അന്ധതയെ തോല്‍പ്പിച്ച് മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ രാഗവിസ്മയമായി സിനിമാ പിന്നണി ഗായിക ഫാത്വിമ അന്‍ഷി; ശാസ്ത്രിയ സംഗീതത്തിലടക്കം മല്‍സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ്

അന്ധതയെ തോല്‍പ്പിച്ച് മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ രാഗവിസ്മയമായി സിനിമാ പിന്നണി ഗായിക ഫാത്വിമ അന്‍ഷി;  ശാസ്ത്രിയ സംഗീതത്തിലടക്കം മല്‍സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ്
Posted by
Story Dated : January 5, 2017

തിരൂര്‍: ഫാത്വിമ അന്‍ഷി എന്ന സിനിമാ പിന്നണിഗായിക ഇന്നുവരെ നിറങ്ങള്‍ കണ്ടിട്ടില്ല. കാഴ്ചയുടെ ലോകത്ത് ഒരു സ്വപ്നം മാത്രമായ ഈ മിടുക്കിയിന്ന് പാട്ട് പാടി കാഴ്ചയുടെ പുതിയ ലോകം തീര്‍ക്കുകയാണ്. സ്വരരാഗതാളലയത്തില്‍ മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ താരമാണിന്ന് ഈ മിടുക്കി.

ഫാത്വിമ അന്‍ഷി എന്ന ആറാം ക്ലാസ്സുകാരിയുടെ ജീവിതം ഗാനങ്ങളുടെ ലോകത്ത് നറുവെളിച്ചം സൃഷ്ടിക്കുകയാണ്. ശാസ്ത്രിയ സംഗീതം യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്വിമ എന്ന അന്ധപെണ്‍കുട്ടി പൂര്‍വ്വികല്യാണരാഗത്തില്‍ ത്യാഗരാജകൃതിയിലെ രൂപകതാളത്തില്‍’ ജ്ഞാനമൃ സാഗരാദ ‘ എന്ന് തുടങ്ങുന്ന കീര്‍ത്തനമാണ് ഫാത്വിമയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

ശാസ്ത്രിയ സംഗീതത്തില്‍ മാത്രമല്ല ദേശഭക്തിഗാനത്തിലും ലളിത ഗാനത്തിലും, സംഘഗാനത്തിലും ഈ മിടുക്കി മല്‍സരിച്ചിരുന്നു. ഇതിലെല്ലാം എ ഗ്രേഡോടെ ആദ്യ മൂന്ന് സ്ഥാനങ്ങളും നേടി. കൈരളി ചാനലിലെ കുട്ടി പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോയിലെ താരം കൂടിയാണ് ഫാത്വിമ അന്‍ഷി.

മങ്കട വെള്ളിക്കാപ്പെറ്റ കേരള അന്ധവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാത്വിമ എസ്ഡിപിഐ ദേശീയ പ്രസിഡന്റായ എം സഈദിന്റെ മകളായ ബേബി ഷംലയുടെ മകളാണ്. പിതാവ് അബ്ദുല്‍ ബാരി. വിഎസ് അച്ചുതാനന്ദന്‍ അഭിനയിച്ച ഈയടുത്ത് റിലീസ് ചെയ്ത ‘അറ്റ് വണ്‍സ് ‘ എന്ന സിനിമയിലും ഈ മിടുക്കി പാടിയിട്ടുണ്ട്. അന്ധനായ നിസാര്‍ തൊടുപുഴയും സജ്‌ന തിരുവമ്പാടിയുമാണ് ശാസ്ത്രീയ സംഗീതത്തില്‍ ഫാത്വിമയുടെ ഗുരുക്കന്മാര്‍.

യുപി വിഭാഗക്കാര്‍ക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനൊപ്പം മല്‍സരിക്കാന്‍ കഴിയില്ലന്നതാണ് ഫാത്വിമയുടെ സങ്കടം. ‘ഇതാണ് ഞങ്ങടെ സംസ്ഥാന കലോല്‍സവം. അതില്‍ എനിക്കാണ് ഫസ്റ്റ്’ ഫാത്വിമയുടെ നിഷ്‌കളങ്കമായ കമന്റ്.

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

Comments