നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ ചിത്രം കാണേണ്ടി വന്നു; ഇത് മറ്റുള്ളവര്‍ക്കും ലൈസന്‍സ് നല്‍കലാണ്; മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍വതി
Posted by
12 December

നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ ചിത്രം കാണേണ്ടി വന്നു; ഇത് മറ്റുള്ളവര്‍ക്കും ലൈസന്‍സ് നല്‍കലാണ്; മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍വതി

ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രം കസബയെയും മമ്മൂട്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് നടി പാര്‍വതി രംഗത്ത്. പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടിയെ വിമര്‍ശിച്ചത്. ചിത്രത്തിന്റെ പേരുപറയാന്‍ തയ്യാറാകാതിരുന്ന പാര്‍വ്വതി ഒടുവില്‍ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ പിന്തുണ ലഭിച്ചപ്പോഴാണ് ചിത്രത്തിന്റെ പേരു പറയാന്‍ തയ്യാറായത്.

നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച്പാര്‍വതി പറഞ്ഞത്.ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട്അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും ഗീതു പറയുന്നു. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതി പറഞ്ഞു.

”ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് (ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തിലാണ് പറയുന്നത്). എനിക്കത്നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിയറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതികപ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെപ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട്അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്.”

”സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്. ഇത് ചെയ്യുക എന്നാല്‍ സെക്‌സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവര്‍ത്തകരായ അഭിനേതാക്കളിലുംസംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെപിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചര്‍ച്ച ചെയ്യാന്‍ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു.”- പാര്‍വതി പറയുന്നു.

‘അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചു…’ പ്രണയത്തില്‍ തനിക്കേറ്റ തിരിച്ചടി വെളിപ്പെടുത്തി പാര്‍വ്വതി
Posted by
12 December

'അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചു...' പ്രണയത്തില്‍ തനിക്കേറ്റ തിരിച്ചടി വെളിപ്പെടുത്തി പാര്‍വ്വതി

ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുര്യോഗകരമായ പ്രണയബന്ധത്തെക്കുറിച്ച് നടി പാര്‍വ്വതി. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി മലയാള സിനിമയിലെ അനാരോഗ്യകരമായ കാഴ്ചപ്പാടുകളെപ്പറ്റിയും അവ കാരണം മര്യാദകെട്ട ബന്ധത്തില്‍ തനിക്ക് തുടരേണ്ടി വന്നതിനെക്കുറിച്ചും തുറന്നടിച്ചത്.

നാളിത്രയും പുരുഷന്മാരുടെ സ്ത്രീ സങ്കല്‍പ്പവും പ്രണയവും മാത്രമാണ് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്നത്. സ്ത്രീ മനസ്സുകളിലെ പ്രണയവും പുരുഷ സങ്കല്‍പ്പവും ഇതുവരെയും ചിത്രീകരിക്കാനായിട്ടില്ലെന്ന് പാര്‍വ്വതി പറഞ്ഞു. സ്ത്രീ എന്താണെന്നും യഥാര്‍ത്ഥ പ്രണയം എന്താണെന്നും തിരിച്ചറിയാന്‍ സാഹിത്യത്തിലൂടെ മാത്രമെ സാധിച്ചിട്ടൊള്ളുവെന്നും കൂട്ടിച്ചേര്‍ത്തു.

പാര്‍വ്വതി പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങള്‍

സിനിമയിലെ സ്ത്രീകളുടെ ലൈംഗികമായ കാഴ്ച്ചപ്പാട് എന്താണ്. എല്ലാ സിനിമകളിലും ഞാന്‍ കണ്ടിരുന്നത് സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്‍മാരുടെ കാഴ്ച്ചപ്പാടാണ്. അതുകൊണ്ട് തന്നെ ഞാന്‍ ആഗ്രഹിച്ചതും എന്നെ അത്തരത്തില്‍ കാണുന്ന ഒരു ഭര്‍ത്താവിനെയാണ്. എന്നാല്‍, ഒരു സിനിമയിലും ഒരു സ്ത്രീ ആഗ്രഹിക്കുന്ന പുരുഷന്‍ എന്തെന്ന് കാണിച്ചിട്ടില്ല.

സാഹിത്യത്തിലൂടെയാണ് ഞാന്‍ ഒരു സ്ത്രീയുടെ പ്രണയം എന്തെന്ന് തിരിച്ചറിഞ്ഞത്. അവരുടെ സെക്ഷ്വല്‍ ഫാന്റസി എന്താണെന്ന് ഒക്കെ തിരിച്ചറിഞ്ഞത്. സ്ത്രീ പുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീയ്ക്ക് പറയാനുള്ളതെന്താണെന്നും അവള്‍ എന്താണ് പുരുഷനില്‍ ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന ആ മനോഹരമായ വീക്ഷണം ഞാന്‍ കണ്ടിട്ടില്ല .പ്രത്യേകിച്ചും മലയാള സിനിമയില്‍.

കൗമരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങള്‍ ആവശ്യമാണ്. കാരണം ഇതിന്റെ കുറവാണ് എന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തില്‍ തുടരാന്‍ എന്നെ നിര്‍ബന്ധിതയാക്കിയത്. അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്നേഹം കൊണ്ടാണെന്നാണ്. കാരണം നമ്മുടെ സിനിമകള്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്.

സ്നേഹമുണ്ടെങ്കില്‍ അവളെ നന്നാക്കാന്‍ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിച്ചിരിക്കും. അത് നമ്മളെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കും. എന്റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തേണ്ടതാണ്.

സാമൂഹ്യമായും സാമ്പത്തികമായുമുള്ള മാറ്റം സിനിമയില്‍ വരണം അത് വരുന്നത് നമ്മുടെ കാഴ്ചപ്പാട് മാറുമ്പോഴാണ്. ഇനി കാഴ്ചപ്പാട് മാറിയില്ലെങ്കിലും തുല്യമായ രീതിയിലുള്ള ചിത്രീകരണം കൊണ്ട് വരാന്‍ ശ്രമിക്കണം. ആഖ്യാനം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കണം. പാര്‍വതി പറഞ്ഞു.

തിരക്കഥാകൃത്തായി വന്ന് പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ച യുവതിയ്‌ക്കെതിരെ നടന്‍ ഉണ്ണി മുകുന്ദന്‍ പരാതി നല്‍കി
Posted by
12 December

തിരക്കഥാകൃത്തായി വന്ന് പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ച യുവതിയ്‌ക്കെതിരെ നടന്‍ ഉണ്ണി മുകുന്ദന്‍ പരാതി നല്‍കി

കൊച്ചി: പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച
യുവതിയ്‌ക്കെതിരെ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ പോലീസില്‍ പരാതി നല്‍കി.
തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തിയതായാണ് താരം പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് പരാതിയില്‍ പറയുന്നതിങ്ങനെ, ആഗസ്റ്റ് 23ന് ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തി. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ താരം സിനിമ നിരസിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭീഷണി മുഴക്കി. ഇതോടെ താരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തടി കുറച്ച് മാണിക്യന്റെ യൗവ്വനം അവതരിപ്പിക്കാന്‍ ഒരുങ്ങി മോഹന്‍ലാല്‍; മാസ് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍
Posted by
12 December

തടി കുറച്ച് മാണിക്യന്റെ യൗവ്വനം അവതരിപ്പിക്കാന്‍ ഒരുങ്ങി മോഹന്‍ലാല്‍; മാസ് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ അവതരിപ്പിക്കാന്‍ മാസ് ലുക്കില്‍ മോഹന്‍ലാല്‍. ഒടിയനിലെ മാണിക്യന്റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറെടുത്ത മോഹന്‍ലാലിന്റെചിത്രങ്ങള്‍ പുറത്ത്.

ഒടിയന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷം അന്‍പത്തിയൊന്നു ദിവസം നീണ്ട കഠിന പരിശീനത്തിലായിരുന്നു മോഹന്‍ലാല്‍. പൂര്‍ണ്ണമായും രഹസ്യമാക്കി വെച്ചിരുന്ന പരിശീലനത്തിനൊടുവില്‍ മോഹന്‍ലാലിന്റെ രൂപമാറ്റം കണ്ട് ആരും അമ്പരന്ന് പോകും.

18 കിലോഭാരമാണ് കഠിന പരിശീലനത്തിലൂടെ കുറച്ചത്. ഒടിയനില്‍ കാത്തു വെച്ചിരിക്കുന്ന സസ്‌പെന്‍സ് പോലെ ഫോട്ടോ പോലും പുറത്ത് വരാത്ത രീതിയില്‍ മോഹന്‍ലാലിന്റെ പരിശീലനത്തിലും സസ്‌പെന്‍സ് കരുതി വെക്കുന്നതില്‍ പരിശീലനകേന്ദ്രത്തിലുണ്ടായിരുന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലുള്ള സംഘമാണ് മോഹന്‍ലാലിന്റെ പുതിയ ബോഡി ഫിറ്റ്‌നസിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒടിയന്റെ ചിത്രീകരണത്തിന്റെ അടുത്ത ഘട്ടം ജനുവരിയില്‍ ആരംഭിക്കും.

ഈ ഘട്ടത്തിലും വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ദിവസേന മണിക്കൂറുകളോളം നീണ്ട പരിശീലനം മോഹന്‍ലാല്‍ തുടരുമെന്നാണ് അറിയുന്നത്. പുതിയ ലുക്കില്‍ മോഹന്‍ലാലിനെ അണിയിച്ചൊരുക്കിയതിന് പിന്നിലെ പരിശീലനത്തെക്കുറിച്ചും ചിട്ടയെക്കുറിച്ചും അറിയാനുള്ള ആകാംക്ഷയിലായിരിക്കും ഇനി സിനിമാലോകം.

ഇനി ഇവര്‍ വിരുഷ്‌ക: താരജോഡികള്‍ വിവാഹിതരായി
Posted by
11 December

ഇനി ഇവര്‍ വിരുഷ്‌ക: താരജോഡികള്‍ വിവാഹിതരായി

മിലാന്‍: രാജ്യം ഉറ്റുനോക്കിയിരുന്ന അനുഷ്‌ക വിരാട് പ്രണയജോഡികള്‍ വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ തിങ്കളാഴ്ച്ച രാവിലെയാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

ഇറ്റലിയിലെ ടസ്‌കനിയില്‍ ആഢംബര് ഹോട്ടല്‍ വിവാഹത്തിനായി പൂര്‍ണ്ണമായും ബുക്ക് ചെയ്തിരുന്നു. കനത്ത സുരക്ഷയാണ് വിവാഹവേദിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ക്രിക്കറ്റ് ലോകത്തില്‍ നിന്നും സച്ചിന്‍ തെണ്ടുല്‍ക്കറിനും, യുവരാജ് സിംഗിനും മാത്രമായിരുന്നു ക്ഷണമുള്ളത്. ബാക്കിയുള്ളവര്‍ക്ക് മുംബൈയില്‍ വിവാഹ സത്കാരം ഒരുക്കും. ബോളിവുഡില്‍ നിന്നും വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഐഎഫ്എഫ്‌കെയില്‍ നിന്ന് തള്ളപ്പെട്ട മിന്നാമിനുങ്ങിന്റെ സമാന്തര പ്രദര്‍ശനം ചൊവ്വാഴ്ച; സമാപന സമ്മേളനത്തിനായി ഇതുവരെ ആരും ക്ഷണിച്ചിട്ടില്ലന്ന് സുരഭി
Posted by
11 December

ഐഎഫ്എഫ്‌കെയില്‍ നിന്ന് തള്ളപ്പെട്ട മിന്നാമിനുങ്ങിന്റെ സമാന്തര പ്രദര്‍ശനം ചൊവ്വാഴ്ച; സമാപന സമ്മേളനത്തിനായി ഇതുവരെ ആരും ക്ഷണിച്ചിട്ടില്ലന്ന് സുരഭി

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലചിത്ര മേളയിലെ മിന്നാമിനുങ്ങ് വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ മേളയില്‍ നിന്നും തള്ളപ്പെട്ട ചിത്രം മിന്നാമിനുങ്ങിന്റെ സമാന്തര പ്രദര്‍ശനം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയ്യേറ്ററിനു സമീപത്തുള്ള ലെനിന്‍ ബാലവാടിയില്‍ ഉച്ചതിരിഞ്ഞാണ് പ്രതിഷേധ പ്രദര്‍ശനം നടക്കുന്നത്. മിന്നാമിനുങ്ങിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ സുരഭി ലക്ഷ്മിയും സംവിധായകന്‍ അനില്‍ തോമസും ചടങ്ങില്‍ പങ്കെടുക്കും.

ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ രജീഷ വിജയന്‍ പങ്കെടുത്തതോടെയാണ് ദേശീയ പുരസ്‌ക്കാര വിജയി എവിടെ എന്ന ചോദ്യമുയര്‍ന്നത്. തുടര്‍ന്നാണ് സുരഭിക്ക് പാസ് നിഷേധിച്ചതായുള്ള വിവരം പുറത്തറിഞ്ഞത്. പിന്നീട് സുരഭിക്ക് പാസ് ലഭിക്കാത്തതിന് മറുപടിയുമായി കമല്‍ എത്തിയത് മേളയില്‍ മിന്നാമിനുങ്ങ് വിവാദത്തിന് തിരിതെളിച്ചു. ആര്‍ക്കും പാസ്സുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കാറില്ല, ആരെയും പ്രത്യേകം ക്ഷണിക്കാറുമില്ലെന്നാണ് സുരഭിക്ക് പാസ് നിഷേധിച്ചതില്‍ കമലിന്റെ വിശദീകരണം. തുടര്‍ന്ന് സുരഭിയെ പിന്തുണച്ച് ചലചിത്രമേഖലയില്‍ നിന്നുതന്നെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നിട്ടും സ്ത്രീകള്‍ക്കായി നിലകൊള്ളുന്ന ഡബ്ലിയുസിസി സുരഭിയെ പിന്തുണച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ചര്‍ച്ചയ്ക്ക് വകയായിട്ടുണ്ട്.

അതേസമയം തനിക്ക് ലഭിച്ച അംഗീകാരത്തെ ആദരിക്കണം എന്ന് പറയുന്നില്ല എന്നാല്‍ സംസ്ഥാനത്തിന് ദേശിയ പുരസ്‌കാരത്തിന്റെ തിളക്കം സമ്മാനിച്ച സിനിമയെയെങ്കിലും ഐഎഫ്എഫ്‌കെയില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും അതൊരിക്കലും മേളയുടെ തിളക്കത്തിന് മങ്ങല്‍ വരുത്തില്ലായിരുന്നെന്നും സുരഭി ലക്ഷ്മി ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയോട് പറഞ്ഞു.സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമെന്ന ചില വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല. അതിലുപരി ആ ദിവസം തനിക്ക് ദുബായിയില്‍ പരിപാടി അവതരിപ്പിക്കേണ്ടതായുണ്ടെന്നും സുരഭി പറഞ്ഞു

അക്രമിക്കപ്പെട്ട നടിയെ നായികയാക്കി സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നില്ല, അഭിനയിച്ചാല്‍ കൂവിത്തോല്‍പ്പിക്കും; സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് പുരുഷന്മാരെ തൃപ്തിപ്പെടുത്താനെന്ന് വിധു വിന്‍സെന്റ്
Posted by
11 December

അക്രമിക്കപ്പെട്ട നടിയെ നായികയാക്കി സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നില്ല, അഭിനയിച്ചാല്‍ കൂവിത്തോല്‍പ്പിക്കും; സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് പുരുഷന്മാരെ തൃപ്തിപ്പെടുത്താനെന്ന് വിധു വിന്‍സെന്റ്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നായികയാക്കി സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായിക വിധു വിന്‍സെന്റ്. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു വിധു വിന്‍സെന്റ്. സിനിമയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തെ ആസ്പദമാക്കി മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംവിധായിക തുറന്ന് പറഞ്ഞത്. പാര്‍വ്വതി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ദീദി ദാമോദരന്‍, വിധു വിന്‍സെന്റ് അടക്കമുള്ളവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തിരുന്നു.

നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ച് ഇത്തരം ചര്‍ച്ചകളില്‍ സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണെന്നും പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും, വാസ്തവത്തില്‍ പുരുഷ മേധാവിത്വത്തിന് അടിമപ്പെട്ടിരിക്കുകയാണ് നമ്മളെന്നും വിധു വിന്‍സെന്റ് അഭിപ്രായപ്പെട്ടു.

‘അടുത്ത കാലത്ത് ഒരു സിനിമ ചെയ്യുന്നതിന് വേണ്ടി താനൊരു നിര്‍മ്മാതാവിനെ സമീപിക്കുകയുണ്ടായി. ആക്രമിക്കപ്പെട്ട നടിയെ നായികയാക്കി ഒരു സിനിമ ചെയ്താലോ എന്ന ആലോചന താന്‍ നിര്‍മ്മാതാവിന് മുന്നില്‍ വെച്ചു. എന്നാല്‍ നടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്താല്‍ എതിര്‍പക്ഷത്തുള്ളവര്‍ ആ സിനിമയെ കൂവിതോല്‍പ്പിക്കും എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. ഇതേ നിര്‍ദേശം പല നിര്‍മ്മാതാക്കളുടെ മുന്‍പില്‍ അവതരിപ്പിച്ചുവെങ്കിലും ആരും തയ്യാറായില്ല. അതിനുള്ള സാധ്യത പോലുമില്ല എന്ന രീതിയിലായിരുന്നു പ്രതികരണങ്ങളെന്നും’ വിധു വിന്‍സെന്റ് പറഞ്ഞു.

സിനിമ കാണാന്‍ തിയറ്ററുകളിലേക്ക് വരുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. തിയറ്ററിലേക്ക് സ്ത്രീകള്‍ വരുന്നതും പുരുഷന്മാര്‍ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് പുരുഷന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്. ആ തരത്തിലുള്ള സിനിമകളെടുക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിതരാകുന്നുവെന്നും വിധു വിന്‍സെന്റ് ചൂണ്ടിക്കാട്ടി.

സിനിമയുടെ പേരും നഗ്‌നതയും സെന്‍സര്‍ ചെയ്യപ്പെടുകയും എന്നാല്‍ അതിലെ സ്ത്രീ വിരുദ്ധതയും അത്തരം സംഭാഷണങ്ങളും സെന്‍സര്‍ ചെയ്യപ്പെടാതെ പോവുകയുമാണ് ചെയ്യുന്നതെന്ന് നടി പാര്‍വ്വതി ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായപ്പെട്ടു. സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്ന് നടി റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടു.

കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍
Posted by
11 December

കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍

ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. രണ്ട് പേര്‍ അറസ്റ്റിലായി. കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. പ്രദേശവാസികളായ അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനില്‍ ഇന്നലെയായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മദ്യപിച്ചെത്തിയ ഇരുവരും താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയില്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ ഇരുവരെയും തടഞ്ഞു. തുടര്‍ന്ന് സ്ഥലത്ത് ബഹളമുണ്ടാക്കിയ ശേഷം സംഘം മടങ്ങി. പിന്നീട് തിരികെ വീണ്ടും ലൊക്കേഷനില്‍ എത്തിയ ശേഷം അണിയറ പ്രവര്‍ത്തകരെ ടോര്‍ച്ച് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരായ ഷെറിന്‍ സ്റ്റാന്‍ലി, സിന്‍ജോ, അണിയറ പ്രവര്‍ത്തകനായ പ്രിന്‍സ് എന്നിവര്‍ക്ക് പരുക്കേറ്റു. സംഭവസമയത്ത് കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ള താരങ്ങള്‍ സെറ്റിലുണ്ടായിരുന്നു.

റിച്ചി സിനിമക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് മലയാളികളുടെ പൊങ്കാലയ്ക്ക് പിന്നാലെ രൂപേഷ് പീതാംബരനെതിരെ റിച്ചിയുടെ നിര്‍മ്മാതാവ് പരാതി നല്‍കി
Posted by
11 December

റിച്ചി സിനിമക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് മലയാളികളുടെ പൊങ്കാലയ്ക്ക് പിന്നാലെ രൂപേഷ് പീതാംബരനെതിരെ റിച്ചിയുടെ നിര്‍മ്മാതാവ് പരാതി നല്‍കി

നിവിന്‍ പോളി നായകനായ തമിഴ് ചിത്രം ‘റിച്ചി’യെക്കുറിച്ച് ഫേസ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയ നടന്‍ രൂപേഷ് പീതാംബരനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കി. ഡിസംബര്‍ എട്ടിനാണ് നിവിന്‍ പോളി നായകനായ റിച്ചി തിയേറ്ററുകളില്‍ എത്തിയത്. തുടര്‍ന്ന് ചിത്ര ത്തെക്കുറിച്ച് രൂപേഷ് സമൂഹ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ഏറെ വിവാദമായിരുന്നു. ഇതിനെതിരെയാണ് നിര്‍മ്മാതാവ് രൂപേഷിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

സിനിമാ മേഖലയിയെ നൂറോളം വരുന്ന പ്രവര്‍ത്തകരുടെ അദ്ധ്വാനത്തിന്റെ ഫലമായാണ് റിച്ചി എന്ന ബിഗ് ബജറ്റ് ചിത്രമുണ്ടായത്. അതിന്റെ പിറകിലുള്ള അദ്ധ്വാനത്തിന്റെ വില നിര്‍വചിക്കാന്‍ സാധിക്കില്ല. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ ദുഃഖകരമായ സംഭവത്തെക്കുറിച്ച് അസോസിയേഷന്‍ നടപടി സ്വീകരിക്കണം എന്നാണ് പരാതിയില്‍ പറയുന്നത്. റിച്ചി റിലീസായതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശനവുമായി രൂപേഷ് രംഗത്തെത്തിയത്.

പരോക്ഷത്തില്‍ കന്നട ചിത്രത്തെ പുകഴ്ത്തുമെന്ന് തോന്നിക്കുമെങ്കിലും റിച്ചിക്ക് നേരെയുള്ള ഒളിയമ്പായിരുന്നു രൂപേഷിന്റെ പ്രതികരണം എന്ന് വ്യക്തമായിരുന്നു. ‘ഉളിഡവരു കണ്ടതേ’ പോലൊരു മാസ്റ്റര്‍ പീസിനെ വെറും പീസാക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റില്ലെന്നായിരുന്നു സംവിധായകന്‍ രക്ഷിത് ഷെട്ടിയെ പുകഴ്ത്തുന്നതിനോടൊപ്പം രൂപേഷ് പറഞ്ഞുവെച്ചത്.

ഇഷ്ടമില്ലാത്ത സിനിമകള്‍ കാണണ്ട; സംഘപരിവാര്‍ സംഘടനകളോട് ‘നന്നായിക്കൂടേ’യെന്ന് പാര്‍വ്വതി
Posted by
11 December

ഇഷ്ടമില്ലാത്ത സിനിമകള്‍ കാണണ്ട; സംഘപരിവാര്‍ സംഘടനകളോട് 'നന്നായിക്കൂടേ'യെന്ന് പാര്‍വ്വതി

സിനിമകള്‍ക്കെതിരെ തിരിയുന്ന സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ തുറന്നടിച്ച് യുവനടി പാര്‍വ്വതി. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മൂക്കും തലയും അരിയാന്‍ നടക്കുന്ന സംഘികളോട് ‘നന്നായിക്കൂടേ’യെന്നാണ് പാര്‍വതിക്ക് ചോദിക്കാനുള്ളത്. തിരുവനന്തപുരത്ത് ചലച്ചിത്ര മേളയില്‍ പങ്കെടുത്ത ശേഷം ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സിനിമയെന്താണെന്നും കലയെന്താണെന്നും ആദ്യം മനസിലാക്കുക. ആരെയെങ്കിലും അവഹേളിക്കാനോ ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ. ഇഷ്ടമില്ലാത്ത സിനിമകള്‍ കാണണ്ട.അതിനെക്കുറിച്ച് റിവ്യൂ എഴുതൂ. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അന്യോന്യം കൊല്ലാന്‍ നടന്നാല്‍ ആരും ബാക്കിയുണ്ടാകില്ലല്ലോ.’ പത്മാവതിയെ താന്‍ പിന്തുണയ്ക്കുന്നെന്നും’ പാര്‍വതി വ്യക്തമാക്കി.

സെക്‌സി ദുര്‍ഗയെന്ന സിനിമയുടെ പേര് എസ് ദുര്‍ഗയെന്ന് ആക്കിയത് സെക്‌സിയെന്നും ദുര്‍ഗയെന്നും ഒരേ നിരയില്‍ വരുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ്. വിശ്വാസത്തിന്റെ പേരില്‍ കലയെ നിര്‍ത്തിവയ്ക്കുന്നത് അത് അവരുടെ തന്നെ അരക്ഷിതാവസ്ഥയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പേരും നഗ്‌നതയും സെന്‍സര്‍ ചെയ്യപ്പെടുമ്പോള്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യാതെ പോകുന്നതായും പാര്‍വതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളിലായി സിനിമകള്‍ക്കെതിരെയുള്ള സംഘപരിവാര്‍ വിവാദങ്ങള്‍ രാജ്യത്ത് കത്തിപ്പടരുകയാണ്. ബിജെപിയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ച വിജയ് ചിത്രം മെര്‍സല്‍ വന്‍ കോലാഹലങ്ങള്‍ക്കൊടുവിലാണ് തിയ്യേറ്റര്‍ കണ്ടത്. രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയാണ് ഇപ്പോള്‍ വിവാദത്തില്‍ മുങ്ങി നില്‍ക്കുന്നത്.

ചിത്രം രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ നായികയായ ദീപിക പദുക്കോണിന്റെ മൂക്കും തലയും അരിയുമെന്നും, സംവിധായകനും അഭിനേതക്കള്‍ക്കും നേരെ വധഭിഷണിയും ഉയര്‍ന്നിരുന്നു.