രാജ്യത്ത് ചെക്ക് ബുക്കിന് നിരോധനം: നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
Posted by
24 November

രാജ്യത്ത് ചെക്ക് ബുക്കിന് നിരോധനം: നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ചെക്ക് ബുക്കിന് നിരോധനം കൊണ്ടുവരാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ഇക്കാര്യത്തില്‍ കേന്ദര സര്‍ക്കാര്‍ നയം വ്യക്തമാക്കി രംഗത്ത്. ചെക്ക് ബുക്ക് നിരോധിക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും നിരോധനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞിരുന്നു.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്ന് ധനമന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.

ഐഫോണിന് വന്‍ ഡിമാന്റ്; നിര്‍ബന്ധിത ജോലിക്കാരായി വിദ്യാര്‍ത്ഥികള്‍
Posted by
22 November

ഐഫോണിന് വന്‍ ഡിമാന്റ്; നിര്‍ബന്ധിത ജോലിക്കാരായി വിദ്യാര്‍ത്ഥികള്‍

ബെയ്ജിങ്: വര്‍ധിച്ചു വരുന്ന ഐ ഫോണ്‍ ഡിമാന്റ് കണക്കിലെടുത്ത് വിദ്യര്‍ത്ഥികളെ അനധികൃതമായി ജോലിക്ക് നിയോഗിക്കുന്നു. ചൈനയിലാണ് സംഭവം. ഡിമാന്‍ഡ് കൂടുകയും നിര്‍മ്മാണം വൈകുകയും ചെയ്ത സാഹചര്യത്തിലാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നത്. 17 മുതല്‍ 19വരെ പ്രായമുള്ള വിദ്യാര്‍ഥികളെയാണ് പ്രായോഗിക പരിശീലനമെന്ന മറവില്‍ ആപ്പിളിന്റെ വിതരണക്കാരായ ഫോക്‌സോണ്‍ അനധികൃതമായി ജോലിക്ക് റിക്രൂട്ട് ചെയ്യുന്നത്. ഫിനാഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

ബിരുദം ലഭിക്കാന്‍ മൂന്നുമാസത്തെ ഐഫോണ്‍ അസംബ്ലിങില്‍ പ്രായോഗിക പരിശീലനം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയതായി ചൈനയിലെ ജെങ്‌ജോങിലെ അസംബ്ലിങ് യൂണിറ്റില്‍ പണിയെടുക്കുന്ന വിദ്യാര്‍ഥികള്‍ പറയുന്നു.

പഠനത്തിന്റെ ഭാഗമല്ലെങ്കിലും പ്ലാന്റില്‍ ജോലിചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയാണെന്ന് പ്രതിദിനം 1200 ക്യമറകള്‍ ഐഫോണ്‍ Xല്‍ ഘടിപ്പിക്കുന്ന യങ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജെങ്‌ജോങിലെ അര്‍ബന്‍ റെയില്‍ ട്രാന്‍സിസ്റ്റ് സ്‌കൂളിലെ മൂവായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ പണിയെടുക്കുന്നുണ്ട്.

അതേസമയം, പ്രാദേശിക ഭരണകൂടവും സ്‌കൂളുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളെ താല്‍ക്കാലികമായി നിയമിച്ചതെന്ന് ഫോക്‌സ്‌കോണ്‍ പറയുന്നു.

എസ്ബിഐയില്‍ ആറു മാസത്തിനുള്ളില്‍ ജോലി പോയത് 10500 പേര്‍ക്ക്; ചെറുകിടലോണ്‍ അനുവദിക്കാതെ ജനങ്ങളെ വലച്ചും എസ്ബിഐ നടപടി
Posted by
16 November

എസ്ബിഐയില്‍ ആറു മാസത്തിനുള്ളില്‍ ജോലി പോയത് 10500 പേര്‍ക്ക്; ചെറുകിടലോണ്‍ അനുവദിക്കാതെ ജനങ്ങളെ വലച്ചും എസ്ബിഐ നടപടി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ലയനത്തിനു പിന്നാലെ ഉണ്ടായ കൂട്ടപിരിച്ചുവിടലില്‍ 10500 ജീവനക്കാര്‍ കൊഴിഞ്ഞുപോയെന്ന് കണക്കുകള്‍. അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനം നടന്ന് ആറുമാസം കഴിയുമ്പോള്‍ പുറത്തുവന്ന കണക്കുകളാണ് എസ്ബിഐയില്‍ ജീവനക്കാരുടെ എണ്ണം പതിനായിരത്തിലേറെ കുറഞ്ഞുവെന്ന് തെളിയിക്കുന്നത്. എസ്ബിഐ പ്രഖ്യാപിച്ച പ്രത്യേക വിരമിക്കല്‍ പാക്കേജ് സ്വീകരിച്ച് മൂവായിരത്തഞ്ഞൂറിലേറെ പേരാണ് സ്വയംവിരമിച്ചത്. അടുത്തവര്‍ഷം മാര്‍ച്ചോടെ അയ്യായിരത്തോളം പേരെക്കൂടി കുറയ്ക്കാനാണ് അധികൃതരുടെ നീക്കം. പുതിയ നിയമനങ്ങള്‍ നടത്താതെയും ചെറുകിട മുന്‍ഗണനാ വായ്പാപദ്ധതികളില്‍നിന്ന് പിന്തിരിഞ്ഞും ജനകീയ ബാങ്കിങ്ങിനെ തകര്‍ക്കുന്ന രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.

അനുബന്ധ ബാങ്കുകള്‍ ഫലപ്രദമായി നടപ്പാക്കിയിരുന്ന ചെറുകിട മുന്‍ഗണനാ വായ്പകള്‍ എസ്ബിഐ ഗണ്യമായി കുറച്ചു. വിദ്യാഭ്യാസവായ്പ, കാര്‍ഷികവായ്പ, ചെറുകിട കച്ചവട, സ്വയംസംരഭവായ്പ എന്നിവയെല്ലാം കൈയൊഴിഞ്ഞു. കോര്‍പറേറ്റ് വായ്പകളും സ്വര്‍ണവായ്പയും മറ്റുമാണ് എസ്ബിഐക്ക് ഇപ്പോഴുള്ള മുന്‍ഗണനകളെന്നും ആക്ഷേപമുണ്ട്.

ഏപ്രില്‍ ഒന്നിനാണ് എസ്ബിഐയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചത്. 70,000ത്തോളം പേരാണ് ലയനത്തോടെ അസോസിയേറ്റ് ബാങ്കുകളില്‍നിന്നായി എസ്ബിഐയിലെത്തിയത്. ലയനശേഷം ഏപ്രിലില്‍ എസ്ബിഐയുടെ ആകെ ജീവനക്കാരുടെ എണ്ണം 2,79,803 ആയിരുന്നു. സെപ്തംബറിലെ കണക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം 2,69,219 ആയി. ആറുമാസത്തിനിടെ ജീവനക്കാരുടെ എണ്ണത്തില്‍ 10,584 പേരുടെ കുറവ്. 201718 സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ 758 പേര്‍ മാത്രമാണ് എസ്ബിഐയില്‍ ജീവനക്കാരായെത്തിയത്. 11,382 പേര്‍ ഈ കാലയളവില്‍ പിരിഞ്ഞുപോയി. അസോസിയേറ്റ് ബാങ്കുകളിലെ അര്‍ഹരായ ജീവനക്കാരുള്‍പ്പെടെ ലയനശേഷം എസ്ബിഐ കൊണ്ടുവന്ന പ്രത്യേക വിആര്‍എസ് എടുത്തത് 3,569 പേരാണ്.

കാര്യക്ഷമത കൂട്ടുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്നാണ് വിആര്‍എസ് പ്രഖ്യാപിച്ച സമയത്ത് എസ്ബിഐ അധികൃതര്‍ പറഞ്ഞത്. അടുത്ത സാമ്പത്തികവര്‍ഷം എസ്ബിഐയില്‍നിന്ന് 15,460 പേര്‍ പിരിഞ്ഞേക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍, മാര്‍ച്ചോടെ 4,876 ജീവനക്കാരെ കുറയ്ക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.

പുതിയ നിയമനങ്ങള്‍ ഏതാനും വര്‍ഷത്തേക്ക് ഉണ്ടാകില്ലെന്ന് ലയനവേളയില്‍ എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരെ സംരക്ഷിക്കുമെന്നും വിരമിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി പ്രത്യേക വിരമിക്കല്‍ പാക്കേജ് പ്രഖ്യാപിക്കുന്നെന്നാണ് അന്നുപറഞ്ഞിരുന്നത്. എന്നാല്‍, കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടുകയും അനുബന്ധ ബാങ്കുകളിലെ ജീവനക്കാരെ സ്ഥലംമാറ്റുകയുമാണുണ്ടായത്. അനുബന്ധ ബാങ്കുകളിലെ ജീവനക്കാരോട് എസ്ബിഐക്ക് ചിറ്റമ്മനയമാണെന്നും പരാതികളുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ തലത്തിലാണ് ഇത് കൂടുതല്‍ ശക്തം.

ജിഎസ്ടി: ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷണവില കുറച്ചു
Posted by
16 November

ജിഎസ്ടി: ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷണവില കുറച്ചു

കൊച്ചി: ഭക്ഷണശാലകള്‍ക്ക് ലഭിച്ച ജിഎസ്ടിയിലെ ഇളവിനെത്തുടര്‍ന്ന് ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷണശാലകളില്‍ ഭക്ഷണത്തിന്റെ വില കുറച്ചു. ബുധനാഴ്ച അഞ്ചുശതമാനം ജിഎസ്ടിയാണ് ഇന്ത്യന്‍ കോഫി ഹൗസിന്റെ എല്ലാ റസ്റ്റോറന്റിലും ഈടാക്കിയത്. ചൊവ്വാഴ്ചവരെ എസിയില്‍ 18 ശതമാനവും നോണ്‍ എസിയില്‍ 12 ശതമാനവുമായിരുന്നു.

തൃശൂര്‍ ആസ്ഥാനമായ ഇന്ത്യാ കോഫീ ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള 54 റസ്റ്റോറന്റുകളിലും വില കുറഞ്ഞു. തൃശൂരിനു വടക്കുള്ള റസ്റ്റോറന്റുകള്‍ വിലക്കുറവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ സേവന നികുതിയടക്കം വാങ്ങിയ വിലയുടെ പുറമേയാണ് 12 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ഫലത്തില്‍ അഞ്ചു ശതമാനം ജിഎസ്ടിയായി കുറയ്ക്കുമ്പോഴും പഴയതിനെക്കാള്‍ അഞ്ചുശതമാനം വില കൂടുതല്‍ കൊടുക്കേണ്ടിവരികയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ ഇന്ത്യന്‍ കോഫി ഹൗസിന് ഇന്ത്യയൊട്ടാകെ 400 ശാഖകളുണ്ട്.

അതേസമയം പല ഹോട്ടലുകളും ജിഎസ്ടി കുറച്ചത് ആഘോഷമാക്കി. എങ്കിലും മറ്റു ഹോട്ടലുകള്‍ പലതും വില കുറക്കാത്തത് കല്ലുകടിയായി. വില കുറയ്ക്കാത്ത ഹോട്ടലുകള്‍ക്കെതിരെ പരിശോധന നടത്തി ശക്തമായ നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി ഡോ. ടി എം തോമസ് ഐസക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമ്പരപ്പിക്കുന്ന ഓഫറുമായി എയര്‍ ഏഷ്യ; 99 രൂപയ്ക്ക് പറക്കാം
Posted by
14 November

അമ്പരപ്പിക്കുന്ന ഓഫറുമായി എയര്‍ ഏഷ്യ; 99 രൂപയ്ക്ക് പറക്കാം

ബംഗളൂരു: കുറഞ്ഞതുകയ്ക്ക് എന്നും യാത്രയൊരുക്കുന്നതില്‍ മുന്‍പന്തിയിലുള്ള എയര്‍ ഏഷ്യ വീണ്ടും തകര്‍പ്പന്‍ ഓഫറുമായി രംഗത്ത്. ലോകത്തെ ഏറ്റവും ചീപ്പ് വിമാനം എന്ന ഖ്യാതിയുള്ള എയര്‍ ഏഷ്യ ഇത്തവണ ബിഗ് സെയില്‍ ഓഫറുമായാണ് രംഗത്ത് വന്നിരിക്കുന്നത്.

ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക.

ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ തുകയും അടയ്ക്കണം. ഇത് റീഫണ്ട് ചെയ്യില്ലെന്നും കമ്പനി അറിയിച്ചു

ദിനംപ്രതി എണ്ണവിലയില്‍ മാറ്റം: നടുവൊടിഞ്ഞ് ജനം;നേട്ടം കൊയ്ത് കമ്പനികള്‍; എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്
Posted by
13 November

ദിനംപ്രതി എണ്ണവിലയില്‍ മാറ്റം: നടുവൊടിഞ്ഞ് ജനം;നേട്ടം കൊയ്ത് കമ്പനികള്‍; എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

കൊച്ചി: രാജ്യത്ത് ദൈനംദിന എണ്ണവില നിര്‍ണയം വന്നശേഷം എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് പൊതൂമേഖല എണ്ണക്കമ്പനികളുടെ ആകെ ലാഭം 7788 കോടി രൂപയാണ്. ഈ കാലയളവില്‍ ഐഒസി മാത്രം 3696 കോടി രൂപ ലാഭം നേടി.

ആഗോള വിപണി വിലയിലെ ചാഞ്ചാട്ടവും കറന്‍സി മൂല്യത്തിലെ വ്യതിയാനവും മൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്നു എന്ന പേരിലാണ് ഓരോ ദിവസവും വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നതല്ലാതെ എണ്ണവില ദിനവും മാറുന്നതു കൊണ്ട് യാതൊരു നേട്ടവും ഉണ്ടാക്കാനാകുന്നില്ല എന്നാണ് യാഥാര്‍ത്ഥ്യം.

ഇസ്ലാമിക് ബാങ്കിംഗ് വേണ്ട; രഘുറാം രാജന്റെ നിര്‍ദേശം തള്ളി ആര്‍ബിഐ
Posted by
12 November

ഇസ്ലാമിക് ബാങ്കിംഗ് വേണ്ട; രഘുറാം രാജന്റെ നിര്‍ദേശം തള്ളി ആര്‍ബിഐ

മുംബൈ: രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് ആവശ്യമില്ലെന്ന നിലപാടുമായി ആര്‍ബിഐ രംഗത്ത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ നിര്‍ദേശമായിരുന്നു ഇസ്ലാമിക് ബാങ്കിംഗ് എന്ന പദ്ധതഇ. എന്നാല്‍ നിലവില്‍ രാജ്യത്തുള്ള ബാങ്കിംഗ് സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്നും അതിനാല്‍ പ്രത്യേക സംവിധാനത്തിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചത്. പലിശ രഹിതമായ ബാങ്കിംഗ് സംവിധാനമാണ് ഇസ്ലാമിക് ബാങ്കിംഗ്.

ഇസ്ലാമിക് ബാങ്കിനെക്കുറിച്ച് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ കേന്ദ്ര ധനമന്ത്രാലയം നല്‍കിയ മറുപടി വെളിപ്പെടുത്താനാകില്ലെന്ന് ആര്‍ബിഐ നേരത്തെ പറഞ്ഞിരുന്നു. ഇസ്ലാമിക് ബാങ്കിംഗ് സംബന്ധിച്ച് റിസര്‍വ് ബാങ്കിന് ധനമന്ത്രാലയം നല്‍കിയ കത്തിന്റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിന് മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

കത്ത് നല്‍കുന്നത് സംബന്ധിച്ച് ധനമന്ത്രാലയത്തോട് റിസര്‍വ് ബാങ്ക് അനുമതി ചോദിച്ചിരുന്നു. എന്നാല്‍, അത് നല്‍കരുതെന്ന് ധനമന്ത്രാലയം നിര്‍ദ്ദേശിച്ചതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഈ ആവശ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് വിവരം നല്‍കാതിരുന്നത്.

ഇസ്ലാം നിയമമനുസരിക്കുന്ന, പലിശ ഇടപാടുകള്‍ ഇല്ലാത്ത ബാങ്കിങ് സംവിധാനമാണ് ഇസ്ലാമിക് ബാങ്കിങ് അഥവാ ശരിയത്ത് ബാങ്കിങ്. ഇത്തരം ബാങ്കിംഗ് ഇടപാടുകള്‍ക്ക് നിലവിലുള്ള ബാങ്കുകളില്‍ത്തന്നെ സംവിധാനം ഒരുക്കുന്നതിന് റിസര്‍വ് ബാങ്ക് ആലോചിച്ചിരുന്നു.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം; നാളെ കരിദിനമായി ആചരിക്കും
Posted by
07 November

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം; നാളെ കരിദിനമായി ആചരിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കള്ളപ്പണത്തിനെതിരായ പടയൊരുക്കമെന്ന നിലയില്‍ നടപ്പാക്കിയ ‘നോട്ടു വിപ്ലവ’ത്തിന്റെ ഒന്നാം വാര്‍ഷികം ബുധനാഴ്ച. വിനിമയം ചെയ്തുവന്ന കറന്‍സി നോട്ടുകളിലെ ഏറ്റവും മൂല്യമുള്ള കറന്‍സികള്‍ അഥവാ 86 ശതമാനം കറന്‍സികളും ഒറ്റയടിക്ക് അസാധുവാക്കിയതുമൂലം ഉണ്ടായ മാന്ദ്യം സാമ്പത്തികരംഗത്തിന്റെ താളം തെറ്റിക്കുകയാണ് ഉണ്ടായത്. ഇനിയും തിരിച്ചു കയറാനാകാതെ മാന്ദ്യത്തില്‍ കിടന്നുഴറുകയാണ് രാജ്യം.

ഈ പശ്ചാത്തലത്തിലാണ് ഒന്നാം വാര്‍ഷികം കടന്നു വന്നിരിക്കുന്നത്. മൂന്ന് മാസത്തിനകം നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികള്‍ അവസാനിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറവും പ്രതിസന്ധികല്‍ മാത്രമാണ് സാമ്പത്തിക രംഗത്ത് നിന്നും ഉയരുന്നത്.

അതേസമയം നോട്ട് അസാധുവാക്കല്‍, ധൃതിപിടിച്ച് ജിഎസ്ടി നടപ്പാക്കിയത് എന്നിവ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രയാസങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബുധനാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനം ആചരിക്കും. കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയടക്കം 18 പ്രതിപക്ഷപാര്‍ട്ടികളാണ് രാജ്യവ്യാപകമായി പ്രതിഷേധദിനാചരണം നടത്തുന്നത്.

നിര്‍ണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ പ്രതിപക്ഷം നടത്തുന്ന കരിദിനാചരണത്തെ ബദല്‍ പരിപാടി സംഘടിപ്പിച്ചു നേരിടുകയാണ് ബിജെപി. കള്ളപ്പണവിരുദ്ധ ദിനമായാണ് നവംബര്‍ എട്ട് ബിജെപി രാജ്യവ്യാപകമായി ആചരിക്കുന്നത്. അതേസമയം, നോട്ടു നിരോധനത്തെ എതിര്‍ക്കുന്നവരില്‍ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസുമുണ്ട്.

നോട്ടും ജിഎസ്ടിയും സൃഷ്ടിച്ച മാന്ദ്യം അടുത്ത രണ്ടു വര്‍ഷത്തേക്ക് മാറ്റമില്ലാതെ തുടരുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ ബിജെപിയുടെ ആത്മവിശ്വാസം ചോര്‍ത്തിയിട്ടുണ്ട്. വിപണിയിലെ മരവിപ്പ്, വിലക്കയറ്റം, നോട്ട് അസാധുവാക്കലിനു പിന്നാലെ ആധാര്‍ പിന്‍ബലമാക്കി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ എന്നിവ കടുത്ത അമര്‍ഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.

2016 നവംബര്‍ എട്ടിനാണ് മന്ത്രിസഭാംഗങ്ങള്‍ക്കുപോലും ശരിയായ വിവരം നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. 500 രൂപ, 1000 രൂപ നോട്ടുകളാണ് അസാധുവായി പ്രഖ്യാപിച്ചത്. കള്ളപ്പണം, കള്ളനോട്ട്, ഭീകരത, നികുതിവെട്ടിപ്പ് എന്നിവ തടയാനും പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാനുമാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍, ഒരു കൊല്ലം പിന്നിടുേമ്പാള്‍ ഈ ലക്ഷ്യങ്ങളൊന്നും നടപ്പായില്ല. അസാധുവാക്കിയ കറന്‍സിയുടെ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. അതോടെ കള്ളപ്പണം, കള്ളനോട്ട് തുടങ്ങിയവക്കെതിരായ പോരാട്ടമാണ് സര്‍ക്കാര്‍ നടത്തിയതെന്ന അവകാശവാദം ജലരേഖയായി മാഞ്ഞു പോയി.

കൃഷിയും വ്യാപാരവും ചെറുകിട-വന്‍കിട വ്യവസായവുമെല്ലാം ഒരുപോലെ തളര്‍ത്തിയ നോട്ടു പരിഷ്‌കാരം ഉണ്ടാക്കിവെച്ച പ്രതിസന്ധിയില്‍നിന്ന്, അതിെന്റ നടത്തിപ്പുകാരായ ബാങ്കുകളും കരകയറിയിട്ടില്ല.

ഇന്ത്യ വ്യവസായ സൗഹൃദ രാഷ്ട്രമായി; ജിഎസ്ടി നടപ്പാക്കിയതിനെ ലോകബാങ്ക് അനുമോദിച്ചു; ഇതൊന്നും ചിലര്‍ അറിയുന്നില്ലെന്ന് മോഡി
Posted by
04 November

ഇന്ത്യ വ്യവസായ സൗഹൃദ രാഷ്ട്രമായി; ജിഎസ്ടി നടപ്പാക്കിയതിനെ ലോകബാങ്ക് അനുമോദിച്ചു; ഇതൊന്നും ചിലര്‍ അറിയുന്നില്ലെന്ന് മോഡി

ന്യൂഡല്‍ഹി: രാജ്യം വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ കുതിപ്പ് നടത്തിയത് ചിലര്‍ മനസിലാക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുമ്പ് ലോകബാങ്കിലുണ്ടായിരുന്ന ചിലര്‍ ഇപ്പോള്‍ ഇന്ത്യയുടെ റാങ്കിങിനെ സംശയിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി.

ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ ഇന്ത്യയെ അനുമോദിക്കുന്നുണ്ട്. രാജ്യം ബിസിനസ് സൗഹൃദമാകുന്നത് ജനജീവിതത്തിനും ഏറെ സൗകര്യങ്ങള്‍ സമ്മാനിക്കും.

പരിഷ്‌കരണം, പ്രവര്‍ത്തനം, പരിവര്‍ത്തനം എന്ന സര്‍ക്കാര്‍ നിലപാടിലൂടെ രാജ്യം മുന്നോട്ടു കുതിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയുടെ വ്യവസായ പരിഷ്‌കാരങ്ങള്‍’ എന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവ് അടിസ്ഥാനമാക്കി, കഴിവു വികസിപ്പിച്ച്, സാങ്കേതികതയുടെ കൈപിടിച്ചു മുന്നേറുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയുടേത്. ലോകബാങ്ക് റിപ്പോര്‍ട്ടു പ്രകാരം രാജ്യാന്തര മത്സരക്ഷമതാ സൂചികയില്‍ 30 സ്ഥാനങ്ങള്‍ മുകളിലേക്കു കയറിയിക്കഴിഞ്ഞു ഇന്ത്യ. ബിസിനസ് സൗഹൃദരാജ്യങ്ങളില്‍ നൂറാം സ്ഥാനത്താണ് ഇപ്പോള്‍.

യുവത്വമുള്ള രാജ്യമാണ് ഇന്ത്യ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് സര്‍ക്കാരിനു മുന്നില്‍ ഒരു വെല്ലുവിളിയുമാണെന്നും മോഡി പറഞ്ഞു. ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ജിഎസ്ടി സമ്പ്രദായത്തില്‍ ഭാവിയില്‍ ആവശ്യമായ മാറ്റം വരുത്തും.

രാജ്യത്ത് ജിഎസ്ടി സംവിധാനം നടപ്പാക്കിയതിനെ ലോകബാങ്ക് സിഇഒ ക്രിസ്റ്റലിന ജോര്‍ജീവ അഭിനന്ദിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുള്ള മികച്ച അവസരമാണ് ഇതിലൂടെ വന്നുചേര്‍ന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. 2003 മുതല്‍ ഇന്ത്യ സ്വീകരിച്ച 37 പരിഷ്‌കാര നടപടികളുടെ ഫലമാണ് ലോകബാങ്ക് റാങ്കിങ്ങിലെ ഉയര്‍ച്ച.

സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ ഹോള്‍ മാര്‍ക്കിങും കാരറ്റ് അളവും നിര്‍ബന്ധമാക്കുന്നു
Posted by
04 November

സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ ഹോള്‍ മാര്‍ക്കിങും കാരറ്റ് അളവും നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: സ്വര്‍ണ്ണാഭാരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനങ്ങള്‍. ജനുവരി മുതല്‍ ഹോള്‍മാര്‍ക്കിങ്ങും കാരറ്റ് അളവും നിര്‍ബന്ധമാക്കുമെന്ന് ഉപഭോക്തൃകാര്യമന്ത്രി റാംവിലാസ് പാസ്വാന്‍ അറിയിച്ചു. ഇന്ത്യയിലെ ഉല്‍പന്നങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) എന്ന കേന്ദ്ര സ്ഥാപനമാണ് ഹോള്‍മാര്‍ക്ക് നല്‍കുന്നത്.

ഈ മുദ്രയ്‌ക്കൊപ്പം, ആഭരണം എത്ര കാരറ്റാണെന്നു കൂടി രേഖപ്പെടുത്തണമെന്നാണ് കര്‍ശനമാക്കിയ പുതിയ വ്യവസ്ഥ. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ ആഭരണങ്ങള്‍ക്കാണ് ഇതു ബാധകമാക്കുക.