remedy for kidney stone
Posted by
15 March

കിഡ്‌നി സ്റ്റോണിനെ ഭയക്കേണ്ട: പരിഹാരം വീട്ടില്‍ തന്നെയുണ്ട്

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്തരികാവയവം എന്ന് എന്തുകൊണ്ടും വിശേഷിപ്പിക്കാവുന്ന അവയവമാണ് വൃക്ക. രക്തത്തെ ശുദ്ധീകരിച്ച് ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം ശരീരത്തിലെ അനാവശ്യ വസ്തുക്കള്‍ പുറംതള്ളി വിഷമുക്തമാക്കുകയും ചെയ്യുന്ന വൃക്കയെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് കിഡ്‌നി സ്റ്റോണ്‍. പൊതുവെ ജീവന് ഭീഷണി ആവാറില്ലെങ്കിലും കിഡ്‌നി സ്റ്റോണ്‍ മൂലം ഉണ്ടാകുന്ന വേദന അസഹനീയവും ശരീരത്തിന്റെ ദൈനംദിന പ്രക്രിയകളെ താളം തെറ്റിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ശരീരത്തെ സംരക്ഷിക്കുന്ന വൃക്കയെ കിഡ്‌നി സ്റ്റോണില്‍ നിന്നും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതിലൂടെ തന്നെ കിഡ്‌നി സ്റ്റോണ്‍ പ്രതിരോധിക്കാം. അഥവാ കിഡ്‌നി സ്റ്റോണ്‍ ഇനി ഇപ്പോള്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ തന്നെ വളരെ ലളിതവും ചെലവ് ഏറെ കുറഞ്ഞതുമായ വീട്ടു ചികിത്സയിലൂടെ തന്നെ നിന്നും മുക്തി നേടാം. ശ്രദ്ധിച്ചില്ലെങ്കില്‍ പതിയെ ജീവഹാനിയിലേക്ക് വരെ എത്തിചേരുന്ന ഈ രോഗത്തെ വെറും പച്ചവെള്ളവും ഒരുപിടി മല്ലി ചെപ്പും ഭേദമാക്കും. അതെ ആശുപത്രിയേയും ഓപ്പറേഷനും ഭയപ്പെടേണ്ട വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന മല്ലിചെപ്പ് ഇനി നിങ്ങളുടെ വേദന മാറ്റും. ഈ ചെറിയ ഒറ്റമൂലി തയ്യാറാക്കാന്‍ ഒരുപിടി മല്ലിചെപ്പ് നന്നായി കഴുകി വൃത്തിയാക്കി എടുത്ത് ചെറുതായി അരിഞ്ഞതിന് ശേഷം വെളളമൊഴിച്ച് പത്ത് മിനിറ്റ് വേവിക്കുക. തുടര്‍ന്ന് തണുപ്പിച്ചതിനു ശേഷം അരിച്ചെടുത്ത് വൃത്തിയുള്ള കുപ്പിയിലാക്കി റഫ്രിജറേറ്റില്‍ സൂക്ഷിക്കുക.

HEALTH-KIDNEY-STONE

ഇങ്ങനെ നിര്‍മ്മിക്കുന്ന ഒറ്റമൂലി ഒരു ഗ്ലാസ് വീതം തുടര്‍ച്ചയായി ഒരാഴ്ച കുടിക്കുകയാണെങ്കില്‍ ശരീരം ശുദ്ധിയാകുന്നത് നിങ്ങള്‍ക്ക് തന്നെ അനുഭവിച്ചറിയാന്‍ കഴിയും. മൂത്രത്തിലൂടെ അനാവശ്യമായ ഉപ്പും വിഷവസ്തുക്കളും പുറംതള്ളുന്നതിനെ വേഗത്തിലാക്കാന്‍ ഈ ഒറ്റമൂലി സഹായിക്കുന്നു. ഇത്തരത്തില്‍ തന്നെ കിഡ്‌നി സ്റ്റോണ്‍ പതിയെ അലിഞ്ഞ് ഇല്ലാതാവുകയും ചെയ്യുന്നു. മല്ലിചെപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയിലടിച്ച് ജ്യൂസാക്കിയും ഉപയോഗിക്കാം വേവിക്കാതെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെങ്കിലും കൂടുതല്‍ ആളുകളും വേവിച്ചുപയോഗിക്കുന്ന മാര്‍ഗമാണ് പൊതുവെ പരിഗണിക്കാറുള്ളത്.

dog heart worm disease
Posted by
14 March

സൂക്ഷിക്കാം മാരകമായ ഡോഗ് ഹാര്‍ട്ട്‌വേം രോഗത്തെ

കൊച്ചി: കേരളത്തിലെ നഗരങ്ങളിലും ഡോഗ് ഹാര്‍ട്ട്‌വേം രോഗം പടരുന്നു. കൊച്ചിയില്‍ പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊതുകിലൂടെ പടരുന്ന ഈ രോഗത്തെ കൊച്ചി നഗരവാസികളാണ് ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടി വരിക. നായ്ക്കളിലാണ് രോഗകാരണമായ ലാര്‍വെയെ പൊതുവെ കാണാറുള്ളത് എന്നതിനാലാണ് ഈ രോഗത്തിന് ‘ഡോഗ് ഹാര്‍ട്ട്‌വേം’ എന്നു പേരു വന്നത്. സാധാരണയായി വളര്‍ത്തു മൃഗങ്ങളില്‍ മാത്രമാണീ രോഗം കാണപ്പെടുന്നത്. നായ്ക്കളിലെ ലാര്‍വ രൂപത്തില്‍ പിറവിയെടുക്കുന്ന രോഗാണു കൊതുകിലേക്ക് എത്തുകയും തുടര്‍ന്ന് കൊതുകിലൂടെ മനുഷ്യശരീരത്തിലെത്തി വിരയായി രൂപം പ്രാപിക്കുന്ന ഡൈറോഫൈലേറിയയാണു ഇപ്പോള്‍ പുതിയ ആരോഗ്യഭീഷണി ഉയര്‍ത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കൊതുകുവഴി പകരുന്ന അസാധാരണമായ ഈ രോഗത്തെ തുടര്‍ന്ന് അവശതയിലായ പന്ത്രണ്ടു വയസുകാരി യെ ശസ്ത്രക്രിയക്ക് വിധേയയാക്കി. നെഞ്ചിലെ അസ്ഥിക്കു മുകളിലെ ചെറിയ മുഴയില്‍നിന്നും ജീവനുള്ള വിരയെയാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഏഴു മുതല്‍ 24%വരെ നായ്ക്കളുടെ രക്തത്തില്‍ ഡൈറോഫൈലേറിയ ലാര്‍വകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

മനുഷ്യരുടെ ശ്വാസകോശം, കണ്ണ്, ചര്‍മം എന്നിവയ്ക്കുള്ളിലാണു പൊതുവെ ഇത്തരം വിരകള്‍ കാണപ്പെടുന്നതെന്നു വിദഗ്ദര്‍ പറയുന്നു. ശിശുക്കളില്‍ അപൂര്‍വമായാണിത് കാണപ്പെടുക. പ്രത്യേകിച്ചു കണ്ണുകളില്‍ സാധ്യത കുറവാണ്. കണ്ണിലെ വിര എളുപ്പം നീക്കംചെയ്യാനാുമാവും. പക്ഷേ, വളര്‍ത്തുനായ്ക്കളുമായി അടുത്തിടപഴകുന്ന കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത് രോഗത്തെ മനുഷ്യരിലേക്ക് പടരുന്നത് തടയാന്‍ സഹായിക്കും. എന്നാല്‍ വിരകള്‍ ശ്വാസകോശത്തിലെത്തിയാല്‍ കണ്ടെത്താന്‍ എളുപ്പമല്ല. നെഞ്ചുഭാഗത്തെ മുഴകളുടെ എക്‌സ്‌റേ പലപ്പോഴും അര്‍ബുദമാണെന്ന പ്രതീതിയാണു നല്‍കുക. ചര്‍മത്തിലെ അസ്വാഭാവികമായ മുഴകളും ചുമയുമാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. സ്വയം രോഗനിര്‍ണയം അപകടമാണ്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് ഡൈറോഫൈലേറിയ പകരാറില്ല. രോഗമുള്ളയാളെ കുത്തുന്ന കൊതുകിന് രോഗം വഹിക്കാനും സാധിക്കില്ല. ഈ രോഗത്തിനെ മരുന്ന്‌കൊണ്ട് ചികില്‍സിച്ച് ഭേദമാക്കുന്നതും അസാധ്യമാണ്. ശസ്ത്രക്രിയയിലൂടെ വിര നീക്കംചെയ്യല്‍ മാത്രമാണ് ഏക പ്രതിവിധി. രോഗം പടരുന്നതു തടയാന്‍ കൊതുകുനശീകരണം ഫലപ്രദമാണ്.

anti bacterial soap kills health
Posted by
13 March

ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ ഉപയോഗം ശരീരത്തിന് ദോഷം

വൃത്തിയായിരിക്കുക എന്നതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ആരോഗ്യമുള്ളവരായിരിക്കുക എന്നുള്ളത്. വൃത്തിയ്ക്ക് വേണ്ടി ആരോഗ്യം നശിപ്പിക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയാണ് ദിവസവും ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ ഉപയോഗിച്ച് കുളിക്കുന്നതിലൂടെ സംഭവിക്കുന്നത്. ബാക്ടീരിയയെയും സൂക്ഷമാണുക്കളെയും ശരീരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇനിയെങ്കിലും മനസിലാക്കുക നമ്മുടെ ആരോഗ്യം സോപ്പ് ക്ഷയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൂക്ഷമാണുക്കള്‍ എല്ലാം തന്നെ അപകടകാരികളല്ല. ശരീരത്തിന് ആവശ്യമായ സൂക്ഷമാണുക്കളുമുണ്ട്. ദഹനത്തിനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും, രോഗപ്രതിരോധത്തിനും സൂക്ഷമാണുക്കളുടെ പങ്ക് പ്രധാനമാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ ചില നല്ല ബാക്ടീരിയകള്‍ മുഖക്കുരുവിനെയും ചര്‍മത്തിലുണ്ടാകുന്ന അസുഖങ്ങളും പ്രതിരോധിക്കാന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ഈ സൂക്ഷമാണുക്കളെയും നല്ല ബാക്ടീരിയകളെയും കൂടി നശിപ്പിച്ചു കളയുന്നു. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിത ശൈലിയിലെ താളപ്പിഴകള്‍ ശരീരത്തിലെ സൂക്ഷമാണുക്കളെ നശിപ്പിച്ചുകളയുന്നതായി പറയപ്പെടുന്നു.

ഇതോടൊപ്പം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളും പിന്നെ നിത്യവും ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുന്നതും ശരീരത്തിന് അവശ്യം വേണ്ട സൂക്ഷമാണുക്കള്‍ നശിപ്പിക്കപ്പെടുന്നതിന് കാരണമാവും.ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ക്ക് പകരം സാധാരണ സോപ്പുകള്‍ ഉപയോഗിക്കുന്നതും വെള്ളം ചെറുചൂടോടെ ഉപയോഗിക്കുന്നതും അപകടകരമായ ബാക്ടീരിയകളെ വരെ നശിപ്പിക്കാനുള്ള മതിയായ പോം വഴിയാണ്.
ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് സോപ്പ് അമിതമായി ഉപയോഗിക്കുന്നത് നിര്‍ത്തുക തന്നെ വേണം.പക്ഷെ ഈ ചൂടുകാലത്ത് പൊടി കാരണം പനിയും മറ്റു പകര്‍ച്ചവ്യാധികളും പടരുന്ന സാഹചര്യമായത് കൊണ്ട് നമ്മള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന സൂക്ഷമാണുക്കളെ ഭയപ്പെടേണ്ട അവ നമ്മുടെ സംരക്ഷകരാണ്.

tips for healthy hair
Posted by
11 March

ആരോഗ്യമുള്ള കാര്‍ക്കൂന്തലിന് ചില നുറുക്കുവഴികള്‍

ട്രെന്‍ഡുകള്‍ മാറി മാറി പരീക്ഷിക്കുമ്പോഴും ഇടതൂര്‍ന്ന മുടിയിഴകള്‍ ഏതൊരു പെണ്ണിന്റേയും സ്വപ്‌നമാണ്.എന്നാല്‍ മുടി കൊഴിച്ചിലും താരനും അകാലനരയും സമയക്കുറവും മുടി സംരക്ഷണത്തിലെ വില്ലന്മാരാണ്.ചുരുക്കം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മുടിയ്ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നേടാം മുടിയുടെ ആരോഗ്യത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് എണ്ണ. ആഴ്ച്ചയില്‍ രണ്ടു തവണ തലയില്‍ എണ്ണ തേച്ച് കുളിക്കുന്നത് മുടിയ്ക്ക് ബലം നല്‍കാന്‍ ഉത്തമമാണ്. വെളിച്ചെണ്ണയും ആല്‍മണ്ട് ഓയിലും ഒരുപോലെ മുടിക്ക് ആരോഗ്യം നല്‍കുന്നതാണ്. ശിരോ ചര്‍മത്തിന് നനവു നല്‍കി മുടിവളര്‍ച്ച വര്‍ധിപ്പിക്കാന്‍ വെളിച്ചണ്ണ സഹായിക്കും.

താരനാണ് പ്രശ്‌നമെങ്കില്‍ സംശയിക്കാതെ ആല്‍മണ്ട് ഓയില്‍ ശീലമാക്കിക്കോളൂ. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, ഇ എന്നിവ താരന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇവയെക്കൂടാതെ ലാവണ്ടര്‍ ഓയിലിന്റെ ഉപയോഗവും മുടി വളരാന്‍ സാധിക്കുന്നു. മുടിയുടെ അഗ്രം രണ്ടു മാസം കൂടുമ്പോള്‍ വെട്ടുന്നത് നല്ലതാണ്. ഇത് മുടിവളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇത് സഹായിക്കും. നനഞ്ഞ മുടി ചീവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിര്‍പ്പിന്റെ കാര്യത്തിലും ശ്രദ്ധ വേണം. പല്ലകലം കൂടിയ ചീര്‍പ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം.

മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണകാര്യത്തിലും ചെറിയ ശ്രദ്ധ അത്യാവശ്യമാണ്. വിറ്റാമിന്‍ എ അടങ്ങിയ ഓറഞ്ച്, മാമ്പഴം, ആപ്പിള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കാന്‍ ഇത് സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയ ധാന്യങ്ങള്‍ തലമുടിയുടെ വളര്‍ച്ച വേഗത്തിലാക്കും. കാപ്പി അധികമായി ഉപയോഗിക്കുന്നത് മുടിയ്ക്ക് ദോഷം ചെയ്യും. മുടിയിലെ ജലാംശം കുറയ്ക്കാന്‍ കാപ്പി കാരണമാകുന്നുണ്ട്. ഇത്തരം ചില ചെറിയ ശ്രദ്ധവെക്കലുകളിലൂടെ മുടിയ്ക്ക് ഉണ്ടാവുന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കി ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും സാധിക്കും.

onion helps to prevent cancer
Posted by
11 March

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുവാന്‍ ഉള്ളി

നിസാരമെന്ന് കരുതുന്ന പല വസ്തുക്കള്‍ക്കും അത്ഭുതകരമായ ഗുണങ്ങള്‍ ഉണ്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിത്യേനെ നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഉള്ളി ക്യാന്‍സറിനെ പ്രതിരോധിയ്ക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇനി വിശ്വസിക്കാന്‍ മടിക്കണ്ട. പുതിയ പഠനങ്ങള്‍ പ്രകാരം ഉള്ളി പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിയ്ക്കുമെന്ന് തെളിഞ്ഞിരിക്കുന്നു. മാത്രമല്ല നമ്മള്‍ ഇതുവരെ തിരിച്ചറിയാത്ത ഏറെ ഗുണങ്ങള്‍ ഉള്ളിക്ക് ഇനിയുമുണ്ട്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയില്ല. നമ്മളെ കരയിപ്പിക്കുന്ന ഉള്ളിയിലെ ക്വര്‍സറ്റൈന്‍ എന്ന ഘടകം മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി മാനസികോല്ലാസം നല്‍കുന്നു, ഇതേ ക്വര്‍സറ്റൈന്‍ രക്തത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇതുവഴി പ്രമേഹത്തെ നമ്മുടെ വരുതിയിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഉള്ളിയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. ദിവസവും ഉള്ളി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി ഹൃദയാരോഗ്യവും സംരക്ഷിക്കപ്പെടും. മാത്രമല്ല വന്ധ്യതക്കുള്ള പരിഹാരമായി സവാള ജ്യൂസ് കഴിയ്ക്കുന്നതും നല്ലതായിരിക്കും. ഇത് വഴി ബീജത്തിന്റെ എണ്ണവും ആരോഗ്യവും വര്‍ദ്ധിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായകരമാണ്. ഇതിലെ വിറ്റാമിന്‍ സി കോശങ്ങളെ ശരിയായി പ്രവര്‍ത്തിക്കാനും അത് വഴി പ്രതിരോധ ശേഷി ക്രമേണെ ഉയരാനും കാരണമാവുന്നു. ആരോഗ്യസംരക്ഷണം മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉള്ളി ഒട്ടും പുറകിലല്ല. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ മുഖക്കുരുവിനെ തുരത്തി ചര്‍മത്തെ കൂടുതല്‍ മനോഹരമാക്കുന്നു. മുടി വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ ഉള്ളി നീര് തലയില്‍ പുരട്ടുന്നത് ശീലമാക്കുക. മുടി വളര്‍ച്ചയ്ക്ക് ഉള്ളിനീര് അത്യുത്തമമാണ് എന്ന കാര്യം ഓര്‍ക്കുക.

liver cirrhosis symptoms
Posted by
10 March

എന്തൊക്കെയാണ് കരള്‍രോഗത്തിന്റെ ലക്ഷണങ്ങള്‍? രോഗത്തെ എങ്ങനെ തിരിച്ചറിയാം; ഓരോ മലയാളിയും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്

അടുത്തിടെ പല പ്രശസ്ത ചലച്ചിത്ര താരങ്ങളും കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണമടഞ്ഞത്. അതില്‍ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മലയാളസിനിമയെ കണ്ണീര്‍ക്കയത്തിലാക്കി മറഞ്ഞ കലാഭവന്‍ മണി. എന്തൊക്കെയാണ് കരള്‍രോഗത്തിന്റെ ലക്ഷണങ്ങള്‍.. ശരീരത്തില്‍ നടക്കുന്ന അഞ്ഞൂറിലേറെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ് കരള്‍. മഞ്ഞപ്പിത്തം, അമിത കൊളസ്‌ട്രോള്‍, കരള്‍വീക്കം, പ്രവര്‍ത്തനകരാറ് എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍.. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്.

ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

1. ഛര്‍ദ്ദി അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന കരാറ് മൂലമോ കരളിനുണ്ടാകുന്ന കേടുപാട് മൂലമോ പിത്തരസത്തിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നത് മൂലമാണ് ഛര്‍ദ്ദിക്കണമെന്നല്‍ തോന്നല്‍ ഉണ്ടാകുന്നത്. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.

2. മയക്കം കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ് എല്ലായ്‌പ്പോഴുമുള്ള മയക്കം. രോഗബാധിതര്‍ക്ക് എല്ലായ്‌പ്പോഴും തലചുറ്റല്‍ അനുഭവപ്പെടും. ഇതിനൊപ്പം മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ കൂടി പ്രകടമാവുകയാണെങ്കില്‍ ഗുരുതരമായ കരള്‍രോഗം ഏതാണ്ട് ഉറപ്പിക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര വൈദ്യസഹായം തേടണം.

3. മാനസികാസ്വാസ്ഥ്യം കരള്‍രോഗം അതീവ ഗുരുതരമാകുമ്പോഴാണ് ഈ ലക്ഷണം പ്രത്യക്ഷപ്പെടുക. ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന് പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത് മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയാല്‍ ഉടന്‍ രോഗിയെ ആശുപത്രിയിലെത്തിക്കുക.

4. മഞ്ഞ കണ്ണുകള്‍, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍രോഗ ലക്ഷണമാണ്. മൂത്രത്തിന്റെ നിറവും മഞ്ഞയായിരിക്കും. പിത്തരസത്തിന്റെ അമിതമായ ഉത്പാദനം മൂലമാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. വീക്കം, കരള്‍ കോശങ്ങളിലെ തകരാറുകള്‍, പിത്തനാളികളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് പിത്തരസത്തിന്റെ അമിത ഉത്പാദനത്തിനുള്ള പ്രധാന കാരണങ്ങള്‍.

5. കോമ കരള്‍രോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ് കോമ അഥവാ മസ്തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ രോഗി അധികം വൈകാതെ കോമയിലാകും.

6. അടിവയറിലെ നീര് കരള്‍രോഗ ബാധയുടെ ഏറ്റവും പ്രധാന ലക്ഷണമാണ് അടിവയറിലെ നീര്. കരളിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലാത്തത് കൊണ്ടാണ് നീരുണ്ടാകുന്നത്. അടിവയര്‍ കല്ലുപോലെ ആകുകയും വീര്‍ക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കരളിനെ ബാധിച്ചാല്‍ മാത്രമേ ഈ ലക്ഷണം പ്രടമാകൂ. ഈ സമയത്ത് രോഗി അപകടാവസ്ഥയില്‍ ആയി കഴിഞ്ഞിരിക്കും അതിനാല്‍ അടിവയറിലെ നീര് അവഗണിക്കരുത്.

Sun light Causes Skin to Age
Posted by
09 March

വെയില്‍കൊള്ളാതിരുന്നാല്‍ ഇരുപത് വയസ്സ് കുറയ്ക്കാം

വേനല്‍ക്കാലം വന്നെത്തിയാല്‍ എല്ലാവര്‍ക്കും ആധിയാണ്. ചൂടുകൂടി… സൗന്ദര്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിട്ടുവരും. ശരീരം പെട്ടെന്ന് ക്ഷീണിക്കും ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ കൂടെവരും.
വേനലില്‍ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍ സൂര്യതാപം ഒഴിവാക്കണമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്

ശരീരത്തെ വെയിലേല്‍ക്കാതെ സൂക്ഷിച്ചാല്‍ കാണാന്‍ 20 വര്‍ഷം വരെ ചെറുപ്പമായി തോന്നുമെന്നാണ് കണ്ടെത്തല്‍. സൂര്യതാപം ഏല്‍ക്കാതിരിക്കുകയും, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് ശരിക്കുമുള്ളതിന്റെ 20 വയസുവരെ കാഴ്ചയില്‍ പ്രായം കുറവ് തോന്നുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ മസാചൂസിറ്റ്‌സിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മ്മറ്റോളജിയിലാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

231 സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. കൃത്യമായ വ്യായാമവും, രാത്രിയില്‍ നന്നായി വെള്ളം കുടിക്കുന്നതും മികച്ച ഉറക്കവുമെല്ലാം ചര്‍മ്മത്തിന്റെ പ്രായക്കുറവിന് കാരണമായി പലരും പറയുന്നുണ്ട്. എന്നാല്‍ ധാരാളം വെള്ളം കുടിക്കുന്നതിന് സൗന്ദര്യവുമായി വലിയ ബന്ധമില്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്‌സ കിംബോള്‍ പറയുന്നത്. എത്രമാത്രം വെള്ളം ആവശ്യമാണെന്നത് തിരിച്ചറിയാന്‍ ശരീരത്തിന് കഴിയുമെന്നും, അധികം വെള്ളം കുടിക്കുന്നതിന് വലിയ മാറ്റമുണ്ടാകാനാകില്ലെന്നും അവര്‍ പറയുന്നു.

സ്ത്രീകളുടെ തൊലിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍, സൂര്യതാപം കൊണ്ടുണ്ടാകുന്നത് ഗുരുതരമായ തകരാറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖത്തുനിന്നെടുത്ത തൊലിയില്‍ കാണപ്പെടുന്ന സിഡികെഎന്‍2എ എന്ന ജീന്‍, മറ്റ് ശരീരഭാഗങ്ങളേക്കാള്‍ കൂടുതല്‍ സജീവമായി കാണപ്പെടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പ്രായമായി കാണപ്പെടുന്ന, സൂര്യതാപമേല്‍ക്കുന്ന സ്ത്രീകളിലും ഈ ജീന്‍ കൂടുതല്‍ സജീവമാണെന്നും കണ്ടെത്തലുണ്ട്.

സജീവമായ സിഡികെഎന്‍2എ ജീനിന്റെ പ്രകടനം, സെല്ലുകള്‍ പ്രായമായി വിശ്രമം ആവശ്യപ്പെടുന്നതിന്റെ സൂചനയാണെന്നും ഡോ കീംബോള്‍ പറയുന്നു. ചര്‍മ്മത്തിന് പ്രായമാകുന്നതിനെക്കുറിച്ചുള്ള ആധികാരിക പഠനമാണ് നടന്നതെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. ഫ്രോക് ന്യൂസറും അഭിപ്രായപ്പെട്ടു. ദിവസവും സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.

Easy ways to remove Dandruff
Posted by
05 March

മിനിട്ടുകള്‍ക്കുള്ളില്‍ താരനെ അകറ്റാം

താരന്റെ ശല്യം അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. തലയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്ന താരന്‍ ചൊരിച്ചിലിനും മുടികൊഴിച്ചിലിനും കാരണമാകുന്നു. വരണ്ട തലയോട്ടിലാണ് താരന്‍ സാധാരണ കാണപ്പെടുന്നത്. മുടിക്ക് ശരിയായ പരിചരണവും തണുപ്പും കിട്ടിയില്ലെങ്കില്‍ ഇത്തരം അവസ്ഥകള്‍ സ്വാഭാവികം. വിലകൂടിയ മരുന്നുകള്‍ക്ക് പിറകേ പോകാതെ വീട്ടില്‍ തന്നെ ലഭ്യമാകുന്നവ ഉപയോഗിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ താരനെ അകറ്റാനാകും.

ഉലുവ നല്ലൊരു ഔഷധിയാണ് തലമുടിയ്ക്ക്. താരന്‍ കളയാനും മുടികൊഴിച്ചില്‍ അകറ്റാനും ഇത് നല്ലൊരു മരുന്നു തന്നെ. ഉലുവ പേസ്റ്റ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക, ശേഷം 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യുന്നത് താരന്‍ അകറ്റുക മാത്രമല്ല, മുടികൊഴിച്ചില്‍ നിര്‍ത്താനും സഹായിക്കും.

ചെറുപയര്‍ ഉണക്കിപ്പൊടിച്ച് തൈരില്‍ ചാലിച്ച് തലയോട്ടില്‍ തേച്ച് പിടിപ്പിക്കുക. ചെറു ചൂടുവെള്ളത്തില്‍ കഴുകാം. രണ്ട് സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് ചേര്‍ത്ത് തലയില്‍ പുരട്ടാം. കൂവളത്തിന്റെ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകാം. കടുക് അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരന്‍ അകലാന്‍ ഇതെല്ലാം നല്ല മാര്‍ഗമാണ്.

കീഴാര്‍നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിനുമുമ്പ് തേയ്ക്കുക തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേക്കുക. ചെറുനാരങ്ങാനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുന്നതും ഉത്തമമാണ്. ഒലീവ് എണ്ണയും വെളിച്ചെണ്ണയും എടുത്ത് അതിലേക്ക് ചെറുനാരങ്ങാനീരും ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുന്നതിലൂടെയും താരനെ തുരത്താനാകും.

Good news for late people
Posted by
03 March

ലേറ്റാക്കുന്നവര്‍ക്ക് ഇനി സന്തോഷിക്കാം

ചിലരങ്ങനെയാണ് എല്ലാകാര്യത്തിനും ലേറ്റ് കമേര്‍സ് ആണ്. അതിന്റെ പേരില്‍ പഴി കേള്‍ക്കാത്തവരും ചുരുക്കമായിരിക്കും. എവിടെയെങ്കിലും പോകാനായാലും അല്ലെങ്കില്‍ വൈകി എണീക്കുന്നതും ചിലരുടെ സ്വഭാവമായി തന്നെമാറിയിരിക്കുകയാണ്. എന്തായാലും ഇനി ലേറ്റ് കമേര്‍സിന് വിഷമിക്കേണ്ട ആവശ്യമില്ല. ശാസ്ത്രം പറയുന്നത് ഇത്തരം ‘ലേറ്റാകല്‍’ അസുഖമുള്ളവര്‍ വളരെ സര്‍ഗാത്മക ചിന്തയുള്ളവരാണെന്നാണ് ശാസ്ത്രം പറയുന്നത്.

ഇത്തരം ആളുകള്‍ ജീവിതത്തില്‍ വളരെ ശുഭാപ്തി വിശ്വാസമുള്ളവരും, പ്രതീക്ഷയുള്ളവരും, പലകാര്യങ്ങളും ഒരേസമയം കൃത്യതയോടെ ചെയ്യാന്‍ കഴിയുന്നവരുമാണെന്നാണ് ശാസ്ത്രജ്ഞ•ാര്‍ കണ്ടെത്തിയിരിക്കുന്നത്. ജീവിതത്തെ വളരെ ലാഘവബുദ്ധിയോടെ കാണുന്നവരാണ് ഇത്തരക്കാരെന്നാണ് സാന്‍ ഡിയാഗോ സര്‍വകലാശാലയുടെ പഠനത്തിലെ കണ്ടെത്തല്‍. ഇത്തരക്കാര്‍ക്ക് സാധാരണയാളുകള്‍ കാണുന്നതിനേക്കാള്‍ വിശാലമായും വിപുലമായുമുള്ള കാഴ്ചപ്പാടുണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. തലച്ചോറിന്റെ സ്വഭാവത്തിലുള്ള പ്രശ്‌നം കൊണ്ടാണ് പലരും വൈകുന്നതെന്നും കണ്ടെത്തിയ സംഘങ്ങളുണ്ട്.

നല്ലകാര്യത്തിനും മോശം കാര്യത്തിനും ഇത്തരക്കാരെ വൈകിയേ പിടികൂടാനാകൂ എന്നാണ് പ്രമുഖ മാനേജ് വിദഗ്ധനായ ഡയാന ഡിലോന്‍സര്‍ അഭിപ്രായപ്പെടുന്നത്. ചുരുക്കത്തില്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍, നിങ്ങള്‍ വൈകുന്നത് നിങ്ങളുടെ പ്രശ്‌നം മൂലമല്ല.. അത് മാനസികവും വ്യക്തിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങള്‍ മൂലമാണ്.

Food for cool body in summer
Posted by
01 March

ശരീരം തണുപ്പിക്കാന്‍ ഇവ കഴിയ്ക്കാം

കടുത്ത വേനല്‍ക്കാലമാണ് വരുന്നത് ചൂട് ശരീരത്തെ വല്ലാതെ തളര്‍ത്തും. ശരീരത്തിനും ചര്‍മത്തിനും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ചൂടില്‍ നിന്നും രക്ഷ നേടാനുള്ള ഒരു വഴി പുറത്ത് അധികം ഇറങ്ങാതിരിക്കുകയെന്നതാണ്. എന്നാല്‍ ഇത് അത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കുന്ന ഒരു കാര്യമല്ല. ചൂടില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനുള്ള ഏകവഴി ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ്.

ശരീരത്തെ തണുപ്പിക്കാനുള്ള ഭക്ഷണങ്ങള്‍:

 • ശരീരത്തെ തണുപ്പിക്കാന്‍ തണ്ണിമത്തന്‍ നല്ലൊരു ഭക്ഷണമാണ്.
 • മത്തങ്ങയുടെ വിഭാഗത്തില്‍ പെടുന്ന ചെറുമത്തനുണ്ട്. ഹണിഡ്ര്യൂ മെലണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ചര്‍മം തണുപ്പിക്കാനുള്ള ഒരു വഴിയാണ്.
 • പുതിനയും ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കാം. ജ്യൂസായും ഇത് കഴിയ്ക്കാം.
 • കുക്കുമ്പര്‍ ശരീരം തണുപ്പിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.
 • റാഡിഷ് ശരീരം തണുപ്പിക്കുക മാത്രമല്ല, ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണമായതു കൊണ്ട് ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും.
 • പെരുഞ്ചീരകം ശരീരത്തെ തണുപ്പിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്. പെരുഞ്ചീരകം വെള്ളത്തിലിട്ടു വച്ച് രാവിലെ ആ വെള്ളം കുടിയ്ക്കാം.
 • എള്ള് ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണമാണ്.
 • കരിക്കിന്‍ വെള്ളം ശരീരത്തെ തണുപ്പിക്കുന്ന മറ്റൊരു പാനീയമാണ്.
 • രാത്രി കിടക്കും മുന്‍പ് ഒരു സ്പൂണ്‍ കടുക് ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിച്ചു നോക്കൂ. ശരീരം തണുക്കും.
 • ഉലുവയും ശരീരം തണുപ്പിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.
 • പോംഗ്രനേറ്റും ശരീരം തണുപ്പിക്കുന്നതാണ്
 • പാലും ശരീരം തണുപ്പിക്കും. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ഗുണം ചെയ്യും.
 • ചെറുനാരങ്ങ ജ്യൂസ് ശരീരം തണുപ്പിക്കാന്‍ പറ്റിയ മറ്റൊരു വഴിയാണ്.