ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി: തൊഴില്‍ വിസ പദ്ധതി ഓസ്‌ട്രേലിയ നിര്‍ത്തലാക്കുന്നു

  ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി: തൊഴില്‍ വിസ പദ്ധതി ഓസ്‌ട്രേലിയ നിര്‍ത്തലാക്കുന്നു
Posted by
Story Dated : April 19, 2017

മെല്‍ബണ്‍: നിരവധി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ഓസ്‌ട്രേലിയ തൊഴില്‍നയങ്ങളില്‍ മാറ്റം വരുത്തുന്നു. വിദേശ പൗരന്മാര്‍ക്കുള്ള തൊഴില്‍ വിസ പദ്ധതി നിര്‍ത്തലാക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. സ്വന്തം പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടികളുടെ ഭാഗമായാണു 457 വിസ പദ്ധതി നിര്‍ത്തലാക്കുന്നതെന്ന് പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പറഞ്ഞു. ഇംഗ്ലിഷ് ഭാഷയിലുള്ള മികവിനും തൊഴില്‍ പ്രാഗല്‍ഭ്യത്തിനും മുന്‍ഗണന നല്‍കിയുള്ള പുതിയ താല്‍ക്കാലിക വീസ പദ്ധതി ഉടന്‍ ആവിഷ്‌കരിക്കും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷമാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

95,000ലേറെ വിദേശികള്‍ പ്രയോജനപ്പെടുത്തുന്ന ജനപ്രിയ പദ്ധതിയാണു 457 വിസ. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. വിദേശ രാജ്യങ്ങളില്‍നിന്നു തൊഴില്‍ തേടിയെത്തുന്നവര്‍ക്കുള്ള വീസ കാലാവധിയായ നാലു വര്‍ഷത്തിനു ശേഷം രാജ്യത്തു തുടരാന്‍ അനുവദിക്കുന്ന സമയം വെട്ടിച്ചുരുക്കിയുള്ള നിയമ ഭേദഗതി കഴിഞ്ഞ വര്‍ഷം നിലവില്‍വന്നിരുന്നു.

ഇന്ത്യക്കാരുള്‍പ്പെടെ ഒട്ടേറെപ്പെരെ ആശങ്കയിലാഴ്ത്തിയ ഈ നടപടിക്കു പിന്നാലെയാണ് ഇപ്പോള്‍ 457 വിസ തന്നെ നിര്‍ത്തലാക്കാനുള്ള നീക്കം. 457 വിസ പ്രയോജനപ്പെടുത്തിയുള്ള വിദഗ്ധ തൊഴില്‍ അവസരങ്ങള്‍ ഇനി ഓസ്‌ട്രേലിയക്കാര്‍ക്കുള്ളതാണെന്നും സ്വന്തം പൗരന്മാര്‍ക്കു മുന്‍ഗണന നല്‍കി കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുകയാണെന്നും പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് 95,757 വിദേശ പൗരന്മാരാണ് 457 വിസയില്‍ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നത്. ഇവരുടെ കുടുംബാംഗങ്ങളായി 76,430 പേരും രാജ്യത്തു തങ്ങുന്നു. പുതിയ വിസ പദ്ധതി വരുന്നതോടെ ക്രിമിനല്‍ ഭൂതകാലമുണ്ടോ എന്നതുള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നിലവില്‍ വരും. ഇതേസമയം, വിസ നിര്‍ത്തലാക്കാനുള്ള നീക്കം ഞെട്ടിപ്പിച്ചെന്ന് ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രതികരിച്ചു. നീക്കം ഇന്ത്യന്‍ കമ്പനികളെ മാത്രമല്ല, ഓസ്‌ട്രേലിയന്‍ കമ്പനികളെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

പുത്തന്‍ വിസ രണ്ടു തരം ഓസ്‌ട്രേലിയയില്‍ പുതുതായി ആവിഷ്‌കരിക്കുന്ന ‘ടെംപററി സ്‌കില്‍ ഷോര്‍ട്ടേജ് വിസ’ പദ്ധതിയുടെ കീഴില്‍ ഷോര്‍ട്ട് ടേം, മീഡിയം ടേം എന്നിങ്ങനെ രണ്ടു തരം വിസകള്‍. ഹ്രസ്വകാല വിസകള്‍ രണ്ടു വര്‍ഷത്തേക്ക്. മീഡിയം ടേം വിസകള്‍ക്ക് നാലു വര്‍ഷം വരെ കാലാവധി. രണ്ടുതരം വിസകള്‍ക്കും രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയവും നിര്‍ബന്ധമാക്കും. മീഡിയം ടേം വിസയ്ക്കുള്ള ഇംഗ്ലിഷ് ഭാഷാ പരിശോധനയും കടുത്തതാകും.

Comments

error: This Content is already Published.!!