അത്താഴം ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് തര്‍ക്കം: കാമുകി കാമുകനെ കുത്തിക്കൊന്നു
Posted by
21 August

അത്താഴം ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് തര്‍ക്കം: കാമുകി കാമുകനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: അത്താഴമുണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കിച്ച കമിതാക്കളുടെ വഴക്ക് കലാശിച്ചത് യുവാവിന്റെ മരണത്തില്‍. തര്‍ക്കത്തെ തുടര്‍ന്ന് യുവതി കാമുകനെ കൊലപ്പെടുത്തുകയായിരുന്നു. ദക്ഷിണ പശ്ചിമ ഡല്‍ഹിയിലെ ഉത്തം നഗറിലായിരുന്നു സംഭവം.

നൈജീരിയന്‍ പൗരനായ ഇസുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം മുറിപ്പാടുകള്‍ കാണപ്പെട്ടതായി പോലീസ് പറഞ്ഞു. കാമുകി എല്‍വി ഉജ്ജുമയെ കൊലപ്പാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക് ശേഷം വീട്ടിലെത്താന്‍ കാമുകിയായ ഉജ്ജുമ ഇസുവിനോട് ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ ശേഷം ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ബഹളം കേട്ട് എത്തിയ അയല്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും, ഇരുവരെയും ശാന്തരാക്കുകയും ചെയ്തു. എന്നാല്‍ അയല്‍ക്കാര്‍ പോയതിന് പിന്നാലെ ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി.

എന്നാല്‍ ആര് അത്താഴമുണ്ടാക്കും എന്നതിനെ ചൊല്ലി തര്‍ക്കം മൂര്‍ച്ചിച്ചപ്പോളാണ് സംഭവം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഉജ്ജുമ പോലീസിനോട് പറഞ്ഞത്. ഇസു ആദ്യം തന്നെ അടിച്ചു. പേടിച്ചു പോയ താന്‍ അടുക്കളയിലേക്ക് ഓടി കയറി. തന്നെ അടുക്കളയിലും പിന്തുടര്‍ന്ന ഇസുവിനെ പേടിപ്പിക്കാനായിട്ടാണ് താന്‍ കത്തിയെടുത്തതെന്നും,എന്നാല്‍ ഇസു വീണ്ടു മര്‍ദ്ദിക്കാനോങ്ങിയ അവസരത്തില്‍ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു എന്നും ഉജ്ജുമ പോലീസിനോട് പറഞ്ഞു.

ഇസുവിനെ കുത്തിയ ശേഷം അരമണിക്കൂറോളം ഉജ്ജുമ കതകടച്ചിരുന്നു. തുടര്‍ന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇസുവിനെയാണ് കണ്ടത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഉജ്ജുമ ഇസുവിനെ ആശുപത്രിയിലെത്തിക്കുന്നത്.

 

ഫോട്ടോഷോപ്പ് ദുരന്തത്തില്‍ തകര്‍ന്ന് കേന്ദ്ര ഊര്‍ജമന്ത്രിയുടെ പ്രതിച്ഛായ; ഇന്ത്യയിലെ വൈദ്യുതീകരിച്ച റോഡുകളെന്ന പേരില്‍ പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത് റഷ്യയിലെ റോഡ്
Posted by
21 August

ഫോട്ടോഷോപ്പ് ദുരന്തത്തില്‍ തകര്‍ന്ന് കേന്ദ്ര ഊര്‍ജമന്ത്രിയുടെ പ്രതിച്ഛായ; ഇന്ത്യയിലെ വൈദ്യുതീകരിച്ച റോഡുകളെന്ന പേരില്‍ പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത് റഷ്യയിലെ റോഡ്

ന്യൂഡല്‍ഹി: വീണ്ടും കേന്ദ്രസര്‍ക്കാരിനെ തേടി ഫോട്ടോഷോപ്പ് ദുരന്ത വിവാദം. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വെളിവാക്കാന്‍ വ്യാജ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കേന്ദ്ര ഊര്‍ജമന്ത്രി പീയൂഷ് ഗോയലാണ് ഇത്തവണ വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ത്യയിലെ 50,000 കിലോമീറ്റര്‍ റോഡുകള്‍ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് വൈദ്യുതീകരിച്ചുവെന്ന അവകാശവാദവുമായി ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം റഷ്യയിലെ ഒരു റോഡിന്റേതാണെന്ന് ചിലര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ട്വീറ്റ് വിവാദമാകുകയും ചിത്രം മന്ത്രി നീക്കം ചെയ്യുകയും ചെയ്തു.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചാരണാര്‍ഥം വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഐടി സെല്ലിന്റെയും നേതാക്കളുടെയും വകയായുള്ള സമൂഹമാധ്യമ പ്രചാരണങ്ങളില്‍ പലപ്പോഴും വ്യാജ ചിത്രങ്ങളും മറ്റും കടന്നുകൂടാറുണ്ടായിരുന്നു. അത്തരത്തിലെ അബദ്ധങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് ഇത്.

ട്വീറ്റ് നീക്കം ചെയ്തശേഷം തെറ്റു ചൂണ്ടിക്കാട്ടിയതില്‍ ഗോയല്‍ നന്ദിയറിയിക്കുകയും ചെയ്തു. പിന്നീടു മറ്റൊരു ചിത്രം നല്‍കി അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

എഐഎഡിഎംകെ ലയനം:തമിഴ് ജനതയുടെ തലയില്‍ ഒരു വിഡ്ഢി തൊപ്പി കൂടി; ലയനത്തെ വിമര്‍ശിച്ച് കമല്‍ ഹസന്‍
Posted by
21 August

എഐഎഡിഎംകെ ലയനം:തമിഴ് ജനതയുടെ തലയില്‍ ഒരു വിഡ്ഢി തൊപ്പി കൂടി; ലയനത്തെ വിമര്‍ശിച്ച് കമല്‍ ഹസന്‍

ചെന്നൈ: ഒപിഎസ് ഇപിഎസ് പക്ഷങ്ങളുടെ നേതൃത്വത്തില്‍ നടന്ന എഐഎഡിഎംകെയുടെ ലയന പ്രഖ്യാപനത്തെ പരിഹസിച്ച് തമിഴ് താരം കമല്‍ ഹസന്‍. ഇരു പക്ഷങ്ങളും ചേര്‍ന്ന് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് താരം ട്വീറ്റ് ചെയ്തു. എഐഎഡിഎംകെ ലയന പ്രഖ്യാപനം നടന്നതിന് പിന്നാലെയാണ് കമല ഹസന്റെ ട്വീറ്റ്.

ഗാന്ധി, തൊപ്പി, കാവി തൊപ്പി, കശ്മീരി തൊപ്പി, ഇപ്പോളിതാ വിദൂഷകന്റെ വിഢ്ഡി തൊപ്പി ഇത് ധാരാളമല്ലേ? അതോ ഇനിയും വേണോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പരസ്പര ധാരണയോടെയാണ് ഇരു കൂട്ടരും പാര്‍ട്ടി പിളര്‍ത്തിയതെന്നും ഇപ്പോള്‍ ഒന്നിച്ച് ചേര്‍ന്നിരിക്കുന്നതെന്നും അതേ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നും താരം ആരോപണമുയര്‍ത്തി.

മുഖ്യമന്ത്രി ഇ പളനിസാമിയുടെ ഭരണത്തെ വിമര്‍ശിച്ച് കൊണ്ട് കമല ഹസന്‍ മുന്‍പും രംഗത്ത് എത്തിയിരുന്നു. പളനിസാമി സര്‍ക്കാര്‍ അഴിമതിയെ ചെറുക്കുന്നതിന് വേണ്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും. സംസ്ഥാനത്ത് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഉപമുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വം സത്യപ്രതിഞ്ജ ചെയ്തു
Posted by
21 August

ഉപമുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വം സത്യപ്രതിഞ്ജ ചെയ്തു

ചെന്നൈ: മുഖ്യമന്ത്രി പളനിസാമിയുടെയും മുന്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗങ്ങള്‍ ലയിച്ചു. ഇതോടെ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ടായ പാര്‍ട്ടി വീണ്ടും ഒന്നായി. ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി അസ്ഥാനത്ത് പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പളനിസാമിയും പനീര്‍സെല്‍വവും സംയുക്തമായാണ് ലയനപ്രഖ്യാപനം നടത്തിയത്.ലയനത്തോടെ പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി പദത്തിലെത്തി. ജയിലില്‍ കഴിയുന്ന ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാണ് ഇരുവിഭാഗങ്ങളുടെയും ലയനം. ഇത് സംബന്ധിച്ച പ്രമേയം പാസാക്കും. ലയനത്തോടെ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഉപമുഖ്യമന്ത്രി പദത്തിന് പുറമെ പനീര്‍സെല്‍വത്തിന് പാര്‍ട്ടി കോ ഓര്‍ഡിനേറ്റര്‍ സ്ഥാനവും ലഭിക്കും. കൂടാതെ പനീര്‍സെല്‍വം പക്ഷത്തുളള രണ്ട് പേര്‍ക്ക് മന്ത്രിസ്ഥാനവും നല്‍കുമെന്നാണ് സൂചന.

ശശികലയെ പുറത്താക്കി, എഐഎഡിഎംകെ ലയനം പ്രഖ്യാപിച്ചു
Posted by
21 August

ശശികലയെ പുറത്താക്കി, എഐഎഡിഎംകെ ലയനം പ്രഖ്യാപിച്ചു

ചെന്നൈ: എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി ശശികലയെ സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇതിന് പിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനസാമിയും മുന്‍ മുഖ്യമന്ത്രി പനീര്‍ സെല്‍വവും നയിക്കുന്ന എഐഎഡിഎംകെയുടെ ഇരുപക്ഷവും ലിയക്കാനും തീരുമാനമായി.

ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലയനത്തിന് ധാരണയായത്. യോഗത്തിന് ശേഷം എടപ്പാടി പളനി സ്വാമിയും ഒ പനീര്‍ ശെല്‍വവു പരസ്പരം ഹസ്തദാനം ചെയ്തു. എ.ഐ.എ.ഡി.എം കെയെ ആര്‍ക്കും പിളര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു അതിന് ശേഷം പനീര്‍ശെല്‍വം പ്രതികരിച്ചത്.

ശശികലയെ പുറത്താക്കി കൊണ്ടുള്ള ഒദ്യോഗിക പ്രഖ്യാപനം പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലില്‍ നടക്കുമെന്നാണ് അറിയുന്നത്. ജയിലില്‍ കഴിയുന്ന ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു പനീര്‍സെല്‍വം മുന്നോട്ടുവെച്ച ആവശ്യം. പനീര്‍ശെല്‍വത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടുള്ള പ്രമേയമാണ് പാസ്സായത്.

 

മദ്യപിച്ചെത്തിയ ആശുപത്രി ജീവനക്കാരന്റെ ക്രൂരത; മൂന്ന് കുട്ടികള്‍ പിടഞ്ഞു മരിച്ചു
Posted by
21 August

മദ്യപിച്ചെത്തിയ ആശുപത്രി ജീവനക്കാരന്റെ ക്രൂരത; മൂന്ന് കുട്ടികള്‍ പിടഞ്ഞു മരിച്ചു

റായ്പുര്‍: മദ്യപിച്ചെത്തിയ ആശുപത്രി ജീവനക്കാരന്‍ ഓക്‌സിജന്‍ വിതരണ സംവിധാനത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. റായ്പുറിലെ ഭീംറാവു അംബേദ്കര്‍ ആശുപത്രിയിലാണ് ജീവനക്കാരന്‍ മൂന്ന് മണിക്കൂറിലധികം ഓക്ജന്‍ വിതരണം തടസപ്പെടുത്തിയത്.

ഓക്‌സിജന്‍ വിതരണത്തിലെ അപാകതയെ തുടര്‍ന്ന് ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ എഴുപതോളം കുട്ടികള്‍ മരിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് റായ്പുറിലെ സംഭവം. ഈ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തിലെ മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരനാണ് മദ്യപിച്ചെത്തി മൂന്ന് മണിക്കൂറോളം പ്രശ്നങ്ങളുണ്ടാക്കിയത്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഉത്തരവാദിയായവര്‍ക്കെതിരേ കര്‍ശനം നടപടി സ്വീകരിക്കാനും ഛത്തീസ്ഡഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഹെല്‍ത്ത് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, ഓക്‌സിജന്‍ തടസപ്പെട്ടതിനെ തുടര്‍ന്നുള്ള മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

ബീഹാര്‍ പ്രളയത്തില്‍ 253 പേര്‍ മരണപ്പെട്ടതായി സൂചന; അടുത്ത ദിവസങ്ങളില്‍ ഇടിവെട്ടോടു കൂടിയ കനത്ത മഴക്ക് സാധ്യത
Posted by
21 August

ബീഹാര്‍ പ്രളയത്തില്‍ 253 പേര്‍ മരണപ്പെട്ടതായി സൂചന; അടുത്ത ദിവസങ്ങളില്‍ ഇടിവെട്ടോടു കൂടിയ കനത്ത മഴക്ക് സാധ്യത

പട്‌ന: ഒരാഴ്ച്ചയായി തുടരുന്ന ബീഹാര്‍ പ്രളയത്തില്‍ 253 പേര്‍ ഇതിനോടകം മരണപ്പെട്ടതായി റിപ്പോര്‍ട്ട് ബീഹാറിലെ 18 ജില്ലകളിലുള്ള ഏകദേശം ഒന്നര കോടി ജനങ്ങളെ ദുരിതം ബാധിച്ചതായാണ് വിവരം. ഒരാഴ്ചയിലധികമായി തുടരുന്ന കനത്ത മഴയില്‍ ഗംഗ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ സമീപ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിലാകുകയായിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഈ പ്രദേശങ്ങളിലൂടെയുള്ള എല്ലാ റോഡ് സര്‍വീസുകളും അവസാനിപ്പിച്ചിരിക്കുകയാണ്. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പും അപകടനിലയിലാണെന്നും മുന്നറിയിപ്പുണ്ട്. അതേസമയം അടുത്ത 24 മണിക്കൂറില്‍ ബീഹാറില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാറ്റ്‌നാ, ഗയാ, ബഗല്‍പൂര്‍, പൂര്‍നീയ എന്നിവിടങ്ങളില്‍ ഇടിവെട്ടോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കുന്നതിലും നല്ലത് തങ്ങളെ ഇവിടെ തന്നെ വച്ച് കൊല്ലുന്നതായിരിക്കും’: റോഹിങ്ക്യന്‍ മുസ്‌ലിംകള്‍
Posted by
21 August

മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കുന്നതിലും നല്ലത് തങ്ങളെ ഇവിടെ തന്നെ വച്ച് കൊല്ലുന്നതായിരിക്കും': റോഹിങ്ക്യന്‍ മുസ്‌ലിംകള്‍

ജമ്മുകാശ്മീര്‍: ഞങ്ങളെ കൊന്നോളൂ…എന്നാലും മ്യാന്‍മറിലേക്ക് തിരിച്ചയക്കരുതേ…ലോകത്ത് ഏറ്റവും കൊടിയ വംശീയ പീഡനം നേരിടുന്ന വിഭാഗമാണ് മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ വാക്കുകളാണിത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഈ പീഡനങ്ങള്‍ക്കും കൂട്ടക്കൊലക്കും നേതൃത്വം നല്‍കുന്നവരാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെയാണ് ഒരു വലിയ വിഭാഗം ഇന്ത്യന്‍ മണ്ണില്‍ അഭയം പ്രാപിച്ചതും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അഭയാര്‍ഥികളാണ് കഴിയുന്നത് ജമ്മുവിലാണ്. അവിടുത്തെ ക്യാമ്പുകളില്‍ ഏഴായിരത്തോളം റോഹിങ്ക്യകളാണുള്ളത്. ഇതു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുള്ളത് ഹൈദരാബാദിലാണ്. ഇവിടെ 3800 ലേറെ പേരാണുള്ളത്. അഭയാര്‍ഥി ജീവിതവും ദുരിതം പിടിച്ചതാണെങ്കിലും ആക്രമണങ്ങളെ ഭയക്കാതെ ജീവിക്കാന്‍ കഴിയും അവര്‍ക്കിവിടെ. അവര്‍ മ്യാന്‍മറില്‍ നേരിട്ട പീഡനങ്ങളുമായി താരതമ്യം ചെയ്താല്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് അഭയാര്‍ഥി ക്യാമ്പുകള്‍ ആശ്വാസ കേന്ദ്രങ്ങളാണ്. അതുകൊണ്ട് തന്നെയാണ് തിരിച്ചുപോകുന്നതിലും നല്ലത് മരണമാണെന്ന് അവര്‍ പറയാന്‍ കാരണവും. ഹൈദരാബാദിലെ ക്യാമ്പിലുള്ളവരാണ് നരകതുല്യമായ പീഡനങ്ങള്‍ നേരിടാന്‍ തിരിച്ചുപോകുന്നതിലും നല്ലത് മരണമാണെന്ന് പറയുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി അവര്‍ ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ട്. അറവുശാലയിലേക്ക് തിരിച്ചുനടക്കുന്നതുപോലെയാകും കേന്ദ്രസര്‍ക്കാര്‍ നടപടി പൂര്‍ത്തിയാലെന്നും അവര്‍ പറയുന്നു. മാനുഷിക പരിഗണനയെങ്കിലും നല്‍കി തങ്ങളെ തിരിച്ചുവിടരുതെന്നാണ് അവര്‍ കേഴുന്നത്. ”ഈ മണ്ണില്‍ ജീവിക്കാന്‍ അനുവദിച്ച ഇന്ത്യയോട് ഒരുപാട് നന്ദിയുണ്ട്. തങ്ങളെ നാടുകടത്തണമെങ്കില്‍ സര്‍ക്കാരിന് അത് നിഷ്പ്രയാസം കഴിയും. പക്ഷേ അതിലും നല്ലത് തങ്ങളെ ഇവിടെ തന്നെ വച്ച് കൊല്ലുന്നതായിരിക്കും” എന്നാണവര്‍ പറയുന്നത്.

വികെ ശശികല ജയിലില്‍  നിന്ന് പുറത്ത് പോയിരുന്നതായി സംശയം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Posted by
21 August

വികെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോയിരുന്നതായി സംശയം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി വികെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോയിരുന്നതായി ആരോപണം.

ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ ശശികലയും ബന്ധു ഇളവരശിയും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തടവുകാരുടെ വേഷത്തിലല്ല ശശികലയെ ദൃശ്യങ്ങളില്‍ കാണുന്നത്. കുര്‍ത്തയണിഞ്ഞാണ് ശശികല പുറത്തു പോകുന്നത്.

ശശികലക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുന്‍ ജയില്‍ ഡിഐജി ഡി രൂപയാണ് സിസിടിവി ദൃശ്യങ്ങള്‍ പുുറത്തുകൊണ്ടുവന്നത്. കര്‍ണാടക പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്‍കുന്നതിനിടെയാണ് ഈ തെളിവുകള്‍ ദീപ കൈമാറിയത്. ശശികലയും ഇളവരശിയും ജയില്‍ അധികൃതരുടെ ഒത്താശയോടെ ജയിലിന് പുറത്ത് കടന്നിരുന്നെന്ന് തെളിയിക്കുന്നതാണ് പുതിയ തെളിവുകള്‍.

ജയില്‍ ഡിജിപിയടക്കം പലര്‍ക്കും രണ്ടു കോടി രൂപ കൈക്കൂലിയായി നല്‍കിയാണ് ജയിലില്‍ ശശികല പ്രത്യേക പരിഗണന നേടിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ പരിഗണനകള്‍ ചൂണ്ടിക്കാണിച്ച് രൂപ നേരത്തെ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇവരെ ജയില്‍ ചുമതലയില്‍ നിന്നും മാറ്റുകയായിരുന്നു.അഞ്ചു സെല്ലുകളില്‍ നിന്ന് തടവുകാരെ ഒഴിവാക്കി ഒരു ഇടനാഴി മുഴുവന്‍ ശശികലയ്ക്ക് അനുവദിച്ചു. പ്രത്യേക കിടക്കയും വിരിയും നല്‍കി. സെല്ലില്‍ സ്വന്തമായി എല്‍ഇഡി ടിവിയും ശശികലയ്ക്ക് അനുവദിച്ചുവെന്നും രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചിന്നമ്മയക്ക് ജയിലില്‍ പ്രത്യേക വിഐപി പരിഗണനകള്‍ കിട്ടുന്ന ദൃശ്യങ്ങള്‍ ഇതിനു മുന്‍പ് തന്നെ ഒരു പ്രമുഖ കന്നട ചാനല്‍ പുറത്തുവിട്ടിരുന്നു. ജയിലില്‍ പട്ടുവസ്ത്രമണിഞ്ഞു പാത്രവുമായി സിസി ക്യാമറയുടെ മുന്നിലൂടെ നടന്നു പോകുന്ന ചിത്രമായിരുന്നു അന്നു പ്രചരിച്ചിരുന്നത്.