പഴങ്കഞ്ഞിയില്‍ കട്ടത്തൈരും കപ്പയും മീന്‍ കറിയും ചേര്‍ത്ത് ഒരു പിടിപിടിക്കാം
Posted by
03 December

പഴങ്കഞ്ഞിയില്‍ കട്ടത്തൈരും കപ്പയും മീന്‍ കറിയും ചേര്‍ത്ത് ഒരു പിടിപിടിക്കാം

തലേന്ന് വെള്ളമൊഴിച്ച് മൂടി വച്ച് പാകമായ നല്ല പഴങ്കഞ്ഞി രാവിലെ എടുത്ത് കട്ടത്തൈരും കാന്താരിമുളകും എല്ലാം ചേര്‍ത്ത് ഒരു പിടി പിടിക്കണം’ എന്നു മോഹന്‍ലാല്‍ പറയുന്ന ഒരു സീനുണ്ട് കളിപ്പാട്ടം എന്ന ചിത്രത്തില്‍. പഴങ്കഞ്ഞി ഇഷ്ടമുള്ള ഒരു ശരാശരി മലയാളിയുടെ നാവില്‍ കപ്പലോടിക്കും ആ രംഗം. മലയാളിയുടെ പഴങ്കഞ്ഞി പ്രിയം അവിടെ തീരുന്നില്ല, പഴങ്കഞ്ഞി കിട്ടാനായി രാത്രി ഏറെ ചോറു വച്ച് രാവിലത്തേക്ക് മണ്‍കലങ്ങളില്‍ വെള്ളമൊഴിച്ചു വച്ച് ഉപയോഗിക്കുന്നവരുണ്ട്. പഴങ്കഞ്ഞിയും തൈരും കാന്താരിമുളകും എല്ലാം നന്നായി യോജിപ്പിച്ചാല്‍ അസ്സല്‍ കോമ്പിനേഷനാണ് ഈ വിഭവം എന്ന അഭിപ്രായക്കാര്‍ കേട്ടോളൂ… കൊല്ലം ചവറ റൂട്ടില്‍ ശങ്കരമങ്കലത്ത് പഴങ്കഞ്ഞിയും കപ്പയും മത്തിക്കറിയും തൈരും എല്ലാം ചേര്‍ത്ത് ഒരു ചട്ടി 50 രൂപയ്ക്ക് വാങ്ങി കഴിക്കാം. അതും നല്ല ഹോം മെയ്ഡ്.

സംഭവം ഹോം മെയ്ഡ് ആണെങ്കിലും ഇത് ‘ഹാങ്ഔട്ട്’ റസ്‌റ്റോറന്റ് ആന്റ് ബേക്കേഴ്‌സിന്റെ മെനുവിലെ പ്രധാന വിഭവമാണ്. പഴങ്കഞ്ഞി മാത്രമല്ല അതിനൊപ്പം സ്‌പെഷലും വാങ്ങി കഴിക്കാം. തലക്കറി, ചൂരക്കറി, നല്ല ഫ്രഷ് മീന്‍ വറുത്തത്, കക്കയിറച്ചി, ബീഫ് വരട്ടിയത്…എല്ലാം ഇവിടെ കിട്ടും. ഹാങ്ഔട്ട് റസ്‌റ്റോറന്റിന് പിന്നില്‍ ഇതിനു വേണ്ടി പ്രത്യേകം ഫുഡ് കൗണ്ടറുമുണ്ട്. സെലിബ്രിറ്റീസ് പോലും തേടി വന്നു കഴിക്കുന്ന ഈ സ്‌പെഷല്‍ കോമ്പോയുടെ മാസ്റ്റര്‍ ബ്രെയ്ന്‍ ഹാങ് ഔട്ട് റസ്‌റ്റോറന്റിന്റെ ഉടമ മഹേഷിന്റേതാണ്.

മഹേഷിന് ഈ കോമ്പിനേഷന്‍ വലിയ ഇഷ്ടമാണ്. പഴങ്കഞ്ഞിക്കൊപ്പം നല്ല മുളകിട്ട മത്തിക്കറിയും തൈരും അച്ചാറും കൂടെ ഉണക്കമീന്‍ ഉള്ളി ചേര്‍ത്തു വറുത്തതും. എല്ലാ ദിവസവും ഏകദേശം മുന്നൂറു പേര്‍ക്കോളം വേണ്ട പഴങ്കഞ്ഞി ഇവിടെ ലഭിക്കും. എല്ലാം ശുദ്ധമായതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമാണ് എന്നകാര്യം ഉറപ്പുവരുത്താന്‍ താന്‍ ശ്രദ്ധിക്കുന്നു. ബാക്കിയെല്ലാം ഇവിടുത്തു കാരുടെ കൈപുണ്യമെന്നാണ് മഹേഷ് പറയുന്നത്.

പൊതിച്ചോറും ഷാപ്പു കറികളും ഒപ്പം 50 രൂപയ്ക്ക് നല്ല പഴങ്കഞ്ഞി കോമ്പോയും കഴിക്കണമെങ്കില്‍ വിട്ടോളൂ. കൊല്ലം – ചവറ റൂട്ടില്‍ ഈ സൂപ്പര്‍ കോമ്പിനേഷന്‍ കൊതിയൂറും രുചിയോടെ നിങ്ങളെ കാത്തിരിക്കുന്നു.

വെള്ളം മാത്രം കുടിച്ച് തടി കുറയ്ക്കാം
Posted by
23 October

വെള്ളം മാത്രം കുടിച്ച് തടി കുറയ്ക്കാം

ശരീര സൗന്ദര്യത്തിന് വിഘാതമായി നില്‍ക്കുന്ന അമിതവണ്ണത്തെ തുരത്താന്‍ എളുപ്പവഴി. അമിതവണ്ണം മൂലം സൗന്ദര്യത്തോടൊപ്പം ആരോഗ്യവും നശിക്കുന്നതില്‍ വിഷണ്ണരായിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ധാരാളമായി വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാവും.

അമിത ഭക്ഷണം മൂലം ശരീരത്തില്‍ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണം. ഇതൊഴിവാക്കാന്‍ പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.

അമിതാഹാരം ഒഴിവാക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇത് സഹായകരമാകും. ഇത് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുന്നതിനാല്‍ ആവശ്യത്തിലധികം കഴിക്കുന്നത് ഇല്ലാതാക്കും.

അമിതവണ്ണത്തിലേക്ക് നീങ്ങുന്ന കുട്ടികളിലും ഈ ശീലമുണ്ടാക്കിയാല്‍ ഭാവിയിലെ പ്രതിസന്ധികള്‍ ഒഴിവാക്കാനാവും

കൊതിപ്പിക്കും.. പ്ലസ്ടു വിദ്യാർത്ഥിനിയായ ഹനൂനയുടെ ഈ കേക്കുകഥ
Posted by
19 October

കൊതിപ്പിക്കും.. പ്ലസ്ടു വിദ്യാർത്ഥിനിയായ ഹനൂനയുടെ ഈ കേക്കുകഥ

-ഫഖ്റുദ്ധീൻ പന്താവൂർ

കേക്കുകൾ കൊണ്ട് അതിജീവനത്തിന്റെ പുതിയ സന്ദേശം നൽകുകയാണ് തിരൂർ ഇത്തിലാക്കൽ സ്വദേശിയും കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ ഹനൂന.

കേക്കുണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ പ്ലസ്ടു പഠിക്കുന്ന ഒരു പെൺകുട്ടി പാരമ്പര്യങ്ങളുടെ ശീലങ്ങളെ മാറ്റിവെച്ച് സ്വന്തമായി ഡിസൈനര്‍ കേക്ക് ബിസിനസ്സ് തന്നെ തുടങ്ങിയ ഹനൂനയെ കുറിച്ച് കേള്‍ക്കുമ്പോഴോ? ചിത്ര രചനയിലും പാചകത്തിലുമൊക്കെ താല്‍പര്യമുണ്ടായിരുന്ന ഹനൂന പോക്കറ്റ് മണിക്ക് വേണ്ടിയാണ് കേക്കുണ്ടാക്കി കേക്കു നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത് .

എല്ലാവരേയും പോലെ വെറുതെ കേക്കുണ്ടാക്കുകയായിരുന്നില്ല ഹനൂനയുടെ ലക്ഷ്യം. പുതുമ വേണം. ചിത്ര കലയിലും കഴിവു തെളിയിച്ചിട്ടുളളതുകൊണ്ട് ഡിസൈനര്‍ കേക്കുകളൊരുക്കി വിസ്മയം സൃഷ്ടിച്ചു ഹനൂന.

പഠനത്തിനും സ്വന്തം ആവശ്യങ്ങൾക്കും പണത്തിനായി പിതാവിനെ ആശ്രയിക്കാൻ മടി തോന്നിയപ്പോഴാണ് ഒരു മാസം മുൻപ് കേക്കുകൾ നിർമിക്കുന്നതിനെക്കുറിച്ച് ഹനൂന കാര്യമായി ചിന്തിച്ചുതുടങ്ങിയത് .കേക്കുകൾ നിർമിക്കുന്നതിന്റെ പ്രാഥമിക പാഠങ്ങൾ ആദ്യമെ അറിയാമായിരുന്ന ഹനൂന കോട്ടക്കലിൽ വെച്ച് കേക്ക് നിർമ്മാണത്തെ ക്കുറിച്ച് ഒരു ക്ലാസ് കേട്ടു .ആ ആത്മവിശ്വാസമാണ് ഈ പന്ത്രണ്ടാം ക്ലാസുകാരിയെ കേക്കുകളുടെ ലോകത്തെ രാജകുമാരിയാക്കിയത്.

കേക്കുകൾ കൗതുകത്തിനും കാഴ്ചക്കും മാത്രമല്ലന്ന് ഹനൂന തെളിയിച്ചു .ഒരു മാസം കൊണ്ട് ഇരുപതോളം വിവിധയിനം കേക്കുകളാണ് നിർമിച്ചത് .ഓരോ കേക്കിനും 1300 മുതൽ 2000 രൂപവരെ വിലയുള്ള കേക്കുകൾ .ആവശ്യക്കാർ വർധിച്ചതോടെ ഹനൂനയുടെ കേക്ക് കച്ചവടവും വിപണി കൈയ്യടക്കി.

അങ്ങനെ കണ്ടും കേട്ടും ഹനൂനയുടെ കേക്കുകള്‍ക്ക് ആവശ്യക്കാരേറി. ഇഷ്ടമുളള ഡിസൈനില്‍ കേക്കുകളൊരുക്കി നല്‍കാനൊരുക്കമാണ് ഈ മിടുക്കി . വിവിധ ഡിസൈനുകളിൽ തീര്‍ത്ത കേക്കുകള്‍ കാഴ്ചക്കാരില്‍ അദ്ഭുതം ജനിപ്പിക്കും.

ആരുടെയും സഹായമില്ലാതെയാണ് ഹനൂന കേക്ക് നിർമിക്കുന്നത്. പാക്കിങ്ങിനും മറ്റുമായി ഉമ്മ സഹായിക്കും. വിവാഹത്തിനും പിറന്നാളിനും വിവിധ ആഘോഷങ്ങൾക്കുമായി ബ്ലാക്ക് ഫോറസ്റ്റ് ,എല്ലോ ഫോറസ്റ്റ് , വൈറ്റ് ഫോറസ്റ്റ് എല്ലാം റെഡി. പൂര്‍ണ്ണമായും നാച്വറല്‍ എന്നിടത്താണ് കേക്കുകളുടെ പ്രത്യേകത. നിയമപ്രകാരം ചേര്‍ത്തിരിക്കേണ്ട ഘടകങ്ങള്‍ മാത്രമേ ചേര്‍ത്തിട്ടുള്ളൂ. രുചിക്കൂട്ടുകളോ, ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രത്യേക രാസവസ്തുക്കളോ ചേര്‍ക്കുന്നില്ല.

മറ്റു കേക്കുകളിൽ നിന്ന് ഭിന്നമായി പൂക്കളും മരങ്ങളും ഇലകളും വീടുകളും ഡിസൈൻ ചെയ്ത കേക്കുകളാണ് ഹനൂന നിർമിക്കുന്നത്. സാധാരണ കടകളിൽ ഇത്തരം കേക്കുകൾ ലഭ്യമല്ലെന്നാണ് ഹനൂന പറയുന്നത്. ഒരു മാസം കൊണ്ട് മുപ്പതിനായിരത്തിലധികം രൂപയുടെ കേക്കുകൾ ഹനൂന ഉണ്ടാക്കിക്കഴിഞ്ഞു. തുടക്കമെന്ന നിലയിൽ കുടുംബക്കാരിൽ നിന്നൊന്നും പണം വാങ്ങാൻ ഹനൂന തയ്യാറായില്ല. എന്നാലും അയ്യായിരം രൂപ പണമായിത്തന്നെ ലഭിച്ചു.

സ്കൂളിലെ എൻ എസ് എസ് ലീഡറായ ഹനൂനയുടെ റോൾ മോഡൽ വല്യുപ്പയായ പരുത്തിക്കുന്നിൽ ഹംസയാണ് .തന്റെ എല്ലാ ആഗ്രഹത്തിനും മികച്ച പിന്തുണ നൽകുന്ന വല്യുപ്പ ചിത്രം വരക്കുകയും ചെയ്യും .

കേക്കുകളുടെ നിർമ്മാണവും വിപണനവും വിജയിച്ചതോടെ ഉപ്പ അഹമ്മദ് കുട്ടിയും ഉമ്മ ആസിഫയും ഏറെ സന്തോഷത്തിലാണ് . ചിത്രരചനയിലും മോണോ ആക്ടിലും സമ്മാനങ്ങൾ വാങ്ങിച്ചുകൂട്ടിയ ഈ മിടുക്കിക്ക് സൈക്കോളജി പഠിക്കാനാണ് ആഗ്രഹം .ഇപ്പോൾ പ്ലസ്ടു സയൻസാണ് പഠിക്കുന്നത് .

സ്വന്തം കാലിൽ നിൽക്കാൻ കുട്ടികളെ പ്രാപ്തരാക്കിയാൽ വിദ്യാഭ്യാസം യാഥാർത്ഥ്യമായി .ഹനൂന മറ്റു കുട്ടികൾക്ക് മാതൃകയാവുന്നതും ഇവിടെയാണ് .വിപണിയില്‍ പല വിധത്തിലുള്ള കേക്കുകള്‍ ലഭിയ്ക്കുമെങ്കിലും വീട്ടിലുണ്ടാക്കുന്ന കേക്ക് കഴിയ്ക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയല്ലേ. അതുതന്നെയാണ് ഹനൂനയുടെ കൊതിയൂറുന്ന കേക്കിന്റെ വിജയവും.

(മാധ്യമപ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ.9946025819 )

ഇന്ന് ലോകഭക്ഷ്യദിനം: ഭക്ഷണത്തെയും അതിന്റെ മൂല്യത്തെയും കുറിച്ച് തിരിച്ചറിയൂ… ലോക ജനസംഖ്യയില്‍ 11 ശതമാനം കടുത്ത പട്ടിണിയില്‍
Posted by
16 October

ഇന്ന് ലോകഭക്ഷ്യദിനം: ഭക്ഷണത്തെയും അതിന്റെ മൂല്യത്തെയും കുറിച്ച് തിരിച്ചറിയൂ... ലോക ജനസംഖ്യയില്‍ 11 ശതമാനം കടുത്ത പട്ടിണിയില്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനമാണ്.ഭക്ഷണത്തെയും അതിന്റെ മൂല്യത്തെയും കുറിച്ച് നാം അത്രയൊന്നും ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം അന്യന്റെ അപ്പക്കഷ്ണം കൊണ്ട് ജീവിച്ചവന്‍ മോക്ഷം പ്രാപിക്കുകയും വിശപ്പില്ലാത്ത ധനവാന് മോക്ഷം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ഉപമ എത്ര അര്‍ത്തവത്വാണ് .

എല്ലായിടത്തും ഭക്ഷണ മുണ്ടാവട്ടെ എന്ന ആപ്തവാക്യവുമായി 1945 ഒക്ടോബര്‍ 16 ന് ലോക ഭക്ഷ്യകാര്‍ഷിക സംഘടന പിറവിയെടുത്തു .ഇതിന്റെ ഓര്‍മയ്ക്കാണ് ഈ ദിവസം ലോകം മുഴുവന്‍ ഭക്ഷ്യദിനമായി ആചരിക്കുന്നത്. വിശപ്പില്ലാത്ത ഒരു ലോകമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം ‘ലോകത്താകമാനമുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഭക്ഷ്യസുരക്ഷയ്ക്കും പോഷകാഹാരത്തിനും സുസ്ഥിര ഭക്ഷണസംവിധാനങ്ങള്‍ ‘ എന്നതാണ്

ലോകത്തിലെ എട്ടുപേരില്‍ ഒരാള്‍ എന്നനിലയില്‍ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ വിശക്കുന്നവരാണ് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് .മധ്യ ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് വിശക്കുന്നവരുടെ എണ്ണം കൂടുതല്‍ .ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലും തോലുമായി തീര്‍ന്ന കുട്ടികള്‍ ആഫ്രിക്കയില്‍ മാത്രമല്ല ലോകത്തിലെ വിവിധയിടങ്ങളില്‍ പലകാരണങ്ങളാല്‍ കുടിയേറിപ്പാര്‍ക്കുന്നവരിലുമുണ്ട് .

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുളള്ള ഐക്യരാഷ്ട്ര സഭയുടെ 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 815 മില്ല്യണ്‍ ആളുകളും കടുത്ത പട്ടിണി നേരിടുന്നവരാണ്. അതായത് ലോക ജനസംഖ്യയിലെ 11 ശതമാനവും കടുത്ത പട്ടിണിയിലാണ്.
കഴിഞ്ഞ വര്‍ഷങ്ങളിലെതിനെക്കാള്‍ 38 മില്ല്യണ്‍ ആളുകളാണ് ഈ വര്‍ഷം പട്ടിണി പട്ടികയില്‍

ഇതില്‍ 11.7 ശതമാനം ഏഷ്യയിലും 20 മുതല്‍ 33 ശതമാനം വരെ ആഫ്രിക്കയിലുമാണ്. ആഫ്രിക്കയാണ് പട്ടിണി പട്ടികയില്‍ മുന്‍പന്തിയില്‍. ലോകത്തില്‍155 മില്ല്യണ്‍ കുട്ടികളും അവശ്യ പോഷകത്തിന്റെ ലഭ്യതക്കുറവുമൂലം വളര്‍ച്ച മുരടിച്ച് പ്രായത്തിനൊത്ത ശരീര വലുപ്പമില്ലാതെ ശോഷിച്ചു പോയവരാണ്. 2030 ആകുമ്പോഴേക്കും ലോകത്തെ പട്ടിണിയുടെ പിടിയില്‍ നിന്നും രക്ഷിക്കാനാകുമെന്നാണ് യു എന്‍ പ്രതീക്ഷ

ലോകജനസംഖ്യ 2050 ഓടെ 900 കോടി പിന്നിടും .ഇതിന് ആനുപാതികമായി ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല എന്ന ആശങ്ക ശക്തമാണ് .ലോകത്തിലെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം 70 ശതമാനം വര്‍ധിപ്പിച്ചില്ലെങ്കില്‍ 2050 ഓടെ കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണി കിടക്കേണ്ടിവരും.ആഗോളതലത്തിലുള്ള കാലാവസ്ഥവ്യതിയാനം ,കൃഷിഭൂമിയുടെ കുറവ്, വര്‍ധിച്ച കീടബാധ എന്നിവയൊക്കെ ഭക്ഷ്യോദ്പാദന രംഗത്ത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട് .

ഓരോ രാജ്യത്തെയും സാമ്പത്തിക സ്ഥിതിയാണ് അവിടുത്തെ ഭക്ഷണത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത് .ലോകത്തിലെ സമ്പന്നമായ വികസിതരാജ്യങ്ങളിലെ ജനങ്ങളാണ് ഏറ്റവും പോഷകപ്രദവും വിലകൂടിയതുമായ ഭക്ഷണം കഴിക്കുന്നവര്‍ .എന്നാല്‍ ദരിദ്രരാജ്യങ്ങളിലെ സ്ഥിതി ഇതില്‍ നിന്നും ഭിന്നമാണ്.വിനോദത്തിനും വയറുനിറക്കാനും കഴിക്കുന്നവരാണ് ഏറെയും .

വടക്കേ അമേരിക്ക ,യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലുള്ള ഓരോ വ്യക്തിയും പ്രതിമാസം 10 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ വരെ പാഴാക്കിക്കളയുന്നു .എന്നാല്‍ പരമദരിദ്രരായ ജനങ്ങളുള്ള മധ്യ ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ഒരാള്‍ 10 ഗ്രാം ഭക്ഷണവസ്തുക്കള്‍ പോലും ഒരു വര്‍ഷം പാഴാക്കുന്നില്ല .

ഒലിവര്‍ ട്വിസ്റ്റിനെപ്പോലെ ഇന്നും അനേകം പിഞ്ചുകുഞ്ഞുങ്ങള്‍ കാഴ്ചവട്ടത്തും വിദൂരത്തും ഒരു മണി ചോറിനുവേണ്ടി ഭിക്ഷാപാത്രവുമായി വികസിതരാജ്യങ്ങളോടും ശേഷിയുള്ളവരോടും നിലവിളിക്കുന്നുണ്ട്. അല്ലെങ്കില്‍ നിലവിളിക്കാന്‍ പോലും കഴിയാത്തവരായി മാറുന്നുണ്ട് .

നമുക്ക് എന്തുചെയ്യാന്‍ കഴിയും ?

1. ഭക്ഷണം പാഴാക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
2. വിശക്കുമ്പോള്‍ മാത്രം ഭക്ഷിക്കുക .
3. ഇഷ്ടമുള്ളത് കഴിച്ചാലും ഇഷ്ടമുള്ളയത്രയും കഴിക്കാതിരിക്കുക.
4. ഓര്‍ക്കുക മിക്ക അസുഖങ്ങളും ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ഉണ്ടാവുന്നത്.
5. കുട്ടികള്‍ക്ക് ഭക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കുക.
6. ആവശ്യമുള്ളത് മാത്രം പാചകം ചെയ്യാന്‍ ശീലിക്കുക.
7. ആവശ്യമുള്ളതിലധികം ഭക്ഷ്യവസ്തുക്കള്‍ വീട്ടിലേക്ക് വാങ്ങാതിരിക്കുക.
8. വിശക്കുന്നവരെ ഭക്ഷിപ്പിക്കുക.
9. ബുദ്ധിക്ക് ഉണര്‍വ്വേകുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുക .
10. വയറ് നിറച്ച് ഭക്ഷിക്കാതിരിക്കുക.

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും ,ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറുമാണ് ലേഖകന്‍. 9946025819 )

ഒരു കഷ്ണം ചെറുനാരങ്ങ മതി, സൂപ്പറായി വായനാറ്റമകറ്റാം
Posted by
16 October

ഒരു കഷ്ണം ചെറുനാരങ്ങ മതി, സൂപ്പറായി വായനാറ്റമകറ്റാം

വായ്‌നാറ്റം നമുക്കു മാത്രമല്ല, നമ്മുടെ ചുറ്റുമുള്ളവരേയും വെറുപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് വായ ശരിയായി വൃത്തിയാക്കാത്തതും പല്ലു കേടു വരുന്നതും ദന്തരോഗങ്ങളുമെല്ലാം കാരണമാകാറുണ്ട്.വായിലെ ഉമിനീര് കുറയുമ്പോഴാണ് സാധാരണ വായ്‌നാറ്റമുണ്ടാകുന്നത്. ഇതുകൊണ്ടുതന്നെ െ്രെഡ മൗത്ത് വായനാറ്റത്തിനുള്ള ഒരു പ്രധാന കാരണമാണ്.

വായില്‍ വളരുന്ന ബാക്ടീരിയകളാണ് വായ്‌നാറ്റത്തിനുള്ള മറ്റൊരു പ്രത്യേക കാരണം. ഇവയാണ് ദന്ത,മോണരോഗങ്ങള്‍ ഉണ്ടാക്കുന്നതും.വായനാറ്റമകറ്റാന്‍ സ്വാഭാവിക വഴികള്‍ തേടുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. മൗത്ത് വാഷ് പോലുള്ളവയിലെ കെമിക്കലുകള്‍ വായനാറ്റത്തിനു താല്‍ക്കാലികമായ പ്രതിവിധിയാകുമെങ്കിലും പല്ലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇവയേക്കാള്‍ എന്തുകൊണ്ടും നല്ലത് തികച്ചും സ്വാഭാവികപരിഹാരങ്ങളാണ്. ഇതിലൊന്നാണ് ചെറുനാരങ്ങ.

പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ പലപ്പോഴും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സൗന്ദര്യത്തിനും മുടിയ്ക്കും ആരോഗ്യത്തിനും ഒരുപോലെ സഹായകമായ ചെറുനാരങ്ങ വായ്‌നാറ്റമകറ്റാനുള്ള ഉത്തമമപരിഹാരം കൂടിയാണ്. യാതൊരു ദോഷവശങ്ങളുമില്ലാത്ത സ്വാഭാവിക പരിഹാരമെന്നു വേണം, പറയാന്‍. പല്ലിന് തിളക്കവും ആരോഗ്യവും നല്‍കുന്ന ഒരു ഘടകം കൂടിയാണ് ചെറുനാരങ്ങ.

ചെറുനാരങ്ങിലെ വൈറ്റമിന്‍ സിയാണ് വായനാറ്റമകറ്റാന്‍ സഹായിക്കുന്നത്. വായിലെ ബാക്ടീരിയകള കൊന്നൊടുക്കാന്‍ ഇവയ്ക്കു കഴിയും. വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാനും.വായ്‌നാറ്റത്തിന് മൗത്ത്‌വാഷ് പോലുള്ളവ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇതില്‍ കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് എല്ലാ അര്‍ത്ഥത്തിലും ആരോഗ്യകരമെന്നു പറയാനാകില്ല.വായ്‌നാറ്റത്തിന് സ്വാഭാവിക പ്രതിവിധികളുമുണ്ട്. ഇതിലൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ പല വിധത്തിലും വായ്‌നാറ്റത്തിന് പ്രതിവിധിയായി ഉപയോഗിയ്ക്കാം.

ചെറുനാരങ്ങ പല്ലിനു നിറം നല്‍കാനും മോണയുടെ ആരോഗ്യത്തിനുമെല്ലാം അത്യുത്തമമാണ്. വായിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണ് ചെറുനാരങ്ങ. ചെറുനാരങ്ങയ്‌ക്കൊപ്പം പല ചേരുവകളും കലര്‍ത്തിയോ അല്ലാതെയോ ഉപയോഗിയ്ക്കാം. തികച്ചും സ്വാഭാവിക വഴികളായതുകൊണ്ടുതന്നെ പല്ലിനു ദോഷം വരുമെന്ന പ്രശ്‌നവും വരുന്നില്ല.

ഒരു കപ്പു ചൂടുവെള്ളത്തില്‍

ഒരു കപ്പു ചൂടുവെള്ളത്തില്‍ 1 ടേബിള്‍സ്പൂണ്‍ നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇതില്‍ കാല്‍ ടീസ്പൂണ്‍ ഉപ്പു ചേര്‍ത്തിളക്കുക. ഇത് വായിലൊഴിയ്ച്ച് ഇടയ്ക്കിടെയോ രാവിലെയോ വൈകീട്ടോ വായ വൃത്തിയ്ക്കാംഉപ്പും നല്ലൊരു അണുനാശിനിയാണ്. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയും ഇതിനു സഹായിക്കും. ഇവ രണ്ടും ചേരുമ്പോള്‍ പ്രയോജനം ഇരട്ടിയാകും. ഇത് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദിവസവും ചെയ്യാന്‍ പറ്റില്ലെങ്കിലും ആഴ്ചയില്‍ രണ്ടുമൂന്നുതവണയെങ്കിലും ഇതു ചെയ്യുന്നതു ഗുണം നല്‍കും.

ഇഞ്ചി നീര്

ഒരു ടീസ്പൂണ്‍ ഇഞ്ചി നീര്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് വായിലൊഴിച്ചു രണ്ടുനേരം കഴുകാം.ഇഞ്ചി വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ സി കൂടിയാകുമ്പോള്‍ ഇത് ഇരട്ടി ഗുണം നല്‍കും. മോണരോഗങ്ങളകറ്റാനും ഈ മിശ്രിതം ഏറെ നല്ലതാണ്. ഇത് വെള്ളത്തില്‍ ചേര്‍ത്തു മിക്‌സ് ചെയ്ത ശേഷം ഉപയോഗിയ്ക്കാം. ദിവസവും ഉപയോഗിയ്ക്കാവുന്ന ഒരു മൗത്ത് വാഷാണിത്. വായ്‌നാറ്റകലുമെന്നുറപ്പു നല്‍കുന്ന ഒരു മിശ്രിതമാണിത്.ദോഷങ്ങള്‍ നല്‍കാത്ത ഒന്നെന്നു വേണം, പറയാന്‍.

നാരങ്ങാനീര്, തേന്‍

ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും നല്ലതാണ്. ഇത് വായില്‍ ഉമിനീരുണ്ടാകാനും ഇതുവഴി വായ്‌നാറ്റമകറ്റാനും സഹായിക്കും.തേനും ചെറുനാരങ്ങയുമെല്ലാം സ്വാഭാവിക ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയവയാണ്. ഇവ വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കുക മാത്രമല്ല, വായ്ക്ക് സ്വാഭാവിക ഗന്ധം നല്‍കുകയും ചെയ്യും. വായില്‍ ഉമിനിരുണ്ടാകുവാന്‍ ഈ മിശ്രിതം ഏറെ നല്ലതുമാണ്.

ബേക്കിംഗ് സോഡ

ഒരു ബോട്ടിലില്‍ ഒരു ചെറുനാരങ്ങയുടെ ജ്യൂസ് പിഴിഞ്ഞൊഴിയിക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്തിളക്കാം. അര കപ്പു വെള്ളവും ചേര്‍ത്തിളക്കുക. ദിവസവും രണ്ടുനേരം ഇതില്‍ നിന്നല്‍പം വായിലൊഴിച്ചു കുലുക്കുഴിയുകഇത് വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാനും ആരോഗ്യഗുണങ്ങള്‍ നല്‍കാനും ഏറെ ഗുണകരമാണ.ബേക്കിംഗ് സോഡയും വായയ്ക്കു ദോഷം വരുത്താത്ത ഒന്നാണെന്നു വേണം, പറയാന്‍. ദിവസവും രണ്ടുനേരം വീതം ഈ മാര്‍ഗം ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടുമൂന്നുതവണയെങ്കിലും.

പുതിന

ഒരു പുതിനയുടെ ഇല നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇതില്‍ രണ്ടു തുള്ളി ചെറുനാരങ്ങാനീരൊഴിയ്ക്കുക. ഇത് കടിച്ചുചവയ്ക്കുക. ഇത് ഇടയ്ക്കിടെ ചെയ്യാം. നല്ലൊരു മൗത്ത് ഫ്രഷ്‌നറിന്റെ ഗുണം ലഭിയ്ക്കും.

ചെറുനാരങ്ങാനീരും തൈരും

ഒരു ബൗളില്‍ ഒരു ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് പല്ലില്‍ അല്‍പനേരം പുരട്ടുക. അല്‍പം കഴിഞ്ഞു വായ കഴുകാം. ഇത് ഒന്നരാടം ചെയ്യുന്നതു വായനാറ്റമൊഴിവാക്കും.

ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒലീവ് ഓയില്‍

ഒരു കപ്പു ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് വായിലൊഴിച്ച് ഇടയ്ക്കിടെ കഴുകാം. ഇതും വായ്‌നാറ്റം അകറ്റും.നാരങ്ങാനീരും ഒലീവ് ഓയിലും ചേരുമ്പോള്‍ ഇരട്ടി പ്രയോജനം ലഭിയ്ക്കും. ഇത് വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാനും ആരോഗ്യഗുണങ്ങള്‍ നല്‍കാനും ഏറെ ഗുണകരമാണ്. ഇതിനു ശേഷം എണ്ണയുടെ വഴുപ്പ് വായിലുണ്ടെങ്കില്‍ ബ്രഷ് ചെയ്യുകയുമാകാം.

ചെറുനാരങ്ങ

ചെറുനാരങ്ങ ഇടയ്ക്കിടെ ചപ്പുന്നത് വായ്‌നാറ്റമകറ്റാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് ചെറുനാരങ്ങിലെ വൈറ്റമിന്‍ സിയാണ് വായനാറ്റമകറ്റാന്‍ സഹായിക്കുന്നത്. വായിലെ ബാക്ടീരിയകള കൊന്നൊടുക്കാന്‍ ഇവയ്ക്കു കഴിയും. വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാനും. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ ദിവസവും പല തവണയായി ഇതുപോലെ ചെയ്യാം. ഇത് വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കും. അതുപോലെ വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടക്കുകയും ചെയ്യും. എന്നാല്‍ സിട്രസ് അലര്‍ജിയുള്ളവര്‍ ചെറുനാരങ്ങ മാത്രം ഉപയോഗിയ്ക്കുമ്പോള്‍ ഏറെ ശ്രദ്ധിയ്ക്കണം.

ചെറുനാരങ്ങ, പോംഗ്രനേറ്റ്, ഇഞ്ചി

ചെറുനാരങ്ങ, പോംഗ്രനേറ്റ്, ഇഞ്ചി എന്നിവയുപയോഗിയ്ച്ചും വായ്‌നാറ്റത്തിനുള്ള പ്രതിവിധി കണ്ടെത്താം. പോംഗ്രനൈറ്റിന്റെ തോടാണ് ഇതിനായി വേണ്ടതും. ഇതില്‍ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി കൂടിയാകുമ്പോള്‍ ഗുണമേറും

പോംഗ്രനേറ്റിന്റെ തോടുണക്കുക. ഇത് പൊടിച്ചെടുക്കണം. 3 ഗ്രാം പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ വീതം ഇഞ്ചി നീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഈ പാനീയം കുടിയ്്ക്കുകയോ അല്ലെങ്കില്‍ ഗാര്‍ഗിള്‍ ചെയ്യുകയോ ആകാം. ഇത് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ചെയ്താല്‍ വായ്‌നാറ്റം മാറിക്കിട്ടും.

പരീക്ഷിച്ചു കഴിഞ്ഞാല്‍

നാരങ്ങയുപയോഗിച്ചുള്ള സ്വാഭാവികവഴികള്‍ പരീക്ഷിച്ചു കഴിഞ്ഞാല്‍ പെട്ടെന്നു തന്നെ വെള്ളം കൊണ്ടു വായ കഴുകുകയോ വെള്ളം കുടിയ്ക്കുകയോ ചെയ്യണം. ഇത് പല്ലില്‍ സിട്രിക് ആസിഡ് പറ്റിപ്പിടിച്ച് പല്ലുകള്‍ കേടാകുന്നതു തടയാന്‍ സഹായിക്കും. എപ്പോഴും വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു വേണം ചെറുനാരങ്ങാനീര് ഉപയോഗിയ്ക്കാന്‍. അ്ല്ലാത്ത പക്ഷം ഇത് പല്ലുകള്‍ക്കു കേടു വരുത്തും. സ്വാഭാവിക വഴികള്‍ കൊണ്ടു പരിഹാരമില്ലെങ്കില്‍ ഡോക്ടറെ കാണാം. ഇത് ചിലപ്പോള്‍ മെഡിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടുമാകാം.

ചിലര്‍ക്ക് വളരെ സെന്‍സിറ്റീവായ പല്ലുകളാകും. ഇത്തരക്കാര്‍ നാരങ്ങ സ്ഥിരമായി ഉപയോഗിയ്ക്കരുത്. മാത്രമല്ല, ഇത് നല്ലപോലെ നേര്‍പ്പിച്ചു വേണം ഉപയോഗിയ്ക്കാന്‍. ഇതു നേര്‍പ്പിയ്ക്കാന്‍ ഇതില്‍ വെള്ളം ചേര്‍ത്താല്‍ മതിയാകും. ആഴ്ചയില്‍ രണ്ടുമൂന്നുതവണ അത്തരം മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ആരോഗ്യകരം. പല്ലിന് കൂടുതല്‍ പുളിപ്പോ മറ്റോ വരികയാണെങ്കില്‍ ഡോക്ടറുടെ അഭിപ്രായപ്രകാരം മാത്രം നാരങ്ങ ഉപയോഗിയ്ക്കുക. നേരിട്ട് ചെറുനാരങ്ങാനീര് പല്ലിലാകാകന്‍ സമ്മതിയ്ക്കരുത്. പ്രത്യേകിച്ചും പല്ലിന്റെ ഇനാമലിന് കേടു വന്നിട്ടുണ്ടെങ്കില്‍. ഇത്തരം പല്ലുകളില്‍ ചെറുനാരങ്ങ സ്ഥിരം ഉപയോഗിയ്ക്കുന്നത് ദോഷ വരുത്തും.

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ: മൂന്ന് കമ്പനികള്‍ക്ക് നിരോധനാജ്ഞ
Posted by
07 October

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ: മൂന്ന് കമ്പനികള്‍ക്ക് നിരോധനാജ്ഞ

പാലക്കാട്: ഗുണനിലവാരമില്ലാത്തതിനാല്‍ മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചു. കാക്കനാട് റീജനല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് തെളിഞ്ഞതോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്.

പാലക്കാട് കൊല്ലങ്കോട് പ്രവര്‍ത്തിക്കുന്ന ജീസസ് ട്രെഡേഴ്‌സ് എന്ന കമ്പനിയുടെ കൊകോ സമൃദ്ധി (ബാച്ച് നമ്പര്‍ ഒന്ന്), മലപ്പുറം എടപ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എസി ട്രേഡിങ് കമ്പനിയുടെ കൊകോ വിറ്റ (ബാച്ച് നമ്പര്‍ രണ്ട്), തമിഴ്‌നാട് തിരുപ്പൂരിലെ കങ്കാണത്ത് പ്രവര്‍ത്തിക്കുന്ന ഗംഗ കൊക്കനട്ട് ഫുഡ് എന്ന കമ്പനിയുടെ ഗംഗ ഗോള്‍ഡ് (പിഎഫ് നമ്പര്‍ 81) എന്നീ ബ്രാന്‍ഡുകളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയാണ് നിരോധിച്ചത്. ഇവ വില്‍പന നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു. ഈ കമ്പനികളുടെ വെളിച്ചെണ്ണ ഗുണനിലവാരമില്ലെന്ന പരാതി ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനക്ക് അയക്കുകയായിരുന്നു.

കൊതിയൂറും രാമശ്ശേരി ഇഡ്ഡലി ഇനി തിരുവനന്തപുരത്തും; മസ്‌കറ്റ് ഹോട്ടലില്‍ ഫെസ്റ്റ്
Posted by
30 September

കൊതിയൂറും രാമശ്ശേരി ഇഡ്ഡലി ഇനി തിരുവനന്തപുരത്തും; മസ്‌കറ്റ് ഹോട്ടലില്‍ ഫെസ്റ്റ്

തിരുവനന്തപുരം: ഇഡ്ഡലി രുചിക്കാന്‍ രാമശ്ശേരി വരെ പോകേണ്ട. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന ഗാര്‍ഡന്‍ റസ്റ്ററന്റില്‍ രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിനു തുടക്കമായി. വേറിട്ട രുചിയുമായി പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് സെപ്റ്റബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെയാണ്. മാസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന ഗാര്‍ഡന്‍ റസ്റ്ററന്റില്‍ എത്തിയാല്‍ മനസ്സും വയറും നിറഞ്ഞ് ഇഡ്ഡലി കഴിക്കാം. കീശ കാലിയാകുമെന്ന ആശങ്കയും വേണ്ട. സാധാരണക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ന്യായവിലയില്‍ രൂചിയൂറും ഇഡ്ഡലി കഴിച്ച് മടങ്ങാം. വൈകുന്നേരം 5 മണിമുതല്‍ 11 മണി വരെയാണ് ഫെസ്റ്റിന്റെ സമയം. സായാഹ്നയിലെ പതിവ് റസ്റ്റോറന്റും പ്രവര്‍ത്തിക്കും.

മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്‍മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാല്‍ രാമശ്ശേരി ഇഡ്ഡലി. പൂപോലെ മൃദുലമായ ഇഡ്ഡലിക്കൊപ്പം നല്ല ഒന്നാന്തരം എരിവുള്ള ചമ്മന്തിപ്പൊടിയും ഉണ്ടെങ്കില്‍ കുശാലായി. കുരുമുളക്, ഉഴുന്ന് പൊടി, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയാണ് കൂട്ട് എങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഒരിക്കല്‍ രുചി അറിഞ്ഞവര്‍ പാലക്കാട്ടേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ രാമശ്ശേരിലേക്കു പോകാമെന്ന് മനസ്സ് മന്ത്രിക്കും. അത്രക്കും സ്വാദാണ്. ഇഡ്ഡലികളില്‍ത്തന്നെ സ്‌പെഷ്യല്‍ ഐറ്റമായ രാമശ്ശേരി ഇഡ്ഡലി കേരളത്തിലെ പലഹാരങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ഒന്നാണ്. പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നെല്‍പ്പാടങ്ങളുടെ മധ്യത്തില്‍ ഇലപ്പുള്ളിയ്ക്കടുത്തായാണ് രാമശ്ശേരി എന്ന കൊച്ചു ഗ്രാമം.

എലപ്പുള്ളി, കുന്നാച്ചി-പുതുശ്ശേരി റോഡില്‍ രാമശ്ശേരിയിലുള്ള മുതലിയാര്‍ കുടുംബങ്ങളാണ് ഈ വിഭവത്തിന്റെ പെരുമയ്ക്കും രുചിക്കും പിന്നില്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കുടിയേറിയവരാണ് മുതലിയാര്‍ കുടുംബങ്ങള്‍. ഉപജീവനത്തിനായി അവര്‍ തുടങ്ങിയ ഇഡ്ഡലി നിര്‍മ്മാണം രുചിയുടെ മേന്മ കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു.

രാമശ്ശേരിക്കാര്‍ ഇഡ്ഡലിച്ചെമ്പില്‍ അല്ല ഇഡ്ഡലി പാകപ്പെടുത്തുന്നത്. മറിച്ച് മണ്‍കലത്തിന്റെ കഴുത്തു മാത്രമെടുത്ത് അതില്‍ നൈലോണ്‍ നൂല്‍ വല പോലെ പാകി കെട്ടി തട്ടുണ്ടാക്കി അതിനു മുകളില്‍ വെളുത്ത തുണിക്കഷ്ണം നനച്ച് വിരിച്ച് അതില്‍ മാവ് കോരിയൊഴിച്ചാണ് ഇഡ്ഡലി പാകപ്പെടുത്തുന്നത്. മൃദുവായതും ദോശപോലെ പരന്നതുമാണ് ഈ ഇഡ്ഡലി.

ഇഡ്ഡലിയുണ്ടാക്കാന്‍ പൊന്നി അരി മാത്രമാണ് ഉപയോഗിക്കുക. സാധാരണ ഇഡ്ഡലി പോലെ ഇതു വൈകുന്നേരമാകുമ്പോഴേക്കും ചീത്തയാകില്ല. 24 മണിക്കൂര്‍ വരെ ഒരു കേടുപാടും രുചിവ്യത്യാസവുമില്ലാതെയിരിക്കും. ചേരുവകള്‍ക്കപ്പുറം മറ്റെന്തോ രഹസ്യമുണ്ടെന്നാണു രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ച് പലരും പറയുന്നത്.

ഇനി ആര്‍ത്തവ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകില്ല, ചില പൊടികൈകള്‍
Posted by
19 September

ഇനി ആര്‍ത്തവ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകില്ല, ചില പൊടികൈകള്‍

 

സ്ത്രീകളിലുണ്ടാവുന്ന സ്വഭാവികമായ ഒരു പ്രക്രിയയാണ് ആര്‍ത്തവം. ചിലര്‍ക്ക് ഈ കാലയിളവില്‍ കടുത്ത വേദന നേരിടേണ്ടി വരുന്നു.എന്നാല്‍ ഇതിനും ഇനി പരിഹാരമുണ്ട്. ആര്‍ത്തവം തുടങ്ങുന്നതിന് രണ്ട് ദിവസം മുന്നേ മുതല്‍ ആര്‍ത്തവം തുടങ്ങി മൂന്നു ദിവസം വരെ ദിവസവും 500 മില്ലി ചുക്കുപൊടി കഴിക്കുന്നത് വേദനയ്ക് പരിഹാരമാണ്.

കൂടാതെ ഈ സമയത്ത് ചോക്ലേറ്റ് കഴിക്കുന്നതും ഏറ്റവും അനുയോജ്യമാണ്. ഇതൊരു കൗതുക സത്യമാണ്. ചോക്ലേറ്റ് ശരീരത്തില്‍ അടങ്ങിയിരിക്കുന്ന സെറാ ടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ മാനസിക നില സന്തുലിതമാക്കാനും സഹായിക്കുന്നു.

തുളസി, പുതിന തുടങ്ങിയവയുടെ ഇലകള്‍ ഇട്ട വെള്ളം തിളപ്പിച്ചു കുടിക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം

ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും ഈ സമയത്തെ വേദനകുറയ്ക്കാന്‍ സഹായിക്കും.

ആര്‍ത്തവ സമയത്ത് കാപ്പി കുടിക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക. കാപ്പിയിലെ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും ആയതിനാല്‍ ഈ സമയത്തെ കാപ്പി കുടി ഒഴിവാക്കുക.

 

 

 

 

ഇഷ്ടപ്പെട്ട മീന്‍ തന്നെ പാരയായി: ഹോട്ടലില്‍ മോഷണം നടത്തിയ ആള്‍ പിടിയില്‍
Posted by
18 September

ഇഷ്ടപ്പെട്ട മീന്‍ തന്നെ പാരയായി: ഹോട്ടലില്‍ മോഷണം നടത്തിയ ആള്‍ പിടിയില്‍

പാലക്കാട്: ഹോട്ടലില്‍നിന്ന് മോഷണം നടത്തുന്നതിനിടെ ഇഷ്ടപ്പെട്ട മീനും അടിച്ചുമാറ്റിയ പ്രതി കുടുങ്ങി. ഹോട്ടലിലെ മുന്‍ പാചകക്കാരന്‍ മങ്കര കണ്ണംപരിയാരം വെള്ളാട്ടുപറമ്പില്‍ മനോജാണ് (32) വാളയാര്‍ പോലീസിന്റെ പിടിയിലായത്.

അടുക്കളയില്‍നിന്ന് മീനും ഇറച്ചിയും കവര്‍ന്നിരുന്നു. വട്ടംകണ്ണി എന്ന് പ്രാദേശികമായി പേരുള്ള കടല്‍ മീനാണ് മോഷ്ടിച്ചത്. ഒപ്പം പാഷന്‍ ഫ്രൂട്ട് ജ്യൂസും കവര്‍ന്നു. ഇതുരണ്ടും മനോജിന്റെ ഇഷ്ടവിഭവങ്ങളാണ്. അതിനാല്‍ ഹോട്ടല്‍ ഉടമയ്ക്ക് സംശയം തോന്നിയിരുന്നു. ഇതുപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നഷ്ടപ്പെട്ട ഗ്യാസ് സ്റ്റൗവും സിലിന്‍ഡറും പ്രതിയുടെ അമ്മാവന്റെ വീട്ടില്‍നിന്നും കംപ്യൂട്ടര്‍ തത്തമംഗലത്ത് വില്പനനടത്തിയ സ്ഥലത്തുനിന്നും കണ്ടെടുത്തു.

മനോജിനെ കഴിഞ്ഞമാസം ഹോട്ടലില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് പണം ചോദിച്ച് എത്തിയെങ്കിലും നല്‍കിയില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. സെപ്റ്റംബര്‍ നാലിന് മോഷണം നടന്നു എന്നായിരുന്നു പരാതിയെങ്കിലും അഞ്ചിന് രാത്രി 10നാണ് മോഷണം നടന്നത് എന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്.

ചുള്ളിമടയ്ക്ക് സമീപമുള്ള കോട്ടയം ഫുഡ്‌സ് എന്ന ഹോട്ടലിലെ ഗ്യാസ് സ്റ്റൗ, സിലിന്‍ഡര്‍, കമ്പ്യൂട്ടര്‍ എന്നിവയാണ് മോഷണം പോയത്. എന്നാല്‍ കമ്പ്യൂട്ടറിനൊപ്പമുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടിട്ടുമില്ല.

കസബ സിഐ ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ വാളയാര്‍ എസ്‌ഐയുടെ ചുമതലയുള്ള അസി സബ് ഇന്‍സ്‌പെക്ടര്‍ ജിബി ശ്യാംകുമാര്‍, ക്രൈം സ്‌ക്വാഡ് അംഗം ആര്‍ വിനീഷ്, സിപിഒമാരായ അനില്‍കുമാര്‍, വിനോദ്, ജയരാജ്, ഫിറോസ്, ഹോം ഗാര്‍ഡ് നാരായണന്‍കുട്ടി, ഡ്രൈവര്‍ എസ്‌സിപിഒ പ്രിന്‍സ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡിന് വിലക്ക്
Posted by
13 September

സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡിന് വിലക്ക്

റിയാദ്: സൗദി അറേബ്യയിലെ സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡ് വില്‍പ്പന നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് സ്‌കൂള്‍ കാന്റീനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

സ്‌കൂള്‍ കാന്റീനുകളില്‍ വില്‍പ്പന നടത്താന്‍ അനുമതി ഇല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു. അറബികള്‍ക്കിടയില്‍ കിബ്ദ എന്നറിയപ്പെടുന്ന കരളും മാസംവും ചേര്‍ത്ത സാന്റ്‌വിച്ച്, ഉരുളക്കിഴങ്ങ് ചിപ്‌സ്, മിഠായികള്‍, ചോക്കലേറ്റ്, ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ സ്‌കൂള്‍ കാന്റീനുകളില്‍ വില്‍ക്കുവാന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച് റിയാദ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

കാന്റീനുകളിലെ ജീവനക്കാര്‍ രോഗമുക്തരാണെന്ന് തെളിയിക്കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭയില്‍ നിന്ന് നേടിയിരിക്കണം. പാല്‍ പാക്കറ്റുകള്‍, പഴങ്ങള്‍, മുട്ട, തേന്‍, പാല്‍ക്കട്ടി എന്നിവ ചേര്‍ത്ത കേക്കുകള്‍, മുപ്പത് ശതമാനം പഴസത്ത് അടങ്ങിയ പാക്കറ്റ് ജ്യൂസുകള്‍, നൂറ് ശതമാനവും പ്രകൃതിദത്തമായ ജ്യൂസുകള്‍ എന്നിവ കാന്റീനുകളില്‍ വില്‍ക്കാന്‍ അനുമതിയുണ്ട്.

ചില ഭക്ഷ്യവസ്തുക്കള്‍ വിദ്യാര്‍ത്ഥികളില്‍ അലര്‍ജി ഉളവാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാംസവും കരളും ചേര്‍ത്ത സാന്റ്‌വിച്ച് ചിലരില്‍ ചര്‍ദി ഉളവാക്കിയതും സ്‌കൂളുകളില്‍ വില്‍പന നിരോധിക്കാന്‍ കാരണമാണ്. നിയമം ലംഘകിക്കുന്ന കാന്റീനുകള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കി.