Indian made suzuki Gixxer in Japan market
Posted by
20 January

ഇന്ത്യന്‍ നിര്‍മ്മിത ജിക്‌സര്‍ ജപ്പാനില്‍ വില്‍പ്പനയ്ക്ക്

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ നിര്‍മ്മിത ‘ജിക്‌സര്‍’ ബൈക്കുകള്‍ ജന്മനാട്ടിലേക്ക് ഇറക്കുമതി ചെയ്തു വില്‍പ്പന ആരംഭിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ചു ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ സുസുക്കി മോഡലാണു ‘ജിക്‌സര്‍’. ആദ്യ ബാച്ചില്‍ 720 ഇന്ത്യന്‍ നിര്‍മിത ‘ജിക്‌സര്‍’ ബൈക്കുകളാണു ജപ്പാനിലേക്കു യാത്ര ആരംഭിച്ചത്.സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ്എംഐപിഎല്‍) നിര്‍മ്മിച്ച ജിക്‌സര്‍ ബുധനാഴ്ചയാണു ജപ്പാനിലേക്കുള്ള കയറ്റുമതി തുടങ്ങിയത്.

നേരത്തെ സുസുക്കിയുടെ ഇന്ത്യയിലെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നിര്‍മിച്ച കോംപാക്ട് ഹാച്ച്ബാക്കായ ‘ബലേനൊ’ ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുചക്രവാഹനങ്ങളും ജപ്പാനിലേക്ക് എത്തിച്ചിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലേക്കും സമീപ വിപണികളിലേക്കും ഇന്ത്യയില്‍ നിര്‍മ്മിച്ച ‘ജിക്‌സര്‍’ ബൈക്കുകള്‍ മുമ്പു തന്നെ കയറ്റുമതി ചെയ്യുന്നുണ്ട്.

എന്നാല്‍ ജന്മനാടായ ജപ്പാനിലേക്കു ‘ജിക്‌സര്‍’ കയറ്റുമതി ചെയ്യാന്‍ അവസരം ലഭിച്ചതിനെ, സുസുക്കി മോട്ടോര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂര്‍ത്തമാണെന്നാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ സതോഷി ഉചിഡ അഭിപ്രായപ്പെട്ടത്. വാഹന നിര്‍മ്മാണത്തില്‍ എസ്എംഐപിഎല്‍ കൈവരിച്ച ഉന്നത നിലവാരത്തിന്റെയും കമ്പനിയുടെ പദ്ധതികളില്‍ ഇന്ത്യയ്ക്കുള്ള സുപ്രധാന പങ്കിന്റെയും പ്രതിഫലനമാണ് ഈ നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജിക്‌സറിനു കരുത്തേകുന്നത് 155 സി സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ്; അഞ്ചു സ്പീഡ് ഗീയര്‍ബോക്‌സാണു ബൈക്കിന്റെ ട്രാന്‍സ്മിഷന്‍. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പിന്നില്‍ ഡിസ്‌ക് ബ്രേക്കും സഹിതമാണ് ജപ്പാനില്‍ വില്‍പ്പനയ്ക്കുള്ള ‘ജിക്‌സര്‍’ ഇന്ത്യയില്‍ ഒരുക്കുന്നത്. ഒറ്റ നിറങ്ങള്‍ക്കു പുറമെ ഇരട്ട വര്‍ണ സങ്കലനത്തോടെയുള്ള ജിക്‌സര്‍ ജപ്പാനിലേക്കു കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.

ജാപ്പനീസ് ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത ജിക്‌സര്‍ ഇഷ്ടമാവുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

jio-offers extended-to-june-30
Posted by
20 January

ജിയോ ഓഫറുകള്‍ ജൂണ്‍ 30വരെ തുടരും

ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് ശേഷവും തുടരുമെന്ന് സൂചന. മാര്‍ച്ച് 31ന് ശേഷം മൂന്ന് മാസത്തേക്ക് കൂടിയാവും ഇത്തരത്തില്‍ ജിയോയുടെ സേവനം ലഭിക്കുക. ഇതിന് ജൂണ്‍ 30 വരെ കാലവധിയുണ്ടായിരിക്കും.

പുതിയ ഓഫര്‍ പ്രകാരം വോയ്‌സ് കോളുകള്‍ പൂര്‍ണ സൗജന്യമായിരിക്കുമെങ്കിലും. ഡാറ്റ സേവനത്തിനായി 100 രൂപ അധികമായി നല്‍കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ ഇതേകുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ട്രായ് നിര്‍ദേശം അനുസരിച്ച് മാര്‍ച്ചിന് ശേഷം സൗജന്യ സേവനം നല്‍കാന്‍ ജിയോയ്ക്ക് ആവില്ല. ഇത് കൊണ്ടാണ് കുറഞ്ഞ നിരക്കില്‍ സേവനം തുടരാന്‍ റിലയന്‍സ് ശ്രമിക്കുന്നതെന്നാണ് സൂചന.

BSNL wallet:  Mobi cash
Posted by
19 January

ബിഎസ്എന്‍എല്ലിന്റെ എസ്ബിഐ-മൊബിക്യാഷ് വരുന്നു; ഒപ്പം 4ജിയും

തിരുവനന്തപുരം: ഇന്ത്യയെ ഡിജിറ്റലാക്കാനുള്ള പദ്ധതി ഏറ്റെടുത്ത് ബിഎസ്എന്‍എല്ലും രംഗത്ത്. ഇനി മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കാന്‍ എസ്ബിഐയുമായി ചേര്‍ന്നു മൊബൈല്‍ വോലറ്റാണ് ബിഎസ്എന്‍എല്‍ പദ്ധതിയിലുള്ളത്. ‘എസ്ബിഐ മൊബിക്യാഷ്’ എന്ന പേരിലായിരിക്കും സേവനം ലഭ്യമാക്കുക. ഏതു മൊബൈല്‍ ഫോണിലും ഈ വോലറ്റ് ഉപയോഗിക്കാമെന്നു ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്‍ മണി അറിയിച്ചു.

ഐഎഫ്എസ് കോഡുപയോഗിച്ചു ബാങ്കിലേക്കു പണം അടയ്ക്കാനും മൊബൈല്‍ ഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി ബില്‍ അടയ്ക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും വോലറ്റ് സഹായിക്കും. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാടുകളും വ്യാപാരങ്ങളും നടത്താന്‍ ഈ സംവിധാനം സഹായിക്കും. നിശ്ചിത സംഖ്യ ഇതില്‍ നിക്ഷേപിച്ചാല്‍ ഇതുപയോഗിച്ചു വ്യാപാരങ്ങള്‍ക്കോ ഇടപാടുകള്‍ക്കോ ഉപയോഗിക്കാം. 0.5 മുതല്‍ മൂന്നു ശതമാനം വരെയാകും സര്‍വീസ് ചാര്‍ജ്.

ഇതോടൊപ്പം തന്നെ മറ്റൊരു സുപ്രധാന പ്രഖ്യാപനവും ബിഎസ്എന്‍എല്‍ നടത്തിയിട്ടുണ്ട്. രാജ്യത്താകമാനം തരംഗമായികൊണ്ടിരിക്കുന്ന 4ജിയിലേക്ക് ബിഎസ്എന്‍എല്ലും മാറുകയാണ്. 4 ജി സേവനം സംസ്ഥാനത്ത് മാര്‍ച്ചില്‍ എത്തുമെന്നാണ് ചീഫ് ജനറല്‍ മാനേജര്‍ അറിയിക്കുന്നത്. 4ജി സേവനം ബിഎസ്എന്‍എല്‍ ആദ്യം തുടങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. രാജ്യത്തു ബിഎസ്എന്‍എല്ലിന്റെ ഡേറ്റ സേവനങ്ങളില്‍ 25 ശതമാനവും വിനിയോഗിക്കപ്പെടുന്നതു കേരളത്തിലാണ്. കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ട് സേവനം ലഭ്യമാക്കുന്ന പരിപാടിയും മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഇത് 4 ജിയെക്കാള്‍ വേഗതയേറിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

rbi increase atm withdrawal limit
Posted by
16 January

എടിഎമ്മുകളില്‍ നിന്ന് ഇനി 10,000 രൂപ പിന്‍വലിക്കാം; ആഴ്ചയില്‍ 24,000 തന്നെ

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ഇനി മുതല്‍ പ്രതിദിനം 10,000 രൂപ പിന്‍വലിക്കാം. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയായ 24,000 എന്ന പരിധി ഉയര്‍ത്തിയിട്ടില്ല.

ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. അതേസമയം, കറന്റ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ 4,500 രൂപയാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്.

ford india become  first place in exporting
Posted by
16 January

കയറ്റുമതിയില്‍ ഒന്നാമനായി ഫോര്‍ഡ് ഇന്ത്യ

കൊച്ചി: യൂറോപ്യന്‍ വിപണിയിലേക്ക് കൂടി കയറ്റുമതി വ്യാപിപ്പിച്ചതോടെ കയറ്റുമതിയില്‍ ഫോര്‍ഡ് ഇന്ത്യ ഒന്നാമതെത്തി. ഹ്യൂണ്ടായ് ഇന്ത്യയെ പിന്‍തള്ളിക്കൊണ്ടാണ് ഫോര്‍ഡ് മുന്നേറ്റം നടത്തിയത്. കഴിഞ്ഞവര്‍ഷം പകുതിയോടെയാണ് യൂറോപ്യന്‍ വിപണിയിലേക്കുള്ള കയറ്റുമതി ഫോര്‍ഡ് ഇന്ത്യ ആരംഭിച്ചത്.കഴിഞ്ഞ ഡിസംബറിലെ വില്‍പ്പനയുടെ കണക്കുകളിലാണ് ഫോര്‍ഡ് മുന്നേറിയിരിക്കുന്നത്. 2015 ഡിസംബറിനെ അപേക്ഷിച്ച് ഫോര്‍ഡിന് 262 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 17,904 കാറുകളാണ് ഫോര്‍ഡ് ഡിസംബറില്‍ കയറ്റുമതി ചെയ്തത്.നിലവില്‍ 50ഓളം രാജ്യങ്ങളിലേക്ക് ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കയറ്റുമതിയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് ഹ്യൂണ്ടായിയാണ്. മൂന്നാം സ്ഥാനത്ത് ജപ്പാനീസ് കമ്പനിയായ നിസാനാണ്. കയറ്റുമതിയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ള കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികളായ മാരുതി സുസുക്കിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഉണ്ട്. ആദ്യ പത്തില്‍ ഇടം നേടിയ കമ്പനികളില്‍ ഇടം നേടിയ ഇന്ത്യന്‍ കമ്പനികള്‍ ഇവ മാത്രമാണ്. ഫോക്‌സ് വാഗണ്‍, ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട, റെനോ, ഹോണ്ട എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് കമ്പനികള്‍.

Iran imports more oil: Oil price declining in world market
Posted by
10 January

ഉല്‍പാദനത്തില്‍ വര്‍ധനവ്: വിപണിയില്‍ എണ്ണവില വീണ്ടും കുറയുന്നു

ദോഹ: ഇറാന്‍ കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തിച്ചതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നു. സംഭരിച്ചു സൂക്ഷിച്ച 1.3 കോടി ബാരല്‍ എണ്ണയാണ് ഇറാന്‍ വിപണിയിലെത്തിച്ചത്. ഇതോടൊപ്പം അമേരിക്കയില്‍ ഷെയ്ല്‍ ഗ്യാസ് ഉല്‍പാദനം നാല് ശതമാനം കൂട്ടുകയും ചെയ്തതോടെ വിപണിയില്‍ എണ്ണവില ഇടിയുകയാണ്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും വില കുറയാന്‍ ഇടയാക്കി. ബാരലിന് 56.96 ഡോളറിനാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. പടിപടിയായി 55.85 ഡോളര്‍ വരെയായശേഷം ഉച്ചയോടെ 56.02 ഡോളറായി. വരും ദിനങ്ങളില്‍ വില ഇനിയും കുറയുന്നതിന്റെ സൂചനയാണു വിപണിയില്‍ നിന്നു ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം വിപണി ക്ലോസ് ചെയ്തതു ബാരലിന് 57.10 ഡോളറിനായിരുന്നു. എന്നാല്‍ അതില്‍ നിന്നു 14 സെന്റ് കുറഞ്ഞാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. അമേരിക്കന്‍ ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്സസ് ഇന്‍ഡക്സ്(ഡബ്ല്യുടിഐ) 29 സെന്റ് കുറഞ്ഞു ബാരലിന് 53.70 ഡോളറിലാണു വ്യാപാരം നടത്തിയത്.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയും (ഒപെക്) റഷ്യയടക്കമുള്ള മറ്റു രാജ്യങ്ങളും ഈ മാസം ഒന്നുമുതല്‍ ഉല്‍പാദനം രണ്ടു ശതമാനം (പ്രതിദിനം 18 ലക്ഷം ബാരല്‍) കുറച്ചതിനെ തുടര്‍ന്ന് എണ്ണ വില ഉയര്‍ന്നിരുന്നു. മൂന്നാം തീയതി ബ്രെന്റ് ക്രൂഡ് വില 58.37 എന്ന 19 മാസത്തെ റെക്കോര്‍ഡിലുമെത്തി. എന്നാല്‍, ഇറാന്‍ സൂക്ഷിച്ചിരുന്ന എണ്ണ വിപണിയിലെത്തിയതോടെ ഉല്‍പാദന നിയന്ത്രണം ഫലിക്കാത്ത സ്ഥിതിയാണിപ്പോള്‍. അതുപോലെ, യുഎസിലെ പ്രവര്‍ത്തനക്ഷമമായ ഷെയ്ല്‍ റിഗ്ഗുകളുടെ എണ്ണം കൂടിയതും തിരിച്ചടിയായി.

gold rate
Posted by
04 January

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 21,240 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,655 രൂപയുമാണ് ഇന്നത്തെ വില്പ്പന നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,160 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില.

Petrol and Diesel price hike
Posted by
01 January

പുതവത്സരദിനത്തില്‍ പൊതുജനങ്ങള്‍ക്ക് ഇരുട്ടടി; എണ്ണവിലയില്‍ വര്‍ദ്ധനവ്

ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്റിന് 1 രൂപ 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 1 രൂപ 79 പൈസയാണ് ലിറ്ററിന് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

snapdeal cash delivery offer; cash @ home
Posted by
23 December

സ്‌നാപ് ഡീലില്‍ ക്യാഷ് അറ്റ് ഹോം: ഒരു രൂപ നല്‍കിയാല്‍ 2000 രൂപ വീട്ടിലെത്തിക്കും

ബംഗളൂരു: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച പ്രതിസന്ധി മൂലം വലയുന്ന സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഇ കോമേഴ്‌സ് സൈറ്റായ സ്‌നാപ് ഡീല്‍ രംഗത്ത്. ഒരു രൂപ നല്‍കിയാല്‍ 2000 രൂപ വീട്ടിലെത്തിക്കാനായി ‘ക്യാഷ്@ഹോം’ എന്ന സേവനമാണ് സ്‌നാപ് ഡീല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം ലഭ്യമാക്കുകയാണ് സ്‌നാപ് ഡീല്‍ ഇതിലൂടെ ലക്ഷ്യം വച്ചിരിക്കുന്നതെന്ന് സഹസ്ഥാപകനായ രോഹിത് ബന്‍സാല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഈ സേവനം ലഭ്യമാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം; കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ വിവിധ ഉത്പന്നങ്ങള്‍ വീട്ടില്‍ എത്തിക്കുന്നതു പോലെ പണം വീട്ടിലെത്തിക്കുകയാണ് പുതിയ സേവനത്തിലൂടെ സ്‌നാപ്ഡീല്‍ ചെയ്യുന്നത്. ഇതിനായി ഒരു രൂപയാണ് ഈടാക്കുന്നത്. സ്‌നാപ്ഡീല്‍ ആപ്പിലൂടെ പണം ഓര്‍ഡര്‍ ചെയ്യവേ ഫ്രീ ചാര്‍ജ് മുഖേനയോ, ഡെബിറ്റ് കാര്‍ഡ് മുഖേനയോ ഉപഭോക്താക്കള്‍ക്ക് ഒരു രൂപയുടെ പേമെന്റ് നടത്താവുന്നതാണ്. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത പണം കൈപ്പറ്റുന്നതിന് മുന്‍പായി സ്‌നാപ്ഡീല്‍ ജീവനക്കാരന്‍ നല്‍കുന്ന പണം പിഒഎസ് മെഷീനില്‍ ഡെബിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്ത് ഓര്‍ഡര്‍ ചെയ്ത പണം അടയ്ക്കാം.

ബംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ള ഈ സേവനം വൈകാതെ രാജ്യവ്യാപകമാക്കുമെന്നാണ് സ്‌നാപ്ഡീല്‍ പ്രഖ്യാപനം.

gold price dip
Posted by
16 December

തകര്‍ന്നു തരിപ്പണമാകുന്നു; സ്വര്‍ണ വിലയില്‍ വീണ്ടും കനത്ത ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. പവന് 20,480 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,560 രൂപയുമാണ് ഇന്നത്തെ നിരക്ക്.

11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നോട്ട് അസാധുവാക്കലിന്റെയും രാജ്യാന്തര വിപണിയിലെ വിലയിടിവിന്റെയും പശ്ചാത്തലത്തില്‍ ഒരു മാസത്തിനിടെ 3,000 രൂപയാണ് ഒരു പവന് കുറഞ്ഞത്. നവംബര്‍ ഒമ്പതിന് സ്വര്‍ണം പവന് 23,480 രൂപയായിരുന്നു വില. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ഒരുമാസത്തിനുള്ളില്‍ സ്വര്‍ണവില തകര്‍ന്നു തരിപ്പണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.