ഹോമിയോ ഡോക്ടര്‍മാര്‍ക്ക് കടുത്ത നിയന്ത്രണം; സ്വന്തം ക്ലിനിക്കിലെ മരുന്നു വില്‍പ്പനയ്ക്ക് വിലക്ക്
Posted by
22 November

ഹോമിയോ ഡോക്ടര്‍മാര്‍ക്ക് കടുത്ത നിയന്ത്രണം; സ്വന്തം ക്ലിനിക്കിലെ മരുന്നു വില്‍പ്പനയ്ക്ക് വിലക്ക്

കൊച്ചി: ഹോമിയോ ഡോക്ടര്‍മാര്‍ക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് ഭേദഗതി ചെയ്തു. ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഇനിമുതല്‍ സ്വന്തം ക്ലിനിക്കില്‍ നിന്നു മരുന്നുവില്‍പന സാധ്യമല്ല. ഹോമിയോ മരുന്നുവിപണന കേന്ദ്രത്തിന്റെ ഭാഗമായി ക്ലിനിക് പ്രവര്‍ത്തിപ്പിക്കാനും സാധിക്കില്ല.

അലോപ്പതി മരുന്നുകള്‍ വില്‍ക്കുന്ന സാധാരണ മരുന്നുകടകളില്‍ ഇനി മുതല്‍ ഹോമിയോ മരുന്നുകളും വില്‍ക്കാം. നിയമഭേദഗതി ഈമാസം 10നു പ്രാബല്യത്തിലായി. ഹോമിയോ മരുന്നുകള്‍ കുറിച്ചുകൊടുക്കുന്നതിലും വില്‍ക്കുന്നതിലും ഡോക്ടര്‍മാര്‍ വഴിവിട്ടു പ്രവര്‍ത്തിക്കുന്നതായി വിലയിരുത്തിയാണു ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ (ഡിടിഎബി) നിര്‍ദേശങ്ങളോടെ ഭേദഗതികള്‍ നടപ്പാക്കുന്നത്.

അലോപ്പതി മരുന്നുകള്‍ വില്‍ക്കുന്ന കടയില്‍ പ്രത്യേക ലൈസന്‍സ് ഇല്ലാതെ തന്നെ ഹോമിയോ മരുന്നുകളും വില്‍ക്കാം. മരുന്നു നല്‍കാന്‍ ഹോമിയോപ്പതിയിലോ ഫാര്‍മസിയിലോ നിശ്ചിതയോഗ്യതയുള്ളവര്‍ കടകളില്‍ ഉണ്ടായിരിക്കണം. എന്നാല്‍, കടകളില്‍നിന്നു രോഗികള്‍ക്കു നേരിട്ടു ഹോമിയോ മരുന്നുകള്‍ ലഭ്യമാകുന്ന സ്ഥിതി വരുമ്പോള്‍ ദുരുപയോഗ സാധ്യതകള്‍ കൂടുമെന്നാണു ഹോമിയോ ഡോക്ടര്‍മാരുടെ ആക്ഷേപം.

ചില്ലറക്കാര്യമല്ല സൗന്ദര്യ സംരക്ഷണം…ലോകസുന്ദരി മാനുഷി ചില്ലറിന്റെ സൗന്ദര്യ രഹസ്യം അറിയണോ?
Posted by
20 November

ചില്ലറക്കാര്യമല്ല സൗന്ദര്യ സംരക്ഷണം...ലോകസുന്ദരി മാനുഷി ചില്ലറിന്റെ സൗന്ദര്യ രഹസ്യം അറിയണോ?

ഇന്ത്യക്ക് അഭിമാനമായി ലോകസുന്ദരി മത്സരത്തില്‍ കിരീടം ചൂടിയ മാനുഷി ചില്ലര്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ പ്രചോദനമാകുമെന്ന് ഉറപ്പ്. പതിനേഴു വര്‍ഷത്തിനിപ്പുറം ഇന്ത്യയിലേക്ക് മിസ് വേള്‍ഡ്പട്ടം എത്തിച്ച മാനുഷിയെ ആരാധിക്കുന്നത് ഇപ്പോള്‍ സൗന്ദര്യ ആരാധകര്‍ മാത്രമല്ല, ജീവിതത്തില്‍ പ്രചോദനം വേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. 108 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളി, മാനുഷി ബാഹ്യസൗന്ദര്യം മാത്രമല്ല, ആന്തരിക സൗന്ദര്യവും കൈമുതലാക്കിയാണ് ഈ നേട്ടത്തിലേക്ക് ചവിട്ടിക്കയറിയത്.

മിസ്വേള്‍ഡ് പട്ടത്തിനു പങ്കെടുക്കാന്‍ തയാറെടുക്കുമ്പോള്‍ തന്നെ താന്‍ ഇത്തവണ ഇന്ത്യക്കു വേണ്ടി അതു നേടിയെടുക്കുമെന്ന് മനസിലുറപ്പിച്ചിരുന്നെന്ന് മാനുഷി പറയുന്നു. ”ഞാന്‍ പഠിച്ചു വളര്‍ന്ന സംസ്‌കാരത്തെയും മൂല്യത്തെയും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായാണ് ഈ മല്‍സരത്തെ കാണുന്നത്. എന്നിലൂെട ലോകം ഇന്ത്യയെ ഓര്‍ക്കുമെന്നുറപ്പാണ്” മല്‍സരത്തിനു മുന്നേ മാനുഷി പങ്കുവച്ച വാക്കുകളാണിത്. നിശ്ചയദാര്‍ഢ്യം നിഴലിക്കുന്ന ഈ വാക്കുകളില്‍ തന്നെയുണ്ട് മാനുഷിയുടെ വ്യക്തിത്വം.

മിസ് വേള്‍ഡ് കിരീടം ചൂടിയ മാനുഷിയോട് മറ്റുള്ളവര്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന്.തന്റെ ജീവിതത്തില്‍ ചിട്ടയായ ചില ശീലങ്ങള്‍ പിന്തുടരുന്നതു തന്നെയാണ് ഈ സുന്ദരിയുടെ സൗന്ദര്യത്തിന്റെ രഹസ്യം.

മാനുഷിയുടെ തിളക്കമാര്‍ന്ന ചര്‍മത്തിന്റെയും ഊര്‍ജസ്വലതയുടെയുമൊക്കെ രഹസ്യം ജീവിതശൈലിയില്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങളാണ്. അവ എന്തെല്ലാമാണെന്നു നോക്കാം. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്ന രീതിയാണ് മാനുഷിയുടെ ഡയറ്റ്.

*പ്രാതലിലാണ് പ്രാണന്‍

വണ്ണം കുറയ്ക്കാനായി ഭക്ഷണം തീരെ ഒഴിവാക്കുന്നവരാണ് മിക്കവരും, ഇതിനെ മാനുഷി എതിര്‍ക്കുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുകയേ അരുത്. പ്രാതല്‍ കഴിക്കാതിരിക്കുന്നതിലൂടെ ദിവസം മുഴുവന്‍ നിങ്ങളെ വിശപ്പു വിട്ടുമാറാതിരിക്കുമെന്നാണ് മാനുഷി പറയുന്നത്. അതുകൊണ്ടുതന്നെ എത്ര തിരക്കുണ്ടെങ്കിലും ഈ സുന്ദരി പ്രാതല്‍ ഒരിക്കലും മുടങ്ങാറില്ല.

*ഡയറ്റെന്നാല്‍ പട്ടിണിയല്ല

ഭക്ഷണം മുടക്കി ഡയറ്റ് ചെയ്യുന്നതിനു പകരം കൃത്യസമയത്തു ഭക്ഷണം കഴിക്കണം. ചെറിയ പാത്രത്തില്‍ അളവു കുറച്ചു ഭക്ഷണം കഴിക്കുന്നതാണ് മാനുഷിയുടെ പോളിസി. ഇത്തരത്തില്‍ കൃത്യസമയത്ത് അളവിനനുസരിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ക്കൊരിക്കലും വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങളോ മധുരമുള്ളവയോ കഴിക്കാന്‍ തോന്നുകയില്ലെന്നും മാനുഷി പറയുന്നു.

*സേ നോ ടു മധുരം

മധുരത്തോട് നോ പറയാന്‍ പറ്റാത്തവരോട് മാനുഷിക്ക് ഒന്നേ പറയാനുള്ളു, നിങ്ങള്‍ മധുരത്തിനു ഗുഡ്‌ബൈ പറഞ്ഞേ മതിയാകൂ. പ്രത്യേകിച്ചും റിഫൈന്‍ഡ് ഷുഗര്‍

*തിളക്കം കൂട്ടാന്‍ ബദാം

ഇതു കൂടാതെ അതിരാവിലെ ബദാം കഴിക്കുന്നത് മാനുഷിയുടെ ശീലമാണ്. ബദാം ഊര്‍ജം പകരുന്നതിനൊപ്പം ചര്‍മത്തിനും മുടിക്കും തിളക്കം നല്‍കുകകൂടി ചെയ്യുമെന്നാണ് മാനുഷി പറയുന്നത്. മാനുഷി അധികം വണ്ണംവെക്കാതിരിക്കുന്നതിനു പിന്നിലുള്ള രഹസ്യവും ബദാം ആണത്രേ. കിടക്കുന്നതിനു മുമ്പും ഉണര്‍ന്നതിനു ശേഷവും വെള്ളത്തിലിട്ടുവച്ച ബദാം കഴിക്കുന്നതു മുടക്കാറില്ല.

*വര്‍ക്ക് ഔട്ട് ശീലമാക്കൂ

മെഡിക്കല്‍ പഠനത്തിനും സൗന്ദര്യ സംരക്ഷണത്തിനുമൊപ്പം വര്‍ക്കൗട്ടുകളും നൃത്ത പരിശീലനവും മാനുഷി മുടക്കാറില്ല. കുച്ചിപ്പുടിയില്‍ തല്‍പരയായ മാനുഷി എത്ര തിരക്കുകള്‍ക്കിടയിലും വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്. പ്ലാങ്കും പൈലേറ്റ് ട്രെയിനിങ്ങുമൊക്കെയാണ് കൂടുതലും ചെയ്യാറുള്ളത്.

*ഉറക്കം ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി..

തന്റെ പോസിറ്റീവ് എനര്‍ജിക്കു പിന്നിലെ രഹസ്യമായി മാനുഷി പറയുന്നതും ഉറക്കമാണ്. ഏഴെട്ടു മണിക്കൂര്‍ കൃത്യമായി ഉറങ്ങാന്‍ കഴിയുന്നതാണത്രേ മാനുഷിയുടെ സൗന്ദര്യത്തിന്റെയും പോസിറ്റീവ് എനര്‍ജിയുടെയും രഹസ്യം

ലോകത്തിലെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം!
Posted by
19 November

ലോകത്തിലെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം!

ന്യൂഡല്‍ഹി: ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കാനവെരോയാണ് ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായെന്ന അവകാശവുമായി രംഗത്തെത്തിയത്.

ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോ. ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതെന്നും ഇത് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ‘ദി ടെലിഗ്രാഫും’ റിപ്പോര്‍ട്ട് ചെയ്തു. ഡോ. ഷ്യോപിങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കുരങ്ങന്റെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നു.

18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായതെന്നും, രണ്ട് ആളുകളുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമാണ് കാനവെരോയുടെ അവകാശവാദം. ശസ്ത്രക്രിയക്ക് ശേഷം നാഡികളിലുണ്ടായ വൈദ്യുത ഉത്തേജനം ശസ്ത്രക്രിയ വിജയിച്ചതിന് തെളിവാണെന്നും കാനവെരോ അവകാശപ്പെട്ടു.

ടുറിന്‍ അഡ്വാന്‍സ്ഡ് ന്യൂറോമോഡുലേഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറായ സെര്‍ജിയോ കാനവേരോ മെഡിക്കല്‍ സംഘവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചയാളാണെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിത മദ്യാസക്തി തടയാം; യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ മരുന്ന് കണ്ടെത്തി
Posted by
05 November

അമിത മദ്യാസക്തി തടയാം; യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ മരുന്ന് കണ്ടെത്തി

ന്യൂയോര്‍ക്ക്: അമിത മദ്യപാനം തലച്ചോറിനെ ബാധിക്കുമെന്ന പഠനത്തിന് പിന്നാലെ അമിത മദ്യാസക്തി തടയാനുള്ള മാര്‍ഗവും കണ്ടെത്തി ഗവേഷകര്‍. കൗമാരപ്രായത്തില്‍ തലച്ചോറ് പൂര്‍ണ പക്വത നേടിയിട്ടുണ്ടാവില്ല. ഈ പ്രായത്തിലെ അമിതമദ്യപാനം തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കൂടാതെ കൗമാരപ്രായത്തിലെ അമിത മദ്യപാനം പിന്നീട് പ്രായപൂര്‍ത്തിയാകുമ്പോള്‍ മദ്യത്തിന് അടിമപ്പെടാനുള്ള കാരണമാവുന്നു.

എന്നാല്‍ മദ്യത്തിന് അടിമയായ യുവാക്കളെ രക്ഷിച്ചെടുക്കാനും മദ്യത്തില്‍ നിന്നും മുക്തരാക്കാനും ഗവേഷകര്‍ വികസിപ്പിച്ച പ്ലസ്‌നാല്‍ട്രിക്‌സോണ്‍ എന്ന മരുന്ന് വികസിപ്പിച്ചെടുത്തു. അമിതമദ്യപാനം കൗമാരക്കാരുടെ തലച്ചോറിനുണ്ടാക്കുന്ന ആഘാതം ഈ മരുന്ന് കുറയ്ക്കുമെന്ന് ന്യൂറോഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

തലച്ചോറിലെ പ്രതിരോധവ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് മരുന്ന് ചെയ്യുന്നത്. എലികളില്‍ പരീക്ഷണം വിജയമായിരുന്നെന്ന് അഡ്‌ലേഡ് സര്‍വകലാശാലാ പ്രൊഫസര്‍ മാര്‍ക് ഹച്ചിന്‍സണ്‍ പറഞ്ഞു.

സൂക്ഷിക്കണം; ഡെങ്കിപ്പനി പരത്തുന്ന പുതിയ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു.
Posted by
01 November

സൂക്ഷിക്കണം; ഡെങ്കിപ്പനി പരത്തുന്ന പുതിയ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു.

പൂനെ: ഡെങ്കിപ്പനി പരത്തുന്ന പുതിയ വൈറസ് ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ചു. പൂനെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജിയാണ് വൈറസിനെ കണ്ടെത്തിയതും അതിനെ കുറിച്ച് തുടര്‍ പഠനങ്ങള്‍ നടത്തുന്നതും. ഏഷ്യന്‍ ഭൂഖണ്ഢത്തിലുള്ള ജനങ്ങളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുന്ന വൈറസ് 2005ല്‍ സിംഗപൂരിലും 2009ല്‍ ശ്രീലങ്കയിലും വ്യാപകമായി ബാധിച്ചിരുന്നു. 2012ല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഈ വൈറസിന്റെ ആക്രമണം ഉണ്ടായിരുന്നു. വൈറോളജി എന്ന പ്രസിദ്ധീകരണത്തിലാണ് വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന ലേഖനം പ്രസദ്ധീകരിച്ചത്.

ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം.വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം. ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നുകളില്ല. ലക്ഷണങ്ങളും രോഗതീവ്രതയും പരിഗണിച്ച് ഉചിതമായ ചികിത്സയാണ് നിശ്ചയിക്കുക.

ആറുമാസം ഗര്‍ഭിണിയായ മോഡലിന്റെ വയര്‍ കണ്ടവര്‍ ഞെട്ടി
Posted by
30 October

ആറുമാസം ഗര്‍ഭിണിയായ മോഡലിന്റെ വയര്‍ കണ്ടവര്‍ ഞെട്ടി

പെര്‍ത്ത്: സാധാരണയായി ഗര്‍ഭിണിയായി മൂന്നു മാസം കഴിയുമ്പോഴെ ഒരു കുഞ്ഞു ജീവന്‍ ഉള്ളില്‍ വളരുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ശരീരം കാണിച്ചു തുടങ്ങും. എന്നാല്‍ ആറു മാസം ഗര്‍ഭിണിയായ ഓസ്‌ട്രേലിയന്‍ ഫാഷന്‍ ഡിസൈനര്‍ യോത കുസോകാസിന്റെ വയര്‍ കണ്ടു ഞെട്ടിരിക്കുകയാണു ലോകം.

ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഈ ചര്‍ച്ചകള്‍ക്കു വഴിവച്ചത്. ഇവരെ കണ്ടാല്‍ ഗര്‍ഭിണിയാണ് എന്ന് തോന്നുകയേ ഇല്ല. എന്നാല്‍ വയര്‍ ഇല്ലാത്തിന്റെ കാരണം ഇവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.

തന്റെ ഗര്‍ഭപാത്രത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഇവര്‍ പറയുന്നു. സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്തമായി ചരിഞ്ഞ് അവസ്ഥയിലാണു തന്റെ ഗര്‍ഭപാത്രം സ്ഥിതി ചെയ്യന്നത്. എന്‍ഡോമെട്രിയോസിസിലും മാറ്റങ്ങള്‍ ഉണ്ടാക്കിട്ടുണ്ട്. ലോകത്ത് അപൂര്‍വ്വമായ ചില സ്ത്രീകള്‍ക്ക് ഈ പ്രതിഭാസം കണ്ടു വരുന്നതായി യു എസ് നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെല്‍വിക് ശസ്ത്രക്രിയ ചെയ്തവരില്‍ പ്രകൃതിദത്തമല്ലാതെ തന്നെ ഇത്തരത്തില്‍ ഗര്‍ഭപാത്രം കണ്ടുവരുന്നുണ്ട്. ഏതായാലും യോതയുടെ പുതിയ ചിത്രം സോഷില്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിരിക്കുകയാണ്.

നഖങ്ങളുടെ നിറം മാറ്റത്തില്‍ നിന്നും ഇനി രോഗങ്ങളും തിരിച്ചറിയാം
Posted by
30 October

നഖങ്ങളുടെ നിറം മാറ്റത്തില്‍ നിന്നും ഇനി രോഗങ്ങളും തിരിച്ചറിയാം

നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ അവസ്ഥയും രോഗങ്ങളുള്ള അവസ്ഥയും തിരിച്ചറിയണമെങ്കില്‍ ഇനി നഖം നോക്കിയാല്‍ മതി. നഖത്തിന്റെ നിറം ഘടന എന്നിവയിലൂടെ എങ്ങനെ രോഗങ്ങള്‍ തിരിച്ചറിയാമെന്ന് നോക്കാം.

നഖങ്ങളില്‍ വെള്ള നിറമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് കരള്‍ രോഗങ്ങള്‍, വൃക്കയുടെ തകരാറുകള്‍, ഹൃദയാഘാതം എന്നിവയുടെ ലക്ഷണങ്ങളാണ്.

മഞ്ഞനിറമുള്ള നഖങ്ങള്‍ ഫംഗസ് ബാധ, തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ലക്ഷണമാണ്.

ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാത്തതിനാലാണ് നഖങ്ങള്‍ നീലനിറത്തില്‍ കാണുന്നത്.

പരുപരുത്ത നഖങ്ങള്‍ വാത രോഗങ്ങളുടെ ലക്ഷണമായി കണക്കാക്കാം.

നഖത്തില്‍ വെള്ള നിറമുള്ള പാടുകള്‍ വീഴുന്നത് വൃക്ക സംബന്ധമായ രോഗത്തിന്റെ ലക്ഷണങ്ങളാവാം.

കറുത്തതോ ഇരുണ്ട നിറമുള്ളതോ ആയ വരകള്‍ നഖത്തില്‍ പ്രത്യക്ഷപ്പെടുന്നത് ത്വക്കിനുണ്ടാകുന്ന കാന്‍സറിന്റെ ലക്ഷണമാണ്.

പുരികത്തിന്റെ കട്ടി കൂട്ടാം… ഇവ ചെയ്താല്‍
Posted by
29 October

പുരികത്തിന്റെ കട്ടി കൂട്ടാം... ഇവ ചെയ്താല്‍

കട്ടിയുള്ള പുരികം സ്വപ്‌നം കാണാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. പുരികത്തിന്റെ കട്ടിയും ഷെയ്പ്പുമെല്ലാം ഇപ്പോള്‍ സൗന്ദര്യത്തിന്റെ അളവുകോലാണ്. പുരികത്തിനു കട്ടി കൂടാന്‍ ചില വഴികള്‍ ഇതാ

മോയ്‌സ്ച്യുറൈസിങ്

കണ്‍പുരികങ്ങള്‍ക്ക് കൂടുതല്‍ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയെ ജെല്ലി ഉപയോഗിക്കാം.

ഓയില്‍ മസാജ്

തലയില്‍ ഓയില്‍ മസാജ് ചെയ്യുന്നതുപോലെ പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ആവാം. ഒലീവ് ഓയില്‍, വെളിച്ചെണ്ണ, കാസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് പുരകത്തിന് കറുപ്പ് നിറം ലഭിക്കാനും കട്ടി കൂട്ടാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ തുണിയിലോ കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യാം.

മുട്ടയുടെ വെള്ള

പ്രോട്ടീന്റെ കലവറയാണ് മുട്ട. മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ തേക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും.

അധികമായാല്‍ അമൃതവും വിഷം; ബുദ്ധിമാന്‍മാര്‍ക്ക് മാനസിക രോഗത്തിന് സാധ്യത
Posted by
23 October

അധികമായാല്‍ അമൃതവും വിഷം; ബുദ്ധിമാന്‍മാര്‍ക്ക് മാനസിക രോഗത്തിന് സാധ്യത

അധികമായാല്‍ അമൃതും വിഷം എന്നു പറയും പോലെ തന്നെയാണ് ബുദ്ധിയുടെ കാര്യവും. ബുദ്ധിമാന്‍മാര്‍ക്ക് മാനസികരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ട്. ബുദ്ധി കൂടി വട്ടായതാണ് എന്ന് ചിലപ്പോഴൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. അതില്‍ അല്‍പ്പം വാസ്തവമുണ്ടോ എന്ന് തോന്നിപ്പിക്കുന്നതാണ് ഈ പഠനഫലം.

ബുദ്ധി കുറഞ്ഞവരെ അപേക്ഷിച്ച് ബുദ്ധി കൂടുതലുള്ളവര്‍ക്ക് ഉത്കണ്ഠയുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതലാണ്. ടിസര്‍ കോളജ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സാധാരണക്കാരായ 10 ശതമാനം പേരെ അപേക്ഷിച്ച് ബുദ്ധിമാന്മാരുടെ ഗ്രൂപ്പില്‍പ്പെട്ട 20 ശതമാനം പേരും ഉത്കണ്ഠയും വിഷാദവും ബാധിച്ചവരെന്നു കണ്ടു.

ഇവര്‍ക്ക് രോഗപ്രതിരോധശക്തി കുറവാണെന്നു മാത്രമല്ല ആസ്മ, അലര്‍ജി ഇവയ്ക്കുള്ള സാധ്യതയും കൂടുതലായിരുന്നു. ബുദ്ധിശക്തിയും മാനസികരോഗവും തമ്മിലും മനോനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ശരീരത്തെ ബാധിക്കുന്ന രോഗങ്ങളും തമ്മിലും ബന്ധമുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു.

”ബുദ്ധിമാന്മാരായ ആളുകളില്‍ മാനസികരോഗനിരക്ക് കൂടാന്‍ കാരണമുണ്ട്. അവര്‍ സാമൂഹ്യ സാഹചര്യങ്ങള്‍, ചുറ്റുപാട് ഇവയെപ്പറ്റിയെല്ലാം വളരെയധികം അവബോധം ഉള്ളവരാകും. ഇത് കൂടുതല്‍ വിമര്‍ശനാത്മകമായും അപഗ്രഥനാത്മകമായും സമൂഹത്തോട് ഇടപെടാന്‍ അവര്‍ക്ക് പ്രേരണയാകും. ഈ ഹൈപ്പര്‍ സെന്‍സിറ്റീവ് സ്വഭാവ രീതികള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

”പഠനത്തിനു നേതൃത്വം നല്‍കിയ സോനിക്കോള്‍ ട്രിറ്റീള്‍ട്ട് പറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം (Brain activity) വര്‍ദ്ധിച്ച തോതില്‍ ഉള്ളവര്‍ക്ക് ശാരീരിക പ്രവര്‍ത്തനങ്ങളും കൂടുതലായിരിക്കും. ബൗദ്ധികമായ കഴിവ് കൂടുതലും ശാരീരികവും മാനസികവുമായ അവസ്ഥയും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പഠനം പറയുന്നു.

വെള്ളം മാത്രം കുടിച്ച് തടി കുറയ്ക്കാം
Posted by
23 October

വെള്ളം മാത്രം കുടിച്ച് തടി കുറയ്ക്കാം

ശരീര സൗന്ദര്യത്തിന് വിഘാതമായി നില്‍ക്കുന്ന അമിതവണ്ണത്തെ തുരത്താന്‍ എളുപ്പവഴി. അമിതവണ്ണം മൂലം സൗന്ദര്യത്തോടൊപ്പം ആരോഗ്യവും നശിക്കുന്നതില്‍ വിഷണ്ണരായിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ധാരാളമായി വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാവും.

അമിത ഭക്ഷണം മൂലം ശരീരത്തില്‍ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണം. ഇതൊഴിവാക്കാന്‍ പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.

അമിതാഹാരം ഒഴിവാക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇത് സഹായകരമാകും. ഇത് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുന്നതിനാല്‍ ആവശ്യത്തിലധികം കഴിക്കുന്നത് ഇല്ലാതാക്കും.

അമിതവണ്ണത്തിലേക്ക് നീങ്ങുന്ന കുട്ടികളിലും ഈ ശീലമുണ്ടാക്കിയാല്‍ ഭാവിയിലെ പ്രതിസന്ധികള്‍ ഒഴിവാക്കാനാവും