ആധാറിനെതിരല്ല സുപ്രീംകോടതി വിധി; ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കല്‍ തുടരുമെന്നും യുഐഡിഎഐ
Posted by
25 August

ആധാറിനെതിരല്ല സുപ്രീംകോടതി വിധി; ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കല്‍ തുടരുമെന്നും യുഐഡിഎഐ

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആധാര്‍ നയങ്ങള്‍ വ്യക്തമാക്കി
യുഐഡിഎഐ രംഗത്ത്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കല്‍ നേരത്തെ നിര്‍ദേശിച്ചപോലെ തുടരുമെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി.

ഇന്‍കം ടാക്‌സ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടപ്പാക്കിയത്. ആധാര്‍ എടുക്കല്‍ തുടരുമെന്ന് വ്യക്തമാക്കിയ പാണ്ഡെ, സുപ്രീം കോടതിവിധി വന്നതിനെതുടര്‍ന്ന് ആരും ആധാറിനായി വിവരങ്ങള്‍ നല്‍കാതിരുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ക്കും നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ക്കും ആധാര്‍ വേണമെന്നതിന് മാറ്റമില്ല.

സ്വകാര്യത മൗലികാവകാശമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ആധാര്‍ നിയമം തയാറാക്കിയിട്ടുള്ളത്. ആധാര്‍ നിയമത്തിനെതിരെ സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം സാധുവാണെന്നും പാണ്ഡെ പറഞ്ഞു.

ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ പൗഡര്‍ ഉപയോഗിച്ച യുവതിക്ക് ഒവേറിയന്‍ കാന്‍സര്‍: കമ്പനിക്ക് 417 മില്യണ്‍ ഡോളര്‍ പിഴ
Posted by
22 August

ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ പൗഡര്‍ ഉപയോഗിച്ച യുവതിക്ക് ഒവേറിയന്‍ കാന്‍സര്‍: കമ്പനിക്ക് 417 മില്യണ്‍ ഡോളര്‍ പിഴ

കാലിഫോര്‍ണിയ: ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനിയുടെ ഫെമിനിന്‍ ഹൈജീന്‍ പൗഡര്‍ ഉപയോഗിച്ചത് മൂലം തനിക്ക് ഒവേറിയന്‍ കാന്‍സര്‍ ബാധിച്ചെന്ന സ്ത്രീയുടെ പരാതിയില്‍ കമ്പനിക്ക് 417 മില്യണ്‍ ഡോളര്‍ പിഴ. കാലിഫോര്‍ണിയ സ്വദേശിനിയായ ഈവ എഷിവേറിയ എന്ന സ്ത്രീയുടെ പരാതിയിന്മേലാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കനത്ത പിഴ കമ്പനിക്ക് ലഭിച്ചത്. ടാല്‍ക് ബേസ് പൗഡറുകള്‍ മൂലമുള്ള കാന്‍സര്‍ സാധ്യതയെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് സൂചന നല്‍കിയില്ല എന്നതിനാലാണ് ഇത്രയും കനത്ത പിഴ നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.

താന്‍ വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിയാണെന്നും, അതുമൂലമാണ് തനിക്ക് ഒവേറിയന്‍ കാന്‍സര്‍ പിടിപെട്ടതെന്നും 63 വയസ്സുകാരിയായ ഈവ പരാതിപ്പെട്ടു. കമ്പനി സ്വന്തം ജെനിറ്റല്‍ ടാല്‍കം പൗഡറുകള്‍ മൂലമുള്ള കാന്‍സര്‍ സാധ്യത മറച്ചു വെച്ചുകൊണ്ട് അവ ഉപയോഗിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നുവെന്ന് വാദിഭാഗം അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചു. ജെനിറ്റല്‍ ടാല്‍കം പൗഡര്‍ കാന്‍സര്‍ ഉണ്ടാക്കുന്നുവെന്നു ശാസ്ത്രീയമായി ആരും തെളിയിച്ചിട്ടില്ല എന്ന് കമ്പനി വാദം.

ഇതിനു മുന്‍പും സമാനമായ കേസുകളില്‍ ഇതേ കോടതിയില്‍ നിന്നും കമ്പനിക്ക് പിഴ ശിക്ഷ ലഭിച്ചിട്ടുണ്ട്.2002 നും, 2013 നുമിടയില്‍ ഇത്തരം കേസുകള്‍ മൂലം കമ്പനിക്ക് 2.2 ബില്യണ്‍ ഡോളര്‍ പിഴ ഒടുക്കേണ്ടി വന്നിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ തന്നെ സമ്മതിച്ചിക്കുന്നു. 2016 ഫെബ്രുവരി മാസത്തില്‍ 72 മില്യണ്‍ ഡോളറും, അതേ വര്‍ഷം മെയ് മാസത്തില്‍ 55 മില്യണ്‍ ഡോളറും, 2017 മെയ് മാസത്തില്‍ 110 മില്യണ്‍ ഡോളറും നഷ്ടപരിഹാരമായി നല്‍കിയ കമ്പനിക്ക് പുതിയ വിധി മൂലം വീണ്ടും കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. അമേരിക്കയില്‍ മാത്രം കമ്പനിക്കെതിരെ സമാനമായ 4,800 കേസുകള്‍ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസോറി കോടതിയില്‍ മാത്രം നിലവിലുള്ള കേസുകളില്‍ മാത്രം കമ്പനി മുന്നൂറു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്നാണ് നിഗമനം.

ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു
Posted by
22 August

ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) നേതൃത്വത്തില്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച ബാങ്ക് ജീവനക്കാര് പണിമുടക്കും.

കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളരുത്, വര്‍ധിപ്പിച്ച സേവന നിരക്കുകള്‍ കുറക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരം ഉപേക്ഷിക്കുക, സ്വകാര്യവത്കരിക്കാനും ലയനത്തിനുമുള്ള നീക്കങ്ങള് അവസാനിപ്പിക്കുക, ജിഎസ്ടിയുടെ പേരിലെ സര്‍വീസ് ചാര്‍ജ് വര്‍ധന ഉപേക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

പണിമുടക്കില്‍ പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുമെന്ന് യുഎഫ്ബിയു അറിയിച്ചു.

അവധിക്കാലമായതോടെ പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍; ടിക്കറ്റിന് നിരക്ക് വര്‍ധിച്ചത് ആറിരട്ടിയിലേറെ; കുടുംബത്തോടെ യാത്ര ചെയ്യാന്‍ ചിലവ് ലക്ഷങ്ങള്‍
Posted by
21 August

അവധിക്കാലമായതോടെ പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍; ടിക്കറ്റിന് നിരക്ക് വര്‍ധിച്ചത് ആറിരട്ടിയിലേറെ; കുടുംബത്തോടെ യാത്ര ചെയ്യാന്‍ ചിലവ് ലക്ഷങ്ങള്‍

ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ പ്രവാസികളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ച് വിമാന കമ്പനികള്‍. ഓണം ബക്രീദ് അവധി ആഘോഷിച്ചു കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് മടങ്ങുന്നവരെയാണ് ഇത്തവണ വിമാനകമ്പനികള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിവരെ കൂട്ടിയാണ് പകല്‍ക്കൊള്ള. എല്ലാ വര്‍ഷവും ഈ സീസണില്‍ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല. വിമാനനിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലില്ലാത്തതാണ് ചൂഷണം വ്യാപകമാവാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു.

മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നു ട്രാവല്‍ ഏജന്‍സികളും പറയുന്നു. സാധാരണ സീസണില്‍ 15,000 വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കില്‍ ഇപ്പോള്‍ 50,000 മുതല്‍ 85,000 വരെയായി. കുവൈത്തിലേക്കു യാത്ര ചെയ്യാന്‍ 30,000 മുതല്‍ 88,000 വരെയും ബഹ്‌റൈനിലെത്താന്‍ 75,000 വരെയും കൊടുക്കണം. 5000 മുതല്‍ 10,000 രൂപ വരെയായിരുന്ന ദുബായ് ടിക്കറ്റ് നിരക്ക് എത്തിനില്‍ക്കുന്നത് നാല്‍പ്പതിനായിരത്തിലാണ്. ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് എയര്‍ ഇന്ത്യയാണെന്നതും ശ്രദ്ധേയം. അബുദാബിക്കു പോകാന്‍ 30,000 മതല്‍ അറുപതിനായിരം വരെയാകുമ്പോള്‍ ഷാര്‍ജയിലെത്തുന്നതിനു നാല്‍പതിനായിരമാകും. ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് വിമാനത്തില്‍ ഒരു ലക്ഷമാണ് ടിക്കറ്റ് നിരക്ക്.

ഗള്‍ഫ് നാടുകളിലിപ്പോള്‍ അവധിക്കാലമാണെന്നതിനാല്‍ തന്നെ പ്രവാസികളെ പിഴിയുക തന്നെയാണ് വിമാനക്കമ്പനികളുടെ ലക്ഷ്യവും. അവധി ആഘോഷിച്ച് മലയാളികള്‍ മടങ്ങുന്ന സമയം വിമാനക്കമ്പനികള്‍ക്ക് ചാകരക്കാലമാണ്. അത് പരമാവധി മുതലാക്കുകയാണ് വര്‍ധനയുടെ ലക്ഷ്യം.

ഫോണ്‍കോളുകള്‍ മുറിഞ്ഞാല്‍ ഇനി മുതല്‍ അഞ്ചുലക്ഷത്തില്‍ കുറയാത്ത പിഴ; കര്‍ശന നടപടിയുമായി ട്രായ്
Posted by
19 August

ഫോണ്‍കോളുകള്‍ മുറിഞ്ഞാല്‍ ഇനി മുതല്‍ അഞ്ചുലക്ഷത്തില്‍ കുറയാത്ത പിഴ; കര്‍ശന നടപടിയുമായി ട്രായ്

ന്യൂഡല്‍ഹി: ഇനി മുതല്‍ ഫോണ്‍ കോളുകള്‍ മുറിഞ്ഞു പോയാല്‍ വെട്ടിലാവുക ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഫോണ്‍വിളി മുറിയലിനെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ടെലികോം കമ്പനികള്‍ക്കെതിരെ അഞ്ചുലക്ഷത്തില്‍ കുറയാത്ത പിഴ ചുമത്തുമെന്ന് ട്രായ് വ്യക്തമാക്കി. ഫോണ്‍വിളി മുറിയലിന്റെ സമയത്തിനനുസരിച്ചാണ് പിഴ ഈടാക്കുക. ദീര്‍ഘനേരം ഈ അവസ്ഥയാണെങ്കില്‍ പിഴ തുക ഇരട്ടിയാവുമെന്നാണ് ട്രായ്‌യുടെ മുന്നറിയിപ്പ്.

ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഈ തീരുമാനം നടപ്പിലാക്കും. നേരത്തെ 50,000 രൂപ മാത്രമായിരുന്നു പിഴ. എന്നാല്‍ ഈ പിഴ ഈടാക്കിയിട്ടും ഫോണ്‍ വിളി മുറിയുന്നത് തുടരുന്നതു കൊണ്ടാണ് പുതിയ തീരുമാനം.

ട്രായിയുടെ പുതിയ തീരുമാനം നടപ്പിലാക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.പക്ഷെ സേവനങ്ങളുടെ ഗുണനിലവാരം പൂര്‍ണ തോതില്‍ കമ്പനികളുടെ നിയന്ത്രണത്തിലല്ലെന്നും കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ഇളം നീല വര്‍ണ്ണത്തില്‍ പുത്തന്‍ 50 രൂപ നോട്ടുകള്‍ എത്തുന്നു
Posted by
19 August

ഇളം നീല വര്‍ണ്ണത്തില്‍ പുത്തന്‍ 50 രൂപ നോട്ടുകള്‍ എത്തുന്നു

മുംബൈ: പുത്തന്‍ 50 രൂപ നോട്ടുകള്‍ ഉടന്‍ വിപണിയിലേക്ക് ഇറങ്ങുമെന്ന് ആര്‍ബിഐ ഒദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ നോട്ടിന്റെ മാതൃകയും വിവരങ്ങളും ആര്‍ബിഐ ഔദ്യോഗികമായി പുറത്തു വിട്ടു. നീല നിറത്തിലാണ് 50 രൂപ നോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നോട്ടിന്റെ ഒരു പുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും ഒരു വശത്ത് ഹംപിയിലെ രഥ ശില്‍പ്പത്തിന്റെ ചിത്രവുമാണുള്ളത്.

പുതിയ 50 രൂപയുടെ ചിത്രങ്ങള്‍ വെള്ളിയാഴ്ച വൈകിട്ടാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. കൂടുതല്‍ സുരക്ഷാ ഘടകങ്ങളുള്ള നോട്ടില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പാണ് ഉണ്ടാവുക. നിലവിലുള്ള 50 രൂപയും തുടരും. 50 പുറത്തിറങ്ങുന്നതിന് മുന്‍പായി 200 രൂപ നോട്ടുകള്‍ വരുമെന്നാണ് കരുതുന്നത്.

നോട്ട് നിരോധനത്തിന് ശേഷം ഇറങ്ങിയ 2000 രൂപ നോട്ട് ചെറിയ ഇടപാടുകള്‍ക്ക് ബുദ്ധിമുട്ടാണെന്ന പ്രശ്നം ഉയര്‍ന്നതോടെയാണ് ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൂടുതലായി ഇറക്കുന്നത്. സെപ്റ്റംബറില്‍ 200 രൂപ നോട്ടുകള്‍ ബാങ്കു വഴി വിതരണം ചെയ്യും.

രാജ്യത്തിന്റെ സാമ്പത്തിക രംഗം അതീവ പ്രതിസന്ധിയിലെന്നു ധനമന്ത്രി ജയ്റ്റ്‌ലി പാര്‍ലമെന്റില്‍
Posted by
13 August

രാജ്യത്തിന്റെ സാമ്പത്തിക രംഗം അതീവ പ്രതിസന്ധിയിലെന്നു ധനമന്ത്രി ജയ്റ്റ്‌ലി പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: രാജ്യം അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിനു മുന്നില്‍ വെച്ചു. കൂടുതല്‍ പ്രതിസന്ധി
കാര്‍ഷിക രംഗമാകും നേരിടുക. കാര്‍ഷിക വായ്പ എഴുതി തള്ളിയതും, കാര്‍ഷിക ഉല്പാദനം തിട്ടപ്പെടുത്താത്തതും വളര്‍ച്ചയെ ബാധിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം 6.75 മുതല്‍ 7.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. അതേസമയം പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം ഈ നിലയില്‍ കുറച്ചുകൂടി മെച്ചമുണ്ടാകുമെന്നും സര്‍വ്വെ പറയുന്നു.

ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്സ് 318 പോയന്റ് താഴ്ന്നു
Posted by
11 August

ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്സ് 318 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 317.74 പോയന്റ് താഴ്ന്ന് 31213.59ലും നിഫ്റ്റി 109.45 പോയന്റ് നഷ്ടത്തില്‍ 9710.80-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1525 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1003 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. മികച്ച പാദഫലം പുറത്തുവിട്ടെങ്കിലും കിട്ടാക്കടത്തില്‍ വര്‍ധനയുണ്ടായതിനെതുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില ആറ് ശതമാനത്തോളം ഇടിഞ്ഞു.

ഡോ റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എസ്ബിഐ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ സെന്‍സെക്സിന് 1200 പോയന്റും നിഫ്റ്റിക്ക് 300 പോയന്റുമാണ് നഷ്ടമായത്.

സ്വര്‍ണ വില വീണ്ടും 200 രൂപ വര്‍ദ്ധിച്ചു; പവന്‍ 21,760 രൂപ
Posted by
11 August

സ്വര്‍ണ വില വീണ്ടും 200 രൂപ വര്‍ദ്ധിച്ചു; പവന്‍ 21,760 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് വീണ്ടും 200 രൂപ കൂടി. വ്യാഴാഴ്ചയും ഇതേ തോതില്‍ വില വര്‍ധനവുണ്ടായിരുന്നു. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാകുന്നത്.

വാഹന നികുതി കൂട്ടി: ആഡംബര കാറുകള്‍ക്ക് വില കൂടും
Posted by
08 August

വാഹന നികുതി കൂട്ടി: ആഡംബര കാറുകള്‍ക്ക് വില കൂടും

ന്യൂഡല്‍ഹി: . ജിഎസ്ടി കൗണ്‍സില്‍ യോഗം വാഹനങ്ങളുടെ നികുതി 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്‌യുവികള്‍ക്കും ആഡംബര കാറുകള്‍ക്കും വില കൂടും.

ഓഗസ്റ്റ് അഞ്ചിനു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തെ ചുമതലപ്പെടുത്തിയത്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ നികുതിയിലുണ്ടായ കുറവ് കണക്കിലെടുത്താണ് വര്‍ധന വരുത്താന്‍ തീരുമാനിച്ചത്.

ജിഎസ്ടി നടപ്പാക്കുന്ന വേളയില്‍ ആഡംബര വാഹനങ്ങള്‍ക്കും എസ്‌യു വികള്‍ക്കും നികുതി നിര്‍ണയിക്കുന്നതില്‍ വന്ന അപാകത പരിഹരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് വിശദീകരണം. നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രവും ചില സംസ്ഥാനങ്ങളും ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

ജിഎസിടിയില്‍ മോട്ടോര്‍ വാഹന നികുതി പരമാവധി 15 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു. തല്‍ഫലമായി ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ എസയുവികള്‍ക്ക് വന്‍ വിലക്കുറവുമുണ്ടായി. നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കാനായി 15 ശതമാനമായിരുന്ന പരമാവധി നികുതി 25 ശതമാനമായിട്ടാകും വര്‍ധിപ്പിക്കുകയെന്ന് ധനകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.