ambani Forbes report
Posted by
21 October

മുകേഷിന്റെ ആസ്തി എസ്റ്റോണിയ രാജ്യത്തിന്റെ മുഴുവന്‍ ആഭ്യന്തര ഉല്‍പാദനത്തിന് തുല്യം

ന്യൂഡല്‍ഹി : ഫോബ്‌സ് ഈ വര്‍ഷം പുറത്തിറക്കിയ 100 അതിസമ്പന്നരുടെ പട്ടികപ്രകാരം ഇന്ത്യയിലെ സമ്പന്നരുടെ മൊത്തം ആസ്തി 38100 കോടി ഡോളറാണെന്ന് കണ്ടെത്തി. 2015 ല്‍ ഇത് 34500 കോടി ഡോളറായിരുന്നു. ഒന്നാം സ്ഥാനമുള്ള മുകേഷ് അംബാനിയുടെ ആസ്തി എസ്റ്റോണിയ എന്ന രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന് തുല്യമാണെന്ന് കണ്ടെത്തി. എസ്റ്റോണിയയുടെ ജിഡിപിക്ക് തുല്യം.

ആദ്യ അഞ്ച് സമ്പന്നരുടെ മൊത്തം ആസ്തി 8370 കോടി ഡോളര്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന് വേണ്ടിവരുന്ന ചെലവിന്റെ 1230 മടങ്ങ്. അല്ലെങ്കില്‍ റിയോ ഒളിംപിക്‌സ് നടത്താന്‍ ആവശ്യമായ ചെലവിന്റെ 18 മടങ്ങ്.പട്ടികയില്‍ കയറിക്കൂടാനുള്ള ഏറ്റവും കുറഞ്ഞ ആസ്തി 125 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇത് 110 കോടി ഡോളറായിരുന്നു.

Samsung will give compensations to distributors of Samsung Galaxy note7
Posted by
19 October

സാംസങ്ങ് ഗ്യാലക്‌സി നോട്ട്7: വിതരണക്കാരുടെ നഷ്ടം ഏറ്റെടുക്കുമെന്ന് കമ്പനി

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7-കാരണം വിതരണക്കാര്‍ക്ക് ഉണ്ടായ നഷ്ടം ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. ഏറ്റവും ഒടുവിലായി വളരെയേറെ പ്രതീക്ഷയോടെ സാംസങ്ങ് കമ്പനി ഇറക്കിയ ഗ്യാലക്‌സി നോട്ട് 7 സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം വില്‍പന നിര്‍ത്തിവയ്ക്കുകയും വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തതോടെ കോടികളുടെ നഷ്ടമാണ് വിതരണക്കാര്‍ക്ക് സംഭവിച്ചത്.

ഫോണ്‍ പിന്‍വലിച്ചതോടെ വിതരണക്കാര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് കമ്പനി. വിതരണക്കാരുടെ കൈവശമുള്ള ശേഷിക്കുന്ന ഫോണുകള്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി അറിയിച്ചു. വില്‍പന നിര്‍ത്തിവച്ചതിലൂടെ ഏകദേശം 530 കോടി ഡോളറിന്റെ നഷ്ടം കമ്പനിക്ക് നേരിടുമെന്നും കണക്കാക്കുന്നു. ഗ്യാലക്‌സി നോട്ട് ഏഴിന്റെ ബാറ്ററി പൊട്ടിത്തെറിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് വില്‍പന നിര്‍ത്തിവച്ചത്. ഇതേ കാരണത്താല്‍ ഈ ഫോണിന് പല എയര്‍ലൈന്‍സുകളിലും വിലക്കും നേരിടുന്നുണ്ട്.

Twitter shares are crashing
Posted by
16 October

ഇതു പറ്റിയ ഇടപാടല്ല; ട്വിറ്ററിനെ ഏറ്റെടുക്കുന്നതില്‍ നിന്നും സെയില്‍സ് ഫോഴ്‌സും പിന്മാറി

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് ട്വിറ്ററിനെ ഏറ്റെടുക്കും എന്നു പ്രതീക്ഷിച്ചിരുന്ന സെയില്‍സ് ഫോഴ്‌സ് ഡോട്‌കോം കമ്പനി കച്ചവടത്തിനില്ല എന്നു പ്രഖ്യാപിച്ചു. ട്വിറ്ററിനെ ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചവരില്‍ പ്രമുഖരായ സെയില്‍സ് ഫോഴ്‌സും പിന്മാറിയതോടെ ട്വിറ്റര്‍ ഓഹരി വിലയില്‍ വന്‍ ഇടിവ് സംഭവിച്ചു. ഒറ്റ ദിവസം ആറു ശതമാനത്തില്‍ അധികമാണ് ഓഹരി വില മൂക്കുകുത്തി താഴോട്ട് ഇറങ്ങിയത്.

സെയില്‍സ് ഫോഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് യുഎസ് സാമ്പത്തികകാര്യ പത്രത്തോട് ട്വിറ്റര്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച നയം വ്യക്തമാക്കിയത് ”ഞങ്ങള്‍ വിട്ടു പോന്നു”എന്നാണ്. ഇതു പറ്റിയ ഇടപാടാണെന്നു തോന്നുന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ ട്വിറ്ററിനെ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നു കരുതപ്പെട്ട ഡിസ്‌നി, ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയവയെല്ലാം തന്നെ പിന്മാറിയ സാഹചര്യത്തില്‍ സെയില്‍സ് ഫോഴ്‌സിലായിരുന്നു പ്രതീക്ഷയത്രയും. എന്നാല്‍ ട്വിറ്റര്‍ ഇനി ഒറ്റയ്ക്കുതന്നെ മുന്നേറേണ്ടിവരും എന്നാണ് വിപണിയില്‍ നിന്നുള്ള വാര്‍ത്ത. ലയനത്തിന് ട്വിറ്റര്‍ ഒരുക്കമാണ്. പക്ഷേ, ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്തതാണ് ട്വിറ്ററിന്റെ മുന്നിലുള്ള പ്രശ്‌നം. മുടക്കേണ്ട വന്‍ തുകയാണ് എല്ലാവരെയും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.

SpiceJet offering air tickets starting at Rs 888
Posted by
04 October

888 രൂപയ്ക്ക് സ്‌പൈസ് ജെറ്റില്‍ പറക്കാം

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് ഫെസ്റ്റിവല്‍ ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്ക് 888 രൂപയും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 3,666 രൂപയും നിരക്കിലാണ് ടിക്കറ്റ് ലഭിക്കുക. ബംഗളൂരു കൊച്ചി, ഡല്‍ഹി ഡെറാഡൂണ്‍, ചെന്നൈ ബംഗളൂരു എന്നീ റൂട്ടുകളിലാണ് 888 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ കൊളംബോ അന്താരാഷ്ട്ര റൂട്ടുകളിലാണ് 3,666 രൂപയുടെ ഓഫര്‍.

2016 ഒക്ടോബര്‍ ഏഴു വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അതുപോലെ 2016 നവംബര്‍ എട്ടിനും 2017 ഏപ്രില്‍ 11നും ഇടയിലാണ് ഈ ഓഫറില്‍ യാത്ര ചെയ്യാന്‍ കഴിയുക.എന്നാല്‍ എത്ര സീറ്റുകള്‍ ഓഫറിനായി നീക്കിവച്ചിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് വെളിപ്പെടുത്തിയില്ല. അതേ പോലെ ഇതിന് പുറകേ നികുതികള്‍ ഉണ്ടാവുമോ എന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

Pathanjali CEO in Forbes magazine’s list
Posted by
23 September

ശതകോടീശ്വരനായ പതഞ്ജലി സിഇഒ ഫോര്‍ബ്സ് പട്ടികയില്‍; ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനി

ന്യൂഡല്‍ഹി: ശതകോടീശ്വരനും ബാബ രാംദേവിന്റെ പതഞ്ജലി കമ്പനിയുടെ സഹസ്ഥാപകനുമായ ആചാര്യ ബാലകൃഷ്ണ ഫോര്‍ബ്സ് മാഗസിന്റെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നൂറ് പേരുടെ പട്ടികയില്‍ ഇടം പിടിച്ചു. പട്ടികയില്‍ 48-ആം സ്ഥാനത്താണ് ബാലകൃഷ്ണ. മാഗസിന്റെ കണക്കു പ്രകാരം 16,000 കോടി രൂപയാണ് പതഞ്ജലി സിഇഒ ആയ ഇദ്ദേഹത്തിന്റെ ആസ്തി.

വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പനിയായ പതഞ്ജലിയുടെ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 5,000 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഇരട്ടിയാകുമെന്നാണ് കരുതുന്നത്. പതഞ്ജലിയില്‍ ഷെയര്‍ ഇല്ലാത്ത യോഗഗുരു ബാബ രാംദേവ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. അതേസമയം കമ്പനിയുടെ നടത്തിപ്പ് ചുമതലമാത്രമാണ് ബാലകൃഷ്ണയ്ക്ക് ഉള്ളതെന്നും ഫോര്‍ബ്സ് മാഗസിന്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ് വരെ സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലാതിരുന്ന ബാലകൃഷ്ണയുടെ വളര്‍ച്ച അതിശയിപ്പിക്കുന്ന തരത്തിലുള്ളതാണ്.

അതേസമയം ഒന്നാംസ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി നിലനിര്‍ത്തി. 2,270 കോടി ഡോളറാണ് ഇദ്ദേത്തിന്റെ ആസ്തി. സണ്‍ ഫാര്‍മയുടെ ദിലിപ് സംഘ്വി രണ്ടാമതും, ഹിന്ദുജ സഹോദരന്മാര്‍ മൂന്നാമതും വിപ്രോയുടെ അസിം പ്രേംജി നാലാം സ്ഥാനവും സ്വന്തമാക്കി. പട്ടികയിലെ 100 പേരുടെ സമ്പത്തെല്ലാം കണക്കുകൂട്ടിയാല്‍ 38,100 കോടിയാണ്, അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ദ്ധനവ്. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകരായ സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും ഫോര്‍ബ്സിന്റെ 100 കോടി ക്ലബ്ബില്‍ നിന്ന് പുറത്താവുകയും ചെയ്തു.

jet airwaise reduce tiket rates
Posted by
12 August

ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം: ജെറ്റ് എയര്‍വെയ്‌സില്‍ 30 ശതമാനം നിരക്കിളവും സൗജന്യ ടിക്കറ്റും

കൊച്ചി: വെള്ളിയാഴ്ച ുമുതല്‍ ആഗസ്റ്റ് 15 വരെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജെറ്റ് എയരവെയ്‌സില്‍ 30 ശതമാനം ടിക്കറ്റ് വിലയില്‍ നിരക്കിളവ് പ്രഖ്യാപിച്ചു.കുറഞ്ഞ നിരക്കില്‍ എപ്പോള്‍ വേണമെങ്കിലും 12 മുതല്‍ യാത്രചെയ്യാം.

മാത്രമല്ല നിരക്കിളവില്‍ നിന്ന് യാത്രചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ മറ്റൊരു ടിക്കറ്റ് സൗജന്യമായും ലഭിക്കും. സെപ്റ്റബര്‍ 30 വരെ ആ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാം. സ്വാതന്ത്ര്യദിനത്തോടമുബന്ധിച്ച് നല്‍കുന്ന സമ്മാനമാണിതെന്ന് ജെറ്റ് എയര്‍വൈസ്പ്രസിഡന്റ് ഷാക്കിര്‍ കാന്താവാല
അറിയിച്ചു.

SBI weighs plan to shut, relocate 30% of its branches
Posted by
02 August

എസ്ബിഐ 30 ശതമാനം ശാഖകള്‍ പൂട്ടുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 30 ശതമാനത്തോളം ശാഖകള്‍ പൂട്ടുന്നു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ മാറ്റങ്ങള്‍ എന്നാണ് അധികൃതരുടെ വിശദീകരണം. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മകിന്‍സിയുടെ ഉപദേശപ്രകാരമാണ് ഇത്.

എസ്ബിഐ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 400 ശാഖകള്‍ അടുത്ത കാലത്തായി പൂട്ടുകയോ സ്ഥാനം മാറ്റുകയോ ചെയ്തിരുന്നു. നിലവില്‍ 16,784 ശാഖകള്‍ ഉള്ള ബാങ്കിലേക്ക് അസോസിയേറ്റ് ബാങ്കുകളുടെ 6,978 ശാഖകള്‍ കൂടി ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ലയിക്കും.

ഓരോ ശാഖകള്‍ വഴി ലഭിക്കുന്ന ബിസിനസ്സ് കൂടി പരിഗണിച്ച ശേഷം 50 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവില്‍ രണ്ട് ശാഖകള്‍ ഉണ്ടെങ്കില്‍ അതിലൊന്ന് പൂട്ടുന്ന കാര്യം തീരുമാനിക്കും.

Flipkart confirms at least 700 lay-offs to cut costs, says it’s a ‘common practice’
Posted by
30 July

ജോലിയില്‍ മികവ് കാണിയ്ക്കാത്ത ജീവനക്കാരെ ഫ്‌ളിപ്പ്കാര്‍ട്ട് പിരിച്ച് വിടുന്നു

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് 700 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ജോലിയില്‍ മികവ് കാട്ടാത്ത ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനിയുടെ തീരുമാനം. ജീവനക്കാരുടെ പ്രവര്‍ത്തനമികവ് നിരീക്ഷിച്ച് വരികയാണെന്ന് കമ്പനി വക്താവ് പറഞ്ഞു. ഐഐടി, ഐഐഎം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത ട്രെയിനികളെയാണ് ഫ്‌ളിപ് കാര്‍ട്ട് പിരിച്ചുവിടുന്നത്.

ജോലിയില്‍ നിശ്ചിത പ്രവര്‍ത്തന മികവ് പുലര്‍ത്താത്തവരെയാണ് പുറത്താക്കുന്നത്. പിരിച്ചുവിടുന്നതിന് പിന്നില്‍ സാമ്പത്തികമായ പ്രശ്‌നമല്ല കാരണമെന്നും ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്്‌ളിപ്പ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു. ജോലിയില്‍ മികവ് പുലര്‍ത്താത്തവര്‍ സ്വമേധയാ രാജിവെക്കുകയോ നടപടികള്‍ നേരിടുകയോ വേണമെന്ന് കമ്പനി വ്യക്തമാക്കിയതായാണ് സൂചന. ആകെ ജീവനക്കാരുടെ മൂന്ന് ശതമാനം പിരിച്ചുവിടല്‍ നേരിടേണ്ടിവരും.

ബംഗളുരു ആസ്ഥാനമായ ഫ്്‌ളിപ്പ്കാര്‍ട്ട് കമ്പനിയില്‍ ഏകദേശം മുപ്പതിനായിരം ജീവനക്കാരാണുള്ളത്. ആമസോണ്‍ പോലുള്ള കമ്പനികളില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ട ഫ്ളിപ്കാര്‍ട്ടിന് ലാഭത്തില്‍ വന്‍കുറവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് കമ്പനി നല്‍കിവന്ന ഓഫറുകള്‍ വെട്ടിക്കുറച്ചത്.

verizon buys yahoo for 4.8 billion
Posted by
25 July

അഞ്ചു ബില്ല്യണ്‍ ഡോളറിന് യാഹൂവിനെ വെറയ്‌സണ്‍ സ്വന്തമാക്കി

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് ലോകത്തെ ഒരു കാലത്ത് അടക്കി വാണിരുന്ന യാഹൂവിന് ഇനി പുതിയ ഉടമ. അമേരിക്കന്‍ ടെലികോം ഭീമന്‍ വെറയ്‌സണ്‍ ആണ് യാഹുവിനെ വാങ്ങിയാത്. 5 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിനാണ് യാഹൂവിനെ വെറയ്‌സണ്‍ ഏറ്റെടുത്തത്. നേരത്തെ യാഹൂവുമായി അടുത്ത വൃത്തങ്ങള്‍ കമ്പനി വില്‍ക്കുവാന്‍ ഒരുങ്ങുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ വളര അപ്രതീക്ഷിതമായി അമേരിക്കന്‍ ഓഹരി വിപണി തുറക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വെറയ്‌സണ്‍ വൃത്തങ്ങള്‍ യാഹൂവിനെ ഏറ്റെടുത്ത വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കന്‍ ഇക്കണോമിക് സൈറ്റ് ബ്ലൂംബര്‍ഗ് ആണ് ആദ്യം ഈ വിവരം പുറംലോകത്തെ അറിയിച്ചത്. ഏതാണ്ട് 4.8 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഏറ്റെടുക്കല്‍ എന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്റര്‍നെറ്റ് ബിസിനസ് രംഗത്ത് വന്‍ കുതിപ്പാണ് വെറയ്‌സണ്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.യാഹൂവിനെ നിലവിലുള്ള രീതിയില്‍ നിലനിര്‍ത്തി കൊണ്ടു തന്നെയായിരിക്കും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. കഴിഞ്ഞ വര്‍ഷം വെറയ്‌സണ്‍ യാഹൂവിന്റെ പരസ്യ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. പുതിയ ഏറ്റെടുക്കലോടെ യാഹൂവിന്റെ സെര്‍ച്ച്, മെയില്‍, മെസഞ്ചര്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ നിയന്ത്രണവും വെറയ്‌സണ്‍ സ്വന്തമാക്കും. നേരത്തെ യാഹൂവിനെ സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചിരുന്നുവെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ബിരുദധാരികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവര്‍ ചേര്‍ന്ന് 1994 ജനുവരിയിലാണ് യാഹൂ സ്ഥാപിച്ചത്.

temporary employees of SBI and associates banks are facing job insecurity
Posted by
11 July

ബാങ്ക് ജീവനക്കാര്‍ ഭീഷണിയില്‍; എസ്ബിടി ഉള്‍പ്പടെയുള്ള ബാങ്കുകള്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരുടെ തൊഴിലിനെ ഭീഷണിയുടെ നിഴലിലാക്കി എസ്ബിഐയുടെ നിര്‍ദ്ദേശം. എസ്ബിടി ഉള്‍പ്പടെയുള്ള എസ്ബിഐയുടെ അസോഷ്യേറ്റ് ബാങ്കുകളിലെ ഇനിയും ജോലിയില്‍ തുടരുന്ന താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാനാണ് ബാങ്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എസ്ബിടിയിലെ 1000 ജീവനക്കാരെ തീരുമാനം ബാധിക്കും. അതേസമയം, ലയനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.

നേരത്തെ പുതിയതായി താല്‍ക്കാലിക ജീവനക്കാരെ എടുക്കരുതെന്ന നിര്‍ദ്ദേശവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ടായിരുന്നു. പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലെ ജീവനക്കാരെയാണ് പുതിയ നിര്‍ദേശം ബാധിക്കുക.

എസ്ബിടി അടക്കം ആറു ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-എസ്ബിഐയില്‍ ലയിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. അസോഷ്യേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളാ ബാങ്കുമാണ് എസ്ബിഐയില്‍ ലയിക്കുക. ലയനത്തിനെതിരെ കടുത്ത എതിര്‍പ്പ് ബാങ്കുകളില്‍ ഉയര്‍ന്നിരുന്നു, എങ്കിലും ലയനവുമായി മുന്നോട്ട് പോവാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.