ഓള്‍ ഇന്ത്യാ റേഡിയോയുടെ അഖിലേന്ത്യാതല  വയലിന്‍ മത്സരം: ചങ്ങരംകുളം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി ഗോകുലന് ഒന്നാംസ്ഥാനം
Posted by
25 November

ഓള്‍ ഇന്ത്യാ റേഡിയോയുടെ അഖിലേന്ത്യാതല വയലിന്‍ മത്സരം: ചങ്ങരംകുളം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി ഗോകുലന് ഒന്നാംസ്ഥാനം

പൊന്നാനി: ഓള്‍ ഇന്ത്യ റേഡിയോ അഖിലേന്ത്യാതലത്തില്‍ നടത്തിയ വയലിന്‍ മത്സരത്തില്‍ രാജ്യത്തിന് അഭിമാനമായി മാന്തടം സ്വദേശിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ഗോകുല്‍ ആലങ്കോട്. ഓള്‍ ഇന്ത്യാതലത്തില്‍ മികച്ച വയലിസ്റ്റായാണ് ഇന്നലെ ഗോകുലിനെ തെരഞ്ഞെടുത്തത്. രാജ്യത്തെ വിവിധ റേഡിയോ നിലയങ്ങള്‍ പ്രാദേശികമായി നടത്തിയ മത്സരത്തിലെ വിജയികളില്‍ നിന്നാണ് അഖിലേന്ത്യാതലത്തില്‍ മത്സരം സംഘടിപ്പിച്ചത് .ഇതാദ്യമായാണ് ഇത്രയും പ്രായംകുറഞ്ഞൊരാള്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നത് .

മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലെ ഏറ്റവും മികച്ച വയലിനിസ്റ്റായും ഗോകുലിനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു . മുംബൈ ഷണ്‍മുഖാനന്ദ സംഗീതസഭ നടത്തിയ മത്സരത്തിലാണ് മികച്ച വയലിനിസ്റ്റായി തെരഞ്ഞെടുത്തത് . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരാണ് അന്ന് മത്സരത്തില്‍ പങ്കെടുത്തത് .പ്രഗത്ഭരായ മൂന്ന് പേരുടെ കച്ചേരികള്‍ക്ക് വയലിന്‍ വായിച്ചാണ് ഗോകുല്‍ ഈ നേട്ടം സ്വന്തമാക്കിയത് .ഈ ചെറുപ്രായത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയാണ് മാന്തടത്തിന് സമീപിക്കുന്ന ഗോകുല്‍ ആലങ്കോട് എന്ന വിദ്യാര്‍ത്ഥി .

കഴിഞ്ഞ നാല് വര്‍ഷമായി ഷണ്‍മുഖാനന്ദ സംഗീതസഭയുടെ ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഗോകുലിന് ലഭിക്കുന്നുണ്ട് .മികച്ച വയലിനിസ്റ്റുകളായ അമ്പത് പേര്‍ക്കാണ് ഓരോ വര്‍ഷവും ഇവര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും ഗോകുല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായിട്ടുണ്ട്.
വയലിന്‍ എന്ന വാക്കിന് കഴിഞ്ഞ നാല് വര്‍ഷമായി ഒരു അര്‍ത്ഥമെയുള്ളൂ. അതു ഗോകുലാണ്. ഗോകുലിന്റെ വയലിന്‍ ദൈവത്തിന്റെ സംഗീതമായി മാറുന്നത് അതിന്റെ അനിര്‍വചനീയമായ സൗന്ദര്യം കൊണ്ടാണ് .

കഴിഞ്ഞ നാലു വര്‍ഷമായി വയലിന്‍ മത്സരത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഗോകുല്‍ ആയിരുന്നു ഒന്നാം സ്ഥാനം. ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍സെക്കണ്ടറി തലത്തിലും വയലിനില്‍ ഗോകുല്‍ തന്നെ .അടുത്ത ജനുവരിയില്‍ തൃശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിലും ഗോകുല്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ച്ചയായി നാല് തവണ വയലിനില്‍ ഒന്നാം സ്ഥാനം നേടുന്നു എന്ന അപൂര്‍വ്വ ബഹുമതിയും ഗോകുലിന്റെ പേരില്‍ തന്നെയായിരുന്നു .

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുള്‍പ്പെട്ട എടപ്പാള്‍ പൂക്കരത്തറ ഡി എച്ച് ഒ എച്ച് എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഗോകുല്‍ പിതാവിന്റെ ജ്യേഷ്ഠ സഹോദരനായ ശ്രീ സുരേന്ദ്രന്‍ ആലംകോടിന്റെ കീഴിലാണ് വയലിന്‍ പഠനം തുടങ്ങിയത് .ഇടപ്പള്ളി അജിത്കുമാര്‍ ,പത്മശ്രീ എ കന്യാകുമാരി എന്നിവരുടെ കീഴില്‍ ഉപരിപഠനം നടത്തിയ ഗോകുല്‍ ഇതിനകം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 200 ഓളം കച്ചേരികള്‍ നടത്തിയിട്ടുണ്ട്

വൈക്കം വിജയ ലക്ഷ്മി ,താമരക്കോട് കൃഷ്ണന്‍ നമ്പൂതിരി ,പാലക്കാട് കെ എസ് നാരായണസ്വാമി തുടങ്ങി സംഗിത ലോകത്തെ പ്രശസ്തര്‍ക്കൊപ്പം ഗോകുല്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഈ മിടുക്കന് എം എസ് സുബ്ബലക്ഷ്മി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ചെന്നൈ , മധുരൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കച്ചേരി അവതരിപ്പിച്ച ഗോകുല്‍ പഠനത്തിലും ഏറെ മുന്നിലാണ് .സംഗീതാധ്യാപകരായ ഷൈലേഷ്‌കുമാര്‍ ഗീത ദമ്പതികളുടെ മകനാണ് ഗോകുല്‍.

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍. 9946025819)

അര്‍ബുദരോഗിയുടെ ജീവിത പോരാട്ടം പ്രമേയമായ റഫീസ് മാറഞ്ചേരിയുടെ ‘നെല്ലിക്ക’ പ്രകാശനം ചെയ്തു
Posted by
06 November

അര്‍ബുദരോഗിയുടെ ജീവിത പോരാട്ടം പ്രമേയമായ റഫീസ് മാറഞ്ചേരിയുടെ 'നെല്ലിക്ക' പ്രകാശനം ചെയ്തു

ഷാര്‍ജ: പ്രവാസി എഴുത്തുകാരനായ റഫീസ് മാറഞ്ചേരിയുടെ രണ്ടാമത്തെ നോവലായ ‘നെല്ലിക്ക’ പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് നെല്ലിക്കയുടെ പ്രകാശനം നടന്നത്. ഇതോടെ ഇ ബുക്ക് വഴി വായനക്കാരിലേക്കെത്തിയ നെല്ലിക്ക
വായനക്കാര്‍ക്ക് മധുരിക്കുന്ന മറ്റൊരു നെല്ലിക്കയായി മാറും.

കാന്‍സര്‍ രോഗിയായ യുവതിയുടെ ശിഷ്ട ജീവിതത്തെ കുറിച്ചുള്ള പ്രമേയമാണ് നോവല്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ഇ ബുക്ക് ആയാണ് ആദ്യം ബുക്ക് ജനങ്ങളിലേക്ക് എത്തിച്ചതെന്ന് റഫീസ് പറയുന്നു. അച്ചടിച്ച പുസ്തകവും സൗജന്യമായാണ് വായനക്കാര്‍ക്ക് നല്‍കുന്നത്.

അര്‍ബുദ രോഗത്തിന്റെ ഞെണ്ടിരുക്കങ്ങളില്‍ സ്വപനങ്ങള്‍ കുരുതി കൊടുത്തവരെയും സമൂഹത്തില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നതിനെയും കുറിച്ച് മാറഞ്ചേരി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമുഖ ബ്ലോഗറും നോവലിസ്റ്റുമായ റഫീസ് മാറഞ്ചേരി ‘നെല്ലിക്ക’ എന്ന പുസ്തകം പുറത്തിറക്കിയിട്ടുള്ളത് .

മലയാള പുസ്തക പ്രസാധന രംഗത്തു പുത്തന്‍ ഒരാശയത്തിനു വിത്തു പാകിക്കൊണ്ട് ഇബുക്ക് രൂപത്തില്‍ മൊബൈലിലും കംപ്യൂട്ടറിലും ടാബിലുമെല്ലാം വായിക്കാന്‍ കഴിയുന്ന രൂപത്തിലാണ് പുസ്തകം ആദ്യം തയ്യാറാക്കിയത് .ഇതിന് വലിയ തോതില്‍ വായനക്കാരെ ലഭിച്ചതോടെയാണ് പുസ്തകം അച്ചടിച്ചിറക്കുന്നത് . കാഴ്ച്ച (ചെറുകഥകള്‍) പരാജിതന്‍(നോവല്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച റഫീസ് മാറഞ്ചേരിയുടെ മൂന്നാമത്തെ പുസ്തകമാണ് നെല്ലിക്ക .

പേര് പോലെതന്നെ ആദ്യം ചവര്‍ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന രോഗാതുരമായ ജീവിതത്തെ വരച്ചുകാട്ടുന്നുണ്ട് നെല്ലിക്ക എന്ന നോവല്‍. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവതാരിക എഴുതിയിരിക്കുന്ന നെല്ലിക്ക പുസ്തകം സാഹിത്യത്തെ ജന നന്മക്കു വേണ്ടിയുള്ളതാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് വായനക്കാരിലേക്ക് സൗജന്യമായി എത്തിക്കുന്നത് .

മാറഞ്ചേരി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പന്ത്രണ്ടാം തരം വരെ പഠിച്ച റഫീസ് പിന്നീട് ജോലിയും സ്വകാര്യ കോളേജില്‍ ബിരുദ പഠനവുമായി പാലക്കാട് താമസമാക്കി .പിന്നെ ജീവിതം പ്രവാസത്തിന്റെ രൂപത്തില്‍ അറബ് നാട്ടിലേക്ക് ചേക്കേറി . കലാസാഹിത്യ സംഘം പ്രസിദ്ധീകരിച്ച കാഴ്ച്ച എന്ന ചെറുകഥയാണ് ആദ്യപുസ്തകം. മുഹമ്മദ് റഫീസ്, 9 വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം തുടങ്ങിയത്.ഇപ്പോള്‍ അബൂദാബിയിലെ ഓയില്‍കമ്പനി ജീവനക്കാരനാണ് റഫീസ് .

കവി കെ സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം
Posted by
01 November

കവി കെ സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. അവാര്‍ഡ് തുക ഒന്നര ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി കൂട്ടിയിരിക്കുകയാണ് ഇത്തവണ.

2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാര്‍ഡ് തുക 2011 മുതലാണ് ഒന്നര ലക്ഷമാക്കിയത്.

‘അണ്ണന്’ ഇവിടെ മാത്രമല്ല, അങ്ങ് ഓക്‌സ്‌ഫോര്‍ഡിലും ഉണ്ട് പിടി
Posted by
26 October

'അണ്ണന്' ഇവിടെ മാത്രമല്ല, അങ്ങ് ഓക്‌സ്‌ഫോര്‍ഡിലും ഉണ്ട് പിടി

തെന്നിന്ത്യന്‍ ഭാഷകളില്‍ മുതിര്‍ന്നവരെ ബഹുമാനപൂര്‍വം അഭിസംബോധന ചെയ്യുന്ന ‘അണ്ണാ’ എന്ന വാക്ക് ഓക്‌സോഫോര്‍ഡ് ഡിക്ഷ്ണറിയില്‍ കയറി. മലയാളത്തിനൊപ്പം തെലുങ്ക്, ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍നിന്നായി 70 ഇന്ത്യന്‍ വാക്കുകള്‍ കൂടി ഇക്കുറി ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ കാണാം.

ഉറുദുവില്‍ പിതാവ് എന്നര്‍ഥം വരുന്ന അബ്ബ എന്ന വാക്കും ഓക്‌സ്‌ഫോര്‍ഡില്‍ ചേര്‍ന്നിട്ടുണ്ട്. അച്ഛാ, ബാപു, ബഡാ ദിന്‍, ബച്ചാ, സൂര്യനമസ്‌കാര്‍ തുടങ്ങിയവയാണ് മറ്റു വാക്കുകളെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിവേള്‍ഡ് ഇംഗ്ലീഷ് എഡിറ്റര്‍ ഡാനിക്ക സലസാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബറില്‍ നടന്ന പുത്തന്‍പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ് വിവിധ ഇന്ത്യന്‍ പദങ്ങള്‍ ഓക്‌സ് ഫോര്‍ഡ് ഇംഗ്ലീഷ്ഡിക്ഷണറിയില്‍ ഇടംപിടിച്ചത്. മാര്‍ച്ച്, ജൂണ്‍, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളിലായി വര്‍ഷംതോറും നാല് തവണയാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി പുതുക്കുക.

അമേരിക്കന്‍ സാഹിത്യകാരന്‍ ജോര്‍ജ് സോന്‍ഡേര്‍സിന് മാന്‍ ബുക്കര്‍ പ്രൈസ്
Posted by
18 October

അമേരിക്കന്‍ സാഹിത്യകാരന്‍ ജോര്‍ജ് സോന്‍ഡേര്‍സിന് മാന്‍ ബുക്കര്‍ പ്രൈസ്

ലോസ് ആഞ്ചലസ്: അമേരിക്കന്‍ സാഹിത്യകാരന്‍ ജോര്‍ജ് സോന്‍ഡേര്‍സിന് ബുക്കര്‍ പ്രൈസ്. ചെറുകഥാകൃത്തായി അറിയപ്പെടുന്ന സോന്‍ഡേര്‍സിന്റെ നോവലായ ലിങ്കണ്‍ ദ ബാര്‍ഡോ എന്ന നോവലിനാണ് മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണുമായി ജീവിതവുമായി ബന്ധപ്പെട്ട നോവലാണ് ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ’.

ജോര്‍ജ് സാന്‍ഡേഴ്‌സിനൊപ്പം ബ്രിട്ടീഷ് എഴുത്തുകാരായ അലി സ്മിത്ത്, ഫിയോണ മോസ്ലി, അമേരിക്കന്‍ എഴുത്തുകാരായ പോള്‍ ഓസ്റ്റര്‍, എമിലി ഫ്രിഡോള്‍ഡ്, ബ്രിട്ടീഷ്പാകിസ്താനി എഴുത്തുകാരനായ മോഷിന്‍ ഹാമിദ് എന്നിവരും ബുക്കര്‍ പ്രൈസിനായി പരിഗണിക്കപ്പെട്ടിരുന്നു. തുടര്‍ന്നും എഴുത്തുകള്‍ക്ക് വേണ്ടിയാകും തന്റെ ജീവിതമെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.

ടെക്‌സാസിലെ അമരിലോയില്‍ 1958ലാണ് സോന്‍ഡേര്‍സ് ജനിച്ചത്. ടെക്‌നിക്കല്‍ റൈറ്റര്‍ ആയാണ് ഇദ്ദേഹം കരിയര്‍ ആരംഭിച്ചത്. പിന്നീട് സൈറക്യൂസ് യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായി ജോലി ചെയ്യുമ്പോഴും ഫിക്ഷന്‍ നോണ്‍ ഫിക്ഷന്‍ എഴുത്ത് തുടര്‍ന്നു. അമേരിക്കയിലെ പ്രശസ്തമായ പല അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കാഴ്ചയുടെ വസന്തമൊരുക്കി ലൈറ്റ് ഫാള്‍ 2017 കോഴിക്കോട് ലളിതകല അക്കാദമിയില്‍
Posted by
10 October

കാഴ്ചയുടെ വസന്തമൊരുക്കി ലൈറ്റ് ഫാള്‍ 2017 കോഴിക്കോട് ലളിതകല അക്കാദമിയില്‍

കോഴിക്കോട് : കലിക്കറ്റ് ഫോട്ടോ ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഒക്ടോബര്‍ 11 മുതല്‍ 15 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ഹാളില്‍ (കോഴിക്കോട് ടൗണ്‍ ഹാളിനു പടിഞ്ഞാറുവശം) നടക്കും .

പ്രശസ്തരും അപ്രശസ്തരും ഉള്‍പ്പെടുന്ന 87 ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത 290ഓളം ഫോട്ടോകള്‍ പ്രദര്‍ശനത്തിലുണ്ട്. കലിക്കറ്റ് ഫോട്ടോ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത്തെ പ്രദര്‍ശനമാണിത്. 11ന് വൈകുന്നേരം 5 മണിക്കാണ് കാഴ്ചയുടെ ഈ വസന്തത്തിന് തുടക്കമാവുക .

സാമ്പത്തിക നോബല്‍ റിച്ചാര്‍ഡ് എസ് തലറിന്
Posted by
09 October

സാമ്പത്തിക നോബല്‍ റിച്ചാര്‍ഡ് എസ് തലറിന്

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ ധനതത്വ ശാസ്ത്ര വിദഗ്ദ്ധനായ റിച്ചാര്‍ഡ് എസ് തലര്‍ അര്‍ഹനായി. ചേഷ്ടാ സിദ്ധാന്തത്തിന് (ബിഹേവിയറല്‍ ഇക്കണോമിക്‌സ്) നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് തലറിന് നോബല്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്.

ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഒഫ് ബിസിനസില്‍ ബിഹേവിയറല്‍ സയന്‍സില്‍ പ്രൊഫസറാണ് തലര്‍.

സാഹിത്യ നോബല്‍ കസുവോ ഇഷിഗുറോയ്ക്ക്
Posted by
05 October

സാഹിത്യ നോബല്‍ കസുവോ ഇഷിഗുറോയ്ക്ക്

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് ജപ്പാന്‍ -ഇംഗ്ലിഷ് എഴുത്തുകാരനായ കസുവോ ഇഷിഗുറോ അര്‍ഹനായി. 1989ല്‍ ഇറങ്ങിയ ദ റിമെയിന്‍സ് ഒഫ് ദ ഡേ എന്ന നോവലാണ് ഇഷിഗുറോയെ പ്രശസ്തനാക്കിയത്. ഈ നോവലിന് മാന്‍ ബൂക്കര്‍ പ്രൈസും ലഭിച്ചിരുന്നു.

ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്
Posted by
03 October

ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

വാഷിങ്ടണ്‍: ഈ വര്‍ഷത്തെ ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. റൈനര്‍ വേയ്‌സ്, ബാരി ബാരിഷ്, കിപ് തോണ്‍ എന്നീ മൂന്ന് ശാസ്ത്രജ്ഞര്‍ പുരസ്‌കാരം പങ്കിട്ടു.

ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ പഠനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. െൈറനര്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജിയിലും ബാരി ബോറിഷും കിപ് തോണും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും സേവനമനുഷ്ഠിക്കുകയാണ്.

അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് സാഹിത്യലോകത്തിനുള്ളത്:  എം മുകുന്ദന്‍
Posted by
03 October

അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് സാഹിത്യലോകത്തിനുള്ളത്: എം മുകുന്ദന്‍

മനാമ: അടിച്ചമര്‍ത്താന്‍ ശ്രമിക്കുേമ്പാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് സാഹിത്യലോകത്തിനുള്ളത്. അതു കൊണ്ടുതന്നെ എഴുത്തുകാര്‍ക്ക് നേരെ എക്കാലവും ഭീഷണികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. എന്നാല്‍ അത്തരം ഭീഷണികള്‍ കൊണ്ടൊന്നും എഴുത്തിനെ ആര്‍ക്കും ഇല്ലാതാകാന്‍ കഴിയില്ലെന്നും സാഹിത്യക്കാരന്‍ എം മുകുന്ദന്‍ പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിച്ച മുഖാമുഖം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ എഴുത്തില്‍നിന്നും വലിയ ചലനങ്ങള്‍ ഉണ്ടാകുമെന്നും ആരാലും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ മനുഷ്യരുടെ ജീവിതം, അവര്‍ ഉയര്‍ത്തുന്ന പ്രതിരോധം എന്നിവയാണ് ചര്‍ച്ച ചെയ്യേെപ്പടണ്ടതെന്നും മുകുന്ദന്‍ പറഞ്ഞു. കഥകളെ കുറിച്ചും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും മുകുന്ദന്‍ സംസാരിച്ചു.

സ്വന്തം രചനകളെ കുറിച്ച് സംസാരിക്കവെ, റിയലിസ്റ്റിക്കായ, നേര്‍രേഖയില്‍ കഥ പറഞ്ഞു കൊണ്ടിരുന്ന പതിവ് ശൈലികളെ തകര്‍ത്ത ആഖ്യാന രീതിയായിരുന്നു ‘ആദ്യത്യനും രാധയും മറ്റു ചിലരും’ എന്ന കൃതിയില്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ നോവല്‍ കൂടുതലും വായിച്ചത് പെണ്‍കുട്ടികളാണ്. ഏറ്റവും വിമര്‍ശിക്കപ്പെട്ട കൃതി ‘കേശവെന്റ വിലാപങ്ങള്‍’ ആണ്. ഇഎംഎസിന്റെ ആരാധകനായ കേശവെന്റ കഥയായിരുന്നു ഈ നോവല്‍. എകെ ആന്റണിയാണ് വിമര്‍ശത്തിന് തുടക്കം കുറിച്ചത്. പിന്നീട് പലരും അതേറ്റെടുത്തു. ‘താങ്കള്‍ മലയാളിയാണോ’ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, ഈ ചോദ്യം മയ്യഴിയില്‍വെച്ച് ഒരാള്‍ ചോദിച്ചതാണെന്ന് മുകുന്ദന്‍ പറഞ്ഞു. മലയാളി എപ്പോഴും മറ്റുള്ളവരുടെ കുറവുകളാണ് അന്വേഷിക്കുക. നല്ലതിനെ കാണുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ കാണാനാണ് തിടുക്കം കുട്ടുന്നത്. നോവലിന്റെ ആഖ്യാനശൈലി അതിന്റെ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടേണ്ടത്. ശൂന്യതയില്‍നിന്ന് സാഹിത്യം ഉണ്ടാകില്ല. നല്ല കൃതി ഉണ്ടാകുന്നത് കഥാപാത്രങ്ങളുടെയും ആശയങ്ങളുടെയും ഉള്‍വിളി എഴുത്തുകാരന് താങ്ങാന്‍ കഴിയാതെ വരുേമ്പാഴാണ്. അങ്ങിനെയുള്ള എഴുത്ത് വായനക്കാരില്‍ ചലനങ്ങള്‍ സൃഷ്ടിക്കും. പുതിയകാലത്തെ കഥാകൃത്തുകളെ കുറിച്ച് പ്രതീക്ഷയുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു.

കൃതികള്‍ ഒന്നുംതന്നെ പൂര്‍ണമല്ല. എഴുതിയത് കുറേ കാലം കഴിഞ്ഞ് വായിക്കുന്ന അവസരത്തില്‍ മാറ്റം ആവശ്യമാണെന്ന് തോന്നും. അതുകൊണ്ട് പൊളിച്ചെഴുതാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാവുകയുള്ളൂ എന്നും മുകുന്ദന്‍ പറഞ്ഞു. നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക പീഢനം, ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണി, മലയാളിയുടെ മദ്യപാന ശീലം തുടങ്ങിയ വിഷയങ്ങള്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു.

സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, സാഹിത്യ വിഭാഗം സെക്രട്ടറി കെസി ഫിലിപ്പ്, കണ്‍വീനര്‍ വിജു കൃഷ്ണന്‍, അനില്‍ വങ്കാട് എന്നിവര്‍ സംബന്ധിച്ചു. അജിത്, ജയചന്ദ്രന്‍, സുധീഷ് രാഘവന്‍, സ്വപ്ന വിനോദ്, രാജു ഇരിങ്ങല്‍, ആദര്‍ശ് മാധവന്‍കുട്ടി, രഞ്ജന്‍ ജോസഫ്, മായ കിരണ്‍, ജോസ് ആന്റണി, ജോയ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.