സാഹിത്യലോകത്തെ നിത്യസഞ്ചാരി എസ്‌കെ പൊറ്റെക്കാട്ടിന്റെ ഓര്‍മ്മകളില്‍ 35 വര്‍ഷം
Posted by
07 August

സാഹിത്യലോകത്തെ നിത്യസഞ്ചാരി എസ്‌കെ പൊറ്റെക്കാട്ടിന്റെ ഓര്‍മ്മകളില്‍ 35 വര്‍ഷം

മുക്കം: നാടന്‍ പ്രേമമെന്ന തന്റെ നോവലിലൂടെ മുക്കമെന്ന കൊച്ചുഗ്രാമത്തെ ലോകത്തിന് പരിചയപ്പെടുത്തിയ കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരം എസ്കെ പൊറ്റക്കാടെന്ന ശങ്കരന്‍ കുട്ടി പൊറ്റക്കാട് വിടപറഞ്ഞിട്ട് 35 വര്‍ഷം. 1913 മാര്‍ച്ച് നാലിന് ജനിച്ച് 1982 ഓഗസ്റ്റ് 6 നാണ് എസ്‌കെ മരണത്തിന് കീഴടങ്ങിയത്.തന്റെ 69 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 60 ല്‍പരം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതില്‍ നോവലുകള്‍ ,കഥകള്‍, കവിതാ സമാഹാരം, യാത്രാവിവരണം, നാടകം, പ്രബന്ധങ്ങള്‍ എന്നിവയെല്ലാം ഉണ്ട്. 1941 ലെ നാടന്‍ പ്രേമമെന്ന നോവലിന്റെ പശ്ചാത്തലം മുക്കവും ഇരുവഴിഞ്ഞിപ്പുഴയും ഒക്കെയായിരുന്നു. ടൗണില്‍ നിന്നു വന്ന രവീന്ദ്രറേയും മുക്കത്തെ ഗ്രാമീണ സുന്ദരിമാളുവിന്റേയും അനശ്വര പ്രേമം ലോകമൊന്നാകെ ഏറ്റെടുത്തു. 1961 ല്‍ തന്റെ ഒരു തെരുവിന്റെ കഥക്ക് കേരള സാഹിത്യ അക്കാഥമി അവാര്‍ഡും 1980 ല്‍ ഒരു ദേശത്തിന്റെ കഥക്ക് ജ്ഞാനപീഢം അവാര്‍ഡും ലഭിച്ചു.

ഒരു കാലത്ത് മുക്കവും ഏറെ ബഹുമാനത്തോടെ ഉരുവിട്ടിരുന്ന പേരാണ് എസ്‌കെ പൊറ്റെക്കാടെന്നത്. കാലം മാറിയങ്കിലും മുക്കത്ത് ഇന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കോ സാംസ്‌കാരികകൂട്ടായ്മകള്‍ക്കോ ഒട്ടും കുറവില്ല എന്നതാണ് സത്യം. എന്നാല്‍ ലോകത്തിനാകമാനം മുക്കത്തെ പരിചയപ്പെടുത്തിയ ഒരു അതുല്യ പ്രതിഭയെ ഇന്ന് മുക്കത്തുകാര്‍ മറന്നു എന്നു പറഞ്ഞാല്‍ അത് സാംസ്‌കാരിക മുക്കത്തിന് അപമാനംതന്നെയാണ്. കാരശേരി ഗ്രാമപഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച എസ്‌കെ സ്മൃതി കേന്ദ്രം അധികൃതരുടെ അനാസ്ഥകാരണം ഏറെ കാലം അവഗണനയിലായിരുന്നു. ഒരു വേള മുക്കം കടവ് പാലത്തിന്റെ സൈറ്റ് ഓഫീസാക്കി മാറ്റി അദ്ധേഹത്തെ അപമാനിച്ചു.തുടര്‍ന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് സ്മൃതി കേന്ദ്രം നടത്തിപ്പ് മുക്കത്തെ മാനവം പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു. സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി മാനവം പ്രവര്‍ത്തകര്‍ സ്മൃതി കേന്ദ്രം മോഡി പിടിപ്പിക്കുകയും പെയിന്റടിച്ച് വൃത്തിയാക്കുകയും ചെയ്തു.നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും കലാകാരന്‍മാരുടെ കൂട്ടായ്മകള്‍ക്കും ഇവിടെ വേദിയായി.എന്നാല്‍ തുടക്കത്തിലെ ആവേശം മാനവം പ്രവര്‍ത്തകര്‍ക്കും ഇല്ലാ എന്നാണ് എസ്‌കെയുടെ ഈ 35 മത് ചരമവാര്‍ഷിക ദിനത്തില്‍ നമുക്ക് കാണാനാവുന്നത്. ഒരു അനുസ്മരണ പരിപാടിക്ക് പോലും എസ് കെയുടെ പേരിലുളള ഈ സ്മൃതി കേന്ദ്രം വേദിയായില്ല എന്നതാണ് സത്യം.ഈ സംഘടനക്ക് കേന്ദ്രം എല്‍പ്പിച്ചു കൊടുത്ത ഗ്രാമ പഞ്ചായത്തധികൃതരും എസ്‌കെ യെ മറന്നു.

എസ്‌കെയുടെ ഓര്‍മ്മക്കായി മുക്കത്ത് സ്ഥാപിച്ച എസ്‌കെ പാര്‍ക്കും കടുത്ത അവഗണനയിലാണ്. മാലിന്യം നിറഞ്ഞും നോക്കാനാളില്ലാതെയും അന്യസംസ്ഥാന തൊഴിലാളികളുടെ മൂത്രപ്പുരയായും പാര്‍ക്ക് മാറി. ഇവിടെ സ്ഥാപിച്ച എസ്‌കെയുടെ ഛായ ചിത്രം ഇത് നിര്‍മ്മിച്ചു നല്‍കിയ ആര്‍കെ പൊറ്റശേരിയെ പോലും അപമാനിക്കുന്ന തരത്തില്‍ നിലകൊള്ളുന്നു. ഒരു വേള അധികൃതരുടെ അനാസ്ഥക്കെതിരെ ശില്‍പ്പി ആര്‍കെ പൊറ്റശേരി തന്നെ രംഗത്ത് വന്നിരുന്നു. എന്നിട്ടുപോലും അധികൃതര്‍ ഇതിനെ സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലന്നത് വേദനാജനകമാണ്. ലോകം അംഗീകരിച്ച ഒരു മഹാ പ്രതിഭയെ മുക്കത്തെ ലോകത്തിന് പരിചയപ്പെടുത്തിയ അതുല്യ എഴുത്തുകാരനെ പക്ഷെ മുക്കം മറന്നു എന്നതാണ് സത്യം.

മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ അരുന്ധതി റോയിയും
Posted by
27 July

മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ അരുന്ധതി റോയിയും

ഇത്തവണയും ബുക്കര്‍ പ്രൈസ് അരുന്ധതിക്കോ? ഇതാണ് ഇപ്പോള്‍ സാഹിത്യ ലോകത്ത് ഉയരുന്ന ചര്‍ച്ച. 2017ലെ മാന്‍ ബുക്കര്‍ പ്രൈസ് അരുന്ധതി റോയിയുടെ പുതിയ നോവല്‍ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ് നേടുമോ എന്ന ആകാംക്ഷയിലാണ് വായനപ്രിയര്‍. ബുക്കര്‍ പുരസ്‌കാരത്തിനു പരിഗണിക്കുന്ന പുസ്തകങ്ങളുടെ ആദ്യ പട്ടികയില്‍ ദ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഉള്‍പ്പെട്ടിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.

പതിമൂന്ന് പുസ്തകങ്ങളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒക്ടോബര്‍ ഒന്ന് 2016 നും സെപ്തംബര്‍ മുപ്പത് 2017നും ഇടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഇത്തരത്തില് എത്തിയ 144 പുസ്തകങ്ങളില്‍ നിന്നാണ് പതിമൂന്ന് പുസ്തകങ്ങള്‍ അടങ്ങിയ ആദ്യ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

പാകിസ്താന്‍ വംശജരായ രണ്ട് എഴുത്തുകാരുടെയും കാമില ഷാംസിയുടെയും മൊഹ്‌സിന് ഹമിദിന്റെയും പുസ്തകങ്ങള് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചുരുക്കപ്പട്ടിക സെപ്തംബര്‍ പതിമൂന്നിനും വിജയിയെ ഒക്ടോബര്‍ പതിനേഴിനും പ്രഖ്യാപിക്കും. അമ്പതിനായിരം പൗണ്ടാ(ഏകദേശം 4214007 രൂപ)ണ് സമ്മാനത്തുക.

അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് 1997ല് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ പുസ്തകമായ ദ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങിയത്.

ശ്രദ്ധേയമായി ‘ആഗ്നേയം’ ഏകദിന കവിതാ ശില്‍പ്പശാല
Posted by
25 July

ശ്രദ്ധേയമായി 'ആഗ്നേയം' ഏകദിന കവിതാ ശില്‍പ്പശാല

തൃശൂര്‍: കേരളപിറവിയുടെ ആഘോഷങ്ങളുടെ ഭാഗമായി കുന്നംകുളത്ത് റീഡേഴ്‌സ് ഫോറം കേരളസാഹിത്യ അക്കാദമിയുമായി സഹകരിച്ച് 60 തികഞ്ഞ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളെകുറിച്ച് ആഗ്നേയം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

ബദനി ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജുകളില്‍ കവികളും എഴുത്തുകാരുമായ കെ സച്ചിദാനന്ദന്‍, സുനില്‍ പി ഇളയിടം, റഫീക്ക് അഹമ്മദ്, പ്രമോദ് വി രാമന്‍, വികെ ശ്രീരാമന്‍. ഫ. പത്രോസ്, തുടങ്ങിയവര്‍ ചേര്‍ന്ന് 60 വിളക്കുകള്‍ തെളിയിച്ച് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

മലയാള കവിത കടന്നുപോയ 60 വര്‍ഷത്തെ ഋതുപരിണാമങ്ങളെ കുറിച്ച് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു. സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും വിശ്വാസങ്ങളെയും നഷടങ്ങളെയും അഭിമുഖീകരിച്ച യുവത്വത്തിന്റെ മാപ്പു സാക്ഷ്യങ്ങളായിരുന്നു എഴുപതുകളിലെ കവിതകളെന്ന് ശില്‍പ്പശാല ഓര്‍മ്മപെടുത്തി.

കടമ്മനിട്ടയും, അയ്യപ്പപണിക്കരും, സച്ചിദാനന്ദനും. കെജി ശങ്കരപിള്ളയും, ബാലചന്ദ്രന്‍ ചുള്ളിക്കാടും കവിതയെ അച്ചടിതാളുകളില്‍നിന്ന് തെരുവോരങ്ങളിലേക്ക് പിടിച്ചിറക്കിയവരായിരുന്നു. കേരളത്തിന് 60 കഴിയുന്ന ഈ കീലത്ത് പ്രക്ഷുബ്ധമായിരുന്ന് എഴുപതുകളിലെ കവിതയെ മുന്‍ നിര്‍ത്തിയായിരുന്നു ശില്‍പ്പശാല പ്രധാനമായും ചര്‍ച്ചചെയ്തത്.

ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ കവിതകളെകുറിച്ച് കെവി സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സുനില്‍ പി ഇളയിടം ആസ്വാദനപ്രഭാഷണവും വികെ ശ്രീരാമന്‍ ആമുഖപ്രസംഗവും നടത്തി. തുടര്‍ന്ന് നടന്ന കവിതാവതണത്തിലും സംവാദത്തിലും കെസി നാരായണന്‍, എംവി നാരയണന്‍, പി രാമന്‍, പ്രമോദ് രാമന്‍, ഹരിനാരയണന്‍, കെഎന്‍ ഷാജി, വികെ സുബൈദ, കെഎ മോഹന്‍ദാസ്, പിഎന്‍ ഗോപീകൃഷണന്‍, വിജി തമ്പി, കാവില്‍ മണി, രേഷ്മ പ്രസാദ്, വിഎം ഗിരിജ, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി കെപി മോഹനന്‍, എസ് ശാരദക്കുട്ടി, ജോയ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

വൈകിട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കുറിച്ചുള്ള ആത്മപ്രഭാഷണം ഡോക്യുമെന്ററി സ്‌ക്രീനിങ്ങും ചുള്ളിക്കാടിന്റ കവിതകളെ ആസ്പദമാക്കി പീശപ്പള്ളി രാജിവിന്റെ രംഗാവതരണവും ഉണ്ടായിരുന്നു.

ആഗ്നേയം പരിപാടികള്‍ക്ക് വിപി രാമചന്ദ്രന്‍, വിസി ഗീവര്‍ഗീസ്, പിഎസ് ഷാനു, പിജി ജയപ്രകാശ്, കെപിഎന്‍ അമൃത, ഡോ. കെ ശങ്കരനുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

അങ്കണം ചെയര്‍മാന്‍ കെ ഷംസുദ്ധീന്റെ നിര്യാണത്തില്‍  എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പ്
Posted by
19 July

അങ്കണം ചെയര്‍മാന്‍ കെ ഷംസുദ്ധീന്റെ നിര്യാണത്തില്‍ എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പ്

കൊച്ചി : അങ്കണം ചെയര്‍മാനായ കെ ഷംസുദ്ധീന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരനായ സുസ്‌മേഷ് ചന്ദ്രോത്ത് എഴുതിയ അനുസ്മരണക്കുറിപ്പ് നൊമ്പരമുണര്‍ത്തുന്നു. ‘വല്ലാത്ത ഷോക്കിലും വേദനയിലും അവിശ്വസനീയതയെ മറികടന്നെത്തിയ സങ്കടത്തിലുമാണ് ഇതെഴുതുന്നത്. അങ്കണം സാംസ്‌കാരികവേദിയുടെ എല്ലാമെല്ലാമായിരുന്ന ആര്‍ഐ ഷംസുദ്ദീന്‍ എന്ന ഷംസുക്ക ഇനി നമുക്കിടയിലില്ല.

മൂന്ന് പതിറ്റാണ്ടുകള്‍ നിസ്വാര്‍ത്ഥമായി ഒരു സംഘടനയെ കൊണ്ടുനടന്നു എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ അതിലും വലിയ കാര്യമാണ് മൂന്ന് പതിറ്റാണ്ടുകൊണ്ട് ഒരുപിടി യുവപ്രതിഭകളെ മലയാളഭാഷയ്ക്കും സാഹിത്യത്തിനുമായി അദ്ദേഹം സ്വന്തം കൈയിലെ പണം മുടക്കി വളര്‍ത്തിയെടുത്തുവിട്ടു എന്നത്.

എന്നെ സംബന്ധിച്ച് അങ്കണം സാഹിത്യവേദികൂടി ഉരുക്കിയെടുത്ത് പണിത ചരക്കാണ് ഞാന്‍. തൊണ്ണൂറുകളുടെ പകുതി മുതല്‍, ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും അങ്കണം എന്ന സംഘടനയും ഷംസുക്കയും എന്നോടൊപ്പം നിന്നിട്ടുണ്ട്. അതിനും മുന്നേ അനൂപേട്ടന്‍ എന്ന വലിയ മരത്തിന്റെ തണലിലായിരുന്നു ഞാനെപ്പോഴും. പിന്നെ ശങ്കരേട്ടന്റെയും. അതിന്റെ സുരക്ഷിതത്വത്തില്‍ എനിക്ക് ലഭിച്ച തെന്നലുകളും കുളിര്‍മ്മയുമായിരുന്നു അങ്കണവും ഗീതാ ഹിരണ്യന്‍ ടീച്ചറും ഷംസുക്കയുമെല്ലാം. ഇപി സുഷമ എന്ന എഴുത്തുകാരിയെഇന്ന് കേരളം ഓര്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണക്കാരന്‍ ഈ ഷംസുക്ക മാത്രമാണ്.

തികച്ചും മതേതരമായ ജീവിതം. മാതൃകയാക്കാവുന്ന ദാമ്പത്യജീവിതം. പങ്കാളിയോടുള്ള സ്‌നേഹത്തിനും സമര്‍പ്പണത്തിനും കണ്ണടച്ചുദാഹരിക്കാവുന്ന വ്യക്തിത്വം. കോണ്‍ഗ്രസുകാരനായി ജീവിക്കുമ്പോഴും സാംസ്‌കാരിക സംഘടനയില്‍ കാര്യമായി രാഷ്ട്രീയം കലര്‍ത്താതിരുന്ന ചുമതലക്കാരന്‍. ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായാല്‍ എത്രവേണേലും ഫണ്ട് കിട്ടുമെങ്കിലും സംഘടനയുടെ നടത്തിപ്പ് കാര്യങ്ങളില്‍ ഫണ്ടിനു വേണ്ടി കോംപ്രമൈസ് ചെയ്യാതിരുന്ന ഒരാള്‍. ഓരോ ക്യാമ്പിലും പങ്കെടുക്കുന്ന ഒരുപാട് കുട്ടികള്‍ക്ക് അവരുടെ രക്ഷാകര്‍ത്താവിനെ പോലെ നിന്ന ആള്‍. പഠിക്കാന്‍ സാമ്പത്തിക പ്രതിസന്ധിയുള്ള കുട്ടികള്‍ക്ക് ലാഭേച്ഛയോ സ്വാര്‍ത്ഥതാല്‍പര്യമോ ഇല്ലാതെ പണം കൊടുത്ത് സഹായിച്ചിരുന്ന ഒരാള്‍.
ഓരോ കഥയും കവിതയും സരസ്വതി ടീച്ചര്‍ വായിച്ച് വിലയിരുത്തി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന കുട്ടികളെ അവരിരുവരും ജീവിതത്തിലേക്കാണ് തെരഞ്ഞെടുക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അതായിരുന്നു വാസ്തവം.

ഞങ്ങള്‍ കൗമാരക്കാരെല്ലാം രാവും പകലും താമസിച്ച് പങ്കെടുക്കുന്ന ക്യാമ്പുകളില്‍ പെണ്‍കുട്ടികളുടെ സൗകര്യവും സുരക്ഷയും നോക്കി അവരെല്ലാം ഉറങ്ങാന്‍ കിടക്കുന്നതുവരെ ക്യാമ്പില്‍ ഉറക്കമൊഴിച്ച് നില്‍ക്കുന്ന ഷംസുക്ക ഒരു മാതൃകയായിരുന്നു. കുഴപ്പക്കാരായ ആണ്‍കുട്ടികളേയും കുഴപ്പമുണ്ടാക്കാനിടയുള്ള നിരീക്ഷകരേയും മറ്റും പ്രത്യേകമായി നിരീക്ഷിക്കാന്‍ ക്യാമ്പ് തീരും വരെ ആളുണ്ടാവും.ടി പത്മനാഭനും എംഎ ബേബിയും വിഎം സുധീരനും കെജി ശങ്കരപ്പിള്ളയുമടങ്ങുന്ന സാഹിത്യ സാംസ്‌കാരിക സംഘം അങ്കണം വേദികളില്‍ അതിഥികളായി വന്നുപോകുന്നത് അദ്ദേഹത്തിന്റെ സംഘടനാപാടവത്തില്‍ ഒന്നുമാത്രം.

വലത്തോട്ടുടുത്ത കസവ് മുണ്ട്. രണ്ടുപടി കൈ മടക്കിവച്ച മുഴുനീളന്‍ കുപ്പായം. കൈയിലിറുക്കിപ്പിടിച്ച തൂവാല. എണ്ണ കിനിഞ്ഞിറങ്ങുന്ന മുടിയും നെറ്റിയും. കണ്ണട. ചുഴിഞ്ഞും ചുളിഞ്ഞും നോക്കുന്ന കണ്ണുകള്‍.. അടുത്തെത്തുമ്പോള്‍ ചുമലില്‍ ചേര്‍ത്തുപിടിച്ച് സ്വകാര്യമായി പറയുന്ന ചില വാര്‍ത്തകള്‍.. വിശേഷങ്ങള്‍.. സംഘടനയെ സംബന്ധിച്ച ആകുലതകള്‍..ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം മാത്രം.
പെട്ടെന്നുപോയ ഷംസുക്കയെ ഓര്‍ത്ത്. രോഗപീഢകളെ അതിജീവിച്ച് ഷംസുക്കയ്ക്കായി ജീവിക്കുന്ന ടീച്ചറിനെയോര്‍ത്ത്..
വല്ലാത്ത വല്ലാത്ത നൊമ്പരം മാത്രം..

മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ 84ന്റെ നിറവില്‍
Posted by
15 July

മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ 84ന്റെ നിറവില്‍

തൊട്ടതെല്ലാം പൊന്നാക്കി 84ന്റെ സുവര്‍ണ്ണശോഭയില്‍ പ്രകാശിക്കുന്ന അക്ഷരലോകത്തെ മഹാവിസ്മയത്തിന് മലയാളത്തിന്റെ പ്രണാമം.വാക്കുകള്‍കൊണ്ട് തീര്‍ത്ത മഹാപ്രപഞ്ചങ്ങള്‍ക്കപ്പുറം മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്കും ജീവന്‍ നല്‍കിയ എംടി എന്ന അതുല്യപ്രതിഭ മലയാള സാഹിത്യലോകത്തിന്റെ അഭിമാനവും ഒപ്പം സ്വകാര്യ അഹങ്കാരവുമാണ്.

പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി 1933 ജൂലൈ 15നാണ് എംടി ജനിച്ചത്. കുമരനെല്ലൂര്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് അധ്യാപകന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍, മാതൃഭൂമി പീരിയോഡിക്കല്‍സിന്റെ എഡിറ്റര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.

സ്‌കൂള്‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യലോകത്തേക്ക് ഇറങ്ങി അക്ഷരങ്ങള്‍കൊണ്ട് അമ്മാനമാടി വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ചു. വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എംടിയുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.

1957ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്നു. ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എംടിയുടെ സിനിമാജീവിതവും. സാഹിത്യജീവിതത്തിന്റെ തുടര്‍തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതവും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എംടി ചലച്ചിത്രലോകത്തു പ്രവേശിക്കുന്നത്. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയില്‍ ദേശീയപുരസ്‌കാരം ലഭിച്ചു.

‘കാലം'(1970കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), ‘രണ്ടാമൂഴം’ (1985വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയപുരസ്‌കാരം ലഭിച്ചു. 2005 ലെ മാതൃഭൂമി പുരസ്‌കാരവും എം.ടിക്ക് തന്നെയായിരുന്നു.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി ഭാരതസര്‍ക്കാര്‍ എംടിയെ ആദരിച്ചു.

Kendra Sahitya Academy Yuv Sahitya Award winner ashwathi Sasikumar
Posted by
22 June

കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌ക്കാരം അശ്വതി ശശികുമാറിന്

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം അശ്വതി ശശികുമാറിന് ലഭിച്ചു. ജോസഫിന്റെ മണം എന്ന ചെറുകഥാ സമാഹാരത്തിനാണ് അവാര്‍ഡ്. ബാലസാഹിത്യ പുരസ്‌ക്കാരം എസ്ആര്‍ ലാലിന് ലഭിച്ചു.

കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം എന്ന നോവലിനാണ് പുരസ്‌ക്കാരം.

riyad chilla sahithyolsavam starts on today poet sachithanandan chief guest
Posted by
18 May

ചില്ല സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കം, കവി സച്ചിദാനന്ദന്‍ മുഖ്യാതിഥി

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സ്വതന്ത്ര സാഹിത്യ വേദിയായ ‘ചില്ല’യുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വേള്‍ഡ് ലിറ്ററേച്ചര്‍ 2017 ന് ഇന്ന് (വ്യാഴം) തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ പൂര്‍ണ്ണമായും കവി കെ സച്ചിദാന്ദനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വ്യാഴം വൈകീട്ട് 8.30 നു റിയാദ് എക്‌സിറ് 18 ലെ നോഫാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ‘വായന: സംസ്‌കാരവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ പ്രഭാഷണം നടത്തും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കേളിചില്ല അംഗങ്ങള്‍ അവതരിപ്പിക്കുന്ന ‘ചൊല്ലിയാട്ടം’ അരങ്ങേറും.

രണ്ടാ ദിവസം (വെള്ളി) രാവിലെ ഒന്‍പതിന് അല്‍ ഹയറിലെ അല്‍ ഒവൈദ ഫാം ഓഡിറ്റോറിയത്തില്‍ ‘കവിതയും പ്രതിരോധവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും സര്‍ഗ്ഗ സംവാദവും. ഉച്ചയ്ക്ക് ശേഷം കേളി കുടംബവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ സാക്ഷരതാ മിഷന്‍ പദ്ധതിയുടെ ഭാഗമായ ‘എന്റെ മലയാളം’ ഉദ്ഘാടനം, കേളിയുടെ പൊതുസ്വീകരണത്തില്‍ ‘സാംസ്‌കാരിക പ്രവര്‍ത്തനവും രാഷ്ട്രീയവും വര്‍ത്തമാനകാല ഇന്ത്യയില്‍ ‘ എന്ന വിഷയത്തില്‍ പ്രഭാഷണം. മൂന്നാം ദിവസം ശനിയാഴ്ച രാവിലെ ബത്ഹയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സച്ചിദാനന്ദന്റെ മൂന്ന് കാവ്യകാലങ്ങള്‍ രാഷ്ട്രീയ ഭാവുകത്വപരിസരങ്ങളിലൂടെ ആത്മസഞ്ചാരം എന്ന പരിപാടിയും തുടര്‍ന്ന് ‘ഡയസ്‌പോറ സാഹിത്യവും ഗള്‍ഫ് മലയാളി ജീവിതവും’ എന്ന വിഷയത്തില്‍ കെ.സച്ചിദാനന്ദന്‍ സംസാരിക്കും. പരിപാടികളുടെ വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : നൗഷാദ് കോര്‍മത്തുമായി (050 291 9735) ബന്ധപ്പെടുക.

raouf kadavanad gets first south asian reporter award
Posted by
15 May

മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സൗത്ത് ഏഷ്യന്‍ പ്രഥമ മാധ്യമ അവാര്‍ഡ് പൊന്നാനി സ്വദേശി റഊഫ് കടവനാടിന്

പൊന്നാനി: സൗത്ത് ഏഷ്യയിലെ എറ്റവും പ്രശസ്തമായ അവാര്‍ഡായ സൗത്ത് ഏഷ്യാ സൗത്ത് ഏഷ്യന്‍ ലാഡി മീഡിയ ആന്റ് അഡ്വര്‍ടൈസിങ്ങ്
അവാര്‍ഡ് പൊന്നാനി സ്വദേശിയായ റഊഫ് കടവനാടിന്. ഡെക്കാന്‍ ക്രോണിക്കല്‍ പത്രത്തിലെ ഹൈദരാബാദ് സിറ്റി സീനിയര്‍ റിപ്പോര്‍ട്ടറായ റഊഫ് കടവനാടിനാണ് പ്രഥമ സൗത്ത് ഏഷ്യ അവാര്‍ഡ് നേടിയത്. ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, മൗറിഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി പരിഗണിച്ച മുവ്വായിരത്തോളം മാധ്യമപ്രവര്‍ത്തകരില്‍ നിന്നാണ് സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച മാധ്യമ പ്രവര്‍ത്തകനായി പൊന്നാനി സ്വദേശിയായ റഊഫ് കടവനാടിനെ തിരഞ്ഞെടുത്തത്. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ്ങ് ഏജന്‍സി, യുനൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് , മുംബൈ കേന്ദ്രമായുള്ള പോപ്പുലേഷന്‍ ഫസ്റ്റ് , കളേഴ്‌സ് ടിവി എന്നിവര്‍ സംയുക്തമായാണ് അവാര്‍ഡ് നല്‍കിയത് .

ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫൗണ്ടും മുംബൈ ആസ്ഥാനമായ പോപ്പുലേഷന്‍ ഫസ്റ്റ് എന്ന സംഘടനയും സംയുക്തമായി നല്‍കുന്ന ലാഡ്‌ലി നാഷണല്‍ മാധ്യമ അവാര്‍ഡും റഊഫിന് തന്നെയാണ് ലഭിച്ചത്.രണ്ടാഴ്ച മുന്‍പായിരുന്നു ഇത് . ദേശീയ അവാര്‍ഡിന്റെ ആരവങ്ങളൊഴിയും മുന്‍പാണ് സൗത്ത് ഏഷ്യന്‍ അവാര്‍ഡും റഊഫിനെ തേടിയെത്തിയത്. പൊന്നാനി ഐഎസ്എസ് ഹൈസ്‌കൂളിലെയും എംഐ ഹയര്‍ സെക്കന്ററി സ്‌കൂളിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായ റഊഫ് ഹൈദരാബാദിലെ ഡെക്കാന്‍ ക്രോണിക്കില്‍ ഇംഗ്ലീഷ് ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്. തെലുങ്കാന സംസ്ഥാനത്തെ വനിതാ പൊലീസുകാര്‍ നേരിടുന്ന പീഡനങ്ങളും അവഗണനകളും ആദ്യമായി പുറത്തു കൊണ്ട് വന്ന റഊഫിന്റെ ‘തെലങ്കാന വിമണ്‍ കോപ്‌സ് ഫെയ്‌സ് ബെയ്‌സ് ‘ എന്ന പത്ര റിപ്പോര്‍ട്ട് ആണ് സൗത്ത് ഏഷ്യന്‍ അവാര്‍ഡിന് അര്‍ഹമായത്.

കഴിഞ്ഞ വര്‍ഷം, അമേരിക്ക ആസ്ഥാനമായ ലോക പത്രപ്രവര്‍ത്തക സമിതിയുടെയും, 2014 ല്‍ ലോകാരോഗ്യ സംഘടനയുടെയും ഫെല്ലോഷിപ്പുകള്‍കും റഊഫ് അര്‍ഹനായിരുന്നു. മികച്ച ന്യൂസ് കാറ്റഗറിയിലാണ് ഇത്തവണ റഊഫിനെ തിരഞെടുത്തത് .കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും എഴുത്തുകാരനുമായ ശശിതരൂര്‍ ,പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് വിതരണം ചെയ്തു .
ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഡി എന്‍ എ പത്രത്തിലെ പ്രീതി ദാസിനെയും മികച്ച കോളമിസ്റ്റായി നവ തെലങ്കാനയിലെ സജയ കക്കര്‍ലയെയും മികച്ച എഡിറ്റോറിയലിന് തെഹല്‍കയിലെ സച്ചിന്‍ കുമരെജൈനിനെയും തിരഞ്ഞെടുത്തു .

നാല് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരും വിവിധ കാറ്റഗറിയിലായി അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട് .ഇതിനു പുറമെ
എഴുത്തുകാരികളായ കമല ഭാസിന്‍, വോള്‍ഗ, എന്നിവരും അവാര്‍ഡിന് അര്‍ഹമായി

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

poetess Sugatha Kumari teacher awarded first ONV Sahitya Award
Posted by
02 May

പ്രഥമ ഒഎന്‍വി സാഹിത്യപുരസ്‌കാരം കവയത്രി സുഗതകുമാരിക്ക്

തിരുവനന്തപുരം: പ്രഥമ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് കവയത്രി സുഗതകുമാരിയ്ക്ക്. അന്തരിച്ച പ്രശസ്ത കവി ഒഎന്‍വി കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ഒഎന്‍വിയുടെ ജന്‍മവാര്‍ഷിക ദിനമായ മെയ് 27 ന് തിരുവനന്തപുരത്തുവെച്ച് സമ്മാനിക്കും. ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരത്തിന് ആര്യാ ഗോപിയും സുമേഷ് കൃഷ്ണനും അര്‍ഹരായി. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരമാണ് സുഗതകുമാരിക്ക് ലഭിക്കുക. മലയാള സാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സുഗതകുമാരിക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആര്യാ ഗോപിയുടെ അവസാനത്തെ മനുഷ്യന്‍, സുമേഷ് കൃഷ്ണന്റെ രുദ്രാക്ഷം എന്നീ കൃതികളാണ് യുവസാഹിത്യ പുരസ്‌കാരം പങ്കിട്ടത്. പുരസ്‌കാരത്തുകയായ 50,000 രൂപ ഇരുവര്‍ക്കും വീതിച്ച് നല്‍കും. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മലയാളത്തിലേയും മറ്റ് ഭാഷകളിലേയും മികച്ച കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക.