണവും സുഖവും ലഭിക്കുന്നതിന് റോസപ്പൂവിന്റെ ഇതളുകളും ചേര്‍ക്കാവുന്നതാണ്. 1015 മിനുട്ട് നേരം ഈ വെള്ളത്തില്‍ കാലുകള്‍ മുക്കി വയ്ക്കുക.

കഴുകി കഴിഞ്ഞാല്‍ ഉടന്‍ തന്നെ പാദങ്ങള്‍ ഉണക്കി കാല്‍നഖങ്ങള്‍ക്ക് താഴെ ചര്‍മ്മത്തിനിണങ്ങുന്ന ഏതെങ്കിലും ക്രീം പുരട്ടുക. വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചതിന് ശേഷം പാദത്തിലെ ചര്‍മ്മങ്ങള്‍ വളരെ മൃദുലമായിരിക്കും.ഓറഞ്ച് സ്റ്റിക് ഉപയോഗിച്ച് മൃത ചര്‍മ്മം നീക്കം ചെയ്യുക. ആവശ്യമെങ്കില്‍ ചര്‍മ്മം നീക്കം ചെയ്യാനുള്ള ലോഷനോ ക്രീമോ പുരട്ടുക.

നനവും മൃദുലതയും നിലനിര്‍ത്തി ചര്‍മ്മം വിണ്ടു കീറുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ മോയ്ച്യുറൈസേഷന്‍ സഹായിക്കും. മോയ്‌സ്ച്യുറൈസര്‍ പുരട്ടി പാദങ്ങള്‍ നന്നായി മസ്സാജ് ചെയ്യുക. പതിവായി പാദങ്ങള്‍ മസ്സാജ് ചെയ്യുന്നത് നാഡികള്‍ക്ക് ഉത്തേജനം നല്‍കാനും രക്തയോട്ടം മെച്ചപ്പെടുത്തി ചര്‍മ്മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കും.

അവസാനമായി ചെയ്യേണ്ട കാര്യ കാല്‍ നഖങ്ങള്‍ക്ക് നിറം നല്‍കുക എന്നതാണ്. നെയില്‍ പോളിഷ് ഇടുന്നതിന് മുമ്പ് നഖങ്ങള്‍ റിമൂവര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. മോയ്‌സ്ച്യുറൈസ് ചെയ്തതിന് ശേഷം അധികമായി എണ്ണമയം നഖങ്ങളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. പഞ്ഞി ഉപയോഗിച്ച് കാല്‍ വിരലുകള്‍ അകറ്റിയതിന് ശേഷം നഖങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കുക. നെയില്‍ പോളിഷ് ഒരാവര്‍ത്തി ഇട്ടതിന് ശേഷം അതുണങ്ങിയിട്ട് വേണം അതിന് മേല്‍ വീണ്ടും ഇടാന്‍. ഇത് ഉണങ്ങിയതിന് ശേഷം വീണ്ടും ഇടുക. ഇങ്ങനെ ചെയ്യുന്നത് നെയില്‍ പോളിഷ് ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കും.

Red sandal for beauty
Posted by
13 November

രക്ത ചന്ദനത്തിലുണ്ട് ബ്ലാക്ക് ഹെഡ്‌സിനുള്ള പരിഹാരം

ചര്‍മ്മത്തിന്റെ നിറം തന്നെയാണ് പലരുടേയും പ്രശ്‌നം. എന്നാല്‍ പ്രകൃതി ദത്തമായ വഴികള്‍ ഒരും തന്നെ ഉപയോഗിക്കാറില്ല ഇന്നത്തെ കാലത്ത്. പെട്ടെന്നുള്ള ഫലം ലഭിയ്ക്കുന്നതിനായി കൃത്രിമമായ സൗന്ദര്യസംരക്ഷണമാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. ആയുര്‍വ്വേദത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന സൗന്ദര്യസംരക്ഷണ വസ്തുവാണ് രക്തചന്ദനം. രക്ത ചന്ദനം പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നു മാത്രമല്ല അതിലേറെ ആരോഗ്യഗുണങ്ങളും നല്‍കുന്നുണ്ട്

അതിനായി 1 സ്പൂണ്‍ രക്തചന്ദനത്തിന്റെ പൊടിയും അല്‍പം പാലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇത്തരത്തില്‍ ആഴ്ചയില്‍ നാല് തവണ ചെയ്യുക. ഫലം ഉടന്‍ തന്നെ നിങ്ങളുടെ മുഖത്ത് തെളിഞ്ഞു കാണാം

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രക്ത ചന്ദനം സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. അല്‍പം രക്ത ചന്ദനം വെള്ളത്തിലോ പാലിലോ ചാലിച്ച് കഴുത്തിലും മുഖത്തും തേയ്ക്കുക. ഇത് ചര്‍മ്മത്തിന് നിറം നല്‍കുകയും കഴുത്തിലുണ്ടാകുന്ന കറുപ്പിന് പരിഹാരമാവുകയും ചെയ്യുന്നു. മുഖക്കുരുവിന് പരിഹാരം കാണാന്‍ ഏറ്റവും നല്ല വഴിയാണ് ഇത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എ്ന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണവും.ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തിലെ വെല്ലുവിളിയാണ് സണ്‍ടോന്‍. ഇതിനെ മറികടക്കാനും രക്തചന്ദനത്തിന് കഴിയും.

curly beauty full hair
Posted by
12 November

ചുരുണ്ട മുടിയിലെ സൗന്ദര്യം സംരക്ഷിക്കാന്‍

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ മുടി സ്‌ട്രെയിറ്റന്‍ ചെയ്യുന്നതിനു പുറകേയാണ്. എന്നാല്‍ പലപ്പോഴും ഇതിനായി ആയിരങ്ങള്‍ മുടക്കുന്ന പെണ്‍കുട്ടികള്‍ അറിയുന്നില്ല കേശസംരക്ഷണത്തിന് ഇത്തരം കെട്ടിച്ചമച്ച അലങ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍.

ചുരുണ്ട മുടി പലര്‍ക്കും ഉപദ്രവമാണ് ഉണ്ടാക്കുന്നത് എന്നാണ് ധാരണ. എന്നാല്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ഇത്രയധികം സൗന്ദര്യം നീണ്ടു വളര്‍ന്ന മുടിയില്‍ കണ്ടെടുക്കാന്‍ പ്രയാസമാണ്. ചുരുണ്ട മുടിയുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആവണക്കെണ്ണ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും. എന്നാല്‍ മുടിവളര്‍ച്ചയോടൊപ്പം മുടിയുടെ തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ആവണക്കെണ്ണ മതി. ആവണക്കെണ്ണ ദിവസവും മുടിയില്‍ പുരട്ടാം. ഇത് ചുരുണ്ട മുടിയില്‍ ഉണ്ടാകുന്ന കെട്ടുകളും മറ്റും ഇല്ലാതാക്കും. ഇവ രണ്ടും മുടിയുടെ ആരോഗ്യത്തിന് മുന്നില്‍ നില്‍ക്കുന്നവ തന്നെയാണ്. കറ്റാര്‍വാഴയും ആവണക്കെണ്ണയും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടാം. മുടിയുടെ ഉള്ളിലുള്ള ഇഴകള്‍ പോലും തിളക്കമുറ്റതാകും.

മുടിയുടെ തിളക്കവും മിനിസവും ചുരുണ്ട മുടിക്കാര്‍ എന്നും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ കറ്റാര്‍ വാഴ ഇതിന് പരിഹരാമാണ്. ഒരു ടീ സ്പൂണ്‍ കറ്റാര്‍വാഴയില്‍ ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് അല്‍പം തൈരും കടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടിയിലെ മിനുസവും തിളക്കവും നിലനിര്‍ത്തുന്നു. മുടി കഴുകുക ചീകുക എന്നതൊക്കെ വലിയ പ്രശ്‌നമാണ് ചുരുണ്ട മുടിക്കാര്‍ക്ക്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ചെമ്പരത്തി കൊണ്ട് നമുക്ക് ഇല്ലാതാക്കാം. ചെമ്പരത്തിയും കറ്റാര്‍ വാഴയും ഇട്ട് മുടി കഴുകിയാല്‍ ഇത് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം പരിഹരിയ്ക്കുന്നു.

tomato for beauty
Posted by
12 November

സൗന്ദര്യം കൂട്ടാന്‍ തക്കാളി മതി

ചര്‍മസംരക്ഷണത്തിന് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് തക്കാളി. നല്ലൊരു ഭക്ഷ്യവിഭവമെന്നതിലുമുപരിയായി സൗന്ദര്യവര്‍ദ്ധനവിനു സഹായിക്കുന്നൊരു വസ്തുവാണ് തക്കാളി. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നതു കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്.

ചര്‍മത്തിലെ സുഷിരങ്ങള്‍ക്കു വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചര്‍മത്തില്‍ ചെളി അടിഞ്ഞു കൂടുവാന്‍ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ കാരണമാകും.
തക്കാളി നീര് മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. വേനല്‍ക്കാലത്ത് പുറത്തിറങ്ങിയാല്‍ വെയിലേറ്റ് ചര്‍മം കരുവാളിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് കരുവാളിപ്പു കുറയ്ക്കും.

സണ്‍ടോന്‍ അകറ്റുന്നതിനും ചര്‍മത്തിലുണ്ടാകുന്ന ഡാര്‍ക് സ്‌പോട്‌സിന്റെ നിറം കുറയ്ക്കുന്നതിനും തക്കാളി നീര് നല്ലതാണ്. ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെന്‍സറാണ് തക്കാളി നീര്. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മം വൃത്തിയാക്കാന്‍ സഹായിക്കും. മുഖചര്‍മത്തിന് തിളക്കം നല്‍കാനും തക്കാളിയുടെ നീര് നല്ലതു തന്നെ. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുമുണ്ട്.