പുതിയ കാലത്തെ യുവസംരംഭകര്‍
Posted by
07 December

പുതിയ കാലത്തെ യുവസംരംഭകര്‍

നവസംരംഭകത്തെ വരവേല്‍ക്കുന്ന ലോകമാണ് ഇന്നുള്ളത്. പുതിയ ആശയങ്ങള്‍ നമ്മുടെ കാലത്തിന്റെ ചേതനയായി മാറിയിരിക്കുന്നു. ആഗോളസംരഭക ഉച്ഛകോടിയുടെ ഭാഗമായി ഇവാന്‍ക ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചത് അടുത്ത കാലത്താണ്. യുവസംരംഭകരുടെയും നിക്ഷേപകരുടെയും ഒരു കൂട്ടായ്മയായിരുന്നു അത്. സംഭവത്തിന്റെ തെളിച്ചവും പൊലിമയും മാറ്റിനിര്‍ത്തിയാല്‍, അത് നമുക്ക് മുന്‍പിലെത്തിക്കുന്ന സന്ദേശം, നമ്മുടെ കാലം പുതുമയെയും, യുവത്വത്തെയും, നൂതനമായ ആശയങ്ങളെയും സ്വീകരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു എന്നതാണ്.

യുവരക്തങ്ങള്‍ക്ക് അനുകൂലമായ ഈ പ്രവണതക്ക് അനുഗുണമായി ഇന്ത്യയിന്ന് സ്റ്റാര്‍ട് അപ്പുകള്‍ക്ക് ഊന്നല്‍ കൊടുത്തിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ടൈംസ് ഓഫ് ഇന്ത്യയുടെ പത്രത്താളുകളിലൊന്ന് പുതിയ സ്റ്റാര്‍ട്അപ് സംരംഭങ്ങളും നൂതനമായ ആശയങ്ങളും നവപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത മികവ് പ്രദര്‍ശിപ്പിച്ച ചെറുപ്പക്കാരെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. പണ്ടു കാലത്ത് പരമ്പരാഗതമായ കുടുംബ സംരംഭങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കപ്പെട്ടത്. തലമുറതലമുറ കൈമാറി വന്ന ബിസിനസ് സ്ഥാപനങ്ങളായിരുന്നു അവ. ടാറ്റ, ബിര്‍ള, അംബാനി തുടങ്ങിയ വമ്പന്‍മാരുടെ കഥകള്‍.

എന്നാല്‍ പുതിയ കാലത്തെ ഐടി സംരഭകരുടെ കടന്നുവരവോടെയാണ് ഇന്‍ഫോസിസിനെ പോലുള്ള ഒരു സ്ഥാപനം ചിത്രത്തില്‍ വരുന്നത്. ഉടമസ്ഥത എന്ന ആശയത്തെ തന്നെ അവര്‍ തിരുത്തിയെഴുതി. എന്നാല്‍ അവര്‍ ഉടമസ്ഥതപ്പെടുത്തിയത് ആസ്തികളോ ഉത്പന്നങ്ങളോ ആയിരുന്നില്ല. ആശയങ്ങളായിരുന്നു. വിവരസാങ്കേതിക വിദ്യ എന്നത് തന്നെ ഒരാശയമാണ്. സാമൂഹികമാറ്റത്തിന് വേണ്ടി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുക എന്ന ആശയം. വൈവിധ്യമാര്‍ന്ന മാനവവിഭവശേഷിയാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. അതിരുകള്‍ എന്ന ആശയത്തെ തന്നെ വിവരസാങ്കേതിക വിദ്യ മായ്ച്ചു കളഞ്ഞു. പ്രവാസമില്ലാതെ തന്നെ സ്വന്തം ദേശരാഷ്ട്രങ്ങളില്‍ നിന്നും വീടകങ്ങളില്‍ നിന്നും തൊഴിലും സേവനങ്ങളും പ്രദാനം ചെയ്യാനുള്ള സാഹചര്യം ഇത് സംജാതമാക്കി. അതിരു കടന്നുള്ള ഔട്‌സോഴ്‌സിംഗ് എന്ന പ്രകൃയ നവസംരംഭകത്തിന്റെ ഭാഗമായത് അങ്ങിനെയാണ്. ബാംഗ്ലൂരിംഗ് എന്ന് പോലും അത് അറിയപ്പെട്ടു.

പണ്ടൊക്കെ പുതിയ നിക്ഷേപക ആശയം വേരോടാന്‍ നൂറ്റാണ്ടുകളെടുത്തു. എന്നാലിന്ന് ഒരു പതിറ്റാണ്ടോ അരപതിറ്റാണ്ടോ കൊണ്ടാണ് പുതിയ സംരംഭങ്ങള്‍ രൂപപ്പെടുന്നത്. ആമസോണിന്റെ വിജയഗാഥ നാം കേട്ട് കഴിഞ്ഞതാണ്. ആമസോണ്‍ തന്നെ ബാല്യദശയിലായിരുന്നപ്പോള്‍ ഫ്‌ലിപ്കാര്‍ട് മുന്‍നിരയിലേക്ക് കടന്നുവന്നു. ഇഷോപ്പിംഗ് നടത്തുന്ന അനേകായിരങ്ങളെ അത് സ്വാധീനിച്ചു. ഡിജിറ്റല്‍ ബാങ്കിംഗിനു വേണ്ടിയുള്ള ആഹ്വാനപ്പെരുമഴയുണ്ടായപ്പോഴാണ് പേ.ടി.എം പോലുള്ള ആപ്ലിക്കേഷനുകള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. നമ്മുടെ ടാക്‌സി സഞ്ചാരത്തെ തന്നെ യുബര്‍ മാറ്റിമറച്ചു.

ഭാവിയിലും ഇതു പോലുള്ള വിജയഗാഥകള്‍ ഉണ്ടാകണം. ലോകത്തെ മാറ്റാനുള്ള പുതുമയാര്‍ന്ന ആശയങ്ങളുമായ പുതുരക്തം കടന്നുവരണം. ലോകത്തുള്ള എല്ലാ ഗവണ്‍മെന്റുകള്‍ക്കും പരിധികളും പരിമിതികളുമുണ്ട്. രാഷ്ട്രീയക്കാര്‍ തൊഴില്‍ വാഗ്ദാനം ചെയ്യും. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന യുവനിരയുടെ ആവശ്യത്തിന് അനുപേക്ഷണീയമായ തൊഴില്‍ പ്രദാനം ചെയ്യാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞു കൊള്ളണമെന്നില്ല. അതു കൊണ്ട് പല വാഗ്ദാനങ്ങളും പൊള്ളയായി മാറുന്നു. ജീവിതത്തിന്റെ സര്‍വതോന്മുഖമായ മേഖലകളില്‍ പുതിയ തൊഴിലുകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ ക്രിയാത്മകതയും, നൂതനമായ ആശയങ്ങളും അനിവാര്യമാണ്. അതു കൊണ്ട് ഭാവിയിലേക്കുള്ള താക്കോള്‍ കയ്യാളുന്നത് പുതിയ ആശയങ്ങളും, സംരംഭകത്വവും, നവപ്രവര്‍ത്തനവുമാണ്.

ഈ പംക്തി ക്രിയാത്മകമായ നവസംരഭങ്ങളുടെ വിജയഗാഥകളാണ് നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. യുവസംരംഭകര്‍, അവരുടെ നൂതനമായ ആശയങ്ങള്‍, സ്ഥാപനങ്ങള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് നിങ്ങള്‍ക്കു മുമ്പില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അവരെങ്ങിനെയാണ് സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും മാറ്റിമറിച്ചത് എന്നും അവരുടെ ക്രിയാത്മകത ചുറ്റുപാടുമുള്ള ജീവിതങ്ങളെ സ്വാധീനിച്ചത് എന്നും നാം വിവരിക്കുന്നു. അവരില്‍ നിന്ന് പുതിയ തലമുറയ്ക്ക് പഠിക്കാന്‍ ഏറെയുണ്ട്. നമ്മുടെ കാലത്തെ പലപ്രശ്‌നങ്ങള്‍ക്കും അതാണ് പ്രതിവിധി.

from michael jackson to adu thoma; favour francis
Posted by
12 August

മൈക്കേല്‍ ജാക്‌സണ്‍ മുതല്‍ ആട് തോമ വരെ!

ഫേവര്‍ ഫ്രാന്‍സിസ്

അങ്ങനെ തന്നെ നേരിടാന്‍ വന്ന പത്തു ഗുണ്ടകളെ ഒറ്റക്കിടിച്ചു പറപ്പിച്ചു നമ്മുടെ നായകന്‍ സ്ലോ മോഷനില്‍ തിരിഞ്ഞു നടക്കുകയാണ് സുഹൃത്തുക്കളേ. അതിനിടയില്‍ താന്‍ കോളറിന് പിന്‍വശത്തു തൂക്കിയിട്ട കൂളിംഗ് ഗ്ലാസ് എടുത്തു മുഖത്ത് വച്ച് ഒരു നിമിഷം അയാള്‍ കാണികളെ നോക്കുന്നു. കാണികളുടെ ആവേശം ആര്‍ത്തിരമ്പുന്ന കടലായി മാറുകയാണ്.

unnamed (3)

ഇവിടെ കയ്യടിയുടെ അവകാശികള്‍ രണ്ടാണ്. ഒന്ന് നമ്മുടെ ഇഷ്ട നായകനും. രണ്ട് അയാള്‍ മുഖത്ത് എടുത്തു വയ്ക്കുന്ന റെയ്ബാന്‍ ഗ്ലാസ്സും. സത്യത്തില്‍ ആരാണ് ഇതിലെ സൂപ്പര്‍ ഹീറോ? സംശയം വേണ്ട. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഏഴില്‍ കയറി കുത്തിയിരുന്ന താര സിംഹാസനത്തില്‍ നിന്നും ഇപ്പോഴും താഴെയിറങ്ങാന്‍ കൂട്ടാക്കാതെ നിത്യ ഹരിത നായകനായി വിലസുന്ന റെയ്ബാന്‍ തന്നെയാണ് യഥാര്‍ത്ഥ താരരാജാവ്. ജെയിംസ് ബോണ്ടായാലും രാജമാണിക്യമായാലും തങ്ങളുടെ അപ്രമാദിത്വം തെളിയിക്കാന്‍ ഒരു റെയ്ബാന്‍ ഏവിയേറ്റര്‍ എടുത്തു മുഖത്ത് വക്കുകയെ വേണ്ടൂ. പിന്നെയവര്‍ വേറെ ലെവലാണ് ഭായ്. ലോക ചരിത്രത്തില്‍ തന്നെ ആളുകള്‍ ഇത്രയേറെ സ്വന്തമാക്കാന്‍ മോഹിച്ച മറ്റൊരു ബ്രാന്‍ഡ് ഉണ്ടാകാനിടയില്ല അമേരിക്കന്‍ പ്രസിഡന്റ് തൊട്ട് ഫോര്‍ട്ട് കൊച്ചിയിലെ ഫ്രീക്ക് പിള്ളേര്‍ വരെ ഒരേ പോലെ ആരാധിക്കുന്ന ബ്രാന്‍ഡ് ആണ് റെയ്ബാന്‍. ഏതൊരു യുവമനസ്സിന്റെയും ഉള്ളറയില്‍ ഒരിക്കലെങ്കിലും സ്വന്തമാക്കണം എന്ന് കൊതിച്ച ബ്രാന്ഡ് .റെയ്ബാനിനെക്കാള്‍ വില കൂടിയതും കുറഞ്ഞതുമായ ഒട്ടനവധി ബ്രാന്‍ഡുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമായിട്ടു പോലും ഫാഷന്‍ ലോകം ഇന്നും പായുന്നത് റെയ്ബാന് വേണ്ടി മാത്രം.

unnamed (4)

പറക്കും ബ്രാന്‍ഡ്

ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയേഴില്‍ ബോഷ് ആന്‍ഡ് ലോംബ്ബ് കമ്പനിയാണ് റെയ്ബാന്‍ എന്ന ബ്രാന്‍ഡ് ആദ്യമായി പുറത്തിറക്കുന്നത്. അമേരിക്കന്‍ വ്യോമസേനയുടെ ആവശ്യപ്രകാരമായിരുന്നു റെയ്ബാനിന്റെ പിറവി.പുതിയ വിമാനങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിയ അമേരിക്കന്‍ വൈമാനികര്‍ ഒന്നടങ്കം മേലധികാരികളുടെ മുന്നില്‍ സൂര്യരശ്മികള്‍ മൂലം തങ്ങള്‍ക്ക് ബാധിച്ച കടുത്ത തലവേദനയെക്കുറിച്ച് പരാതി പറഞ്ഞു. ഈ ആവശ്യം മനസ്സിലാക്കി തങ്ങളുടെ ഭടന്മാരുടെ കണ്ണുകളെ സൂര്യതാപത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് അമേരിക്കന്‍ വ്യോമസേന തങ്ങളുടെ ഭടന്മാര്‍ക്ക് വേണ്ടി ഒരു സണ്‍ ഗ്ലാസ് നിര്‍മിക്കാന്‍ ബോഷ് ആന്‍ഡ് ലോംബിനോട് സൂചിപ്പിച്ചതെങ്കിലും വെറും സുരക്ഷ അല്‍പം കൂടിയാലും സ്‌റ്റെല്‍ ഒട്ടും കുറയണ്ട എന്ന അഭിപ്രായമായിരുന്നു അവര്‍ മുന്നോട്ട് വച്ചത്. അമേരിക്കന്‍ പൈലറ്റുമാര്‍ക്കിടയില്‍ റെയ്ബാന്‍ ഹിറ്റ് ആയി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. റെയ്ബാന്‍ നാമത്തില്‍ ആദ്യമായി പുറത്തിറങ്ങിയ ഏവിയേറ്റര്‍ എന്ന മോഡലാണ് അന്നും ഇന്നും റെയ്ബാന്‍ മോഡലുകളില്‍ ഏറ്റവും ഡിമാന്റുള്ളത്.

unnamed (2)

ആന്റി ഗ്ലെയര്‍ എന്ന നൂതന ആശയവുമായി അമേരിക്കന്‍ വ്യോമസേവനക്കായി അവതരിച്ച റെയ്ബാന്‍ ഏവിയേറ്റര്‍ ആയിരത്തി തൊള്ളായിരത്തി മുപ്പത്തിഏഴില്‍ തന്നെ പൊതുജനങ്ങള്‍ക്കും ലഭ്യമായി. ഓവല്‍ ഷേപ്പിലുള്ള പ്ലാസ്റ്റിക് ഫ്രയിമുകളായിരുന്നു ആദ്യമായി റെയ്ബാന്‍ പുറത്തിറക്കിയ സണ്‍ ഗ്ലാസുകളില്‍ ഉപയോഗിച്ചിരുന്നത്. പക്ഷെ വളരെ പെട്ടെന്ന് തന്നെ കമ്പനി അതെ ഷേപ്പിലുള്ള ലോഹ ഫ്രയിമുകള്‍ പുറത്തിറക്കുകയും ഔദ്യോഗികമായി ആ മോഡലിനെ റെയ്ബാന്‍ ഏവിയേറ്റര്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഇതേ ഷേപ്പില്‍ ഇറങ്ങുന്ന ഏതു ബ്രാന്‍ഡിന്റെ സണ്‍ ഗ്ലാസ്സിനും ഏവിയേറ്റര്‍ എന്ന് തന്നെയാണ് വിളിപ്പേര്. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ടില്‍ റെയ്ബാന്‍ കുടുംബത്തില്‍ നിന്ന് മറ്റൊരു മോഡല്‍ എത്തി.റെയ്ബാന്‍ ഷൂട്ടര്‍. പച്ച നിറത്തിലും വിളറിയ മഞ്ഞ നിറത്തിലുമുള്ള ലെന്‍സുകളായിരുന്നു റെയ്ബാന്‍ ഷൂട്ടറിന്റെ ഹൈ ലൈറ്റ്. നീല വെളിച്ചത്തെ ഫില്‍റ്റര്‍ ചെയ്തു കാഴ്ച കൂടുതല്‍ ഷാര്‍പ് ആക്കി മാറ്റുമെന്ന അവകാശവാദവുമായിട്ടാണ് ഷൂട്ടര്‍ വിപണിയില്‍ എത്തിയത്. ഒരു സിഗരറ്റ് പിടിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് റെയ്ബാന്‍ ഷൂട്ടറിന്റെ ഫ്രെയിം നിര്‍മിച്ചിരുന്നത്. ഷൂട്ടറിന്റെ രണ്ടു കൈകളും സ്വതന്ത്രമായി ഉപയോഗിക്കാന്‍ റെയ്ബാന്‍ കണ്ടു പിടിച്ച സൂത്രപ്പണിയായിരുന്നു ഈ ‘സിഗരറ്റ് ഹോള്‍ഡര്‍’ ഫ്രെയിം.

unnamed (5)

രണ്ടാം ലോക മഹായുദ്ധമാണ് റെയ്ബാന്‍ അമേരിക്കക്കാര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റ് ആയി മാറാന്‍ പ്രധാന പങ്ക് വഹിച്ച ഒരു ഘടകം. തങ്ങളുടെ രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികര്‍ക്ക് പിന്തുണയുമായി പുറത്തിറങ്ങിയ മിലിട്ടറി സ്‌റ്റൈല്‍ ടീ ഷര്‍ട്ടുകള്‍ അമേരിക്കക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട വസ്ത്രങ്ങളില്‍ ഒന്നാണ്. അതേ രീതിയില്‍ തന്നെയാണ് തങ്ങളുടെ സൈനികര്‍ ധരിച്ചിരുന്ന റെയ്ബാന്‍ സണ്‍ ഗ്ലാസ്സുകളെയും അമേരിക്കക്കാര്‍ വരവേറ്റത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് റെയ്ബാന്‍ ഗ്ലാസും ധരിച്ചു ഫിലിപ്പൈന്‍സ് ബീച്ചില്‍ വിമാനമിറങ്ങുന്ന ജനറല്‍ ഡഗ്ലസ് മാക് ആര്‍തറുടെ ചിത്രം പ്രശസ്തമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ ജനതയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് എന്നും പുതിയ മാനങ്ങള്‍ നല്‍കിയ ഹോളിവുഡിന്റെ സ്വാധീനത്തിലും വലിയ തോതിലുള്ള വര്‍ദ്ധനയുണ്ടായി. ആയിരത്തി തൊള്ളായിരത്തി അന്‍പത്തി രണ്ടിലാണ് ഏവിയേറ്ററിനു ശേഷം ലോകത്തെമ്പാടും ഇപ്പോഴും ഏറ്റവും ഡിമാന്‍ഡ് ഉള്ള വേഫെയറര്‍ എന്ന മോഡല്‍ റെയ്ബാന്‍ പുറത്തിറക്കുന്നത്. അത് വരെ ഹിറ്റ് ആയിരുന്ന ലോഹ ഫ്രയിമുകളില്‍ നിന്ന് മാറി പ്ലാസ്റ്റിക് ഫ്രയിമുകളുമായാണ് വേഫെയറര്‍ രംഗത്ത് എത്തിയത്. ഫാഷന്‍ മോഡലുകള്‍ക്ക് സിനിമാ താരങ്ങള്‍ക്കും മാത്രമല്ല സമൂഹത്തിലെ സാധാരണക്കാരുടെയും പ്രിയ മോഡല്‍ ആയി വേഫെയറര്‍ മാറി.

ഹോളിവുഡ് തരംഗം

ആയിരത്തി തൊള്ളായിരത്തി അന്‍പത്തിഅഞ്ചില്‍ റിലീസ് ആയ ‘റിബല്‍ വിത്ത്ഔട്ട് എ കോസ്’ എന്ന ചിത്രത്തില്‍ ഹോളിവുഡിലെ ഇതിഹാസ നായകന്‍ ജെയിംസ് ഡീന്‍ അണിഞ്ഞതോടെയാണ് വേഫെയറര്‍ അമേരിക്കയുടെ പുതിയ ആവേശമായി മാറുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്ക് വേണ്ടി പുറത്തിറങ്ങിയ മോഡലായിട്ട് കൂടി വേഫെയറര്‍ വളരെപ്പെട്ടെന്നു തന്നെ സ്ത്രീകളുടെയും ഇഷ്ട ബ്രാന്‍ഡ് ആയിത്തീര്‍ന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ നായികയായിരുന്ന ഓഡ്രി ഹെപ്‌ബെര്‍ണിന്റെ ‘ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനിസ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ്. വേഫെയററിനു പിന്നാലെ റെയ്ബാന്‍ പുറത്തിറക്കിയ മോഡല്‍ ആണ് സ്വര്‍ണം വെള്ളി നിറങ്ങളിലുള്ള ഫ്രെയിമുമായി വിപണിയില്‍ എത്തിയ റെയ്ബാന്‍ സിഗ്‌നറ്റ്. കാലമേറെക്കഴിഞ്ഞിട്ടും ഇപ്പോഴും തമിഴ് സിനിമയിലെ ഗ്രാമീണ വില്ലന്മാരുടെ ഇഷ്ട ബ്രാന്‍ഡാണ് റെയ്ബാന്‍ സിഗ്‌നറ്റ്. സിഗ്‌നറ്റിന് ശേഷം ഏറ്റവും പപ്രശസ്തി നേടിയ മറ്റൊരു റെയ്ബാന്‍ ബ്രാന്‍ഡ് ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴില്‍ കമ്പനി പുറത്തിറക്കിയ റെയ്ബാന്‍ കാരവന്‍ എന്ന മോഡലാണ്. ഏവിയേറ്ററിന്റെ ഷേപ്പില്‍ ചെറുതായി മാറ്റം വരുത്തിയിറക്കിയ കാരവന്‍ ഹിറ്റ് ആക്കിയത് റോബര്‍ട്ട് ഡി നീറോയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ടാക്‌സി ഡ്രൈവര്‍’ ആണ്.

ഹോളിവുഡിലെ പുത്തന്‍ താരോദയങ്ങള്‍ക്കൊപ്പം റെയ്ബാനും പുതിയ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു കയ്യടി നേടി. ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ചില്‍ റെയ്ബാന്‍ പുറത്തിറക്കിയ ഒളിമ്പ്യന്‍ എന്ന മോഡല്‍ ഹിറ്റ് ആക്കിയത് പീറ്റര്‍ ഫോണ്ടയുടെ ‘ഈസി റൈഡര്‍’ എന്ന ചിത്രത്തിന്റെ വിജയമാണ്. തുടര്‍ന്ന് പുറത്തിറങ്ങിയ റെയ്ബാന്‍ ബലോരമ തരംഗമായി മാറുന്നത് ക്ലിന്റ് ഈസ്റ്റ് വുഡിന്റെ
‘ഡേര്‍ട്ടി ഹാരി’യുടെ വിജയത്തോടെയാണ്.

unnamed (6)

ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍

എഴുപതുകളെന്നാല്‍ ഡിസ്‌കോ യുഗമാണ്. മറ്റുള്ളവരെ ഞെട്ടിക്കാനായി വസ്ത്രം ധരിച്ചിരുന്ന കാലഘട്ടം. അക്കാലത്തു വീടിനകത്തു പോലും കൂളിംഗ് ഗ്ലാസ് വച്ചിട്ടായിരുന്നത്രെ കട്ട ഡിസ്‌കോ പ്രേമികളുടെ നടപ്പ്. ഇത്ര നല്ലൊരു കാലം വെറുതെ വിടാന്‍ റെയ്ബാന്‍ മണ്ടന്മാരൊന്നുമല്ലല്ലോ. എഴുപതുകളില്‍ രണ്ടു പ്രധാന മേഖലകളാണ് റെയ്ബാന്‍ നോട്ടമിട്ടത്. ഒന്ന് തങ്ങളുടെ പ്രിയപ്പെട്ട ഫാഷന്‍ ലോകവും മറ്റേത് ഹോളിവുഡ് താരങ്ങളുടെ അത്ര തന്നെ പ്രശ്‌സതി നേടിത്തുടങ്ങിയ യഥാര്‍ത്ഥ താരങ്ങളുടെ ലോകമായ കായികരംഗവും. പ്രധാനമായും രണ്ടു മോഡലുകളാണ് എഴുപതുകളില്‍ റെയ്ബാന്‍ പുറത്തിറക്കിയത്. റെയ്ബാന്‍ വാഗബോണ്ടും റെയ്ബാന്‍ സ്‌റ്റേറ്റ് സൈഡും. ഫാഷനില്‍ മാത്രമല്ല സാങ്കേതികതയിലും വന്‍കുതിച്ചു കയറ്റമാണ് എഴുപതുകളില്‍ റെയ്ബാന്‍ കൈവരിച്ചത്. പര്‍വ്വതാരോഹകര്‍ക്കായി കണ്ണാടിപോലുള്ള ലെന്‍സുകളും വശങ്ങളില്‍ ലെതര്‍ ഷീല്‍ഡുകളും പിടിപ്പിച്ച ഒരു പ്രത്യേക മോഡല്‍ തന്നെ അക്കാലത്ത് റെയ്ബാന്‍ പുറത്തിറക്കി. അതെ സമയത്തു തന്നെയാണ് റെയ്ബാന്‍ ആദ്യമായി പവര്‍ ഉള്ള സണ്‍ഗ്ലാസുകള്‍ പുറത്തിറക്കിയതും. വെളിച്ചത്തിനനുസരിച്ചു നിറം മാറാന്‍ കഴിവുള്ള ആംബര്‍മാറ്റിക് ലെന്‍സുകള്‍ റെയ്ബാന്‍ പുറത്തിറക്കിയതും ഇതേ സമയത്താണ്. ഒരു വശത്തു സിനിമാ താരങ്ങളും കായികതാരങ്ങളും റെയ്ബാന്റെ അപ്രഖ്യാപിത ബ്രാന്‍ഡ് അംബാസഡര്‍മാരായി വര്‍ത്തിച്ചപ്പോള്‍ മറുവശത്ത് ഉദിച്ചിയുര്‍ന്ന റോക്ക് സംഗീതജ്ഞരും അവരുടെ ആരാധകരും റെയ്ബാന്റെ വെന്നിക്കൊടി കൂടുതലുയരത്തില്‍ പറപ്പിച്ചു. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പോപ്പ് സ്റ്റാര്‍ ആയിരുന്ന മൈക്കേല്‍ ജാക്‌സണ്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാലിലെ ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ റെയ്ബാന്‍ ഏവിയേറ്റര്‍ ധരിച്ചു പ്രത്യക്ഷപ്പെട്ടതോടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ കൂടി പ്രിയ ബ്രാന്‍ഡ് ആയി മാറി ഏവിയേറ്റര്‍.

unnamed (7)

മാറ്റത്തിന്റെ കാറ്റ്

ഹോളിവുഡ് തന്നെയായിരുന്നു തൊണ്ണൂറുകളിലും റെയ്ബാന്റെ മുഖ്യ പ്രചാരകര്‍. ‘മാല്‍കം എക്‌സ്’ എന്ന ചിത്രത്തില്‍ ഡെന്‍സില്‍ വാഷിംഗ്ടണും റിസര്‍വോയര്‍ ഡോഗ്‌സില്‍ ടിം റോത്തും അണിഞ്ഞ റെയ്ബാന്‍ ക്ലബ് സ്റ്റാര്‍ എന്ന മോഡലായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തിലേ ഹിറ്റ് റെയ്ബാന്‍ മോഡല്‍. തൊണ്ണൂറുകളുടെ അവസാനത്തില്‍ ‘മെന്‍ ഇന്‍ ബ്ലാക്ക്’ ഹിറ്റായപ്പോള്‍ അതിനൊപ്പം ഹിറ്റ് ആയത് നായകന്മാരായ വില്‍ സ്മിത്തും ടോമി ലീ ജോണ്‍സും ധരിച്ച റെയ്ബാന്‍ പ്രിഡേറ്റര്‍ എന്ന മോഡലാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ലക്‌സോട്ടിക്ക ഗ്രൂപ്പ് ബോഷ് ആന്‍ഡ് ലോംബ് ഏറ്റെടുത്തു. അതോടെ റെയ്ബാന്‍ ഉള്‍പ്പെടെയുള്ള പല പ്രശസ്ത ബ്രാന്‍ഡുകളും ലക്‌സോട്ടിക്കയുടെ കുടക്കീഴിലായി. രണ്ടായിരത്തില്‍ പ്രീസ്‌ക്രിപ്ഷന്‍ ലെന്‍സുകള്‍ക്കായി റെയ്ബാന്‍ ഒപ്ടിക്കല്‍സ് എന്ന ഒരു വിഭാഗം ലക്‌സോട്ടിക്ക ആരംഭിച്ചു. റെയ്ബാന്‍ സണ്‍ഗ്ലാസുകളുടെ ഫാഷന്‍ സാധാരണ കണ്ണടയുടെ ഫ്രയിമുകളിലും കൊണ്ട് വരിക എന്നതായിരുന്നു റെയ്ബാന്‍ ഒപ്ടിക്കല്‍സിന്റെ പ്രഖ്യാപിത ലക്ഷ്യം. ലക്‌സോട്ടിക്ക ഏറ്റെടുത്തതിനു ശേഷമുള്ള മറ്റൊരു പ്രധാന ചുവടുവെപ്പായിരുന്നു എട്ടു തൊട്ട് പന്ത്രണ്ട് വയസുള്ള കുട്ടികള്‍ക്ക് വേണ്ടി പുറത്തിറക്കിയ റെയ്ബാന്‍ ജൂനിയര്‍ എന്ന ബ്രാന്‍ഡ്.

unnamed (8)

രണ്ടായിരത്തി ഏഴില്‍ റെയ്ബാന്‍ ആരംഭിച്ച നെവര്‍ ഹൈഡ് എന്ന പരസ്യ ക്യാമ്പയിന്‍ റെയ്ബാന്‍ എന്ന ബ്രാന്‍ഡിന് നല്‍കിയ മൈലേജ് ചില്ലറയല്ല. ഒരു ആഗോള ക്യാമ്പയിന്‍ ആയി വിഭാവനം ചെയ്ത നെവര്‍ ഹൈഡ് ക്യാമ്പയിന്‍ ആരംഭിക്കുന്നത് ന്യൂ യോര്‍ക്ക് ടൈം സ്‌ക്വയറില്‍ പന്ത്രണ്ട് എല്‍ഇഡി സ്‌ക്രീനുകളില്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള റെയ്ബാന്‍ ആരാധകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു. ഇതേ ചിത്രങ്ങള്‍ തന്നെ റെയ്ബാന്‍ ഡോട്ട് കോം ഗാലറിയിലും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കപ്പെട്ടു. രണ്ടായിരത്തി ഒന്‍പതില്‍ ഇതേ നെവര്‍ ഹൈഡ് ക്യാമ്പയിന്‍ തന്നെ നിറം കൂട്ടി റെയ്ബാന്‍ കളറൈസ് എന്ന പേരില്‍ പുനരവതരിപ്പിക്കാന്‍ റെയ്ബാന്‍ തയ്യാറായി. റെയ്ബാന്‍ വേഫെയറര്‍ കളറൈസ് കിറ്റ് പുറത്തിറങ്ങിയതോടെ റെയ്ബാന്‍ ആരാധകര്‍ക്ക് അവര്‍ക്കിഷ്ടമുള്ള നിറങ്ങള്‍ നല്‍കി റെയ്ബാന്‍ ഫ്രയിമുകള്‍ സ്വയം അലങ്കരിച്ചെടുക്കാനുള്ള അവസരം ലഭിച്ചു. കിറ്റില്‍ ഉള്ള സ്‌റ്റെന്‍സിലുകളും സ്‌പെഷ്യല്‍ മാര്‍ക്കറുകളും ഉപയോഗിച്ച് തങ്ങള്‍ക്കിഷ്ടമുള്ള ഡിസൈനുകള്‍ കിറ്റില്‍ ലഭിക്കുന്ന വെള്ള വേഫെയറര്‍ ഫ്രയിമില്‍ വിരിയിച്ചെടുക്കാം എന്നത് അവരെ ഹരം കൊള്ളിച്ചു. റെയ്ബാന്‍ റെയര്‍ പ്രിന്റ്‌സ് എന്ന പരമ്പര പുറത്തിറങ്ങിയതോടെ സിനിമയിലും പരസ്യരംഗത്തുമുള്ള പുതിയ പ്രവണതകള്‍ തങ്ങളുടെ ഫ്രയിമുകളില്‍ പ്രതിഫലിപ്പിക്കാന്‍ റെയ്ബാന്‍ ശ്രദ്ധിച്ചു.

unnamed

നാളിതു വരെ റെയ്ബാന്‍ പുറത്തിറക്കിയ മോഡലുകളില്‍ ഇന്നും ഏറ്റവും പ്രിയം അവരുടെ സിഗ്‌നേച്ചര്‍ ബ്രാന്‍ഡ് ആയ ഏവിയേറ്റര്‍ തന്നെ. തൊട്ടു പുറകില്‍ തന്നെ വേഫെയററും ഉണ്ട്. അങ്ങ് ഹോളിവുഡില്‍ മാത്രമല്ല ഇങ്ങു മലയാളക്കരയിലും ഉണ്ട് റെയ്ബാന്‍ ആരാധകര്‍. ആടുതോമയും രാജമാണിക്യവും മാത്രമല്ല ബിലാലും സാഗര്‍ ഏലിയാസ് ജാക്കിയും അന്‍വറുമൊക്കെ റെയ്ബാന്‍ ആരാധകര്‍ തന്നെ. അല്ലെങ്കില്‍ തന്റെ റെയ്ബാന്‍ ഗ്ലാസ് പൊട്ടിച്ചതിന്റെ പേരില്‍ ആടുതോമ എസ് ഐ പുലിക്കോടനെ മുണ്ടുരിഞ്ഞു വരിഞ്ഞു കെട്ടി പൊതിരെ തല്ലുമായിരുന്നോ? തന്റെ തെറിച്ചു പോയ റെയ്ബാന്‍ ഗ്ലാസിന് പകരം വേറെ നല്‍കാന്‍ രാജമാണിക്ക്യം തന്റെ അണികളെ ചുമതലപ്പെടുത്തുമോ? സരോജ് കുമാര്‍ എത്ര സീനുണ്ടോ അത്രയും കൂളിംഗ് ഗ്ലാസ് പോരട്ടെ എന്ന് പറഞ്ഞതും റെയ്ബാന്‍ മനസ്സില്‍ വച്ച് തന്നെ ആയിരിക്കണം.

ഇതെന്റെ പുതിയ റെയ്ബാന്‍ ഗ്‌ളാസാ… അത് തൊട്ടുള്ള കളി വേണ്ടാ…

ഫേവര്‍ ഫ്രാന്‍സിസ്

m swaraj against criticizers of poem sakhav
Posted by
05 August

സൂക്ഷിക്കുക, 'ബുദ്ധിജീവികള്‍' ദേഷ്യത്തിലാണ്....

-എം സ്വരാജ്

ഇപ്പോള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന സഖാവെന്ന കവിത കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് എനിക്കയച്ചു തന്നത്. കാമ്പസുകളാകെ ഈ കവിത ഏറ്റു പാടുന്നതായാണ് അറിയുന്നത്. കുരീപ്പുഴയുടെ ‘ജെസ്സി’ പോലെ ഈ കവിതയും ക്യാമ്പസില്‍ വേരുകളാഴ്ത്തി ആകാശത്തിന്റെ അപാര വിസ്തൃതിയിലേക്ക് ശിരസുയര്‍ത്തി നില്‍ക്കുന്ന മഹാ വൃക്ഷമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഹൃദയത്തെ തൊടുന്നതാണ് ആ കവിത. ഹൃദയം കൊണ്ടെഴുതിയതാണ് ആ കവിത. കവിത ചൊല്ലിയ പെണ്‍കുട്ടി ആ കവിതയുടെ ഭാവത്തെ ഹൃദ്യമായിത്തന്നെ ആവിഷ്‌കരിച്ചു. വളച്ചുകെട്ടലുകളില്ലാതെ പറയട്ടെ എനിക്കേറെ ഇഷ്ടമായി.
എന്നാല്‍ കവിതയെക്കുറിച്ച് ചില ‘ബുദ്ധിജീവികള്‍ ‘ എഴുതിയ ഹിമാലയന്‍ നിരൂപണങ്ങള്‍ ഭയാനകമെന്നു പറയാതെ വയ്യ . വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമയുന്ന മാന്യന്മാരും, വിപ്ലവമെന്നു കേള്‍ക്കുമ്പോള്‍ തന്നെ അജീര്‍ണം വരുന്നവരും പക്ഷെ ഇവിടെ കൈ കോര്‍ത്തു പിടിച്ച് ആക്രോശിക്കുന്നു … രോഷം കൊള്ളുന്നു …. നിലവിളിക്കുന്നു. …. പൈങ്കിളി … പൈങ്കിളി… എന്ന് വിലപിക്കുന്നു.

ഈ കവിതയില്‍ വിപ്ലവം പോര. കനല്‍, കത്തി, ചോര തുടങ്ങിയ വാക്കുകളില്ലാത്തതിനാല്‍ മൂര്‍ച്ചയില്ല . സാമൂഹ്യ പ്രതിബദ്ധതയില്ല . ചുരുങ്ങിയ പക്ഷം പീത പുഷ്പങ്ങള്‍ എന്നത് രക്തപുഷ്പമെന്നെങ്കിലും ആക്കാമായിരുന്നു….. എന്ന സ്‌റ്റൈലിലാണ് പണ്ഡിതരുടെ വിമര്‍ശനം. മരണക്കിടക്കയില്‍ വെച്ച് കാറല്‍ മാര്‍ക്‌സ് ആവശ്യപ്പെട്ടത് ബിഥോവന്റെ ഒരു സിംഫണി കേള്‍ക്കണമെന്നായിരുന്നു. ദാസ് കാപ്പിറ്റലിന്റെ ഒരു പാരഗ്രാഫ് വായിച്ചു കേള്‍ക്കണമെന്നായിരുന്നില്ല. അക്കാരണം കൊണ്ട് ‘യാഥാര്‍ത്ഥ വിച്ചവ സിംഹങ്ങള്‍’ മാര്‍ക്‌സിന് വിപ്ലവം പോരെന്ന് തീര്‍പ്പാക്കുകയും അദ്ദേഹത്തെ മരണാനന്തരം തൂക്കിലേറ്റാന്‍ വിധിക്കുകയും ചെയ്യുമോ ആവോ. ‘A real revolutionery is guided by the strong feeling of Love ‘ എന്നെഴുതിയ ചെ ഗുവേരയ്ക്കും ‘യഥാര്‍ത്ഥ വിപ്ലവകാരികള്‍’ എന്തെങ്കിലും ശിക്ഷ വിധിക്കാതിരിക്കില്ല… !

ഒരു കഥ വായിക്കുമ്പോള്‍, ഒരു കവിത കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു സിനിമ കാണുമ്പോള്‍ ….. നമ്മുടെ മനസില്‍ സ്‌നേഹത്തിന്റെ , ആര്‍ദ്രതയുടെ , കാരുണ്യത്തിന്റെ, കരുതലിന്റെ, പ്രതീക്ഷയുടെ … ഒക്കെ ചെറിയൊരു പ്രകാശം പരക്കുന്നുണ്ടെങ്കില്‍ അതാണ് ഉത്തമ സാഹിത്യവും കലയുമെന്ന് മനസിലാക്കാന്‍ ചിലര്‍ ഇനിയുമേറെ യാത്ര ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു.ഒരു കോളേജ് വിദ്യാര്‍ത്ഥി എഴുതി മറ്റൊരു കോളേജ് വിദ്യാര്‍ത്ഥിനി ചൊല്ലിയ ഒരു പത്തുവരി കവിത ചിലരെ ഇത്രമാത്രം അസ്വസ്ഥരും , നിദ്രാ വിഹീനരുമാക്കി മാറ്റിയെങ്കില്‍ അതാണ് ഈ കവിതയുടെ കരുത്ത്. വിമര്‍ശകരുടെ ബ്രഹ്മാണ്ഡ നിരൂപണങ്ങളെയും, ആക്ഷേപ സമാഹാരങ്ങളെയുമൊക്കെ സഹതാപത്തോടെ അവഗണിച്ചു കൊണ്ട് കേരളീയ കലാലയങ്ങള്‍ ഈ കവിത നെഞ്ചേറ്റുമെന്ന് എനിക്കുറപ്പാണ്.

ഇത് ലോകത്തിലെ ഏറ്റവും മഹത്തായ കവിതയായതുകൊണ്ടല്ല. മറിച്ച് കേരളീയ കലാലയങ്ങളിലെ സര്‍ഗ്ഗാത്മകവും ക്ഷുഭിതവുമായ യൗവ്വനത്തെ ലളിതമായി, മിഴിവാര്‍ന്ന നിറങ്ങളാല്‍ ഹൃദയങ്ങളിലെഴുതി വെക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഈ കവിത കലാലയമേറ്റു പാടുന്നത്.
സെമസ്റ്റര്‍ പരീക്ഷയുടെ കാലത്ത് കൊല്ലപ്പരീക്ഷ എന്നു കവിതയില്‍ പറയാന്‍ പാടുണ്ടോ എന്നൊക്കെ എഴുതാന്‍ ധൈര്യം കാണിച്ച പരമ പണ്ഡിതന്മാരെ പ്രത്യേക ഇനമായി കണ്ട് സംരക്ഷിക്കേണ്ടതാണ്. ഇപ്പോള്‍ പൂമരങ്ങള്‍ വെട്ടിക്കളയണമെന്ന് ആക്രോശിക്കുന്നവരും അവരുടെ മുന്‍ഗാമികളും എത്ര അദ്ധ്വാനിച്ചിട്ടും പൂക്കളും പൂക്കാലവും ബാക്കിയായെന്നോര്‍ക്കണം. വെട്ടേറ്റു വീണ പൂമരങ്ങളൊക്കെയും കുറ്റിയില്‍ നിന്നും തളിര്‍ത്തു വളരുമെന്നും കൊല്ലപ്പെട്ട ഓരോ കുട്ടിയില്‍ നിന്നും കണ്ണുകളുള്ള തോക്കുകള്‍ ജനിക്കുമെന്നും കാലം തെളിയിച്ചതാണ്.

പൂമരങ്ങള്‍ വെട്ടാന്‍ കയ്യില്‍ കോടാലിയും കഴുത്തറുക്കാന്‍ കത്തിയും, വിഷം നിറച്ച പേനയുമായി കടന്നു വരുന്ന പരമ മാന്യന്മാരെ ഒരു നിമിഷം കണ്ണു തുറന്നൊന്നു നോക്കുക…. കാതോര്‍ക്കുക…. ഇലയും പൂവും മഴയും കാറ്റും കിളിയും വാക്കും എല്ലാമെല്ലാം കാമ്പസിലുണ്ട് . നെഞ്ചുയര്‍ത്തി നിന്ന നേരുകളും , തലകുനിക്കാത്ത നിഷേധികളും, ജയിലിലായ പോരാളികളുമുണ്ട് …..
അവിടങ്ങളില്‍ കവിതകള്‍ പിറന്നില്ലെങ്കില്‍ പിന്നെവിടെയാണതു പിറക്കുക ….?

In fond memories of  Abdul Kalam story fakhrudhin panthavoor
Posted by
27 July

മണല്‍പ്പരപ്പില്‍ കാണാതെ പോയ അബ്ദുല്‍ കലാമിന്റെ ഓര്‍മകള്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ഒരു ആണ്ടിനിപ്പുറം എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ സ്മാരക ശിലകളാകാന്‍ വൈകുന്നതെന്തേ.. എന്ന ചിന്തയായിരുന്നു കഴിഞ്ഞ ദിവസം അബ്ദുല്‍ കലാമിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മനസ്സില്‍ തോന്നിയത്. രാമേശ്വരത്തെ പാതവക്കിലെ ഷെഡിലൊരു കുഴിമാടം മാത്രമായാല്‍ മതിയോ ഈ അപൂര്‍വ്വ പ്രതിഭ.

കനത്ത ചൂടിലും ഈ മഹാമനുഷ്യന്റെ ഖബറരികില്‍ എത്തുന്നവര്‍ക്ക് വെയില്‍ ചായാന്‍ ഒരു തണല്‍ക്കൂട്ട് പോലും അധികൃതര്‍ പണികഴിപ്പിച്ചിട്ടില്ല.. പച്ചപ്പട്ട് കൊണ്ട് പാതി മൂടിയ ആ ഖബറരികില്‍ നിറം മങ്ങിയൊരു ദേശീയപതാക കാണാം.. വല്ലപ്പോഴുമൊരിക്കല്‍ ആരോ സമര്‍പ്പിക്കുന്ന റോസാപ്പൂക്കളും.

രാമേശ്വരത്ത് മതിയായൊരു സ്മാരകമായ ശവകുടീരം കാണാനെത്തുന്നവര്‍ക്ക് വിശ്രമിക്കാനോ ദാഹമകറ്റാന്‍ ഒരിറ്റ് വെള്ളമോ നല്‍കാത്ത മണല്‍പ്പരപ്പിലൊരു അടയാളം മാത്രമായി ചുരുങ്ങി ഇന്ത്യയുടെ മിസൈല്‍ വിദഗ്ദന്‍.. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം..

കനത്ത വെയില്‍ അവഗണിച്ചും ഇവിടെ വിദ്യാര്‍ത്ഥികളടക്കമുള്ള സന്ദര്‍ശകരുടെ തിരക്ക് കാണാം.. പുതുപുത്തന്‍ തലമുറക്കാര്‍ക്ക് വായിച്ചറിയുന്ന പ്രാഥമിക വിവരങ്ങളടങ്ങിയ ഒരു സ്തൂപം പണികഴിപ്പിച്ചിട്ടുണ്ട്. അബ്ദുല്‍ കലാമിന്റെ സമാധി ഡല്‍ഹിയിലേക്ക് മാറ്റാന്‍ മോഡി മുന്‍ കൈയെടുത്തിരുന്നെങ്കിലും രാഷ്ട്രിയ കാരണങ്ങളാല്‍ തമിഴ്‌നാട് എതിര്‍ക്കുകയായിരുന്നു. ഒരാണ്ടിനിപ്പുറവും രാജ്യത്തിന്റെ പുരോഗതിയിലേക്ക് നയിച്ച് ഈ പ്രതിഭയെ അനാഥമായി മണല്‍പ്പരപ്പിലൊതുക്കിയത് നന്ദികേടെല്ലാതെ മറ്റെന്താണ് ?

kalaaaam-fkru

ദൂരെനിന്ന് വരുന്ന യാത്രക്കാര്‍ക്ക് അടയാളപ്പെടുത്താന്‍ ഒരു സൂചനാ ബോര്‍ഡും സ്ഥാപിച്ചിട്ടില്ല .. സ്ഥലമറിയാതെ ഞങ്ങള്‍ ധനുഷ് കോടിയോളം യാത്ര ചെയ്തത് അതുകൊണ്ടായിരുന്നല്ലോ.. പ്രാര്‍ത്ഥിച്ചും കബറിനരികിലെ ഗ്രില്ലില്‍ സ്പര്‍ശിച്ച് ആ കരമൊന്ന് തൊട്ട അനുഭൂതിയില്‍ യാത്ര പറഞ്ഞും പോകുന്ന നിരവധി പേരേ കണ്ടു.. ഖബറരികില്‍ നില്‍ക്കുമ്പോഴും കലാമിന്റെ തൊട്ടരികില്‍ നില്‍ക്കുന്നതിന്റെ ഭയവും അമ്പരപ്പും ഉണ്ടായിരുന്നു. കലാം എന്നാല്‍ സംസാരം എന്നാണ് അര്‍ത്ഥം.

കലാതിവര്‍ത്തിയായ സംസാരത്തിന് അധരങ്ങളോ അക്ഷരങ്ങളോ വേണ്ടല്ലോ.. ദൈവത്തിന്റെ പേരാണ് കലാം. അബ്ദുല്‍ കലാം എന്നാല്‍ കലാം എന്ന ദൈവത്തിന്റെ ദാസന്‍ എന്നര്‍ത്ഥം. മൗനമാണല്ലോ ദൈവത്തിന്റെ ഭാഷ. മറ്റു ഭാഷകളെല്ലാം അതിന്റെ പരിഭാഷകള്‍ മാത്രം.. മൗനത്തിലൂടെ ഇടമുറിയാതെ ഞങ്ങള്‍ സംസാരിച്ചു.. പുതിയ ഇന്ത്യയെക്കുറിച്ച് … അനുഭവിച്ചും വായിച്ചുമറിഞ്ഞ കലാമിനെക്കുറിച്ച്.

അബ്ദുല്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കാന്‍ നീക്കമുണ്ട്.. സന്തോഷകരം .. പുതിയ കാലത്തിന് ഓര്‍മപ്പെടുത്തലുകള്‍ക്ക് പ്രതിമകളായിട്ടെങ്കില്‍ നല്ലത്.. ദു:ഖകരം കലാമിന്റെ നാട്ടുകാര്‍ മത നിയമങ്ങള്‍ പറഞ്ഞ് പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നതിലാണ്. പ്രതിമകളെക്കുറിച്ചുള്ള മതകീയ കാഴ്ചപ്പാട് ശരിയായ രീതിയില്‍ വായിച്ചെടുക്കാന്‍ കഴിയാത്തതാണ് ഇത്തരം എതിര്‍പ്പുകള്‍ക്ക് പിന്നില്‍. പണ്ട് പ്രേംനസീറിനും , ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിനും ഈ ദുരവസ്ഥ നേരിട്ടിരുന്നു. അതായത് പ്രതിമാവിരോധം.. കനത്ത എതിര്‍പ്പില്‍ അത് നടക്കാതെ പോയി..

kalam-fkru

പ്രതിമകള്‍ വിഗ്രഹങ്ങളാണെന്നും വിഗ്രഹങ്ങള്‍ മത നിഷിദ്ധമാണെന്നുമാണ് പുരോഹിതര്‍ വാദിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതിമകള്‍ വിഗ്രഹങ്ങളാണോ? സ്വനമ് എന്നാണ് അറബിയില്‍ വിഗ്രഹങ്ങള്‍ക്ക് പറയുക. ദൈവികതയുള്ള വിഗ്രഹങ്ങള്‍ക്കാണ് സ്വനമ് എന്ന് പറയുക. അതായത് ദൈവമെന്ന് വിശ്വസിക്കപ്പെടുന്ന വിഗ്രഹങ്ങള്‍. മറ്റൊന്ന് ” വസന്‍ ‘ആണ്. വിഗ്രഹങ്ങള്‍ക്ക് വസന്‍ എന്നും പറയും. ദൈവമെന്ന് വിശ്വസിക്കപ്പെടാത്ത എന്നാല്‍ ദൈവത്തിന്റെ പ്രതിരൂപം മാത്രമെന്ന് വിശ്വസിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ക്കാണ് വസന്‍ എന്ന് അറബിയില്‍ പറയുക. വിവേകേനെ ഗ്രഹിക്കുന്നതാണല്ലോ വിഗ്രഹം. അതായത് അരൂപിയായ ദൈവത്തെ വിവേകത്തോടെ ഗ്രഹിക്കാന്‍ സാധാരണ വിശ്വാസികള്‍ക്കുള്ളൊരു മാധ്യമം അതാണ് ഇത്തരം വിഗ്രഹങ്ങള്‍.

ഈപ്പറഞ്ഞ രണ്ട് രൂപത്തിലുള്ള വിഗ്രഹങ്ങളെയും ഇസ്ലാം പ്രോല്‍സാഹിപ്പിച്ചിട്ടില്ല. എന്നാല്‍ മൂന്നാമതൊന്നുണ്ട്. അതിന് ” തമാസില്‍ ‘ എന്നാണ് അറബിയില്‍ പറയുക. അതായത് പ്രതിമകള്‍ / ശില്പങ്ങള്‍ എന്നൊക്കെയാണ് അര്‍ത്ഥം. ഇതിന് വിലക്കില്ലെന്ന് സൂഫികള്‍ പറയുന്നു. ഒരോ കാലത്തും ഇത്തരം ശില്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ ആ രീതിയില്‍ കാണാനാണ് സൂഫികള്‍ പഠിപ്പിച്ചത്. കേവലം പ്രതിമകളെ / ശില്പങ്ങളെ വിഗ്രഹങ്ങളാക്കുന്നത് മതഭാഷ്യത്തിന് നിരക്കുന്നതല്ലെന്ന് സൂഫികള്‍ വാദിക്കുന്നു. പ്രതിമകള്‍ വിഗ്രഹങ്ങളല്ല..അതിനെ ആരും ആരാധിക്കുന്നില്ല. ആദരിക്കുക മാത്രമാണ് ചെയ്യുന്നത്.

ഓര്‍ത്തുവെക്കാന്‍ ഒരു പ്രതിമ കൂടിയെ തിരൂ എങ്കില്‍ പ്രതിമകള്‍ സ്ഥാപിക്കട്ടെ.. പക്ഷെ അത് വിഗ്രഹമെന്ന് നുണ പറഞ്ഞ് എതിര്‍ക്കുന്നത് സൂഫികള്‍ പഠിപ്പിച്ച ജീവനുള്ള ഇസ്ലാമിന് അന്യമാണ്.

Column on Vicks Ads
Posted by
20 July

ബിക്‌സ് വേണോ അത്രുമാന്‍ജന്‍ വേണോ?

ഫേവര്‍ ഫ്രാന്‍സിസ്
കോളേജ് കാലത്തെ രസകരമായ കഥകളില്‍ ഞാന്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരു കഥയുടെ തലക്കെട്ടാണിത്. അച്ഛന് തലവേദന വന്നപ്പോള്‍ വിക്‌സ് വാങ്ങാന്‍ കടയില്‍ പോയ ഉണ്ണിക്കുട്ടന്റെ കഥ. വിക്‌സ് എന്നു പറയാന്‍ അറിയാതെ ബിക്‌സ് ഉണ്ടോ എന്നു ചോദിച്ച ഉണ്ണിക്കുട്ടനെ കണക്കിന് കളിയാക്കി കടയുടമ. ബിക്‌സ് എന്നല്ല വിക്‌സ് എന്നാണ് പറയേണ്ടത് എന്നു പറഞ്ഞു പഠിപ്പിച്ച ശേഷമേ വിക്‌സ് ഡപ്പി എടുത്തു കൊടുക്കാന്‍ അയാള്‍ തയ്യാറായുള്ളൂ. പക്ഷെ ഈ ക്ലാസ് കഴിഞ്ഞു നോക്കുമ്പോള്‍ കടയില്‍ വിക്‌സ് സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു. എന്നാല്‍ പിന്നെ വിക്‌സിന് പകരം ‘അത്രുമാന്‍ജന്‍’ മതിയോ എന്നായി കടക്കാരന്റെ ചോദ്യം. അമൃതാഞ്ജന് പകരം അത്രുമാന്‍ജന്‍ എന്നു പറയുന്ന കടക്കാരന്റെ കഥ കേട്ടാല്‍ ഇപ്പോഴും ഞാന്‍ ആര്‍ത്തു ചിരിക്കും. പക്ഷെ ആ കഥയിലൊരു പ്രശ്‌നമുണ്ട്. ആ പ്രശ്‌നം ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇപ്പോഴും എന്നെ അലട്ടുന്നുമുണ്ട്.

വിക്‌സ് സ്റ്റോക്ക് ഇല്ലാത്ത കടയുണ്ടാകുമോ?

മെഡിക്കല്‍ ഷോപ്പിലെ ചില്ലലമാരിയില്‍ മാത്രമല്ല പലചരക്കു കടയിലും മുറുക്കാന്‍ കടയിലും ബേക്കറിയിലുമൊക്കെ കൗണ്ടറില്‍ തന്നെ കയറിയിരുന്നു വിക്‌സ് വിലസാന്‍ തുടങ്ങിയിട്ട് നൂറിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒന്നു മഴ കനത്താല്‍ മലയാളി തന്റെ വീട്ടില്‍ ആദ്യം തിരയുന്ന വസ്തുക്കളില്‍ ഒന്നായി വിക്‌സ് മാറിയിട്ടും വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു. ജലദോഷം, മൂക്കടപ്പ്, തലവേദന അങ്ങനെ മഴക്കാലം സമ്മാനിക്കുന്ന ഒട്ടുമിക്ക ശാരീരിക അസ്വസ്ഥതകള്‍ക്കും ഒറ്റമൂലിയായി വിക്‌സ് ഇപ്പോഴും നമ്മുടെ കൂടെത്തന്നെയുണ്ട്.
VICKS-1
ആയിരത്തി എണ്ണൂറ്റി തൊണ്ണൂറില്‍ നോര്‍ത്ത് കരോലിനയിലെ ഒരു ഫാര്‍മസിസ്റ്റ് ആയ ലന്‍സ്ഫോര്‍ഡ് റിച്ചാര്‍ഡ്‌സണ്‍ തന്റെ അളിയനായ ഡോക്ടര്‍ ജോഷ്വാ വിക്കിന്റെ മരുന്ന് കമ്പനി ഏറ്റെടുക്കുന്നതോടെയാണ് നമ്മള്‍ ഇന്ന് ഏറ്റവും ലാഘവത്തോടെ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നായ വിക്‌സിന്റെ ചരിത്രം ആരംഭിക്കുന്നത്. ആവണക്കെണ്ണയില്‍ കര്‍പ്പൂരവും യൂക്കാലി ഓയിലുമൊക്കെ ചേര്‍ത്തു ഉണ്ടാക്കിയെടുത്ത ഈ മിശ്രിതത്തിനു റിച്ചാര്‍ഡ്‌സണ്‍ ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റിച്ചാര്‍ഡ്‌സണ്‍സ് മാജിക് ക്രൂപ് സ്ലേവ് എന്നായിരുന്നു. എന്നാല്‍ തന്റെ പേര് കൂടി ചേര്‍ത്താല്‍ അതു ഉപഭോക്താവിന് പറയാനും ഡപ്പിയില്‍ പ്രിന്റ് ചെയ്യാനുമൊന്നും അത്ര എളുപ്പമായിരിക്കില്ല എന്ന തിരിച്ചറിവ് തന്റെ ഉത്പന്നത്തിനു കുറച്ചു കൂടി മികച്ച ഒരു പേര് കണ്ടെത്താന്‍ റിച്ചാര്‍ഡ്‌സണെ പ്രേരിപ്പിച്ചു. ആ അന്വേഷണം ചെന്നെത്തിയത് തന്റെ അളിയന്റെ പേരിലാണ്. പറയാനും എഴുതാനും എളുപ്പമുള്ള ചെറിയ പേര്. വിക്‌സ്. അങ്ങിനെ റിച്ചാര്‍ഡ്‌സണ്‍സ് മാജിക് ക്രൂപ് സ്ലേവ് എന്ന പേര് വിക്‌സ് മാജിക് ക്രൂപ് സ്ലേവ് എന്ന പേരിനു വഴിമാറി. ആയിരത്തി തൊള്ളായിരത്തി അഞ്ചു മുതല്‍ പന്ത്രണ്ടു വരെ ഈ പേരില്‍ തന്നെയായിരുന്നു വിക്‌സിന്റെ പടയോട്ടം. ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ടില്‍ റിച്ചാര്‍ഡ്‌സണിന്റെ മൂത്ത മകനാണു ഈ നീളന്‍ പേരിനെ പിന്നെയും വെട്ടിയൊതുക്കി വിക്‌സ് വേപോറബ് എന്ന പേര് തങ്ങളുടെ ഉല്‍പ്പന്നത്തിന് നല്‍കിയത്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ന്യൂ യോര്‍ക്കിലും മറ്റും മാര്‍ക്കറ്റിങ് മേഖലയില്‍ ജോലിചെയ്ത അനുഭവസമ്പത്തുമായി എത്തിയ പുത്രന്‍ സ്മിത്ത് റിച്ചാര്‍ഡ്‌സണ്‍ തന്റെ പിതാവിന്റെ മരണത്തോടെ കമ്പനിയുടെ പ്രസിഡന്റ് ആയി ചുമതലയേറ്റു.

VICKS-2ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍ എന്ന ആഗോള ഭീമന്‍ കമ്പനി ഏറ്റെടുക്കുന്നത് വരെ വിക്‌സ് എന്ന ബ്രാന്‍ഡ് റിച്ചാര്‍ഡ്‌സണ്‍ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. വിക്സിന്റെ ഉത്ഭവത്തിനു പിന്നില്‍ തന്നെയുണ്ട് ധാരാളം കഥകള്‍. വിട്ടുമാറാത്ത ചുമ ബാധിച്ചവര്‍ക്ക് വേണ്ടി റിച്ചാര്‍ഡ്‌സണ്‍ കണ്ടെത്തിയതാണ് ഈ മരുന്നെന്നും അതല്ല തന്റെ മൂന്നു മക്കള്‍ക്കും സാരമായ ജലദോഷം ബാധിച്ചപ്പോള്‍ അതില്‍ നിന്നൊരു മോചനം കണ്ടെത്താനായി ഉണ്ടാക്കിയെടുത്തതാണ് വിക്സെന്നുമൊക്കെ കഥകള്‍ പറയുന്നു. ഉത്ഭവം എങ്ങിനെ ആയിരുന്നാലും ആവണക്കെണ്ണയും യൂക്കാലി തൈലവും കര്‍പ്പൂരവുമൊക്കെ ചേര്‍ത്തുണ്ടാക്കിയ വിക്‌സ് മൂക്കടപ്പിനും ജലദോഷത്തിനും തലവേദനക്കുമൊക്കെ ഒരു താത്കാലികാശ്വാസം നല്‍കാന്‍ കെല്പ്പുള്ളതാണ് എന്ന വസ്തുത വളരെ പെട്ടെന്ന് തന്നെ വിക്‌സിനെ വിപണിയുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആക്കി മാറ്റി.

VICKS-4മലയാളിക്ക് വിക്‌സിനോടുള്ള താല്പര്യത്തെ തോല്‍പിക്കാനും ഇതുവരെ ഒരു എതിരാളിക്കും കഴിഞ്ഞിട്ടില്ല. അമൃതാഞ്ജനും സന്ദുബാമുമൊക്കെ ആവോളം പരസ്യം വാരി വിതറിയിട്ടും വിക്‌സിന്റെ മേല്‍ക്കോയ്മക്ക് ചെറിയൊരു കോട്ടം വരുത്താന്‍ പോലുമായില്ല എന്നത് ഈ ബ്രാന്‍ഡ് എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ്. സാധാരണ ജലദോഷത്തിന് വിക്‌സ് തേക്കുന്നവര്‍ കുറച്ചു കൂടി വീര്യം കൂടിയ ബാം വേണമെന്ന് തോന്നുമ്പോള്‍ ആണ് അമൃതാഞ്ജനെ സമീപിക്കുന്നത്. ഈ വീര്യക്കൂടുതല്‍ തന്നെയാണ് അമൃതാഞ്ജന്റെ ഗുണവും ദോഷവും. ഗള്‍ഫ് നാടുകളില്‍ നിന്നും ലീവില്‍ നാട്ടിലെത്തുന്നവരോട് നമ്മളില്‍ പലരും കൊണ്ടു വരാന്‍ ആവശ്യപ്പെടുന്ന ഒരു ഉല്പന്നമാണ് ടൈഗര്‍ ബാം. വിക്‌സിനെക്കാളും അമൃതാഞ്ജനെക്കാളുമൊക്കെ വീര്യം കൂടിയ ഔഷധമായി നമ്മള്‍ എന്നും ഓമനിച്ചു പോരുന്ന ടൈഗര്‍ ബാം പക്ഷെ സാധാരണക്കാരന് എത്തിപ്പിടിക്കാവുന്ന ഉത്പന്നമല്ല താനും.
VICKS-5
വെറും വേപോറബ്ബില്‍ മാത്രമായി തങ്ങളുടെ ഉത്പന്ന ശ്രേണി പരിമിതപ്പെടുത്താന്‍ വിക്സും തയ്യാറായിരുന്നില്ല. ജലദോഷം എന്ന നിസ്സാരമെങ്കിലും മരുന്നില്ലാത്ത രോഗത്തില്‍ നിന്നും ആശ്വാസം നല്‍കാന്‍ എന്നും നൂതന മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്കായി വിക്‌സ് പല രൂപത്തിലും ഭാവത്തിലും അവതാരമെടുത്തു. ദേഹത്തു പുരട്ടുന്നതില്‍ നിന്നും കഴിക്കാനും മൂക്കില്‍ വലിച്ചു കേറ്റാനുമൊക്കെ സജ്ജരായി ആ ശ്രേണി നമ്മുടെ മുന്നില്‍ യുദ്ധത്തിന് തയ്യാറായി നിന്നും.

വിക്‌സ് കി ഗോലിയും കിച്ച് കിച്ച് എന്ന ശല്യക്കാരനും

VICKS-3
മലയാളി ടിവി കണ്ടു തുടങ്ങിയ കാലം തൊട്ട് അവന്റെ മനസ്സില്‍ പതിഞ്ഞ മുദ്രാവാക്യമാണ് ‘വിക്‌സ് കി ഗോലി ലോ, കിച്ച് കിച്ച് ദൂര്‍ കരോ’. വിക്‌സ് ജലദോഷത്തിനു പുരട്ടാന്‍ മാത്രമല്ല അലിയിച്ചു കഴിച്ചു തൊണ്ട വേദനയകറ്റാം എന്നും നമ്മളെ പഠിപ്പിച്ചത് ഈ പരസ്യവാചകമാണ്. ഗോലിയെന്നാല്‍ മലയാളികള്‍ കുഴികുത്തികളിക്കുന്ന ഗോട്ടിയല്ലെന്നും അതിനു ഹിന്ദിയില്‍ വെടിയുണ്ടയെന്നു മാത്രമല്ല ഗുളികയെന്നും അര്‍ത്ഥമുണ്ടെന്നു അഞ്ചാം ക്ലാസ്സില്‍ ഹിന്ദി പഠിക്കുന്നതിനു മുന്‍പ് നമ്മള്‍ നമ്മള്‍ മനസ്സിലാക്കിയതും ഇതേ പരസ്യവാചകത്തില്‍ നിന്നു തന്നെ. ഏതൊരു മെഡിക്കല്‍ ഷോപ്പില്‍ ചെന്നാലും കൗണ്ടറില്‍ തന്നെ ഒരു കുപ്പിയില്‍ നിറയെ വിക്‌സ് ഗുളികകള്‍ കാണും, ഒപ്പം ഒരു പരന്ന ഡിസ്പ്ലൈ ഷെല്‍ഫില്‍ വിക്‌സ് വേപോറബ്ബും ഇന്‍ഹേലറും അടക്കമുള്ള മറ്റ് വിക്‌സ് യോദ്ധാക്കളും. ചിലപ്പോഴൊക്കെ പലചരക്ക് കടയില്‍ നിന്നു ചില്ലറക്ക് പകരമായിപ്പോലും ഈ വിക്‌സ് മിട്ടായികള്‍ നമ്മുടെ കയ്യിലെത്തും. വിക്‌സിനെക്കാള്‍ സ്വാദുള്ള സ്‌ട്രെപ്‌സില്‍സും ആയുവേര്‍ദത്തിന്റെ രുചിക്കൂട്ടുമായി ഏലാദി ടാബ്ലറ്റ്സ്സുമൊക്കെ മത്സരിച്ചിട്ടും ഇപ്പോഴും നമുക്ക് പ്രിയം വിക്‌സ് കി ഗോലി തന്നെ. വിക്‌സ് മിട്ടായി പോലെത്തന്നെ ഡിമാന്റ് ഉള്ള ഒരു വിക്‌സ് ഉല്പന്നമാണ് വിക്‌സ് ഇന്‍ഹേലര്‍. ഒന്നു മൂക്കടഞ്ഞു പോയാല്‍ ഉടന്‍ മലയാളി എടുത്തു പയറ്റുന്ന വജ്രായുധം. ഗുണമുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്‍ഹേലര്‍ ഒരു അലങ്കാരം പോലെ കൂടെ കൊണ്ടു നടക്കുന്ന മലയാളികളും അനേകം. സിഗരറ്റ് വലിക്കുന്ന പോലെ ഇടക്കിടക്ക് ഇന്‍ഹേലര്‍ വലിച്ചു കേറ്റിയും ആളുകള്‍ സുഖം തേടും എന്നു മുന്‍കൂട്ടി കണ്ടിട്ടാകണം കീ ചെയിനിന്റെ രൂപത്തില്‍ വിക്‌സ് ഇന്‍ഹേലര്‍ പുറത്തിറക്കിയത്.


പ്രധാനമായും രണ്ടു ആവശ്യങ്ങളാണത്രെ വിക്‌സ് ഗുളികകളുടെ പരസ്യ ക്യാമ്പയിന്‍ രൂപപ്പെടുത്തിയെടുത്ത പബ്ളിസിസ് ആംബിയന്‍സ് എന്ന പരസ്യ ഏജന്‍സിക്ക് മുന്നില്‍ വിക്‌സ് ഉടമകള്‍ മുന്നോട്ട് വച്ചത്. ഒന്നാമത്തേത് തൊണ്ട വേദനയില്‍ നിന്നും കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്ന ആശ്വാസം. രണ്ടാമത്തേത് വിക്‌സ് കഴിച്ചതിനു ശേഷം വീണ്ടും നന്നായി സംസാരിക്കാന്‍ പറ്റുമെന്ന വിശ്വാസം. ഇതു രണ്ടും ഭംഗിയായി സംഗമിപ്പിച്ചു കൊണ്ടു തന്നെയാണ് ഇക്കാലമത്രയും വിക്‌സ് ഗുളികകളുടെ പരസ്യങ്ങള്‍ നമ്മളെ രസിപ്പിച്ചത്. അതില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യങ്ങള്‍ തൊട്ട് ഇപ്പോഴത്തെ യൂട്യൂബ് വിഡിയോകള്‍ വരെയുണ്ട്. അവ കൃത്യമായി പാലിച്ചു പോന്ന പരസ്യരീതികളുമുണ്ട്. വിക്‌സ് ഗോലി – കിച്ച് കിച്ച് പരസ്യങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒരു പരസ്യമാണ് ഇന്ത്യക്കാരുടെ പ്രിയ വിനോദം ക്രിക്കറ്റിനെ കൂട്ടു പിടിച്ചു പബ്ളിസിസ് ആംബിയന്‍സ് രൂപപ്പെടുത്തിയെടുത്ത പരസ്യം. റേഡിയോയില്‍ ക്രിക്കറ്റ് കമന്ററി കേട്ടു കൊണ്ടിരിക്കുന്ന അന്ധനായ വൃദ്ധനാണ് പരസ്യത്തിലെ നായകന്‍. വൃദ്ധന്റെ കൈ തട്ടി റേഡിയോ താഴെ വീണു തകരുന്നു. എന്നാല്‍ അവിടെത്തുന്ന യുവാക്കള്‍ റേഡിയോയ്ക്കു കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്ന് വൃദ്ധനെ ധരിപ്പിക്കുകയും വൃദ്ധന് വേണ്ടി റേഡിയോയിലെ ക്രിക്കറ്റ് കമന്ററി മുഴുവന്‍ പറയാന്‍ തയ്യാറാകുകയും ചെയ്യുന്നു. പക്ഷെ ഉച്ചത്തില്‍പ്പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ കമന്ററിക്കാരന്‍ യുവാവിനെ കിച്ച് കിച്ച് അലട്ടുന്നു. ഉടന്‍ സുഹൃത്തു കൊടുക്കുന്ന മെന്തോളും തേനും അടങ്ങിയ വിക്‌സ് ജംബോ കഴിച്ച് യുവാവ് തന്റെ കമന്ററി തുടരുന്നു. നേരം അന്തിയാവോളം കമന്ററി പറഞ്ഞു യാത്ര പറഞ്ഞിറങ്ങുന്ന യുവാവിനോട് ഇനി ന്യൂസ് വച്ചിട്ട് പോകാന്‍ വൃദ്ധന്‍ ആവശ്യപ്പെടുന്നിടത്താണ് ഈ കിടിലന്‍ പരസ്യം അവസാനിക്കുന്നത്.

കാലം മാറുന്നതിനനുസരിച്ചു വിക്സും തങ്ങളുടെ പുതിയ ക്യാമ്പയിനുകളുമായി വിപണിയില്‍ എപ്പോഴും സജീവമായി തന്നെ നിലകൊണ്ടു. വിജയത്തിന്റെ ഏറ്റവും ഉയര്‍ന്ന പടിയില്‍ നില്‍ക്കുമ്പോഴും പരസ്യങ്ങളില്‍ കുറവ് വരുത്താനോ പ്രചാരണ പരിപാടികളില്‍ പിശുക്ക് പിടിക്കാനോ വിക്‌സ് ശ്രമിച്ചില്ല. പഴയ ഫോര്‍മുലയില്‍ ഉറച്ചു നിന്നു കൊണ്ടു തന്നെ നമ്മെ പിടിച്ചിരുത്തുന്ന പുതിയ പരസ്യങ്ങളുമായി വിക്‌സ് ഇപ്പോഴും വിപണിയില്‍ ഒന്നാമനായി തലയുയര്‍ത്തി നില്‍ക്കുന്നു. അടുത്തിടെ ഇറങ്ങിയ വിക്‌സ് പരസ്യങ്ങളില്‍ ഏറ്റവും ഹിറ്റായത് ക്രോം പിക്‌ചേഴ്‌സിന് വേണ്ടി മലയാളിയായ മനോജ് പിള്ള സംവിധാനം ചെയ്ത ടാറ്റൂ പരസ്യമാണ്. രണ്ടും കൈയ്യും നിറയെ പച്ചകുത്തിയിരിക്കുന്ന ഒരു ‘ഫ്രീക്കത്തി’യും അവളുടെ കാമുകനായ ഒരു ചന്ദനക്കുറിക്കാരനുമാണ് പരസ്യത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. എന്നെ നിന്റെ അമ്മക്ക് ഇഷ്ടമാകുമോ എന്നാണ് കാമുകിയുടെ ചോദ്യം. ആ ചോദ്യത്തിന് മുന്‍പില്‍ അവന്റെ പ്രണയം പകച്ചു പോയെങ്കിലും ഒരു വിക്‌സ് മിട്ടായി കഴിച്ചു തന്റെ ശബ്ദം വീണ്ടെടുത്തു അവന്‍ ഉത്തരം നല്‍കുന്നു. ‘എന്റെ അമ്മക്ക് പെയിന്റിംഗുകള്‍ വളരെ ഇഷ്ടമാണ്’, ഈ ഗംഭീര ഉത്തരത്തിനു മുന്നില്‍ ഇത്തവണ പകച്ചു പോകുന്നത് കാമുകിയാണ്. ശുദ്ധ ഹാസ്യത്തിന്റെ അമിട്ട് പൊട്ടിച്ച് യുവമനസ്സുകള്‍ക്കുള്ളില്‍ ഇടിച്ചു കയറിയ ഈ പരസ്യം ഒരു വിക്‌സ് മിട്ടായി പോലെത്തന്നെ രുചിയുള്ളതാണ്.


ആയിരത്തി തൊള്ളായിരത്തി അന്‍പത്തി രണ്ടു മുതല്‍ ഇന്ത്യയില്‍ ഉള്ള ബ്രാന്‍ഡ് ആണ് വിക്‌സ് കഫ് ഡ്രോപ്സ്. കിച്ച് കിച്ച് വിക്‌സിനൊപ്പം ചേരുന്നത് എണ്‍പതുകളുടെ പകുതിയോടെയാണ്. ഇനിയെത്ര കാലം കൂടി വിക്‌സിന് ഇതേ കിച്ച് കിച്ച് ക്യാമ്പയിനുമായി മുന്നോട്ടു പോകാനാകും എന്ന ചോദ്യത്തിന് അവര്‍ക്കു നല്‍കാനുള്ളത് ഒരൊറ്റ ഉത്തരംമാത്രം. എത്ര വേണമെങ്കിലും പോകാം. ജയന്ത് കൃപലാനി തന്റെ മകള്‍ക്ക് കഥപറഞ്ഞു കൊടുത്തു തുടങ്ങിയ ഈ കിച്ച് കിച്ച് പരസ്യക്കളി ടാറ്റൂ പെണ്‍കുട്ടിയിലും കാമുകനിലുമെത്തുമ്പോഴും തികച്ചും ഫ്രഷ് ആയിത്തന്നെ തുടരുന്നു. വിക്‌സിന് രോഗം മാറ്റാന്‍ കഴിവുണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും തര്‍ക്ക വിഷയമായി നില്‍ക്കുമ്പോഴും വിക്‌സ് പരസ്യങ്ങളുടെ കാര്യത്തില്‍ അങ്ങിനെ ഒരു ശങ്ക വേണ്ട. കാലമേറെക്കഴിഞ്ഞിട്ടും പരസ്യ ക്യാമ്പയിനുകളിലെ ഒഴിവാക്കാനാവാത്ത കിച്ച് കിച്ച് ആയി അതെപ്പോഴും ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു.
favourfrancis@gmail.com

column favour francis Brand emperor in defiant mood
Posted by
30 June

കീഴടങ്ങാന്‍ കൂട്ടാക്കാത്ത ബ്രാന്‍ഡ് ചക്രവര്‍ത്തി

ഫേവര്‍ ഫ്രാന്‍സിസ്

“ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ വീട്ടിലെ ഫസ്റ്റ് ഐഡ് കിറ്റിലെ ഒരു പതിവുകാരനാണ് ഡെറ്റോൾ”.

ചില ഉത്പന്നങ്ങളെ അങ്ങനെ വിളിക്കാനേ കഴിയൂ. അവ ചക്രവര്‍ത്തിമാര്‍ തന്നെയാണ്. എതിരിടാന്‍ എത്ര വലിയ ബ്രാന്‍ഡ് വന്നാലും തലകുനിക്കാതെ നെഞ്ചു വിരിച്ചു പോരാടി തന്റെ സാമ്രാജ്യം കാത്തുസൂക്ഷിക്കുന്നവര്‍. ഉത്പന്നങ്ങളുടെ ഈ കുത്തൊഴുക്ക് കാലത്ത് അത്തരം അധികം ബ്രാന്‍ഡുകളൊന്നും പെട്ടെന്ന് പേരെടുത്തു പറയാന്‍ കഴിയില്ല. പക്ഷെ പ്രായഭേദമന്യേ ഓരോ മലയാളിയും അറിയുന്ന, ഉപയോഗിക്കുന്ന, അല്ലെങ്കില്‍ ഭാവിയില്‍ ഉപകാരപ്പെടും എന്നു കരുതി വീട്ടില്‍ വാങ്ങി സൂക്ഷിക്കുന്ന ഒരു ഉല്‍പ്പന്നമുണ്ട്. രോഗാണുമുക്തമാക്കുക എന്നു കേട്ടാല്‍ അപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി വരുന്ന ഒരു പേര്. കാലങ്ങളോളം തന്റെ പ്രൗഢിയില്‍ ഒരിഞ്ചു പോലും കുറവ് വരുത്താതെ എതിരാളികള്‍ക്ക് എത്താവുന്നതിലും മേലെ ഇപ്പോഴും ഒന്നാം സ്ഥാനത്തു തന്നെ തുടരുന്ന ഒരു ബ്രാന്‍ഡ്.

ഡെറ്റോള്‍.

കളിക്കുന്നതിനിടയില്‍ ഒന്നു വീണു പൊട്ടിയാല്‍ ഡെറ്റോള്‍ കലക്കിയ വെള്ളം ഉപയോഗിച്ചു മുറിവു കഴുകാനായിരുന്നു ഞങ്ങള്‍ക്കു കുട്ടിക്കാലത്തു കിട്ടിയ ആദ്യ ആരോഗ്യ പാഠം. നിലം തുടക്കുമ്പോള്‍ ഒരു കുറച്ചു ഡെറ്റോള്‍ കൂടി തുടക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കും അമ്മ. തുണി കഴുകുമ്പോഴും പലരും കുറച്ചു ഡെറ്റോള്‍ ചേര്‍ക്കും. ആശുപത്രിയുടെ വഴിക്കു പോകുന്ന ആരും ഒരു കുപ്പി ഡെറ്റോള്‍ വാങ്ങിക്കാതെ മടങ്ങി വരാറില്ല. ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ വീട്ടിലെ ഫസ്റ്റ് ഐഡ് കിറ്റിലെ ഒരു പതിവുകാരനാണ് ഡെറ്റോള്‍. എന്തിനും ഏതിനും പരിഹാരം കാണാന്‍ കഴിവുള്ള ഒരു മോഡേണ്‍ ഒറ്റമൂലി. എവിടെ കീടാണുവുണ്ടോ അവിടെ അന്തകനായി ഡെറ്റോളുമുണ്ട്.

ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലാണ് ഡെറ്റോള്‍ അതിന്റെ പടയോട്ടം ആരംഭിക്കുന്നത്. ഡെറ്റോളിന്റെ നിര്‍മാതാക്കള്‍ ആയ റെക്കിറ്റ് ആന്‍ഡ് സണ്‍സ് എന്ന നാമഥേയത്തില്‍ അന്ന് അറിയപ്പെട്ടിരുന്ന റെക്കിറ്റ് ബെന്‍കീസര്‍ ബ്രിട്ടീഷ് കമ്പനി തങ്ങളുടെ ഉല്‍പ്പന്നത്തിന് ആദ്യം നല്‍കാന്‍ കരുതിയ പേര് പീ സീ എം എക്‌സ് (ജഇങത) എന്നായിരുന്നു. ഉല്പന്നത്തിന്റെ പ്രധാന ചേരുവയായ പാരാക്‌ളോറോമെറ്റാസൈലീന്‍ എന്നതിന്റെ ചുരുക്കപ്പേര്. പക്ഷെ അതിലേറെ ഒതുക്കവും പറയാന്‍ എളുപ്പവും ഉള്ള പേരായ ഡെറ്റോള്‍ ആണ് അവര്‍ സ്വീകരിച്ചത്. അതാണ് പില്‍ക്കാലത്ത് വന്‍ ഹിറ്റായി മാറിയതും. പേരിനു ഒരു മെഡിക്കല്‍ പശ്ചാത്തലം അനിവാര്യമാണ് എന്നതായിരുന്നു മാനേജ്‌മെന്റ് തീരുമാനിച്ചത്. ആ തീരുമാനമാണ് ഡെറ്റോള്‍ എന്ന നാമത്തില്‍ അവരെ എത്തിച്ചേരാന്‍ സഹായിച്ചത്.

1a91225c-848f-463c-9ccd-2678dbd551ba

പാക്കിങ്ങിലും ഇതേ മെഡിക്കല്‍ പശ്ചാത്തലത്തിന്റെ ഫീല്‍ കൊണ്ടു വരാന്‍ അവര്‍ തീരുമാനിച്ചതും ഡെറ്റോളിന്റെ വിശ്വാസ്യതയെ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. അക്കാലത്തു പ്രചാരത്തിലിരുന്ന മരുന്നു കുപ്പികളുടെ അതേ രീതിയില്‍ തന്നെയാണ് ഡെറ്റോളിന്റെ കുപ്പിയുടെയും രൂപകല്പന. ഉരുളന്‍ വശങ്ങളുള്ള മെലിഞ്ഞ ബോട്ടില്‍, ആര്‍ക്കും അനായാസം തുറക്കാവുന്ന വലിയ അടപ്പ്. അക്കാലത്തു അവര്‍ ഉപയോഗിച്ച പച്ചയും വെള്ളയും നിറങ്ങള്‍ പോലും ആശുപത്രികളെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു. ഡെറ്റോളിന്റെ കുപ്പിയില്‍ ആലേഖനം ചെയ്തിരിക്കുന്ന വാളിനെ ‘ വിശ്വസ്തതയുടെ പടവാള്‍’ ആയിട്ടാണ് അവര്‍ പരസ്യങ്ങളില്‍ പ്രചരിപ്പിച്ചതു. വെള്ളത്തില്‍ ഒഴിച്ചാല്‍ വെള്ളനിറമായി മാറുന്നതിനെയും ഡെറ്റോളിന്റെ വിശ്വസ്തയുടെ മറ്റൊരു ലക്ഷണമായി അവര്‍ പരസ്യങ്ങളിലൂടെ ജനങ്ങളെ വിശ്വസിപ്പിച്ചു.

പല രാജ്യങ്ങളില്‍ ഒരേ സമയം തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്ന രീതി അധികമാരും പരീക്ഷിക്കാതിരുന്ന ഒരു കാലത്താണ് റെക്കിറ്റ് ആന്‍ഡ് സണ്‍സ് ഡെറ്റോളിനെ ബ്രിട്ടനില്‍ പുറത്തിക്കറിയ അതേ സമയത്തു തന്നെ ഇന്ത്യയിലും എത്തിച്ചത്. അന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയുടെ വിപണി സാദ്ധ്യത മുന്‍കൂട്ടി കണ്ടു എടുത്ത ആ തീരുമാനം ഒരു വേള തെറ്റായിപ്പോയോ എന്നു പോലും കമ്പനിക്കു ചിന്തിക്കേണ്ടി വന്നു. ആശുപത്രികളില്‍ മുറിവുകള്‍ കഴുകാനും മറ്റും ഡെറ്റോള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും ഇന്ത്യന്‍ വീടുകളില്‍ ഒരിടം നേടാന്‍ ഡെറ്റോളിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.

c741bdba-5d1c-489e-8538-c178ad5b40c0

പരമ്പരാഗതമായി മഞ്ഞള്‍ പോലുള്ളവ അണുനാശിനികളായി ഉപയോഗിച്ചു പോന്നിരുന്ന ഇന്ത്യക്കാര്‍ക്ക് ഒരു കെമിക്കല്‍ ആന്റി സെപ്റ്റിക്കിന്റെ ആവശ്യം തങ്ങളുടെ വീടുകളില്‍ വേണമെന്ന് തോന്നിപ്പിച്ചെടുക്കലായിരുന്നു ഡെറ്റോളിന്റെ ആദ്യ പരസ്യ തന്ത്രം. അതിനായി അവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ഡോക്ടര്‍മാരെ തന്നെയാണ്. മരുന്നുകള്‍ക്ക് പുറമെ ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുന്ന ഉത്പന്നങ്ങളിലെ ആദ്യ ശ്രേണിയില്‍ തന്നെയായിരുന്നു അന്ന് ഡെറ്റോളിന്റെ സ്ഥാനം. രോഗാണുക്കള്‍ ആണ് രോഗം പരത്തുന്നത് എന്ന അലോപ്പതി വാദം ആദ്യമൊന്നും ഇന്ത്യന്‍ ജനതക്ക് അത്ര സ്വീകാര്യമായിരുന്നില്ല.എന്നാല്‍ ശാസ്ത്രത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള പുതിയ അറിവുകളും നൂതന ചികിത്സാ രീതികളുടെ പ്രയോജനത്തെക്കുറിച്ചുള്ള അവബോധവും ഇന്ത്യക്കാരെയും രോഗാണുമുക്തമായ പരിസരങ്ങള്‍ എന്ന ചിന്തയിലേക്ക് നയിച്ചത് ഡെറ്റോളിനും ഏറെ ഗുണം ചെയ്തു.

detol

ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് ഡെറ്റോള്‍ തങ്ങളുടെ പരസ്യപ്രചാരണത്തില്‍ സിനിമാ തിയേറ്റര്‍ പരസ്യങ്ങള്‍ക്ക് പ്രധാന്യം നല്കിത്തുടങ്ങിയത്. അന്ന് ആശയമായി സ്വീകരിച്ച അമ്മകുട്ടിഅണുക്കള്‍ ത്രയം തന്നെയാണ് ഇന്നും അവരുടെ തുറുപ്പു ചീട്ടെന്നതു ശ്രദ്ധേയമാണ്. പിന്നീട് ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്ക്കു ശേഷം ഡെറ്റോള്‍ സോപ്പുകളുമായി വിപണിയിലെത്തിയപ്പോഴും ഇതേ രോഗാണുക്കളും അമ്മയും കുട്ടിയും തന്നെയായിരുന്നു അവരുടെ പരസ്യങ്ങളില്‍ മുഖ്യമായി ഇടം നേടിയത്. അന്ന് വരെ കീടാണുക്കളെ കൊല്ലാന്‍ ലൈഫ്‌ബോയ് മാത്രം ഉപയോഗിച്ചിരുന്ന ഇന്ത്യക്കാര്‍ക്ക് ഡെറ്റോളില്‍ നിന്നു പുറത്തിറങ്ങിയ ഈ രോഗാണുക്കളുടെ അന്തകന്‍ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അതു കൊണ്ടു തന്നെ ഇപ്പോഴും മിക്ക വീട്ടിലും കൈകഴുകാന്‍ ഉപയോഗിക്കുന്നത് ഡെറ്റോളിന്റെ സോപ്പോ പിന്നെ അതിനു ശേഷം ഹാന്‍ഡ് വാഷ് ലിക്വിഡ് വസന്തം ഇന്ത്യയിലും എത്തിയപ്പോള്‍ ഡെറ്റോള്‍ പുറത്തിറക്കിയ ഹാന്‍ഡ് വാഷോ ഉപയോഗിച്ചു തന്നെയാണ്.

favr detol

സോപ്പിലും ഹാന്‍ഡ് വാഷിലും ഒക്കെ ഡെറ്റോളിന് പ്രതിയോഗികള്‍ ഉണ്ടെങ്കിലും ലിക്വിഡ് ആന്റി സെപ്റ്റിക് എന്ന ഗണത്തില്‍ ഡെറ്റോളിനെ വെല്ലാന്‍ ഇന്ന് വരെ ആര്‍ക്കും കഴിഞിട്ടില്ല എന്നതാണ് വസ്തുത. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കിയ സാവ്‌ലോണ്‍ ആണ് ഡെറ്റോളുമായി ഒന്നു നേര്‍ക്കു നേര്‍ മുട്ടി നോക്കാന്‍ ആകെ ധൈര്യം കാണിച്ച ബ്രാന്‍ഡ്. ഡെറ്റോളിനെപ്പോലെ മണമോ നീറ്റലോ ഇല്ലാതെ ഡെറ്റോളിന്റെ അതേ ഗുണങ്ങള്‍ തന്നെ നല്‍കും എന്നു അവകാശപ്പെട്ടിട്ടു പോലും ഇത്തിരി മണവും നീറ്റലുമല്ലേ അതു ഞങ്ങള്‍ സഹിച്ചോളാം എന്നു ഉറക്കെ പ്രഖ്യാപിച്ചു സാധാരണക്കാര്‍ ഇപ്പോഴും ഡെറ്റോളിനൊപ്പം നില്‍ക്കുന്നു. ഈ വിശ്വാസം തന്നെയാണ് ഡെറ്റോളെന്ന ബ്രാന്‍ഡിന് ചക്രവര്‍ത്തി പദവി നല്‍കുന്നത്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ ആരംഭിച്ച യുദ്ധത്തില്‍ രണ്ടായിരത്തി പതിനാറായിട്ടും തോല്‍വി എന്തെന്നറിയാത്ത നല്ല വൃത്തിയുള്ള ചക്രവര്‍ത്തി.

Column on India Pakistan Relation Advertisement
Posted by
16 June

അതിര്‍ത്തികള്‍ ഇല്ലാതാക്കുന്ന പരസ്യങ്ങള്‍

ഫേവര്‍ ഫ്രാന്‍സിസ്
”കണ്ണുകള്‍ക്ക് വിസയുടെ ആവശ്യമില്ല.
സ്വപ്നങ്ങളെ ഒരു അതിര്‍ത്തിക്കും തടഞ്ഞു നിര്‍ത്താനാകില്ല.
കണ്ണുകളടച്ചു ഞാനെന്നും അതിര്‍ത്തി കടന്നു പോകാറുണ്ട്
മെഹദി ഹസനെ കേള്‍ക്കാന്‍…”

പറയുന്നത് മറ്റാരുമല്ല, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗാനരചയിതാക്കളില്‍ ഒരാളായ ഗുല്‍സാര്‍. ഇന്ത്യയും പാകിസ്താനും പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്ന രണ്ടു ശത്രുരാജ്യങ്ങളെന്ന് കേട്ടും വായിച്ചും പറഞ്ഞും പഠിച്ച ഇരുരാജ്യത്തിലെയും ജനങ്ങളുടെ ഇടയില്‍ ഈ ശബ്ദം വേറിട്ട് നില്‍ക്കും. അതിര്‍ത്തിക്കപ്പുറമുള്ളവര്‍ തങ്ങളുടെ സഹോദരന്മാര്‍ ആണെന്നും ഒരു കാലത്ത് ഒരേ ഗലികളില്‍ തോളോട് തോള്‍ ചേര്‍ന്നു അദ്ധ്വാനിക്കുകയും ഒരുമിച്ചു ഭാവിയെ സ്വപ്നം കണ്ടവര്‍ ആണെന്നുമുള്ള സത്യം ഈ വാക്കുകളിലൂടെ ഇരുരാജ്യക്കാരും വീണ്ടും ഓര്‍മിക്കും. രാഷ്ട്രീയക്കാര്‍ പറഞ്ഞു പഠിപ്പിച്ചതു മാത്രമല്ല ഇരുരാജ്യങ്ങളിലെയും സാധാരണക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഈ വാക്കുകള്‍ കേള്‍ക്കുന്നവര്‍ ശരിവെക്കും. പക്ഷെ എത്ര നയതന്ത്ര ചര്‍ച്ചകള്‍ നടന്നാലും വെടി നിറുത്തലുകള്‍ ഉണ്ടായാലും ഇരു രാജ്യങ്ങളിലെ ജനങ്ങളുടെ മനസ്സില്‍ അപ്പോഴും സംശയങ്ങള്‍ ബാക്കി നില്‍ക്കും. രാഷ്ട്രീയക്കാര്‍ ആലിംഗനം ചെയ്യുന്നതിലെ ആത്മാര്‍ഥത അവര്‍ സംശയിക്കും. അവിടെയും അവര്‍ സംശയിക്കാത്ത ഒന്നുണ്ടാകും. അതിര്‍ത്തികളെ അലിയിച്ചു കളയുന്ന കലയുടെ ശക്തിയെ. സംഗീതത്തിലും സിനിമയിലും ക്രിക്കറ്റിലും ഇരുരാജ്യങ്ങളും ഒരു പോലെ സ്‌നേഹിക്കുന്ന എത്രയോ മികച്ച വ്യക്തിത്വങ്ങള്‍ ഉണ്ട്. പുറമേക്ക് പ്രകടിപ്പിക്കുന്നിലെങ്കിലും സച്ചിന്‍ തെന്‍ഡുല്‍ക്കറെ ആരാധിക്കുന്ന പാകിസ്താന്‍കാരും ഷഹീദ് അഫ്രീദിയെ സ്‌നേഹിക്കുന്ന ഇന്ത്യന്‍ യുവാക്കളും കുറവല്ല.

സംഗീതവും സിനിമയും പോലെത്തന്നെ ശക്തമായ ഒരു മാധ്യമമാണ് പരസ്യവും. കച്ചവടമാണ് പ്രഥമ ലക്ഷ്യം എങ്കിലും വിപണിയുടെ സന്ദേശം ആവശ്യക്കാരില്‍ എത്തിക്കുന്നതിന് പരസ്യങ്ങള്‍ സ്വീകരിക്കുന്ന രീതികള്‍ പലപ്പോഴും മനസ്സിനെ ആഴത്തില്‍ തൊടുന്നവയാണ്. വാങ്ങിക്കുന്നവനു കിട്ടുന്ന ലാഭത്തെക്കുറിച്ചോ ഉല്പന്നത്തിന്റെ മേന്മയെക്കുറിച്ചോ പ്രത്യക്ഷത്തില്‍ ഒന്നും പറയാതെ മനുഷ്യജീവിതത്തിലെ പല സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത നന്മയുടെ കാഴ്ചകളും നര്‍മത്തിന്റെ തിളക്കവുമായി അവ മനസ്സിന്റെ അതിര്‍ വരമ്പുകളെ അതിവേഗം ഇല്ലാതാക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധവും ഇരുരാജ്യങ്ങളിലുമുള്ള മനുഷ്യരുടെ മനോവികാരങ്ങളും ഒട്ടേറെ നല്ല പരസ്യങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് നില്‍ക്കുന്നവനെ സ്വന്തം സഹോദരനെപ്പോലെ സ്‌നേഹിക്കാന്‍ സ്‌നേഹിക്കാന്‍ ആഹ്വാനം ചെയ്യുന്ന മനോഹരമായ പരസ്യങ്ങളുണ്ട് ആ പരസ്യങ്ങളുടെ ശ്രേണിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന പരസ്യമാണ് ഗൂഗിള്‍ അവരുടെ വിവിധ സേവനങ്ങളെ കോര്‍ത്തിണക്കി പറഞ്ഞ ‘റീ യൂണിയന്‍’ പരസ്യം.


ഡല്‍ഹിയിലെ തന്റെ വസതിയില്‍ ഇരുന്നു വിഭജനത്തിനു മുന്‍പ് ലാഹോറില്‍ താന്‍ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും തന്റെ ഉറ്റ സുഹൃത്തായ യൂസഫിനെക്കുറിച്ചും വാചാലനാകുന്ന ബല്‍ദേവ് എന്ന വൃദ്ധന്റെ കഥയാണ് ഈ പരസ്യം പറയുന്നത്. തന്റെ ബാല്യകാല സുഹൃത്തായ യൂസഫിന്റെ ബേക്കറിയില്‍ നിന്നും ജാജരിയ എന്ന പലഹാരം അവര്‍ ഒരുമിച്ചു കട്ടെടുക്കാറുള്ളതും തന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ അവര്‍ ഒന്നിച്ചു പട്ടം പറത്തികളിക്കാറുള്ളതും അയാള്‍ ഓര്‍മിക്കുന്നു. തന്റെ മുത്തച്ഛന്റെ വാക്കുകളില്‍ നിന്നും ലഭിച്ച സൂചനകള്‍ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് അന്വേഷിച്ചു കണ്ടെത്തുകയാണ് പൗത്രി. ആ വിവരം വച്ച് അവള്‍ യൂസഫിന്റെ കടയിലേക്ക് വിളിക്കുന്നു. അവിടെ ഫോണ്‍ എടുക്കുന്നത് യൂസഫിന്റെ പൗത്രനാണ്. തന്റെ ഉപ്പൂപ്പയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളില്‍ നിന്നും അയാളുടെ ആഗ്രഹം വായിച്ചെടുക്കുന്ന ആ കൊച്ചു മകന്‍ ആദ്യം ചെയ്യുന്നത് ഇന്ത്യയിലേക്ക് വിസ ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തെടുക്കുകയാണ്. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ പെട്ടെന്ന് മുന്നോട്ടു നീങ്ങുന്നു. യാത്ര പുറപ്പെടാന്‍ സമയം ഡല്‍ഹിയിലെ കാലാവസ്ഥ ഗൂഗിളില്‍ നിന്നും തന്നെ കണ്ടു പിടിച്ചു ഒരു കുട കൂടി പായ്ക്ക് ചെയ്യുന്നുണ്ട് അയാള്‍. അവരെ എയര്‍ പോര്‍ട്ടില്‍ കൂട്ടാന്‍ പോകുന്ന ബല്‍ദെവിന്റെ പൗത്രി ഫ്‌ലൈറ്റ് സമയം ഉറപ്പു വരുത്തുന്നതും ഗൂഗിളില്‍ തന്നെ. തന്റെ പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി തന്റെ മുന്‍പില്‍ എത്തിയ അതിഥി തന്റെ ബാല്യകാല സുഹൃത്തായ യൂസഫ് ആണെന്ന് തിരിച്ചറിയുമ്പോള്‍ ബല്‍ദേവിനു സന്തോഷം അടക്കാനാവുന്നില്ല. നിറഞ്ഞ കണ്ണുകളോടെ ഇരുവരും കെട്ടി പിടിച്ചു നില്‍ക്കുമ്പോള്‍ ഒരു നിമിഷം ചേര്‍ന്ന് നില്ക്കുന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും ജനതകള്‍ തന്നെയാണ്.


കാണുന്നവരുടെ കണ്ണു നിറക്കുന്ന പരസ്യങ്ങള്‍ മാത്രമല്ല ഇന്ത്യ-പാകിസ്താന്‍ ബന്ധത്തെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ഏറ്റവും അധികം കാണികളെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത പരസ്യമാണ് ഫെവി ക്വിക്ക് തോഡോ നഹി ജോഡോ (തകര്‍ക്കുകയല്ല വേണ്ടത്, കൂട്ടിചേര്‍ക്കൂ). വാഗ അതിര്‍ത്തിയില്‍ എന്നും നടക്കുന്ന ബീറ്റിങ്ങ് റിട്രീറ്റ് അഥവാ വാഗ ബോര്‍ഡര്‍ സെറിമണിയുടെ പശ്ചാത്തലത്തില്‍ പരസ്പരം സല്യൂട്ട് ചെയ്യുന്ന ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെയും പാകിസ്താന്‍ പട്ടാളക്കാരന്റെയും കഥയാണ് ആ പരസ്യം പറയുന്നത്. ഉയരത്തില്‍ കാലുയര്‍ത്തി സല്യൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ പാകിസ്താന്‍ പട്ടാളക്കാരന്റെ ഷൂവിന്റെ സോള്‍ പൊട്ടിപ്പൊളിഞ്ഞു തൂങ്ങി നില്‍ക്കുന്നത് ഇന്ത്യന്‍ പട്ടാളക്കാരന്‍ കാണിച്ചു കൊടുക്കുന്നു. എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു നില്‍ക്കുന്ന പാകിസ്താന്‍ പട്ടാളക്കാരന്റെ ഷൂ കണ്ണടച്ച് തുറക്കുമ്പോഴേക്കും ഒരു മാന്ത്രികന്റെ കയ്യടക്കത്തോടെ ശരിയാക്കികൊടുക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരന്‍. പരസ്പര ബഹുമാനത്തോടെ സല്യൂട്ട് അടിച്ചു പിരിയുന്ന അവരുടെ മുഖം പറയുന്നത് തകര്‍ക്കാനല്ല, കൂട്ടിച്ചേര്‍ക്കാന്‍ തന്നെയാണ്. വിഭജനത്തിന്റെ വിങ്ങല്‍ പേറുന്ന മനസ്സുകളെ. തമാശ തന്നെയായിരുന്നു അതിര്‍ത്തിയിലെ രണ്ടു പട്ടാളക്കാരെ പ്രധാന കഥാപാത്രങ്ങളാക്കി ഫോഗ് അവതരിപ്പിച്ച പരസ്യത്തിന്റെയും കാതല്‍.


ഇന്ത്യയിലെ മുന്‍ നിര മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും പാകിസ്താനിലെ മാധ്യമപ്രമുഖരായ ദി ജംഗ് ഗ്രൂപ്പും ചേര്‍ന്ന് ഇന്ത്യാ-പാക് സൗഹൃദ സന്ദേശവുമായി ആരംഭിച്ച ‘അമന്‍ കി ആശ’ എന്ന പരസ്യ കാമ്പൈന്‍ പുറത്തിറക്കിയ പരസ്യങ്ങളും ഇരു രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിലും ഒരു പോലെ ഹിറ്റ് ആയി മാറിയിരുന്നു. ഈ കുറിപ്പിന്റെ ആദ്യം ഉദ്ധരിച്ച ഗുല്‍സാറിന്റെ വരികള്‍ ഇത്തരം ഒരു പരസ്യത്തില്‍ നിന്നാണ്. അമന്‍ കി ആശ കാമ്പൈനില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഇന്ത്യയിലെയും പാകിസ്താനിലെയും അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തെ ആധാരമാക്കിയ പരസ്യമാണ്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് മൂകാഭിനയത്തിലൂടെ തങ്ങള്‍ക്കു കേള്‍ക്കേണ്ട പാട്ട് അതിര്‍ത്തിക്കിപ്പുറത്തു നിന്ന് ബൈനോകുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്ന ഇന്ത്യന്‍ കൂട്ടുകാരെ പറഞ്ഞു മനസിലാക്കുന്ന ഒരു പാകിസ്താനി വൃദ്ധന്‍. അയാളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു അയാളുടെ കൂട്ടുകാരും. വൃദ്ധന്‍ പറഞ്ഞത് ദില്‍ വാലെ ദുല്‍ഹനിയ ലെ ജായേന്‍ഗെ എന്ന ചിത്രത്തിലെ ഗാനമാണെന്ന് മനസിലാക്കുമ്പോള്‍ തന്റെ കൂട്ടുകാരോട് റേഡിയോ സ്റ്റേഷനിലേക്കു വിളിക്കാന്‍ പറയുന്ന ഇന്ത്യക്കാരന്‍. റേഡിയോയില്‍ വിളിച്ചു ഒരു പാട്ട് വച്ച് തരണം എന്ന് ആവശ്യപ്പെടുന്ന ഇന്ത്യക്കാരനില്‍ നിന്ന് റേഡിയോയില്‍ ഓള്‍ ഇന്ത്യ റേഡിയോ ട്യൂണ്‍ ചെയ്തു തങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് വച്ച് തന്നത് ആസ്വദിക്കുന്ന പാകിസ്താനി വൃദ്ധനും കൂട്ടുകാരും കുട്ടികളും. അതിര്‍ത്തി കെട്ടി വേര്‍ത്തിരിച്ച് നിര്‍ത്താവുന്നതല്ല സ്‌നേഹം എന്ന് വിശ്വസിക്കുന്ന ആരുടേയും കണ്ണില്‍ ഒരിറ്റു കണ്ണീര്‍ പൊടിക്കാന്‍ കഴിവുണ്ട് ഈ പരസ്യത്തിന്.

അമന്‍ കി ആശ പരമ്പരയില്‍ ഹിറ്റ് ആയ മറ്റൊരു പരസ്യം ആധാരമാക്കിയിരിക്കുന്നത് ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ വീറും വാശിയുമാണ്. ഒരു ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഇന്ത്യാക്കാരനും പാകിസ്താന്‍കാരനും തമ്മിലുള്ള സംഭാഷണമാണ് പരസ്യത്തിന്റെ ഇതിവൃത്തം. സച്ചിന്‍ റിട്ടയര്‍ ചെയ്യുന്നതിനെ പറ്റിയാണ് പാകിസ്താന്‍ ക്രിക്കറ്റ് പ്രേമി പറയുന്നത്. സച്ചിന്‍ പോയാല്‍ പിന്നെ ഇന്ത്യ വട്ടപൂജ്യമാകും എന്നാണു അയാളുടെ അഭിപ്രായം. എന്നാല്‍ സച്ചിന്‍ പോയാല്‍ ഞങ്ങള്‍ക്ക് വീരുവും വിരാടും ഉണ്ടെന്നാണ് ഇന്ത്യക്കാരന്റെ മറുപടി. നിങ്ങള്‍ക്ക് ആരുണ്ട് എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഹാഫിസും അക്മലും ഉണ്ടെന്നും അവര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യ ഫീല്‍ഡര്‍മാരെ ബൌണ്ടറിക്ക് പുറത്തു നിറുത്തേണ്ടി വരുമെന്നും പാകിസ്താാന്‍കാരന്‍. അതിനിടക്ക് അയാള്‍ക്ക് അമ്മയുടെ ഫോണ്‍ വരുന്നു. ഫോണില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുന്ന അയാള് തന്റെ പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ ഇന്ത്യക്കാരനോട് പറയുന്നു. ഇന്ത്യക്കാരന്‍ അത് തന്റെ അടുത്തേക്കുനീക്കി വക്കുക മാത്രമല്ല പാകിസ്താന്‍കാരന്‍ ഇരുന്ന സ്ഥലത്ത് മറ്റൊരാള്‍ ഇരിക്കാന്‍ തുനിയുമ്പോള്‍ ഇവിടെ ആളുണ്ട് എന്ന് പറഞ്ഞു അയാളെ തടയുകയും ചെയ്യുന്നു. മത്സരമാകാം ശത്രുത വേണ്ട എന്ന് പറഞ്ഞാണ് ആ രസികന്‍ പരസ്യം അവസാനിക്കുന്നത്.

ഇന്ത്യാ പാകിസ്താന്‍ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന പരസ്യങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ഇരു രാജ്യങ്ങളുടെയും വീറും വാശിയും വിഷമയമാക്കി നിര്‍മിച്ച പരസ്യങ്ങളും ഹിറ്റ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഒരിക്കലും പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന സന്ദേശവുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് കഴിഞ്ഞ ലോകകപ്പ് സമയത്ത് പുറത്തിറക്കിയ മോക്കാ..മോക്കാ പരസ്യങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് ഇന്ത്യയില്‍ ലഭിച്ചത്. സംഗതി പാകിസ്താനെ കളിയാക്കിയിട്ടാണെങ്കിലും ആ പരസ്യങ്ങളിലെ തമാശ ആസ്വദിച്ചവരില്‍ ഇന്ത്യക്കാര്‍ മാത്രമല്ല പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങളും ഉണ്ട്. പാകിസ്താനിലെ ചില ക്രിക്കറ്റ് താരങ്ങളുടെ മിന്നുന്ന പ്രകടനം കാണുമ്പോള്‍ ഇന്ത്യാ വിഭജനം ഇന്ത്യന്‍ ക്രിക്കറ്റിനു ഒരു വലിയ നഷ്ടം ആണെന്ന് കരുതുന്നവരും ഉണ്ട്. ഷാരുഖ് ഖാന്റെ സിനിമയെ സ്‌നേഹിക്കുന്ന പാകിസ്താന്‍കാരും മെഹദി ഹസന്റെ ഗസലുകളെ പ്രണയിക്കുന്ന ഇന്ത്യക്കാരും ഉള്ളിടത്തോളം അതിര്‍ത്തികള്‍ വെറും ജീവനില്ലാത്ത മുള്ളു വേലികള്‍ മാത്രമായി അവശേഷിക്കുകയേ ഉള്ളൂ. അതിനപ്പുറവും ഇപ്പുറവും തുടിക്കുന്ന മനസ്സുകളെ വേലി കെട്ടി അകത്തി നിറുത്താന്‍ അവക്ക് കഴിയില്ലല്ലോ.

favourfrancis@gmail.com

Column on Movie Advertisements
Posted by
09 June

ശേഷം സ്‌ക്രീനില്‍...നാളെ മുതല്‍ ഇതാ ഇന്നു മുതല്‍

ഫേവര്‍ ഫ്രാന്‍സിസ്
കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകള്‍ എന്ന ജയറാം ചിത്രത്തിലെ പ്രശസ്തമായ ഒരു അനൗണ്‍സ്മെന്റ് ആണ് പില്‍ക്കാലത്ത് ഏറെ പ്രശസ്തമായ ഈ തലവാചകം. നായകനായ ജയറാമിന്റെ ഉടമസ്ഥതയില്‍ ഉള്ള സിനിമാ തിയേറ്ററില്‍ ‘ഇതാ ഇന്നു മുതല്‍’ എന്ന ചലച്ചിത്രം നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു എന്നുള്ള ഈ വിളിച്ചു പറയല്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് കോളാമ്പി മൈക്കില്‍ സിനിമാ വിശേഷങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു പോകുന്ന കാറിനോ ജീപ്പിനോ പുറകെ സിനിമാ നോട്ടീസ് കിട്ടാന്‍ പാടുപെട്ടോടിയ ഒരു ഭൂതകാലത്തെക്കാണ്. ആ സുവര്‍ണകാലത്തില്‍ നിന്നു തന്നെയാണ് എന്റെ തലമുറയുടെ സിനിമാ പരസ്യങ്ങളെക്കുറിച്ചുള്ള ഓര്‍മകളും തുടങ്ങുന്നത്. എന്നാല്‍ ജീപ്പിനും കാറിനും പകരം കാളവണ്ടികളും നോട്ടീസുകള്‍ക്ക് പകരം പാട്ടുപുസ്തകവുമായി സിനിമാപരസ്യങ്ങള്‍ മലയാളമണ്ണില്‍ എത്തിയ കാലം തൊട്ടു സജീവമാണ്. കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്ന സിനിമാപ്പരസ്യവഞ്ചികള്‍ ഉണ്ടായിരുന്ന ഒരു ബ്ലോക്ക് ബസ്റ്റര്‍ ഭൂതകാലം.

സിനിമയുടെ പരസ്യങ്ങളെ മറ്റു ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങളുടെ ഗണത്തില്‍ സാധാരണയായി ഉള്‍പ്പെടുത്തി കാണാറില്ല. പക്ഷെ വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങളെക്കാള്‍ പരസ്യം എന്ന പ്രചരണ മാദ്ധ്യമത്തിന്റെ ശക്തി നേരത്തെ തന്നെ തിരിച്ചറിയുകയും അതിനായി അവലംബിക്കാവുന്ന സകല മാര്‍ഗങ്ങളും പയറ്റി നോക്കുന്നതും സിനിമയുടെ പിന്നണിക്കാര്‍ തന്നെ. പരസ്യങ്ങള്‍ മാത്രമല്ല പബ്ലിക് റിലേഷനും സിനിമയുടെ ഔദ്യോഗിക പ്രചരണ രീതികളില്‍ എന്നേ സ്ഥാനം പിടിച്ചു കഴിഞ്ഞു. പീആര്‍ഓ എന്ന പദവിയെക്കുറിച്ച് ശരാശരി മലയാളി ആദ്യമായി കേള്‍ക്കുന്നത് സിനിമയില്‍ നിന്ന് തന്നെ ആയിരിക്കും. വേറെ ആരൊക്കെ സിനിമയില്‍ പീആര്‍ഓ ആയി വന്നാലും വാഴൂര്‍ ജോസ് എന്ന പേര് മലയാളിയുടെ മനസ്സില്‍ നിന്ന് അത്രയെളുപ്പമൊന്നും മായാന്‍ ഇടയില്ല. പക്ഷെ സിനിമയെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് അപ്പോഴും ഇപ്പോഴും ഇനി എല്ലായ്‌പ്പോഴും വഹിക്കാന്‍ പോകുന്നത് സിനിമാ പോസ്റ്ററുകള്‍ തന്നെയായിരിക്കും. നഗരത്തിലെ സ്ഥിരം പോസ്റ്റര്‍ സ്‌പോട്ടുകളില്‍ പുതിയ പോസ്റ്റര്‍ വരുമ്പോള്‍ പുതിയ സിനിമകളെക്കുറിച്ചറിയുന്ന മലയാളികള്‍ ഇപ്പോഴുമുണ്ട്. അത്തരത്തില്‍ ഉള്ള ഒരു ഗംഭീര പോസ്റ്റര്‍ സ്‌പോട്ട് ആണ് കോഴിക്കോട് മാവൂര്‍ റോഡിലെ ഓവര്‍ബ്രിഡ്ജിന്റെ ഇരുവശങ്ങളും.

സര്‍ഫില്‍ വിരിഞ്ഞ പോസ്റ്റര്‍ വസന്തം
ഞങ്ങളുടെ സിനിമാ കൗമാരത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു പോസ്റ്റര്‍ ആണ് ന്യൂ ഡല്‍ഹി എന്ന ജോഷി ചിത്രത്തിന്റെ. ത്രീ ഡീ പോലെ ഉയര്‍ന്നു നില്‍ക്കുന്ന അതിന്റെ ടൈറ്റില്‍ ആയിരുന്നു അതിന്റെ ഹൈ ലൈറ്റ്. ഡിസൈനിങ്ങിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാതിരുന്ന അക്കാലത്ത് ഞങ്ങളുടെ ഇടയില്‍ പ്രചരിച്ച ഒരു കിംവദന്തി ആയിരുന്നു ന്യൂഡല്‍ഹിയുടെ ആ മിഴിവാര്‍ന്ന ടൈറ്റിലുകള്‍ സര്‍ഫ് പൊടി കൂട്ടിയിട്ട് അക്ഷരങ്ങളാക്കി അത് ഫോട്ടോ എടുത്തതാണെന്ന്. പക്ഷെ അത് കേരളം കണ്ട ഏറ്റവും മികച്ച പോസ്റ്റര്‍ ഡിസൈനര്‍മാരില്‍ ഒരാളായ ഗായത്രി എയര്‍ ബ്രഷ് ഉപയോഗിച്ച് ചെയ്‌തെടുത്ത ഡിസൈന്‍ ആയിരുന്നെന്നു എന്നറിയുന്നത് ഏറെക്കാലം കഴിഞ്ഞാണ്.

ഈ തിരിച്ചറിവുകള്‍ ഉണ്ടായാലും ഇല്ലെങ്കിലും സിനിമ വരുന്നു എന്ന് നമ്മെ വിളിച്ചറിയിക്കുന്നത് പോസ്റ്ററുകള്‍ തന്നെയാണ്. ആരാന്റെ ചുവരില്‍ നെഞ്ചും വിരിച്ചു നിന്നിട്ട് തന്നെയാണ് ജയന്‍ തൊട്ടു ജയസൂര്യ വരെയുള്ള താരങ്ങള്‍ നമ്മുടെ ഹീറോകള്‍ ആയി മാറിയത്. സിനിമാ പോസ്റ്റര്‍ എന്ന സിമ്പിളും അതെസമയം പവര്‍ഫുള്ളും ആയ പരസ്യ രീതി തന്നെയാണ് സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച പ്രചാരണരീതിയായി ഈ ഓണ്‍ലൈന്‍ യുഗത്തില്‍ പോലും പരിഗണിക്കപ്പെടുന്നത്. പരമ്പരാഗത പരസ്യ രീതികളോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പ്രചാരണ ആയുധവും പോസ്റ്ററുകള്‍ തന്നെ. എന്നാല്‍ ആദ്യകാലത്തൊന്നും പരസ്യ ഏജന്‍സികള്‍ ആയിരുന്നില്ല സിനിമയ്ക്കു വേണ്ടിയുള്ള പോസ്റ്ററുകള്‍ പോസ്റ്ററുകള്‍ ഒരുക്കിയിരുന്നത്. നാം കണ്ട മികച്ച പോസ്റ്ററുകളില്‍ പലതും ഡിസൈന്‍ ചെയ്തത് ഭരതനെപ്പോലുള്ള സംവിധായകരും ഗായത്രി സുരേഷ്, സാബൂ കൊളോണിയ പോലുള്ള പോസ്റ്റര്‍ ഡിസൈനര്‍മാരും ആയിരുന്നു.

എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഡിസൈന്‍ വ്യാപകമായപ്പോള്‍ പെട്ടെന്ന് തന്നെ പോസ്റ്റര്‍ ഡിസൈനില്‍ ഒരു പുത്തന്‍ തലമുറയുടെ കടന്നു വരവ് കേരളം കണ്ടു. കോളിന്‍സ് ലിയോഫില്‍, ജിസന്‍ പോള്‍ തുടങ്ങിയ വ്യക്തികളും ഓള്‍ഡ് മങ്ക്‌സ്, തോട്ട്‌സ്റ്റേഷന്‍ തുടങ്ങി ന്യൂ ജനറേഷന്‍ പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനങ്ങളും ഈ രംഗത്ത് വന്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. ഈ സ്ഥാപനങ്ങള്‍ സിനിമാ പോസ്റ്ററുകളില്‍ മാത്രം അവരുടെ ഡിസൈന്‍ പ്രാഗത്ഭ്യം ഒതുക്കി നിറുത്തിയില്ല. കേരളത്തിലെ ഇന്ന് കാണുന്ന പല മികച്ച പരസ്യ ഡിസൈനുകള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും പിന്നില്‍ ഇതേ യുവാക്കളുടെ കരവിരുത് തന്നെയാണെന്നത് എടുത്തു പറയേണ്ടതാണ്. ഈ പരസ്യ കമ്പനികള്‍ സിനിമയുടെ പോസ്റ്റര്‍ ഡിസൈനുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മോഷന്‍ പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസറുകള്‍, ഓണ്‍ലൈന്‍ ട്രെയിലറുകള്‍, മേകിംഗ് വീഡിയോകള്‍ തുടങ്ങി ഒരു സിനിമയെ എങ്ങിനെയൊക്കെ സിനിമാ പ്രേമികളുടെ മുന്നില്‍ എത്തിക്കാമോ ആ മാര്‍ഗങ്ങളെല്ലാം പയറ്റുന്നു. ഇത്രയും സംഗതികള്‍ അരങ്ങു വാഴുന്ന സിനിമാലോകത്ത് ഇന്നും പോസ്റ്ററുകള്‍ ഒരു കാരണവരുടെ തലയെടുപ്പോടെ വേറിട്ട് നില്‍ക്കുന്നു

പാട്ടും പരസ്യം തന്നെ
ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകം ആണ് ഗാനങ്ങള്‍. നടീ നടന്മാര്‍ മാത്രമല്ല സിനിമാപ്രേമിക്കു സൂപ്പര്‍ സ്റ്റാറുകള്‍. ആ ഗണത്തില്‍ മുഹമദ് റഫി തൊട്ടു കൊല്ലം ഷാഫി വരെയുള്ള ഗായകരുമുണ്ട്. സിനിമയെ ജനമനസ്സുകളില്‍ എത്തിക്കുന്ന പരസ്യങ്ങളുടെ മുന്‍നിരയില്‍ എന്നും ഈ ഗാനങ്ങളും ഇടം നേടിയിട്ടുണ്ട്. നമ്മള്‍ അതിനെ പരസ്യം എന്ന് പേരിട്ടു വിളിക്കാറില്ലെങ്കിലും. സിനിമയ്ക്കു മുന്‍പേ സിനിമാ പ്രേമിയെ തേടിയെത്തുന്ന ഗാനങ്ങള്‍ ഒരു സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. സിനിമാ തിയേറ്ററില്‍ വിതരണം ചെയ്യുന്ന പാട്ട് പുസ്തകം പലര്‍ക്കും അക്കാലത്ത് ഒരു അമൂല്യ സമ്പത്തായിരുന്നു. അതിന്റെ പരസ്യസാദ്ധ്യതയെക്കുറിച്ചൊന്നും ചിന്തിക്കാത്ത സിനിമാപ്രേമി ആ പാട്ടുപുസ്തകങ്ങള്‍ നോക്കി പാട്ടുകള്‍ കാണാപാഠം പഠിച്ചു പാടി നടന്നു. പിന്നീട് റേഡിയോ വീടുകളില്‍ പ്രചാരം നേടിയതോടെ റേഡിയോകളില്‍ നമ്മള്‍ ഇഷ്ടഗാനങ്ങള്‍ക്ക് കാതോര്‍ത്തു. ചലച്ചിത്രഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ ചേക്കേറി. കൂടെ ആ സിനിമകളും. ഗള്‍ഫില്‍ നിന്നും ടേപ്പ് റെക്കോര്‍ഡര്‍ എന്ന അതിഥി എത്തിയതോടെ പാട്ടു കേള്‍ക്കാന്‍ ചലച്ചിത്രഗാനങ്ങളും സിബാക്കാ ഗീത് മാലയും കാത്തിരുന്ന നമ്മള്‍ നമ്മുടെ ഇഷ്ട ഗാങ്ങളുടെ കാസറ്റുകള്‍ ശേഖരിച്ചു അവ വീണ്ടും വീണ്ടും കേട്ട് രസിച്ചു.

കാസറ്റില്‍ പാട്ടും കേട്ട് ആ ഗാനരംഗങ്ങള്‍ മനസ്സില്‍ കണ്ടു കാലം കഴിച്ചു പോന്ന മലയാളി സിനിമാപ്രേമിക്ക് ഒരായിരം വര്‍ണക്കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ടാണ് ദൂരദര്‍ശന്റെ വരവ്. പാട്ടിനൊപ്പം പാട്ടുരംഗങ്ങളും ടീവിയിലൂടെ മലയാളിയുടെ സ്വീകരണമുറിയിലെത്തി. ചിത്രഗീതവും ചിത്രമാലയും ചിത്രഹാറും കണ്ടു അവന്‍ സിനിമയെ പ്രേമിച്ചു. ടീവിയിലൂടെ ഗാനരംഗങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു മറ്റേതു പരസ്യത്തിനും കയറിക്കൂടാവുന്നതില്‍ ആഴത്തില്‍ സിനിമ അവരുടെ ഉള്ളില്‍ കയറിക്കൂടി. ഒരു ട്രെയിലര്‍ പോലും പുറത്തിറക്കാതെ ‘ആലുവാപ്പുഴയുടെ തീരത്ത്’ എന്ന ഒരൊറ്റ ഗാനത്തിന്റെ ദ്രിശ്യാവിഷ്‌കാരം ടീവിയില്‍ പുറത്തു വിട്ടാണ് ‘പ്രേമം’ എന്ന സിനിമ ഒരു സര്‍വകാല സൂപ്പര്‍ ഹിറ്റിലേക്കുള്ള ആദ്യ പടി ചവിട്ടിയത് എന്ന വസ്തുത പാട്ട് പരസ്യമായി മാറിയതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളില്‍ ഒന്നാണ്.

സീരിയലുകളും ക്രിക്കറ്റും വാര്‍ത്തയും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സിനിമയോടും സിനിമാപാട്ടുകളോടും നമുക്കുള്ള സ്‌നേഹത്തെ കുറക്കാന്‍ കഴിഞ്ഞില്ല. അവസാനം ടീവിയും സിനിമയ്ക്കു വഴങ്ങിക്കൊടുത്തു. ഗാനരംഗങ്ങള്‍ കോര്‍ത്തിണക്കിയതു പോലെ അവര്‍ തമാശ രംഗങ്ങളും കൂട്ടിച്ചേര്‍ത്തു നര്‍മ പരിപാടികള്‍ തുടങ്ങി. പിന്നീടു സിനിമക്കും സിനിമാ ഗാനങ്ങള്‍ക്കും മാത്രമായി സ്വകാര്യ ചാനല്‍ മുതലാളിമാര്‍ പുതിയ ചാനലുകള്‍ തുടങ്ങി. തിയേറ്ററില്‍ നാലു ദിവസം തികച്ചോടാത്ത പടങ്ങളെപ്പോലും അവര്‍ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം എന്ന് വിളിച്ചു. ശരിക്കും സൂപ്പര്‍ ഹിറ്റ് ആയ ചലച്ചിത്രങ്ങള്‍ ഓണത്തിനും പെരുന്നാളിനും സംപ്രേഷണം ചെയ്തു അവര്‍ കോടികള്‍ പരസ്യയിനത്തില്‍ വാരിയെടുത്തു. രാവിലെ തൊട്ടു വൈകീട്ട് വരെ പാട്ടായും ട്രെയിലറായും നുറുങ്ങു രംഗങ്ങളായും താരസല്ലാപമായും അവാര്‍ഡ് നൈറ്റായും സാറ്റലൈറ്റ് റൈറ്റായും ചാനലുകളില്‍ നിറഞ്ഞു നിന്ന് സിനിമ കോടികളുടെ ലാഭം കൊയ്തു. കൂടെ ഒരു രൂപാ ചെലവില്ലാതെ അവര്‍ പരസ്യവും നേടിയെടുത്തു.

ഒരു ലൈക്ക് കിട്ടിയിരുന്നെങ്കില്‍…
വെറുമൊരു ടീവി സമ്മാനിച്ച സൗഭാഗ്യത്തില്‍ ഒതുങ്ങി നില്‍ക്കാനൊന്നും സിനിമ തയ്യാറായിരുന്നില്ല. ടോട്ടല്‍ ആര്‍ട്ട് എന്ന പോലെ ടോട്ടല്‍ ബിസിനസ്സുമാണ് സിനിമ എന്ന് അതുമായി ബന്ധപ്പെട്ടവര്‍ക്ക് നന്നായി അറിയാം. അതു കൊണ്ട് തന്നെ സിനിമയെ കൂടുതല്‍ പ്രചരിപ്പിക്കാനും അത് വഴി കൂടുതല്‍ ലാഭം നേടാനും അവര്‍ പരസ്യത്തിന്റെ നൂതന വഴികള്‍ അന്വേഷിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ് ഒരു മുതലാളിയുടെയും കാലു പിടിക്കാതെയും സാറ്റലൈറ്റ് വില പേശാതെയും തങ്ങളുടെ തങ്ങള്‍ക്കിഷ്ടമുള്ളതെന്തും പ്രചരിപ്പിക്കാന്‍ പറ്റിയ ഒരു മാദ്ധ്യമം അവര്‍ക്ക് മുന്നില്‍ അവതരിക്കുന്നത്. ഓര്‍ക്കുട്ട് എന്ന തുടക്കം മലയാളിക്ക് സമ്മാനിച്ചത് അപരന്റെ ജീവിതത്തില്‍ എത്തിനോക്കാന്‍ അവനു ജന്മനാ ഉള്ള ഒരു താല്പര്യത്തിന്റെ മിനുക്കിയെടുത്ത വേദിയായിരുന്നു എങ്കില്‍ ഫേസ്ബുക്കില്‍ എത്തിയപ്പോള്‍ അവന്‍ അതിന്റെ ബിസിനസ് സാദ്ധ്യതകളും മനസിലാക്കി. ഇപ്പോഴും ഒരു ചെറിയ ശതമാനം ആളുകള്‍ ആണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടു പോലും ആ ചെറിയ ശതമാനമാണ് തങ്ങളുടെ യഥാര്‍ത്ഥ ടാര്‍ഗറ്റ് എന്ന തിരിച്ചറിവ് അവനെ ആവേശഭരിതനാക്കി. സിനിമ മാത്രമല്ല എല്ലാ മേഖലകളും ഫേസ്ബുക്കിന്റെ പരസ്യസാദ്ധ്യത തിരിച്ചറിഞ്ഞു. പക്ഷെ അവിടെയും വിജയം നേടിയത് ഏറ്റവും ജനപ്രിയ മാദ്ധ്യമമായ സിനിമ തന്നെ.

ഫേസ്ബുക്കിനു വേണ്ടി സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ ഉണ്ടായി. പല സംവിധായകരും നടന്മാരും അവരുടെ പുതിയ സിനിമകള്‍ ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചു. ഫേസ്ബുക്കില്‍ തന്നെ ഫസ്റ്റ്‌ലുക്കും ടീസറും പുറത്തിറക്കി. യു ട്യൂബില്‍ ട്രെയിലര്‍ അപ്ലോഡ് ചെയ്തു ഫേസ്ബൂക്കിലൂടെ അത് മാലോകരില്‍ എത്തിച്ചു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന് വേണ്ടി ആഷിഖ് അബു വളരെ വിദഗ്ദമായി ഫേസ്ബുക്ക് പരസ്യമാദ്ധ്യമമാക്കി. സിനിമ വന്‍ വിജയമായതോടെ ഇപ്പോള്‍ എല്ലാ സിനിമകളുടെയും ടൈറ്റില്‍ കാര്‍ഡില്‍ ‘താങ്ക്‌സ് ടു ഫേസ്ബുക്ക് ഫ്രണ്ട്‌സ്’ എന്ന ക്രെഡിറ്റ് കൂടി വന്നു ചേര്‍ന്നു. ഫാന്‍സുകാര്‍ക്ക് തങ്ങളുടെ താരങ്ങളുടെ ചിത്രങ്ങള്‍ ആഘോഷമാക്കാന്‍ മറ്റൊരു വേദി കൂടി കിട്ടി. അവര്‍ തങ്ങളുടെ താരങ്ങളുടെ പടങ്ങളെ വാനോളം പുകഴ്ത്തി പോസ്റ്റുകള്‍ ഇട്ടു. എതിര്‍ താരത്തിന്റെ പടത്തെ ഓണ്‍ലൈന്‍ ആയി കൂക്കി വിളിച്ചു. ഇതെല്ലാം കണ്ടു സിനിമാക്കാര്‍ സന്തോഷിച്ചു. ഒരു രൂപാ പോലും ചെലവില്ലാതെ ആരാധകന്റെ ഡാറ്റാ ചെലവില്‍ അവരുടെ സിനിമാ പരസ്യങ്ങള്‍ ഓണ്‍ലൈന്‍ ലോകമാകെ പറന്നു നടന്നു. ഇതിന്റെ സാധ്യത മനസിലാക്കിയ ചില യുവാക്കള്‍ ഓണ്‍ലൈന്‍ സിനിമാ പ്രൊമോഷന്‍ എന്ന പുതിയ ബിസിനസ്സിലേക്ക് തിരിഞ്ഞു. ആദ്യമൊക്കെ പണം വാങ്ങാതെ പ്രചരണം നടത്തിയ ഇവര്‍ പച്ച പിടിച്ചപ്പോള്‍ കൃത്യമായി കൂലി പറഞ്ഞു വാങ്ങി. സിനിമാ പ്രാന്തന്‍, മെട്രോ മാറ്റിനി, അങ്ങിനെ പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ പേര്‍ ഈ പുതിയ പരസ്യ രീതി പയറ്റി. പല സിനിമകളെയും അവര്‍ വിജയിപ്പിച്ചു. പലതും അവര്‍ ഉത്സാഹിച്ചിട്ടും എട്ടു നിലയില്‍ പൊട്ടി. അത് ബിസിനസ്സില്‍ പറഞ്ഞിട്ടുള്ളത് തന്നെ. കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങള്‍ കൊടുത്തു കൊട്ടിഘോഷിച്ചു വിപണിയില്‍ എത്തുന്ന എത്രയോ ബ്രാന്‍ഡുകള്‍ പോട്ടിപ്പോകുന്നു. അതെ ഇവിടെയും സംഭവിച്ചുള്ളൂ. നല്ലത് വിജയിച്ചു. പക്ഷെ പലതിനെയും നല്ലതെന്ന് തിരിച്ചറിയാന്‍ ഈ സൈറ്റുകള്‍ സഹായിച്ചു. മുഴുവന്‍ സിനിമകളെയും ഓണ്‍ലൈന്‍ സിനിമാപ്രേമികള്‍ക്ക് മുന്നില്‍ എത്തിച്ചു അവര്‍ അവരുടെ പരസ്യധര്‍മം കൃത്യമായി നിര്‍വഹിച്ചു.

ഗോസ്സിപ്പില്‍ നിന്നും ചളിയിലേക്ക്
ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടീനടന്മാരെ ഏറ്റവും ആകുലപ്പെടുത്തിയിരുന്നത് സിനിമാ മാസികകളില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഗോസിപ്പുകള്‍ ആയിരുന്നു. അവരെക്കുറിച്ച് എന്തെങ്കിലും ഗോസിപ്പുകള്‍ പ്രസിദ്ധീകരിച്ചു വരുന്നതില്‍ ആയിരുന്നില്ല അവര്‍ക്ക് വിഷമം, മറിച്ചു പുതിയ ലക്കത്തില്‍ അവരെക്കുറിച്ച് ഗോസിപ്പുകള്‍ ഒന്നും തന്നെ അച്ചടിച്ചു വന്നിട്ടില്ലെങ്കില്‍ ആയിരുന്നു അവര്‍ക്ക് സങ്കടം. കാര്യം സിമ്പിള്‍ ആണ്. ഗോസ്സിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇപ്പോഴും നല്ല വിപണി മൂല്യം ഉള്ള താരങ്ങള്‍ ആണെന്നത് തന്നെ. ഗോസ്സിപ്പ് കോളങ്ങളില്‍ നിന്നും അപ്രത്യക്ഷരാകുന്നവര്‍ പതുക്കെ പതുക്കെ സിനിമയില്‍ നിന്നും മാഞ്ഞു പോകുമെന്നത് അവരുടെ വിശ്വാസം. ഇന്ന് സിനിമാ മാസികകളുടെ കാര്യമേ പരുങ്ങലില്‍ ആണ്. അപ്പോള്‍ പിന്നെ ഗോസ്സിപ്പ് കോളങ്ങളുടെ കാര്യം പറയണ്ടല്ലോ. ഇപ്പോള്‍ എല്ലാ നടീനടന്‍മാരും ഉറ്റു നോക്കുന്നത് ഫേസ്ബുക്കില്‍ സജീവമായ ട്രോള്‍ പേജുകളിലേക്കാണ്.

ട്രോള്‍ മലയാളം, ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ തുടങ്ങി എന്തിലും ഇതിലും തമാശ കണ്ടെത്താന്‍ കഴിവുള്ള ഈ ട്രോള്‍ പേജുകളുടെയും അതിലെ ആസ്ഥാന ചളിയന്‍മാരുടെയും പ്രധാന ഇരകള്‍ സിനിമാ താരങ്ങള്‍ തന്നെ. 1983 എന്ന സിനിമയില്‍ ഗ്രിഗറി അവതരിപ്പിച്ച സച്ചിന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ഇതേ ചളിയന്മാര്‍ തന്നെയാണ് അനാര്‍ക്കലിയിലെ ബിജു മേനോനെ കിണറ്റിലും കപ്പിയിലും ശൂന്യാകാശത്ത് പോലും കൊണ്ട് വച്ച് ട്രോളിയത്. ട്രോളുകളും സിനിമക്ക് നല്കുന്നത് പബ്ലിസിറ്റി തന്നെയാണ്. ഇത് നേരത്തെ തിരിച്ചറിഞ്ഞത് യുവതാരങ്ങളെക്കാള്‍ ചെറുപ്പം സൂക്ഷിക്കുന്ന സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ. തന്റെ ഏറ്റവും പുതിയ ചിത്രമായ കസബയുടെ ഫസ്റ്റ് ലോക്ക് പോസ്റ്ററിനെ ചളിയന്മാര്‍ ഒരു മെഗാ ബമ്പര്‍ ആഘോഷമാക്കി മാറ്റിയപ്പോള്‍ അതെല്ലാം തിരഞ്ഞു പിടിച്ചു ഷെയര്‍ ചെയ്തു മമ്മൂട്ടി കയ്യടി വാങ്ങി. ഒപ്പം തന്റെ പുതിയ ചിത്രത്തിനുള്ള ഗംഭീര പരസ്യവും. ഇതില്‍ അന്തം വിട്ട ചളിയന്മാര്‍ ഒന്ന് മനസ്സിലാക്കി.

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ!
അതെ. ചന്തുവിനെപ്പോലെത്തന്നെയാണ് പരസ്യങ്ങളും. അവന്‍ ഏതു രൂപത്തിലും വരാം. ആരാന്റെ ചുവരില്‍ വിരിഞ്ഞു നില്‍ക്കുന്ന സിക്‌സ് ഷീറ്റ് പോസ്റ്റര്‍ തൊട്ടു ഉള്ളം കയ്യില്‍ ഇരിക്കുന്ന സ്മാര്‍ട്ട് ഫോണിലെ വാട്ട്സാപ്പ് മെസേജ് വരെ അവന്റെ വിഹാരരംഗങ്ങളാണ്. സിനിമ മാസ് ആണെങ്കില്‍ സിനിമാപ്പരസ്യങ്ങള്‍ കൊലമാസാണ്.

ഫേവര്‍ ഫ്രാന്‍സിസ്
favourfrancis@gmail.com

Election Campaigning Moved to in Fb Walls
Posted by
28 April

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ ചുമരില്‍ നിന്നു വാളിലേക്ക്

ഫേവര്‍ ഫ്രാന്‍സിസ്
തെരഞ്ഞെടുപ്പ് കാലമെന്നാല്‍ പരസ്യങ്ങളുടെ കാലമാണ്. പരസ്യങ്ങളെന്നാല്‍ സാദാ ഡൂക്കിലി പരസ്യങ്ങളല്ല. ഒരു കടല്‍ ഭിത്തിക്കും അടക്കിനിറുത്താനാവാത്ത തിരമാലകളെപ്പോലെ നാട് മുഴുവന്‍ അലയടിക്കുന്ന പരസ്യ സുനാമികളാണ് അവ. ചിലയിടങ്ങളെ അവ ചുവപ്പില്‍ മുക്കും, ചിലയിടങ്ങളില്‍ ത്രിവര്‍ണം വിരിയിക്കും. മറ്റു ചിലയിടത്ത് അത് പച്ച ലഡ്ഡു വരെ പൊട്ടിക്കും! സാധ്യമായ എന്തിലും രാഷ്ട്രീയക്കാര്‍ പരസ്യത്തിന്റെ സാദ്ധ്യത കണ്ടെത്തും. അത് പൂരപ്പറമ്പിലെ വിശറിയിലാകാം, മുഖംമൂടി വച്ച സംഭാര വിതരണക്കാരിലാകാം, ചിലപ്പോള്‍ ഒരു പടി കൂടി കടന്നു കല്യാണക്ഷണക്കത്തില്‍ പോലുമാകാം. തെരഞ്ഞെടുപ്പു കാലത്തു പരസ്യം ചെയ്യാന്‍ ഇടമന്വേഷിച്ചു അലയണ്ട ഗതികേട് ഇന്നേ വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഉണ്ടായിട്ടില്ല. പഴയൊരു നാടോടിക്കഥയില്‍ പറയുന്ന പോലെ നടന്നെത്താവുന്ന എല്ലായിടവും അവര്‍ മാസങ്ങള്‍ക്ക് മുന്‍പെ ബുക്ക് ചെയ്തിരിക്കും. അതിനു വീടിന്റെ മതിലെന്നോ പഞ്ചായത്ത് റോഡെന്നോ വ്യത്യാസമില്ല. ഏതു പ്രതലവും പാര്‍ട്ടി കലാകാര•ാര്‍ക്ക് കാന്‍വാസ് ആണ്. പരമ്പരാഗതമായി പാര്‍ട്ടിക്കാര്‍ തങ്ങള്‍ക്കായി സംരക്ഷിച്ചു പോരുന്ന മതിലുകള്‍ എന്ന പ്രതിഭാസം എന്തുകൊണ്ട് പുരാവസ്തു ഗവേഷകരുടെ കണ്ണില്‍ പെടുന്നില്ല എന്ന ചോദ്യത്തിന് ആര് ഉത്തരം പറയും?

പല യുവാക്കള്‍ക്കും സോഷ്യല്‍ മീഡിയ വാളുകളില്‍ മാത്രമല്ല സാദാ ഇഷ്ടിക ചുമരുകളിലും ടാറിട്ട റോഡുകളിലും രാഷ്ട്രീയം പ്രത്യക്ഷപ്പെടും എന്ന തിരിച്ചറിവിന്റെ കാലമാണ് തെരഞ്ഞെടുപ്പുകാലം. ആഗോള വിപണി തുറന്നതോടെ മൂരാച്ചികളായി മാറി എന്ന് വിശ്വസിക്കപ്പെടുന്ന മലയാളി തന്റെ വീടിന്റെ ചുമരുകളില്‍ പരസ്യം പതിക്കരുത് എന്ന് എഴുതി വച്ചതോടെ തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ഗുണ ഗണങ്ങള്‍ വര്‍ണിക്കാന്‍ ഒരിടം കിട്ടാതെ വിപ്ലവം ആറ്റില്‍ ചാടി മരിക്കും എന്ന് കരുതിയ ബൂര്‍ഷ്വാസികള്‍ക്ക് തെറ്റി. ചുവരുകളില്ലെങ്കില്‍ പോസ്റ്റുകള്‍, അല്ല തെറ്റിദ്ധരിക്കണ്ട, ഫേസ്ബുക്ക് പോസ്റ്റുകള്‍ അല്ല, തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല ഒന്നാംതരം പോസ്റ്റുംകാലുകള്‍. ചിഹ്നങ്ങള്‍ക്ക് ഇടം പിടിക്കാന്‍ ഇത്ര നല്ലയിടം വേറെ കിട്ടാനില്ല. നിരനിരയായി നില്‍ക്കുന്ന ഈ പോസ്റ്റുകളില്‍ ഉത്സവപ്രതീതി നല്‍കി അവയങ്ങനെ തലയുയര്‍ത്തി നില്‍ക്കും. ഇടയ്ക്കു പോസ്റ്റില്‍ വച്ച് കെട്ടുന്ന സ്ഥാനാര്‍ഥിയുടെ കൊച്ചു ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ബൈക്ക് യാത്രക്കാരന്റെ തല പൊളിക്കും, ചോരയില്‍ കുളിപ്പിച്ച് അവനെ രാഷ്ട്രീയ മാമോദീസ മുക്കും. എന്നാലും അതൊക്കെയാണ് ഹരം. പെരുന്നാളിനും പൂരത്തിനും അരങ്ങുകെട്ടുന്ന പോലെ രാഷ്ട്രീയ വര്‍ണങ്ങള്‍ വിടര്‍ന്നു വിലസുന്ന ഒരു റിയല്‍ ടൈം ലൈന്‍.

റോഡില്‍ നിന്നും വീട്ടിലേക്കും ഈ ടൈം ലൈന്‍ നീളും. നോട്ടീസും തെരഞ്ഞെടുപ്പ് സ്ലിപ്പും തെരഞ്ഞെടുപ്പു സമയത്തെത്തുന്ന ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ആശംസാവചനങ്ങള്‍ പേറുന്ന ബഹുവര്‍ണ കാര്‍ഡുകളും വീട്ടില്‍ നിങ്ങളെ തേടിയെത്തും. ചിലപ്പോള്‍ ചിഹ്നങ്ങളുടെ ചെറുപതിപ്പും വീട്ടിലെത്താം. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ ബിജെപി എല്ലാ വീട്ടിലും എത്തിച്ചത് താമര മൊട്ടുകള്‍. ഭൂരിഭാഗം കരിഞ്ഞു പോയെങ്കിലും ചിലയിടത്തൊക്കെ അത് വിരിഞ്ഞു. ഭൂരിപക്ഷം വോട്ടര്‍മാരും കൂടെയുണ്ടെങ്കിലും പക്ഷെ ഇതിനൊരു മറുപടി കൊടുക്കാന്‍ കഴിയാതെ യുഡിഎഫും എല്‍ഡിഎഫും വലഞ്ഞു. അരിവാളും ചുറ്റികയും നെല്‍ക്കതിരും കോണിയും സമ്മാനിക്കാന്‍ കഴിയാതെ അവര്‍ നക്ഷത്രമെണ്ണി. ബിജെപിയുടെ താമര സമ്മാനം വീട്ടില്‍ എത്തിയപ്പോള്‍ പലരും ആദ്യം നോക്കിയത് തങ്ങളുടെ വാര്‍ഡിലെ മറ്റു സ്ഥാനാര്‍ഥികളുടെ ചിഹ്നമായിരുന്നു. ആര്‍ക്കെങ്കിലും ഓറഞ്ചോ ആപ്പിളോ ചുരുങ്ങിയത് ഒരു നേന്ത്രപ്പഴം എങ്കിലും ചിഹ്നമായിട്ടുണ്ടോ? ഒരു ചെറ്യേ ചുറ്റിക, അല്ലെങ്കില്‍ ഒരു അലുമിനിയം കോണി, എവിടെ? എന്നാണാവോ നമ്മുടെ സ്ഥാനാര്‍ഥികള്‍ ടിവിയും സൈക്കിളും അരകല്ലുമൊക്കെ അരങ്ങു വാഴുന്ന തമിഴ്‌നാടിനെ കണ്ടുപഠിച്ചു മിടുക്കരാകാന്‍ പോകുന്നത്?

ചുവരെഴുത്തിനും റോഡ് എഴുത്തിനും ഒക്കെ കര്‍ശന നിയന്ത്രണം വന്നുതുടങ്ങി ഇപ്പോള്‍. പക്ഷെ അത് കൊണ്ട് സ്ഥാനാര്‍ഥിയും അണികളും തോറ്റുമടങ്ങുമോ?. നാടോടുമ്പോ ഡിവൈഡറില്‍ കൂടി ഓടി ശീലമുള്ളവരാണ് നമ്മള്‍ മലയാളികള്‍. അവരില്‍ തന്നെ മുന്തിയ ഇനമാണ് രാഷ്ട്രീയക്കാര്‍. ചുവരില്ലെങ്കിലും ചിത്രമെഴുതാം എന്ന് തെളിയിച്ചു ലോകത്തെ ഞെട്ടിക്കാനും അവര്‍ തയ്യാര്‍. അതിനായി അവര്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സൃഷ്ടിച്ചു. പഴയ ചുമരെഴുത്ത് സ്ഥാപനങ്ങള്‍ പ്രൊമോഷന്‍ നേടി ഫ്‌ലെക്‌സ് പ്രിന്റിംഗ് സെന്ററുകള്‍ ആയി. വിശാലമായ ബാനറുകള്‍ മാറി ചെറിയ ഫ്‌ലെക്‌സുകള്‍ വന്നു. സ്ഥാനാര്‍ഥിയുടെ കോളിനോസ് പുഞ്ചിരി മാറി ക്ലോസ്അപ് വെണ്മ വന്നു. ആശയങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് വന്നു, സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ വര്‍ണങ്ങളും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവ് സ്ഥാനാര്‍ഥിയുടെ സാധ്യതകളെ ഫ്‌ലെക്‌സില്‍ മാത്രം ഒതുക്കി നിറുത്തിയില്ല. ടീ ഷര്‍ട്ടിലും ഷാളിലും തൊപ്പിയിലും പേനയിലും പീപ്പിയിലും ഫോണ്‍ കവറിലും എന്തിനു ചെരിപ്പില്‍ പോലും സ്ഥാനാര്‍ഥിയും ചിഹ്നവും പുഞ്ചിരിച്ചു നിന്നു.

പണ്ടൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരുന്നു പരസ്യകലയുടെ പിന്നണിക്കാരെങ്കില്‍ ഇന്നത് വന്‍കിട പരസ്യ ഏജന്‍സികളുടെ വിളനിലമായി. തെരഞ്ഞെടുപ്പ് ചിഹ്നത്തെ അവര്‍ ലോഗോ എന്ന് വിളിച്ചു. അതിനു നിറങ്ങള്‍ നിശ്ചയിച്ചു. എല്ലായിടത്തും ഒരേ നിറത്തില്‍ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു, ഒരു പൊതു കേന്ദ്രത്തില്‍ നിന്നുള്ള ക്യാമ്പൈന്‍ എല്ലായിടത്തെയും പ്രചരണങ്ങള്‍ക്കും ഒരുമ നല്‍കി. മുദ്രാവാക്യങ്ങള്‍ ടാഗ് ലൈന്‍ എന്ന് പേര് മാറ്റിയെത്തി നമ്മെ പ്രലോഭിപ്പിക്കുന്നു. ഇന്ത്യ തിളങ്ങുന്നതില്‍ തുടങ്ങി എല്ലാം ശരിയാകും വരെ കാര്യങ്ങള്‍ നീളുന്നു. ചിലര്‍ക്ക് വഴി കാട്ടാന്‍ തിടുക്കം, മറ്റു ചിലര്‍ വീണ്ടും വരാന്‍ വഴി തേടുന്നു. ഇക്കാലത്തെ യുവാക്കളെ വരുതിയിലാക്കാന്‍ ഈ വാചക കസര്‍ത്തൊന്നും പോരാ എന്ന തിരിച്ചറിവാണ് എല്ലാ പാര്‍ട്ടിക്കാരെയും സോഷ്യല്‍ മീഡിയയുടെ അനന്തസാധ്യതകളിലേക്ക് ആകര്‍ഷിച്ചത്. പണ്ട് കമ്പ്യൂട്ടറിനെ തള്ളിപ്പറഞ്ഞവര്‍ ഇന്നതിനെ മടിയിലിരുത്തി താലോലിക്കുന്നു. നേതാക്കള്‍ക്ക് വേണ്ടി കൂലിയെഴുത്തുകാര്‍ ഫേസ്ബുക്കില്‍ പരസ്പരം പോരടിക്കുന്നു. പഴയ പ്രസ്താവനകളും ചിത്രങ്ങളും വീഡിയോകളും തപ്പിയെടുത്തു ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗ് നടത്തുന്നു. പരസ്പരം ട്രോളുന്നു, വാട്ട്‌സപ്പില്‍ ഏറ്റുമുട്ടുന്നു. നീളന്‍ പ്രസംഗങ്ങള്‍ ചെറു ക്ലിപ്പുകള്‍ക്ക് വഴി മാറുന്നു. തങ്ങളുടെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന മുഖചിത്രം നിര്‍മിക്കാന്‍ സൂത്രങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നു. പോസ്റ്ററിലെ ഹോളോഗ്രാം തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ സ്ഥാനാര്‍ഥിയുടെ വീഡിയോ കാണാം. സ്വന്തം പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയുടെടെയും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അങ്ങിനെ തെരഞ്ഞെടുപ്പ് പരസ്യ ലോകവും മറ്റു ലോകങ്ങള്‍ പോലെ ഡിജിറ്റല്‍ ആയിക്കഴിഞ്ഞു.

ഇപ്പറഞ്ഞതൊക്കെ ശരി തന്നെ. തെരഞ്ഞെടുപ്പ് ലോകം ഡിജിറ്റല്‍ ആയി. ബാലറ്റ് പേപ്പര്‍ മാറി വോട്ടിംഗ് മെഷീന്‍ വന്നു. തുണി ബാനറുകള്‍ മാറി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വന്നു. ചുവരെഴുത്ത് ഇഷ്ടികചുമരില്‍ നിന്നു ഫേസ്ബുക്ക് വാളിലേക്ക് ചേക്കേറി. സ്ഥാനാര്‍ഥിയും പാര്‍ട്ടിയും ആപ്പിലായി. ഇതെല്ലാം തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയുള്ള കാര്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്നും ആപ്പിലാകുന്നത് നമ്മള്‍ പാവം വോട്ടര്‍മാര്‍ തന്നെ. പിന്നെ അടുത്ത തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണം തിരിച്ചൊരു ആപ്പ് വെക്കാന്‍. അത് കൊണ്ട് ഒന്നോര്‍ത്തോളൂ. തെരഞ്ഞെടുപ്പില്‍ എങ്കിലും നമ്മള്‍ പരസ്യത്തിന്റെ പുറം മോടിയില്‍ വീണു പോകരുത്.

ജനാധിപത്യം നീണാള്‍ വാഴട്ടെ!

ഫേവര്‍ ഫ്രാന്‍സിസ്
9847881382
favourfrancis@gmail.com
Column on Behance portfolio reviews
Posted by
22 April

ബിഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂസ് ഡിസൈന്‍ കൂട്ടം

ഫേവര്‍ ഫ്രാന്‍സിസ്
രണ്ടായിരത്തിഏഴിലെ ട്വന്റി 20 ലോകകപ്പ് പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ കൈക്കലാക്കിയപ്പോള്‍ പ്രചാരം നേടിയ ഒരു താമശയുണ്ടായിരുന്നു. പഴയൊരു പ്രശസ്ത തമാശയുടെ റിമിക്‌സ് വേര്‍ഷന്‍. അവസാന ഓവറില്‍ സിക്‌സര്‍ എന്ന ലക്ഷ്യവുമായി പാകിസ്താന്റെ മിസ്ബാ ഉള്‍ ഹഖ് ഉയര്‍ത്തി അടിച്ച പന്ത് അത് വരെ സീനില്‍ ഇല്ലാതിരുന്ന ശ്രീശാന്ത് കൈകളില്‍ ഒതുക്കിയപ്പോള്‍ ‘ഈ കുരുപ്പ് ഇത് എവിടെ നിന്നും വന്നു’ എന്ന ഇന്നസെന്റ് ഭാവത്തില്‍ നിന്ന മിസ്ബയോടു നമ്മള്‍ പറഞ്ഞത്.ഇതാണ്. ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകും .ചന്ദ്രനില്‍ ചായക്കട നടത്തുന്ന ചന്ദ്രേട്ടനെപ്പോലെ. ഇതേ അവസ്ഥയാണ് പരസ്യരംഗത്തെ മലയാളി സാന്നിദ്ധ്യത്തെക്കുറിച്ച് പറഞ്ഞാലും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെ ഏതു മികച്ച പരസ്യ ഏജന്‍സി എടുത്താലും അവിടെ കാണും ഒരു മലയാളി ഡിസൈനര്‍, അല്ലെങ്കില്‍ കോപ്പി റൈറ്റര്‍. നമ്മള്‍ ഇന്ന് കാണുന്ന പല ഉഗ്രന്‍ പരസ്യ ആശയങ്ങള്‍ക്ക് പിന്നിലും ഒരു മലയാളി സ്പര്‍ശം കാണാന്‍ കഴിയുന്നതും സ്വാഭാവികം.

കേരളത്തില്‍ ഇന്ന് ധാരാളം യുവാക്കള്‍ ഗ്രാഫിക്‌സ് ഡിസൈന്‍ പഠിക്കുകയും ചെറുതും വലുതുമായ ഏജന്‍സികളില്‍ ഡിസൈനര്‍മാരായി ജോലി നോക്കുകയും ചെയ്യുന്നുണ്ട്. ബിടെക് പഠിച്ചതിനു ശേഷം ഡിസൈന്‍ രംഗത്തേക്ക് തിരിഞ്ഞ എഞ്ചിനീയര്‍മാര്‍ പോലും ഇവിടെ ഉണ്ട്. ഇവരില്‍ പലരും ഫ്രീലാന്‍സര്‍മാരായി ആര്‍ക്കും ഒരു ലാപ്‌ടോപ് മാത്രം മുടക്കുമുതലാക്കി ആര്‍ക്കും പിടികൊടുക്കാതെ കറങ്ങി നടപ്പുണ്ട്. മറ്റു ചിലര്‍ ഒരാളുടെ കീഴിലും പണിചെയ്യാന്‍ പോകാതെ സ്വന്തമായി ഡിസൈന്‍ സ്ഥാപനങ്ങള്‍ നടത്തി ജീവിക്കുന്നു.

സോഷ്യല്‍ മീഡിയയുടെ ആഗമനത്തോടെ ഒരു നല്ല ഡിസൈന്‍ പുറത്തു വന്നാല്‍ അത് ചെയ്ത ആളിനും ഏജന്‍സിക്കുമൊക്കെ തങ്ങളുടെ സുഹൃദവലയത്തില്‍ നിന്നും ലൈക്കും ഷെയറും കിട്ടാറുണ്ട്. ഒരിക്കല്‍ പോലും പുറം ലോകം അറിയാന്‍ സാദ്ധ്യതയില്ലാത്ത അണിയറക്കാരില്‍ ചിലരെ എങ്കിലും നാം ഇപ്പോള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു, പലരുടെയും പ്രത്യേക ഡിസൈന്‍ രീതികള്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നു. പലതും ട്രെന്‍ഡ് ആയി മാറുകയും ചെയ്യുന്നു. എന്നാല്‍ രണ്ടായിരത്തി ആറില്‍ ബിഹാന്‍സ് എന്ന ഓണ്‍ലൈന്‍ ക്രിയേറ്റീവ് പ്ലാറ്റ്‌ഫോം നിലവില്‍ വന്നതോടെയാണ് ക്രിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളുടെ ഡിസൈനുകള്‍ ലോകമെമ്പാടുമുള്ള സമാനചിന്താഗതിക്കാര്‍ക്കു മുന്നില്‍ നിരത്തി വെക്കാനും അവരുടെ പ്രശംസ നേടാനും വഴിയൊരുങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ഡിസൈന്‍ ലോകത്തെ ഫേസ്ബുക്ക് ആയി ബിഹാന്‍സ് മാറി. ഇവിടെ കേരളത്തിലെ ചെറിയൊരു ഗ്രാമത്തില്‍ ഇരുന്നു ഡിസൈന്‍ ചെയ്യുന്ന ഫ്രീലാന്‍സ് ഡിസൈനര്‍ പോലും ബിഹാന്‍സില്‍ തന്റെ ഇടം ഒരുക്കി വച്ചിട്ടുണ്ട്. അവന്റെ ഡിസൈനുകള്‍ക്ക് ആഗോള തലത്തില്‍ ആരാധകരുണ്ട്. ലോകമെമ്പാടുമുള്ള മികച്ച ഡിസൈന്‍നര്‍മാര്‍ ബിഹാന്‍സില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഡിസൈനുകളില്‍ നിന്നും അവന്‍ പുതിയത് പലതും പഠിക്കുന്നുണ്ട്. അതിന്റെ പിന്‍ബലത്തില്‍ അവന്റെ ആവനാഴിയില്‍ പുതിയ അമ്പുകള്‍ നിറയുന്നുണ്ട്.

ബിഹാന്‍സിന്റെ ആഗമനം ഡിസൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കലാപരമായ സാദ്ധ്യതകള്‍ക്ക് മാത്രമല്ല പുത്തന്‍ ഉണര്‍വ് പകര്‍ന്നത്. തങ്ങളുടെ ഡിസൈന്‍ ആവശ്യക്കാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിട്ടാണ് ഇപ്പോള്‍ ഡിസൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ബിഹാന്‍സിനെ കാണുന്നത്. ബിഹാന്‍സില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ലിങ്ക് ആണ് ഇപ്പോള്‍ അവന്റെ ജോലി അപേക്ഷക്കൊപ്പം അവന്‍ അയക്കുന്നത്. തങ്ങളുടെ ടീമിലേക്ക് പുതിയ ആളുകളെ എടുക്കുന്നതിനു മുന്നോടിയായി ബിഹാന്‍സ് പോര്‍ട്ട്‌ഫോളിയോകളിലൂടെ ഒന്ന് കണ്ണോടിക്കാന്‍ നല്ല പരസ്യ എജന്‍സിക്കാരും മറക്കാറില്ല. പല വ്യാപാര സ്ഥാപനങ്ങളും അവരുടെ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാന്‍ ആളെക്കണ്ടെത്തുന്നത് ബീഹാന്‍സ് വഴി തന്നെ.

ബീഹാന്‍സിലൂടെ സാധ്യമായ ഓണ്‍ലൈന്‍ സമ്പര്‍ക്കം കേരളത്തിലെ ഡിസൈന്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴി തെളിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ഡിസൈന്‍ എങ്ങിനെ ക്ലയന്റിനു മുന്നില്‍ അവതരിപ്പക്കണം എന്ന് മലയാളി ഡിസൈനറെ ആദ്യമായി പഠിപ്പിച്ചത് ബിഹാന്‍സ് ആണ്. ഒരു ലോഗോ വേണം എന്ന് പറഞ്ഞെത്തുന്ന ക്ലൈന്റിനു ഏതെങ്കിലും ഒന്ന് ചെയ്തു പ്രിന്റ് അടിച്ചു കൊടുക്കാതെ അതതു മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും അനുയോജ്യമായ ഒരു ഡിസൈന്‍ മോക്ക് അപ്പ് തേടി പിടിച്ച്. തങ്ങള്‍ ഡിസൈന്‍ ചെയ്ത ലോഗോ വിവിധ നിറങ്ങളിലും പ്രതലങ്ങളിലും എങ്ങിനെ പുറത്തു വരും എന്ന് മുന്‍കൂട്ടി ക്ലൈന്റിനു കാണിച്ചു കൊടുക്കാന്‍ മലയാളി ഡിസൈനര്‍ പഠിച്ചത് ബിഹാന്‍സില്‍ അവന്‍ നേരിട്ട് കണ്ടു ആസ്വദിച്ച പല മികച്ച പ്രസന്റേഷനുകളിലും നിന്നാണ്. ലോഗോ ഡിസൈനില്‍ ആനിമേഷനുകളും ഉപയോഗിച്ച നിറങ്ങളെക്കുറിച്ചുള്ള വിവരണങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള ഒരു മികച്ച അവതരണശൈലി സ്വയത്തമാക്കാന്‍ ബിഹാന്‍സിലെ പോര്‍ട്ട്‌ഫോളിയോകള്‍ കുറച്ചൊന്നുമല്ല അവരെ സഹായിച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ എന്ന വിര്‍ച്വല്‍ ലോകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ബിഹാന്‍സിന്റെ പ്രവര്‍ത്തന പരിധി. ഓണ്‍ലൈന്‍ ആയി കണ്ടുമുട്ടുകയും ഓണ്‍ലൈന്‍ ആയി ആശയവിനിമയം ചെയ്യുകയും ചെയ്തു പോന്നിരുന്ന ഡിസൈനര്‍മാര്‍ക്കു നേരില്‍ കണ്ടുമുട്ടാനും അവരുടെ പോര്‍ട്ട്‌ഫോളിയോകള്‍ പരസ്പരം വിലയിരുത്താനുമുള്ള അവസരവും ഇപ്പോള്‍ ബീഹാന്‍സ് ഒരുക്കുന്നുണ്ട്. വര്‍ഷത്തില്‍ രണ്ടു തവണ ലോകത്തിന്റെ വിവധ സ്ഥലങ്ങളില്‍ വച്ച് സംഘടിപ്പിക്കപ്പെടുന്ന ബീഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂസ് എന്ന പരിപാടിയിലൂടെയാണ് ഈ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഓഫ്‌ലൈന്‍ ആയി തുടരാനുള്ള സാധ്യതകള്‍ ബീഹാന്‍സ് തുറന്നു നല്‍കുന്നത്.

സമാന ചിന്താഗതിയുള്ള ഡിസൈനര്‍മാര്‍ക്ക് ഒരു ദിവസം ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഒത്തു ചേരാനുള്ള അവസരമാണ് ബിഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂസ് നല്‍കുന്നത്. പ്രധാനമായും മൂന്നു പരിപാടികളാണ് അന്നത്തെ അജണ്ടയില്‍ ഉണ്ടായിരിക്കുക. പരസ്യ/ഡിസൈന്‍ മേഖലയിലോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിലോ ഉള്ള ഒരു വിദഗ്ദന്‍ നയിക്കുന്ന ക്യൂറേറ്റഡ് സ്പീച്ച് ആണ് അതിലെ ആദ്യ ഇനം. മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെയോ പ്രവണതകളെയോ പരിചയപ്പെടുത്തുന്ന ആ ക്ലാസ്സിനു ശേഷം തങ്ങളുടെ പോര്‍ട്ട് ഫോളിയോകള്‍ പരസ്പരം വിശകലനം ചെയ്യാനും അതിന്റെ ഗുണങ്ങളെക്കുരിച്ചും ന്യൂനതകളെക്കുറിച്ചുമെല്ലാം തുറന്നു ചര്‍ച്ച ചെയ്യാനുമുള്ള അവസരമാണ് രണ്ടാമത്തേത്. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം പരസ്പരം പരിചയപ്പെടാനുള്ള സമയമാണ് അവസാനത്തെ ഇനം.

ഇത്തവണ കേരളത്തില്‍ നടക്കുന്ന ബീഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂകളില്‍ ഒന്നാമത്തേത് അരങ്ങേറുന്നത് മലബാറിന്റെ വ്യാപാരസിരാകേന്ദ്രമായ കോഴിക്കോടാണ്. ചുരുങ്ങിയ കാലം കൊണ്ട് ലോക ശ്രദ്ധ നേടിയ മലബാര്‍ ഗോള്‍ഡ്, വികെസി, പികെ സ്റ്റീല്‍ തുടങ്ങിയ പല മികച്ച ബ്രാന്‍ഡുകളുടെയും നഗരമായ കോഴിക്കോട് പരസ്യ രംഗത്തും വന്‍ കുതിച്ചു കയറ്റമാണ് ഈ അടുത്ത കാലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒട്ടേറെ മലബാറുകാര്‍ ഗള്‍ഫ് മേഖലയില്‍ വലിയ സംരംഭങ്ങള്‍ ആരംഭിച്ചപ്പോള്‍ മികച്ച പരസ്യ കാമ്പൈനുകളുമായി അവയെ ജനഹൃദയത്തില്‍ എത്തിച്ചത് കോഴിക്കോട്ടെ വലുതും ചെറുതുമായ ഒട്ടനവധി ഏജന്‍സികളാണ്. അവയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന യാരാ കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനമാണ് ബീഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂ എന്ന ആശയത്തെ ആദ്യമായി കോഴിക്കോട്ടെത്തിക്കുന്നത്.

മെയ് 14 ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ 6 മണി വരെ കോഴിക്കോട് തൊണ്ടയാട് ബൈ പാസ്സില്‍ ഉള്ള കോപ്പര്‍ ഫോളിയോ ഹോട്ടലില്‍ വച്ചാണ് പരിപാടി അരങ്ങേറുന്നത്. മലബാറില്‍ നിന്ന് മാത്രമല്ല കേരളത്തിലെ മറ്റിടങ്ങളില്‍ നിന്നും ധാരാളം ഡിസൈന്‍ര്‍മാര്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോകളുമായി ചടങ്ങിനെത്തും. പങ്കെടുക്കുന്നവര്‍ക്ക് ബിഹാന്‍സിന്റെ വക ടോക്കണ്‍ ഓഫ് അപ്രീസിയേഷനും സമ്മാനമായി ലഭിക്കും. തികച്ചും സൗജന്യമായ പരിപാടിക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും യാര കമ്മ്യൂണിക്കേഷന്‍സ് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് യാര കമ്മ്യൂണിക്കെഷന്‍ വെബ്‌സൈറ്റ് www.yara.co.in
സന്ദര്‍ശിക്കുക.
ഫേവര്‍ ഫ്രാന്‍സിസ്
BRAND CONSULTANT
favourfrancis@gmail.com

error: This Content is already Published.!!