An interview with director Jayaraj
Posted by
28 February

വീരം 100 കോടി ക്ലബിലെത്തും; തന്റെ സിനിമക്ക് അനുയോജ്യരായ മലയാള താരങ്ങളെ കിട്ടിയില്ലെന്ന് ജയരാജ്; ആദ്യം പരിഗണിച്ചത് നിവിന്‍ പോളിയെയും മോഹന്‍ലാലിനെയും

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ജയരാജ് സിനിമകള്‍ പലപ്പോഴും തീയറ്റര്‍ റിലീസിന് മുമ്പ് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ആവാറുണ്ട്. ഒറ്റാലും അങ്ങനെ ആയിരുന്നു. അതിന് ശേഷമാണ് നവരസം സീരിസിലെ അഞ്ചാമത്തേതാതായ വീരം വരുന്നത്. തീം സോങ്ങിന് കിട്ടിയ ഓസ്‌കാര്‍ നോമിനേഷന്‍ മുതല്‍ വലിയ രാജ്യാന്തര വേദികള്‍ വരെ പലതും വീരത്തെയും ശ്രദ്ധേയമാക്കിയിട്ടുണ്ട്. ഷേക്സ്പിയര്‍ നാടകങ്ങളോടുള്ള ഇഷ്ടം ജയരാജ് ഇവിടെയും തുടരുന്നു.

മാക്‌ബെത്തും ചന്തുവും കടന്നു പോകുന്ന അതിവൈകാരിക അവസ്ഥകളെ ഒരു ഇതരഭാഷാ നടന്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നത് പ്രേക്ഷകര്‍ക്ക് ആശങ്കതന്നെയായിരുന്നു. ഉണ്ണിയാര്‍ച്ചയായത് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് വളര്‍ന്ന ഹിമാര്‍ഷ വെങ്കടസ്വാമിയാണ്. ദിവിനാ ഠാക്കൂര്‍ കുട്ടിമാണി ആകുന്നു. മറ്റ് പ്രധാന അഭിനേതാക്കളും കേരളത്തിന് പുറത്ത് നിന്നുള്ളവരും താരതമ്യേന പുതുമുഖങ്ങളുമാണ്. അത് കരുതിക്കൂട്ടി എടുത്ത തീരുമാനമാണെന്നാണ് സംവിധായകന്‍ പറയുന്നു .

മലയാളസിനിമയില്‍ മാറ്റത്തിന്റെ കാറ്റുവീശുകയാണ്. കോടികള്‍ ചിലവഴിച്ച് സാങ്കേതികതയുടെ പകര്‍ന്നെതയോടെ ഒരുക്കിയ വീരം എന്ന മലയാള സിനിമയെക്കുറിച്ച് സംവിധായകന്‍ ജയരാജുമായി ബിഗ് ന്യൂസിന് വേണ്ടി ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ നടത്തിയ അഭിമുഖം.

*എന്തുകൊണ്ടാണ് മലയാളത്തില്‍ നിന്ന് പ്രമുഖ താരങ്ങളെയൊന്നും ഈ സിനിമക്കായി ഉപയോഗിക്കാതിരുന്നത് ?പ്രധാനകഥാപാത്രങ്ങളെല്ലാം അന്യഭാഷാ നടന്മാര്‍. എന്തായിരുന്നു കാരണം?

*മലയാളത്തില്‍ നിന്ന് രണ്ട് നടന്മാരോടാണ് ഈ സിനിമയുടെ കഥ ചര്‍ച്ച ചെയ്യത്. ഒന്ന് മോഹന്‍ലാലിനോടും മറ്റൊന്ന് നിവിന്‍ പോളിയോടും. അവരെ രണ്ടുപേരെയും ഈ സിനിമയുടെ ഭാഗമാക്കണമെന്ന് ഉറപ്പിച്ചതാണ്. തിരക്കഥ മുഴുവന്‍ കേട്ടിട്ടും സിനിമക്കായി മോഹന്‍ലാല്‍ ഓകെ പറഞ്ഞില്ല. മാസങ്ങള്‍ നീളുന്ന കളരി പരിശീലനങ്ങള്‍ക്കായി സമയം മാറ്റിവെക്കാനില്ല എന്നതായിരുന്നു കാരണം. നിവിന്‍ പോളിയും ഇതാണ് കാരണം പറഞ്ഞത്. നാല് വര്‍ഷം മുമ്പാണ് നിവിന്‍ പോളിയോട് സിനിമയുടെ കാര്യം വിശദമായി പറഞ്ഞത്. പക്ഷെ മെയ് വഴക്കമുണ്ടാക്കാന്‍.. അതിന് സമയം കൊടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. മലയാളത്തില്‍ തന്റെ സിനിമക്കായി മെയ് വഴക്കം പ്രകടിപ്പിക്കുന്ന ഒരാളെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. കളരി ‘വീര ‘ത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായതിനാല്‍ അതില്‍ വിട്ടുവീഴ്ച്ച ചെയ്യാനാവുമായിരുന്നില്ല. അതുകൊണ്ട് തന്റെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അന്യഭാഷാ നടന്മാരെ പരിഗണിച്ചു. സിനിമ കാണുമ്പോള്‍ തന്നെ മനസ്സിലാകും തന്റെ തീരുമാനം ശരിയായിരുന്നുവെന്ന്.


*വീരം നൂറുകോടി ക്ലബില്‍ കയറുമോ? നേരത്തേ പുലിമുരുകന്‍ നൂറുകോടി ക്ലബിലെത്തും മുമ്പ് വീരമായിരിക്കും മലയാളത്തില്‍ ആദ്യമായി നൂറുകോടി ക്ലബിലെത്തുക എന്നാണ് നിങ്ങള്‍ പറഞ്ഞിരുന്നത്. പുലിമുരുകന്‍ നൂറുകോടിയിലെത്തി. ഇനി വീരം?

*വീരം നൂറുകോടി ക്ലബില്‍ കയറുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. വിശ്വാസം കേവലം അലങ്കാരമായി പറഞ്ഞതല്ല. ഇംഗ്ലിഷ്, ഹിന്ദി പതിപ്പുകള്‍ കൂടി റിലീസാകുന്നതോടെ തീര്‍ച്ചയായും എന്റെ സിനിമ വിരം 100 കോടി ക്ലബിലെത്തും. അടുത്ത മാസത്തോടെ സിനിമയുടെ ഇംഗ്ലിഷ്, ഹിന്ദി പതിപ്പുകള്‍ റിലീസാകും.

*വീരം സിനിമയെ മലയാളപേക്ഷകര്‍ സ്വീകരിച്ചതായി തോന്നുന്നുണ്ടോ? സിനിമയില്‍ നഗ്‌നപൂജയടക്കം ചില കിടപ്പറ രംഗങ്ങളും കുടുംബ പ്രേക്ഷകരെ തിയ്യേറ്ററുകളില്‍ നിന്ന് അകറ്റുന്നതായി വിവിധ കോണുകളില്‍ നിന്ന് കേള്‍ക്കുന്നുണ്ടല്ലോ

*മാക്‌ബെത്ത് എന്ന നാടകത്തിനെ വടക്കന്‍ പാട്ടുകളിലെ ചന്തുവിന്റെയും കുട്ടിമാണിയുടെയും കഥകളിലൂടെ പറഞ്ഞതാണ് വീരം എന്ന സിനിമ. നാടകത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ദുര്‍മന്ത്രവാദത്തെ ചിത്രീകരിക്കാന്‍ നഗ്‌നപൂജ ഒഴിവാക്കാനാവില്ല. ചിലയിടങ്ങളില്‍ കുടുംബപ്രേക്ഷകര്‍ നെറ്റിചുളിച്ചുവെങ്കിലും അത്തരം രംഗങ്ങളൊക്കെ ഏറ്റവും കലാപരമായി തന്നെയാണ് ചിത്രീകരിച്ചത്. എനിക്കതില്‍ ഖേദവുമില്ല. ഇത്തരം രംഗങ്ങളെ ആ രീതിയില്‍ ഉള്‍കൊള്ളാവുന്ന കുടുംബപ്രേക്ഷകര്‍ ഇപ്പോള്‍ യഥേഷ്ടം വളര്‍ന്നുവന്നിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ മലയാളി പ്രേക്ഷക സമൂഹം വീരത്തെ ഉള്‍കൊണ്ടിട്ടില്ല. എന്നാലും ഇത് മലയാള സിനിമയുടെ ലോകസിനിമയിലേക്കുള്ള കവാടമായി ഞാന്‍ കാണുന്നു. നിരവധി റിവ്യൂകളും ഇക്കാര്യം വ്യക്തമായിതന്നെ പറയുന്നുണ്ട്.


*സിനിമയിലെ പല രംഗങ്ങളും സ്ത്രീവിരുദ്ധമാണെന്നുള്ള ആരോപണത്തെ എങ്ങനെ കാണുന്നു?

*സ്ത്രീവിരുദ്ധമായ ഭാഗങ്ങള്‍ സിനിമകളില്‍ കടന്നുവരുന്നു എന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീരത്തിലെ പല രംഗങ്ങളും വിമര്‍ശന വിധേയവുമാണ്. നിലവിലെ വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഞാന്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നുമില്ല. എന്റെ സിനിമയില്‍ സ്ത്രീവിരുദ്ധമായതൊന്നുമില്ല. സിനിമയെ സിനിമയായി കാണാന്‍ പ്രേക്ഷകര്‍ തയ്യാറാകണം .

(മാധ്യമപ്രവര്‍ത്തകനും,അധ്യാപകനുമാണ് ലേഖകന്‍.
9946025819)

interview with madmasa movie director jayan raj
Posted by
25 August

ഇത് പൂര്‍ണ്ണമായും ഒരു കൊമേഴ്‌സ്യല്‍ സിനിമ; 'മഡ്മസ' യെക്കുറിച്ച് സംവിധായകന്‍ ജയന്‍ രാജ്

അഭിമുഖം / ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പുതുമ നിറഞ്ഞ പേരാണ് മഡ്മസ. നവാഗതനായ ജയന്‍ രാജ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒപ്പം നിര്‍മ്മാണവും നിര്‍വഹിച്ച മഡ്മസ 26ന് (നാളെ) തിയേറ്ററുകളില്‍ എത്തുകയാണ്. സംവിധായകന്‍ ജയന്‍ രാജുമായി നടത്തിയ അഭിമുഖം

ആദ്യ സിനിമ തന്നെ കുട്ടികളെ വെച്ച് എടുക്കുന്നതിലെ കച്ചവട തന്ത്രമെന്താണ് ?

ഈ സിനിമ പൂര്‍ണ്ണമായും കൊമേഴ്‌സ്യല്‍ സിനിമയാണ്. പൂര്‍ണ്ണമായും കുട്ടികള്‍ മാത്രം അഭിനയിച്ച റൊമാന്റിക് സ്‌പോര്‍ട്‌സ് മ്യൂസിക്കല്‍ എന്റര്‍ടെയ്‌നര്‍ എന്ന് പറയാം. ഇത്തരമൊരു സിനിമ മലയാളത്തില്‍ ഇതാദ്യമാണ്. ഒരു കച്ചവട സിനിമക്ക് വേണ്ടുന്ന എല്ലാ ഘടകങ്ങളും ഇതിലുണ്ട്. ഇതില്‍ പ്രണയമുണ്ട്, സംഗീതമുണ്ട്, പ്രതികാരമുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഇറങ്ങിയ പല സിനിമകളും അവാര്‍ഡ് ലക്ഷ്യം വെച്ചോ അല്ലെങ്കില്‍ സമാന്തര സിനിമകളോ ആയിരുന്നു ഇതുവരെ. അല്ലെങ്കില്‍ വലിയവര്‍ അഭിനയിച്ച കുട്ടികളുടെ സിനിമ. ഇത് എല്ലാ മുന്‍ധാരണകളെയും ക്ലീഷേകളെയും പൊട്ടിച്ചെറിഞ്ഞ കുട്ടികള്‍ മാത്രമഭിനയിക്കുന്ന കുട്ടികള്‍ക്കും വലിയവര്‍ക്കുമുള്ള സിനിമയാണ്.

unnamed (1)

‘മഡ്മസ’ എന്താണ് ഈ പേരിന് പിന്നിലെ രഹസ്യം?

മഡ്മസ ചളിയിലെ പന്ത് കളി എന്നാണര്‍ത്ഥം. ഇത് കളിസ്ഥലങ്ങള്‍ നഷ്ടപ്പെട്ടവരുടെ വീണ്ടെടുപ്പിന്റെ കഥയാണ്. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്ന ബാല്യത്തിന്റെ അതിജീവനത്തിന്റെ കഥ. പുതിയൊരു കളിയിലൂടെ ബാല്യത്തിന്റെ നിഷ്‌കളങ്കത തിരികെ കൊണ്ടു വരുന്ന കളി. അതാണ് മഡ്മസ. പേരിലെ പുതുമ സിനിമക്ക് ഗുണകരമാകുന്നു എന്നതാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. ചിരിയും കൗതുകവും കുസൃതിയും ഗൃഹാതുരത്വവും സമകാലികത്വവും നിറഞ്ഞതാണ് ഈ സിനിമ. സ്ഥിരമായി പന്തുകളിക്കുന്ന ചെമ്പരത്തി എന്ന കുട്ടിക്കൂട്ടങ്ങളുടെ കളി സ്ഥലം മുതിര്‍ന്ന കരുത്തരായ കുട്ടികള്‍ കയ്യേറുന്നതും തുടര്‍ന്ന് മറ്റൊരു വയല്‍ കളിസ്ഥലമാക്കുന്നതും തുടര്‍ന്ന് ചെളിയില്‍ പന്തുകളിക്കേണ്ടി വരികയും ചെയ്ത ചെമ്പരത്തി ക്ലബിലെ കുട്ടികള്‍ ചെളിക്കളിയിലൂടെ മുതിര്‍ന്നവരെ നേരിടുന്നതുമാണ് കഥാ തന്തു. കുട്ടികള്‍ ലോകത്തിലേക്കുള്ള കിളിവാതിലുകളാണെന്ന് സിനിമ പറഞ്ഞു വെക്കുന്നു. പ്രണയവും പ്രതികാരവും സ്‌പോര്‍ട്സ്സും ഒരു പോലെ കൈകാര്യം ചെയ്യുന്ന ഈ സിനിമ കുട്ടികള്‍ക്ക് മാത്രമുള്ള സിനിമയല്ല..

unnamed (3)

അഭിനേതാക്കള്‍ എല്ലാം പുതുമുഖങ്ങളാണോ ?

അതേ.. എല്ലാ കുട്ടികളും പുതുമുഖങ്ങളാണ്. പൊന്നാനിക്കാരനായ അനീഷിന്റെ (സംവിധായകന്റെ അടുത്ത ബന്ധു) മകന്‍ അഗ്‌നി തീര്‍ത്ഥ്, ചങ്ങരംകുളത്ത് നിന്ന് പ്രണവ്, എടപ്പാളില്‍ നിന്ന് ആദിത്, രാഹുല്‍, കാടാമ്പുഴയില്‍ നിന്ന് അഭിനന്ദ്, ഹൃദയ്, പാലക്കാട് നിന്ന് നിഥിന്‍ മോഹന്‍, കോഴിക്കോട് നിന്ന് ഹരി മാധവന്‍, അങ്കമാലിയില്‍ നിന്ന് ഗ്രേസ് മേരി, ചെമ്പ്രയില്‍ നിന്ന് നന്ദന, തൃശൂരില്‍ നിന്ന് ശ്രീലക്ഷ്മി.. ഇവരാണ് പ്രധാന അഭിനേതാക്കള്‍. എല്ലാവരും 12 വയസ്സുള്ളവര്‍. ഇവര്‍ക്ക് പുറമെ ഒറ്റപ്പാലത്ത് നിന്നും കുറച്ച് കുട്ടികളുണ്ട്. കഴിവുള്ള കുട്ടികളാണിവര്‍. ഈ സിനിമയുടെ വിജയം തന്നെ ഈ കുട്ടികളായിരിക്കും.

unnamed (2)

നിര്‍മ്മാണം സംവിധായകന്‍ തന്നെ ഏറ്റെടുക്കാന്‍ കാരണം ?

നവാഗതനായ ഒരു സംവിധായകന് നിര്‍മ്മാതാവിനെ കിട്ടുക എന്നത് ശ്രമകരമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് എന്റെ സിനിമ. മറ്റൊരാള്‍ നിര്‍മ്മാതാവായി ഉണ്ടായിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ മൂലം അത് സ്വയം ഏറ്റെടുക്കേണ്ടി വന്നു. പുതിയ സിനിമാ പ്രേമികള്‍ക്ക് ഞാനൊരു മാതൃകയാകുമെന്നാണ് എന്റെ വിശ്വാസം. കാരണം സിനിമ മോഹിച്ചവന്റെ ലക്ഷ്യം സിനിമ മാത്രമാണ്.

സര്‍ക്കാര്‍ തിയേറ്ററുകള്‍ മഡ്മസ യെപ്രദര്‍ശിപ്പിക്കാന്‍ തയാറാകുമോ ?

തീര്‍ച്ചയായും. അതിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ തിയ്യേറ്ററുകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അത് തന്നെ വലിയ കാര്യമാണ്. തുടക്കക്കാര്‍ക്ക് സര്‍ക്കാര്‍ തിയേറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്നു എന്നത് വലിയ കാര്യം തന്നെയാണ്.

എംടിയുടെയും കമലിന്റെയും കീഴില്‍ വര്‍ഷങ്ങളോളം അസോസിയേറ്റ് ചെയ്തിട്ടും ആദ്യ സിനിമയില്‍ വലിയ താരങ്ങള്‍ക്കിടം നല്‍കാതെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചത് എന്തു കൊണ്ടാണ് ?

exclusive-jayajn-rajഎന്റെ സ്വപ്നമാണ് എന്റെ സിനിമ. എന്റെ ജീവിതത്തിലെ നല്ല കാലം എന്റെ കുട്ടിക്കാലമാണ്. പൊന്നാനിയിലായിരുന്നു എന്റെ കുട്ടിക്കാലം എന്റെ അമ്മ വീട് പൊന്നാനിയിലാണ്. കുട്ടിക്കാലം സിനിമയാക്കാനാണ് ഞാന്‍ മോഹിച്ചത്. ഇതൊരു പരീക്ഷണമാണ്. വിജയിച്ചാല്‍ പലര്‍ക്കും മാതൃകയാകും. പുതിയ ആളുകള്‍ക്ക് ധൈര്യത്തോടെ സിനിമയെടക്കാം. വിട്ട് വീഴ്ചക്ക് വേണ്ടി ഒരു താരത്തെയും സിനിമയില്‍ ചേര്‍ത്തിട്ടില്ല. ടെക്‌നിക്കലായി ഒരു വിട്ട് വീഴ്ചയും ഉണ്ടായിട്ടില്ല. സംവിധായകന്‍ കമലിനൊടൊപ്പമുള്ള 8 കൊല്ലത്തെ അനുഭവങ്ങള്‍ മാത്രം മതി എന്റെ ശക്തി. എംടി വാസുദേവന്‍ നായരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചതിന്റെ കരുത്ത് എന്റെ സിനിമാ മോഹത്തിന് കരുത്ത് പകര്‍ന്നു. 1999ല്‍ മാക്ട സംഘടിപ്പിച്ച ചലചിത്ര കളരിയിലൂടെ സിനിമാ ലോകത്തെത്തിയത്. എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചു. പിന്നീട് കമലിന്റെ കൂടെ നീണ്ട 8 വര്‍ഷക്കാലം അസിസ്റ്റന്റ് ഡയറക്ടര്‍. പെരുമഴക്കാലം മുതല്‍ സ്വപ്ന സഞ്ചാരി വരെ.. ഇനി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ…

Emirates accident: Dr. Shaji and family remembers the day as re-birth
Posted by
11 August

എമിറേറ്റ്‌സ് അപകടം: പു:നര്‍ജന്മത്തിന്റെ നിര്‍വൃതിയില്‍ ഡോ. ഷാജിയും കുടുംബവും 'ആ ദിനം ഓര്‍ക്കുന്നു'

-ഈപ്പന്‍ തോമസ്, ദുബായ്

മാവേലിക്കര പല്ലാരിമംഗലം സ്വദേശിയായ ഡോ. ഷാജിയുടേയും കുടുംബത്തിന്റേയും ഉല്ലാസപ്രദമായ അവധിക്കാലത്തിനു ശേഷമുള്ള ദുബായിലേക്കുള്ള മടക്കയാത്രയാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത യാത്രയായത്. ഷാജിയും കുടുബവും ആ ദിനമോര്‍ക്കുന്നു.

യാത്രകളെ ഏറെയിഷ്ടപ്പെടുന്ന ഡോ. ഷാജി ലോകത്തിലെ വിവിധ യാത്രകളുടെ അനുഭവപരിചയം വച്ച് ഇഷ്ട എയര്‍ലൈനായി എമിറേറ്റ്‌സ് തെരഞ്ഞെടുത്തത് ഒരത്ഭുതമല്ല. തിരുവനന്തപുരത്തു നിന്നും യാത്ര തുടര്‍ന്ന വിമാനം ദുബായുടെ മുകളിലെത്തി മുപ്പതു നിമിഷങ്ങള്‍ക്കുള്ളില്‍ ലാന്റിങ്ങ് നടത്തും എന്ന സന്ദേശം യാത്രക്കാര്‍ക്ക് പതിവുപോലെ നല്കി. ഇറങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും സാധാരണ പോലെ നടത്തുന്നതിനിടയിലാണ് ഭാര്യാ റീന ഏഴു മിനിറ്റ് എന്നുള്ള ഡിസ്‌പ്ലേ പെട്ടെന്നു നിശ്ചലമായതു ശ്രദ്ധിച്ചത്. എങ്കിലും അസ്വഭാവികമായൊന്നും തോന്നാഞ്ഞതു കാരണം പതിവുപോലെ തന്നെ സീറ്റില്‍ ഇരുന്നു.

 

പെട്ടെന്നാണ് വലിയ കുലുക്കത്തോടെ വിമാനം നിലത്തിറങ്ങിയത് ബോയിങ്ങ് 777 വിഭാഗത്തിലുള്ള വലിയ വിമാനമായതുകൊണ്ട് ഇടിച്ചിറങ്ങിയെന്ന കാര്യമൊന്നും യാത്രക്കാരറിഞ്ഞില്ല. വലതു വശത്ത് ചെറിയ പുക കണ്ട ഷാജി എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി വേഗം ഇറങ്ങാനുള്ള തത്രപാടിലായി പൈലറ്റിന്റേയും വിമാന ജോലിക്കാരുടേയും ആത്മസംയമനവും കാര്യക്ഷമതയെയും പറ്റി എത്ര പറഞ്ഞിട്ടും ഷാജിക്ക് മതിയാവുന്നില്ല കാരണം യാത്രക്കാര്‍ക്കൊരു സൂചന പോലും നല്കാതെ വിദഗ്ദമായി വിമാനം ഇടിച്ചിറക്കുകയും അപകട സൂചന നല്കി യാത്രക്കാരെ പരിഭ്രാന്തരാക്കാതിരിക്കുകയും ചെയ്തതിലൂടെ തൊണ്ണൂറു സെക്കന്റിനുള്ളില്‍  എല്ലാവരെയും പുറത്തിറക്കി രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കിയത് അവര്‍ തന്നെയാണ്.

 

 ഡോ. ഷാജിയും കുടുംബവും.(ഫോട്ടോ: ബിനു ബാലൻ)

ഡോ. ഷാജിയും കുടുംബവും.(ഫോട്ടോ: ബിനു ബാലൻ)

ലാപ്‌ടോപ് ട്രോളുകളുമായി ബന്ധപ്പെട്ടും ഡോ. ഷാജിയക്ക് ചിലത് പറയാനുണ്ട്. കാരണം യാതൊരു അപായസൂചനയുമില്ലാതെ ഇറങ്ങിയ വിമാനത്തില്‍ നിന്ന് എല്ലാവരും ഹാന്‍ഡ് ബാഗേജുമായാണ് പുറത്തിറങ്ങിയത് അവസാന നിമിഷത്തിലാണ് ഇത്ര ഭീകര അപടത്തില്‍ നിന്നാണ് ഞങ്ങള്‍ രക്ഷപെട്ടതെന്ന് മനസ്സിലായത് അല്ലെങ്കില്‍ ആരേലും നമ്മളുടെയും കൂടെയുള്ളവരുടേയും ജീവനില്‍ വലുതായി മറ്റെന്തെങ്കിലും കരുതുമോ?, അദ്ദേഹം ചോദിക്കുന്നു.

 

ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഷാജിയ്ക്ക് യാത്ര ചെയ്യുന്നവരോടൊരു ഉപദേശമുണ്ട് നിങ്ങളുടെ പാസ്‌പോര്‍ട്ട്, വിലയേറിയ മറ്റു രേഖകള്‍, ബാങ്ക് കാര്‍ഡുകള്‍, ചെക്ക്‌ ബുക്കുകള്‍ മുതലായവ വളരെ ചെറിയ ബാഗിലാക്കി (വെള്ളം കയറാത്തതെങ്കില്‍ നല്ലത് )കൈയ്യില്‍ സൂക്ഷിക്കുക അടിയന്തിര സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കത് ഉപകാരപ്രദമായേക്കാം. ദുബായ് എയര്‍പോര്‍ട്ടതോറിറ്റിയുടേയുംഎമിറേറ്റസിന്റേറയും പരിചരണത്തെ അദ്ദേഹം വളരെ വിലമതിക്കുന്നു.

 

ഡോ. ഷാജിയും സംഘവും സുരക്ഷാ ഉദ്യോഗസ്ഥന്‍ ജാസിം അല്‍ ബലൂഷിയുടെ ഭവനം സന്ദര്‍ശിച്ചപ്പോള്‍  (ഫോട്ടോ: ബിനു ബാലൻ)

ഡോ. ഷാജിയും സംഘവും സുരക്ഷാ ഉദ്യോഗസ്ഥന്‍ ജാസിം അല്‍ ബലൂഷിയുടെ ഭവനം സന്ദര്‍ശിച്ചപ്പോള്‍

 

അദ്ദേഹത്തിന്റെ വലിയ വിഷമങ്ങളിലൊന്ന് തങ്ങളുള്‍പ്പെട്ട അവസാന യാത്രക്കാരെ വരെ രക്ഷപ്പെടുത്തി മരണം വരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ ജാസിം അല്‍ ബലൂഷിയുടെ വിയോഗമാണ്. അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാഗങ്ങളെ ഷാജിയും മറ്റു യാത്രക്കാരും ചേര്‍ന്ന് സന്ദര്‍ശിച്ച് അശോചനമറിയിക്കകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ഭാര്യ റീന ഷാജി (കറ്റാനം സ്വദേശിനി )മക്കളായ ഷെറിന്‍, ശ്രേയ, ശ്രദ്ധ എന്നിവരുമുണ്ടായിരുന്നു. It’s a miracle  തിരിഞ്ഞു നോക്കുമ്പോള്‍ ഷാജിക്കും കുടുബത്തിനും പറയാനതു മാത്രം.

exclusive interview with kismath director shanavas bavakkutty
Posted by
26 July

ഒരു പാട് ജിവിതങ്ങള്‍ക്ക് ഒപ്പം മതവും ജാതിയുമില്ലാത്ത പ്രണയവും

 

സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി കിസ്മത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു

 

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

 

റിയലിസ്റ്റിക്ക് സിനിമാ അനുഭവങ്ങളിലേക്ക് മറ്റൊരു സിനിമ കൂടി കടന്ന് വരുന്നു. നവാഗതനായ ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത്. സിനിമയുടെ രാഷ്ട്രിയത്തെക്കുറിച്ചും കിസ്മത്തിനെക്കുറിച്ചും സംവിധായകന്‍ ഷാനവാസുമായി ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന് ..

കിസ്മത്ത് മുന്നോട്ട് വെക്കുന്നത് പ്രണയമാണോ ?

ഇതൊരു പ്രണയത്തിനുവേണ്ടിയുള്ള പ്രണയ സമിനിമയല്ല. ഇതില്‍ ഒരു പാട് ജിവിതങ്ങള്‍ പറയുന്നുണ്ട് .. കൂട്ടത്തില്‍ പ്രണയവും. മതവും ജാതിയുമില്ലാത്ത പ്രണയം.

 

Untitled-1

 

 

ഇടതുപക്ഷ പ്രവര്‍ത്തകനായ താങ്കളുടെ സിനിമയിലെ രാഷ്ട്രിയം ?

എന്റെ സിനിമയില്‍ രാഷ്ട്രിയമുണ്ട് .ഇടതുപക്ഷത്തിന്റെ രാഷ്ട്രിയം. അന്നയും റസൂലിനും ശേഷം റിയലിസ്റ്റാക്കിയൊരു പ്രണയ സിനിമയാണിത് . വളരെ മികച്ച രീതിയില്‍ തന്നെ ഇതില്‍ പുതുപുത്തന്‍ കാലത്തെ രാഷ്ട്രിയം പറയുന്നുമുണ്ട് .

എന്ത് കൊണ്ടാണ് പൊന്നാനിയെ തിരഞ്ഞെടുത്തത് ?

ഞാന്‍ കൂടുതല്‍ അസോസിയേറ്റ് ചെയ്തത് പൊന്നാനിയോടാണ്. അത് കൊണ്ട് തന്നെ എന്റെ എല്ലാം പൊന്നാനിയാണ് .2011 ല്‍ നടന്ന യഥാര്‍ത്ഥ പ്രണയമാണ് ചിത്രത്തിനാധാരം. മുസ്ലിംകള്‍ക്കിടയിലുള്ള അമര്‍ത്തിവെച്ച ജാതിബോധത്തെ നോവിക്കുന്നതിനാല്‍ യാഥാസ്ഥികത്വത്തിന്റെ എതിര്‍പ്പ് പ്രശ്‌നമാക്കുന്നില്ല. ജാതിയും മതവും അലങ്കാരങ്ങള്‍ മാത്രമാണെന്ന് സിനിമ പറഞ്ഞ് വെക്കുന്നു .

ഇതിലെ വില്ലനും നായകനും നായികയും എല്ലാം പൊന്നാനിയുടെതാണ് .അത് കൊണ്ട് തന്നെ ഇതൊരു പൊന്നാനി സിനിമയാണ് .
ഒരു ഗാനരംഗമൊഴിച്ച് മറ്റെല്ലാം പൊന്നാനിയില്‍ തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത് . പൊന്നാനിയുടെ സവിശേഷമായ അലങ്കാരങ്ങളെയെല്ലാം നിങ്ങള്‍ക്ക് കിസ്മത്തില്‍ കാണാം .

 

kismathtttt

 

സിനിമയുടെ സ്വീകാര്യതയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എങ്ങനെയാണ് ?

സ്‌ക്രിപ്പ്റ്റ് മുഴുവന്‍ വായിച്ചാണ് രാജീവ് രവി നിര്‍മ്മാണത്തില്‍ സഹകരിച്ചത് .കച്ചവട സിനിമയെ പരിഗണിക്കാത്ത ആ ധൈര്യം തന്നെയാണ് എന്റെ കൈമുതല്‍. വിതരണം ഏറ്റെടുത്ത ലാല്‍ജോസ് ഇറക്കിയ പണം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന ആളാണ് .ഏതുതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താവുന്ന സിനിമയാണ് കിസ്മത്തെന്ന് ഉറപ്പിച്ച് പറയാനാകും .കേരളത്തിലെ 50 തിയ്യറ്ററുകളിലാണ് സിനിമയുടെ റിലീസ് . മികച്ച തിയ്യേറ്ററുകള്‍ തന്നെയാണ് ലഭിച്ചിട്ടുള്ളതും .

 

kismu

 

 

കിസ്മത്ത് ഒരു യഥാര്‍ത്ഥ പ്രണയകഥയെന്ന് നിങ്ങള്‍ പറയുന്നു. മറ്റൊരു കാഞ്ചനമാലയാകുമോ ?

കാഞ്ചനമാലയേക്കാളും ജിവിതം കൊണ്ട് ദുരിതമനുഭവിച്ച ഇന്നത്തെ കാലത്തിന്റെ പ്രതിരൂപമാണ് ഇതിലെ നായിക. അവര്‍ക്ക് പുറം ലോകത്തോട് സംസാരിക്കാനോ സംവധിക്കാനോ താല്‍പര്യമില്ല. അത് കൊണ്ട് ഞാനത് വെളിപ്പെടുത്തുന്നില്ല. പ്രതാപവും പണവും ജാതിയും മൂടിവെച്ച ഒരു പ്രണയദുരന്തം … സിനിമക്ക് വേണ്ടി യഥാര്‍ത്ഥ കഥയില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്ത്രീപക്ഷ സിനിമയാണ് കിസ്മത്ത്. എന്തുകൊണ്ടാണ് ബോംബെക്കാരിയായ ഒരു മോഡല്‍ ശ്രുതിയെ നായികയാക്കിയതെന്ന് സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും .

 

 

കിസ്മത്തില്‍ നായകനായി എത്തുന്നത് മിമിക്രി കലാകാരന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗമാണ്. കാക്കനാട്ടുള്ള രാജഗിരി എന്‍ജിനിയറിംഗ് കോളജില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ ഷെയ്ന്‍ ആദ്യമായാണ് നായകവേഷത്തില്‍ അഭിനയിക്കുന്നത്. ശ്രുതിയാണ് ഷെയ്‌ന്റെ നായിക. രാജീവ് രവി നിര്‍മ്മിക്കുന്ന ഈ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ലാല്‍ ജോസാണ്.

വിനയ് ഫോര്‍ട്ട് സബ് ഇന്‍സ്‌പെക്ടര്‍ അജയ് സി മേനോന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി ബാലചന്ദ്രന്‍, സുനില്‍ സുഗദ, അലന്‍സിയര്‍, ജയപ്രകാശ് കുളൂര്‍, സജിത മഠത്തില്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കേരളാ കഫേയില്‍ അന്‍വര്‍ റഷീദ് ചിത്രമായ ബ്രിഡ്ജിന് ഛായാഗ്രഹണം നിര്‍വഹിച്ച സുരേഷ് രാജാണ് ക്യാമറ. അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതരായ സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധരനും സംഗീതം നല്‍കുന്നു.

Posted by
28 February

ആത്മീയജീവിതത്തിലും ഭൂമിയുടെ അവകാശികള്‍ക്ക് കൂടൊരുക്കി സ്വാമി ആദിത്യസ്വരൂപാനന്ദ

ആത്മീയതയെ വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന ആധുനിക കാലത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് സമൂഹത്തില്‍ നന്മയുടെ നാട്ടുവെളിച്ചം പകരുന്ന സ്വാമി ആദിത്യസ്വരൂപാനന്ദ. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയതിനെ അന്വര്‍ത്ഥമാക്കുകയാണ് സ്വാമി തന്റെ ജീവിതത്തിലൂടെ. ഭൂമിയുടെ അവകാശികളായ പക്ഷി-മൃഗാദികള്‍ക്ക് കൂടൊരുക്കിയാണ് സ്വാമിയുടെ ആത്മീയജീവിതം.

ഞാന്‍ പൂങ്കുന്നം രാമകൃഷ്ണ മിഷന്റെ വിവേകാനന്ദ വിജ്ഞാന ഭവന്‍ എന്ന ആശ്രമത്തില്‍ പോകുമായിരുന്നു. അങ്ങനെ ഈ സന്യാസിമാരുമായിട്ടുള്ള ആ ബന്ധമാണ് സന്യാസത്തിലേക്ക് തിരിച്ചുവിട്ടത്.
എനിക്ക് സന്യാസം തന്നിട്ടുള്ളത് ആത്മസ്വരൂപാനന്ദ സ്വാമിയാണ്. അപ്പോള്‍ സ്വാമിജി ആയിട്ടുള്ള കൂടുതല്‍ അടുപ്പം എന്നെ മറ്റു ജീവിതത്തില്‍ നിന്നും സന്യാസത്തിലേക്ക് നയിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ പത്രപ്രവര്‍ത്തനവും മറ്റു പല വിധത്തിലുള്ള ബിസ്സിനസ്സുകള്‍ ഒക്കെ ചെയ്തിരുന്നെങ്കിലും സന്യാസം അതില്‍ നിന്നുമൊക്കെ ഉയര്‍ന്ന തലമാണെന്ന് മനസിലാക്കിയതിന്റെ പേരില്‍ സന്യാസം സ്വീകരിക്കുകയാണ് ഉണ്ടായത്. പിന്നെ നാഗോപസനയായി ബന്ധപ്പെട്ട് നാഗങ്ങളെ കൊല്ലുന്നത് അത് പാപമാണ് എന്നുള്ള അറിവ് നാഗങ്ങളെ രക്ഷിക്കാനുള്ള പ്രവണതയിലേക്ക് എന്റെ മനസ്മാറുകയായിരുന്നു.

അങ്ങനെ ആശ്രമത്തില്‍ ഇരിക്കുന്ന ഒരു ദിവസം ഒരു വീടിനുള്ളില്‍ പമ്പ് കയറി എന്ന് പറഞ്ഞപ്പോള്‍ ഞാനാദ്യമായി പാമ്പിനെ കാണാന്‍ പോയതാണ് വലിയ മൂര്‍ഖന്‍ ആണെന്നൊക്കെ പറഞ്ഞപോള്‍ കാണാന്‍ പോയി, അവിടെ എല്ലാരും അതിനെ കൊള്ളാന്‍ വേണ്ടി വടിയെടുത്തു നില്കുകയാണ്, അപ്പോള്‍ അതിനെ രക്ഷികണമെന്ന് എനിക്കും എന്റെ കുട്ടികള്‍ക്കും തോന്നി. അങ്ങനെ ഞങ്ങള്‍ ആദ്യമായിട്ടൊരു പാമ്പിനെ പിടിച്ചു അതിനെ പാടത്ത് കൊണ്ട് വിട്ടു രക്ഷപ്പെടുത്തി. അതിനുശേഷം അന്ന് ഒരുപാട് ആളുകള്‍ ഇത് കണ്ടിട്ട് പലരും പാമ്പിനെ കണ്ടു കഴിഞ്ഞാല്‍ എന്നെ വിളിക്കാന്‍ തുടങ്ങി. ഫോറസ്റ്റുക്കാരും നമ്മളെ അതിനുവേണ്ടി വിളിച്ചു തുടങ്ങി. ഞങ്ങള്‍ ഒരു ഗ്രൂപ്പ് തുടങ്ങി pets and wildlife protection force എന്ന ഒരു സംഘടനയ്കു രൂപം നല്‍കി. ഈ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും നമ്മളെ പോലെ തന്നെ ജീവിക്കാനുള്ള ഒരു അവകാശം. അപ്പോള്‍ ആരും ആരെയും കൊല്ലരുത് എന്നുള്ള ഒരു മാനസിക നിലയാണ് ഈ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ വഴിതിരിയാനുള്ള കാരണം.

പിന്നെ വന്യ ജീവികളായ മുള്ളന്‍ പന്നി മരപ്പട്ടി തുടങ്ങിയവയൊക്കെ എരുമപ്പെട്ടി ഭാഗത്തൊക്കെ കിണറ്റില്‍ വീഴുകയും അതിനെ പിടിക്കാന്‍ അറിയതെയൊക്കെ നമ്മളൊക്കെ പോയി പിടിച്ചു കൊടുത്തിട്ടുണ്ട്. ഇത്തരം പ്രകൃതി ജീവികളെ സംരക്ഷിക്കാനും അവരെ അപകടാവസ്ഥയില്‍ നിന്നും രക്ഷപെടുത്താനുമുള്ള ഒരു പ്രവര്‍ത്തനം pets and wildlife protection force എന്ന സംഘടന വഴി ചെയ്യാറുണ്ട്. കല്യനസ്വാമിയുടെ വീട്ടില്‍ നിന്നും ഒരുപാടു തവണ പാമ്പിനെ പിടിക്കുകയും അദ്ദേഹം ഒരു omni ambulance തരുകയും ചെയ്തു. ഇപ്പോള്‍ അതിലൂടെ ഒരു സ്ഥലത്തേക്ക് വേഗം ഏത്താനൊക്കെ സഹായിക്കുന്നുണ്ട്. ഏതു വിധത്തിലാണെങ്കിലും നമ്മള്‍ ഉദ്ദേശിക്കുന്ന ഒരു കര്‍മ്മം അതായതു പാമ്പിനെ കൊല്ലാതെ രക്ഷപ്പെടുത്തുക എന്നൊരു കര്‍മം ഇപ്പോള്‍ ചേരയെ കൊല്ലാന്‍ പാടില്ല മൂര്‍ഖനെ കൊല്ലാന്‍ പാടില്ല അതുപോലെ തന്നെ മലമ്പാമ്പിനെ കൊല്ലാന്‍ പാടില്ല, ഇതൊക്കെ പ്രത്യേക schedule -ല്‍ പ്പെട്ടിരിക്കുന്നതുകൊണ്ട് ഫോറസ്റ്റ് നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. ഇതിനെ കുറിച്ചൊന്നും ആള്‍കാര്‍ക്ക് ധാരണയില്ല അവര്‍ പാമ്പിനെ കൊല്ലാറുണ്ട് കത്തിച്ചു കളയാറുണ്ട് ഒക്കെ ചെയ്യാറുണ്ട്. അപ്പോള്‍ അതിനൊക്കെ എതിരെ ഒരു ബോധവല്‍കരണം എന്നാ നിലയിലാണ് ഞാന്‍ ഈ ഇന്‍ഫര്‍മേഷന്‍ ജനങ്ങള്‍ക്ക് തരുന്നത്. എന്തായാലും പാമ്പിനെ കൊല്ലേണ്ട കാര്യമില്ല അത് ഒരിക്കലും അത് ഓടി വന്നു കടിക്കില്ല. പക്ഷെ പാമ്പിരിക്കുന്ന സ്ഥലത്തേക്ക് നമ്മള്‍ അറിയാതെ പോകുമ്പോള്‍ അതിനെ ഉപദ്രവിക്കാന്‍ വരുകയാണെന്ന് കരുതിയാണ് നമ്മളെ അത് കൊത്തുക. അപ്പോള്‍ ആരും അതിനെ കൊല്ലരുത് പാമ്പിനെ കണ്ടുകഴിഞ്ഞാല്‍ അതിനെ ആട്ടി ഓടിക്കുക അല്ലെങ്കില്‍ ഞങ്ങളെ അറിയിക്കുക. ഞങ്ങള്‍ വന്ന് അതിനെ പിടിച്ചു കാട്ടില്‍ കൊണ്ട് വിടും.

Posted by
08 January

നായിക ഡോക്ടറാണ് ഒപ്പം നര്‍ത്തകിയും: ശാലീന സൗന്ദര്യവുമായി മലയാളികളുടെ മനസ്സിലേക്ക് സ്വാതി നാരായണ്‍

നൃത്തരംഗത്തു നിന്നെത്തി മലയാളസിനിമയിലെ പൊന്‍തൂവലുകളായി മാറിയ ശോഭനയ്ക്കും മഞ്ജുവാര്യര്‍ക്കും പിന്നാലെ സിനിമാലോകം കീഴടക്കാന്‍ നൃത്തരംഗത്തുനിന്നും പുതിയ നായിക കൂടിയെത്തുന്നു.

ലോകമറിയുന്ന നര്‍ത്തകിയാവുക എന്ന സ്വപ്‌നമാണെങ്കിലും അവിചാരിതമായി വീണുകിട്ടിയ അവസരത്തിലൂടെ മലയാളസിനിമാ പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറുകയാണ് സ്വാതി നാരായണ്‍ എന്ന ശാലീന സുന്ദരി.

രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടിലെ സു സു സുധിവാത്മീകത്തിലൂടെയാണ് സ്വാതിയുടെ നായികയായുള്ള അരങ്ങേറ്റം. നായികയായ ആദ്യസിനിമയിലൂടെതന്നെ മലയാള സിനിമാലോകത്ത് തന്റെതായ ഒരിടം നേടാന്‍ സ്വാതിയ്ക്ക് കഴിഞ്ഞിരിക്കുന്നു.

നേരത്തെ, വാസന്തിയും ലക്ഷ്മിയും പിന്നെയും ഞാനും, അഗ്നിനക്ഷത്രം എന്നിവയിലൂടെ ബാലതാരമായെത്തിയ സ്വാതിയ്ക്ക് സിനിമാലോകം പുതിയതല്ല.

സിനിമയോടൊപ്പം നൃത്തത്തിനും പ്രാധാന്യം കൊടുക്കുന്ന സ്വാതി ആന്ധ്രയിലെ കുച്ചുപുടി ഗ്രാമത്തില്‍ നൃത്തത്തില്‍ തുടര്‍പഠനം ചെയ്യുകയാണ്. അക്കാദമിക് രംഗത്തും മിടുക്കിയായ സ്വാതി ആയൂര്‍വേദ ഡോക്ടര്‍ കൂടിയാണ്.

സു സു സുധി വാത്മീകത്തിന്റെ വിജയത്തിനൊപ്പം തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സ്വാതി ബിഗ് ന്യൂസിനൊപ്പം.

നായികാ പരിവേഷം

യാദൃശ്ചികമായി വന്നുചേര്‍ന്ന ഭാഗ്യമാണ്. ആശ ചേച്ചി (ആശാശരത്ത്) ഞങ്ങളുടെ ഫാമിലി ഫ്രണ്ടാണ്. ഇതിനു മുന്‍പ് ചേച്ചി എന്നോടു ചോദിച്ചിരുന്നു അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന്? നല്ല ടീമിന്റെ കൂടെയും നല്ല വേഷവുമാണെങ്കില്‍ നോക്കാമെന്നു ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ രഞ്ജിത് സാര്‍ പുതിയ സിനിമയിലേക്ക് പുതുമുഖത്തെ വേണമെന്ന് പറഞ്ഞതുവച്ച് ചേച്ചി സജസ്റ്റ് ചെയ്തു. അങ്ങനെയാണ് രഞ്ജിത് സാറിന് ഫോട്ടോ അയച്ചു കൊടുത്തത്. ഫോട്ടോ കണ്ട് ഇഷ്ടമായിട്ട് സാര്‍ സെലക്ട് ചെയ്‌തെന്നു പറഞ്ഞ് വിളിച്ചു. അങ്ങനെ സുധി വാത്മീകത്തിലെ ഷീലയായി.

തൃശൂരാണ് താമസിക്കുന്നതെങ്കിലും ജനിച്ചുവളര്‍ന്നതൊക്കെ പെരുമ്പാവൂരാണ്. പത്താം ക്ലാസു വരെ പഠിച്ചതും അവിടെത്തന്നെ. അതിനുശേഷം അച്ഛന്റെയും അമ്മയുടേയും ജോലി സൗകര്യാര്‍ഥം തൃശൂരിലേക്കു മാറി. തൈക്കാട്ടുശേരിയിലാണ് വീട്. അച്ഛന്‍ വൈദ്യരത്‌നം നഴ്‌സിങ് ഹോമിലെ ജനറല്‍ മാനേജരാണ് പേര് നാരായണന്‍ നമ്പൂതിരി. അമ്മ വാസിനി ആനന്ദപരും ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ ടീച്ചറാണ്. അച്ഛനും അമ്മയും തന്നെയാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. എന്നെക്കാള്‍ സന്തോഷം അവര്‍ക്കാണ്.

സിനിമയിലെ പുതുമുഖമല്ല,

ക്യാമറയ്ക്ക് മുന്നില്‍ ആദ്യമെത്തുന്നത് സു സു സുധിവാത്മീകത്തിലല്ല. ചെറുപ്പത്തില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കാവേരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സ്‌ക്രീനിലെത്തുന്നത്. ചാന്തു പൊട്ടും ശങ്കേലേസും എന്നപാട്ടു സീനിലെ ഒന്നോ രണ്ടോ സീക്വന്‍സില്‍, പിന്നെ സുരേഷ് ഗോപിനായകനായ അഗ്നിനക്ഷത്രം എന്ന ചിത്രത്തിലും ബാലതാരമായി എത്തിയിരുന്നു.

മികച്ച ടീമിനൊപ്പം

പിന്നെ ജയസൂര്യ രഞ്ജിത് ഒരു നല്ല ടീമാണ്, ആദ്യ സിനിമതന്നെ നല്ല ടീമിനൊപ്പം, എല്ലാവരും നടിയായി സ്വീകരിച്ചു തുടങ്ങി എന്നതില്‍ സന്തോഷം. ഒരു മിനിമം ഗ്യാരണ്ടിയുള്ള സിനിമയാകും ആ വിശ്വാസത്തിലാണ് സിനിമയിലേക്ക് എത്തുന്നത്.
പിന്നെ നടിയാവുന്നതിലും അപ്പുറം എനിക്ക് നര്‍ത്തകിയായി അറിയപ്പെടാനാണ് ആഗ്രഹം. ഒരു പ്രൊഫഷണല്‍ കുച്ചുപ്പുഡി ഡാന്‍സറാകണം.

ആദ്യ സിനിമയില്‍ തന്നെ നായിക

ശരിക്കും ഭാഗ്യം തന്നെയാണ് എനിക്ക്. ആദ്യമായിട്ട് വരുന്നവര്‍ക്ക് നല്ല സിനിമകള്‍ കിട്ടാറില്ല, പക്ഷേ എന്നെ സംബന്ധിച്ച് ആദ്യം തന്നെ നല്ല ടീമായിരുന്നു. നല്ല സംവിധായകന്‍, സ്‌ക്രിപ്റ്റ്, ആക്ടേസ്, പരിചയസമ്പന്നരായവരെല്ലാമാറിയിരുന്നു കൂടെ ഉണ്ടായിരുന്നത്. ജയസൂര്യ, കെപിഎസിലളിത, ടിജി രവി, അജുവര്‍ഗീസ് എല്ലാവരും നല്ല എക്‌സ്പീരിയന്‍സ്ഡ് ആണ്. അതൊക്കെ ശരിക്കും ഒരു ലേണിങ് എക്‌സ്പീരിയന്‍സ് ആയിരുന്നു
കാര്യമായി ഒന്നും അറിയാതെയാണ് ഞാന്‍ ഈ സിനിമയിലേക്ക് എത്തിയത്. എല്ലാവരും പറഞ്ഞും കേട്ടുമൊക്കെ ഉള്ള അറിവേ എനിക്ക് ഉണ്ടായിരുന്നുള്ളു. പക്ഷേ ലൊക്കേഷന്‍ എനിക്കു
വീടു പോലെ തന്നെയായിരുന്നു. രഞ്ജിത് സാര്‍, ഭാര്യ, കുട്ടികള്‍, ജയേട്ടന്‍, ഭാര്യ, കുട്ടികള്‍, മുത്തശ്ശി തുടങ്ങി എല്ലാവരും ഒരു കൂട്ടുകുടുംബം പോലെ. നിറയെ തമാശകളും പൊട്ടിച്ചിരികളും.ഒന്നും അറിയാതെയാണ് സെറ്റിലെത്തുന്നത്.
ഓരോ സീനും തുടങ്ങുമ്പോള്‍ ജയേട്ടന്‍ പറഞ്ഞുതരും. റിഹേഴ്‌സലാണോ ടേക്ക് ആണോ എന്നു പോലും അറിയില്ലായിരുന്നു. ഓകെ എന്നു പറയുമ്പോഴാണ് അറിയുക. റീ ടേക്കുകളൊന്നും ഇല്ലാതെ തന്നെ വളരെ കൂളായിട്ട് തന്നെ എല്ലാം ചെയ്യാന്‍ കഴിഞ്ഞു. എല്ലാവരും നല്ല സപ്പോര്‍ട്ട് തന്നെയായിരുന്നു. പുതിയ ആളായതുകൊണ്ട് അവരെല്ലാം നന്നായിട്ട് സഹായിച്ചു. ടെന്‍ഷന്‍ എന്ന ഒരു ഫീലിങ്ങേ ഉണ്ടായിട്ടില്ല. സെയ്ഫ് ആന്‍ഡ് കംഫര്‍ട്ടബിള്‍ ആയിരുന്നു.

പരിചയസമ്പന്നരായ അഭിനേതാക്കള്‍ക്കൊപ്പം

ലളിതാമ്മയൊക്കെ സെറ്റില്‍ എത്തിട്ട് സ്‌ക്രിപ്റ്റ് ഒന്നും വായിക്കില്ല, ആരോടെങ്കിലും ഒന്നും വായിക്കാന്‍ പറഞ്ഞിട്ട് കേട്ടിട്ട് നേരെ പോവും ഷോട്ടെടുക്കും, ജയേട്ടനും എല്ലാരും സെറ്റില്‍ തമാശയൊക്കെ പറഞ്ഞിരിക്കുമ്പോഴാണ് പെട്ടെന്ന് ഓകെ എന്നു പറയുമ്പഴേക്കും ജയേട്ടന്‍ സുധിയായിമാറും. എങ്ങനെയാണ് ഇത്രവേഗത്തില്‍ ട്രാന്‍സ്‌ഫോം ചെയ്യുന്നതൊക്കെ അന്തംവിട്ടിട്ടുണ്ട്. ഇതെല്ലാം ശരിക്കും ഒരു ലേണിംഗ് എക്‌സ്പീരിയന്‍സ് ആയിരുന്നു.

ജയേട്ടന്‍ നന്നായി ഹെല്‍പ്പ് ചെയ്യും. റിയാക്ഷന്‍സ് എങ്ങനെ കൊടുക്കണം, ഡയലോഗ് എങ്ങനെ പറയണം എന്നൊക്കെ പറഞ്ഞു തന്നു. രഞ്ജിത് സാര്‍ ആദ്യ ദിവസം സെലക്ട് ആയി എന്നു പറയാന്‍ വിളിച്ചപ്പോള്‍ തന്നെ കഥയുടെ ഔട്ട് ലൈനും കാരക്ടറിനെക്കുറിച്ചുമൊക്കെ പറഞ്ഞു തന്നിരുന്നു. എന്നെ കാണുമ്പോഴൊക്കെ പറയുമായിരുന്നു ടെന്‍ഷന്‍ അടിക്കേണ്ട കേട്ടോ എന്ന്. സംവിധായകനാണെന്ന ജാഡ ഒന്നും ഇല്ല. ഇവരുടെയൊക്കെ സപ്പോര്‍ട്ട് കൊണ്ടു തന്നെ ഒരുപാടു തവണ റീടേക്കുകള്‍ എടുക്കേണ്ടി വന്നിട്ടില്ല.
ആദ്യം റിഹേഴ്‌സല്‍ കഴിഞ്ഞ് സെക്കന്‍ഡ് സീന്‍ എടുക്കുമ്പോഴേക്കും ഒക്കെ ആകാറുണ്ടായിരുന്നു. ഒരു പുതുമുഖമാണെന്ന ഫീലിങ് ഉണ്ടാകാതിരിക്കാന്‍ ഇവര്‍ ഏറെ സഹായിച്ചു. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടോ പേടിയോ തോന്നിയതുമില്ല. സെറ്റിലെ എല്ലാവരും വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു. കൂടെ ഉണ്ടായിരുന്ന ശിവദ ആണെങ്കിലും. എല്ലാവരും നല്ല സുഹൃത്തുക്കളുമാണ്.

പുതിയ സിനിമ

ഇപ്പോള്‍ ഒരു തമിഴ്‌സിനിമയുടെ ഷൂട്ടിലാണ്. ഇലൈ എന്നാണ് സിനിമയുടെ പേര്. അതിലെ ടൈറ്റില്‍ റോളാണ് ചെയ്യുന്നത്. ബിനീഷ് രാജാണ് സംവിധാനം. എല്ലാവരും മലയാളിക്രൂ തന്നെയാണ് അത് കൊണ്ട് ശരിക്കുമുള്ള തമിഴ്‌സെറ്റ് അറിയില്ല. നല്ല സ്‌ക്രിപ്പ്റ്റാണ്.

മലയാളത്തില്‍ ഒരു ധ്യാന്‍ ശ്രീനിവാസ് അജു ടീമിന്റെ ഒരെണ്ണം ഉണ്ട് കമിറ്റ് ചെയ്തിട്ടില്ല. നല്ല ഓഫറുകളാണെങ്കില്‍ ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ടീമും വേഷവുമൊക്കെ നോക്കി സിനിമ തിരഞ്ഞെടുക്കും. മലയാളത്തിനേക്കാള്‍ നല്ല ചാന്‍സുകള്‍ വരുന്നത് തമിഴില്‍ നിന്നാണ്. പക്ഷേ എനിക്കിഷ്ടം മലയാലം തന്നെയാണ്, നല്ല കഥ കിട്ടിയാല്‍ ചെയ്യും. പിന്നെ ഇവിടെ എല്ലാവരും മലയാളത്തില്‍ തുടങ്ങി പിന്നെ തമിഴിലേക്കും തെലുങ്കിലേക്കും പോകുന്നതിന്റെയും കാരണം അവിടെ നല്ല ക്യാരക്ടര്‍ റോളുകള്‍ കിട്ടുന്നതുകൊണ്ടാകാം.

നല്ല ക്യാരക്ടേഴ്‌സ് വ്‌രികയാണെങ്കില്‍ ചെയ്യും. നല്ല കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ കിട്ടിയാല്‍ ചെയ്യും. ഞാന്‍ കുറച്ച് ഒതുങ്ങിയ ടൈപ്പാണ്. അതിനു ചേരുന്ന കഥാപാത്രങ്ങള്‍ചെയ്യും. നമ്മുടെ കള്‍ച്ചറിനനുസരിച്ച് ഡ്രസിംഗ്, അല്ലാതെ അള്‍ട്രാമോഡേണാവാനൊന്നും പറ്റില്ല.

ഡോക്ടര്‍/ ഡാന്‍സര്‍ / നടി

പഠിച്ചത് ആയൂര്‍വേദമാണ്, എങ്കിലും പാഷന്‍ ഡാന്‍സിനോടാണ്. എന്തെങ്കിലും ജോലി വേണമെന്നതിനാലാണ് ആയൂര്‍വേദം ചെയ്തത്. സിനിമ എന്നു പറയുന്നത് ഇപ്പോള്‍ യാദൃശ്ചികമായി വന്നതാണ്, മനസ്സില്‍പോലും വിചാരിക്കാത്തതാണ്. മൂന്നു പ്രൊഫഷനുകളിലും മനസ്സില്‍ എപ്പോഴും സംതൃപ്തി തരുന്നത് ഡാന്‍സ് തന്നെയാണ്.

ചെറുപ്പം മുതലേ ഡാന്‍സ് പഠിക്കുന്നു, നാലുവയസ്സുമുതലേ, അനുപമാമോഹന്റെ കീഴില്‍ കുപ്പുഡിയില്‍ മാത്രം പഠിച്ചുതുടങ്ങി. ഇപ്പോഴും പഠിക്കുകയാണ്. ഹൈസ്‌കൂള്‍ കാലമായപ്പോഴാണ് കുച്ചിപ്പുടിയിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. എറണാകുളത്തുള്ള അനുപമ മോഹന്റെ കീഴിലായിരുന്നു പഠനം. ഇപ്പോള്‍ ആന്ധ്രയിലെ കുച്ചിപ്പുടി വില്ലേജില്‍ ചിന്താരവി ബാലകൃഷ്ണ മാസ്റ്ററുടെ കീഴില്‍പഠിക്കുന്നു. പുറത്തു നിന്നുള്ള പ്രോഗ്രാമുകളൊക്കെ ചെയ്യാറുണ്ട്.
ഞാന്‍ ആയുര്‍വേദ ഡോക്ടറാണ്. പക്ഷേ സ്വന്തമായി പ്രാക്ടീസിങ് തുടങ്ങിയിട്ടില്ല. ചെറുതുരുത്തി പിഎന്‍എം എം ആയുര്‍വേദ കോളജിലാണ് പഠിച്ചത്. ഇപ്പോള്‍ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളു. അടുത്തുള്ള
ആത്മാ ആയൂര്‍വേദ ഹോസ്പിറ്റലില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്.

സെറ്റില്‍ എല്ലാവരും ഡോക്ടര്‍ എന്നാണ് വിളിച്ചിരുന്നത്. അതും ഒരു രസകരമായ അനുഭവമായിരുന്നു. കാണുമ്പോഴൊക്കെ ഓരോരുത്തര്‍ ചോദിക്കും ആ അസുഖത്തിന് എന്താ മരുന്ന്, ഈ അസുഖത്തിന്റെ മരുന്ന് പറഞ്ഞു തരാമോ എന്നൊക്കെ. രവിയങ്കിള്‍ (ടിജി രവി) നടുവേദനയ്ക്ക് എന്തു കഴിക്കണമെന്നൊക്കെ ചോദിക്കും. ഞാന്‍ ഓരോ മരുന്ന് പറഞ്ഞു കൊടുക്കും. അവിടെയും എനിക്ക് ഒരു ട്രെയിനിങ് തന്നെയായിരുന്നു. കൂട്ടുകാരോടൊക്കെ പറയുമായിരുന്നു എന്റെ ആദ്യത്തെ പേഷ്യന്റ്‌സ് സെലിബ്രിറ്റികളായിരുന്നു എന്ന്.

ഏറ്റവും നല്ല അഭിപ്രായം കിട്ടിയത് ജയേട്ടനില്‍ നിന്നാണ്. ജയേട്ടന്‍ പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ട് യാതൊരുടെന്‍ഷനുമില്ലാതെ വലരെ കൂളായി ചെയ്തു എന്നാണ്, അഞ്ചാറ്‌സിനിമകഴിഞ്ഞു വന്ന കുട്ടിയേപോലെയാണ് ചെയ്തതെന്നൊക്കെ പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷായി, നമ്മള്‍ കാരണം അവര്‍ക്കൊന്നും യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലല്ലോ,

മോഹന്‍ലാലിനെയാണ് ഏറ്റവും ഇഷ്ടം, കുഞ്ഞുനാള്‍ മുതലേ ഫേവറേറ്റ് ലാലേട്ടനാണ്. ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും മതി. അദ്ദേഹത്തിന്റെ പരാജപ്പെട്ട സിനിമകളും എല്ലാം ഇഷ്ടമാണ്.

സെലിബ്രിറ്റി ലൈഫ്

ഇപ്പോള്‍ എല്ലാവരും അറിഞ്ഞുതുടങ്ങി, പല ഫംങ്ഷന്‍സുകളിലേക്കും അതിഥിയായി വിളിക്കുന്നുണ്ട്, അതൊക്കെയാണ് മാറ്റം, പിന്നെ ക്ഷേമാവതി ടീച്ചറുടെകൂടെയിരിക്കാന്‍ ഭാഗ്യം കിട്ടി, കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയിലും അദ്ദേഹത്തിന്റെ കൂടെയിരിക്കാന്‍ പറ്റി, ഇതൊക്കെ സെലിബ്രിറ്റിയായതുകൊണ്ടാണ്, ഇല്ലെങ്കില്‍ ആരു നമ്മളെ അറിയുകപോലുമില്ലല്ലോ.

സു സു സുധി വാത്മീകത്തിന്റെ അലയൊലികള്‍ ഒടുങ്ങും മുമ്പേ തന്റെ പുതിയ തമിഴ്ചിത്രത്തിന്റെ തിരക്കുകളിലേക്ക് മടങ്ങുകയാണ് സ്വാതി, ഒപ്പം നൃത്ത പഠനത്തിലേക്കും.. പുതുവര്‍ഷത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളുമായി തെന്നിന്ത്യയില്‍ സ്വാതിയുടെ സാന്നിധ്യം ശക്തമായി തന്നെ ഉണ്ടാകട്ടെ എന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ബിഗ് ന്യൂസ്.

സ്‌ക്രിപ്റ്റ്: അനു ബാലകൃഷ്ണന്‍
ക്യാമറ: മനോജ് അരിയാടത്ത്
എഡിറ്റിങ്: സനൂപ് കിനാശ്ശേരി