dark horse bike in india
Posted by
21 January

നിരത്തിലെ താരമാകാന്‍ സ്പ്രിംഗ്ഫീല്‍ഡ്, ഡാര്‍ക് ഹോഴ്‌സ് ബൈക്കുകള്‍ ഇന്ത്യയില്‍

അമേരിക്കന്‍ കമ്പനിയായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സ്പ്രിംഗ്ഫീല്‍ഡ്, ചീഫ്‌ടെയിന്‍ ഡാര്‍ക് ഹോഴ്‌സ് മോട്ടോര്‍സൈക്കളുകളെ ഇന്ത്യയിലെത്തിച്ചു. ബംഗ്ലൂരുവിലാണ് ഈ രണ്ട് ബൈക്കുകളുടേയും അവതരണം നടന്നിരിക്കുന്നത്. 31.55ലക്ഷം, 33.07ലക്ഷം എന്ന നിരക്കിലാണ് ഈ ബൈക്കുകളുടെ ബംഗളുരു ഷോറൂമിലെ വില.

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ജന്മനാടാണ് സ്പ്രിംഗ്ഫീല്‍ഡ്. ആ പേരുതന്നെയാണ് ഈ ക്രൂസര്‍ ബൈക്കിനും നല്‍കിയിരിക്കുന്നത്. ആധുനിക സാങ്കേതികത ഉള്‍പ്പെടുത്തി ക്ലാസിക് സ്‌റ്റൈലില്‍ ആണ് ബൈക്കിന്റെ അവതരണം.

ഏത് ആങ്കിളില്‍ നിന്നും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ള രൂപവും മനോഭാവവുമാണ് ഈ ബ്ലാക്ക് ബാഗറിനുള്ളത്. മുന്‍പത്തെ സ്റ്റാന്‍ഡേര്‍സ് ചീഫ്‌ടെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ബൈക്ക് മാറ്റ് ബ്ലാക്ക് ഫിനിഷിങ്ങിലാണ് അവതരിച്ചിരിക്കുന്നത്. ക്ലാസിക് സ്‌റ്റൈലിലും മാറ്റ് ബ്ലാക്ക് ഫിനിഷിങ്ങിലുമുള്ള ഈ രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുന്നത് 1811സിസി വി ട്വിന്‍ ടണ്ടര്‍ സ്‌ട്രോക്ക് 111 എന്‍ജിനാണ്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനോട് ചേര്‍ത്തിട്ടുള്ളത്. കാര്‍ട്രിഡ്ജ് ഫോര്‍ക്കും എയര്‍ അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷനും അടങ്ങുന്ന വേറിട്ടൊരു ചാസിയാണ് ഇന്ത്യന്‍ സ്പ്രിംഗ്ഫീല്‍ഡിന്റെ പ്രത്യേകത. കസ്റ്റമൈസ് ചെയ്യാവുന്ന സീറ്റ്, വിന്റ്ഷീല്‍ഡ്, 64.3ലിറ്റര്‍ അക്‌സസറി ട്രങ്ക് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

Indian made suzuki Gixxer in Japan market
Posted by
20 January

ഇന്ത്യന്‍ നിര്‍മ്മിത ജിക്‌സര്‍ ജപ്പാനില്‍ വില്‍പ്പനയ്ക്ക്

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ നിര്‍മ്മിത ‘ജിക്‌സര്‍’ ബൈക്കുകള്‍ ജന്മനാട്ടിലേക്ക് ഇറക്കുമതി ചെയ്തു വില്‍പ്പന ആരംഭിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ചു ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ സുസുക്കി മോഡലാണു ‘ജിക്‌സര്‍’. ആദ്യ ബാച്ചില്‍ 720 ഇന്ത്യന്‍ നിര്‍മിത ‘ജിക്‌സര്‍’ ബൈക്കുകളാണു ജപ്പാനിലേക്കു യാത്ര ആരംഭിച്ചത്.സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ്എംഐപിഎല്‍) നിര്‍മ്മിച്ച ജിക്‌സര്‍ ബുധനാഴ്ചയാണു ജപ്പാനിലേക്കുള്ള കയറ്റുമതി തുടങ്ങിയത്.

നേരത്തെ സുസുക്കിയുടെ ഇന്ത്യയിലെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നിര്‍മിച്ച കോംപാക്ട് ഹാച്ച്ബാക്കായ ‘ബലേനൊ’ ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുചക്രവാഹനങ്ങളും ജപ്പാനിലേക്ക് എത്തിച്ചിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലേക്കും സമീപ വിപണികളിലേക്കും ഇന്ത്യയില്‍ നിര്‍മ്മിച്ച ‘ജിക്‌സര്‍’ ബൈക്കുകള്‍ മുമ്പു തന്നെ കയറ്റുമതി ചെയ്യുന്നുണ്ട്.

എന്നാല്‍ ജന്മനാടായ ജപ്പാനിലേക്കു ‘ജിക്‌സര്‍’ കയറ്റുമതി ചെയ്യാന്‍ അവസരം ലഭിച്ചതിനെ, സുസുക്കി മോട്ടോര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂര്‍ത്തമാണെന്നാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ സതോഷി ഉചിഡ അഭിപ്രായപ്പെട്ടത്. വാഹന നിര്‍മ്മാണത്തില്‍ എസ്എംഐപിഎല്‍ കൈവരിച്ച ഉന്നത നിലവാരത്തിന്റെയും കമ്പനിയുടെ പദ്ധതികളില്‍ ഇന്ത്യയ്ക്കുള്ള സുപ്രധാന പങ്കിന്റെയും പ്രതിഫലനമാണ് ഈ നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജിക്‌സറിനു കരുത്തേകുന്നത് 155 സി സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ്; അഞ്ചു സ്പീഡ് ഗീയര്‍ബോക്‌സാണു ബൈക്കിന്റെ ട്രാന്‍സ്മിഷന്‍. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പിന്നില്‍ ഡിസ്‌ക് ബ്രേക്കും സഹിതമാണ് ജപ്പാനില്‍ വില്‍പ്പനയ്ക്കുള്ള ‘ജിക്‌സര്‍’ ഇന്ത്യയില്‍ ഒരുക്കുന്നത്. ഒറ്റ നിറങ്ങള്‍ക്കു പുറമെ ഇരട്ട വര്‍ണ സങ്കലനത്തോടെയുള്ള ജിക്‌സര്‍ ജപ്പാനിലേക്കു കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.

ജാപ്പനീസ് ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത ജിക്‌സര്‍ ഇഷ്ടമാവുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

ford india become  first place in exporting
Posted by
16 January

കയറ്റുമതിയില്‍ ഒന്നാമനായി ഫോര്‍ഡ് ഇന്ത്യ

കൊച്ചി: യൂറോപ്യന്‍ വിപണിയിലേക്ക് കൂടി കയറ്റുമതി വ്യാപിപ്പിച്ചതോടെ കയറ്റുമതിയില്‍ ഫോര്‍ഡ് ഇന്ത്യ ഒന്നാമതെത്തി. ഹ്യൂണ്ടായ് ഇന്ത്യയെ പിന്‍തള്ളിക്കൊണ്ടാണ് ഫോര്‍ഡ് മുന്നേറ്റം നടത്തിയത്. കഴിഞ്ഞവര്‍ഷം പകുതിയോടെയാണ് യൂറോപ്യന്‍ വിപണിയിലേക്കുള്ള കയറ്റുമതി ഫോര്‍ഡ് ഇന്ത്യ ആരംഭിച്ചത്.കഴിഞ്ഞ ഡിസംബറിലെ വില്‍പ്പനയുടെ കണക്കുകളിലാണ് ഫോര്‍ഡ് മുന്നേറിയിരിക്കുന്നത്. 2015 ഡിസംബറിനെ അപേക്ഷിച്ച് ഫോര്‍ഡിന് 262 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 17,904 കാറുകളാണ് ഫോര്‍ഡ് ഡിസംബറില്‍ കയറ്റുമതി ചെയ്തത്.നിലവില്‍ 50ഓളം രാജ്യങ്ങളിലേക്ക് ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കയറ്റുമതിയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് ഹ്യൂണ്ടായിയാണ്. മൂന്നാം സ്ഥാനത്ത് ജപ്പാനീസ് കമ്പനിയായ നിസാനാണ്. കയറ്റുമതിയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ള കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികളായ മാരുതി സുസുക്കിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഉണ്ട്. ആദ്യ പത്തില്‍ ഇടം നേടിയ കമ്പനികളില്‍ ഇടം നേടിയ ഇന്ത്യന്‍ കമ്പനികള്‍ ഇവ മാത്രമാണ്. ഫോക്‌സ് വാഗണ്‍, ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട, റെനോ, ഹോണ്ട എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് കമ്പനികള്‍.

honda mobilio facelift teased
Posted by
11 January

മുഖം മിനുക്കി ഹോണ്ട മൊബിലിയോ വിപണിയില്‍

മുംബൈ: ഹോണ്ടയുടെ എംപിവി മൊബിലിയോ പുത്തന്‍ ലുക്കില്‍ വിപണിയിലെത്തുന്നു. ജനുവരിയില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ കാര്‍ ഹോണ്ട അവതരിപ്പിക്കുമെന്നാണ് സൂചന.
ഡേ ടൈം റണിങ് ലൈറ്റോടു കൂടിയ പുതിയ ഹോറിസോണ്ടല്‍ ഹെഡ്‌ലൈറ്റാണ് കാറിന് കമ്പനി നല്‍കിയിരിക്കുന്നത്. ക്രോമില്‍ പൊതിഞ്ഞതാണ് ഗ്രില്ല്. പുതിയ അലോയ് വീലുകളും കാറിനായി ഹോണ്ട നല്‍കിയിരിക്കുന്നു. എന്നാല്‍ വശങ്ങളില്‍ കാര്യമായ മാറ്റത്തിന് കമ്പനി മുതിര്‍ന്നിട്ടില്ല. കാറിന്റെ പിന്‍വശത്തെ കുറിച്ചുള്ള സൂചനകള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.

കാറിന്റെ ഇന്റിരീയറിലും ഡാഷ്‌ബോര്‍ഡിലും ഹോണ്ട മാറ്റം വരുത്തും. പ്രിമീയം നിലവാരത്തിലുള്ള ഇന്റിരീയറും പുതിയ ഡാഷ്‌ബോര്‍ഡും കാറിനുണ്ടാവും. ഇന്റിരീയറിലുള്ള അപ്‌ഹോള്‍സ്റ്ററിയിലും മാറ്റങ്ങള്‍ വരുത്തുമെന്നാണ് അറിയുന്നത്.സിആര്‍വിക്ക് പിന്നില്‍ ഒരു ചെറുകാര്‍. ഇതാണ് മൊബിലിയോയിലൂടെ ഹോണ്ട ലക്ഷ്യമിട്ടത്.

bike rider praveena vasanth
Posted by
10 January

ഒറ്റക്ക് സഞ്ചരിച്ച് ഒരുപാട് ലോകം കണ്ട് ബുള്ളറ്റിനെ പ്രണയിക്കുന്ന പെണ്‍കുട്ടി

ഇവിടെ നമുക്കു മുന്നിലും തനിച്ച് നടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ഒറ്റക്ക് സഞ്ചരിച്ച് ഒരുപാട് ലോകം കണ്ട, ജീവിതത്തെ ഒരു ബുള്ളറ്റ് യാത്രയാക്കി മാറ്റിയ ഒരു പെണ്‍കുട്ടി. പ്രവീണ വസന്ത് എന്നാണ് ഈ യാത്രക്കാരിയുടെ പേര്. പ്രിയപ്പെട്ടവര്‍ വീണ എന്നു വിളിക്കും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എന്ന തന്റെ ‘ജീവിതപങ്കാളി’യായി കണ്ട്‌കൊണ്ട് ഒരു നീണ്ടയാത്രയിലാണ് പ്രവീണ.

ഇന്ത്യയിലുടനീളവും പിന്നീട് നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലുമായി നടത്തുന്ന 29,000 കി.മീ. ദൈര്‍ഘ്യമുള്ള യാത്ര. രണ്ടു മഹത്തായ ലക്ഷ്യങ്ങളാണ് പ്രവീണയുടെ സഞ്ചാരത്തിനുള്ളത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ബോധവത്കരണവും കരസേന, വ്യോമസേന, നാവികസേന, അതിര്‍ത്തി രക്ഷാസേന തുടങ്ങിയ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാര്‍ക്ക് ഒരു ട്രിബ്യൂട്ട് ഒരുക്കലുമാണത്.

കശ്മീരിലെ നാഥാടോപ്പിലെ വ്യോമസേന ആസ്ഥാനത്തുനിന്ന് ഡിസംബര്‍ പത്തിന് പുറപ്പെട്ട പ്രവീണയുടെ യാത്ര ഇപ്പോള്‍ കേരളത്തിലെ ജില്ലകളിലൂടെയാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയാണ് യാത്രയിലെ ആദ്യഘട്ടം. ജമ്മുകശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയി, ഒടുവില്‍ സ്വന്തം നാടായ കേരളത്തിലെത്തിയിരിക്കുന്നു. ഇതുവരെ ബൈക്കില്‍ താണ്ടിയത് 11,000ത്തിലേറെ കിലോമീറ്ററാണ്.

dhanush just gifted himself a ford mustang
Posted by
07 January

ധനുഷിന്റെ യാത്രയില്‍ കൂട്ടായി ഇനി ഫോഡ് മസ്താങും

തമിഴകത്തെ സൂപ്പര്‍താരം ധനുഷിന്റെ യാത്രയില്‍ കൂട്ടായി ഇനി ഫോഡ് മസ്താങും. കഴിഞ്ഞ ദിവസമായിരുന്നു ഈ അമേരിക്കന്‍ മസില്‍ കാറിനെ താരം സ്വന്തമാക്കിയത്. ഫോഡ് പുറത്തിറക്കിയതില്‍ ഏറ്റവും കരുത്തനായ മസ്താങ് ജിടി കഴിഞ്ഞവര്‍ഷമായിരുന്നു ഇന്ത്യയിലവതരിച്ചത്

കരുത്തന്‍ മസിലന്‍ മസ്താങിന്റെ ബ്ലാക്ക് നിറമാണ് ധനുഷ് തിരഞ്ഞെടുത്തത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റുവഴിയായിരുന്നു ഈ വാര്‍ത്തയും ആരാധകരില്‍ എത്തിച്ചേര്‍ന്നത്.ഓഡി, റോള്‍സ് റോയ്‌സ്, ജാഗ്വാര്‍, ബെന്റെലി തുടങ്ങിയ ധനുഷിന്റെ ആഡംബര കാര്‍ ശ്രേണിയിലേക്കാണ് സൂപ്പര്‍ പോണി കാര്‍ മസ്താങ് എത്തുന്നത്.പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്ത മസ്താങിന് ഏകദേശം 65 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.വിദേശ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി പരിമിത എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ഈ വാഹനം ഇന്ത്യയിലെത്തിയത്.അഞ്ചു ലീറ്റര്‍ വി എയ്റ്റ് എന്‍ജിനാണ് ഇന്ത്യന്‍ മസ്താങിന്റെ കരുത്ത്. പാഡില്‍ ഷിഫ്റ്റര്‍ സഹിതമുള്ള ആറു സ്പീഡ് ഓട്ടോമാറ്റക് ട്രാന്‍സ്മിഷനാണ് ഈ കാറിലുള്ളത്.395.5 ബിഎച്ച്പി കരുത്തും 515 എന്‍എം ടോര്‍ക്കുമാണു ഈ എന്‍ജിനുല്പാദിപ്പിക്കുന്നത്. റൈറ്റ് ഹാന്‍ഡ് ഡ്രൈവിംഗാണ് ഇന്ത്യന്‍ മസ്താങിന്റെ മറ്റൊരു പ്രത്യേകത.2015 ആഗസ്തിലായിരുന്നു റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ലേ ഔട്ടുള്ള മസ്താങുമായി ഫോഡ് എത്തിയത്. സ്റ്റാന്‍ഡേഡ് വ്യവസ്ഥയില്‍ പ്രത്യേക പെര്‍ഫോമന്‍സ് പായ്ക്കും ഇന്ത്യന്‍ മസ്താങിലുണ്ട്.

central goverment hike vehicle-registration-and  license-fee
Posted by
07 January

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ ഫീസുകളും കുത്തനെ കൂട്ടി

കൊച്ചി: മോട്ടോര്‍ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ഫീസും കുത്തനെ കൂട്ടി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ ഫീസിലും അനേകം ഇരട്ടി വര്‍ധനയാണ് വരുത്തിയത്. 2016 ഡിസംബര്‍ 29 മുതല്‍ ഇതിന് പ്രാബല്യമുണ്ട്.
ഇവക്കുപുറമെ, സംസ്ഥാന സര്‍ക്കാര്‍ വിവിധ സേവനങ്ങള്‍ക്ക് 50 രൂപ മുതല്‍ 240 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. വെള്ളിയാഴ്ചയാണ് കേന്ദ്രത്തില്‍നിന്ന് നിരക്ക് വര്‍ധിപ്പിച്ച അറിയിപ്പ് ലഭിച്ചത്.

വന്‍ ബാധ്യതയാണ് ഇതുമൂലം വാഹന ഉടമകള്‍ക്ക് വരുക. നിലവില്‍ 30 രൂപയായിരുന്ന ലേണേഴ്‌സ് ലൈസന്‍സ് ഫീസ് 100 രൂപയാക്കി. അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് 500ല്‍നിന്ന് 1000 രൂപയാക്കി. വിവിധ രജിസ്‌ട്രേഷനുകളും ലൈസന്‍സുകളും വൈകിയാല്‍ ഓരോ മാസത്തിനും പിഴ ഈടാക്കും. ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് ഫീസും വാഹന രജിസ്‌ട്രേഷന്‍ ഫീസും കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇളവുള്ള സമയത്തിനുശേഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കലിന് അപേക്ഷിക്കാന്‍ 300 രൂപയാക്കി. താമസിക്കുന്ന ഓരോ വര്‍ഷത്തിനും 1000 രൂപ വീതം നല്‍കണം. സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് നല്‍കുന്ന സ്ഥലങ്ങളില്‍ 200 രൂപ അധികം ഈടാക്കും. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കലിന് അപേക്ഷ വൈകിയാല്‍ മോട്ടോര്‍ സൈക്കിളിന് മാസത്തിന് 300 രൂപ വീതവും മറ്റുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ മാസം 500 രൂപ വീതവും നല്‍കണം.

new colors in bullat
Posted by
30 December

പുതിയ വര്‍ണങ്ങളില്‍ റോയല്‍ എല്‍ഫീല്‍ഡ്

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള പത്തുബൈക്കുകളില്‍ ഇടം പിടിച്ച ക്ലാസിക്കിന്റെ ജനപ്രീതി കുറയാതിരിക്കാന്‍ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ നിറക്കൂട്ടുകളില്‍ ബൈക്കിനെ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബൈക്കിന്റെ പുതിയ നിറത്തിലെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നുണ്ട്.

ക്ലാസിക്കിന്റെ 2017 മോഡലിനാണ് പുതിയ നിറങ്ങള്‍ ലഭിച്ചിരിക്കുന്നത്. ചുവപ്പ്, പച്ച,നീല നിറങ്ങളാണ് പുതുതായി ലഭിച്ചിരിക്കുന്നത്. എന്നാല്‍ 2017 മോഡലിന്റെ എന്‍ജിനില്‍ മാറ്റങ്ങളൊന്നുമില്ല. അടുത്ത വര്‍ഷം ആദ്യം തന്നെ പുതിയ നിറങ്ങളിലുള്ള ബൈക്കുകള്‍ ഡീലര്‍ഷിപ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 350 സിസി, 500 സിസി എന്‍ജിന്‍ വകഭേദങ്ങളിലാണ് ക്ലാസിക്ക് ബൈക്കുകള്‍ പുറത്തിറങ്ങുന്നത്.

Skoda Octavia vRS launched in Indian Market
Posted by
25 December

ഇന്ത്യന്‍ വിപണിയില്‍ ഒക്ടാവിയ വിആര്‍എസ് സ്‌കോഡ അവതരിച്ചു

മുംബൈ: ആഡംബര വാഹനമായ സ്‌കോഡ ഒക്ടാവിയയുടെ പരിഷ്‌കരിച്ച പതിപ്പ് ഒക്ടാവിയ വിആര്‍എസ് സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2017 ജനുവരി പകുതിയോടെ കാര്‍ വിപണികളില്‍ ലഭ്യമാകും. അതിനിടെ പുതുവര്‍ഷത്തില്‍ നാല് പുതിയ കാറുകള്‍ കൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ സ്‌കോഡ പദ്ധതി ഇടുന്നതായാണ് വിവരം.

പരിഷ്‌കരിച്ച ഒക്ടാവിയയ്ക്ക് അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്. എയര്‍ ഇന്‍ടേക്കുകളും പുതിയ എല്‍ഇഡി ഹെഡ്ലാമ്പുമെല്ലാം വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. ബ്ലാക്ക് ഡിഫ്യൂസറും സ്പോയിലറുമെല്ലാം പിന്‍വശത്തെ പ്രധാന മാറ്റങ്ങളാണ്. ടെയില്‍ ലെറ്റിന്റെ ഡിസൈനും വ്യത്യസ്ത ലുക്ക് നല്‍കുന്നതാണ്.

ഇന്റീരിയറില്‍ സ്പോര്‍ട്ട്സ് സീറ്റുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീലാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ചെറുതെങ്കിലും ഒട്ടേറെ സൗകര്യങ്ങള്‍ പുതിയ കാറില്‍ സ്‌കോഡ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലുമിനേറ്റഡ് ഡോര്‍ ഹാന്‍ഡില്‍, എല്‍ഇഡി ടോര്‍ച്ച്, ഡ്രൈവറുടെ സീറ്റിന്റെ അടിയില്‍ കുട വെക്കുന്നതിനായുള്ള സ്റ്റോറേജ് സ്പേസും കമ്പനി കരുതിയിരിക്കുന്നു.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കാറെത്തുന്നത്. 2.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനാണ് ഒക്ടാവിയക്ക് ഘടിപ്പിച്ചിട്ടുള്ളത്. ഇത് 250bhp പവറും 350nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്ററാണ് കാറിന്റെ വേഗത. മണിക്കൂറില്‍ 250 കിലോ മീറ്ററാണ് പരമാവധി വേഗത. 2.0 ലിറ്റര്‍ ടിഡിഐയാണ് മറ്റൊരു എഞ്ചിന്‍ ഓപ്ഷന്‍. ആറ് സ്പീഡ് ഓട്ടോമാറ്റിക് ആന്‍ഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കാറിനുണ്ട്. ഫോര്‍ വീല്‍ ഡ്രൈവും ഇതിനൊപ്പമുണ്ട്.

The title of ‘The car of the year’ won by Maruti Vitara Brezza
Posted by
22 December

കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാരുതി ബ്രസക്ക്

മുംബൈ: 2016ലെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാരുതിയുടെ വിറ്റാര ബ്രസയ്ക്ക് സ്വന്തം. 15 ഓട്ടോമൊബൈല്‍ ജേണലിസ്റ്റുകളടങ്ങുന്ന സംഘടനയാണ് ബ്രസയെ കാര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്. 2016 മാര്‍ച്ചില്‍ വിപണിയില്‍ എത്തിയ ബ്രസയുടെ 83,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. യൂട്ടിലിറ്റി വിഭാഗത്തില്‍ മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ബ്രസക്ക് ലഭിച്ചത്.

ഇന്നോവ ക്രിസ്റ്റയോടും ഹ്യൂണ്ടായി ട്യൂസണോടും മത്സരിച്ചാണ്ബ്രസ ഒന്നാം സ്ഥാനത്തെത്തിയത്. മാരുതിയുടെ എഞ്ചിനിയര്‍മാര്‍ തനതായ പ്ലാറ്റ്‌ഫോമില്‍ ഡിസൈന്‍ ചെയ്ത കാറാണ് ബ്രസയെന്ന് മാരുതി സുസുക്കി മാനേജിങ് ഡയറക്ടര്‍ കെനുച്ചി അയക്കാവ പറഞ്ഞു. ഇന്ത്യന്‍ വിപണിയെ കൂടി പരിഗണിച്ച് നിര്‍മ്മിച്ച കാറാണ് ബ്രസയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം പുറത്തിറങ്ങിയ കാറുകളില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചതില്‍ മാരുതിയുടെ പല മോഡലുകളും ഉള്‍പ്പെട്ടിരുന്നു. ഇത്തവണ ഹാച്ച് ബാക്കുകള്‍ക്കും, സെഡാനുകള്‍ക്കും പകരം മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങളാണ് മത്സര രംഗത്ത് ശക്തമായി ഉണ്ടായിരുന്നതെന്ന പ്രത്യേകതയുമുണ്ട്.