അര്‍ബുദരോഗിയുടെ ജീവിത പോരാട്ടം പ്രമേയമായ റഫീസ് മാറഞ്ചേരിയുടെ ‘നെല്ലിക്ക’ പ്രകാശനം ചെയ്തു
Posted by
06 November

അര്‍ബുദരോഗിയുടെ ജീവിത പോരാട്ടം പ്രമേയമായ റഫീസ് മാറഞ്ചേരിയുടെ 'നെല്ലിക്ക' പ്രകാശനം ചെയ്തു

ഷാര്‍ജ: പ്രവാസി എഴുത്തുകാരനായ റഫീസ് മാറഞ്ചേരിയുടെ രണ്ടാമത്തെ നോവലായ ‘നെല്ലിക്ക’ പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് നെല്ലിക്കയുടെ പ്രകാശനം നടന്നത്. ഇതോടെ ഇ ബുക്ക് വഴി വായനക്കാരിലേക്കെത്തിയ നെല്ലിക്ക
വായനക്കാര്‍ക്ക് മധുരിക്കുന്ന മറ്റൊരു നെല്ലിക്കയായി മാറും.

കാന്‍സര്‍ രോഗിയായ യുവതിയുടെ ശിഷ്ട ജീവിതത്തെ കുറിച്ചുള്ള പ്രമേയമാണ് നോവല്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ഇ ബുക്ക് ആയാണ് ആദ്യം ബുക്ക് ജനങ്ങളിലേക്ക് എത്തിച്ചതെന്ന് റഫീസ് പറയുന്നു. അച്ചടിച്ച പുസ്തകവും സൗജന്യമായാണ് വായനക്കാര്‍ക്ക് നല്‍കുന്നത്.

അര്‍ബുദ രോഗത്തിന്റെ ഞെണ്ടിരുക്കങ്ങളില്‍ സ്വപനങ്ങള്‍ കുരുതി കൊടുത്തവരെയും സമൂഹത്തില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നതിനെയും കുറിച്ച് മാറഞ്ചേരി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമുഖ ബ്ലോഗറും നോവലിസ്റ്റുമായ റഫീസ് മാറഞ്ചേരി ‘നെല്ലിക്ക’ എന്ന പുസ്തകം പുറത്തിറക്കിയിട്ടുള്ളത് .

മലയാള പുസ്തക പ്രസാധന രംഗത്തു പുത്തന്‍ ഒരാശയത്തിനു വിത്തു പാകിക്കൊണ്ട് ഇബുക്ക് രൂപത്തില്‍ മൊബൈലിലും കംപ്യൂട്ടറിലും ടാബിലുമെല്ലാം വായിക്കാന്‍ കഴിയുന്ന രൂപത്തിലാണ് പുസ്തകം ആദ്യം തയ്യാറാക്കിയത് .ഇതിന് വലിയ തോതില്‍ വായനക്കാരെ ലഭിച്ചതോടെയാണ് പുസ്തകം അച്ചടിച്ചിറക്കുന്നത് . കാഴ്ച്ച (ചെറുകഥകള്‍) പരാജിതന്‍(നോവല്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച റഫീസ് മാറഞ്ചേരിയുടെ മൂന്നാമത്തെ പുസ്തകമാണ് നെല്ലിക്ക .

പേര് പോലെതന്നെ ആദ്യം ചവര്‍ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന രോഗാതുരമായ ജീവിതത്തെ വരച്ചുകാട്ടുന്നുണ്ട് നെല്ലിക്ക എന്ന നോവല്‍. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവതാരിക എഴുതിയിരിക്കുന്ന നെല്ലിക്ക പുസ്തകം സാഹിത്യത്തെ ജന നന്മക്കു വേണ്ടിയുള്ളതാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് വായനക്കാരിലേക്ക് സൗജന്യമായി എത്തിക്കുന്നത് .

മാറഞ്ചേരി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പന്ത്രണ്ടാം തരം വരെ പഠിച്ച റഫീസ് പിന്നീട് ജോലിയും സ്വകാര്യ കോളേജില്‍ ബിരുദ പഠനവുമായി പാലക്കാട് താമസമാക്കി .പിന്നെ ജീവിതം പ്രവാസത്തിന്റെ രൂപത്തില്‍ അറബ് നാട്ടിലേക്ക് ചേക്കേറി . കലാസാഹിത്യ സംഘം പ്രസിദ്ധീകരിച്ച കാഴ്ച്ച എന്ന ചെറുകഥയാണ് ആദ്യപുസ്തകം. മുഹമ്മദ് റഫീസ്, 9 വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം തുടങ്ങിയത്.ഇപ്പോള്‍ അബൂദാബിയിലെ ഓയില്‍കമ്പനി ജീവനക്കാരനാണ് റഫീസ് .

കാഴ്ചയുടെ വസന്തമൊരുക്കി ലൈറ്റ് ഫാള്‍ 2017 കോഴിക്കോട് ലളിതകല അക്കാദമിയില്‍
Posted by
10 October

കാഴ്ചയുടെ വസന്തമൊരുക്കി ലൈറ്റ് ഫാള്‍ 2017 കോഴിക്കോട് ലളിതകല അക്കാദമിയില്‍

കോഴിക്കോട് : കലിക്കറ്റ് ഫോട്ടോ ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഒക്ടോബര്‍ 11 മുതല്‍ 15 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ഹാളില്‍ (കോഴിക്കോട് ടൗണ്‍ ഹാളിനു പടിഞ്ഞാറുവശം) നടക്കും .

പ്രശസ്തരും അപ്രശസ്തരും ഉള്‍പ്പെടുന്ന 87 ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത 290ഓളം ഫോട്ടോകള്‍ പ്രദര്‍ശനത്തിലുണ്ട്. കലിക്കറ്റ് ഫോട്ടോ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത്തെ പ്രദര്‍ശനമാണിത്. 11ന് വൈകുന്നേരം 5 മണിക്കാണ് കാഴ്ചയുടെ ഈ വസന്തത്തിന് തുടക്കമാവുക .

ഇന്‍ജക്ഷന്‍ വെക്കാന്‍മാത്രമല്ല, ചിത്രം വരയ്ക്കാനും സിറിഞ്ച് ഉപയോഗിക്കാം എന്ന് തെളിയിച്ച് ഒരു നഴ്‌സ്‌
Posted by
07 September

ഇന്‍ജക്ഷന്‍ വെക്കാന്‍മാത്രമല്ല, ചിത്രം വരയ്ക്കാനും സിറിഞ്ച് ഉപയോഗിക്കാം എന്ന് തെളിയിച്ച് ഒരു നഴ്‌സ്‌

ഇന്‍ജക്ഷന്‍ വെക്കാന്‍ പേടിയുള്ളവരാണ് നമ്മളില്‍ പലരും, സിറിഞ്ച് കാണുമ്പോള്‍ തന്നെ തലകറങ്ങി വീഴുന്നവര്‍ വരെയുണ്ട്. എന്നാല്‍ സിറഞ്ചിന്റെ ഉപയോഗം ഇന്‍ജക്ഷന്‍ വെക്കാന്‍ മാത്രമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഫിലിപ്പൈന്‍സില്‍ നിന്നുള്ള കിംബര്‍ലി ജോയ് മലോ എന്ന നഴ്‌സിന്.

ഡ്യൂട്ടി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളില്‍ സിറിഞ്ചും പെയിന്റും ഉപയോഗിച്ച് ക്യാന്‍വാസില്‍ മനോഹര ചിത്രങ്ങള്‍ രചിക്കുകയാണ് കിംബര്‍ലി. കലയാണ് മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് പറ്റിയ മികച്ച മരുന്ന് എന്ന് കിം പറയുന്നു.

സിറിഞ്ച് ഉപയോഗിച്ച് കിംബര്‍ലി വരച്ച ചിത്രങ്ങള്‍ കാണാം..

താളം ചവിട്ടി, അരമണി കിലുക്കി തൃശൂരില്‍ ഇന്ന് പുലിയിറങ്ങും
Posted by
07 September

താളം ചവിട്ടി, അരമണി കിലുക്കി തൃശൂരില്‍ ഇന്ന് പുലിയിറങ്ങും

തൃശൂര്‍: എല്ലാ വര്‍ഷത്തേയും പോലെ ഇക്കൊല്ലവും നാലോണ ദിനമായ ഇന്ന് വ്യാഴാഴ്ച തൃശൂര്‍ നഗരത്തില്‍ പുലിയിറങ്ങുന്നു. പുലിഗര്‍ജന മുഖരിതമാകാന്‍ തൃശൂര്‍ പട്ടണം തയ്യാറെടുത്തു കഴിഞ്ഞു. പുലര്‍ച്ചെ മുതല്‍ താളം ഉറപ്പിക്കാനുള്ള ഛായം പൂശല്‍ പുലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ പന്ത്രണ്ട് പെണ്‍പുലികളും താളം ചവിട്ടി നഗരത്തെ ആവേശഭരിതമാക്കും.

പുലിക്കൊട്ടിന്റെ ആവേശത്താളത്തില്‍ കൃത്രിമ കാടുകളില്‍നിന്ന് ഇറങ്ങിവന്ന പുലികള്‍ നഗരം കീഴ്‌പ്പെടുത്തും. ചുവടുകള്‍ അമര്‍ത്തിച്ചവിട്ടി അവര്‍ മുന്നേറുേമ്പാള്‍ പ്രദക്ഷിണ വഴിയില്‍ തടിച്ചുകൂടുന്ന ജനലക്ഷങ്ങളില്‍നിന്ന് ആവേശത്തിന്റെ ആര്‍പ്പുവിളി ഉയരും.

പുലിക്കളിയോടെയാണ് തൃശൂര്‍ ജില്ലാ ഓണാഘോഷത്തിന് തിരശ്ശീല വീഴുക. ഇക്കുറി ആറ് ടീമുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം 11 ടീമുണ്ടായിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയാണ് പുലിക്കളി ടീമുകളുടെ എണ്ണം കുറച്ചത്. വിയ്യൂര്‍, കാനാട്ടുകര, കോട്ടപ്പുറം, അയ്യന്തോള്‍, നായ്ക്കനാല്‍ പുലിക്കളി സമാജം, നായ്ക്കനാല്‍ വടക്കേ അങ്ങാടി എന്നിവയാണ് ടീമുകള്‍. ഒരു ടീമില്‍ പരമാവധി 55 പുലികളെ പാടുള്ളൂവെന്ന് നിയന്ത്രണമുണ്ട്. വൈകീട്ട് നാലരയോടെയാണ് പുലിസംഘങ്ങള്‍ എത്തിത്തുടങ്ങുക.

ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.

ഓണപ്പുടവയില്‍ അണിഞ്ഞൊരുങ്ങി ശിവദ; കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ
Posted by
17 August

ഓണപ്പുടവയില്‍ അണിഞ്ഞൊരുങ്ങി ശിവദ; കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ

ചിങ്ങം പിറന്നതോടെ കേരളത്തിലെ എല്ലാ മേഖലകളിലും ഓണത്തിന്റെ ആരവങ്ങളുയര്‍ന്നു കഴിഞ്ഞു. ഓണത്തിനുള്ള വിശേഷാല്‍ പതിപ്പുകള്‍ വിവിധ മാസികകള്‍ പുറത്തിറക്കുകയാണ്. ഇത്തവണ ഗൃഹലക്ഷ്മിയുടെ ഓണം പതിപ്പില്‍ ശിവദയാണ് കവര്‍ഗേളാകുന്നത്. ഇതിന്റെ ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

പഴയ ഷര്‍ട്ടുകൊണ്ട് ഭംഗിയുള്ള കുഞ്ഞുടുപ്പുകള്‍ : നിങ്ങള്‍ക്കും പരീക്ഷിക്കാം
Posted by
15 August

പഴയ ഷര്‍ട്ടുകൊണ്ട് ഭംഗിയുള്ള കുഞ്ഞുടുപ്പുകള്‍ : നിങ്ങള്‍ക്കും പരീക്ഷിക്കാം

നമ്മുടെയൊക്കെ വീട്ടില്‍ പഴയഷര്‍ട്ടുകളുടെ സ്ഥാനം അടുക്കളയിലും, ബാത്ത്‌റൂമിലും ഒക്കെയാണ്. എന്നാല്‍ അമേരിക്കക്കാരിയായ ഒരു വീട്ടമ്മയുടെ ആശയം ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഭര്‍ത്താവിന്റെ പഴയ ഷര്‍ട്ടുകള്‍കൊണ്ട് 3 വയസ്സുകാരിയായ തന്റെ മകള്‍ക്ക് തുന്നിയ കുഞ്ഞുടുപ്പുകള്‍ ആണ് ഇപ്പോള്‍ എല്ലാവരുടേയും ചര്‍ച്ചാവിഷയം.


ഭര്‍ത്താവിന്റെ പഴയ ഷര്‍ട്ടുകള്‍ എന്ത് ചെയ്യും എന്നുള്ള ചിന്തയില്‍ നിന്നാണ് അമേരിക്കക്കാരിയായ സ്‌റ്റെഫിനി മില്ലര്‍ എന്ന വീട്ടമ്മയ്ക്ക് ഈ കിടിലന്‍ ആശയം കിട്ടിയത്.
ചിത്രകാരികൂടിയായ സ്റ്റെഫിനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടിവന്നില്ല വാള്‍മാര്‍ട്ടില്‍ നിന്ന് വാങ്ങിയ 50 ഡോളറിന്റെ തയ്യല്‍മെഷീന്‍ ഉപയോഗിച്ച് പഴയ ഷര്‍ട്ടുകള്‍ അവര്‍ കുഞ്ഞുടുപ്പുകളാക്കി മാറ്റി.


പ്രസവശേഷം വിഷാദരോഗത്തിനടിമയായ താന്‍, വ്യക്തിത്വം നഷ്ടപ്പെട്ടവളായി മാറിയിരുന്നു. സന്തോഷകരമായ ജീവിതത്തിലേയ്ക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു ആശയം മനസ്സിലേയ്ക്ക് വരുന്നത്, സ്‌റ്റെഫിനി പറയുന്നു.


ചിത്രകലാ അധ്യാപികകൂടിയായ തനിക്ക് യൂറ്റൂബ് വഴി ഈയൊരു ആശയം പഠിച്ചെടുക്കാന്‍ വളരെ എളുപ്പമായിരുന്നു എന്നും, ആദ്യം പഴയ ഷര്‍ട്ടുപയോഗിച്ച് ഉണ്ടാക്കിയത് ഒരു തലയിണ ആയിരുന്നു എന്നും സ്‌റ്റെഫിനി കൂട്ടിചേര്‍ത്തു.

പഴയതും പുതിയതുമായ ഷര്‍ട്ടുകളുമായി ഇപ്പോള്‍ സുഹൃത്തുക്കളും അയല്‍വാസികളും സ്റ്റെഫിനിയുടെ വീട്ടില്‍ തന്നെയാണ്. തങ്ങളുടെ കുട്ടികള്‍ക്കും വ്യത്യസ്തമായ ഉടുപ്പുകള്‍ ഉണ്ടാക്കാനായി.

ഇവിടം തന്നെ മാനസികമായി തളര്‍ത്തുന്നു; കലാമണ്ഡലത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നെന്ന് ഗോപിയാശാന്‍
Posted by
08 August

ഇവിടം തന്നെ മാനസികമായി തളര്‍ത്തുന്നു; കലാമണ്ഡലത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നെന്ന് ഗോപിയാശാന്‍

തൃശൂര്‍: കേരള കലാമണ്ഡലത്തല്‍ നിന്നും തന്നെ പുറത്താക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് കലാമണ്ഡലം ഗോപി. കലാമണ്ഡലം തന്നെ മാനസികമായി തളര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. കലാമണ്ഡലം അധികാരികളില്‍നിന്ന് അടുത്ത കാലത്തൊന്നും സ്‌നേഹപൂര്‍വമായ നടപടികള്‍ ഉണ്ടായിട്ടില്ല. 13 വയസ്സ് മുതല്‍ കലാമണ്ഡലത്തിന്റെ ചോറുണ്ട തനിക്ക് ഇതെല്ലാം പറയാനുള്ള ബാധ്യത ഉണ്ടെന്നാണു കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എണ്‍പതാം പിറന്നാളിനു തന്നെ ആദരിക്കാന്‍ കലാമണ്ഡലത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ചിലര്‍ എതിര്‍ത്തപ്പോള്‍ അതവിടെ നടത്തേണ്ടെന്നു തീരുമാനിച്ചു പഴയ കലാമണ്ഡലത്തിലേക്കു മാറ്റി. അതേ സമയം മറ്റു പലരുടെയും ഷഷ്ടിപൂര്‍ത്തിപോലും അവിടെ നടത്തി. ആഴ്ചയില്‍ നാലു ക്ലാസെടുത്തിരുന്ന തന്റെ ക്ലാസുകള്‍ രണ്ടാക്കി. മന്ത്രി ഇടപെട്ടപ്പോള്‍ നാലുതന്നെയാക്കി. എന്തിനാണ് ഇതു ചെയ്യുന്നതെന്ന് അറിയില്ലെന്നും അവാര്‍ഡ് സ്വീകരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

കഷ്ടപ്പാടുകളും ദുരിതങ്ങളും ആവോളം സഹിച്ചാണ് ഈ നിലയിലേക്ക് ഉയര്‍ന്നത്. കലാമണ്ഡലത്തില്‍നിന്ന് എന്നെ പുറത്താക്കാന്‍ പലരും ശ്രമിച്ചു. ഇവയില്‍ മനം മടുത്ത് ഒരിക്കല്‍ രാജിക്കത്ത് സമര്‍പ്പിച്ചതാണ്. എന്നാല്‍ അന്നത്തെ വിസി രാജിക്കത്ത് സ്വീകരിച്ചില്ല. ‘ആശാനെപ്പോലെയുള്ളവര്‍ കലാമണ്ഡലത്തില്‍ ഇല്ലാതായാല്‍ ശരിയാവില്ല’ എന്നു പറഞ്ഞു കത്ത് മടക്കി നല്‍കി. ഇതാണു കലാമണ്ഡലത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചതെന്നും കലാമണ്ഡലം ഗോപിയാശാന്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നിട്ട് ഒന്നര വര്‍ഷമായി. ഇതുവരെ ഒരു സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കാനായില്ല. യോഗ്യതയുള്ളവര്‍ അവിടേക്കു വരില്ല. അത്രയ്ക്കു മോശമാണു കാര്യങ്ങള്‍. വരാന്‍ നോക്കുന്നവര്‍ യോഗ്യന്മാരുമല്ല. എന്തുകൊണ്ടാണു സര്‍ക്കാരിന് ഒരു വിസിയെ കണ്ടെത്താനാകാത്തതെന്നു കലാമണ്ഡലം ഗോപി ചോദിച്ചു.

സോഷ്യല്‍ മീഡിയ സ്റ്റാറുകളുടെ തകര്‍പ്പന്‍ ഫോട്ടോകള്‍ക്ക് പിന്നിലെ രഹസ്യം
Posted by
07 August

സോഷ്യല്‍ മീഡിയ സ്റ്റാറുകളുടെ തകര്‍പ്പന്‍ ഫോട്ടോകള്‍ക്ക് പിന്നിലെ രഹസ്യം

സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അവര്‍ വളരെ സന്തോഷത്തോടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആഘോഷിക്കുകയാണ് എന്ന് നമുക്ക് തോന്നാറുണ്ട്. എന്നാല്‍ ആ ഫോട്ടോകള്‍ക്ക് പുറകിലെല്ലാം നമുക്കറിയാത്ത ഒരു കഥയുണ്ടാകും.

യോഗചെയ്യുന്നതും, ഭക്ഷണം കഴിക്കുന്നതും, യാത്രചെയ്യുന്നതും, ഉറങ്ങാന്‍ പോകുന്നതിന്റെയും, സിനിമ കാണുന്നതിന്റെയും എല്ലാം ഫോട്ടോയെടുത്ത് ഷെയര്‍ ചെയ്യുന്നവരില്‍ മിക്കവരും അത് ആഫോട്ടോക്ക് വേണ്ടി മാത്രം ഉണ്ടാക്കിയെടുക്കുന്ന നിമിഷങ്ങള്‍ മാത്രമായിരിക്കും അത്.

ഇത്തരം സോഷ്യല്‍ മീഡിയ നുണകളെ പൊളിച്ചടുക്കുകയാണ് അമേരിക്കയില്‍ സോഷ്യല്‍ വര്‍ക്ക് ചെയ്യുന്ന ഡിച്ച് ദ ലേബല്‍ എന്ന സംഘടന. ജനങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന പൂര്‍ണ്ണതയുള്ള ജീവിതം പലപ്പോഴും എത്രമാത്രം പൂര്‍ണ്ണതയുള്ളതാണ് എന്ന് കാണിച്ചുതരുന്നതാണ് ഈ സംഘടന നിര്‍മ്മിച്ച വീഡിയോ.

വീഡിയോ കാണാം..

ഇനി കലോത്സവത്തിന്റെ പേരില്‍ മുടക്ക് കിട്ടില്ല: സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത്
Posted by
05 August

ഇനി കലോത്സവത്തിന്റെ പേരില്‍ മുടക്ക് കിട്ടില്ല: സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. മേളകള്‍ വിദ്യാഭ്യാസ കലണ്ടറിന്റെ താളം തെറ്റിക്കുന്നുവെന്ന തിരിച്ചറിവാണ് അവധിക്കാലമേളയെന്ന ആശയത്തിന് കാരണം. ജനുവരി രണ്ടാം വാരം മുതല്‍ അവസാനം വാരം വരെ നീളുന്ന സംസ്ഥാന സ്‌കൂള്‍ കലാമേളയെന്ന പതിവിലാണ് ഇക്കുറി മാറ്റം വരുന്നത്.

ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നു വരെ കലോത്സവം നടത്താനാണ് പ്രാഥമിക തീരുമാനം. ഇത്തരത്തില്‍ നടന്നാല്‍ ജനുവരി ഒന്നിലെ പ്രവൃത്തി ദിവസം മാത്രമേ നഷ്ടപ്പെടൂ. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പുതുവര്‍ഷത്തിന് തുടക്കമിടാനും കഴിയും.

ഒന്നിന് മേള തീര്‍ന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ മുഴുവനായും പഠനത്തിനായി ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം. വാര്‍ഷികപരീക്ഷക്ക് മുമ്പ് അവസാന പാദത്തില്‍ കൂടുതല്‍ പ്രവൃത്തിദിവസം കിട്ടും. ജില്ലാ മേളകള്‍ ക്രിസ്മസ് പരീക്ഷക്ക് മുമ്പായിരിക്കും. അവധി നഷ്ടപ്പെടുത്തുമെന്ന വിമര്‍ശനം ഉയരാനിടയുണ്ടെങ്കിലും അവധിയെക്കാള്‍ പ്രധാനം പഠനം തന്നെയല്ലേ എന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ മറുചോദ്യം.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാല്‍ മാത്രമേ അവധിക്കാല സ്‌കൂള്‍ മേള പ്രാബല്യത്തില്‍ വരികയുളളു

ഭരതനാട്യത്തിലൊരു വേറിട്ട പ്രമേയം; പഞ്ചതന്ത്രം കഥ ഭരതനാട്യ മുദ്രകളില്‍ അവതരിപ്പിച്ചുള്ള നൃത്താവിഷ്‌കാരവുമായി രാജശ്രീ വാര്യര്‍
Posted by
03 August

ഭരതനാട്യത്തിലൊരു വേറിട്ട പ്രമേയം; പഞ്ചതന്ത്രം കഥ ഭരതനാട്യ മുദ്രകളില്‍ അവതരിപ്പിച്ചുള്ള നൃത്താവിഷ്‌കാരവുമായി രാജശ്രീ വാര്യര്‍

കൊച്ചി: ഭരതനാട്യത്തില്‍ വേറിട്ട പ്രമേയവും വ്യത്യസ്തമായ നൃത്ത ശൈലിയുമൊരുക്കി പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍. പഞ്ചതന്ത്രം കഥകളുടേയും ബൗദ്ധസാഹിത്യത്തിലെ പ്രധാന വിഭാഗമായ ജാതക കഥകളുടേയും ഭരതനാട്യ മുദ്രകളിലാക്കാനുള്ള ഒരുക്കത്തിലാണ് രാജശ്രീ.

ഭരതനാട്യത്തിലൂടെ പ്രത്യേകം രൂപപ്പെടുത്തിയ മുദ്രകളടക്കം ഉപയോഗിച്ച് കഥപറയുന്ന രീതിയിലാണ് രാജശ്രീ നൃത്തം ആവിഷ്‌ക്കാരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന കലാരൂപം ഇന്‍വിസ് മള്‍ട്ടി മീഡിയ അടുത്ത് തന്നെ ഓണ്‍ലൈനിലൂടെ പുറത്തിറക്കും. കഥ പറച്ചിലിന്റെ പുതിയ രീതി കുട്ടികളിലേക്കെത്തുമെന്നതിനോടൊപ്പം നൃത്ത ഭാഷയുമായി അവരെ കൂടുതല്‍ അടുപ്പിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് രാജശ്രീ വ്യക്തമാക്കി.

ഭരതനാട്യത്തില്‍ ഓരോ മുദ്രകളും ഓരോ മൃഗങ്ങളെ സൂചിപ്പിക്കാനുള്ളതാണ്. എന്നാല്‍ തെരഞ്ഞെടുത്തിരിക്കുന്ന കഥയില്‍ പൂച്ച, സിംഹം, പന്നി, കാട്ടുപോത്ത് എന്നിവയെല്ലാം കടന്നുവരുന്നുണ്ട്. വൈകാരികത നിറഞ്ഞുനില്‍ക്കുന്നതും നിരവധി ജീവിവര്‍ഗ്ഗങ്ങളേയുമെല്ലാം കഥയുടെ ഭാഗമാക്കേണ്ടതുണ്ട്. അതിനാല്‍ ഭരതനാട്യത്തില്‍ നിലവിലുള്ള മുദ്രകള്‍കൊണ്ട് അത് സാധ്യമാകുന്നില്ലെന്നും പ്രത്യേകമായി മുദ്രകള്‍ തന്നെ രൂപ്പെടുത്തിയെടുക്കേണ്ടി വന്നിട്ടുണ്ടെന്നും രാജശ്രീ കൂട്ടിച്ചേര്‍ത്തു.

അറുപത് കഥകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അതില്‍ 20 എണ്ണം നാട്യത്തിനും 20 എണ്ണം നൃത്തത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഥകളിലെ പ്രത്യേകമായ ഒരു സംഭവം തെരഞ്ഞെടുത്ത് വിശദമായി അത് വിവരിക്കുന്ന വിധമാണ് ബാക്കി 20 കഥകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ഏറെ പുതുമ നിറഞ്ഞുനില്‍ക്കുന്ന കലാവിരുന്നനായി സംഗീത ഉപകരണങ്ങള്‍ ഒന്നും ഇല്ലെന്നും ഒരു പ്രത്യേക താളത്തിന്റെ അകംബടിയോടെ കഥപറഞ്ഞ് പോകുകയാണെന്നും രാജശ്രീ വിശദീകരിച്ചു. അക്ബര്‍, ബീര്‍ബല്‍, തെന്നാലി രാമന്‍ എന്നിവരുടെ കഥകളും നൃത്ത രൂപത്തില്‍ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നതായും രാജശ്രീ പറഞ്ഞു.