റെക്കോര്‍ഡ് പ്രകടനവുമായി രവിചന്ദ്ര അശ്വിന്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികയ്ക്കുന്ന താരം

റെക്കോര്‍ഡ് പ്രകടനവുമായി രവിചന്ദ്ര അശ്വിന്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികയ്ക്കുന്ന താരം
Posted by
Story Dated : February 12, 2017

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു റെക്കോര്‍ഡ് കൂടി ബോളര്‍ രവിചന്ദ്ര അശ്വിനിലൂടെ സ്വന്തം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികയ്ക്കുന്ന താരം എന്ന ലോകറെക്കോര്‍ഡ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏക ടെസ്റ്റിലാണ് അശ്വിന്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

45 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 250 വിക്കറ്റ് എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. ഈ റെക്കോര്‍ഡ് നേട്ടത്തില്‍ മറികടന്നതോ ഓസ്ട്രേലിയയുടെ ഇതിഹാസതാരം ഡെന്നിസ് ലില്ലിയേയും. ലില്ലിയക്ക് 250 വിക്കറ്റ് വീഴ്ത്താന്‍ 48 ടെസ്റ്റുകള്‍ വേണ്ടിവന്നു. 55 മത്സരങ്ങളില്‍ 250 വിക്കറ്റുകള്‍ നേടിയ നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലയുടെ പേരിലായിരുന്നു ഈ വിഭാഗത്തിലെ ഇന്ത്യന്‍ റെക്കോര്‍ഡ്.

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സില്‍ നായകന്‍ മുഫ്ഷിക്കര്‍ റഹിമിനെ പുറത്താക്കിയാണ് അശ്വിന്‍ 250 വിക്കറ്റുകള്‍ തികച്ചത്. 127 റണ്‍സെടുത്ത റഹിമിനെ അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാഹ പിടിച്ച് പുറത്താക്കുകയായിരുന്നു. നേരത്തെ 82 റണ്‍സെടുത്ത ഷക്കിബ് അല്‍ ഹസന്റെ വിക്കറ്റും അശ്വിന്‍ സ്വന്തമാക്കിയിരുന്നു.

നാല്‍പ്പത്തിയഞ്ച് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കരസ്ഥമാക്കിയിരുന്ന ബോളര്‍ ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിന്‍ ആയിരുന്നു. ഇത്രയും മത്സരങ്ങളില്‍ 232 വിക്കറ്റുകളായിരുന്നു സ്റ്റെയിന്റെ നേട്ടം.

Comments

error: This Content is already Published.!!