പണമിടപാടുകള്‍ നിലക്കുന്നു; ക്യാഷ് ഓണ്‍ ഡെലിവറി നിര്‍ത്തലാക്കി, ഇ-കൊമേഴ്‌സ് മേഖലയ്ക്ക് നേട്ടം

പണമിടപാടുകള്‍ നിലക്കുന്നു; ക്യാഷ് ഓണ്‍ ഡെലിവറി നിര്‍ത്തലാക്കി, ഇ-കൊമേഴ്‌സ് മേഖലയ്ക്ക് നേട്ടം
Posted by
Story Dated : November 9, 2016

ന്യൂഡല്‍ഹി: 500, 1000 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതോടെ പണമിടപാടുകള്‍ നിലച്ച് രാജ്യത്തെ വ്യാപാര മേഖലയില്‍ സ്തംഭനം. ഇ-കൊമേഴ്‌സ് ഇടപാടുകളെല്ലാം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങി ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളെല്ലാം ക്യാഷ് ഓണ്‍ ഡെലിവറി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഓര്‍ഡര്‍ ചെയ്ത ഉല്‍പന്നങ്ങള്‍ക്ക് നിരോധിച്ച 500, 1000 നോട്ടുകളാണ് ഉപഭോക്താക്കള്‍ നല്‍കുന്നത് എന്നതിനാല്‍ തന്നെ കമ്പനികള്‍ ഇടപാടുകള്‍ നിര്‍ത്തിയിരിക്കുകയാണ്. മിക്ക ഉപഭോക്താക്കളുടെ കൈവശവും 1000, 500 നോട്ടുകളാണ് ഉള്ളത്. ഈ നോട്ടുകള്‍ ഇന്നു മുതല്‍ സ്വീകരിക്കേണ്ടെന്ന് ആര്‍ബിഐ അറിയിച്ചതോടെ ക്യാഷ് ഓണ്‍ ഡെലിവറി നിര്‍ത്തിവെക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയുള്ള വില്‍പന കുത്തനെ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്ടെന്ന് ലഭ്യമാക്കേണ്ട ഉല്‍പന്നങ്ങളെല്ലാം ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരവാസികള്‍ ഭക്ഷണവും മറ്റു സേവനങ്ങളും എല്ലാം ഇന്ന് ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് പേ ചെയ്യുന്നത്. കള്ളപ്പണവും കള്ളനോട്ടും പിന്‍വാങ്ങുന്നതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റുകള്‍ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം മരവിപ്പിച്ചിട്ടുണ്ട്. ”We have disabled COD for you to save cash for essential payments” എന്നാണ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Comments

error: This Content is already Published.!!