BJP activists attacks news reporter at Ponnani
Posted by
30 March

ബിജെപിയുടെ റോഡ് ഉപരോധത്തിനിടെ പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തു

പൊന്നാനി : ബിജെപി ചമ്രവട്ടം ജംഗ്ഷനില്‍ നടത്തിയ റോഡ് ഉപരോധം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ രാജനെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. ഇന്നലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ചമ്രവട്ടം ജംഗ്ഷനില്‍ മണിക്കൂറുകള്‍ നീണ്ട റോഡ് ഉപരോധം ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിനാണ് മാധ്യമപ്രവര്‍ത്തകനായ രാജനെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്.

ഇതിനിടെ മുതിര്‍ന്ന നേതാക്കളെത്തിയതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ഗതാഗതം മുടക്കിയുള്ള ഉപരോധത്തിന് പൊലിസും നിയമവിരുദ്ധമായി കൂട്ടുനിന്നതായി ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം പൊന്നാനി പോലിസ് സ്റ്റേഷനില്‍ ബിജെപി – ഡിവൈഎഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തില്‍ ബിജെപി റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധത്തിന് ബിജെപിയുടെ കേന്ദ്ര നേതാവ് ശോഭാ സുരേന്ദ്രന്‍, സുരേന്ദ്രന്‍, രവിതേലത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തതില്‍ പൊന്നാനി പ്രസ്‌ക്ലബ് ശക്തമായി പ്രതിഷേധിച്ചു.

electricity rate changed
Posted by
30 March

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് നാളെ മുതല്‍ വര്‍ധിക്കും

തിരുവനന്തപുരം: നാളെ മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ധിക്കും. യൂണിറ്റിന് 30 പൈസ റെഗുലേറ്ററി കമ്മിഷന്‍ വരുത്തിയിരിക്കുന്നത്. നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, കാപ്പി, ഇഞ്ചി, ഏലം, തുടങ്ങിയ എല്ലാ വിളകള്‍ക്കും വര്‍ധനവ് ബാധകമാകും.

ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. 2003 ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ക്രോസ് സബ്‌സിഡി പരിധി നിലനിര്‍ത്തേണ്ടതുള്ളത് കൊണ്ട് വ്യവസായ വാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ov vijayan remembering
Posted by
30 March

ഒവി വിജയന്‍ ഓര്‍മയായിട്ട് പന്ത്രണ്ടു വര്‍ഷം

പാലക്കാട് : പാലക്കാട്ടെ തസ്രാക്ക് എന്ന ഗ്രാമത്തെ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ പരിചയപ്പെടുത്തിയ ഒവി വിജയന്‍ എന്ന എഴുത്തുകാരന്റെ ഓര്‍മകള്‍ക്ക് പന്ത്രണ്ടുവയസ്. നോവല്‍ കഥാപാത്രങ്ങളെ ആസ്പദമാക്കിയുളള ചിത്രപ്രദര്‍ശനം തസ്രാക്കില്‍ തുടങ്ങി.

രവി എന്ന ചെറുപ്പക്കാരനും രവി കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും മിത്തുകളും കരിമ്പനക്കാടുകളും അപ്പുക്കിളിയുമൊക്കെ. ഖസാക്കിന്റെ ഇതിഹാസം വായിക്കാത്തവരെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തുന്നതിനായുളള കാഴ്ചകള്‍.തസ്രാക്കിലെ മണ്ണുംമാനവുമൊക്കെ ഖസാക്കിലൂടെ വായിച്ചെടുക്കുന്നതുപോലെയാണിത്. കൊല്ലത്തുകാരനായ സലീംബാബു തസ്രാക്കിനെ നേരിട്ടുകാണാതെ വരച്ച പത്തൊന്‍പതു ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇതാത്യമായാണ് തസ്രാക്കില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Old man commit suicide at Kerala HC
Posted by
30 March

കേരളാ ഹൈക്കോടതിയുടെ മുകളില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ ചെയ്തു

കൊച്ചി: കേരളാ ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ കെഎം ജോണ്‍സണ്‍ ആണ് മരിച്ചത്. കേസ് തോറ്റ വിഷമത്തിലാണ് ആത്മഹത്യയെന്നാണ് അറിയുന്നത്.

അദാലത്തിനെത്തിയ ആളാണ് മരിച്ചയാള്‍ എന്നാണ് സംശയം. ഏഴാം നിലയിലേക്ക് കയറിപ്പോയ ഇദ്ദേഹം മുകളില്‍ നിന്നും ചാടുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Saseendran MLA returns  to Calicut
Posted by
30 March

ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കിയെന്ന് എകെ ശശീന്ദ്രന്‍; തലസ്ഥാനത്തു നിന്നും മുന്‍മന്ത്രിയുടെ മടക്കം കെഎസ്ആര്‍ടിസിയില്‍; കോഴിക്കോട് സ്വീകരണമൊരുക്കി ജനങ്ങള്‍

കോഴിക്കോട്: ഫോണ്‍വിളി വിവാദത്തെ ബന്ധപ്പെട്ട വസ്തുതകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്ന് മുന്‍മന്ത്രി എകെ ശശീന്ദ്രന്‍ എംഎല്‍എ. വസ്തുതകള്‍ എല്ലാവരെയും ബോധ്യപ്പെടുത്താന്‍ സഹായിച്ചത് മാധ്യമങ്ങള്‍ തന്നെയാണ്. അതുകൊണ്ട് പൊതുസമൂഹത്തിന്റെ പിന്തുണ തനിക്ക് ലഭിച്ചു. തോമസ് ചാണ്ടി തന്നെ പുതിയ മന്ത്രിയായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം തിരുവനന്തപുരത്തുനിന്നും കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. കൂടെ ഭാര്യയും അടുത്ത അനുനായികളുമുണ്ടായിരുന്നു.

മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയല്ല കാര്യം, മറിച്ച് ജനങ്ങളെ സത്യസന്ധത ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇനി മണ്ഡലത്തില്‍ സജീവമായിരിക്കും. എനിക്കും നിങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. എന്‍സിപിക്ക് മന്ത്രി ഉണ്ടാകുമെങ്കില്‍ അത് തോമസ്ചാണ്ടി തന്നെയായിരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം പുലര്‍ച്ചെ കോഴിക്കോട് എത്തിയ എകെ ശശീന്ദ്രന് ജനങ്ങള്‍ വന്‍സ്വീകരണമാണ് ഒരുക്കിയത്.

motor vehicle strike today started
Posted by
30 March

മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

തിരുവന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കില്‍ സ്വകാര്യബസുകള്‍, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, ഓട്ടോറിക്ഷ, ടാക്‌സി, തുടങ്ങിയവയെല്ലാം പണിമുടക്കില്‍ സഹകരിക്കുന്നുണ്ട്.

മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി സംസ്ഥാനത്ത് വാഹനപണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കില്‍ നിന്ന് ബിഎംഎസ് വിട്ടുനില്‍ക്കും.20172018 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ഉത്തരവ് നടപ്പാക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

Kottiyur case: more sisters in police custody
Posted by
30 March

കൊട്ടിയൂര്‍ പീഡനക്കേസ്: പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി

കണ്ണൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പോലീസില്‍ കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കീഴടങ്ങിയത്. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനിറ്റ എന്നിവരാണ് രാവിലെ 6.45 ന് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍ കുമാറിന്റെ ഓഫീസിലെത്തി കീഴടങ്ങിയത്.

നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് കടത്താന്‍ മുഖ്യ പ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. സഹപ്രവര്‍ത്തകര്‍ക്കും അഭിഭാഷകയ്ക്കും ഒപ്പമാണ് ഇവര്‍ കീഴടങ്ങാനെത്തിയത്. മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്ത ശേഷം തലശേരി ജില്ലാ കോടതിയില്‍ ഇവരെ ഹാജരാക്കും.

ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പോലീസിന് മുന്നില്‍ കീഴടങ്ങി. കേസിലെ ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരി റിമാന്‍ഡിലാണ്. രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആസ്പത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, എട്ട് മുതല്‍ പത്ത് വരെ പ്രതികളായ വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, സമിതി അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ നേരത്തെ പോലീസില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു.

mishel death cron get bail
Posted by
30 March

മിഷേലിന്റെ ദുരൂഹ മരണം: അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറിന് ജാമ്യം

കൊച്ചി : മിഷേലിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറിന് കോടതി ജാമ്യം അനുവദിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമക്കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്.

മൃതദേഹം അടുത്ത ദിവസം കൊച്ചി കായലില്‍ നിന്നാണ് കണ്ടെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിനെ പോലീസ് അറസ്റ്റു ചെയ്തത്.

sslc  maths exam today
Posted by
30 March

ചോദ്യ പേപ്പര്‍ വിവാദം : റദ്ദ് ചെയ്ത എസ്എസ്എല്‍സി കണക്ക് പരീക്ഷ ഇന്ന്

തിരുവനന്തപുരം : ചോദ്യ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് റദ്ദ് ചെയ്ത എസ്എസ്എല്‍സി കണക്ക് പരീക്ഷ ഇന്ന്ഉച്ചക്ക് 1.30 ന് നടക്കും. ഈ മാസം 10ന് നടന്ന പരീക്ഷയിലെ പതിമൂന്നോളം ചോദ്യങ്ങള്‍ കോപ്പിയടിക്കപ്പെട്ടവയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്എസ്എല്‍സി കണക്ക് പരീക്ഷ വിണ്ടും നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ഗള്‍ഫിലെ പരീക്ഷ കേന്ദ്രങ്ങളിലേക്കും ലക്ഷദീപിലേക്കും ഉള്‍പ്പെടെയുള്ള ചോദ്യപേപ്പറുകള്‍ രണ്ട് ദിവസം മുമ്പ് തന്നെ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു.വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന മറ്റ് ക്ലാസുകളിലെ സ്‌കൂള്‍തല പരീക്ഷകള്‍ രാവിലെ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Fake news spreading: case against Mangalam editors and CEO
Posted by
29 March

എകെ ശശീന്ദ്രനൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം: വ്യാജപ്രചരണത്തിന് മംഗളം എഡിറ്റര്‍മാരും കുടുങ്ങും; മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാം

തിരുവനന്തപുരം: ശശീന്ദ്രനൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ വ്യാജപ്രചരണം നടത്താന്‍ ഉപയോഗിച്ചതിന് മംഗളത്തിനെതിരെ പോലീസ് കേസ്. എകെ ശശീന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതിന് പെണ്‍കുട്ടിയുടെ പരാതി പ്രകാരം ഐടി നിയമത്തിലെ 66E വകുപ്പനുസരിച്ചാണ് പോലീസ് കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.

മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍ ന്യൂസ് എഡിറ്റര്‍ എസ്‌വി പ്രദീപ് എന്നിവര്‍ക്കെതിരെ മലപ്പുറം എസ്പിയ്ക്കും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുള്‍പ്പെട്ട ഇന്നത്തെ പരിപാടി, ഷാര്‍പ്പ് ഐ 24X7 എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് അജിത്കുമാറും പ്രദീപും ശശീന്ദ്രനൊപ്പം പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ശശീന്ദ്രനൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖം മറയ്ക്കാതെയുള്ള ചിത്രങ്ങളായിരുന്നു ഇത്. വിവാദഫോണ്‍ സംഭാഷണത്തിലെ പെണ്‍കുട്ടി ഇതാണെന്ന തെറ്റിദ്ധാരണയും ഇതിലൂടെയുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി നിയമനടപടിക്കൊരുങ്ങിയത്. മലപ്പുറം അരിയെല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മംഗളം ചാനല്‍ മേധാവികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സ് ചെയ്യുകയാണ് പെണ്‍കുട്ടി. കഴിഞ്ഞ മാസം മൂന്നിന് സ്ഥാപനത്തില്‍ നടന്ന എക്സിബിഷന്‍ ഉദ്ഘാടനത്തിനാണ് മന്ത്രിയെത്തിയത്. ഉദ്ഘാടനത്തിനിടെ പെണ്‍കുട്ടിയെ നോക്കി മന്ത്രി ചിരിക്കുന്ന ചിത്രമാണ് മംഗളം മേധാവികളുള്‍പ്പെടെ പ്രചരിപ്പിച്ചത്.

അതേസമയം നവമാധ്യമങ്ങളിലൂടെ മംഗളം ടെലിവിഷനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഒരാളെ പോലും വെറുതെ വിടില്ലെന്നുമായിരുന്നു മംഗളം സിഇഒ ആര്‍ അജിത്കുമാര്‍ ചാനലിലൂടെ പ്രഖ്യാപിച്ചത്. എന്നാല്‍ വ്യാജപ്രചരണം നടത്തിയതിന് മംഗളം ചാനലിന്റെ തലപ്പത്തുള്ള അജിത്കുമാറിനെയും കൂട്ടാളികളെയും ജയിലറ കാത്തിരിക്കുകയാണെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.