കളിക്കളത്തിലെ ധോണിയുടെ അപരന്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍
Posted by
13 December

കളിക്കളത്തിലെ ധോണിയുടെ അപരന്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍നായകന്‍ മഹേന്ദ്ര സിങ് ധോണിയെ അനുകരിച്ചു ക്രിക്കറ്റ് കളത്തില്‍ ശ്രദ്ധേയനായിരുന്ന യുവാവ് കൊലപാതക കേസില്‍ അറസ്റ്റില്‍. കന്റോണ്‍മെന്റ് മേഖലയില്‍ 2016ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണു വിജയ് കുമാര്‍ (25) അറസ്റ്റിലായത്. 2011വരെ ഡല്‍ഹിയിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സജീവമായിരുന്ന വിജയ്, ഇന്ത്യന്‍ താരം ധോണിയെ പോലെ മുടി നീട്ടിവളര്‍ത്തിയിരുന്നു. ഇതോടെയാണ് ഇയാള്‍ക്ക് ധോണി എന്നു വിളിപ്പേരു വീണത്.

ഡല്‍ഹി ടീമില്‍ ഇടം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നിരാശനായി കളിക്കളം വിട്ട വിജയ്, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സഹോദരന്‍ വിശാലിനൊപ്പം ചേര്‍ന്നു. ഗുണ്ടാ സംഘത്തിന്റെ ഭാഗമായി ഇരുവരും ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. വിശാലും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്.

മയക്കുമരുന്നു വിവരങ്ങള്‍ കൈമാറിയാല്‍ ഇനി സര്‍ക്കാര്‍ വക ലക്ഷങ്ങള്‍ പ്രതിഫലം; ആഭ്യന്തര മന്ത്രാലയം മാര്‍ഗരേഖ ഇറക്കി
Posted by
13 December

മയക്കുമരുന്നു വിവരങ്ങള്‍ കൈമാറിയാല്‍ ഇനി സര്‍ക്കാര്‍ വക ലക്ഷങ്ങള്‍ പ്രതിഫലം; ആഭ്യന്തര മന്ത്രാലയം മാര്‍ഗരേഖ ഇറക്കി

ന്യൂഡല്‍ഹി: ലഹരി പദാര്‍ത്ഥങ്ങളുടെ കൈമാറ്റത്തെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കി ഇനി പൊതുജനങ്ങള്‍ക്ക് ലക്ഷപ്രഭുക്കള്‍ വരെയാകാം. വിവരങ്ങള്‍ കൈമാറി മയക്കുമരുന്നും മറ്റ് ലഹരിപദാര്‍ഥങ്ങളും പിടികൂടാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിഫലം നല്‍കാനൊരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ മന്ത്രാലയം പുറത്തിറക്കി. പിടികൂടാന്‍ സഹായിക്കുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരിപദാര്‍ഥത്തിന്റെയും അളവിനും മൂല്യത്തിനും അനുസരിച്ചാണ് പ്രതിഫലം നിശ്ചയിക്കുക.

240 രൂപ മുതല്‍ 2.40 ലക്ഷം രൂപ വരെയാണ് പ്രതിഫലം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിടികൂടാന്‍ സഹായിച്ചാല്‍ പ്രതിഫലം ലഭിക്കുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരിപദാര്‍ഥങ്ങളുടെയും പേരുകളും പട്ടികയായി പുറത്തിറക്കിയിട്ടുണ്ട്. ഒരു കിലോ ഹെറോയിന്‍ കണ്ടുപിടിക്കാന്‍ സഹായിച്ചാല്‍ 1.20 ലക്ഷം രൂപയാണ് പ്രതിഫലം. ഒരു കിലോ ആംഫെറ്റമൈന്‍, മോര്‍ഫിന്‍ എന്നിവ പിടികൂടാന്‍ സഹായിച്ചാല്‍ 20000 രൂപയും ഒരു കിലോ ഹാഷിഷ് ഓയിലിന് 10000, ഒരു കിലോ കറുപ്പിന് 6000, ഒരു കിലോ ഹാഷിഷിന് 2000, ഒരു കിലോ കഞ്ചാവിന് 600, പോപ്പി സ്‌ട്രോ ഒരു കിലോയ്ക്ക് 240 രൂപ എന്നിങ്ങനെയാണ് പ്രതിഫലം ലഭിക്കുക.

വിവരം കൈമാറുന്നതിലൂടെ ലഹരിമയക്കുമരുന്നു വസ്തുക്കള്‍ പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്. ഒരു തവണ ഇത് അമ്പതിനായിരവും സര്‍വീസ് കാലയളവില്‍ ആകെ പ്രതിഫലമായി സ്വീകരിക്കാന്‍ സാധിക്കുന്നത് 20ലക്ഷം രൂപയുമാണ്. കൃത്യത, ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യത, വിവരം നല്‍കിയ വ്യക്തി നല്‍കിയ സഹായത്തിന്റെ രീതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം നല്‍കുക.

അമീറുള്‍ ഇസ്ലാമിന് ഒന്നരവര്‍ഷംകൊണ്ട് സംഭവിച്ചത് ഞെട്ടിക്കുന്ന രൂപമാറ്റം
Posted by
12 December

ഒന്നരവര്‍ഷംകൊണ്ട് അമീറുള്‍ ഇസ്ലാമിന് സംഭവിച്ചത് ഞെട്ടിക്കുന്ന രൂപമാറ്റം

കൊച്ചി: ജയിലില്‍ ഇപ്പോള്‍ പഴയപോലെ ഗോതമ്പുണ്ടയല്ല എന്ന് പലസിനിമകളിലും നാം കേട്ടുപഴകിയതാണ്. ചിക്കനും, മട്ടനും അടങ്ങിയതാണ് ഇപ്പോഴത്തെ ജയില്‍ മെനു. കുറ്റവാളികളാണെങ്കിലും ജയില്‍പുള്ളികള്‍ക്കും അവരുടേതായ അവകാശങ്ങളും, ആവശ്യങ്ങളും ഉണ്ടാകും, അത് ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പരിരക്ഷയും ജയില്‍പുള്ളികള്‍ക്ക് ഉണ്ട്.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ പിടിയിലായപ്പോളും അതിന് ശേഷം കോടതിയില്‍ എത്തിയപ്പോഴും രൂപത്തില്‍ ഉണ്ടായ മാറ്റം ഏറെ ചര്‍ച്ച ചെയ്തിരുന്നു. സമാന സാഹചര്യങ്ങളാണ് ജിഷ വധക്കേസില്‍ അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതിയില്‍ എത്തിക്കുമ്പോഴും കാണാന്‍ സാധിക്കുക. 2016 ഏപ്രില്‍ 28 നായിരുന്നു ജിഷയുടെ കൊലപാതകം. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പീഡനശ്രമം എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

ഒളിവില്‍ പോയ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പിടികൂടുന്നത് ജൂണ്‍ 16നാണ്. കോടതിയില്‍ തുടക്കത്തില്‍ മുഖം മറച്ചും പിന്നീട് മുഖം വെളിവാക്കിയും അമീറിനെ കോടതിയില്‍ എത്തിക്കുമ്പോള്‍ ഉള്ള അമീറിന്റെ രൂപത്തില്‍ നിന്ന് ഒന്നര വര്‍ഷത്തിന് ശേഷം കോടതിയില്‍ എത്തുന്ന രൂപത്തില്‍ ഏറെ മാറ്റമുണ്ട്. കേരള രാഷ്ട്രീയത്തിലും വന്‍ വിവാദത്തിനിടയാക്കിയ കേസ് ,സംസ്ഥാന പൊലീസ് മേധാവിയുടെ കസേര തെറിക്കുന്നതിന് വരെ കാരണമായിരുന്നു.

നൂറു സാക്ഷികളെ വിസ്തരിച്ച കേസില്‍ 245 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഡി എന്‍ എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പരമാവധി ശിക്ഷയായ വധ ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറു പേര്‍ക്ക് വധശിക്ഷ; മാതാവുള്‍പ്പടെ മൂന്ന് പേര്‍ കുറ്റവിമുക്തര്‍
Posted by
12 December

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറു പേര്‍ക്ക് വധശിക്ഷ; മാതാവുള്‍പ്പടെ മൂന്ന് പേര്‍ കുറ്റവിമുക്തര്‍

തിരുപ്പൂര്‍: തമിഴ്‌നാട്ടില്‍ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ഉദുമല്‍പേട്ടയിലെ ദുരഭിമാനക്കൊലയില്‍ കോടതി വിധി പുറപ്പെടുവിച്ചു. നടുറോഡിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ക്കു തിരുപ്പൂര്‍ കോടതി വധശിക്ഷ വിധിച്ചു. ഭാര്യാപിതാവും കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവര്‍ക്കാണ് വധശിക്ഷ. യുവതിയുടെ മാതാവ് ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. തിരുപ്പൂര്‍ കോടതിയുടേതാണ് ഉത്തരവ്. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

തേവര്‍ സമുദായത്തില്‍പ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദളിത് യുവാവായ ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെ മാര്‍ച്ച് 13-നാണു ഉടുമല്‍പേട്ട നഗരമധ്യത്തില്‍വച്ചു ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.

തേവര്‍ സമുദായാംഗമായ കൗസല്യ, ദളിത് (അരുന്ധതിയാര്‍) സമുദായത്തില്‍പ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്‌യുകയും പിന്നീട് വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ശങ്കറിനോടൊപ്പം താമസിക്കാന്‍ ശങ്കറിന്റെ വീട്ടുകാര്‍ കൗസല്യയെ അനുവദിച്ചിരുന്നു. എന്നാല്‍ ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടര്‍ന്ന് ഉണ്ടായ ദുരഭിമാന പ്രശ്‌നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.

വീട്ടുസാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തുള്ള പഴനി -പൊള്ളാച്ചി പാത കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ഇരുവര്‍ക്കും വെട്ടേറ്റത്.ഇവരെ പിന്‍തുടര്‍ന്ന് എത്തിയ രണ്ടംഗ സംഘത്തിനു പിന്നാലെ ബൈക്കിലെത്തിയ മൂന്നാമന്‍ ബൈക്കില്‍ നിന്നു വടിവാള്‍ എടുത്തു നല്‍കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. മൂവരും ചേര്‍ന്നു ശങ്കറിനെ പിന്നില്‍ നിന്നു വെട്ടി. കൗസല്യയെയും വെട്ടി. ശങ്കര്‍ റോഡരികില്‍ വീണു പിടഞ്ഞു മരിച്ചു. കൗസല്യ നടുറോഡിലെ കാറിന്റെ സൈഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയവും സംഘം ആക്രമണം തുടര്‍ന്നു. അക്രമികള്‍ മടങ്ങിയശേഷമാണു കണ്ടുനിന്നവര്‍ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആട് ആന്റണിയെ പോലീസ് പിടികൂടിയത് എങ്ങനെ? മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവ വിവരണം
Posted by
11 December

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആട് ആന്റണിയെ പോലീസ് പിടികൂടിയത് എങ്ങനെ? മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവ വിവരണം

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു കുറ്റകൃത്യം കണ്ടെത്തുക എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത്രമേല്‍ പണിപ്പെട്ട ഒന്നല്ല. സാങ്കേതിക തികവോടെ പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനങ്ങള്‍ മിക്കപ്പോഴും കുറ്റവാളിയുടെ കൈയിലുള്ള മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ലക്ഷ്യത്തില്‍ എത്തിച്ചേരും, അതിനായി അവര്‍ പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ പിന്തുടരും, സിം ഊരി മാറ്റപ്പെടുകയാണെങ്കില്‍ ഐഎംഇഐ നമ്പര്‍ വഴിയും പ്രതിയിലെത്തിച്ചേരും. എന്നാല്‍ കുറ്റകൃത്യം നടത്തുന്നയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണെങ്കിലോ?. തൃശൂര്‍ ജൂനിയര്‍ എസ്‌ഐമാരുടെ പരിശീലന ക്ലാസില്‍ എസ്പി വിവരിച്ച ഈ അനുഭവ വിവരണം അതിനുള്ള ഉത്തരം നല്‍കും.

മൂന്ന് വര്‍ഷത്തോളം കേരള പോലീസിനെ വട്ടംകറക്കിയ ആട് ആന്റണി എന്ന മോഷ്ടാവിന്റെ സംഭവബഹുലമായി കുറ്റകൃത്യ പരമ്പരകളെ അടിസ്ഥാനമാക്കിയാണ് എസ്പി തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥരോട് അനുഭവം വിവരിച്ചത്. നൂറ്കണക്കിന് മോഷ്ണങ്ങള്‍ നടത്തിയ ആട് ആന്റണി പോലീസിന് വലിയ തലവേദനയായി മാറികഴിഞ്ഞിരുന്നു. പല സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കൊല്ലം പാരിപ്പിള്ളി സ്റ്റേഷനിലെ മണിയന്‍പിള്ള എന്ന പോലീസുകാരനെ കുത്തികൊന്ന ശേഷം ആട് ആന്റണി നാട് വിട്ടതോടെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായി. ആന്റണി വരാനിടയുള്ള ബന്ധുവീടുകള്‍, പ്രദേശങ്ങള്‍ എല്ലാം പോലീസ് വലവീശി. ഇതിനിടയില്‍ പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ ആട് ആന്റണി ഒരു സ്ത്രീയെ വിവാഹം കഴിച്ചതായി പോലീസിന് വിവരം ലഭിച്ചു. അതോടൊപ്പം തമിഴ്‌നാട്ടിലെ ധാരാപുരത്ത് ആട് ആന്റണി ഒരു വീട് വാങ്ങിയതായും പോലീസിന് സൂചന കിട്ടി. എന്നാല്‍ ഈയിടങ്ങളില്‍ വലിയ ഫോഴ്‌സിനെ ഇറക്കി പരിശോധിച്ചെങ്കിലും പരാജയം തന്നെയായിരുന്നു ഫലം.

 

ശേഷം വനിതാ പൊലീസുകാരെ ആട് ആന്റണിയുടെ ഭാര്യയ്‌ക്കൊപ്പം താമസിപ്പിച്ചു. ആട് ആന്റണി കൊലയാളിയാണെന്ന് അറിയാത്ത ആ പാവം സ്ത്രീ പൊലീസുമായി സഹകരിച്ചു. ദിവസത്തില്‍ രണ്ടു തവണ ഭാര്യയെ വിളിക്കും. അതും, ഏതെങ്കിലും ടെലിഫോണ്‍ ബൂത്തില്‍ നിന്ന്. ഫോണെടുക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡ് ചെയ്യും. പൊലീസിന്റെ തൊട്ടടുത്തു നിന്നാണ് ഭാര്യ സംസാരിക്കുക. പൊലീസ് വളഞ്ഞിട്ടുണ്ടെന്ന വിവരം ഭാര്യയ്ക്കാണെങ്കില്‍ ആന്റണിയോട് പറയാനും പറ്റിയില്ല. രണ്ടു ദിവസം കഴിഞ്ഞാല്‍ കൊഴിഞ്ഞാമ്പാറയില്‍ വരുന്നുണ്ടെന്നാണ് ഭാര്യയോട് ആട് ആന്റണി പറഞ്ഞത്. ഇതിനായി പൊലീസ് കാത്തിരുന്നു.

ഈ വേളയില്‍ അന്വേഷണ സംഘത്തിന് ഒരു സംശയം ഉണര്‍ന്നു.ഇനി എങ്ങാനും പോലീസ് സാന്നിധ്യമുള്ള കാര്യം ഭാര്യ ആന്റണിയോട് പറഞ്ഞാലോ? പക്ഷേ ഭാര്യ മനസുവച്ചാലും ആട് ആന്റണിയോട് കാര്യം പറയാന്‍ പറ്റില്ലാല്ലോ? മൊബൈല്‍ ഫോണ്‍ ഇല്ലല്ലോ… ഒരു വഴിയുണ്ട്. നേരത്തെ വിളിച്ച ടെലിഫോണ്‍ ബൂത്തിലേക്ക് വിളിച്ച് പൊലീസുള്ള കാര്യം പറയുക. ഇനി, വനിതാ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഭാര്യ അങ്ങനെയൊരു നീക്കം നടത്താതിരിക്കാന്‍ ആ ടെലിഫോണ്‍ ബൂത്തും പൊലീസ് വളഞ്ഞു.

വീണ്ടും ആട് ആന്റണി ഫോണ്‍ ചെയ്യാനെത്തിയാല്‍ പിടിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ, ആട് ആന്റണി ഫോണ്‍ ചെയ്യാന്‍ പിന്നെ ബൂത്തിലേക്ക് വന്നില്ല. നാല്‍പത്തിയെട്ടു മണിക്കൂര്‍ നിര്‍ണായകമായിരുന്നു. പൊലീസിന്റെ സാന്നിധ്യം ആട് ആന്റണി മണത്തറിയാനും പാടില്ല. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. മൂന്നാം ദിവസം രാത്രി ആട് ആന്റണി വന്നു. ഒളിച്ചിരുന്ന പൊലീസ് സംഘം ഇയാളെ വളഞ്ഞിട്ട് പിടികൂടി.

 

സിനിമയെ വെല്ലുന്ന തിരക്കഥ; ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടു, ഒപ്പം താമസിക്കുന്നത് ഭര്‍ത്താവാണെന്ന് വരുത്തി തീര്‍ക്കാന്‍ കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി
Posted by
11 December

സിനിമയെ വെല്ലുന്ന തിരക്കഥ; ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടു, ഒപ്പം താമസിക്കുന്നത് ഭര്‍ത്താവാണെന്ന് വരുത്തി തീര്‍ക്കാന്‍ കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി

ഹൈദരാബാദ്: കാമുകനൊപ്പം ജീവിക്കാന്‍ യുവതി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. തെലങ്കാനയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഭര്‍ത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി. ഭര്‍ത്താവിന്റെ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വരുത്തി തീര്‍ക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡ്ഢിയെന്ന യുവതി കാമുകന്‍ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയത്.

രണ്ടുവര്‍ഷം മുമ്പാണ് സ്വാതിയും സുധാകറും തമ്മിലുള്ള വിവാഹം നടന്നത്. രാജേഷുമായി അടുപ്പത്തിലായ സ്വാതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. നവംബര്‍ 22 നാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള വനത്തില്‍ മൃതശരീരം കുഴിച്ചിടുകയായിരുന്നു.

ശേഷം സുധാകര്‍ മരിച്ചിട്ടില്ലെന്നും ഒപ്പമുള്ളത് കാമുകനാണെന്ന് തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടി രാജേഷിന്റെ മുഖത്ത് ആസിഡ് തളിച്ച് പൊള്ളലേല്‍പ്പിച്ചു. ഹൈദരാബാദില്‍ വെച്ച് അജ്ഞാതന്റെ ആസിഡ ആക്രമണത്തില്‍ ഭര്‍ത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത് രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകരന്റേതു പോലെയാക്കാനായിരുന്നു നീക്കം. എന്നാല്‍ പുതിയ സുധാകറിന്റെ പെരുമാറ്റത്തിലും സംസാരരീതിയിലുമെല്ലാം സംശയം തോന്നിയ മാതാവ് പോലീസ് സഹായം തേടി. പോലീസ് അന്വേഷണത്തില്‍ സ്വാതിയോടൊപ്പമുള്ളത് രാജേഷാണെന്ന് കണ്ടെത്തി.

പോലീസ് ചോദ്യം ചെയ്യലില്‍ സ്വാതി കുറ്റസമ്മതം നടത്തി.സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലില്‍ വനപ്രദേശത്തുനിന്ന് സുധാകറിന്റെ മൃതദേഹം കണ്ടെടുത്തു. സ്വാതിയെയും ചികിത്സയില്‍ കഴിയുന്ന രാജേഷിനെയും ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്തു.

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; ശരീരത്തില്‍ മരകൊമ്പ് കുത്തിയിറക്കിയ നിലയില്‍
Posted by
10 December

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; ശരീരത്തില്‍ മരകൊമ്പ് കുത്തിയിറക്കിയ നിലയില്‍

ചണ്ഡിഗഢ്: ഹരിയാനയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു. ഡല്‍ഹിയില്‍ 160 കിമി അകലെ ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. തലേ ദിവസം അമ്മയ്ക്കൊപ്പം കിടന്നിരുന്ന പെണ്‍കുട്ടിയെ രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച്ച രാത്രി 9മണിക്കാണ് അമ്മയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങിയത്. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ ഒപ്പം കാണാതിരുന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. താന്‍ അയല്‍വാസികളോടെല്ലാം തിരക്കി. പിന്നീടാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുന്നതെ്‌നനും അമ്മ പറയുന്നു.

മരക്കമ്പ് കുട്ടിയുടെ ശരീരാവയവങ്ങളില്‍ കുത്തിക്കയറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രഥമ ദൃഷ്ട്യാ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കരുതുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിര്‍ഭയ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷം തികയുന്നതിന് മുമ്പാണ് രാജ്യത്തെ തലകുനിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.

പണം മോഷ്ടിച്ചെന്ന് ആരോപണം: കാഴ്ചക്കുറവുള്ള യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനം
Posted by
09 December

പണം മോഷ്ടിച്ചെന്ന് ആരോപണം: കാഴ്ചക്കുറവുള്ള യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനം

കൊല്ലം: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കാഴ്ചക്കുറവുള്ള യുവാവിന് കല്ലമ്പലം പോലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനം. ഇന്നലെയായിരുന്നു സംഭവം. പോളയത്തോട് വയലില്‍ തോപ്പില്‍ ഷിബു (37)വാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്നത്.

ഇരുകണ്ണിനും കാഴ്ചക്കുറവുള്ള ഷിബു റോഡരികില്‍ തൈലം വില്‍പ്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്. ഇന്നലെ രാവിലെ കച്ചവടത്തിന് കൊല്ലത്തുനിന്നും കല്ലമ്പലത്ത് എത്തിയ ഷിബുവിനെ
ബസ് ഇറങ്ങി അഞ്ച് മിനിട്ടിനകം പോലീസ് എത്തി കൂട്ടി കൊണ്ടു പോകുകയായിരുന്നു. പെട്ടിയിലെ തൈലങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു മര്‍ദ്ദനവും അസഭ്യ വര്‍ഷവും. താന്‍ യാത്ര ചെയ്ത ബസില്‍വച്ച് മൂന്ന് സ്ത്രീകളുടെ ബാഗില്‍ നിന്ന് പണം നഷ്ടപ്പെട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് തന്നെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതെന്നും ഷിബു പറഞ്ഞു.

എസ് ഐ അസഭ്യം പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒരു പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. താന്‍ പണം എടുത്ത് ഒളിപ്പിച്ചു വെച്ച സ്ഥലം കാണിച്ചു കൊടുക്കണമെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്നും ഷിബു പരാതിപ്പെട്ടു. വൈകിട്ടുവരെ വെള്ളം പോലും കൊടുക്കാതെ ഷിബുവിനെ സ്‌റ്റേഷന്റെ മൂലയിലിരുത്തി. പിന്നീട് കല്ലമ്പലത്തെ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി ഷിബുവിനെ കൂട്ടികൊണ്ടുപോകുകയായിരുന്നു. പിന്നീട് ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

രാജസ്ഥാനിലെ അരുകൊലയ്ക്ക് പിന്നില്‍ ലൗ ജിഹാദല്ല, കൊലപാതകിയുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തല്‍; കൊലയെ പിന്തുണച്ച സംഘപരിവാര്‍ നേതാക്കളുടെ മുഖത്തടിച്ച് ആരോപണ വിധേയയായ പെണ്‍കുട്ടി
Posted by
09 December

രാജസ്ഥാനിലെ അരുകൊലയ്ക്ക് പിന്നില്‍ ലൗ ജിഹാദല്ല, കൊലപാതകിയുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തല്‍; കൊലയെ പിന്തുണച്ച സംഘപരിവാര്‍ നേതാക്കളുടെ മുഖത്തടിച്ച് ആരോപണ വിധേയയായ പെണ്‍കുട്ടി

ജയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ അതി മൃഗീയമായി കൊന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി ആരോപണ വിധേയയായ പെണ്‍കുട്ടി. തൊഴിലാളിയെ കൊലപ്പെടുത്തിയത് തന്നെ രക്ഷിക്കാനെന്ന വാദമാണ് പെണ്‍കുട്ടി തള്ളിയത്. തനിക്ക് കൊലപാതകിയുപമായി യാതൊരു ബന്ധവുമില്ലെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

2010ല്‍ താന്‍ പശ്ചിമ ബംഗാളില്‍ പോയതായും അവിടുത്തെ മാള്‍ഡയിലെ സയിദ്പൂര്‍ സ്വദേശിയായ മുഹമ്മദ് ഷെയ്കിനൊപ്പമാണ് പോയത് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ അവിടെ താമസിക്കുകയും ചെയ്തു. എന്നാല്‍, 2013ല്‍ സ്വന്തം ഇഷ്ടപ്രകാരം രാജസ്ഥാനിലേക്ക് തിരികെ വന്നതാണെന്നും ദൃശ്യത്തില്‍ പറയുന്നപോലെ റൈഗാറാണ് തന്നെ തിരിച്ച് കൊണ്ടുവന്നത് എന്നത് തെറ്റായ കാര്യമാണെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു.

മാള്‍ഡയില്‍ എത്തി കുറച്ചു നാളുകള്‍ക്ക് ശേഷം അമ്മയെ വിളിക്കുകയും ഇതറിഞ്ഞ റൈഗാര്‍ അയാളുടെ മാത്രം ആവശ്യപ്രകാരം തന്നെ തിരികെ കൊണ്ടുപോകുവാന്‍ വരികയും ചെയ്തു. അമ്മയില്‍ നിന്നും 10,000 രൂപയും വാങ്ങിച്ചിരുന്നുവെന്നും മാധ്യമത്തോട് പെണ്‍കുട്ടി വെളിപ്പെടുത്തി. തന്റെ പേര് ഒരിക്കലും പുറത്ത് പറയരുതെന്ന് പറഞ്ഞായിരുന്നു വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

ലൗ ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്രസുല്‍ എന്ന യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ചുട്ടെരിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യത്തില്‍ ഇതൊരു ലൗ ജിഹാദാണെന്നും ഹിന്ദു സഹോദരിയെ രക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരവധി സംഘപരിവാര്‍ നേതാക്കന്‍മാര്‍ കൊലയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേസമയം തനൊരു കുറ്റമാണ് ചെയ്തതെന്ന് വിശ്വസിക്കുന്നില്ല എന്നാണ് കൊലയാളി ശംഭുനാഥ് റൈഗറിന്റെ വാദം.

പെറ്റു വളര്‍ത്തിയ മക്കള്‍ തിരിഞ്ഞു നോക്കിയില്ല, 75 കാരി വീടിനുള്ളില്‍ ഉറുമ്പരിച്ച് മരിച്ചു, ഖബറടക്കത്തിന് പിന്നാലെ മക്കളെ പോലീസ് അറസ്റ്റ് ചെയ്തു, സംഭവം പുനലൂരില്‍
Posted by
09 December

പെറ്റു വളര്‍ത്തിയ മക്കള്‍ തിരിഞ്ഞു നോക്കിയില്ല, 75 കാരി വീടിനുള്ളില്‍ ഉറുമ്പരിച്ച് മരിച്ചു, ഖബറടക്കത്തിന് പിന്നാലെ മക്കളെ പോലീസ് അറസ്റ്റ് ചെയ്തു, സംഭവം പുനലൂരില്‍

പുനലൂര്‍: വീടിനുള്ളില്‍ ഉറുമ്പരിച്ച് വൃദ്ധമരിച്ച സംഭവത്തില്‍ രണ്ട് ആണ്‍മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കേളങ്കാവ് വള്ളിമാനൂര്‍ മൂന്ന് സെന്റ് കോളനിയില്‍ അസുമബീവി എന്ന 75 കാരി മരിച്ച സംഭവത്തില്‍ മാതാവിനെ സംരക്ഷിച്ചില്ല എന്ന കുറ്റത്തിന് മക്കള്‍ 53 കാരന്‍ സുബൈറിനെയും 48 കാരന്‍ നാസറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാവിലെ മരിച്ച അസുമാ ബീവിയുടെ ഖബറടക്കത്തിന് തൊട്ടു പിന്നാലെ ഇരുവരെയും പിടികൂടി.

പുനലൂര്‍ നഗരസഭ നല്‍കിയ ഭുമിയിലെ വീട്ടില്‍ മക്കള്‍ നോക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്തിടെ അസുഖബാധിതയായി കിടന്ന അസുമാബീവിയെ വ്യാഴാഴ്ച വാര്‍ഡ് കൗണ്‍സിലര്‍ കെ കനകമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് താലൂക്ക് ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഇവരുടെ വീട്ടിലെത്തിയ കനകമ്മ അസുമാബീവിയെ ജീവനോടെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എസ്‌ഐ ജെ രാജീവന്റെയും പൊതുപ്രവര്‍ത്തകരായ നാട്ടുകാരുടെയും സഹായത്താല്‍ ആശുപത്രിയിലാക്കുകയായിരുന്നു.

മക്കള്‍ക്കൊപ്പം മുമ്പ് പുനലൂര്‍ കാരയ്ക്കാട് വാര്‍ഡില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന അസുമാബീവി ഒഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പാണ് കേളങ്കാവിലെത്തിയത്. അവിടെ നഗരസഭ നല്‍കിയ ഭൂമിയില്‍ വീടുവെച്ചു താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ മക്കള്‍ക്കൊപ്പം പോയി താമസിച്ചിരുന്നു എങ്കിലും കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മക്കളാല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതോടെ മക്കള്‍ രണ്ടു പേരും ഉമ്മയെ നോക്കുകയോ വീട്ടില്‍ വന്ന് അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. ഒറ്റയ്ക്ക് തീരെ അവശയായതോടെ വ്യാഴാഴ്ച കൗണ്‍സിലര്‍ ക്ഷേമാന്വേഷണത്തിന് എത്തിയപ്പോഴാണ് ഉറുമ്പരിച്ച് കണ്ടെത്തിയത്.