പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്രത്തോട്
Posted by
23 January

പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്രത്തോട്

ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി പെട്രോള്‍-ഡീസല്‍ വില എക്കാലത്തേയും റെക്കോര്‍ഡ് വിലയില്‍ എത്തിയ സാഹചര്യത്തില്‍ ഇടപെടലുമായി പെട്രോളിയം മന്ത്രാലയം. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറക്കുന്നതിനായി അടുത്ത കേന്ദ്ര ബജറ്റില്‍ ഇവയുടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനകാര്യ മന്ത്രിയോടാവശ്യപ്പെട്ടു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വിലയുള്ളത് ഇന്ത്യയിലാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളാണ് എടുത്താല്‍ പൊങ്ങാത്ത ഈ വിലക്ക് മുഖ്യ കാരണം. നിലവില്‍ വിലയുടെ 50 ശതമാനത്തോളം വിവിധ നികുതികളാണ്. അതുകൊണ്ട് വില കുറക്കാനുള്ള മാര്‍ഗം എക്സൈസ് തീരുവ കുറക്കലാണെന്നു പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ജിഎസ്ടി നടപ്പാക്കിയതോടെ മറ്റ് ഉത്പന്നങ്ങളുടെ നികുതി വരുമാനം പ്രകടമായി താഴ്ന്നിട്ടുണ്ട്. വരുമാനത്തില്‍ ഉണ്ടായിരിക്കുന്ന ചോര്‍ച്ച ധനകമ്മി ഉയരുന്നതിന് കാരണമാകുമെന്ന ആശങ്ക ധനമന്ത്രാലയത്തിനുണ്ട്. അതുകൊണ്ട് ബജറ്റില്‍ തീരുവ കുറക്കാനുള്ള സാധ്യത വിദൂരമാണ്. 2016 -17 സാമ്പത്തിക വര്‍ഷത്തില്‍ 520000 കോടി രൂപയുടെ വരവാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വഴി ഉണ്ടായത്.

കേന്ദ്ര സര്‍ക്കാരിന്റെ മികച്ച മൂന്നാമത്തെ വരുമാനമായിരുന്നു ഇത്. 2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് തവണ നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.

മോഡി ഭരണത്തില്‍ രാജ്യം പിന്നോട്ട്; സമഗ്ര വികസന സൂചികയില്‍ പാകിസ്താനും ചൈനയ്ക്കും ഏറെ പിന്നിലായി ഇന്ത്യ
Posted by
23 January

മോഡി ഭരണത്തില്‍ രാജ്യം പിന്നോട്ട്; സമഗ്ര വികസന സൂചികയില്‍ പാകിസ്താനും ചൈനയ്ക്കും ഏറെ പിന്നിലായി ഇന്ത്യ

ന്യൂഡല്‍ഹി: മോഡി ഭരണത്തിനു കീഴില്‍ ഇന്ത്യ വീണ്ടും പിന്നിലേക്ക്. ലോകത്തെ വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിലെ സമഗ്ര ഉള്‍പ്പെടുത്തല്‍ നയ വികസന സൂചികയില്‍ ഇന്ത്യക്ക് തിരിച്ചടി. പട്ടിക പ്രകാരം ഇന്ത്യ 62ാം സ്ഥാനത്താണ്. അയല്‍രാജ്യങ്ങളായ ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നിലാണ് ഇന്ത്യ.

ചൈന പട്ടികയില്‍ 26ാം സ്ഥാനത്തുള്ളപ്പോള്‍ പാകിസ്താന്‍ 47ാമതാണ്. നോര്‍വേയാണ് ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത്.
ഡബ്ല്യുഇഎഫ് സമ്മേളനത്തിന് മുന്നോടിയായി എല്ലാവര്‍ഷവും സംഘടന പുറത്തിറക്കുന്നതാണ് സമഗ്ര ഉള്‍പ്പെടുത്തല്‍ നയ വികസന സൂചിക റിപ്പോര്‍ട്ട്. ജനങ്ങളുടെ ജീവിതനിലവാരം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

കഴിഞ്ഞ വര്‍ഷം 79 രാജ്യങ്ങളില്‍ 60ാമതായിരുന്ന ഇന്ത്യ ഇക്കുറി 103 രാജ്യങ്ങളിലാണ് 62ാമതായത്. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി നരേന്ദ്ര മോഡി സ്വിസ് നഗരമായ ദാവോസില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയും ഊബര്‍ ടാക്‌സിയും കൈക്കോര്‍ക്കുന്നു; ഇനി ബുക്കിങ് സൗകര്യം സ്‌റ്റേഷനിലും
Posted by
20 January

ഇന്ത്യന്‍ റെയില്‍വേയും ഊബര്‍ ടാക്‌സിയും കൈക്കോര്‍ക്കുന്നു; ഇനി ബുക്കിങ് സൗകര്യം സ്‌റ്റേഷനിലും

കൊല്‍ക്കത്ത: ഇനി ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഊബര്‍ ടാക്‌സികള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഊബറും ഇന്ത്യന്‍ റെയില്‍വേയും തമ്മില്‍ കൈകോര്‍ക്കുന്നു. യാത്രക്കാരെ സഹായിക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു തീരുമാനം.

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനില്‍നിന്നാണ് പദ്ധതിയുടെ തുടക്കം. യാത്ര ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് യൂബര്‍ റെയില്‍വെ സ്റ്റേഷനുകളിലും ബുക്കിംഗ് സൗകര്യമൊരുക്കും.

യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി ഏതുസമയവും ഊബര്‍ ടാക്സി സൗകര്യവും ലഭ്യമായിരിക്കുമെന്ന് ഊബര്‍ വക്താവ് അറിയിച്ചിട്ടുണ്ട്. ആപ്പ് മുഖാന്തരം കാര്‍ ഡ്രൈവറിലെത്തും. പല പൊതുമേല സ്ഥാപനങ്ങളുമായും തങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റെയില്‍വെയുമായി ചേര്‍ന്നുള്ള പദ്ധതി വിജയകരമാകുമെന്നും കൊല്‍ക്കത്തയിലെ യൂബര്‍ ജനറല്‍ മാനേജര്‍ അര്‍പിത് മന്ത്ര പറഞ്ഞു.

നിലവില്‍ ഹൗറ സ്റ്റേഷനില്‍ ആഴ്ചയില്‍ 8000 തവണ യാത്രക്കാര്‍ ഊബര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സേവനം ഒരുക്കുന്നതുവഴി കൂടുതല്‍ ആളുകള്‍ ഊബര്‍ ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും അര്‍പിത് വ്യക്തമാക്കി.

ബിറ്റ്കോയിന്‍ നിക്ഷേപകര്‍ക്ക് തിരിച്ചടി; പ്രമുഖ ബാങ്കുകള്‍ ബിറ്റ്കോയിന്‍ എക്സ്‌ചേഞ്ചുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
Posted by
20 January

ബിറ്റ്കോയിന്‍ നിക്ഷേപകര്‍ക്ക് തിരിച്ചടി; പ്രമുഖ ബാങ്കുകള്‍ ബിറ്റ്കോയിന്‍ എക്സ്‌ചേഞ്ചുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

മുംബൈ: ബിറ്റ്കോയിന്‍ എക്സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഇടപാടുകള്‍ നടന്നതെന്ന് കരുതുന്ന ചില അക്കൗണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു. എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളാണ് അക്കൗണ്ടുകള്‍ സസ്പെന്റ് ചെയ്തത്.

സസ്പെന്റ് ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് നിയന്ത്രണവും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എക്സ്ചേഞ്ചുകളിലെ പ്രൊമോട്ടര്‍മാരോട് വിവിധ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായും ബാങ്കുകളുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിക്കല്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ബിറ്റ്കോയിന്‍ എക്സ്ചേഞ്ചുകളുടെ കറന്റ് അക്കൗണ്ടുകളിലെ ഇടപാടുകള്‍ ബാങ്കുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
സെബ്പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസിഎക്സ്ഇന്ത്യ തുടങ്ങിയ പത്ത് എക്സ്ചേഞ്ചുകളിലെ ചില അക്കൗണ്ടുകളിലാണ് നടപടിയെടുത്തിരിക്കുന്നത്.

ഇനി വാടസ്ആപ്പില്‍ ബിസിനസ് സാധ്യതകളും; വരുന്നു വാട്‌സ്ആപ്പ് ഫോര്‍ ബിസിനസ്
Posted by
19 January

ഇനി വാടസ്ആപ്പില്‍ ബിസിനസ് സാധ്യതകളും; വരുന്നു വാട്‌സ്ആപ്പ് ഫോര്‍ ബിസിനസ്

ന്യൂയോര്‍ക്ക്: ബിസിനസുകാര്‍ക്ക് ഉപയോഗപ്രദമായ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ‘വാട്‌സ്ആപ്പ് ഫോര്‍ ബിസിനസ്’ ആപ്ലിക്കേഷനാണ് കമ്പനി രംഗത്തിറക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ആപ്പ് തുടക്കത്തില്‍ ലഭ്യമാകുക. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന ആപ്പില്‍ കമ്പനികള്‍ക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്.

‘യൂസര്‍ ചാറ്റ്’ രൂപത്തില്‍ വാണിജ്യസ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ ഇ-മെയില്‍ അഥവാ സ്റ്റോര്‍ മേല്‍വിലാസങ്ങള്‍, വെബ്‌സൈറ്റുകള്‍, പ്രത്യേക ഇളവുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ആപ്ലിക്കേഷന്‍ സഹായിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും അടുത്തുതന്നെ വാട്‌സാപ് ഫോര്‍ ബിസിനസ് ആപ്പ് ലഭിക്കുമെന്നാണ് സൂചന.

സെപ്റ്റംബറില്‍ വാട്‌സ്ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയില്‍ ബുക് മൈ ഷോ തുടങ്ങി ഇന്ത്യയില്‍ പ്രശസ്തമായ ബുക്കിങ് സൈറ്റുകളും പങ്കാളികളായിരുന്നു.

മൂന്നാം ദിനത്തിലും നേട്ടത്തില്‍ ഓഹരി വിപണി
Posted by
19 January

മൂന്നാം ദിനത്തിലും നേട്ടത്തില്‍ ഓഹരി വിപണി

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ലാഭത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം നടക്കുന്നു. വ്യാപാരം ആരംഭിക്കുമ്പോള്‍ നേട്ടത്തിലായിരുന്നെങ്കിലും നിഫ്റ്റി ഒരുവേള ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 85.94 പോയിന്റുയര്‍ന്ന് 35,346.23ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 15.10 പോയിന്റുയര്‍ന്ന് 10,832 ലുമാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലെ ഐടി ഓഹരികള്‍ നഷ്ടത്തിലാണ്.

സാമ്പത്തിക കമ്മി കുറയുന്നത് നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ബാങ്കിങ് ഓഹരികളില്‍ ഇന്നും കുതിപ്പ് തുടരുകയാണ്. ആഗോള വിപണിയും ഏഷ്യന്‍ വിപണിയും നേട്ടത്തിലാണ്. ഇന്‍ഫോസിസ്, അള്‍ട്ര ടെക് സിമെന്റ്, ഗെയ്ല്‍ എന്നിവ നഷ്ടത്തിലാണ്. അദാനി പോര്‍ട്‌സ്, എസ് ബാങ്ക്, എസ്ബിഐ, ടാറ്റാ പവര്‍ എന്നിവ നേട്ടത്തിലാണ്.

ആര്‍ക്കും വേണ്ടാതെ 8864 കോടി രൂപ വിവിധ ബാങ്കുകളില്‍; അവകാശികളെ തേടി ബാങ്കുകള്‍
Posted by
18 January

ആര്‍ക്കും വേണ്ടാതെ 8864 കോടി രൂപ വിവിധ ബാങ്കുകളില്‍; അവകാശികളെ തേടി ബാങ്കുകള്‍

കൊച്ചി: അവകാശികളില്ലാതെ നിരവധി ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപയെന്ന് റിപ്പോര്‍ട്ട്. 2.63 കോടി അക്കൗണ്ടുകളിലായാണ് അവകാശികളില്ലാതെ 8864.6 കോടി രൂപ കെട്ടിക്കിടക്കുന്നത്. ഇത്തരത്തില്‍ ആരും അവകാശം ഉന്നയിക്കാതെ ബാങ്കുകളില്‍ കിടക്കുന്ന പണത്തിന്റെ തോതില്‍ 10 വര്‍ഷം കൊണ്ട് 700 ശതമാനത്തിലേറെയാണ വര്‍ധിച്ചതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു. 2007 ല്‍അവകാശികളില്ലാതെ ബാങ്കുകളില്‍ ഉണ്ടായിരുന്നത് 1095.44 കോടി രൂപയാണ്.

സേവിങ് ബാങ്ക് അക്കൗണ്ടുകളാണ് അവകാശികളില്ലാതെ മരവിച്ച് കിടക്കുന്ന അക്കൗണ്ടുകളില്‍ ഭൂരിഭാഗവും. കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയും കുറവല്ല. മരണം, സ്ഥലം മാറ്റം, ചെറിയ തുക നിക്ഷേപം തുടങ്ങിയ കാരണങ്ങളാണ് അവകാശികളില്ലാത്ത നിക്ഷേപം പെരുകുന്നതിന് കാരണമാകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഈ ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുകയുള്ളത്, 1036 കോടി രൂപ. എസ്ബിഐയിലെ 50 ലക്ഷത്തോളം അക്കൗണ്ടുകളിലായാണ് ഈ തുക. കേരളം ആസ്ഥാനമായുള്ള നാലു വാണിജ്യ ബാങ്കുകളില്‍ പത്തു വര്‍ഷത്തിലേറെയായി ഇടപാടുകളില്ലാത്തതോ ആരും അവകാശപ്പെടാത്തതോ ആയ അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകളാണുള്ളത്.

തുക കൈപ്പറ്റാനോ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാനോ അവകാശികള്‍ക്കോ അക്കൗണ്ട് ഉടമകള്‍ക്കോ താത്പര്യമുണ്ടെങ്കില്‍ അതത് ബാങ്കുകളെ സമീപിക്കാവുന്നതാണ്.

ബിഎസ്എന്‍എല്‍ ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സേവനം നിര്‍ത്തലാക്കുന്നു; ഫെബ്രുവരി മുതല്‍ ഇനി സൗജന്യമില്ല
Posted by
17 January

ബിഎസ്എന്‍എല്‍ ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സേവനം നിര്‍ത്തലാക്കുന്നു; ഫെബ്രുവരി മുതല്‍ ഇനി സൗജന്യമില്ല

കൊല്ലം: ബിഎസ്എന്‍എല്ലിന്റെ ഏറ്റവും ആകര്‍ഷകമായ ഓഫറുകളില്‍ ഒന്നായ ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സേവനം നിര്‍ത്തലാക്കുാന്നു. ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നല്‍കി വന്നിരുന്ന ഞായറാഴ്ചകളിലെ 24 മണിക്കൂര്‍ സൗജന്യ കോള്‍ സേവനമാണ് കമ്പനി അവസാനിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നു മുതലാണ് ഓഫര്‍ നിലയ്ക്കുക. ഇതനുസരിച്ചു ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതല്‍ സേവനം ലഭ്യമാകില്ല.

ലാന്‍ഡ്‌ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി നടപ്പാക്കിയ പദ്ധതിയാണ് പിന്‍വലിക്കുന്നത്. നേരത്തെ രാത്രികാലങ്ങളില്‍ നല്‍കി വന്നിരുന്ന സൗജന്യ കോള്‍ സേവനത്തിന്റെ സമയപരിധിയിലും കുറവു വരുത്തിയിരുന്നു. ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യമായി വിളിക്കുന്ന ഓഫര്‍ ഒഴിവാക്കുമ്പോഴും രാത്രിയില്‍ ലഭിക്കുന്ന നൈറ്റ് ഓഫര്‍ ലഭ്യമാകുമെന്നാണു ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്.

രാത്രി 10.30 മുതല്‍ രാവിലെ ആറുവരെയാണു രാജ്യത്തെ ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുന്നത്. ജനുവരി ഒന്നിനു തന്നെ ഹിമാചല്‍ പ്രദേശ് സര്‍ക്കിളില്‍ ഞായറാഴ്ചകളിലെ 24 മണിക്കൂര്‍ സൗജന്യ കോള്‍ ഓഫര്‍ പിന്‍വലിച്ചിരുന്നു.

ഓഹരി വിപണി ചരിത്രം കുറിച്ചു; സെന്‍സെക്‌സ് ആദ്യമായി 35,000 പോയിന്റ് മറികടന്നു
Posted by
17 January

ഓഹരി വിപണി ചരിത്രം കുറിച്ചു; സെന്‍സെക്‌സ് ആദ്യമായി 35,000 പോയിന്റ് മറികടന്നു

മുംബൈ: രാജ്യത്തെ ഓഹരി വിപണിയ്ക്ക് ഇത് ചരിത്ര മുഹൂര്‍ത്തം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 35,000 പോയിന്റ് മറികടന്ന് വ്യപാരം പുരോഗമിക്കുന്നു. 324.72 പോയിന്റ് ഉയര്‍ന്ന് 35,095.77 ലാണ് വ്യാപാരം നടക്കുന്നത്. 97.20 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 10797.40 പോയിന്റിലും ഇടപാടുകള്‍ നടക്കുന്നു.

ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്സ് 35,000 പോയിന്റിന് മുകളില്‍ എത്തുന്നത്. ഐടി ഓഹരികളാണ് വന്‍ കുതിപ്പിന് നേതൃത്വം നല്‍കിയത്. ഇതോടൊപ്പം 70 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി കുറയ്ക്കുമെന്ന വാര്‍ത്തയും മാര്‍ക്കറ്റിനു ഉണര്‍വ്വ് നല്‍കി.

കുതിച്ചുയര്‍ന്ന് ഇന്ധന വില; ഡീസല്‍-പെട്രോള്‍ വില വര്‍ധനവ് ഒപ്പത്തിനൊപ്പം; പോക്കറ്റ് വീര്‍പ്പിച്ച് എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും; ലാഭം മാത്രം 45,000 കോടി
Posted by
16 January

കുതിച്ചുയര്‍ന്ന് ഇന്ധന വില; ഡീസല്‍-പെട്രോള്‍ വില വര്‍ധനവ് ഒപ്പത്തിനൊപ്പം; പോക്കറ്റ് വീര്‍പ്പിച്ച് എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും; ലാഭം മാത്രം 45,000 കോടി

കൊച്ചി: പൊതുജനത്തെ കൊള്ളയടിച്ച് എണ്ണക്കമ്പനികള്‍ കൊയ്യുന്നത് കൊള്ളലാഭം. സര്‍ക്കാരും എണ്ണക്കമ്പനികളും പോക്കറ്റടി തുടരുമ്പോള്‍ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 75.03 രൂപയും ഡീസല്‍ വില ലിറ്ററിന് 67.05 രൂപയും(തിരുവനന്തപുരം) ആയി വര്‍ധിച്ചു. കൊച്ചിയില്‍ ഇത് യഥാക്രമം 73.73, 65.78 രൂപ, പാലക്കാട്- 74.51, 66.56 രൂപ.

ഇന്ധനവിലയില്‍ ദിവസേന ചെറിയ വര്‍ധനവ് വരുത്തിയാണ് ജനങ്ങളെ അവര്‍ പോലും അറിയാതെ എണ്ണക്കമ്പനികള്‍ കൊള്ളയടിക്കുന്നത്. അതിനാല്‍ തന്നെ ചെറുപ്രതിഷേധം പോലും ഉണ്ടാകുന്നുമില്ല. അമിതനികുതി ഈടാക്കി സര്‍ക്കാരും പരമാവധി ജനങ്ങളെ പിഴിയുന്നുണ്ട്. ഡിസംബര്‍ 15 മുതലുള്ള ഒറ്റമാസത്തില്‍ പെട്രോളിനു കൂടിയത് രണ്ടു രൂപയിലേറെയാണ്. ഡീസലിന് എട്ടുമാസം കൊണ്ടുകൂടിയത് എട്ടുരൂപയും. ഡീസല്‍ വില ഉയര്‍ന്നതോടെ നിത്യോപയോഗവസ്തുക്കളുടെ വിലകുതിക്കുകയും ചെയ്യുന്നുണ്ട്, വാഹനക്കൂലിയും കൂടി.

അതേസമയം, ജനത്തെ പിഴിഞ്ഞു മൂന്നരവര്‍ഷംകൊണ്ട് എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ലാഭവിഹിതം 44,637.22 കോടി രൂപയാണ്. ഒഎന്‍ജിസിയാണു ലാഭവിഹിതം ഏറ്റവും കൂടുതല്‍ നല്‍കിയത്; 18,709.91 കോടി രൂപ. 12,936.61 കോടിരൂപ നല്‍കിയ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് രണ്ടാം സ്ഥാനത്ത്. കൊച്ചി സ്വദേശി രാജു വാഴക്കാല നല്‍കിയ അപേക്ഷയില്‍ കേന്ദ്ര ധനകാര്യ അണ്ടര്‍ സെക്രട്ടറി രമാകാന്ത് സിങ് നല്‍കിയ വിവരാവകാശ രേഖയിലാണ് എണ്ണക്കമ്പനികളുടെ ലാഭക്കണക്ക് വെളിപ്പെടുത്തിയിട്ടുള്ളത്. നികുതിയും സെസും അടക്കമുള്ളവയ്ക്കു പുറമേയാണിത്.

error: This Content is already Published.!!