സംഘടന രൂപീകരിച്ചത് അറിഞ്ഞത് മാധ്യമങ്ങള്‍ വഴി: വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപവുമായി ഭാഗ്യലക്ഷ്മിയും മാല പാര്‍വ്വതിയും

 സംഘടന രൂപീകരിച്ചത് അറിഞ്ഞത് മാധ്യമങ്ങള്‍ വഴി:  വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപവുമായി ഭാഗ്യലക്ഷ്മിയും മാല പാര്‍വ്വതിയും
Posted by
Story Dated : May 19, 2017

തിരുവനന്തപുരം: നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയെയും മാല പാര്‍വ്വതിയെയും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരണത്തില്‍ ഒഴിവാക്കിയെന്ന് ആക്ഷേപം.

സംഘടനാ രൂപീകരണവും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതും ആരും അറിയിച്ചില്ലെന്ന് ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും പറയുന്നു.സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളിലും പിന്നീടും താന്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ സംഘടന രൂപീകരിച്ചത് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. ചലച്ചിത്ര കൂട്ടായ്മകളിലെ സജീവ സാന്നിധ്യമാണ് ഭാഗ്യലക്ഷ്മിയും മാലാ പാര്‍വ്വതിയും.

ചാനല്‍ വാര്‍ത്ത കണ്ടാണ് ഇത്തരമൊരു സംഘടനയെക്കുറിച്ച് അറിഞ്ഞതെന്നും മാലാ പാര്‍വതി പറയുന്നു. ഒരു പാട് പേര് സിനിമയിലെ, വിമന്‍സ് കളക്ടീവ് തുടങ്ങിയതിന് എന്നെ അഭിനന്ദനം അറിയിക്കുന്നുണ്ടെന്നും ആ അഭിനന്ദനത്തിന് ഞാന്‍ അര്‍ഹയല്ലെന്നും പാര്‍വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സിനിമയ്ക്കകത്തും പുറത്തുമുള്ള വിഷയങ്ങളിലും, സ്ത്രീ പ്രശ്‌നങ്ങളിലും, സാമൂഹിക വിഷയങ്ങളിലും ഇടപെടല്‍ നടത്തുന്നവരുമാണ്. എന്നിട്ടും ഇവരെ അറിയിക്കാത്തതില്‍ രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.
സിപിഐഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഢന ആരോപണത്തിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഭാഗ്യലക്ഷ്മിയും മാലാ പാര്‍വ്വതിയും പരസ്യനിലപാടെടുത്തിരുന്നു. ഇരയെ പത്രസമ്മേളനത്തിനെത്തിച്ചത് ഇരുവരുമായിരുന്നു. പല വിഷയങ്ങളിലും സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാകാം പാര്‍വ്വതിയെയും ഭാഗ്യലക്ഷ്മിയെയും ഒഴിവാക്കിയതെന്നാണ് ആക്ഷേപമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Comments

error: This Content is already Published.!!