yoga for for better health
Posted by
03 December

മാനസിക പിരിമുറുക്കങ്ങള്‍ക്ക് യോഗ പരിഹാരമാണോ?

യോഗം ആണ് യോഗ. ശാരീരികവും മാനസികവും ആത്മീയവും വൈകാരികവുമായ തലങ്ങളുടെ കൂടിച്ചേരല്‍. ഇതിലൂടെ ആര്‍ജിച്ചെടുക്കുന്ന പൂര്‍ണാരോഗ്യവും.വെറുതെ യോഗ ചെയ്തിട്ടു കാര്യമില്ല. ഓരോ യോഗാഭ്യാസം ചെയ്യുമ്പോഴും മനസ്സ് ശരീരത്തിലേക്ക് കേന്ദ്രീകരിക്കണം. ഫലം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. യോഗ ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം.

പത്തു വയസ്സ് മുതല്‍ കുട്ടികളെ യോഗ അഭ്യസിപ്പിച്ചു തുടങ്ങാം. ഈ പ്രായത്തിനു മുമ്പ് ഒരിടത്ത് തന്നെ അടങ്ങിയിരുന്ന് യോഗ ചെയ്യാനുളള സന്നദ്ധത കുട്ടികള്‍ക്ക് ഉണ്ടാകില്ല. യോഗയോ ടുളള താത്പര്യമുണ്ടാക്കിയെടുത്ത് അത് ശീലിപ്പിക്കുകയാണെങ്കില്‍ ഈ പ്രായമെങ്കിലും ആകണം. ചെറിയ കളികളിലൂടെയും മറ്റും കുട്ടികള്‍ക്ക് യോഗയോടുളള താത്പര്യം വര്‍ധിപ്പിക്കാം.

ഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്ക് ശാന്തസ്വഭാവം വരുത്താന്‍ യോഗ ശീലിപ്പിക്കാം. ഉത്സാഹക്കുറവുളള കുട്ടിയെക്കൊണ്ട് എല്ലാ ദിവസവും പ്രാണായാമം ചെയ്യിച്ചാല്‍ ഉത്സാഹവും സന്തോഷവും കൂടും. പഠനത്തില്‍ ശ്രദ്ധ, കാര്യങ്ങള്‍ ഗ്രഹിക്കാനുളള കഴിവ്, ശാരീരിക ക്ഷമത എന്നിവ കൂടുന്നതിനു യോഗ സഹായിക്കും.

രാവിലെയോ വൈകിട്ടോ യോഗ ചെയ്യാം. പക്ഷേ, പുലര്‍ച്ചെ പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം വെറും വയറ്റില്‍ യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ആഹാരത്തിനു ശേഷം ഉടനേ യോഗ ചെയ്യരുത്. പ്രധാന ആഹാരത്തിനു ശേഷം മൂന്നര മണിക്കൂര്‍ കഴിഞ്ഞും ലഘു ഭക്ഷണത്തിനു ശേഷം ഒരു മണിക്കൂര്‍ കഴി!ഞ്ഞും യോഗ ചെയ്യാം.

ഇല്ല. ഓരോരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകള്‍ ചെയ്യാവൂ. തുടക്കക്കാര്‍ക്കും പ്രായമുളളവര്‍ക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം. യോഗാഭ്യാസം ആവര്‍ത്തിക്കുമ്പോള്‍ അതിന്റെ പടി കൂടി വിലയിരുത്തണം. അങ്ങനയേ കൃത്യമായ നില (പൊസിഷന്‍)കളിലേക്ക് എത്താന്‍ സാധിക്കൂ.

day time nap leads to diabetes
Posted by
25 November

നീണ്ട പകലുറക്കം പ്രമേഹസാധ്യത കൂട്ടും

നീണ്ട പകലുറക്കം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, ഒരുപക്ഷേ പ്രമേഹത്തിനുള്ള മുന്നറിയിപ്പാകാമത്. മൂന്നു ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചു നടത്തിയ ഒരു പഠനത്തിലാണു പകല്‍ ഒട്ടും മയങ്ങാത്തവരെ അപേക്ഷിച്ച് ഒരു മണിക്കൂറിലധികം പകല്‍ ഉറങ്ങുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 45 ശതമാനം ആണെന്നു കണ്ടത്.ആരോഗ്യം വളരെക്കുറഞ്ഞ ആളുകളോ പ്രമേഹരോഗത്തിന്റെ ആദ്യഘട്ടത്തിലുള്ളവരോ ആകാം ദീര്‍ഘസമയം പകല്‍ ഉറങ്ങുന്നത്.

ദീര്‍ഘകാലമായി രോഗമുള്ളവര്‍ക്കും പ്രമേഹരോഗ നിര്‍ണയം നടത്താത്തവര്‍ക്കും പകല്‍ ക്ഷീണം തോന്നുക പതിവാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രമേഹം വരാനുള്ള സാധ്യതയാകാം മയക്കത്തിനു കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അല്‍പം ഉയരുന്നതു മൂലമാകാം ഇത്. പ്രമേഹത്തിനുള്ള മുന്നറിയിപ്പാണ് ഈ മയക്കമെന്നു ചുരുക്കം. ഉറക്കം തടസ്സപ്പെടുന്നതും പ്രമേഹവുമായി ബന്ധമുണ്ടെന്നതിനു ധാരാളം തെളിവുകളുണ്ടെന്ന് പഠനത്തെ ഉദ്ധരിച്ച് ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ പ്രൊഫസര്‍ നവീദ് സത്താര്‍ പറയുന്നു.

സ്ലീപ് അപ്നിയ മൂലം രാത്രിയില്‍ ഉറക്കം തടസ്സപ്പെടുന്നതു മൂലമാകാം പകല്‍ നീണ്ട മയക്കം. ഇങ്ങനെയുള്ള ഉറക്കപ്രശ്‌നങ്ങള്‍ ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കൂട്ടുകയും ടൈപ്പ് 2 പ്രമേഹമുള്‍പ്പടെയുള്ള മെറ്റബോളിക് ഡിസോര്‍ഡറുകള്‍ വരാനുള്ള സാധ്യതയിലേക്കു നയിക്കുകയും ചെയ്യും.

ജോലിയോ സാമൂഹിക ജീവിതക്രമം മൂലമോ നഷ്ടപ്പെടുന്ന ഉറക്കം വിശപ്പു കൂട്ടുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും. എന്നാല്‍ ഇതിനു വിരുദ്ധമായി 40 മിനിറ്റില്‍ കുറവുള്ള ചെറുമയക്കം നമ്മളെ ശ്രദ്ധയുള്ളവരാക്കുകയും തലച്ചോറിന്റെ മോട്ടോര്‍സ്‌കില്‍സ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ടോക്കിയോ സര്‍വകലാശാലയിലെ യമാഡാ ടൊമാഹൈഡിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനം, ജര്‍മനിയിലെ മ്യൂണിച്ചില്‍ നടന്ന 2016 ലെ യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡയബറ്റിസ് മീറ്റിങ്ങില്‍ അവതരിപ്പിച്ചു.

smoking habbit of girls
Posted by
24 November

പുക വലിച്ചാല്‍ മോഡേണ്‍ ആകില്ല

മോഡോണ്‍ ആകുക അല്ലെങ്കില്‍ ഫാഷനബിള്‍ ആകുക, ഇന്‍ഡിപെന്‍ഡന്റ് ആകുക, ആത്മവിശ്വാസമുള്ളവളാകുക.ഇതൊക്കെ ആകണമെങ്കില്‍ പുകവലി കൂടി ശീലമാക്കണോ? ഇന്നത്തെ പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് പുകവലിയിലൂടെ ആണത്രേ.

പായ്ക്കറ്റിനു പുറത്ത് നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും പെണ്‍കുട്ടികളുടെ ഇടയില്‍ പുകവലി ശീലം കൂടിവരികയാണ്. 21ാം നൂറ്റാണ്ടിലെ പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന് സ്ത്രീകളില്‍ വര്‍ധിച്ചു വരുന്ന പുകവലി തടയുക എന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 5 ദശലക്ഷം പേരെയാണ് പുകവലി കൊല്ലുന്നത്. 2030 ആകുമ്പോഴേയ്്ക്കും ഇത് എട്ടു ദശലക്ഷമാകും.

പെണ്‍കുട്ടികള്‍ കൗമാരപ്രായത്തിലാണ് പുകവലി ശീലമാക്കുന്നത്. രക്ഷിതാക്കളുടെ പുകവലിയാകാം ഇതിനൊരു കാരണം. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അനാരോഗ്യകരമായ ശീലങ്ങളും സ്വഭാവങ്ങളും രക്ഷിതാക്കളില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. പുകവലി ശീലമുള്ള സുഹൃത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കാനും ചിലര്‍ പുകവലിച്ചു തുടങ്ങുന്നു.

അര നൂറ്റാണ്ടു മുന്‍പ് ശ്വാസകോശാര്‍ബുദം മൂലം മരിക്കുന്ന പുരുഷന്‍മാരുടെ എണ്ണം സ്ത്രീകളുടെ അഞ്ചിരട്ടി ആയിരുന്നു. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളോടെ ഈ കാര്യത്തില്‍ സ്ത്രീപുരുഷ സമത്വം വന്നു.

ശ്വാസകോശാര്‍ബുദം മൂലമുള്ള മരണനിരക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് 25 മടങ്ങാണ്. തുടര്‍ച്ചയായി പുകവലിക്കുന്ന ഒരു സ്ത്രീ, പുകവലിക്കാത്തവരെ അപേക്ഷിച്ച് 10 കൊല്ലം മുമ്പേ മരിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുകവലി മൂലം ശ്വാസകോശാര്‍ബുദം ഉണ്ടാകുന്നതു കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, സ്തനാര്‍ബുദം ഉള്‍പ്പടെയുള്ള മറ്റ് അര്‍ബുദങ്ങള്‍ ഇവയ്ക്കുള്ള സാധ്യതയും കൂടുന്നു.

സിഗരറ്റിന്റെ നിര്‍മാണത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ഇതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും മിക്കവര്‍ക്കും അറിയില്ല. നിറയെ ദ്വാരങ്ങളുള്ള ഫില്‍റ്ററുകളുടെ ഉപയോഗം, ശക്തിയായി എളുപ്പത്തില്‍ വലിക്കാനും അതുവഴി നിേക്കാട്ടിന്‍ രക്തത്തില്‍ വളരെവേഗം കലരാനും ഇടയാക്കും. ഫലമോ സിഒപിഡി എന്ന ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്.

പുകവലി സ്ത്രീകളില്‍ വന്ധ്യത ഉണ്ടാക്കും. ഒരു സിഗരറ്റ്കുറ്റി വലിച്ചു തീരുമ്പോള്‍ ഏഴായിരത്തിലധികം രാസവസ്തുക്കളാണ് ശരീരത്തിലാകെയും അവയവങ്ങളിലും വ്യാപിക്കുന്നത്. ഇത് ഓവുലേഷനെ ബാധിക്കും, പ്രത്യുല്‍പാദനാവയങ്ങളെ തകരാറിലാക്കും. നേരത്തേയുള്ള ആര്‍ത്തവവിരാമത്തിനു കാരണമാകും.ഇങ്ങനെ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

beetroot for health
Posted by
23 November

ബീറ്റ്‌റൂട്ട് വെറുതേ വാരി കഴിക്കല്ലേ

ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്‌റൂട്ട്, ബീറ്റ് ഇലകള്‍, ജ്യൂസ് എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും വ്യായാമം ചെയ്യുമ്പോള്‍ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുള്‍പ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും ഉളളവയാണ്. ബീറ്റ്‌റൂട്ടില്‍ ഉളള ന്യൂട്രേറ്റിന്റെ സ്വാധീനമാണ് ഇതിനു കാരണം. പാചകം ചെയ്തും അച്ചാര്‍ ആയും ഉപയോഗിക്കുന്നു ബീറ്റ്‌റൂട്ട്. പച്ചയ്ക്കു കഴിക്കാവുന്നവയാണ് ബീറ്റ് ഇലകള്‍. ചീരയില പോലെ തന്നെ ഉപയോഗിക്കാവുന്ന പോഷക സംപുഷ്ടമായ ഒന്നാണ് ഇവയും.

ബീറ്റ്‌റൂട്ടില്‍ അയണ്‍ ഉളളതുകൊണ്ട് രക്തത്തിലെ ഓക്‌സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിനും അയണിന്റെ കുറവുകാരണം ഉണ്ടാകുന്ന തളര്‍ച്ച മാറ്റാനും ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. വൈറ്റമിന്‍ സി ഉളളതിനാല്‍ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും തരുന്നു.

ബീറ്റ്‌റൂട്ടില്‍ ധാരാളമായി നൈട്രേറ്റുകളുണ്ട്. ഇത് നൈട്രിക് ഓക്‌സൈഡ് ആയി മാറുകയും ഇത് രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഓക്‌സിജന്റെ ഉപയോഗം കൂട്ടി വ്യായാമത്തിലെ പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ആവിയില്‍ പാചകം ചെയ്യുന്നതല്ലാതെയുള്ള പാചകരീതികള്‍ ബീറ്റ്‌റൂട്ടിലെ നൈട്രറ്റിന്റെ അളവ് കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ബെറ്റാനിന്‍ (Betanin) ആണ് ബീറ്റ്‌റൂട്ടിനു തനതു നിറം കൊടുക്കുന്നത്. ഇവ കരളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ബീറ്റ്‌റൂട്ട് കൂടുതലായി ഉപയോഗിക്കുന്നത് മലമൂത്രങ്ങള്‍ക്ക് ബീറ്റ്‌റൂട്ടിന്റെ നിറം വരാന്‍ കാരണമാകുന്നു.

mental-disorders-in-kerala-youth report
Posted by
20 November

കേരളത്തിലെ യുവാക്കളില്‍ എട്ടിലൊരാള്‍ക്ക് മാനസിക പ്രശ്‌നമെന്നു റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ പ്രായപൂര്‍ത്തിയായ എട്ടുപേരില്‍ ഒരാള്‍ക്കു മാനസിക പ്രശ്‌നമുണ്ടെന്നു പഠന റിപ്പോര്‍ട്ട്. 18 നുമേല്‍ പ്രായമുള്ള 12.43% പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നു സംസ്ഥാന മാനസികാരോഗ്യ അഥോറിറ്റിയും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്നു നടത്തിയ പഠനം. കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ ആരോഗ്യനയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഗുരുതരമാനസിക വൈകല്യം(സൈക്കോസിസ്) മൂലം ദുരിതമനുഭവിക്കുന്ന 0.71% പേരുണ്ട്. ഒമ്പതു ശതമാനം പേര്‍ വിഷാദരോഗത്തിന് അടിമപ്പെട്ടവരാണ്. മദ്യപാനവുമായി ബന്ധപ്പെട്ട് മാനസിക ദുരിതമനുഭവിക്കുന്ന 1.46 ശതമാനമുണ്ട്. മാനസികരോഗികളില്‍ 25% പേര്‍ മാത്രമാണ് ചികിത്സ ലഭിക്കാത്തവര്‍. 42.88% രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളിലെത്തുന്നവര്‍ 29.24%. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതി തയാറാക്കി മാനസികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.

പഠനത്തിനായി അനുവദിച്ച 1.5 കോടിയില്‍ 34 ലക്ഷം രൂപമാത്രമാണ് അഞ്ചു ജില്ലകളിലെ സര്‍വേയ്ക്കായി ചെലവായത്. ബാക്കി തുക ഉപയോഗിച്ച് മറ്റു ജില്ലകളില്‍ക്കൂടി സര്‍വേ നടത്തും. പരിശീലനം ലഭിച്ച ആശാ വര്‍ക്കര്‍മാരാണ് സര്‍വേ നടത്തിയത്. സര്‍വേയ്ക്കു നേതൃത്വം നല്‍കിയ ഡോ.ഡി രാജു, ആലപ്പുഴ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. വി സതീഷ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്കു റിപ്പോര്‍ട്ട് കൈമാറി.

ayurveda treatment
Posted by
20 November

മുഖസൗന്ദര്യത്തിന് ആയുര്‍വേദം

മുഖ സൗന്ദര്യത്തിന് എന്നും പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്നയാണ് ആയുര്‍വേദം . മുഖകാന്തിയ്ക്കായി ആയുര്‍വേദത്തില്‍ നിന്നും പൊടിക്കൈകള്‍.

1. ഉലുവ കുതിര്‍ത്ത് അരച്ച് അല്‍പം ഒലിവെണ്ണ ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് 2. കഴുകി കളയാം. ചുളിവുകള്‍ വീഴുന്നത് തടയാം.
3. കുങ്കുമാദി തൈലം മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. മുഖത്തെ കറുപ്പു നിറം മാറും.
4. ഏലാദി വെളിച്ചെണ്ണ ദിവസവും മുഖത്തു പുരട്ടാം മുഖത്തിന് നിറവും മാര്‍ദ്ദവവും കൂടും.
5. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു മാറി മുഖകാന്തി വര്‍ധിക്കും.
6. രാമച്ചം, കസ്തൂരി മഞ്ഞള്‍ എന്നിവ ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തില്‍ ചാലിച്ച് മുഖത്തുപുരട്ടുക.

meditation feelings
Posted by
18 November

ദേഷ്യത്തെ നിയന്ത്രിക്കണോ, ധ്യാനം ശീലമാക്കാം

നമ്മളില്‍ ചിലരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് പെട്ടെന്നു വരുന്ന ദേഷ്യവും വിഷമവും ഒക്കെ. ദേഷ്യവും വിഷമവും ഒക്കെ ഉടന്‍ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം.

ഇതു നമ്മുടെ നിത്യജീവിതത്തിന്റെ താളംതെറ്റിക്കുക മാത്രമല്ല വ്യക്തിബന്ധങ്ങളെയും ബാധിക്കും. ഇവര്‍ക്ക് ആശ്വാസമാണ് അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനസര്‍വകലാശാലയുടെ പുതിയ പഠനം.

പഠനത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം വരുത്താന്‍ ധ്യാനത്തിനു കഴിഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കകേന്ദ്രങ്ങളില്‍ ശ്രദ്ധേയകരമായ മാറ്റങ്ങള്‍ ആണ് രേഖപ്പെടുത്തിയത്.

മൂന്നു മാറ്റങ്ങളാണ് പ്രധാനമായും ഗവേഷകര്‍ കണ്ടെത്തിയത്. ഒന്ന് നിഷേധാത്മക വികാരങ്ങള്‍ വരുന്നതിന്റെ അളവ് കുറഞ്ഞു. രണ്ട് ദേഷ്യം, വിഷമം ഇവയൊക്കെ വന്നാലും വളരെ പെട്ടെന്ന് തന്നെ സാധാരണ മാനസികാവസ്ഥയില്‍ തിരിച്ചെത്താനുള്ള കഴിവു വര്‍ധിച്ചു. ഒപ്പം സ്വന്തം വികാരങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാനുള്ള കഴിവും കൂടി. ഇവയെല്ലാമാണ് മെച്ചപ്പെട്ട വികാരനിയന്ത്രണത്തിനു സഹായിക്കുന്നത്.

ധ്യാനത്തിനു ശേഷം വൈകാരികപ്രതികരണങ്ങളില്‍ പക്വത കൂടിയതായി പഠനത്തില്‍ പങ്കെടുത്തവരും അഭിപ്രായപെട്ടു. മാറ്റങ്ങള്‍ക്കു ദിവസേന ഇരുപതുമിനിട്ട് ധ്യാനം ശീലമാക്കിയാല്‍ മതിയെന്ന് മുഖ്യഗവേഷകന്‍ ജൈസണ്‍ മോസര്‍ പറയുന്നു.

eyes beauty
Posted by
16 November

കവിത വിരിയും കണ്ണുകള്‍ക്ക്

ഒരു സ്ത്രീയുടെ സൗന്ദര്യത്തില്‍ കണ്ണുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. നല്ല ഭംഗിയുള്ള കണ്ണുകളാണെങ്കില്‍ മുഖത്തേക്കു നോക്കുമ്പോള്‍ ആദ്യം നോട്ടം പതിയുക കണ്ണുകളിലേക്കു തന്നെയായിരിക്കും.
എന്നൊക്കെയുള്ള പ്രയോഗം അര്‍ത്ഥവത്താകണമെങ്കില്‍ കണ്ണുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വലിയ ബുദ്ധിമുട്ടൊന്നുമില്ല, ചെലവുമില്ല. നമുക്കു തന്നെ ചെയ്യാം, ചില നിസാര കാര്യങ്ങള്‍. കണ്‍തടത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. പരിഹാരവുമുണ്ട്. കുക്കുമ്പര്‍ നീരില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. കണ്ണിനും കുളിര്‍മ ലഭിക്കും. കണ്‍തടത്തിലെ കറുപ്പ് കുറയുകയും ചെയ്യും. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യണം. കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വച്ചാലും മതി.

ബദാം ഓയില്‍, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടത്തിലെ കറുപ്പും ചുളിവും അകലും. വൈറ്റമിന്‍ എ ഓയില്‍ തേയ്ക്കുന്നതും നല്ലതാണ്. തണുത്ത വെള്ളത്തില്‍ മുഖം അല്‍പനേരം താഴ്ത്തിപ്പിടിക്കുക. കണ്ണുകള്‍ക്ക് ഇത് നല്ലതാണ്. കണ്‍തടത്തില്‍ പനിനീര്‍ പുരട്ടുന്നതും നല്ലതാണ്. ഇത് കിടക്കുന്നതിനു മുന്‍പു ചെയ്യാം. തക്കാളി, ചെറുനാരങ്ങാനീര് കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുന്നതും ഗുണം ചെയ്യും. പുറത്തു പോയി വന്നാല്‍ തണുത്ത വെള്ളത്തില്‍ മുഖവും കണ്ണുകളും കഴുകുന്നതു ശീലമാക്കുക. ഇളനീര്‍ കുഴമ്പു പോലുള്ളവ കണ്ണിലെഴുതുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പൊടിയിലും ചൂടിലും പോകേണ്ടി വരുമ്പോള്‍ കൂളിംഗ് ഗ്ലാസ് ധരിക്കുന്നതും കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.

music as a treatment for depression
Posted by
14 November

വിഷാദരോഗത്തിന് സംഗീത ചികിത്സ

കൊച്ചി: സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കാന്‍ സംഗീതത്തിന് കഴിയുന്ന പോലെ മറ്റൊന്നിനും സാധിക്കില്ല. ഇത്തരത്തില്‍ സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. വിഷാദരോഗത്തിന് അടിമയായ കുട്ടികളുടെയും യുവാക്കളുടെയും മാനസികപ്രശ്‌നങ്ങള്‍ കുറയ്ക്കാനും സംഗീതം സഹായിക്കുമെന്നു പുതിയ പഠനം തെളിയിക്കുന്നു.

വിഷാദ രോഗികളായ കുട്ടികളും യുവാക്കളുമടങ്ങുന്ന 251 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ശേഷം ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. പിന്നീട് ഒരു ഗ്രൂപ്പിന് സാധാരണ ചികിത്സയും ഒരു ഗ്രൂപ്പിന് സംഗീത ചികിത്സയും നല്‍കി. ഇതില്‍ മ്യൂസിക് തെറാപ്പി ചെയ്ത കുട്ടികളില്‍ വന്‍ മാറ്റമാണ് സംഭവിച്ചത്. സംഗീത ചികിത്സ ലഭിച്ച 8നും 16നും വയസ്സിനിടയിലുള്ള കുട്ടികളുടെ വിഷാദ രോഗം കുറഞ്ഞതായി കണ്ടെത്തി.

സാധാരണ ചികിത്സകൊണ്ടുണ്ടാകുന്നതിനേക്കാള്‍ മികച്ച ഫലമാണ് മ്യൂസിക് തെറാപ്പി നല്‍കുന്നതെന്നു യുകെയിലെ ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. രോഗികളുടെ വിഷാദവും ആശങ്കയും കുറയ്ക്കാന്‍ സംഗീത ചികിത്സകൊണ്ടു സാധിക്കുമെന്നു കണ്ടെത്തിയതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ സാം പോര്‍ട്ടര്‍ പറഞ്ഞു.

pedicure making
Posted by
14 November

പാദങ്ങള്‍ സുന്ദരമാക്കാന്‍ ഇനി പെഡിക്യൂര്‍ വീട്ടില്‍ ചെയ്യാം

പാദങ്ങള്‍ മൃദുലവും തിളക്കമുള്ളതും മനോഹരവും ആക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ. അധികം ചെലവില്ലാതെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ പെഡിക്യൂര്‍ ഇനി വീട്ടില്‍ തന്നെ ചെയ്യാം.പെഡിക്യൂറിന് ആയി ഇനി ബ്യൂട്ടി സലൂണ് സന്ദര്‍ശിക്കേണ്ടതില്ല.

നഖങ്ങളില്‍ പഴയ നെയില്‍ പോളിഷുണ്ടെങ്കില്‍ ആദ്യം അത് നീക്കം ചെയ്യുക. നല്ലൊരു നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് പഴയ നെയില്‍ പോളിഷിന്റെ അവശിഷ്ടങ്ങള്‍ കാല്‍ നഖങ്ങളില്‍ നിന്നും നീക്കം ചെയ്യുക. പോളിഷ് നീക്കം ചെയ്തു കഴിയുമ്പോള്‍ നഖങ്ങളില്‍ മഞ്ഞ നിറം കാണുന്നുണ്ടെങ്കില്‍ ഒരു കഷ്ണം പഞ്ഞി ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ മുക്കി വൃത്തിയാക്കുക.

കാല്‍ നഖങ്ങള്‍ വെട്ടി നേരെയാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത് . കാല്‍ വിരലുകളുടെ അറ്റത്തേക്കാള്‍ നീളത്തില്‍ നഖങ്ങള്‍ വളരുന്നത് ചിലപ്പോള്‍ നഖങ്ങള്‍ അകത്തേയ്ക്ക് കയറി വേദന ഉണ്ടാകാന്‍ കാരണമാകും. ഒരേ ക്രമത്തില്‍ വേണം നഖങ്ങള്‍ വെട്ടി നേരെയാക്കാന്‍ അല്ലെങ്കില്‍ പൊട്ടി പോകാനുള്ള സാധ്യത ഉണ്ട്. വെട്ടിയതിന് ശേഷം നഖങ്ങള്‍ രാകി ഇഷ്ടമുള്ള ആകൃതിയില്‍ ആക്കാം.

കാല്‍ പാദങ്ങള്‍ ചൂട് വെള്ളത്തില്‍ മുക്കി വയ്ക്കുക. വരണ്ടതും തഴമ്പിച്ചതുമായ ചര്‍മ്മം മൃദുലമാകാന്‍ ഇത് സഹായിക്കും.ഒരു പാത്രത്തില്‍ കണങ്കാല്‍ മുങ്ങുന്നത് വരെ ചൂട് വെള്ളം എടുത്ത് അതില്‍ അര കപ്പ് ഇന്തുപ്പ്, ഒരു കപ്പ് ചൂട് പാല്‍ , ഏതാനം തുള്ളി സുഗന്ധ തൈലം എന്നിവ ചേര്‍ത്ത് കാലുകള്‍ മുക്കി വയ്ക്കുക. കൂടുതല്‍ മണവും സുഖവും ലഭിക്കുന്നതിന് റോസപ്പൂവിന്റെ ഇതളുകളും ചേര്‍ക്കാവുന്നതാണ്. 1015 മിനുട്ട് നേരം ഈ വെള്ളത്തില്‍ കാലുകള്‍ മുക്കി വയ്ക്കുക.

കഴുകി കഴിഞ്ഞാല്‍ ഉടന്‍ തന്നെ പാദങ്ങള്‍ ഉണക്കി കാല്‍നഖങ്ങള്‍ക്ക് താഴെ ചര്‍മ്മത്തിനിണങ്ങുന്ന ഏതെങ്കിലും ക്രീം പുരട്ടുക. വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചതിന് ശേഷം പാദത്തിലെ ചര്‍മ്മങ്ങള്‍ വളരെ മൃദുലമായിരിക്കും.ഓറഞ്ച് സ്റ്റിക് ഉപയോഗിച്ച് മൃത ചര്‍മ്മം നീക്കം ചെയ്യുക. ആവശ്യമെങ്കില്‍ ചര്‍മ്മം നീക്കം ചെയ്യാനുള്ള ലോഷനോ ക്രീമോ പുരട്ടുക.

നനവും മൃദുലതയും നിലനിര്‍ത്തി ചര്‍മ്മം വിണ്ടു കീറുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ മോയ്ച്യുറൈസേഷന്‍ സഹായിക്കും. മോയ്‌സ്ച്യുറൈസര്‍ പുരട്ടി പാദങ്ങള്‍ നന്നായി മസ്സാജ് ചെയ്യുക. പതിവായി പാദങ്ങള്‍ മസ്സാജ് ചെയ്യുന്നത് നാഡികള്‍ക്ക് ഉത്തേജനം നല്‍കാനും രക്തയോട്ടം മെച്ചപ്പെടുത്തി ചര്‍മ്മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കും.

അവസാനമായി ചെയ്യേണ്ട കാര്യ കാല്‍ നഖങ്ങള്‍ക്ക് നിറം നല്‍കുക എന്നതാണ്. നെയില്‍ പോളിഷ് ഇടുന്നതിന് മുമ്പ് നഖങ്ങള്‍ റിമൂവര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. മോയ്‌സ്ച്യുറൈസ് ചെയ്തതിന് ശേഷം അധികമായി എണ്ണമയം നഖങ്ങളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. പഞ്ഞി ഉപയോഗിച്ച് കാല്‍ വിരലുകള്‍ അകറ്റിയതിന് ശേഷം നഖങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കുക. നെയില്‍ പോളിഷ് ഒരാവര്‍ത്തി ഇട്ടതിന് ശേഷം അതുണങ്ങിയിട്ട് വേണം അതിന് മേല്‍ വീണ്ടും ഇടാന്‍. ഇത് ഉണങ്ങിയതിന് ശേഷം വീണ്ടും ഇടുക. ഇങ്ങനെ ചെയ്യുന്നത് നെയില്‍ പോളിഷ് ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കും.