Mavelikkara Co-operative bank corruption
Posted by
23 January

കോടികളുടെ അഴിമതിയെന്നു സംശയം; മാവേലിക്കര സഹകരണ ബാങ്കില്‍ 77 രൂപ മാത്രമുണ്ടായിരുന്ന അക്കൗണ്ടില്‍ 28.23 കോടി

മാവേലിക്കര: മാവേലിക്കര സഹകരണ ബാങ്കില്‍ കോടികളുടെ അഴിമതി നടന്നെന്നു സംശയം. ബാങ്കിന്റെ തഴക്കര ശാഖയില്‍ 77 രൂപ മാത്രമുണ്ടായിരുന്ന സീറോ ബാലന്‍സ് അക്കൗണ്ടില്‍ 28.23 കോടി എത്തിയ ഞെട്ടലിലാണ് അക്കൗണ്ടുടമയും നാട്ടുകാരും. പണത്തിന്റെ സോഴ്‌സ് കാണിക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് അജിമോന്‍ തന്റെ അക്കൗണ്ടില്‍ കാണിച്ചിരിക്കുന്ന തുക ശ്രദ്ധിക്കുന്നത് തന്നെ. കള്ളപ്പണം വെളുപ്പിക്കാനായി ആരെങ്കിലും തന്റെ അക്കൗണ്ടുപയോഗിച്ച് തിരിമറി നടത്തിയതാവുമെന്നാണ് അയാളുടെ പ്രഥമിക നിഗമനം.

അതേസമയം സംഭവത്തില്‍ വലിയ വാഗ്ദാനങ്ങള്‍ ഉണ്ടായെന്നും അക്കൗണ്ട് ഉടമയായ തഴക്കര സ്വദേശി അജിമോന്‍ വെളിപ്പെടുത്തുന്നുണ്ട്. കമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റാണ് അജിമോന്‍. അക്കൗണ്ടില്‍ പണമത്തെിയ വിവരം ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ശാഖാ മാനേജര്‍ ജ്യോതി മധുവില്‍നിന്നാണ് അറിഞ്ഞത്. തന്റേതല്ലാത്ത പണം തനിക്ക് വേണ്ടെന്ന് അജിമോന്‍ വിവരമറിഞ്ഞ ഉടന്‍ തന്നെ മാനേജരെ അറിയിച്ചിരുന്നു. പിന്നീട് അന്വേഷണത്തിനത്തെിയ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലെ അന്വേഷണ സംഘം അക്കൗണ്ടിലെ പണം തന്‍േറതല്ലെന്ന് എഴുതി വാങ്ങിയതായും അജിമോന്‍ പറഞ്ഞു. എന്നാല്‍, ഇതിന് രേഖ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയാറായില്ലെന്നും ഇയാള്‍ പറയുന്നു.

താന്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സമയത്താണ് ഇത് സംഭവിച്ചതെന്ന് കരുതുന്നെന്നാണ് കഴിഞ്ഞദിവസം ജ്യോതി മധു പ്രതികരിച്ചത്. ഇന്റേണല്‍ ഓഡിറ്റര്‍കൂടി ആയതിനാല്‍ തന്റെ പാസ്‌വേര്‍ഡ് ബാങ്കിലെ ജീവനക്കാരെ ഏല്‍പിച്ചിരുന്നു. വെട്ടിയാര്‍ ശാഖ തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ നിക്ഷേപവും വായ്പയും കൂട്ടി കാണിക്കണമായിരുന്നു. എല്ലാവരുടെയും അറിവോടെയാണ് ഉദ്യോഗസ്ഥര്‍ ഇത് ചെയ്തത്. താലൂക്ക് സഹകരണ ബാങ്കിന്റെ എല്ലാ ശാഖയിലും തുക ഇരട്ടിപ്പിച്ച് കാണിക്കാറുണ്ടെന്നും ഇങ്ങനെ ചെയ്യുന്നത് നിക്ഷേപ സമാഹരണ യജ്ഞ കാലത്താണെന്നും ജ്യോതി മധു പറഞ്ഞു.

Pravasi outstanding business icon award
Posted by
22 January

ഡോ. സിദ്ദീഖ് അഹമ്മദിനും ജോണ്‍ മത്തായിക്കും ബഹ്റൈന്‍ കേരളീയ സമാജം പുരസ്‌കാരം

* ജലസംരക്ഷണം മുഖ്യലക്ഷ്യമായി ഏറ്റെടുക്കുന്നുവെന്ന് ഇറാം ഗ്രൂപ്പ് മേധാവി

മനാമ: എഴുപത് വര്‍ഷം പിന്നിട്ട ഗള്‍ഫിലെ ഏറ്റവും പാരമ്പര്യമുള്ള മലയാളി കൂട്ടായ്മയായ ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള പ്രവാസി ഔട്ട്സ്റ്റാന്റിംഗ് ബിസിനസ് ഐക്കണ്‍ പുരസ്‌കാരം ഇറാം ഗ്രൂപ്പ് മേധാവി ഡോ. സിദ്ദീഖ് അഹമ്മദിനും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോണ്‍ മത്തായിക്കും സമ്മാനിച്ചു. സമാജം ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. സമാജം സെക്രട്ടറി എന്‍കെ വീരമണി പുരസ്‌കാര ജേതാക്കളെ പൊന്നാട അണിയിച്ചു. സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള പ്രശസ്തി പത്രം കൈമാറി.

5815cd8b-d4fb-4c35-8886-d34ce7a32d89
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി ഔട്ട്സ്റ്റാന്റിംഗ് ബിസിനസ് ഐക്കണ്‍ പുരസ്‌കാരം ഇറാം ഗ്രൂപ്പ് മേധാവി ഡോ. സിദ്ദീഖ് അഹമ്മദ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

വ്യവസായരംഗത്ത് വന്‍വിജയങ്ങള്‍ നേടുമ്പോഴും സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുകയും സാമൂഹിക പ്രതിബദ്ധതയോടെ രംഗത്തിറങ്ങുകയും ചെയ്യുന്നവരാണ് ഡോ. സിദ്ദീഖ് അഹമ്മദും ജോണ്‍ മത്തായിയുമെന്ന് രാധാകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി. ഗള്‍ഫ് മലയാളികള്‍ നാടിന്റെ നട്ടെല്ലാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഗള്‍ഫ് മലയാളികള്‍ ബോധനാവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെമ്പാടും ഇ-ടോയ്ലെറ്റ് പദ്ധതിയിലൂടെ ജനശ്രദ്ധ പിടിച്ചെടുത്ത ഇറാം ഗ്രൂപ്പ് ഇത്തവണ ജലസംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കേരളം കടുത്ത വരള്‍ച്ചക്കെടുതിയെ അഭിമുഖീകരിക്കാന്‍ പോകുന്ന ഈ സമയത്ത് വെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം എല്ലാവരേയും ബോധവല്‍ക്കരിക്കുന്നതിന് ക്രിയാത്മക പദ്ധതികളാണ് ഇറാം ഗ്രൂപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും ഡോ. സിദ്ദീഖ് അഹമ്മദ് മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സേവ് വാട്ടര്‍ സേവ് എര്‍ത് ( Save Water, Save Earth ) എന്ന പദ്ധതിയ്ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഴവെള്ളസംഭരണത്തിനായി ഭാരതപ്പുഴയിലുള്‍പ്പെടെ തടയണകളും മറ്റ് സാങ്കേതിക സംവിധാനവും ഇതിനകം ഇറാം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് വരുന്നുണ്ട്. വെള്ളം ദുര്‍വ്യയം ചെയ്യുന്നതിനെതിരേയും ബോധവല്‍ക്കരണം നടത്തുന്നു. ഗള്‍ഫ് മലയാളികളുടെ കൂടി സഹകരണവും പിന്തുണയും ഇറാം ഗ്രൂപ്പിന്റെ ജലസംരക്ഷണ പദ്ധതിക്ക് അനിവാര്യമാണെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് ചൂണ്ടിക്കാട്ടി. പതിനാറു രാജ്യങ്ങളിലായീ നാല്‍പ്പത്തിമൂന്നു കമ്പനികളുള്ള ഇറാം ഗ്രൂപ്പ്, CSR പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന പദ്ധതികള്‍ വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.

പ്രവാസികളുടെ സ്നേഹത്തിന്റെ പ്രതീകമാണ് ഈ പുരസ്‌കാരമെന്ന് ജോണ്‍ മത്തായിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് പ്രസിദ്ധ ഗായകരായ സയനോര, നിഖില്‍ രാജ്, ശ്രേയ, ജയദീപ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീതനിശയും അരങ്ങേറി.

RBI governor confesses about demonetization after effects
Posted by
21 January

നോട്ട് നിരോധനം ജനങ്ങളെ ദുരിതത്തിലാക്കി; വിവാഹങ്ങള്‍ പ്രതിസന്ധിയിലായി, ജനങ്ങള്‍ രാജ്യത്ത് മരിച്ചു വീണു:ഒടുവില്‍ കുറ്റസമ്മതം നടത്തി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: നവംബര്‍ എട്ടാം തിയ്യതി അപ്രതീക്ഷിതമായി രാജ്യത്ത് നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നടപടി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് മാത്രമാണ് സമ്മാനിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ തുറന്നുസമ്മതിച്ചു. നോട്ടുനിരോധന തീരുമാനത്തില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മറ്റിക്ക്(പിഎസി) മുമ്പില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കവെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ കുറ്റസമ്മതം നടത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സാധാരണക്കാര്‍ ദുരിതമനുഭവിച്ചു, വിവാഹങ്ങള്‍ പ്രതിസന്ധിയിലായി, ജനങ്ങള്‍ മരിച്ചു’ – ആര്‍ബിഐ ഗവര്‍ണര്‍ പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്പാകെ തലകുനിച്ച് പറഞ്ഞത് ഇങ്ങനെ. പിഎസിക്ക് മുമ്പാകെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നേരിട്ട് ഹാജരായി നോട്ട് നിരോധനത്തെ കുറിച്ച് വിശദീകരിക്കണമെന്ന് അറിയിച്ചതോടെയാണ് ഊര്‍ജിത് പട്ടേല്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള ഈടാക്കുന്ന ട്രാന്‍സാക്ഷന്‍ നിരക്ക് കുറക്കുന്ന കാര്യം ബാങ്കുകളുമായും സര്‍വീസ് പ്രൊവൈഡര്‍മാരുമായും റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്ത് വരുകയാണ്. നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയില്‍ പെട്ടെന്നുള്ള ആഘാതത്തിന് ഇടയാക്കി. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തീരുമാനം സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും പിഎസി തയ്യാറാക്കി നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ തീരും. പണമൊഴുക്ക് ഉടന്‍ തന്നെ സാധാരണ നിലയിലാകും. നോട്ട് പിന്‍വലിച്ചത് മൂലം നഗരങ്ങളിലെ പ്രതിസന്ധി പരിഹരിച്ചു. ഗ്രാമീണ മേഖലകളിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവരുകയാണെന്നും ഊര്‍ജിത് പട്ടേല്‍ പിഎസിക്ക് മുമ്പില്‍ പറഞ്ഞു.

‘നോട്ടുനിരോധന തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന്?’ -തുടങ്ങിയ പത്ത് ചോദ്യങ്ങള്‍ പിഎസി ആര്‍ബിഐ ഗവര്‍ണറോട് നേരത്തെ ചോദിച്ചിരുന്നു. എന്നാല്‍ പിഎസിയുടെ ചോദ്യങ്ങള്‍ക്ക് ഊര്‍ജിത് പട്ടേല്‍ മറുപടി നല്‍കിയോ എന്ന് വ്യക്തമല്ല.

ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഊര്‍ജിത് പട്ടേലിന് കഴിഞ്ഞില്ലെങ്കില്‍ വേണ്ടിവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിളിച്ചുവരുത്തുമെന്ന് പിഎസി തലവനായ കെവി തോമസ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ഊര്‍ജിത് പട്ടേലിന് കഴിഞ്ഞിരുന്നില്ല. നോട്ടുനിരോധനത്തിന് ശേഷം ബാങ്കുകളില്‍ എത്ര പണം തിരികെയെത്തിയെന്ന ചോദ്യത്തിനും നിലവിലെ പ്രതിസന്ധി എന്നുതീരുമെന്ന ചോദ്യത്തിനും ആര്‍ബിഐ ഗവര്‍ണര്‍ക്ക് മറുപടിയുണ്ടായില്ല. നോട്ടുനിരോധനത്തിന് ശേഷം 9.2 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സിയാണ് വിതരണം ചെയ്തതെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.

Indian made suzuki Gixxer in Japan market
Posted by
20 January

ഇന്ത്യന്‍ നിര്‍മ്മിത ജിക്‌സര്‍ ജപ്പാനില്‍ വില്‍പ്പനയ്ക്ക്

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ നിര്‍മ്മിത ‘ജിക്‌സര്‍’ ബൈക്കുകള്‍ ജന്മനാട്ടിലേക്ക് ഇറക്കുമതി ചെയ്തു വില്‍പ്പന ആരംഭിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ചു ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ സുസുക്കി മോഡലാണു ‘ജിക്‌സര്‍’. ആദ്യ ബാച്ചില്‍ 720 ഇന്ത്യന്‍ നിര്‍മിത ‘ജിക്‌സര്‍’ ബൈക്കുകളാണു ജപ്പാനിലേക്കു യാത്ര ആരംഭിച്ചത്.സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ്എംഐപിഎല്‍) നിര്‍മ്മിച്ച ജിക്‌സര്‍ ബുധനാഴ്ചയാണു ജപ്പാനിലേക്കുള്ള കയറ്റുമതി തുടങ്ങിയത്.

നേരത്തെ സുസുക്കിയുടെ ഇന്ത്യയിലെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നിര്‍മിച്ച കോംപാക്ട് ഹാച്ച്ബാക്കായ ‘ബലേനൊ’ ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുചക്രവാഹനങ്ങളും ജപ്പാനിലേക്ക് എത്തിച്ചിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലേക്കും സമീപ വിപണികളിലേക്കും ഇന്ത്യയില്‍ നിര്‍മ്മിച്ച ‘ജിക്‌സര്‍’ ബൈക്കുകള്‍ മുമ്പു തന്നെ കയറ്റുമതി ചെയ്യുന്നുണ്ട്.

എന്നാല്‍ ജന്മനാടായ ജപ്പാനിലേക്കു ‘ജിക്‌സര്‍’ കയറ്റുമതി ചെയ്യാന്‍ അവസരം ലഭിച്ചതിനെ, സുസുക്കി മോട്ടോര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂര്‍ത്തമാണെന്നാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ സതോഷി ഉചിഡ അഭിപ്രായപ്പെട്ടത്. വാഹന നിര്‍മ്മാണത്തില്‍ എസ്എംഐപിഎല്‍ കൈവരിച്ച ഉന്നത നിലവാരത്തിന്റെയും കമ്പനിയുടെ പദ്ധതികളില്‍ ഇന്ത്യയ്ക്കുള്ള സുപ്രധാന പങ്കിന്റെയും പ്രതിഫലനമാണ് ഈ നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജിക്‌സറിനു കരുത്തേകുന്നത് 155 സി സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ്; അഞ്ചു സ്പീഡ് ഗീയര്‍ബോക്‌സാണു ബൈക്കിന്റെ ട്രാന്‍സ്മിഷന്‍. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പിന്നില്‍ ഡിസ്‌ക് ബ്രേക്കും സഹിതമാണ് ജപ്പാനില്‍ വില്‍പ്പനയ്ക്കുള്ള ‘ജിക്‌സര്‍’ ഇന്ത്യയില്‍ ഒരുക്കുന്നത്. ഒറ്റ നിറങ്ങള്‍ക്കു പുറമെ ഇരട്ട വര്‍ണ സങ്കലനത്തോടെയുള്ള ജിക്‌സര്‍ ജപ്പാനിലേക്കു കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.

ജാപ്പനീസ് ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത ജിക്‌സര്‍ ഇഷ്ടമാവുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

Urjit Patel gave explanation about Indian economy
Posted by
20 January

നോട്ട് പ്രതിസന്ധി അവസാനിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉടന്‍ സാധാരണനിലയിലെത്തും: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെ അറിയിച്ചു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വേഗത്തില്‍ സാധാരണ നിലയിലെത്തുമെന്നും ഊര്‍ജിത് പട്ടേല്‍ അറിയിച്ചു.

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാറ്റം വിലയിരുത്തുന്നതിനാണ് ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിളിച്ചുവരുത്തുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെവിതോമസ് പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി എഴുതി തയാറാക്കി നല്‍കിയ ചോദ്യങ്ങള്‍ക്കാണ് ഊര്‍ജിത് പട്ടേല്‍ മറുപടി നല്‍കിയത്.

jio-offers extended-to-june-30
Posted by
20 January

ജിയോ ഓഫറുകള്‍ ജൂണ്‍ 30വരെ തുടരും

ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് ശേഷവും തുടരുമെന്ന് സൂചന. മാര്‍ച്ച് 31ന് ശേഷം മൂന്ന് മാസത്തേക്ക് കൂടിയാവും ഇത്തരത്തില്‍ ജിയോയുടെ സേവനം ലഭിക്കുക. ഇതിന് ജൂണ്‍ 30 വരെ കാലവധിയുണ്ടായിരിക്കും.

പുതിയ ഓഫര്‍ പ്രകാരം വോയ്‌സ് കോളുകള്‍ പൂര്‍ണ സൗജന്യമായിരിക്കുമെങ്കിലും. ഡാറ്റ സേവനത്തിനായി 100 രൂപ അധികമായി നല്‍കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ ഇതേകുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ട്രായ് നിര്‍ദേശം അനുസരിച്ച് മാര്‍ച്ചിന് ശേഷം സൗജന്യ സേവനം നല്‍കാന്‍ ജിയോയ്ക്ക് ആവില്ല. ഇത് കൊണ്ടാണ് കുറഞ്ഞ നിരക്കില്‍ സേവനം തുടരാന്‍ റിലയന്‍സ് ശ്രമിക്കുന്നതെന്നാണ് സൂചന.

BSNL wallet:  Mobi cash
Posted by
19 January

ബിഎസ്എന്‍എല്ലിന്റെ എസ്ബിഐ-മൊബിക്യാഷ് വരുന്നു; ഒപ്പം 4ജിയും

തിരുവനന്തപുരം: ഇന്ത്യയെ ഡിജിറ്റലാക്കാനുള്ള പദ്ധതി ഏറ്റെടുത്ത് ബിഎസ്എന്‍എല്ലും രംഗത്ത്. ഇനി മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കാന്‍ എസ്ബിഐയുമായി ചേര്‍ന്നു മൊബൈല്‍ വോലറ്റാണ് ബിഎസ്എന്‍എല്‍ പദ്ധതിയിലുള്ളത്. ‘എസ്ബിഐ മൊബിക്യാഷ്’ എന്ന പേരിലായിരിക്കും സേവനം ലഭ്യമാക്കുക. ഏതു മൊബൈല്‍ ഫോണിലും ഈ വോലറ്റ് ഉപയോഗിക്കാമെന്നു ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്‍ മണി അറിയിച്ചു.

ഐഎഫ്എസ് കോഡുപയോഗിച്ചു ബാങ്കിലേക്കു പണം അടയ്ക്കാനും മൊബൈല്‍ ഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി ബില്‍ അടയ്ക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും വോലറ്റ് സഹായിക്കും. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാടുകളും വ്യാപാരങ്ങളും നടത്താന്‍ ഈ സംവിധാനം സഹായിക്കും. നിശ്ചിത സംഖ്യ ഇതില്‍ നിക്ഷേപിച്ചാല്‍ ഇതുപയോഗിച്ചു വ്യാപാരങ്ങള്‍ക്കോ ഇടപാടുകള്‍ക്കോ ഉപയോഗിക്കാം. 0.5 മുതല്‍ മൂന്നു ശതമാനം വരെയാകും സര്‍വീസ് ചാര്‍ജ്.

ഇതോടൊപ്പം തന്നെ മറ്റൊരു സുപ്രധാന പ്രഖ്യാപനവും ബിഎസ്എന്‍എല്‍ നടത്തിയിട്ടുണ്ട്. രാജ്യത്താകമാനം തരംഗമായികൊണ്ടിരിക്കുന്ന 4ജിയിലേക്ക് ബിഎസ്എന്‍എല്ലും മാറുകയാണ്. 4 ജി സേവനം സംസ്ഥാനത്ത് മാര്‍ച്ചില്‍ എത്തുമെന്നാണ് ചീഫ് ജനറല്‍ മാനേജര്‍ അറിയിക്കുന്നത്. 4ജി സേവനം ബിഎസ്എന്‍എല്‍ ആദ്യം തുടങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. രാജ്യത്തു ബിഎസ്എന്‍എല്ലിന്റെ ഡേറ്റ സേവനങ്ങളില്‍ 25 ശതമാനവും വിനിയോഗിക്കപ്പെടുന്നതു കേരളത്തിലാണ്. കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ട് സേവനം ലഭ്യമാക്കുന്ന പരിപാടിയും മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഇത് 4 ജിയെക്കാള്‍ വേഗതയേറിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Microsoft announced folded phone
Posted by
18 January

നോക്കിയക്ക് പിന്നാലെ മടക്കും ഫോണുമായി മൈക്രോ സോഫ്റ്റും

ന്യൂയോര്‍ക്ക്: ഫോണും ടാബ്ലെറ്റും ഇനി ഒരു ഉപകരണത്തില്‍ തന്നെ. അതെ മൈക്രോസോഫ്റ്റ് പുതിയതായി വിപണിയിലേക്ക് എത്തിക്കുന്ന മടക്കുംഫോണിന്റെ വിശേഷങ്ങള്‍ ആണിത്. ഒരേസമയം തന്നെ ഫോണും ടാബ്‌ലെറ്റുമായി പ്രവര്‍ത്തിക്കാനാകുന്ന, മടക്കാനാകുന്ന ഫോണ്‍ ഉടന്‍ വിപണിയിലെത്തിക്കാനാണ് മൈക്രോസോഫ്റ്റ് തയാറെടുക്കുന്നത്.

ഇതു സംബന്ധിച്ച പേറ്റന്റിന് കമ്പനി അപേക്ഷ നല്‍കി കഴിഞ്ഞു. ഫ്‌ളെക്‌സിബിള്‍ വിജാഗിരി ഉപയോഗിച്ചു മടക്കാവുന്ന സ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണ്‍ എന്നാണ് ഈ ഫോണിനെ കമ്പനി വിശദീകരിച്ചിരിക്കുന്നത്. ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനുമൊക്കെ ചെറിയ സ്‌ക്രീനുള്ള ഹാന്‍ഡ് സെറ്റ് മതി; വിഡിയോ, ഇമെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ആവശ്യങ്ങള്‍സക്ക് വലിയ സ്‌ക്രീന്‍ വേണം. ഇതു രണ്ടും സൗകര്യപ്രദമായി ലഭ്യമാക്കുന്നതാണ് മടക്കും ഫോണ്‍.

മൈക്രോസോഫ്റ്റ് 10 സോഫ്റ്റ്വെയറുമായി ഇതു വിപണിയിലെത്തിക്കാനാണോ കമ്പനി ഉദ്ദേശിക്കുന്നതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം നോക്കിയ കഴിഞ്ഞദിവസം മടക്കാനാവുന്ന ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ എല്‍ജിയും സാംസങ്ങും മടക്കാവുന്ന ഫോണ്‍ ഉടന്‍ രംഗത്തിറക്കുമെന്നാണ് വാര്‍ത്തകള്‍.

rbi increase atm withdrawal limit
Posted by
16 January

എടിഎമ്മുകളില്‍ നിന്ന് ഇനി 10,000 രൂപ പിന്‍വലിക്കാം; ആഴ്ചയില്‍ 24,000 തന്നെ

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ഇനി മുതല്‍ പ്രതിദിനം 10,000 രൂപ പിന്‍വലിക്കാം. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയായ 24,000 എന്ന പരിധി ഉയര്‍ത്തിയിട്ടില്ല.

ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. അതേസമയം, കറന്റ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ 4,500 രൂപയാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്.

ford india become  first place in exporting
Posted by
16 January

കയറ്റുമതിയില്‍ ഒന്നാമനായി ഫോര്‍ഡ് ഇന്ത്യ

കൊച്ചി: യൂറോപ്യന്‍ വിപണിയിലേക്ക് കൂടി കയറ്റുമതി വ്യാപിപ്പിച്ചതോടെ കയറ്റുമതിയില്‍ ഫോര്‍ഡ് ഇന്ത്യ ഒന്നാമതെത്തി. ഹ്യൂണ്ടായ് ഇന്ത്യയെ പിന്‍തള്ളിക്കൊണ്ടാണ് ഫോര്‍ഡ് മുന്നേറ്റം നടത്തിയത്. കഴിഞ്ഞവര്‍ഷം പകുതിയോടെയാണ് യൂറോപ്യന്‍ വിപണിയിലേക്കുള്ള കയറ്റുമതി ഫോര്‍ഡ് ഇന്ത്യ ആരംഭിച്ചത്.കഴിഞ്ഞ ഡിസംബറിലെ വില്‍പ്പനയുടെ കണക്കുകളിലാണ് ഫോര്‍ഡ് മുന്നേറിയിരിക്കുന്നത്. 2015 ഡിസംബറിനെ അപേക്ഷിച്ച് ഫോര്‍ഡിന് 262 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 17,904 കാറുകളാണ് ഫോര്‍ഡ് ഡിസംബറില്‍ കയറ്റുമതി ചെയ്തത്.നിലവില്‍ 50ഓളം രാജ്യങ്ങളിലേക്ക് ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കയറ്റുമതിയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് ഹ്യൂണ്ടായിയാണ്. മൂന്നാം സ്ഥാനത്ത് ജപ്പാനീസ് കമ്പനിയായ നിസാനാണ്. കയറ്റുമതിയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ള കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികളായ മാരുതി സുസുക്കിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഉണ്ട്. ആദ്യ പത്തില്‍ ഇടം നേടിയ കമ്പനികളില്‍ ഇടം നേടിയ ഇന്ത്യന്‍ കമ്പനികള്‍ ഇവ മാത്രമാണ്. ഫോക്‌സ് വാഗണ്‍, ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട, റെനോ, ഹോണ്ട എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് കമ്പനികള്‍.