ഇന്ത്യയില്‍ മക്ഡൊണാള്‍ഡ്സിന്റെ 169 ഫ്രാഞ്ചൈസികള്‍ അടച്ചുപൂട്ടുന്നു
Posted by
22 August

ഇന്ത്യയില്‍ മക്ഡൊണാള്‍ഡ്സിന്റെ 169 ഫ്രാഞ്ചൈസികള്‍ അടച്ചുപൂട്ടുന്നു

ന്യൂഡല്‍ഹി: കൊണാട്ട് പ്ലാസ റെസ്റ്റോറന്റ് ലിമിറ്റഡ്(സിപിആര്‍എല്‍) കരാറെടുത്തിരുന്ന വന്‍കിട റെസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്സ് ഇന്ത്യയിലെ 169 ഫ്രാഞ്ചൈസികള്‍ അടച്ചുപൂട്ടുന്നു. വിക്രം ബക്ഷിയുടെ ഉടമസ്ഥതയിലാണ് സിപിആര്‍എല്‍ ഔട്ട്ലെറ്റുകള്‍.

സിപിആര്‍എല്‍ ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും ഇനി തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും കാട്ടി മക്ഡൊണാള്‍ഡ്സ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. കമ്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്നത് 15 ദിവസത്തിനുള്ളില്‍ നിര്‍ത്തണമെന്നും മക്ഡൊണാള്‍ഡ്സ് നിര്‍ദേശിച്ചു.

രാജ്യതലസ്ഥാനത്ത് സിപിആര്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള 43 ഔട്ട്ലെറ്റുകള്‍ക്ക് പ്രാദേശിക ഭരണകൂടം ഈറ്റിംഗ് ഹൗസ് ലൈസന്‍സ് നിഷേധിച്ചിരുന്നു. ഇത് കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാഞ്ചൈസികള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് മക്ഡൊണാള്‍ഡ്സ് എത്തിയതെന്നാണു സൂചന.

ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു
Posted by
22 August

ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) നേതൃത്വത്തില്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച ബാങ്ക് ജീവനക്കാര് പണിമുടക്കും.

കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളരുത്, വര്‍ധിപ്പിച്ച സേവന നിരക്കുകള്‍ കുറക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരം ഉപേക്ഷിക്കുക, സ്വകാര്യവത്കരിക്കാനും ലയനത്തിനുമുള്ള നീക്കങ്ങള് അവസാനിപ്പിക്കുക, ജിഎസ്ടിയുടെ പേരിലെ സര്‍വീസ് ചാര്‍ജ് വര്‍ധന ഉപേക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

പണിമുടക്കില്‍ പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുമെന്ന് യുഎഫ്ബിയു അറിയിച്ചു.

അവധിക്കാലമായതോടെ പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍; ടിക്കറ്റിന് നിരക്ക് വര്‍ധിച്ചത് ആറിരട്ടിയിലേറെ; കുടുംബത്തോടെ യാത്ര ചെയ്യാന്‍ ചിലവ് ലക്ഷങ്ങള്‍
Posted by
21 August

അവധിക്കാലമായതോടെ പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍; ടിക്കറ്റിന് നിരക്ക് വര്‍ധിച്ചത് ആറിരട്ടിയിലേറെ; കുടുംബത്തോടെ യാത്ര ചെയ്യാന്‍ ചിലവ് ലക്ഷങ്ങള്‍

ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ പ്രവാസികളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ച് വിമാന കമ്പനികള്‍. ഓണം ബക്രീദ് അവധി ആഘോഷിച്ചു കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് മടങ്ങുന്നവരെയാണ് ഇത്തവണ വിമാനകമ്പനികള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിവരെ കൂട്ടിയാണ് പകല്‍ക്കൊള്ള. എല്ലാ വര്‍ഷവും ഈ സീസണില്‍ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല. വിമാനനിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലില്ലാത്തതാണ് ചൂഷണം വ്യാപകമാവാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു.

മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നു ട്രാവല്‍ ഏജന്‍സികളും പറയുന്നു. സാധാരണ സീസണില്‍ 15,000 വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കില്‍ ഇപ്പോള്‍ 50,000 മുതല്‍ 85,000 വരെയായി. കുവൈത്തിലേക്കു യാത്ര ചെയ്യാന്‍ 30,000 മുതല്‍ 88,000 വരെയും ബഹ്‌റൈനിലെത്താന്‍ 75,000 വരെയും കൊടുക്കണം. 5000 മുതല്‍ 10,000 രൂപ വരെയായിരുന്ന ദുബായ് ടിക്കറ്റ് നിരക്ക് എത്തിനില്‍ക്കുന്നത് നാല്‍പ്പതിനായിരത്തിലാണ്. ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് എയര്‍ ഇന്ത്യയാണെന്നതും ശ്രദ്ധേയം. അബുദാബിക്കു പോകാന്‍ 30,000 മതല്‍ അറുപതിനായിരം വരെയാകുമ്പോള്‍ ഷാര്‍ജയിലെത്തുന്നതിനു നാല്‍പതിനായിരമാകും. ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് വിമാനത്തില്‍ ഒരു ലക്ഷമാണ് ടിക്കറ്റ് നിരക്ക്.

ഗള്‍ഫ് നാടുകളിലിപ്പോള്‍ അവധിക്കാലമാണെന്നതിനാല്‍ തന്നെ പ്രവാസികളെ പിഴിയുക തന്നെയാണ് വിമാനക്കമ്പനികളുടെ ലക്ഷ്യവും. അവധി ആഘോഷിച്ച് മലയാളികള്‍ മടങ്ങുന്ന സമയം വിമാനക്കമ്പനികള്‍ക്ക് ചാകരക്കാലമാണ്. അത് പരമാവധി മുതലാക്കുകയാണ് വര്‍ധനയുടെ ലക്ഷ്യം.

മുപ്പതിനായിരം കോടി രൂപ ഒറ്റയടിക്ക് നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാതെ ഇന്‍ഫോസിസ് : രാജ്യം ഞെട്ടിയ തകര്‍ച്ച
Posted by
19 August

മുപ്പതിനായിരം കോടി രൂപ ഒറ്റയടിക്ക് നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാതെ ഇന്‍ഫോസിസ് : രാജ്യം ഞെട്ടിയ തകര്‍ച്ച

മുംബൈ: മുപ്പതിനായിരം കോടി രൂപ ഒറ്റയടിക്ക് നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് ഇന്‍ഫോസിസും ഷെയര്‍ ഉടമകളും. കണ്ണടച്ച് തുറക്കും മുന്‍പാണ് ഇത്രയും ഭീമമായ നഷ്ടം സംഭവിച്ചത്. രാജ്യം ഞെട്ടിയ ഈ വന്‍ തകര്‍ച്ച ഉണ്ടായത് കഴിഞ്ഞ ദിവസം ആണ്.

മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായിരുന്ന വിശാല്‍ സിക്കയുടെ രാജിയെ തുടര്‍ന്നാണ് ഇന്‍ഫോസിസിന് 30000 കോടി രൂപയുടെ നഷ്ടം ഉണ്ടായത്. ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ ഉണ്ടായ വന്‍ ഇടിവാണ് നിക്ഷേപകരെ അടിമുടി തകര്‍ത്തുകളഞ്ഞത്.

ഇന്‍ഫോസിസ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളുമായ എന്‍ ആര്‍ നാരായണമൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വിശാല്‍ സിക്ക പെട്ടെന്ന് കഴിഞ്ഞ ദിവസം രാജി വെച്ചത്. സെന്‍സെക്‌സില്‍ 400 പോയിന്റോളമാണ് ഇന്‍ഫോസിസ് ഓഹരികളില്‍ ഇടിവു സംഭവിച്ചത്.

വിശാല്‍ സിക്കയുടെ രാജി രാജ്യത്തെ ഏറ്റവും വലിയ ഐടി ഭീമനായ ഇന്‍ഫോസിസിന് വലിയ തിരിച്ചടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇന്‍ഫോസിസിന്റെ
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവും നഷ്ടവും ആണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്‌

ഫോണ്‍കോളുകള്‍ മുറിഞ്ഞാല്‍ ഇനി മുതല്‍ അഞ്ചുലക്ഷത്തില്‍ കുറയാത്ത പിഴ; കര്‍ശന നടപടിയുമായി ട്രായ്
Posted by
19 August

ഫോണ്‍കോളുകള്‍ മുറിഞ്ഞാല്‍ ഇനി മുതല്‍ അഞ്ചുലക്ഷത്തില്‍ കുറയാത്ത പിഴ; കര്‍ശന നടപടിയുമായി ട്രായ്

ന്യൂഡല്‍ഹി: ഇനി മുതല്‍ ഫോണ്‍ കോളുകള്‍ മുറിഞ്ഞു പോയാല്‍ വെട്ടിലാവുക ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഫോണ്‍വിളി മുറിയലിനെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ടെലികോം കമ്പനികള്‍ക്കെതിരെ അഞ്ചുലക്ഷത്തില്‍ കുറയാത്ത പിഴ ചുമത്തുമെന്ന് ട്രായ് വ്യക്തമാക്കി. ഫോണ്‍വിളി മുറിയലിന്റെ സമയത്തിനനുസരിച്ചാണ് പിഴ ഈടാക്കുക. ദീര്‍ഘനേരം ഈ അവസ്ഥയാണെങ്കില്‍ പിഴ തുക ഇരട്ടിയാവുമെന്നാണ് ട്രായ്‌യുടെ മുന്നറിയിപ്പ്.

ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഈ തീരുമാനം നടപ്പിലാക്കും. നേരത്തെ 50,000 രൂപ മാത്രമായിരുന്നു പിഴ. എന്നാല്‍ ഈ പിഴ ഈടാക്കിയിട്ടും ഫോണ്‍ വിളി മുറിയുന്നത് തുടരുന്നതു കൊണ്ടാണ് പുതിയ തീരുമാനം.

ട്രായിയുടെ പുതിയ തീരുമാനം നടപ്പിലാക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.പക്ഷെ സേവനങ്ങളുടെ ഗുണനിലവാരം പൂര്‍ണ തോതില്‍ കമ്പനികളുടെ നിയന്ത്രണത്തിലല്ലെന്നും കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ഇളം നീല വര്‍ണ്ണത്തില്‍ പുത്തന്‍ 50 രൂപ നോട്ടുകള്‍ എത്തുന്നു
Posted by
19 August

ഇളം നീല വര്‍ണ്ണത്തില്‍ പുത്തന്‍ 50 രൂപ നോട്ടുകള്‍ എത്തുന്നു

മുംബൈ: പുത്തന്‍ 50 രൂപ നോട്ടുകള്‍ ഉടന്‍ വിപണിയിലേക്ക് ഇറങ്ങുമെന്ന് ആര്‍ബിഐ ഒദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ നോട്ടിന്റെ മാതൃകയും വിവരങ്ങളും ആര്‍ബിഐ ഔദ്യോഗികമായി പുറത്തു വിട്ടു. നീല നിറത്തിലാണ് 50 രൂപ നോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നോട്ടിന്റെ ഒരു പുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും ഒരു വശത്ത് ഹംപിയിലെ രഥ ശില്‍പ്പത്തിന്റെ ചിത്രവുമാണുള്ളത്.

പുതിയ 50 രൂപയുടെ ചിത്രങ്ങള്‍ വെള്ളിയാഴ്ച വൈകിട്ടാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. കൂടുതല്‍ സുരക്ഷാ ഘടകങ്ങളുള്ള നോട്ടില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പാണ് ഉണ്ടാവുക. നിലവിലുള്ള 50 രൂപയും തുടരും. 50 പുറത്തിറങ്ങുന്നതിന് മുന്‍പായി 200 രൂപ നോട്ടുകള്‍ വരുമെന്നാണ് കരുതുന്നത്.

നോട്ട് നിരോധനത്തിന് ശേഷം ഇറങ്ങിയ 2000 രൂപ നോട്ട് ചെറിയ ഇടപാടുകള്‍ക്ക് ബുദ്ധിമുട്ടാണെന്ന പ്രശ്നം ഉയര്‍ന്നതോടെയാണ് ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൂടുതലായി ഇറക്കുന്നത്. സെപ്റ്റംബറില്‍ 200 രൂപ നോട്ടുകള്‍ ബാങ്കു വഴി വിതരണം ചെയ്യും.

ആന വീഡിയോയ്ക്ക് ഒരു മറുവീഡിയോ! ഇങ്ങോട്ട് ട്രോളിയ ബജാജ് ഡോമിനാറിനെ വലിച്ച് കീറി ഒട്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ്
Posted by
16 August

ആന വീഡിയോയ്ക്ക് ഒരു മറുവീഡിയോ! ഇങ്ങോട്ട് ട്രോളിയ ബജാജ് ഡോമിനാറിനെ വലിച്ച് കീറി ഒട്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇങ്ങോട്ട് ട്രോളിയാല്‍ മിണ്ടാതിരിക്കുമെന്ന് കരുതിയോ റോയല്‍ എന്‍ഫീല്‍ഡ് ഡാ! ബജാജ് ഡോമിനാര്‍ റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചുകൊണ്ട് ഒരു പരസ്യം ഇറക്കിയപ്പോ സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും അധികം കാണപ്പെട്ട കമന്റ് ഇങ്ങനെയായിരുന്നു. അത് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ തന്നെയാണ് എന്‍ഫീല്‍ഡ് പ്രേമികള്‍ ബജാജിന് മറുപടി നല്‍കിയിരിക്കുന്നതും.

ബുള്ളറ്റിന്റെ ഐക്കണിക് എന്‍ജിന്‍ ശബ്ദം അതേപടി പകര്‍ത്തി എന്‍ഫീല്‍ഡ് ബൈക്കുകളെ ആനകളായാണ് ബജാജ് പരസ്യത്തില്‍ അവതരിപ്പിച്ചത്.

കുറച്ച് റൈഡേഴ്സ് ഹെല്‍മറ്റുമായി ആനപ്പുറത്തുകയറി പ്രയാസപ്പെട്ട് കുന്നുകയറുമ്പോള്‍ പിന്നാലെ ചീറിപ്പാഞ്ഞെത്തിയ ഡോമിനോര്‍ 400 ആനകള്‍ക്കിടയിലൂടെ നിഷ്പ്രയാസം മുന്നോട്ടുകുതിക്കുന്നതുമായി പരസ്യത്തിലെ ഇതിവൃത്തം.

ആനയെ പോറ്റുന്നത് നിര്‍ത്തൂവെന്ന വാചകത്തോടെയുളള പരസ്യം ട്രോളന്മാരും ഏറ്റെടുത്തിരുന്നു.

അതേസമയം ഡോമിനാറിന് വേണ്ടി കമ്പനി പരസ്യങ്ങളില്‍ ഉപയോഗിച്ച വിഷ്വലുകള്‍ കൊണ്ടുതന്നെയാണ് എന്‍ഫീല്‍ഡ് ആരാധകരുടെ മറുവീഡിയോയും. റാഷിദ് എന്ന എന്‍ഫീല്‍ഡ് പ്രേമിയാണ് വീഡിയോ തയ്യാറാക്കി യൂട്യൂബില്‍ അപ്പ് ചെയ്തിരിക്കുന്നത്. ‘റൈഡ് ലൈക്ക് എ കിങ്’ എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ.

331 വ്യാജ കമ്പനികള്‍ പൂട്ടിക്കണമെന്നു ‘സെബി’
Posted by
09 August

331 വ്യാജ കമ്പനികള്‍ പൂട്ടിക്കണമെന്നു 'സെബി'

ന്യൂഡല്‍ഹി : ഇന്ത്യയിലെ 331 വ്യാജ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സെക്യൂരിട്ടീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദായ നികുതി വകുപ്പും തട്ടിപ്പ് അന്വേഷണ ഓഫീസും (എന്‍എഫ്‌ഐഒ) നല്‍കിയ ശുപാര്‍ശ അനുസരിച്ചാണ് സെബിയുടെ നടപടി.

കേന്ദ്ര സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 331 കമ്പനികളെ ഈ മാസം വ്യാപാരം നടത്താന്‍ അനുവദിക്കില്ലെന്ന് സെബി ആഗസ്റ്റ് ഏഴിന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബിഎസ്ഇ സെന്‍സെക്സ്, നിഫ്റ്റി എന്നിവയുടെ വ്യാപാരത്തില്‍ ഇടിവുണ്ടായി. സെന്‍സെക്സ് 0.5 ശതമാനവും നിഫ്റ്റി 0.48 ശതമാനം ഇടിഞ്ഞിരുന്നു.

ഇന്ത്യയില്‍ 331 കമ്പനികള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസം വാര്‍ത്ത പുറത്തുവിട്ടിരുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്. ഇവ കടലാസുകളില്‍ മാത്രമുള്ള വ്യാജ കമ്പനികളാണെന്ന് കണ്ടെത്തിയത്. അതേസമയം ഈ കമ്പനികളുടെ ഓഹരികളുടെ മൂല്യം ബിഎസ്ഇയില്‍ 12,000 കോടിയാണ്.

പട്ടികയിലെ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ എണ്ണം ബംഗാളില്‍ റജിസ്റ്റര്‍ ചെയ്തവയാണ്. ഗുജറാത്തും ഡല്‍ഹിയും പിന്നിലുണ്ട്. 124 കമ്പനികളെങ്കിലും നികുതി വെട്ടിപ്പിന്റെ പേരില്‍ സംശയ നിഴലിലായിരുന്നു. 175 എണ്ണമാകട്ടെ മറ്റു ഗുരുതര ക്രമക്കേടുകള്‍ക്ക് അന്വേഷണം നേരിടുന്നവയും.

പ്രകാശ് ഇന്‍ഡസ്ട്രീസ്, എസ്‌ക്യൂഎസ് ബിഎഫ്എസ്ഐ, പര്‍സ്വന്ത് ഡവലപ്പേഴ്സ് പിന്‍കോണ്‍ സ്പിരിറ്റ്സ്,സ ഗല്ലന്റ് ഇസ്പത്, ജെ കുമാര്‍ ഇന്‍ഫ്ര, ദ്വിതിയ ട്രേഡിങ്. ആധുനിക് ഇന്‍ഡസ്ട്രീസ്, വിബി ഇന്‍ഡസ്ട്രീസ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രമുഖ കമ്പനികള്‍.

ജിഎസ്ടി; 24 അവശ്യവസ്തുക്കളുടെ വില കുറയുമെന്നു സൂചന
Posted by
09 August

ജിഎസ്ടി; 24 അവശ്യവസ്തുക്കളുടെ വില കുറയുമെന്നു സൂചന

ന്യൂഡല്‍ഹി: ജിഎസ്ടി നിലവില്‍ വന്നതോടെ വിലകുറയുമെന്നു കരുതിയ പലതും നിലവില്‍ ഉള്ളതിനേക്കാള്‍ വില കൂടുകയാണ് ചെയ്തത്. എന്നാല്‍ ദോശമാവ് മുതല്‍ ഗ്യാസ് ലൈറ്റര്‍ വരെയുള്ള അടുക്കളയിലെ അവശ്യവസ്തുക്കള്‍ക്ക് വില കുറയുമെന്നാണ് സൂചന.

ഇവയുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം ചരക്ക് സേവന നികുതി കൗണ്‍സിലിന്റെ സജീവ പരിഗണനയിലാണ്. സപ്തംബറില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും അറിയിച്ചു.

വില കുറയുന്നവ: വാളന്‍പുളി, വറുത്ത കടല, പിണ്ണാക്ക് (നികുതി 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറയ്ക്കും.) ഐസ്‌ക്രീമില്‍ ഉപയോഗിക്കുന്ന കസ്റ്റാര്‍ഡ് ക്രീം(നികുതി 28ല്‍ നിന്ന് 12 ശതമാനമാക്കും) ദോശമാവ്(18ല്‍ നിന്ന് 12 ശതമാനമാക്കും).

ധൂപ ബത്തി, ധൂപ് തുടങ്ങിയ വസ്തുക്കളുടെ നികുതി 12 ല്‍നിന്ന് അഞ്ചു ശതമാനമാക്കും. അഗര്‍ബത്തിക്ക് അഞ്ചു ശതമാനമാണ് നികുതി. പ്ളാസ്റ്റിക് റെയിന്‍കോട്ട്, റബ്ബര്‍ ബാന്‍ഡ്, നെല്ല് കുത്ത് മില്ലില്‍ ഉപയോഗിക്കുന്ന റബര്‍ റോളുകള്‍, കമ്പ്യൂട്ടര്‍ മോനിറ്ററുകള്‍, അടുക്കളയിലെ ഗ്യാസ് ലൈറ്ററുകള്‍ തുടങ്ങിയവയുടെ നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കും.

സാരി ഫോള്‍, കോര്‍ഡുറോയി തുണികള്‍ എന്നിവയുടേത് 12 ല്‍നിന്ന് അഞ്ചു ശതമാനമാക്കും. ചൂലുകള്‍, വൃത്തിയാക്കാനുള്ള ബ്രഷുകള്‍. എന്നിവയുടെ അഞ്ചു ശതമാനം നികുതി പൂര്‍ണ്ണമായും എടുത്തുകളയും.

വാഹന നികുതി കൂട്ടി: ആഡംബര കാറുകള്‍ക്ക് വില കൂടും
Posted by
08 August

വാഹന നികുതി കൂട്ടി: ആഡംബര കാറുകള്‍ക്ക് വില കൂടും

ന്യൂഡല്‍ഹി: . ജിഎസ്ടി കൗണ്‍സില്‍ യോഗം വാഹനങ്ങളുടെ നികുതി 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്‌യുവികള്‍ക്കും ആഡംബര കാറുകള്‍ക്കും വില കൂടും.

ഓഗസ്റ്റ് അഞ്ചിനു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തെ ചുമതലപ്പെടുത്തിയത്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ നികുതിയിലുണ്ടായ കുറവ് കണക്കിലെടുത്താണ് വര്‍ധന വരുത്താന്‍ തീരുമാനിച്ചത്.

ജിഎസ്ടി നടപ്പാക്കുന്ന വേളയില്‍ ആഡംബര വാഹനങ്ങള്‍ക്കും എസ്‌യു വികള്‍ക്കും നികുതി നിര്‍ണയിക്കുന്നതില്‍ വന്ന അപാകത പരിഹരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് വിശദീകരണം. നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രവും ചില സംസ്ഥാനങ്ങളും ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

ജിഎസിടിയില്‍ മോട്ടോര്‍ വാഹന നികുതി പരമാവധി 15 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു. തല്‍ഫലമായി ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ എസയുവികള്‍ക്ക് വന്‍ വിലക്കുറവുമുണ്ടായി. നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കാനായി 15 ശതമാനമായിരുന്ന പരമാവധി നികുതി 25 ശതമാനമായിട്ടാകും വര്‍ധിപ്പിക്കുകയെന്ന് ധനകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.