Chennai court produces arrest warrant against Thrisha’s mother
Posted by
17 January

തൃഷയുടെ അമ്മയ്ക്ക് ചെന്നൈ കോടതിയുടെ അറസ്റ്റ് വാറന്റ്

തെന്നിന്ത്യന്‍ താര റാണി തൃഷയുടെ അമ്മയ്ക്ക് എതിരെ ചെന്നൈ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതേസമയം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തൃഷയ്ക്ക് എതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയിലാണെന്നും എന്നാല്‍ ഇത് തെറ്റാണെന്നും തൃഷയുടെ മാനേജര്‍ വിശദീകരിച്ചു. തൃഷയ്ക്കെതിരെ വാറന്റ് എന്ന വാര്‍ത്ത തെറ്റാണ്. അമ്മ ഉമ കൃഷ്ണനെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി അറസ്റ്റ് വാറന്റിന് ബന്ധമില്ലായെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

2005ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിന്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരെ ഉമ കൃഷ്ണന്‍ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നാളുകള്‍ക്കിടയില്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലെത്താന്‍ ഉമ കൃഷ്ണന്‍ തയ്യാറായിട്ടില്ല.

വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പല തവണ കോടതി നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിച്ചില്ല. ഇതോടെ കോടതി വാറന്റ് അയയ്ക്കുകയായിരുന്നു. എന്നാല്‍ ഈ കേസ് പിന്‍വലിച്ചതായി മാനേജര്‍ അറിയിച്ചു.

huge remuneration of actress sai pallavi
Posted by
16 January

വെറും രണ്ട് സിനിമകളില്‍ അഭിനയിച്ച സായ്പല്ലവിയുടെ പ്രതിഫലം ഞെട്ടിക്കുന്നത്

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ് ഇപ്പോള്‍ നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതില്‍ കൂടുതല്‍ പ്രതിഫലം നയന്‍താര വാങ്ങുന്നുണ്ട്. എന്നാല്‍ സായ് പല്ലവിയുടെ പോക്കുകണ്ടിട്ട് പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയെ മറികടക്കുമെന്നാണ് തോന്‌നുന്നത്. തെന്നിന്ത്യയില്‍ കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്ന നയന്‍താര മലയാളത്തില്‍ വാങ്ങുന്നത് 35 ലക്ഷം രൂപയാണ്.

എന്നാല്‍ നിലവില്‍ ആകെ രണ്ടു സിനിമകളില്‍ മാത്രമാണു സായ് പല്ലവി അഭിനയിച്ചത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമവും ദുല്‍ഖര്‍ സല്‍മാനൊപ്പം കലിയും. എന്നാല്‍ ഈ രണ്ടു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച പല്ലവിയുടെ പ്രതിഫലം അരക്കേടിയാണ്.

അതേസമയം തമിഴിലും തെലുങ്കിലും ഇവര്‍ ആവശ്യപ്പെട്ട പ്രതിഫലവും 50 ലക്ഷം രൂപയാണ്. എന്നാല്‍ ഈ രണ്ടു ഭാഷകളിലും പല്ലവിയുടേതായി ഒരു സിനിമ പോലും പുറത്തുവന്നിട്ടില്ല. ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണു സായ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഒരു പുതുമുഖ നായിക എന്ന നിലയില്‍ ഈ പ്രതിഫലം വളരെ ഉയര്‍ന്നതാണ്.

വിക്രമിന്റെ നായികയായി പല്ലവി തമിഴിലും അഭിനയിക്കുന്നു എന്ന സൂചനകളുണ്ട്. പ്രേമത്തിനും കലിയ്ക്കും ശേഷം സായ് പല്ലവി മലയാളത്തില്‍ മറ്റു ചിത്രങ്ങള്‍ ഏറ്റെടുത്തിട്ടില്ല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം മഞ്ജുവാര്യറാണ്. 50 ലക്ഷം രൂപയാണിത്.

mamooty new Tamil film
Posted by
16 January

മമ്മൂട്ടി ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക

ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങൾ സിനിമകളിൽ ചർച്ചകൾ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായി ‘പേരൻപ്’ എന്ന തമിഴ് ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ട്രാൻസ്‌ജെൻഡർ ആണ്. അഞ്ജലി അമീർ ആണ് നായികാവേഷം കൈകാര്യം ചെയ്യുന്നത്.

ആറ് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവും, തമിഴിലെ മികച്ച സംവിധായകരിലൊരാളുമായ റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് നായികയെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയത്. അഞ്ജലിയാണ് സിനിമയിലെ മറ്റൊരു നായിക. തങ്കമീന്‍കളിലൂടെ ദേശീയപുരസ്‌കാരം നേടിയ ബാലതാരം സാധനയും ചിത്രത്തിലുണ്ട്. എന്‍ എ മുത്തുകുമാറിന്റെ വരികള്‍ക്ക് യുവന്‍ശങ്കര്‍ രാജയാണ് സംഗീതം.

new film Bairava  film review
Posted by
12 January

പൊങ്കല്‍പ്പൂരം ഒരുക്കി ഇളയദളപതി വിജയ് : ആരും കൈവയ്ക്കാന്‍ ധൈര്യപ്പെടാത്ത കഥയുമായി ഭൈരവ കുതിപ്പ് തുടങ്ങി

ഇളയദളപതി വിജയ് നായകനായ ‘ഭൈരവ’ കേരളത്തിലെ 200ലധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തു. സമരത്തിന്റെ ചൂടിനിടയിലും ആഘോഷമായി മാറുകയാണ് വിജയ് ചിത്രം. വിജയ് ആരാധകരെ ത്രസിപ്പിച്ചുകൊണ്ടാണ് ഭൈരവയുടെ റിലീസ് എത്തിയത്. രാവിലത്തെ ആദ്യ ഷോ ആരാധകര്‍ തിമര്‍ത്താഘോഷിച്ചു. നൃത്തം ചവിട്ടിയും പാലഭിഷേകം ചെയ്തും ചെണ്ടമേളം നടത്തിയും ഭൈരവയെ ആരാധകര്‍ എതിരേറ്റു. സിനിമയുടെ റിലീസ് സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സമയോചിത ഇടപെടലാണ് ഭൈരവ റിലീസ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

അഴകിയ തമിഴ് മകന്‍ എന്ന ക്ലാസിക് സൃഷ്ടിച്ച ഭരതനൊപ്പം ഒരു സംഭവകഥയുടെ പ്രചോദനം എന്ന പേരില്‍ വിജയ് ചേര്‍ന്നപ്പോള്‍ മറ്റൊരു വടിവാള്‍ കഥക്കപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട എന്ന് ടീസറും ട്രൈലറും ആദ്യമേ സൂചിപ്പിച്ചിരുന്നു. രജനികാന്തിനപ്പുറം തമിഴ് സിനിമയുടെ ആഗോളമാര്‍ക്കറ്റില്‍ വിജയ് എന്ന ബ്രാന്‍ഡ് നെയിമിന്റെ കാഹളനാദം കൂടിയാണ് ഭൈരവയുടെ വന്‍ റിലീസ്.

ഒരു ടിപ്പിക്കല്‍ വിജയ് ചിത്രത്തിനപ്പുറത്തേക്ക് ചില സൂചനകള്‍ നല്‍കാനും ഭൈരവ തയ്യാറാവുന്നുണ്ട്. വിദ്യാഭ്യാസത്തെ കച്ചവടമാക്കി കുരുതിക്കളമാക്കുന്ന വിദ്യയെ അഭ്യാസമായി കാണുന്ന ആഭാസന്മാര്‍ക്ക് നേരെയുള്ള ശബ്ദവിപ്ലവും കൂടിയായി ഭൈരവ മാറുമ്പോള്‍ ആദ്യ നിമിഷങ്ങളിലെ ആലസ്യത്തെ തട്ടിയെറിഞ്ഞ് ഒരു എന്റര്‍ടൈനറിന്റെ ചൂടും ചൂരും നീറിപ്പിടിക്കുന്നു. ആശയദാരിദ്യം എന്ന പതിവ് പല്ലവി ഒരിക്കലും ഭൈരവക്കൊപ്പം പാടാന്‍ പറ്റില്ല. വളരെ മികച്ച ഒന്നിലേറെ ആശയങ്ങള്‍ ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു.

Indian Music legend AR Rahman @ 50
Posted by
06 January

ഇന്ത്യന്‍ സംഗീതത്തിന്റെ യശ്ശസ് മദ്രാസിന്റെ മൊസാര്‍ട്ട് എആര്‍ റഹ്മാന്‍ 50 ആണ്ടിന്റെ നിറവില്‍

ഓസ്‌കാര്‍ അവാര്‍ഡ് ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങളുടെ നിറവില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ യശ്ശസ് അന്തര്‍ദേശീയ തലത്തില്‍ എത്തിച്ച സംഗീതകാരന്‍ എആര്‍ റഹ്മാന്റെ 50ആം പിറന്നാള്‍ ഇന്ന്. എആര്‍ റഹ്മാന്‍ 50ന്റെ നിറവില്‍ ചിരി തൂകവെ ഈ വര്‍ഷം മറ്റൊരു ഓസ്‌കാര്‍ പ്രതീക്ഷയാണ് അദ്ദേഹത്തിലൂടെ ഇന്ത്യന്‍ സംഗീതത്തിന് ലഭിച്ചിരിക്കുന്നത്.

പതിനൊന്നാം വയസ്സില്‍ ക്രോസ് ബെല്‍റ്റ് മണിയുടെ പെണ്‍പട എന്ന ചിത്രത്തിനു വേണ്ടി സംഗീതം നിര്‍വഹിച്ചു കൊണ്ട് ആരംഭിച്ച റഹ്മാന്‍ ഇന്ന് ഓസ്‌കറിന്റെ തിളക്കത്തില്‍ വരെ എത്തി നില്‍ക്കുന്നു. മലയാളത്തില്‍ യോദ്ധാ ആണ് റഹ്മാന്‍ സംഗീതം നല്‍കിയ ആദ്യത്തെ ചിത്രം. 1992-ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ റോജായിലെ ഗാനങ്ങളാണ് അദ്ദേഹത്തിനു പ്രശസ്തി നേടിക്കൊടുത്തത്. ഇതേ ചിത്രത്തിന് രജത കമല പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് 2009-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എആര്‍ റഹ്മാനു സമ്മാനിച്ചു. ഈ ചിത്രത്തിന് 2009ലെ ഓസ്‌കര്‍ പുരസ്‌കാരവും റഹ്മാന്‍ കരസ്ഥമാക്കി. ഓസ്‌കര്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലേക്കും റഹ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

Director Suraj apologizes to Thamanna
Posted by
27 December

തുണി ഉരിയുന്നതിന്റെ അളവ് അനുസരിച്ചാണ് നായികമാര്‍ക്ക് പ്രതിഫലം; തമന്നയെ കുറിച്ച് അശ്ലീല പ്രസ്താവന നടത്തിയ സംവിധായകന്‍ ഒടുവില്‍ മാപ്പ് അപേക്ഷയുമായി രംഗത്ത്

തെന്നിന്ത്യയിലെ പ്രമുഖനടിയായ തമന്ന ഭാട്ടിയയെ പരസ്യമായി അധിക്ഷേപിച്ച സംവിധായകന്‍ സുരാജ് ഒടുവില്‍ താരത്തോട് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തി. തമന്നയ്ക്ക് പിന്തുണയുമായി നടന്‍ വിശാലുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതോടെയാണ് സംവിധായകന്‍ നടിക്ക് നേരെ ഉയര്‍ത്തിയ വിവാദ പരാമര്‍ശം തിരുത്താന്‍ തയ്യാറായത്. വിശാലും തമന്നയും താരജോഡികളായി അഭിനയിച്ച ‘കത്തിസണ്ടൈ’യുടെ പ്രൊമോഷനന്‍ പരിപാടിക്കിടെയായിരുന്നു സംവിധായകന്‍ സുരാജ് തമന്നയെ അപമാനിച്ചത്.

പരിപാടിക്കിടെ അവതാരകന്റെ ചോദ്യം ഈ സിനിമയില്‍ അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുത്തുന്ന തമന്നയുടെ പ്രകടനത്തെ കുറിച്ചായിരുന്നു. ഉടനെ സംവിധായകന്‍ പ്രതികരിച്ചത് ഇങ്ങനെ, ”തമന്ന എപ്പോള്‍ വേണമെങ്കിലും തുണിയുരിഞ്ഞ് അഭിനയിക്കാന്‍ തയ്യാറാവുന്ന നടിയാണ്, നടിമാര്‍ ഇത്തരത്തില്‍ അഭിനയിക്കേണ്ടവര്‍ തന്നെയാണെന്നാണ് എന്റെ അഭിപ്രായം, സിനിമയിലെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍ നായികയുടെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളുമായി എന്റെയടുത്തേക്ക് വന്നാല്‍ ഞാന്‍ ആ ഡ്രസിന്റെ നീളം വെട്ടിക്കുറക്കാന്‍ ഞാന്‍ ആവശ്യപ്പെടാറുണ്ട്”.

സുരാജിന്റെ സ്ത്രീ വിരുദ്ധവും അപമാനകരവുമായപ്രസ്താവനയില്‍ തമന്നയ്‌ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം കൂടി കടന്നു വന്നതോടെ പ്രതിഷേധങ്ങള്‍ ഉയരുകയായിരുന്നു.

”എന്റെ നായിക ആ വസ്ത്രം അണിഞ്ഞ് അഭിനയിക്കാന്‍ കംഫര്‍ട്ടബിളാണോ എന്നത് എനിക്ക് വിഷയമാകില്ല. നായികയ്ക്ക് അസന്തുഷ്ടിയുണ്ടോ എന്നും ഞാന്‍ നോക്കില്ല. നായികമാര്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാനാണ് പ്രേക്ഷകര്‍ പണം നല്‍കി സിനിമയ്ക്ക് കയറുന്നത്”. നായികമാര്‍ക്ക് കോടികള്‍ പ്രതിഫലം നല്‍കുന്നതും അതിന് വേണ്ടി തന്നെയാണ്. നായികമാര്‍ അവരുടെ അഭിനയിക്കാനുള്ള കഴിവ് സീരിയലുകളില്‍ പ്രദര്‍ശിപ്പിക്കട്ടെ. കൊമേഴ്സ്യല്‍ സിനിമകളിലേക്ക് വരുമ്പോള്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിനായാണ് നായികമാര്‍ക്ക് പണം നല്‍കുന്നത്”, സുരാജ് കൂട്ടിച്ചേര്‍ക്കുന്നു.

ഇതിനിടെ മാന്യതയുടെ സീമകള്‍ ലംഘിക്കുന്ന സുരാജിന്റെ ഈ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി തമന്ന രംഗത്തെത്തുകയും ചെയ്തു. ഇത്തരമൊരു പ്രതികരണം നടത്തിയ സംവിധായകന്‍ മാപ്പ് പറഞ്ഞേ തീരൂ എന്ന് തമന്ന കണിശമായി ആവശ്യപ്പെടുകയും ചെയ്തു.

”സുരാജിന്റെ ഈ അഭിപ്രായ പ്രകടനം മോശമായി. തന്നെ അത് വല്ലാതെ വേദനിപ്പിച്ചു. ഇതില്‍ അദ്ദേഹം മാപ്പ് പറയുക തന്നെ വേണം. എന്നോടല്ല അദ്ദേഹം മാപ്പ് പറയേണ്ടത്, മറിച്ച് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളോടുമാണ്” തമന്ന സംഭവത്തോട് പ്രതികരിക്കുന്നു.

തമ്മന്നയ്ക്ക് പിന്തുണയുമായി വിശാലും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. തമന്ന പറഞ്ഞതുപോലെ തങ്ങള്‍ എല്ലാം അഭിനേതാക്കളാണെന്നും. പ്രേക്ഷകരെ സന്തോഷിപ്പിക്കു എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാല്‍ താരങ്ങള്‍ വെറും വില്‍പ്പനച്ചരക്കുകളാണ് എന്ന് ചിലരെങ്കിലും കരുതുന്നത് തെറ്റാണെന്നും വിശാല്‍ പറയുന്നു. കഴിഞ്ഞ 11 വര്‍ഷമായി സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ് ഞാന്‍. ഇത്രനാളും എനിക്ക് കംഫര്‍ട്ടബിളാകുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിച്ചത്. സ്ത്രീകള്‍ക്കും അങ്ങനെ തന്നെയായിരിക്കണമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനു പിന്നാലെയാണ് ഖേദപ്രകടനവുമായി സംവിധായകന്‍ സുരാജ് രംഗത്തെത്തിയത്. തമന്നയോടും മറ്റ് നടിമാരോടും താന്‍ മാപ്പുപറയുന്നെന്നും ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം താന്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായും സുരാജ് വ്യക്തമാക്കി.

more malayalam actors play  in vijays new movie bhairava
Posted by
25 December

ഇളയ ദളപതി വിജയിയുടെ ഭൈരവയില്‍ കൂടുതലും മലയാളി താരങ്ങള്‍; വിജയരാഘവന്‍ അടക്കമുള്ളവരെ അണിനിരത്തിയത് വിജയിയുടെ പ്രത്യേക താല്‍പര്യപ്രകാരം

കൂടുതല്‍ മലയാളി താരങ്ങളെ അണിനിരത്തിയ തമിഴ് ചിത്രം എന്ന പ്രത്യേകതയുമായി ഇളയ ദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രം ഭൈരവ. നായികയായി അഭിനയിക്കുന്ന കീര്‍ത്തി സുരേഷ്, വിജയ രാഘവന്‍, റോഷന്‍ ബഷീര്‍, അപര്‍ണ വിനോദ്, സിജ റോസ്, സീമ ജി നായര്‍, എന്നീ താരങ്ങളാണ് ഭൈരവയിലെ മലയാളി സാന്നിദ്ധ്യം.

നായകനും, ചിത്രത്തിന്റെ നിര്‍മ്മാതാവുമായ വിജയിയുടെയും സംവിധായകന്‍ ഭരതന്റെയും പ്രത്യേക താല്‍പര്യപ്രകാരമാണ്, ഭൈരവയില്‍ കൂടുതല്‍ മലയാളി താരങ്ങളെ അണിനിരത്തിയത്. ‘ഇതും എന്ന മായം’, ‘രജനിമുരുകന്‍’ എന്നീ തമിഴ് ചിത്രങ്ങളിലെ കീര്‍ത്തി സുരേഷിന്റെ പ്രകടനമാണ് ഭൈരവയിലേക്ക് വഴിതുറന്നത്.

മലയാളിയായ ഒരു അച്ഛന്റെ വേഷത്തിലാണ് വിജയരാഘവന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അപര്‍ണാ വിനോദാണ് സിനിമയില്‍ വിജയരാഘവന്റെ മകളായി അഭിനയിക്കുന്നത്. പുലിമുരുകന്‍ വില്ലന്‍ ജഗപതി ബാബുവാണ് പ്രതിനായകനായി എത്തുന്നത്. സതീഷ്, ഡാനിയല്‍, ബാലാജി, രാജേന്ദ്രന്‍, ഹാരിഷ് ഉത്തമന്‍ എന്നിവരും സിനിമയിലുണ്ട്. എം സുകുമാര്‍ ആണ് ഛായാഗ്രാഹകന്‍. കബാലി ഫെയിം സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

never act with senior superstars say actress nayanthara
Posted by
24 December

മുതിര്‍ന്ന സൂപ്പര്‍ താരങ്ങളുടെ നായികയാകാന്‍ ഇനി തന്നെ കിട്ടില്ലെന്ന് നയന്‍താര; ചെറുപ്പക്കാരായ നടന്‍മാരുടെ നായികയാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും താരം

സീനിയര്‍ സൂപ്പര്‍ താരങ്ങളുടെ നായികയാകാന്‍ ഇനി തന്നെ കിട്ടില്ലെന്ന് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. ചെറുപ്പക്കാരായ നടന്‍മാരുടെ നായികയാകാനാണ് തനിക്ക് താല്‍പ്പര്യമെന്ന് നയന്‍താര വ്യക്തമാക്കി. സൂപ്പര്‍ മെഗാതാരങ്ങളാണെങ്കിലും മുതിര്‍ന്ന താരങ്ങളുടെ നായികയാകാനില്ലെന്ന് നയന്‍സ് വ്യക്തമാക്കി. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം നയന്‍താര നിരസിച്ചിരുന്നു. ഇതോടെ നയന്‍താരയുടെ പുതിയ നിലപാടിന് സ്ഥിരീകരണമായി.

നയന്‍താരയുടെ പുതിയ ചിത്രങ്ങളിലെല്ലാം യുവതാരങ്ങളായിരുന്നു നായകന്‍മാര്‍. സ്വന്തം നിലയ്ക്ക് ചിത്രം വിജയിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച നായിക കൂടിയാണ് നയന്‍സ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നയന്‍താരയുടെ നായകന്‍. നേരത്തെ രജനീകാന്ത് അടക്കമുള്ള മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ നയന്‍സ് അഭിനയിച്ചിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്. പുതിയ നിയമം എന്ന സിനിമയിലായിരുന്നു അവസാനമായി നയന്‍സ് മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചത്.

actor sidhique and kamal hasan play together in new film
Posted by
23 December

സിദ്ധിഖ് 'റോ'ഓഫീസറാകുന്നു; കമല്‍ഹാസനൊപ്പം പുതിയ ചിത്രത്തില്‍

കിട്ടുന്ന ഏതു വേഷവും മനോഹരമാക്കുന്ന നടനാണ് സിദ്ധിഖ്. പുതിയ റീലീസായ കട്ടപ്പനയിലെ ഋത്വിക് റോഷനിലെ സുരേന്ദ്രനെ പ്രേക്ഷകര്‍ അത്രപെട്ടെന്ന് മറക്കില്ല. കട്ടപ്പനയിലെ ജയനായി മികച്ച പ്രകടനമാണ് സിദ്ധിഖ് കാഴ്ചവെച്ചത്. വ്യത്യസ്ഥമായ വേഷങ്ങള്‍ ചെയ്യുന്നതില്‍ സിദ്ധിഖിന്റെ കഴിവ് അപാരം തന്നെയാണ്.

ഇപ്പോഴിതാ കമല്‍ഹാസന്റെ പുതിയ സിനിമയായ (തമിഴിലും തെലുങ്കിലും ഒരുക്കുന്ന) സബാഷ് നായിഡുവില്‍ മികച്ചൊരു വേഷവും സിദ്ധീഖിന്നെ തേടിയെത്തിയിരിക്കുന്നു. റോ ഓഫീസറായാണ് വേഷം .കമല്‍ഹാസന്റെ കഥാപാത്രത്തിന്റെ സീനിയര്‍ ഓഫീസറായാണ് സിദ്ധിഖ് എത്തുക.

സിദ്ധീഖിന്റെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരമാണ് ഈ സിനിമ. കമല്‍ഹാസനൊപ്പം മികച്ചൊരു വേഷം ചെയ്യാന്‍ പണ്ടേ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സിദ്ധിഖ് പറയുന്നു. ദൃശ്യത്തിലെ സിദ്ധിഖിന്റെ പ്രകടനമാണ് കമല്‍ഹാസനെ ആകര്‍ഷിപ്പിച്ചത്. പുതിയ സിനിമയിലേക്ക് വിളിച്ചതും അതുകൊണ്ട് തന്നെയാണെന്ന് സിദ്ധിഖ് പറയുന്നു. ദുബായിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍വെച്ചാണ് കമല്‍ ഹാസനും സിദ്ധീഖും കൂടിക്കാഴ്ച നടത്തിയത് .

ഇപ്പോള്‍ തമിഴില്‍ റങ്കൂണില്‍ (എആര്‍ മുരുകദോസിന്റെ ) ഗൗതം കാര്‍ത്തിക്കുമൊന്നിച്ച് സിദ്ധിഖ് പ്രധാന വേഷത്തില്‍ അഭിനയിച്ചുകഴിഞ്ഞു. അടുത്ത ദിവസം ഇതിന്റെ റിലീസുണ്ടാകും .

മലയാളത്തില്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ ഫുക്രിയാണ് പുറത്തിറങ്ങാനിരിക്കുന്ന സിദ്ധിഖ് അഭിനയിച്ച പ്രധാന സിനിമ. സിദ്ധീഖിന് സിനിമയില്‍ ഒരു ബ്രേക്ക് നല്‍കിയ സംവിധായകന്റെ സിനിമയിലേക്കുള്ള 25 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ.

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

ramgopal varma new film sasikala
Posted by
17 December

ജയലളിതയും തോഴിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ; രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം ശശികല

ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം ജയലളിതയുടെ തോഴി ശശികലയുടെ ജീവിതം. ഒരു രാഷ്ട്രീയ നേതാവും അവരുടെ അടുത്ത തോഴിയും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാംഗോപാല്‍ വര്‍മ്മ പറയുന്നു.ശശികല എന്നുതെന്നായാണ് ചിത്രത്തിന് പേര് തീരുമാനിച്ചിരിക്കുന്നത്.

ശശികലയുടെ കാഴ്ചപ്പാടില്‍ ഉള്ള ജയലളിതയാകും ചിത്രത്തില്‍ അവതരിപ്പിക്കുക. ശശികലയുടെ കണ്ണിലൂടെ കാണുന്ന ജയലളിത കൂടുതല്‍ കാവ്യാത്മകവും സത്യസന്ധവുമാകും. ജയലളിതയെ അവരിലൂടെ തന്നെ കാണുന്നതിനേക്കാള്‍ കൂടുതല്‍ മികച്ചതാകും അതെന്നും രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
സിനിമയ്ക്ക് യഥാര്‍ത്ഥ സംഭവങ്ങള്‍ പ്രമേയമാക്കുന്ന സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. രക്തചരിത, നോട്ട് എ ലൗവ് സ്‌റ്റോറി, കില്ലിംഗ് വീരപ്പന്‍, ദ അറ്റാക്ക്‌സ് 26/11 തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം പ്രമേയമാക്കിയത് യഥാര്‍ത്ഥ സംഭവങ്ങളാണ്. അമിതാബ് ബച്ചനും യാമി ഗൗതവും അഭിനയിക്കുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ പണിപ്പുരയിലാണ് രാംഗോപാല്‍ വര്‍മ്മ.