Jio broadband launching with welcome offer
Posted by
26 March

ജിയോ അതിവേഗ ബ്രോഡ്ബാന്‍ഡ് വരുന്നു; സമ്മാനമായി വെല്‍ക്കം ഓഫറും

ഓഫറുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളെ കൈവശപ്പെടുത്തിയ റിലയന്‍സ് ജിയോ ബ്രോഡ് ബാന്‍ഡ് ഓഫറുമായി രംഗത്ത്. അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനമാണ് ഇത്തവണ ജിയോ നല്‍കുന്നത്. നിലവില്‍ മുംബൈയിലും പൂനെയിലുമുള്ള ഫൈബര്‍ ബ്രോഡ്ബാന്‍ഡ് മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. 500 രൂപ മുതല്‍ 5500 രൂപ വരെയുള്ള പ്രതിമാസ പദ്ധതികളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡില്‍ ആദ്യത്തെ 90 ദിവസം വെല്‍ക്കം ഓഫറായിരിക്കും. ഈ സമയത്ത് സൗജന്യമായി ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകും. ജിയോ 4ജിയുടെ കൊമേഴ്സ്യല്‍ ലോഞ്ച് മാര്‍ച്ച് 31ലേക്ക് നീട്ടിയതിനാലാണ് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വരാന്‍ അല്‍പം വൈകിയത്.

അടുത്ത മാസം ആദ്യത്തില്‍ തന്നെ ജിയോ ബ്രോഡ് ബാന്‍ഡും ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നല്‍കുന്ന ഉറപ്പ്. മൂന്ന് വിഭാഗത്തിലുള്ള പദ്ധതികളാണ് ജിയോ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗത്തില്‍ വേഗതയെ അടിസ്ഥാനമാക്കിയുള്ള പ്ലാനുകളാണുള്ളത്. 50 എംബിബിഎസ് മുതല്‍ 600 എംബിബിഎസ് വരെയായിരിക്കും വ്യത്യസ്ഥ പ്ലാനുകളിലെ വേഗത. ഡേറ്റ ഉപയോഗം അടിസ്ഥാനപ്പെടുത്തിയ പ്ലാനുകള്‍ പ്രതിദിനം അഞ്ച് ജിബി മുതല്‍ 60 ജിബി വരെയുണ്ട്. ഇതിന് പുറമേയാണ് ജിയോ ബ്രോഡ്ബാന്‍ഡിന്റെ സ്പെഷ്യല്‍ ഓഫറുകള്‍. എന്നാല്‍ ബ്രോഡ്ബാന്‍ഡ് നിരക്കുകളെ കുറിച്ച് റിലയന്‍സ് ജിയോ ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടിട്ടില്ല.

Reliance jio new cash back offer
Posted by
25 March

ഫ്രീ അണ്‍ലിമിറ്റഡ് ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുമ്പോള്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ

ജിയോ ഉപയോക്താക്കള്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത. പുതിയ ക്യാഷ്ബാക്ക് ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രീ അണ്‍ലിമിറ്റഡ് ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുന്നതോടെ പുതിയ ഓഫര്‍ പ്രകാരം പ്രൈം മെമ്പര്‍ഷിപ്പിന് നല്‍കുന്ന തുക തിരിച്ചു ലഭിക്കും. ക്യാഷ് ബാക്ക് ഓഫറിലൂടെയാണ് ജിയോ പ്രൈം പണം തിരിച്ചുലഭിക്കുക. ജിയോയുടെ തന്നെ റിലയന്‍സ് മണി ആപ്പ് സജീവമാക്കാനാണ് പുതിയ ഓഫര്‍ നല്‍കുന്നത്. പേടിഎം പോലുള്ള ആപ്പുകളെ അതിവേഗം മറികടക്കുക എന്ന ലക്ഷ്യമാണ് ഈ ക്യാഷ് ബാക്ക് ഓഫറിനു പുറകിലുള്ളത്.

റിലയന്‍സ് വോലെറ്റ് വഴി പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ 50 രൂപ തിരിച്ചുലഭിക്കും. തുടര്‍ന്ന് 303 രൂപയ്ക്ക് ആദ്യമാസം റിചാര്‍ജ് ചെയ്യുമ്പോഴും 50 രൂപ തിരിച്ചു ലഭിക്കും. ഇതോടെ ഒരു മാസം തന്നെ 100 രൂപ തിരിച്ചു ലഭിക്കും. പ്രൈം അംഗത്വത്തിന് നല്‍കിയ 99 രൂപ തിരിച്ചു ലഭിക്കുമെന്ന് ചുരുക്കം.

ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണും പ്രൈം അംഗത്വത്തിന് സമാനമായ ഓഫര്‍ നല്‍കാറുണ്ട്. ജിയോ പ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് മാത്രമാണ് ജിയോ തുടര്‍ന്നും ഓഫറുകള്‍ നല്‍കുന്നത്. അല്ലാത്ത വരിക്കാര്‍ക്ക് സാധാരണ താരീഫ് നിരക്കാണ് ഈടാക്കുന്നത്. 303 രൂപ പാക്കില്‍ ദിവസവും ഒരു ജിബി അതിവേഗ ഡേറ്റയും സൗജന്യ കോളുകളും നല്‍കുന്നു.

Idea-Vodafone  merging come to reality
Posted by
20 March

ജിയോയെ വെല്ലുവിളിക്കുക ലക്ഷ്യം: ഐഡിയ-വൊഡാഫോണ്‍ ലയനം യാഥാര്‍ത്ഥ്യമായി

മുംബൈ: എട്ടുമാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും ലയിക്കാന്‍ ഔദ്യോഗികമായി ധാരണയിലെത്തി. വൊഡാഫോണുമായുള്ള ലയനത്തിന് ബോര്‍ഡ് അംഗങ്ങള്‍ അനുമതി നല്‍കിയതായി ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ വൊഡാഫോണും ലയിക്കുവാന്‍ ധാരണയായത്.

ജിയോ ഉയര്‍ത്തിയ വെല്ലുവിളിയെ നേരിടാനാണ് ഇരുവരും കൈകോര്‍ക്കുന്നതെന്നാണ് അനൗദ്യോഗികമായ അറിയിപ്പ്. ഇതോടെ രാജ്യത്തെ മൂന്നിലൊന്ന് ടെലികോം ഉപഭോക്താക്കള്‍ ഐഡിയ-വൊഡാഫോണ്‍ കൂട്ടുകെട്ടിന് കീഴിലാകും. ലയനത്തിലൂടെ വൊഡാഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും.

SBI needs minimum account balance penalty to offset Jan Dhan costs, says Arundhati Bhattacharya
Posted by
09 March

മിനിമം തുകയില്ലെങ്കില്‍ പിഴ; സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കാരണം വ്യക്തമാക്കി എസ്ബിഐ

മുംബൈ: സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നില നിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്ന നടപടിയെ ന്യായീകരിച്ച് എസ്ബിഐ. പിഴ ഈടാക്കുന്നത് പുന പരിശോധിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. 11കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം തീര്‍ക്കാന്‍ ഇത്തരത്തില്‍ ചില നിരക്കുകള്‍ ഈടാക്കാതെ മാര്‍ഗ്ഗമില്ലെന്ന് അവര്‍ പറഞ്ഞു.

മിനിമം ബാലന്‍സ് ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. ഡിജിറ്റല്‍ ബാങ്കിങിനും, എടിഎമ്മിനും നിരക്ക് ഏര്‍പ്പെടുത്തിയതിന് പുറമേ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്ന രീതി ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. മുന്‍പും ഇത്തരത്തില്‍ പിഴ എസ്ബിഐ ഈടാക്കിയിരുന്നു. 2012ലായിരുന്നു ഇത് പിന്‍വലിച്ചത്.

sbi-slaps-charges-cash-deposits-breaching-minumum balances
Posted by
04 March

ഡിജിറ്റല്‍ ഇടപാടിന്റെ മറവില്‍ കൊള്ളയ്ക്ക് എസ്ബിഐയും; അക്കൗണ്ടില്‍ മിനിമം ബാലന്‍സ് പരിധി വര്‍ധിപ്പിച്ചു, മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ കനത്ത പിഴ

ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കുകളും ന്യൂജനറേഷന്‍ ബാങ്കുകളും ഡിജിറ്റല്‍ ഇടപാടിന്റെ മറവില്‍ പിഴയീടാക്കിയതിനു പിന്നാലെ എസ്ബിഐയും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് പരിധി വര്‍ധിപ്പിച്ച് ഉത്തരവിറക്കി. കൂടാതെ പണമിടപാടുകല്‍ മൂന്ന് തവണയില്‍ കൂടുതലായാല്‍ ചാര്‍ജ് ഈടാക്കാനും തീരുമാനമായി.

മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയും, ചെറുനഗരങ്ങളില്‍ 2000 രൂപയും, ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. മിനിമം ബാലന്‍സ് ഇല്ലാത്ത പക്ഷം 100 രൂപവരെ പിഴയീടാക്കാനാണ് തീരുമാനം. ഒപ്പം സര്‍വിസ് ടാക്‌സും ഈടാക്കും. ഏപ്രില്‍ ഒന്നുമുതല്‍ നടപടി പ്രാപല്യത്തില്‍ വരും.

HDFC, ICICI, Axis to charge you at least Rs 150 after 4 free transactions
Posted by
02 March

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകള്‍ കൊള്ള തുടങ്ങി, മാസം നാല് പ്രാവശ്യത്തില്‍ കൂടൂതല്‍ പണമിടപാട് നടത്തിയാല്‍ ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ മുതല്‍ ചാര്‍ജ് ഈടാക്കും

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകള്‍ മാസം നാലിലധികം നോട്ടിടപാട് നടത്തുന്നതിന് ബുധനാഴ്ച മുതല്‍ ചാര്‍ജ് ഈടാക്കിത്തുടങ്ങി. കൂടുതലായുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ വീതമാണ് ഈടാക്കുക. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനമനുസരിച്ച്, ഹോം ബ്രാഞ്ചില്‍നിന്ന് നാലു തവണ പണമിടപാടു നടത്തുന്നതിനു സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ അതിനുശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നല്‍കേണ്ടതായി വരും.

images_1363241641_540x540

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളാണ് ചാര്‍ജ് ഈടാക്കുന്നത്. നോട്ടില്ലാത്ത സമ്പദ് വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതിനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബാങ്കുകളുടെ ഈ നടപടി. ഒരാള്‍ക്ക് അവരുടെ ശമ്പള/സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിന്‍വലിക്കാം. ഇതില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ ഓരോ 1000 രൂപയ്ക്കുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല. അതില്‍ കൂടുതലായാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. പൊതുമേഖലാ ബാങ്കുകളും ഈ വഴിക്കുനീങ്ങുമോ എന്ന കാര്യം വ്യക്തമല്ല.

Airtel canceled roaming charges
Posted by
27 February

ജിയോയെ ചെറുക്കാന്‍ റോമിങ് ചാര്‍ജ് ഒഴിവാക്കി എയര്‍ടെല്‍

റിലയന്‍സ് ജിയോ കാരണം തകര്‍ച്ച നേരിട്ട ടെലികോം കമ്പനികള്‍ ഇതുവരെ നല്‍കാത്ത തരത്തിലുള്ള ഓഫറുകളുമായി ഉപയോക്താക്കളെ നിലനിര്‍ത്താന്‍ കഠിനശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം നിലവിലുള്ളവരെ നിലനിര്‍ത്തുകയും ചെയ്യേണ്ടത് വളരെ ശ്രമകരമായി തീര്‍ന്നിരിക്കുകയാണ് ഇന്ത്യയിലെ മിക്ക ടെലികോം കമ്പനികള്‍ക്കും.

അതുകൊണ്ടു തന്നെ ചെറുത്ത് നില്‍പ്പിന് ആക്കം കൂട്ടാന്‍ രാജ്യത്താകമാനം ഡാറ്റയ്ക്കും, കോളുകള്‍ക്കും സൗജന്യ റോമിങ്ങ് സേവനം നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ടെല്‍. ടെലികോം രംഗത്ത് മത്സരങ്ങള്‍ കടുപ്പിക്കുന്ന നീക്കമാണ് എയര്‍ടെല്‍ നടത്തി കൊണ്ടിരിക്കുന്നത്. ദേശീയ തലത്തില്‍ സൗജന്യ റോമിങ്ങ് നേടുന്നതിന് ഉപയോക്താക്കള്‍ യാതൊരുവിധ റീച്ചാര്‍ജുകളും ചെയ്യേണ്ടതായിട്ടില്ല.

വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ആളുകള്‍ എയര്‍ടെല്‍ സേവനം തുടര്‍ന്നും ഉപയോഗിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ റോമിങ്ങ് ആനുകൂല്യങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ ആക്റ്റിവേറ്റ് ചെയ്യുവാന്‍ സാധിക്കുമെന്നും എയര്‍ടെല്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ടെല്ലിന്റെ ഈ നടപടികള്‍ 268ലക്ഷം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്.

വോഡാഫോണ്‍-ഐഡിയ ലയനം മൂലം സംഭവിക്കുവാന്‍ സാധ്യതയുള്ള വിപണിയിലെ ഇടിവ് പരിഹക്കുന്നതിനായുള്ള നടപടികളും കമ്പനി വൃത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ എപ്രില്‍ ഒന്ന് മുതല്‍ ചാര്‍ജുകള്‍ ഈടാക്കുവാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എയര്‍ടെല്‍ പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്. റിലയന്‍സ് ജിയോ സേവനങ്ങള്‍ക്ക് പണമീടാക്കി തുടങ്ങുന്നതിന് ശേഷം എത്രത്തോളം കൃത്യത സേവനങ്ങള്‍ക്ക് പുലര്‍ത്തുന്നു എന്നതിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Pepsico new plans
Posted by
25 February

ഇന്ത്യ കേന്ദ്രീകൃതമായി വിപണി നിയന്ത്രിക്കാന്‍ പെപ്‌സിക്കോയുടെ മാര്‍ഗരേഖ

ചെന്നൈ : ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിച്ച് ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിനായി പെപ്സിക്കോ പുതിയ മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. ഇന്ത്യ കേന്ദ്രീകൃതമായി വിപണി നിയന്ത്രിക്കാനാണ് പെപ്സിക്കോയുടെ ശ്രമം.

ത്രീ-പി (പീപ്പിള്‍, പ്രോഡക്റ്റ്, പ്ലാനറ്റ്) എന്ന് പേരിട്ടിരിക്കുന്ന മാര്‍ഗ്ഗരേഖയിലൂടെ മികച്ച രീതിയില്‍ ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാനാണ് ശ്രമിക്കുന്നതെന്ന് പെപ്സിക്കോ വൈസ് പ്രസിഡന്റ് ഹാര്‍ഷ് കെ റായി പറഞ്ഞു. രൂപാന്തരപ്പെട്ട ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയെന്നതാണ് പെപ്സിക്കോ പ്രധാനമായും ശ്രമിക്കുന്നത്.

പുതിയ മാര്‍ഗ്ഗരേഖ അവതരിപ്പിക്കുന്നത് വഴി ആരോഗ്യപരമായ ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുവാനാണ് പെപ്സിക്കോ ശ്രമിക്കുന്നത്. ഇത് വഴി ജനങ്ങളും ഉത്പന്നങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നതാണ്. പെപ്സിക്കോയുടെ പിഒ1 ആശയം വഴി ഭക്ഷണ, പാനീയ ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുകയും പെപ്സിക്കോ ലക്ഷ്യം വെക്കുന്നു.

പതിനാലായിരം കോടി രൂപയുടെ വിപണിയാണ് പെപ്സിക്കോ ഇന്ത്യയില്‍ കൈയടക്കി വച്ചിരിക്കുന്നത്. ആരോഗ്യപരമായ ഉല്‍പന്നങ്ങളിലേക്ക് ജനങ്ങള്‍ മാറുന്നത് കൊണ്ട് മികച്ച ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാനാണ് പെപ്സിക്കോ ശ്രമിക്കുന്നത്.

Jio offer: Idea and Airtel facing lose
Posted by
21 February

ജിയോ ഓഫര്‍: ഐഡിയയ്ക്കും എയര്‍ടെല്ലിനും ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി

മുംബൈ: ജിയോ പ്രൈം ഓഫര്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ മുന്‍ നിര മൊബൈല്‍ സേവനദാതാക്കള്‍ക്ക് തിരിച്ചടി. എയര്‍ടെല്‍, ഐഡിയ എന്നിവയാണ് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ടത്. നഷ്ടത്തിലാണ് ഇരു കമ്പനികളുടെയും ഓഹരികള്‍ വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. എറ്റവുമധികം തിരിച്ചടി നേരിട്ടത് എയര്‍ടെല്ലിനാണ്. 3.60 ശതമാനം നഷ്ടത്തോടെ 360.85 രൂപക്കാണ് എയര്‍ടെല്‍ വ്യാപാരം അവസാനിപ്പിച്ചത് 0.51 ശതമാനം നഷ്ടത്തില്‍ 107.90 രൂപയിലാണ് ഐഡിയയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

സെപ്തംബര്‍ ഒന്നിന് സേവനമാരംഭിച്ച റിലയന്‍സ് ജിയോ ഡിസംബര്‍ 31 വരെ വെല്‍കം ഓഫറിലൂടെ എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കിയിരുന്നു. അതിന് ശേഷം 2017 മാര്‍ച്ച് 31 വരെ വെല്‍കം ന്യൂ ഇയര്‍ ഓഫറിലൂടെയും ജിയോ സൗജന്യങ്ങള്‍ തുടര്‍ന്നു. ഇതിന് ശേഷമാണ് 303 രൂപ പ്രതിമാസം നല്‍കി ജിയോയുടെ സൗജന്യങ്ങള്‍ 2018 മാര്‍ച്ച് 31 വരെ ആസ്വദിക്കാനുള്ള പുതിയ മുകേഷ് അംബാനി ഇന്ന് പ്രഖ്യാപിച്ചത്. ഇതോടെയാണ് രാജ്യത്തെ മുന്‍നിര സേവനദാതാക്കള്‍ തിരിച്ചടി നേരിട്ടത്.

Jio prime offer
Posted by
21 February

പുതിയ ഓഫറുമായി ജിയോ: വെല്‍കം ഓഫര്‍ അവസാനിപ്പിക്കുന്നു; ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് വരെ

മുംബൈ: സൗജന്യ കോളുകളും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങി നിരവധി ആകര്‍ഷകമായ ഓഫറുകളോടെ റിലയന്‍സ് ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ജിയോ പ്രൈം എന്ന പേരിലാണ് ഈ ഓഫര്‍ വരുന്നത്. മാര്‍ച്ച് 31ന് മുന്‍പ് ജിയോയില്‍ ചേരുന്ന ഉപയോക്താക്കള്‍ക്ക് പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാം. 99 രൂപ മാത്രമാണ് ഒരു വര്‍ഷം ഈ സേവനത്തിന് ചാര്‍ജ്. പ്രതിമാസം 303 രൂപയാണ് പ്രൈം സേവനത്തിന് നിരക്ക്. ഇവര്‍ക്ക് 2018 മാര്‍ച്ച് 31 വരെ പരിധികളില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നും മുകേഷ് അംബാനി പറഞ്ഞു.

അതേസമയം വെല്‍കം ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ ഒന്നുമുതല്‍ ജിയോ താരിഫുകള്‍ നിലവില്‍ വരും. എന്നാല്‍ വോയ്‌സ് കോളുകള്‍ സൗജന്യമായി തുടര്‍ന്നും ഉപയോഗിക്കാമെന്ന് റിലയന്‍സ് മേധാവി മുകേഷ് അമ്പാനി അറിയിച്ചിട്ടുണ്ട്. റോമിംഗില്‍ ആണെങ്കിലും വോയ്സ് കോളുകള്‍ സൗജന്യമായിരിക്കും.

ഏപ്രില്‍ ഒന്നുമുതല്‍ ബ്ലോക്ക് ഔട്ട് ദിവസങ്ങളിലും കോളുകള്‍ സൗജന്യമായിരിക്കും. 200 കോടി മിനിറ്റിലധികം വോയ്സ് കോളുകളാണ് പ്രതിദിനം ജിയോയില്‍ ഉപയോഗിക്കപ്പെടുന്നതെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. അധിക ഓഫര്‍ ഇന്ത്യന്‍ വിപണിയിലുള്ള മറ്റ് ടെലികോം സേവന ദാതാക്കളുടെ പ്ലാനുകള്‍ വീക്ഷിച്ച ശേഷം അതിനേക്കാള്‍ 20 ശതമാനം അധിക ഓഫറായിരിക്കും ജിയോ നല്‍കുകയെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

റിലയന്‍സ് ജിയോ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് 170 ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 100 മില്യണ്‍ കടന്നിരിക്കുന്നുവെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കുന്നു. സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ഓരോ സെക്കന്റിലും ഏഴ് പുതിയ ഉപയോക്താക്കള്‍ വീതം ജിയോ സേവനങ്ങളിലേയ്ക്ക് മാറുന്നുണ്ടെന്നാണ് കണക്കുകള്‍.

പ്രൈം മെമ്പര്‍മാര്‍ക്ക് ലോട്ടറി റിലയന്‍സ് ജിയോയുടെ പ്രൈം അംഗങ്ങള്‍ക്ക് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അടുത്ത 12 മാസത്തേയ്ക്ക് കൂടി ലഭ്യമാകുമെന്നും ജിയോ അറിയിച്ചു. എന്നാല്‍ പ്രതിമാസം 303 രൂപയുടെ ഓഫറിലായിരിക്കും ഇത് ലഭിയ്ക്കുക. 2018 മാര്‍ച്ച് വരെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ആസ്വദിക്കാനുള്ള അവസരവും ലഭിയ്ക്കും.