wayanad helps to explore childhood memories
Posted by
18 April

വേനലവധി വയനാടന്‍ കാഴ്ചകള്‍ക്കൊപ്പം; കാടു കണ്ട് കാടിന്റെ മക്കളെ കണ്ട് കാട്ടിലൂടെ ഒരു യാത്ര...

വയനാടന്‍ യാത്രയിലെ തിരക്കു പിടിച്ച ദിവസങ്ങള്‍ക്കിടയില്‍, കുട്ടിക്കാലത്തെ കുറിച്ചുള്ള ഒരു തിരിഞ്ഞു നോട്ടത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഈ വേനലവധിക്കു നടത്തിയ ഒരു യാത്ര ഏറെ വ്യത്യ സ്തമായ അനുഭവം പകരുന്നതായിരുന്നു. മുമ്പും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മുത്തങ്ങ വനമേഖലയിലൂടെ മൈസൂരിലേക്കുള്ള വഴി പലതവണ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്, സഹ്യപര്‍വതത്തോടു ചേര്‍ന്നു കിടക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രമാണിത്. ഇവിടങ്ങളിലൂടെയുള്ള യാത്ര ഏറെ വൈവിധ്യമാര്‍ന്നതാണ്.

ഇത്തവണത്തെ യാത്രക്കിടയില്‍ ബത്തേരിയില്‍ നിന്നും, യാത്ര തുടങ്ങി കുറച്ചു ദൂരമെത്തിയപ്പോള്‍ റോഡരുകില്‍ ഒരു കൂട്ടം കുട്ടികള്‍ വലിയ തോട്ടിയും , കൊട്ടയുമായി നടന്നു നീങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ രണ്ടു കൊച്ചു മിടുക്കന്മാര്‍ മാങ്ങ കച്ചവടം നടത്തുന്നതായും മനസിലാക്കാന്‍ കഴിഞ്ഞു. ഈ ഒരു കാഴ്ചയില്‍ കൗതുകം തോന്നിയതോടെ ക്യാമറയുമായി കുറച്ചു ചിത്രങ്ങള്‍ പകര്‍ത്താം എന്ന ലക്ഷ്യത്തോടെ ഞാനവരുടെ അടുക്കലേക്ക് നടന്നു. എന്നാല്‍ അവര്‍ തെല്ലൊന്നു പകച്ചകന്നു നില്‍ക്കുകയാണുണ്ടായത്. കുശലാന്വേഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ അകല്‍ച്ചയൊക്കെ മാറ്റി വച്ച് ഫോട്ടോ എടുക്കാന്‍ അവര്‍ സന്തോഷത്തോടെ സമ്മതം മൂളി.
IMG-07
മാങ്ങാക്കച്ചവടത്തിലൂടെ അവര്‍ വേനലവധി ആഘോഷിക്കുകയാണ്. കുട്ടിക്കച്ചവടം പൊലിപ്പിക്കാന്‍, ഞാനും വാങ്ങിച്ചു കുറച്ചു പച്ചമാങ്ങ. അവരോട് യാത്ര പറഞ്ഞു മെല്ലെ നടത്തം തുടര്‍ന്നപ്പോള്‍ വയനാടിന്റെ സ്വകാര്യ അഹങ്കാരമായ കബനി നദിയില്‍ ആര്‍ത്തുല്ലസിക്കുന്ന ഒരു കൂട്ടം കുട്ടിപട്ടാളത്തേയും കാണാന്‍ സാധിച്ചു. മുത്തങ്ങ വനത്തിനോടടുത്തായിരുന്നു ആ കാഴ്ച്ച, എല്ലാവരേയും എന്നും കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന ആ നല്ല ബാല്യകാലം ആവോളം ആസ്വദിക്കുന്ന ഒരുകൂട്ടം കുഞ്ഞുങ്ങള്‍.

വിഷുവിന്റെ വരവറിയിച്ചു കൊണ്ട് കാട്ടില്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതു ആസ്വദിച്ചു കൊണ്ട് ഞാന്‍ തുടര്‍ന്നുള്ള യാത്രയിലേക്കു നടന്നുകൊണ്ടിരുന്നു. വേനല്‍ ചൂട് കാടിനെ കുറച്ചൊന്നുമല്ല ബാധിച്ചിട്ടുള്ളത്. എന്നാലും ഇല പൊഴിഞ്ഞ മരങ്ങള്‍, കാട്ടിലേക്കുള്ള വഴികള്‍ എല്ലാം മനസ്സിനു കുളിര്‍മ്മയേകുന്ന കാഴ്ചകള്‍ തന്നെയാണ്. വയലുകളുടെ നാടായ ” വയനാട്” കൊടും വേനലിലും അക്ഷരാര്‍ത്ഥത്തില്‍ അതിസുന്ദരി തന്നെ.
IMG-06
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് കാരാപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്. 63 കിലോമീറ്റര്‍ ചുറ്റളവില്‍ കാരാപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഡാം സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ ദിവസേനെ എത്തുന്നുണ്ട്. അവിടെ എത്തുമ്പോള്‍ ഡാമിലും പരിസരത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു.
കാടൊരു അത്ഭുതലോകമാണ്, ശബ്ദ മലിനമായ നമ്മുടെ നഗര ജീവിതത്തില്‍ നിന്നും നൂറു ശതമാനം ശാന്തതയും സമാധാനന്തരീക്ഷവും വാഗ്ദാനം ചെയ്യാന്‍ ഈ കാടിനല്ലാതെ മറ്റൊന്നിനും, കഴിയില്ല. ഓരോ യാത്രയും പുതിയ അനുഭവങ്ങള്‍ക്കൊപ്പം, വിലമതിക്കാനാവാത്ത അറിവുകളും, സൗഹൃദങ്ങളും നല്‍കുന്നവയാണ്.
കാഴ്ചകള്‍ അവസാനിക്കുന്നില്ല…

kabani river: an extra ordinary history to tell
Posted by
11 April

സഞ്ചാരത്തിന് നവ്യാനുഭൂതി പകരുന്ന കബനി തീരങ്ങളിലൂടെ...

സുബീഷ് ഗുരുവായൂര്‍

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന കപില അഥവാ കബനി നദി പിറവികൊള്ളുന്നത് പശ്ചിമഘട്ട മലനിരകളിലാണ്. പിന്നീട് വയനാടന്‍ മണ്ണിലൂടെ ഒഴുകി മാനന്തവാടി, പനമരം പുഴകളിലേക്ക് എത്തി ചേരുമ്പോള്‍ കബനി നദി എന്നു വിളിക്കപ്പെടുന്നു. വയനാട്ടില്‍ നിന്നും കിഴക്കോട്ട് കര്‍ണ്ണാടകത്തിന്റെ മണ്ണിലേക്കൊഴുകി അവിടെ തിരുമകുടല്‍ പ്രദേശത്തു വച്ച് കാവേരി നദിയുമായി ചേരുന്നു.
pho-10
ഒട്ടേറെ പോഷക നദികള്‍ കബനിക്കുണ്ട്. നുഗ, ഗുണ്ടല്‍, താരക, ഹബുഹള്ള തുടങ്ങിയവ ഇതില്‍ പ്രധാനികളാണ്. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ബ്രിട്ടീഷ് വൈസ്രോയിമാരുടേയും, മൈസൂര്‍ രാജാക്കന്മാരുടേയും ഇഷ്ടപ്പെട്ട നായാട്ടു കേന്ദ്രമായിരുന്നു കബനിയുടെ തീരപ്രദേശങ്ങള്‍.
pho-1

കബനി നദി നിരവധി കൈവഴികളായി തിരിഞ്ഞു പോകുന്നിടത്താണ് ചെറിയ ദ്വീപുകള്‍ ചേര്‍ന്ന കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വരും തലമുറക്കായി ബ്രിട്ടീഷുകാര്‍ നടത്തിയ ദീര്‍ഘ ദര്‍ശനം അങ്ങനെ വിശേഷിപ്പിക്കാം കുറുവാദ്വീപിനെ.
pho-11
950 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ഹരിത വനപ്രദേശമാണ് കുറുവാ ദ്വീപ്. നൂറ്റിയമ്പതോളം ചെറു ദ്വീപുകള്‍ ആണ് കുറുവയുടെ പ്രത്യേകത. കബനി നദി ഈ ഭൂമിയെ ഒരു ദ്വീപാക്കി മാറ്റി. കുറുവാദ്വീപ് ഇന്നൊരു റിസര്‍വ്വ് ഫോറസ്റ്റാണ്. പാതിരി എക്സ്റ്റഷന്‍ എന്നാണ് കുറുവാദ്വീപിന്റെ യഥാര്‍ത്ഥ പേരെന്ന് രേഖകള്‍ പറയുന്നു.
pho-2

മഴക്കാലത്ത് അതിമനോഹരിയാണ് കബനി, പക്ഷേ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മഴക്കാലത്തെ അഞ്ചുമാസം കുറുവാദ്വീപിലേക്ക് ആര്‍ക്കും പ്രവേശനം ലഭിക്കില്ല. നഗരത്തിലെ തിരക്കു പിടിച്ച ജീവിത സാഹചര്യത്തില്‍ നിന്നും, മാറി വരുന്ന യാത്രികര്‍ക്ക് തികച്ചും മനം കുളിര്‍ക്കുന്ന കാഴ്ചകളും, യാത്രാനുഭവങ്ങളും കുറുവാദ്വീപ് സമ്മാനിക്കുന്നുണ്ട്.
pho-3

അപൂര്‍വ്വങ്ങളായ വനസസ്യങ്ങളാലും, ഔഷധച്ചെടികളാലും, വന്‍ വൃക്ഷങ്ങളാലും സമൃദ്ധമാണിവിടം. കടുത്ത വേനലില്‍ ദാഹജലത്തിനായി വലയുന്ന പക്ഷി മൃഗാദികള്‍ക്ക് കബനി നദിയിലെ തെളിവാര്‍ന്ന ജലം ജീവാമൃതമാകുന്നു. വയനാട്ടില്‍ എത്തുന്ന ഓരോ സഞ്ചാരിയും, കുറുവാ ദ്വീപ് കാണാതെ മടങ്ങാറില്ല. സഞ്ചാരികളുടെ പറുദീസയാണിവിടം.
pho-4

പുല്‍പ്പള്ളിയില്‍ നിന്നും പാക്കം വഴിയും പനമരത്തു നിന്ന് പയ്യമ്പള്ളി വഴിയും, മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം പാല്‍വെളിച്ചം വഴിയും കുറുവാദ്വീപിലെത്താം. വലിയ ചങ്ങാടത്തില്‍ കബനിയുടെ മടിത്തട്ടിലൂടെയുള്ള യാത്ര സഞ്ചാരികളെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിക്കുന്നതാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ തടത്തിലൂടെയും മുളകള്‍ കൊണ്ടു നിര്‍മ്മിച്ച പാലങ്ങളിലൂടെയും ഉള്ള ദ്വീപിനകത്തെ യാത്ര തികച്ചും കുളിമയാര്‍ന്ന അനുഭവം നല്‍കുന്നതാണ്.
pho-5

വയനാട് ഏറെ സുന്ദരമാണ്. വീണ്ടും വീണ്ടും അങ്ങോട്ടു ചെല്ലാന്‍ നമ്മുടെ മനസിനെ പഠിപ്പിച്ചിട്ടേ വയനാട് നമ്മളെ തിരിച്ചു യാത്രയാക്കൂ… വയനാടിന്റെ ഓരോ മുക്കും മൂലയും ചരിത്ര പ്രധാനങ്ങളാണ്. ഇവിടുത്തെ ഓരോ ദേശത്തിനും പറയാനുണ്ട് ഒരുപാട് ചരിത്രങ്ങള്‍.
‘കാഴ്ചകള്‍ അവസാനിക്കുന്നില്ല’….
pho-6

pho-7

pho-8

pho-9

Travelogue about Wayanad kazchakalkoppam special
Posted by
01 April

വയനാടന്‍ മണ്ണിലൂടെ ചരിത്രം തേടി ഒരു യാത്ര

സുബീഷ് ഗുരുവായൂർ

ചരിത്രമുറങ്ങുന്ന മണ്ണാണ് കേരളത്തിന്റേത്, ഇവിടത്തെ ഓരോ മണ്‍തരികള്‍ക്കും പറയാന്‍ കഥകളേറെയുണ്ടാകും ചരിത്രാതീത കാലം മുതല്‍ ആധുനികയുഗം വരെ. കേരളത്തില്‍ പ്രകൃതിയാല്‍ ഏറെ അനുഗ്രഹിക്കപ്പെട്ട വയനാടന്‍ മണ്ണിലെ ചരിത്രസ്മാരകങ്ങളിലൂടെ ഒരു യാത്ര, ചിപ്പിയ്ക്കകത്തെ മുത്തിനെ തേടുകയാണ് കാഴ്ചകള്‍ക്കൊപ്പം .

800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച ബത്തേരി ജൈനക്ഷേത്രത്തിന്റെ ചരിത്രം പറയുന്നത് വയനാടിന്റെ ജൈന മതത്തിന്റെ ചരിത്രമാണ്. വയനാടിന്റെ പുരാതന ചരിത്രമനുസരിച്ച് ജൈന മതക്കാരാണ് ആദ്യമായി വയനാട്ടിലേക്ക് കുടിയേറിയത്. വയനാട്ടിലെ കന്നഡ സംസാരിക്കുന്ന വിഭാഗക്കാരാണ് ജൈനമതക്കാര്‍, ദിഗംബരവര്‍ഗത്തില്‍ ഉള്‍പ്പെട്ട ഇവരെ ഗൌഡ എന്ന് വിളിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്നത് ഹോസല രാജാക്ക•ാരായിരുന്നു. അക്കാലത്ത് കര്‍ണാടകത്തിന്റെ ഭാഗമായിരുന്ന വയനാട് ബയില്‍ നാട് എന്നാണ് അറിയപ്പെട്ടിരുന്നത്.
Subeesh-Guruvayoor_13

വിഷ്ണുവര്‍ദ്ധന്റെ കാലം വരെ ഹോസല രാജവംശത്തിനായിരുന്നു ഭരണം. ഹോസല രാജവാഴ്ചക്കാലത്ത് ജൈനമതം വയനാട്ടില്‍ വ്യാപകമായിരുന്നു. ഹോസല വംശക്കാര്‍ ജൈനമതത്തെ പ്രോത്സാഹിപ്പിക്കുകയും മിഷിനറികളെ അയച്ച് വിവിധ പ്രദേശങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മധ്യകാലഘട്ടത്തോടെ ശൈവവിഭാഗം കര്‍ണാടകയില്‍ വ്യാപിച്ചു. ജൈനമതക്കാര്‍ക്കെതിരെ ശൈവരുടെ തുടരെയുള്ള ആക്രമണങ്ങള്‍ കേരളത്തിലേക്ക് പ്രത്യേകിച്ച് വയനാട്ടിലേക്ക് കുടിയേറാന്‍ അവരെ പ്രേരിപ്പിച്ചു.

കബനി നദി തീരത്തുള്ള പനമരത്തിലേക്കാണ് ആദ്യം കുടിയേറ്റക്കാര്‍ എത്തിയത്. ശേഷം വയനാടിന്റെ മറ്റു ഭാഗങ്ങളിലേക്ക് ജൈനമതക്കാര്‍ വ്യാപിച്ചു. നിലം ഉഴുതുമറിക്കുന്നതും കുഴിക്കുന്നതും ജൈനമത വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു അതിനാല്‍ തന്നെ പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷിരീതികള്‍ അവര്‍ തിരഞ്ഞെടുത്തു.
Subeesh-Guruvayoor_10
വയനാട്ടിലെ ജൈനമതം നിലനിന്നിരുന്നു എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. ബത്തേരിയിലെ ജൈനക്ഷേത്രം 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപിച്ചതായി ചരിത്രത്തില്‍ പറയുന്നുണ്ട്. പണ്ട് ഈ ക്ഷേത്രം കിടങ്ങാട് ബസ്തി എന്നും ബത്തേരി, ഹെന്നരാട് ബേദി എന്നീ കന്നഡ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇത് കര്‍ണാടകയിലെ ജൈനസ്വാധീനത്തെ വെളിവാക്കുന്നതാണ്.

എന്നാല്‍ കാലത്തിനിപ്പുറത്തേക്ക് പണ്ട് ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിരുന്ന നിധിശേഖരങ്ങള്‍ കൊള്ളയടിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കിടെ ഒട്ടേറെ ക്ഷേത്ര സ്മാരകങ്ങളും തകര്‍ക്കപ്പെട്ടു. ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും
ശേഷിപ്പുകളായ ഈ പ്രതീകങ്ങളെ നമ്മള്‍ വേണ്ടരീതിയില്‍ സംരക്ഷിക്കുന്നില്ല. വയനാട്ടില്‍ ഒരു കാര്‍ഷിക സംസ്‌കൃതി നിലവില്‍ വന്നത് ജൈനമതത്തിന്റെ ആവിര്‍ഭാവത്തോടു കൂടിയാണ്. ഇപ്പോള്‍ നിലവിലുള്ള
എട്ട് ജൈനക്ഷേത്രങ്ങളില്‍ പൂജ നടക്കുന്നുണ്ട്. ചില ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
Subeesh-Guruvayoor_14
മനോഹരമായ നിര്‍മ്മിതിയും ശില്‍പചാരുതയും വരും തലമുറക്കായി കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അന്വേഷണങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. എങ്കിലും ഓരോ നാളും വൈകുംതോറും ഈ മഹാസ്മാരകങ്ങള്‍ നിലംപൊത്താനുള്ള സാധ്യതകള്‍ കൂടുകയാണ്. സംരക്ഷിക്കാം നമുക്ക് നമ്മുടെ ചരിത്രത്തെ, വരും തലമുറ കാണട്ടെ, അറിയട്ടെ അവരുടെ പൂര്‍വ്വികരുടെ സംസ്‌കാരവും ചരിത്രവും…

കാഴ്ചകള്‍ അവസാനിക്കുന്നില്ല….

error: This Content is already Published.!!